Select your Top Menu from wp menus

നവജാത ശിശുവിനെ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍

aatmika - aathmika atmikaഅല്പം പഴയ കുറിപ്പുകളാണ്; എന്നോ കൈയിൽ തടഞ്ഞവ – കുറച്ചുകൂടി വികസിപ്പിച്ച് എഴുതുന്നു. പഴയതാണെങ്കിലും ഒരിക്കലും ഈ കുറിപ്പുകൾക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ല!! നവജാതശിശുവിനെ കാണാൻ പോകുമ്പോൾ ചില മര്യാദകളൊക്കെ പാലിക്കേണ്ടതുണ്ട്. മുറിവൈദ്യന്മാരും പ്രസവത്തിൽ എക്സ്പേർട്സ് ആയ തള്ളച്ചികളും സ്വൈരവിഹാരം നടത്തുന്ന മേഖലയാണ് പ്രസവവുമായി ബന്ധപ്പെട്ടത്. ആകുലതകളും അതിലേറെ ഭയപ്പാടും നിറഞ്ഞു നിൽക്കുന്ന പെണ്ണിന്റെ മനസ്സമാധാനം കളയാൻ ഇവർ ഗർഭകാലം മുതൽ തന്നെ കൂടെയുണ്ടാവും. എന്തിനുമേതിനും ഉപദേശങ്ങൾ നൽകി പെണ്ണിന്റെ വിദ്യാസമ്പന്നതയെ പരിഹസിച്ചും മറ്റും ഇക്കൂട്ടർ ജൈത്രയാത്ര നടത്തി വരുന്നു! ഇവർക്ക് പ്രായഭേദങ്ങളില്ല  – ആൺപെൺ വ്യത്യാസങ്ങളില്ല, കാലദേശാന്തരങ്ങളുമില്ല. അവരെ കുറിച്ചാണ് ഈ നോട്ട്.

ശാരീരികവും മാനസികവും സാമൂഹികവുമായ ഏറെ യാതനകൾ ഒരു പെണ്ണ് തന്റെ ഗർഭകാലത്ത് സഹിക്കേണ്ടിവരുന്നുണ്ട്. അടിച്ചേൽപ്പിക്കുന്ന മാതൃത്വബിംബത്തിന്റെ സമ്മർദ്ധവും പേറി ഉള്ളിലെ തുടിപ്പിനെ ആകുലതയോടെ തൊട്ടുതലോടിയാണവൾ പത്തുമാസത്തിൽ എത്തിക്കുന്നതു തന്നെ. ആരു പറഞ്ഞതും വിശ്വസിച്ചുപോവുന്ന സമയം! ആരെയും അനുസരിച്ചു പോവുന്ന സമയം!! ഹോർമോൺ വ്യതിയാനങ്ങളിൽ പെട്ട് വിവിധങ്ങളായ ശാരീരിക പ്രശ്നങ്ങളിൽ പെട്ടുഴലുമ്പോൾ രക്ഷകരായും ഉപദേശികളായും ഈ വക മുറിവൈദ്യന്മാർ തള്ളിക്കേറുന്നു! നെല്ലു കുത്തുന്നിടത്തു നിന്നു മാറി നിന്നു പെറ്റകഥകളും ഭക്ഷണം വിളമ്പികൊടുത്തു കൊണ്ടിരിക്കെ പകുതിവെച്ച് നിർത്തി പോയി പെറ്റകഥകളുമൊക്കെയായി നിരവധി വീരശൂരകഥകൾ ഇവർക്കു കൂട്ടുണ്ട്; മറുത്തെന്തെങ്കിലും പറഞ്ഞാൽ പെണ്ണിന്റെ വിദ്യാഭ്യാസത്തെയും പുതുമക്കാരുടെ വിവരദോഷത്തേയും വേണ്ടുവോളം പരിഹസിച്ചും ഭയപ്പെടുത്തിയും സ്വയം തൃപ്തരായി അവർ സായൂജ്യമടയുന്നു. പ്രസവിച്ചു കഴിഞ്ഞാലും ഇവർ വെറുതേ വിടില്ല… ഇത്തരക്കാരുടെ ചില കലാ പരിപാടികളെ താഴെ നമ്പറിട്ട് ക്രോഡീകരിച്ചിരിക്കുന്നു!

1. ആര്‍ക്കെങ്കിലും കുട്ടി ജനിച്ചെന്ന് കേട്ടാല്‍ ഉടനേ തന്നെ അതേ വേഷത്തിൽ വിയര്‍ത്തു നാറി നേരേ ആശുപത്രിയിലേക്ക് ഓടിക്കേറണം, പ്രസവിച്ച് അഞ്ചു മിനുട്ടിനകം എത്തിപ്പെടാന്‍ പറ്റുമെങ്കില്‍ എങ്കില്‍ അത്രയും നല്ലത്.

2. കാര്‍ന്നോന്മാർ ആണെങ്കില്‍ പ്രസവം കഴിഞ്ഞു കിടക്കുന്ന സ്ത്രീ എഴുന്നേറ്റ് കൈകൂപ്പി കഴിഞ്ഞ ശേഷം മാത്രമേ “എണീക്കണ്ട കിടന്നോ” എന്നു പറയാവൂ. അതല്ല ചെറുപ്പക്കാരോ ചെറുപ്പക്കാരികളോ ആണെങ്കില്‍ നേരേ അകത്തു കേറി കുറ്റിയടിച്ച് വട്ടം കൂടി ഇരുന്ന് ചളം തമാശകളും അടിയിൽ എത്ര സ്റ്റിച്ചുണ്ട്, എനിക്ക് മൂന്നേ ഉണ്ടായുള്ളൂ എന്നൊക്കെ തുടങ്ങി പഴം പുരാണം വിളമ്പി പ്രസവിച്ചു കിടക്കുന്ന പെണ്ണിനു സ്വൈരമായി സ്വകാര്യതയോടെ ഇരിക്കാനോ വീട്ടുകാരോട് എന്തെങ്കിലും ആവശ്യം പറയാനോ സമ്മതിക്കാതെ അഞ്ചാറു മണിക്കൂര്‍ ഇരിക്കണം. ജനറല്‍ വാര്‍ഡില്‍ ആണെങ്കില്‍ അടുത്ത ബെഡില്‍ കിടക്കുന്നവരെ എല്ലാം തുറിച്ചു നോക്കിക്കോണ്ടിരിക്കണം.

3. ഇക്കാലത്ത് ഗവൺമെന്റാശുപത്രിയിലേക്ക് ആരെങ്കിലും പോരുമോ? ഇവിടെ വൃത്തി തീരെയില്ലല്ലോ, ഇക്കാര്യത്തിൽ പൈസ നോക്കാമോ, ഈ ആശുപത്രിയില്‍ ആയിട്ടാണ്‌ സിസേറിയന്‍ ആയത്, ഇവിടെ എല്ലാം തട്ടിപ്പാണ്‌ അപ്പുറത്തെ ആശുപത്രിയില്‍ ആണെങ്കില്‍ സാധാരണ പ്രസവം ആയേനെ, ഞാനവിടുന്നാ പെറ്റത്, ഇതൊക്കെ നേരത്തേ തിരക്കരുതോ എന്നൊക്കെ പറഞ്ഞ് കുഞ്ഞിന്റെ അമ്മയേയും അച്ഛനേയും പരമാവധി കൊച്ചാക്കണം.

4. ടോയ്‌ലറ്റ് സീറ്റിലും വാഷ് ബേസിനിലും ഒക്കെ പിടിച്ച കൈകൊണ്ട്  കുഞ്ഞിനെ പൊക്കിയെടുക്കണം. എന്നിട്ട് അതിന്റെ മോന്തായം നോക്കി ഉമ്മ കൊടുക്കണം. മൂക്കു പിഴിഞ്ഞ ശേഷം കൈകൊണ്ട്  കുഞ്ഞിന്റെ ചുണ്ടിലും താടിയിലും പിടിച്ച് മോന്ത തള്ളേടെ ആണെങ്കിലും മൂക്ക് അച്ഛന്റേതാണ് ചെവി അയല്‍ക്കാരന്റേതാണ്‌ തുടങ്ങിയ നിരീക്ഷണങ്ങള്‍ നടത്തണം.

5. ന്യൂമറോളജി പ്രകാരം  കുഞ്ഞിന് എന്തു പേരിടണം, ഈ നക്ഷത്രം പെൺകുട്ടിക്ക് നന്നല്ല, ജാതകത്തില്‍ ഈ ജനനസമയം ശരിയല്ലാത്തോണ്ട്  അച്ഛന്റെ കാര്യം ഇനി പോക്കാണ്‌ തുടങ്ങി ശാസ്ത്രീയമായ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.

6. വല്ല മരുന്നോ മറ്റോ ഡോക്റ്റര്‍ കുറിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം മുലപ്പാലിലൂടെ വന്ന് കുഞ്ഞിന്റെ ആരോഗ്യത്തെ ഇല്ലാതെയാകും അതുകൊണ്ട് ഒന്നും കഴിക്കരുത് എന്ന് ഉപദേശിച്ചു വിടണം. പോരാത്തതിനു കുഞ്ഞിനു തേനും വയമ്പും കൊടുക്കേണ്ട രീതി, നഴ്സ് പറഞ്ഞതുപോലെ എടുത്തു കൈത്തണ്ടയിൽ കിടത്തി പാലു കൊടുക്കരുത്; തല നീളം വെയ്ക്കും – തലകുത്തി നിന്നേ മുല കൊടുക്കാവൂ, മുലപ്പാലിന്റെ കൂടെ ലാക്ടോജനും മറ്റും കൊടുത്താലേ കുഞ്ഞിനാരോഗ്യം ഉണ്ടാവൂ എന്നിങ്ങനെ വൈദ്യോപദേശം കൊടുക്കണം.

7.സന്ദര്‍ശനത്തിനു വരുന്നവര്‍ സ്ത്രീകള്‍ ആണെങ്കില്‍ പ്രസവിച്ച് സ്ത്രീ കിടക്കുന്ന ബെഡില്‍ തന്നെ കേറി ഇരുന്ന് പനി ചുമ തുടങ്ങിയ സകല അസുഖവും കൈമാറണം. പുരുഷന്മാര്‍ റൂമിനകത്തു നിന്ന് തുമ്മുക, ചുമയ്ക്കുക മൂക്കു പിഴിഞ്ഞ കൈ ബെഡ് ഷീറ്റില്‍ തുടയ്ക്കുക തുടങ്ങിയത് ചെയ്താല്‍ മതിയാകും.

8. പ്രസവിച്ച സ്ത്രീ മയക്കത്തില്‍ ആണെങ്കില്‍ തട്ടി ഉണര്‍ത്തുക, എന്നിട്ട് കുശലം പറയുക.

9. വേദനയുണ്ടോ എന്നു ചോദിച്ച ശേഷം “ഇതൊക്കെ സഹിക്കാന്‍ പറ്റാത്ത നീ പെണ്ണാണോടീ, ഞാന്‍ പ്രസവിച്ചിട്ട് ഞാന്‍ തന്നെ കുഞ്ഞിനെയും എടുത്തുകൊണ്ടാണ് വാർഡിലേക്ക് നടന്നു വന്നത്” തുടങ്ങി വീരസ്യങ്ങള്‍ വിളമ്പുക.

10. കൂതറ റിംഗ് ടോണ്‍ ഉള്ള മൊബൈലും ആയി കേറി വന്ന് മുറിയില്‍ കുറ്റിയടിച്ചിരുന്ന് ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടേയിരിക്കണം. അളിയനു കാണിക്കണം, ചേച്ചിക്കു കാണിക്കണം വല്യമ്മയെ കാണിക്കണം എന്നു പറഞ്ഞ് പെറ്റ് ദിവസം തികയാത്ത കുഞ്ഞിനെ ക്യാമറയിലാക്കുക.

11. വന്നാല്‍ മിനിമം അഞ്ചു മണിക്കൂര്‍ കഴിഞ്ഞേ പോകാവൂ. അവിടൊക്കെ തന്നെ നിന്ന് ആശുപത്രിയേയും പ്രസവിച്ച സ്ത്രീയേയും പ്രസവം എടുത്ത ഡോക്റ്ററേയും കുഞ്ഞിന്റെ അച്ഛനേയും പറ്റിയുള്ള കുറ്റം പറഞ്ഞ് വായിനോക്കിക്കോണം. നൂറു കണക്കിനു ആളു വരുന്ന സമയം ആയതുകൊണ്ട് കല്യാണം പോലെ അവിടെ ഒരു ആഘോഷമാക്കി പഴയ ബന്ധുക്കളോടും കൂട്ടുകാരോടും പരിചയം പുതുക്കാനുള്ള അവസരമാണിത്.

12. കുഞ്ഞ് പെണ്ണാണെങ്കിൽ ഓ, അതു സാരമില്ല… ഇനിയും സമയമുണ്ടല്ലോ, അല്ലേലും ആദ്യത്തേത് പെണ്ണുതന്നെയായിരിക്കണം, ഇപ്പോൾ ചെലവൊക്കെ രണ്ടിനും ഒരേ പോലെ തന്നെ തുടങ്ങിയ മുട്ടൻ കണ്ടെത്തലുകൾ നിരത്തണം.

ഇവിടെ തീരുന്നില്ല ഇക്കൂട്ടരുടെ പരാക്രമം. എഴുത്തിൽ അല്പം അതിയശോക്തി കലർത്തിയിട്ടുണ്ടെങ്കിലും അനുഭവസ്ഥർ ഒന്നു പിന്തിരിഞ്ഞുനോക്കിയാൽ മേൽപ്പറഞ്ഞ കാര്യങ്ങൾ സത്യമെന്നു കണ്ടറിയാനാവും. കുഞ്ഞിനെ കാണാൻ വരരുത്, എടുക്കരുത് എന്നൊന്നുമല്ല പറഞ്ഞു വന്നത് സന്ദർഭം മനസ്സിലാക്കി പെരുമാറണം എന്നതുതന്നെ – വീരസ്യങ്ങൾ വിളമ്പി ആളാവാനുള്ള ഇടവുമല്ല അത്. കാര്യമറിയാതെ ചെയ്യുന്ന നിരവധി ചടങ്ങുകൾ ഗർഭധാരണം, പ്രസവം, പ്രസവാനന്തരം ഒക്കെ ബന്ധപ്പെടുത്തി നടന്നു വരുന്നു. ചെയ്യുന്നവർക്കോ ചെയ്യിക്കുന്നവർക്കോ അറിയില്ല എന്തിനു വേണ്ടിയാണിതു ചെയ്യുന്നത് എന്ന്. അതിന്റെ ഭവിഷിത്തുകൾ ശാസ്ത്രീയമായി വിളമ്പി പെണ്ണിന്റെ സമാധാനം കളയാനുമുണ്ട് ആൾക്കാർ!

ബന്ധുജനങ്ങളും തീരെ മോശക്കാരല്ല. അടുത്തടുത്ത് 4, 5 വീടുണ്ടെങ്കിൽ കുഞ്ഞുണ്ടായ വിവരം ഈ 5 വീട്ടിലും വിളിച്ചു പറയണം. ഒരാളോട് പറഞ്ഞ് ഇക്കാര്യം മറ്റുള്ളവരെ കൂടിയറിയിക്കാൻ പറഞ്ഞാൽ പ്രശ്നമായി; പരിഭവമായി; പരാതിയായി. ഒരു പ്രസവം കഴിഞ്ഞപ്പോൾ പഠിച്ച കാര്യങ്ങൾ നിരവധിയാണ്. തളർന്നു മയങ്ങുന്ന പെണ്ണിനെ ഒന്നു സമാശ്വസിപ്പിക്കാൻ പോലുമാവാതെ വലയുമ്പോൾ ഇത്തരം ഉപദേശകരുടേയും ബന്ധുജനത്തിന്റേയും പരിഭവങ്ങൾക്കും പരാതികൾക്കും പുല്ലുവില കൊടുക്കാനേ കഴിയൂ.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *

Responsive WordPress Theme Freetheme wordpress magazine responsive freetheme wordpress news responsive freeWORDPRESS PLUGIN PREMIUM FREEDownload theme free