പെരുമഴക്കാലം

പെരുമഴക്കാലം

thick rainy season , പെരുമഴ

വൗ മഴ! ഇവിടെ മഴ പെയ്യുകയാണ്. പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി കളിക്കൂട്ടുകാരിയുടെ കൈയും പിടിച്ച് ഒന്നാം ക്ലാസിന്റെ പടി കയറിയ ആ കുട്ടിക്കാലം ഓർമ്മ വരുന്നു. മഴയുടെ സംഗീതം കേട്ടു കിടന്നപ്പോൾ ഇന്നെഴുന്നേൽക്കാൻ അല്പം വൈകി! എങ്ങോ പോയ്മറഞ്ഞ ആ പഴയ മഴക്കാലം മനസ്സിൽ വന്നു നിറയുന്നു… എന്തു രസമായിരുന്നു അന്ന്!

ഇടവഴികളിലൂടെ കുത്തിയൊലിക്കുന്ന കലക്കവെള്ളത്തിൽ ഓലകൊണ്ടുണ്ടാക്കിയ ജലചക്രങ്ങൾ ഘടിപ്പിച്ച കുട്ടിക്കാലം. കരകവിഞ്ഞൊഴുകുന്ന നീരരുവിയുടെ രൗദ്രതയിൽ പരിഭവം പറഞ്ഞു മാറിനിന്ന കുട്ടിക്കാലം… മഴയൊന്നു ശമിക്കുമ്പോൾ അരുവി കൊടിയ രൗദ്രത വിട്ട് തെളിനീരായൊഴുകുമ്പോൾ തോർത്തുമെടുത്ത് പരൽമീനുകളെ പിടിക്കാൻ വട്ടമിട്ട കുസൃതിക്കാലം – ആ പർൽമീനുകൾ ഇന്നെവിടെ? അന്നവ ഒഴുക്കിനെതിരേ നീന്തുമായിരുന്നു!!

എത്രതന്നെ ഭീകരമായാലും മഴയെ ആരും വെറുക്കുന്നില്ല! അളവറ്റു സ്നേഹിക്കുന്നുണ്ടു താനും… ഓരോ വർഷവും വൻ‌ നാശനഷ്ടങ്ങളൂണ്ടാക്കിയാണു മഴ പിൻ‌ വാങ്ങാറുള്ളത്, മഴകൂടി പ്രളയമായാൽ, അത് ഗ്രാമങ്ങളെ വിഴുങ്ങും, മലയിടിഞ്ഞ് കുത്തൊഴുക്കിൽ ജീവിതങ്ങൾ ഒലിച്ചുപോകും… മഴകൊണ്ടുവരുന്ന പകർച്ചവ്യാധികൾ വേറെ… ദുരിതമേറെ ബാക്കിയാക്കി ഒന്നുമറിയാത്തതു പോലെ അവസാനം മഴ നടന്നകലും. എങ്കിലും നമ്മൾ പിന്നേയും മഴയെ സ്നേഹിക്കുന്നു…
മഴ ഒരു പ്രണയിനിയെ പോലെയാണ്. കാതരയായി അവൾ എന്തൊക്കൊയോ നമ്മോടു പിറുപിറുക്കുന്നു. ചുടുള്ള നിശ്വാസമായി നമുക്കവളെ അനുഭവവേദ്യമാവുന്നു… നനുനനുത്ത മഴത്തുള്ളികൾ അനിർവചനീയമായ എന്തൊക്കെയോ ആയി മനസ്സിൽ പെയ്തിറങ്ങുന്നു. മഴ ഒരു മന്ത്രമാണ്!

വരണ്ടുണങ്ങുന്ന പ്രവാസമനസ്സിനെ തഴുകിത്തലോടുന്നുണ്ട് ഈ മഴ… ജീവനറ്റു പോകുന്ന മനസ്സുകൾക്ക് പ്രതീക്ഷയും പ്രത്യാശയുമാണീ മഴ… മഴ പെയ്യുന്നതിപ്പോൾ മനസ്സിലാണ്. വിഹ്വലതകൾ നിറഞ്ഞ ഹൃദയത്തിനു പുത്തനുണർവായി, പുതുജീവനായി അതു പെയ്യട്ടെ!! നിറഞ്ഞു പെയ്യട്ടെ!!

Leave a Reply

Your email address will not be published. Required fields are marked *