കഥാലോകം

കഥാലോകം

Aatmika Rajesh story time

ആത്മികയ്ക്ക് ആദ്യകാലങ്ങളിലൊക്കെ ഉറങ്ങുവാൻ താരാട്ടു പാട്ടുകൾ നിർബന്ധമായിരുന്നു. മഞ്ജു അക്കാര്യം ഭംഗിയായി ചെയ്തു കൊടുക്കുയും താരാട്ടു പാട്ടിന്റെ ആലസ്യത്തിൽ അവളങ്ങ് മയങ്ങിപ്പോവുകയും ചെയ്യുമായിരുന്നു. അവളെ ഉറക്കാൻ ഞാൻ വേണമെന്ന് നിർബന്ധം പിടിക്കാൻ തുടങ്ങിയപ്പോൾ വലഞ്ഞുപോയതു ഞാനായിരുന്നു. ഒരു പാട്ടിന്റേയും രണ്ടുവരികൾ പോലും അറിയാത്ത ഞാൻ മുക്കിയും മൂളിയും എന്തൊക്കെയോ ഒപ്പിച്ച് ആദ്യമൊക്കെ അവളെ ഉറക്കുവാൻ ശ്രമിച്ചിരുന്നു. ഉണർന്നിരിക്കുന്ന അവസരത്തിൽ എന്നോ ഒരിക്കൽ അവൾ എന്റെ പാട്ടുകളെ അനുകരിച്ചപ്പോൾ ആ കലാപരിപാടി നിർത്തുവാനും സംഗതി കമ്പ്യൂട്ടറിനെ ഏൽപ്പിക്കാനും തീരുമാനിച്ചു. പിന്നീട്, ആത്മിക ഉറങ്ങുമ്പോൾ ഉള്ള പാട്ടു പാടുക എന്ന ചുമതല കമ്പ്യൂട്ടറിനായി. ഏറെ താരാട്ടുപാട്ടുകളും, കുഞ്ഞുങ്ങളും മറ്റു പാടുന്ന സ്നേഹനിർഭരമായ മറ്റു സിനിമാഗാനങ്ങളും ഒക്കെയായി അവളാ ഗാനമഞ്ജരിയിൽ ലയിച്ച് ഉറങ്ങുവാൻ തുടങ്ങി!

വർഷങ്ങൾ കഴിഞ്ഞ് ആത്മികയ്ക്ക് 4 വയസാവുന്നു. കഴിഞ്ഞതവണ സ്കൂൾ അടച്ചപ്പോൾ അവളെ നാട്ടിലേക്ക് ബസ്സുകേറ്റി വിട്ടു. രണ്ടുമാസം ചേച്ചിമാരായ ആരാധ്യയോടും അദ്വൈതയോടും ഒപ്പം അവൾ തിമർത്താസ്വദിച്ചു. തൊട്ടിലിൽ കിടന്നുള്ള ഉറക്കം നിർത്തണം എന്നൊരു പ്ലാൻ കൂടെ ആ യാത്രയുടെ പുറകിൽ ഉണ്ടായിരുന്നു. സ്പ്രിങ്ങിന്റെ തൊട്ടിലിൽ അവൾക്ക് സുന്ദരമായി കിടന്നുറങ്ങാൻ പ്രശ്നമൊന്നുമില്ലെങ്കിലും ആട്ടിക്കൊണ്ടിരിക്കാൻ അല്പം ബുദ്ധിമുട്ടു തോന്നി. അവൾ നാട്ടിലേക്ക് പോയ അവസരത്തിൽ തൊട്ടിൽ ഒളിപ്പിച്ചു വെച്ചു; വന്നു ചോദിച്ചാൽ വീണ്ടും തൊട്ടിൽ കെട്ടി പഴയ പടി ആവർത്തിക്കാം എന്നു കരുതിയാണത് ഒളിപ്പിച്ചത്.

നാട്ടിൽ ചേച്ചിമാരോടൊപ്പമായിരുന്നു കിടപ്പെങ്കിലും രാത്രിയിൽ അമ്മയോ അനിയത്തിയോ ആത്മികയ്ക്ക് കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. മാറിമാറി നിരവധി കഥകൾ കേട്ടിട്ടായി ഇവളുടെ ഉറക്കം. തൊട്ടിലിന്റെ കാര്യമൊക്കെ പാടേ മറന്നു! എങ്കിലും തിരിച്ചു വന്നപ്പോൾ ഈ കഥാലോകമായിരുന്നു. ബാംഗ്ലൂരിലെ ജീവിതം ഒരു യന്ത്രമനുഷ്യനെ പോലെയുള്ളതാണ്. എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും തൊഴിലുമായി നടക്കുന്നവരോ തൊഴിലന്വേഷിച്ചു നടക്കുന്നവരോ മാത്രം! മനസ്സൊക്കെ വേരറ്റു മുരടിച്ചുപോകുന്ന ഈ സന്ദർഭത്തിൽ കഥകളുടെ ലോകം എങ്ങനെ തുറക്കാനാണ്. മഞ്ജുവിനും ഒരു കഥയും അറീയില്ല.

ഞാൻ പഴമയിലേക്ക് കണ്ണോടിച്ചു, പഴയ പുസ്തകങ്ങൾ തപ്പിനോക്കി, പൈതൃകമായി അവൾക്കായി ഇക്കൂട്ടത്തിൽ വേണ്ടതൊക്കെ നിക്ഷേപിക്കണം എന്നൊരു മോഹമുദിച്ചു. പലപാടും തപ്പിയപ്പോൾ ചില കഥകളുടെ വാലറ്റം ശ്രദ്ധയിൽ പെട്ടു. അതൊക്കെ പറഞ്ഞുകൊടുക്കാനായി ചില മാറ്റങ്ങളൊക്കെ വരുത്തേണ്ടി വന്നു. പണ്ട് ചെറുവത്തൂരു നിന്നും വല്യമ്മയും ഇളയമ്മമാരും പറഞ്ഞു തന്ന കഥകളൊക്കെ എവിടെയൊക്കെ വന്ന് എത്തിനോക്കി പോകുന്നതുപോലെ ഒരനുഭവം. എന്തായാലും ഇതൊക്കെ കേട്ട് സുന്ദരമയി ഉറങ്ങുവാൻ ആത്മികയ്ക്ക് പറ്റുന്നു എന്നത് ഏറെ ഹൃദ്യമാക്കിയ സന്ദർഭങ്ങളായിരുന്നു ഇവയൊക്കെ.

ഇന്നലെ സിംഹത്തിന്റെ കഥപറഞ്ഞു. കഥ പഴയതുതന്നെ. കാട്ടിലെ രാജാവായിരുന്നു സിംഹം! ഒരിക്കൽ സിംഹം കാട്ടിലൂടെ രാജകീയമായി നടക്കുമ്പോൾ ഒരു കിണർ കണ്ടു. ഇതെന്താ ഇത്രവലിയ കുഴിയെന്നു കരുതി കിണറിലേക്ക് എത്തിവലിഞ്ഞു നോക്കിയ സിംഹം ഞെട്ടിപ്പോയി!! അതാ മറ്റൊരു സിംഹം കിണറ്റിൽ നിന്നും ഈ രാജാവനെ നോക്കുന്നു!! സിംഹം പല്ലുകൾ പുറത്തു കാണിച്ച് അതിനെ ഒന്നു പേടിപ്പിക്കാൻ ശ്രമിച്ചു!! പക്ഷേ അതേ ഭാവം തന്നെ ആ കിണറ്റിലെ സിംഹവും കാണിക്കുന്നു!! അതിയായ കോപം പൂണ്ട കരയിലെ സിംഹം കണ്ണുരുട്ടി മീശ വിറപ്പിച്ച് വാലു ചുരുട്ടിശക്തി പ്രകടിപ്പിച്ചു! ഇതൊക്കെ അതേപടി കിണറ്റിനകത്തെ സിംഹവും കാണിക്കുന്നു… കരയിലെ സിംഹം ദേഷ്യം സഹിക്കാനാവാതെ അത്യുച്ചത്തിൽ അക്രോശിച്ചു.. കാടുമൊത്തം നടുങ്ങിവിറച്ചു! പക്ഷേ, അതേ ആക്രോശം തന്നെ കിണറ്റിലെ സിംഹവും പുറപ്പെടുവിപ്പിച്ചു… കിണറിന്റെ മൺഭിത്തിയിൽ തട്ടി ആ ആക്രോശം പ്രതിധ്വനിച്ചു… കരയിലെ സിംഹം വരെ ഒന്നു വിരണ്ടുപോയി! ഞാനിവിടെ രാജാവായി നിൽക്കുമ്പോൾ മറ്റൊരു സിംഹമോ ഇവിടെ! പാടില്ല… മനുഷ്യർക്കൊന്നും ചേരാത്തെ മൃഗീയ വാസനകൾ രാജാവിൽ കുമിഞ്ഞു കൂടി. രാജാവ് മനുഷ്യനായിരുന്നെങ്കിൽ മറ്റൊരു രാജാവിനെ കണ്ടാൽ സ്നേഹത്തോടെ വിളിച്ചിരുത്തി ഒരു പരിചാരകനെ പോലെ ശുശ്രൂഷിക്കുമായിരുന്നു. കോപം പൂണ്ട കരയിലെ സിംഹം കിണറ്റിലെ സിംഹത്തെ ആക്രമിക്കാനായി കിണറിലേക്ക് എടുത്തു ചാടി!! വെള്ളത്തിൽ വീണുകഴിഞ്ഞപ്പോൾ മറ്റേ സിംഹത്തെ കാണാനില്ല! കരയിൽ നിന്നും നോക്കിയപ്പോൾ കണ്ട പ്രതിബിംബം മാത്രമായിരുന്നു അത്. ആമീസ് മുഖം കഴികാൻ പോവുമ്പോൾ ബക്കറ്റിൽ നോക്കിയാൽ ഇതുപോലെ ആമീസിന്റെ മുഖം കാണില്ലേ. ആമീസ് കണ്ണാടിയിൽ നോക്കി ചിരിക്കുമ്പോൾ കണ്ണാടി ആമീസിനോട് ചിരിക്കാറില്ലേ അതു തന്നെ സംഗതി! കിണറ്റിൽ വീണ സിംഹം നീന്തി സൈഡിൽ കുനിഞ്ഞിരുന്ന് കരയാൻ തുടങ്ങി. ആരെങ്കിലും വന്ന് രക്ഷിക്കണേ എന്ന് കരഞ്ഞോണ്ടിരുന്നു. ഒരു ആനക്കൂട്ടം അതുവഴി പോയപ്പോൾ ഈ കരച്ചിൽ കേൾക്കാനിടയായി. ആന സിംഹത്തേക്കാൾ വലുതല്ലേ, ആമീസിനെ പോലെ ശക്തിമാൻ!! വലിയൊരു മരം പിഴുതെടുത്ത് കിണറ്റിലേക്ക് വെച്ചു കൊടുത്തു. സിംഹം പതുക്കെ വീഴാതെ മരത്തിലൂടെ കരയ്ക്കണഞ്ഞു. ഇതായിരുന്നു ഒരു കഥ. ആത്മികയ്ക്ക് വേണ്ടി അല്പസ്വല്പമാറ്റങ്ങളൊക്കെ വരുത്തി എന്നതേ വ്യത്യാസം ഉള്ളൂ.

ആത്മിക എന്നിട്ടും ഉറങ്ങിയില്ല. ആനയുടെ പേരെന്താ അച്ഛാ? അവരൊക്കെ ഏത് സ്കൂളിലാ പഠിക്കുന്നേ എന്നൊക്കെയായിരുന്നു പിന്നീടുള്ള അവളുടെ ചോദ്യാവലികൾ.

ഞാൻ അത് തീർത്ത് രണ്ടാമത്തെ കഥയിലേക്ക് കടന്നു! ഇവിടെയായിരുന്നു ഞാൻ വലഞ്ഞു പോയത്. ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരമായിരുന്നു കഥാവിഷയം. വിശദീകരണമൊക്കെ അല്പം മുഴച്ചു നിന്നിരുന്നു. നല്ലൊരു ഗ്രൗണ്ട് വേണമല്ലോ ഇവർക്ക് ഓട്ടമത്സരം നടത്താൻ, കാണാൻ മൃഗങ്ങളും വേണം. എല്ലാവരേയും പരിചയപ്പെടുത്തി, നായകർ ഓട്ടം തുടങ്ങി. ആമ പതുക്കയേ ഓടൂ; മുയൽ വേഗത്തിൽ ഓടും എന്നൊക്കെ പറഞ്ഞപ്പോൾ ആത്മിക സമ്മതിക്കുന്നില്ല; അല്ലച്ഛ അങ്ങനെ അല്ല എന്നവൾ പറയുന്നു. പക്ഷേ, കഥ അങ്ങനെ മാറ്റാൻ പറ്റില്ല. ആമ ജയിക്കുന്നതല്ലേ അതിലെ കൗതുകം തന്നെ! ആത്മിക എന്റെ നെഞ്ചിൽ നിന്നും എണീറ്റ് കട്ടിലിനു താഴെ ഇറങ്ങി… റൂമിലൂടെ ഓട്ടമായി… എന്നിട്ട് പറഞ്ഞു അച്ഛാ എനിക്ക് ഇങ്ങനെ ഓടാനൊക്കെ പറ്റും എന്ന്!!

അന്നേരമാണു സംഗതി എനിക്ക് കത്തിയത്. ആമ വളരെ പതുക്കെ ഓടുന്നു, നടക്കുന്നതു പോലെ എന്നൊക്കെ പറഞ്ഞപ്പോൾ ആത്മിക കേട്ടത് ആമി പതുക്കെ ഓടുന്നു എന്നായിപ്പോയി. മത്സരം ആമീസും മുയലും തമ്മിലുള്ളതായി അവൾ കരുതി. അവൾ പതുക്കെ മാത്രമേ ഓടുന്നുള്ളൂ എന്നതിന്റെ സങ്കടമാണ് ഈ കണ്ടത്!!

ആമ എന്നത് അവൾക്ക് പഠിക്കാനൊക്കെ ഉണ്ടെങ്കിലും മലയാളവാക്കവൾ കേട്ടിട്ടില്ല. ആമ എന്താണെന്ന് വിശദീകരിക്കേണ്ടി വന്നു. അതിന്റെ ഇംഗ്ലീഷ് വാക്കാണെങ്കിൽ കിട്ടുന്നുമില്ല. ഞാനാകെ വലഞ്ഞു.. പിന്നെ പറഞ്ഞു മോളേ, പുറത്ത് തോടു പോലെ ഒരു സംഗതിയുള്ളതും കൈയ്യും കാലും തലയും മാത്രം പുറത്തു കാണുന്നതുമായ ഒരു ചെറിയ ജീവിയാണ് ആമ. എന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞു അച്ഛാ അത് tortoise അല്ലേ!! ഞാൻ വീണ്ടും പെട്ടു. tortoise ഉം ആമയും ഒന്നാണോ എന്നറിയാൻ എണിറ്റ് പോയി കമ്പ്യൂട്ടർ തുറന്ന് നെറ്റ് കണക്റ്റ് ചെയ്ത് ഗൂഗിൾ ചെയ്തു നോക്കണം! ഇനി tortoise തന്നെയായിരിക്കുമോ ഈ ആമ!! ഞാൻ പറഞ്ഞു ആമയ്ക്ക് ഒരു ഇംഗ്ലീഷ് പേരും ഉണ്ട് മോളേ, അച്ഛനത് നാളെ പറഞ്ഞുതരാം. മോളിപ്പം ആമ എന്ന് കേട്ടാൽ മതി.

ഈ അച്ഛന് ഒന്നു അറിയില്ല; അത് tortoise തന്നെയച്ഛാ എന്നായി അവൾ. തെറ്റാണെങ്കിൽ അത് ഞാനായിട്ട് ആമീസിന്റെ മനസ്സിൽ ഉറപ്പിക്കാൻ പാടില്ലാത്തതാണ്. ശരിയാണെങ്കിൽ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്ത് അതുതന്നെ മോളേ എന്നു പറയേണ്ടതാണ്; ഞാനിപ്പോൾ ഇടയിലാണ്. ഇംഗ്ലീഷറീയാത്തതിൽ ഞാൻ ആമീസിനോടു സോറി പറഞ്ഞപ്പോൾ അവൾ തർക്കിക്കാതെ ആമ എന്നു തന്നെ സമ്മതിച്ചു തന്നു. ആമ പതുക്കെ നടന്നതും മുയൽ ഓടിപ്പോയി മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതും, ആമ അടുത്തെത്തിയത് അറിയുമ്പോൾ വീണ്ടും ഓടിപ്പോയി അടുത്ത മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതും, അവസാനം ആമ ശബ്ദമുണ്ടാക്കാതെ നടന്ന് മത്സരത്തിൽ ജയിക്കുന്നതും കഴിഞ്ഞ പ്രാവശ്യം ആമീസ് സ്കൂളിൽ നിന്നും ഒന്നാം റാങ്ക് കിട്ടിയപ്പോൾ നേടിയതുപോലെ ട്രോഫിയും സർട്ടിഫിക്കേറ്റും കാട്ടിലെ രാജാവ് ഒരു സിംഹം വന്നു കൊടുക്കുന്നതും ഒക്കെ പറഞ്ഞ് കഥ ഞാൻ അവസാനിപ്പിച്ചു. മെല്ലെ ആമീസ് എന്നെ കെട്ടിപ്പിടിച്ച് ഉറങ്ങിപ്പോയി…

രാവിലെ എണിറ്റപ്പോൾ ഞാനാദ്യം നോക്കിയത് tortoise എന്താണ് എന്നതായിരുന്നു! ആമ തന്നെ. ഒരു ജീവിയുടെ ഇംഗ്ലീഷ് പേരു ഞാനും കഥയിലൂടെ പഠിച്ചെടുത്തു എന്നു പറയാം. tortoise നെ മറക്കാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *