അടിയന്തിരാവസ്ഥകാലത്തെ കൊലപാതകം

തീയ്യതി: 20 Apr, 2018 - Friday. സമയം: 
ml wiki.

രാജൻ കേസ്: ഈച്ചരവാരിയരുടെ കണ്ണീരിൽ തുടക്കം

രാജൻ കൊലപാതകം -42 വർഷം - ജി. ആർ. ഇന്ദുഗോപൻ

പത്തനംതിട്ടയിലെ കോഴഞ്ചേരി സ്വദേശി. കോഴിക്കോട് റീജനൽ എൻജിനീയറിങ് കോളജിൽനിന്ന് 1977ൽ ബിരുദം. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നു കംപ്യൂട്ടർ സയൻസിൽ എംടെക്. ബെൽജിയം, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഉന്നതപദവികളിൽ ജോലിചെയ്തു. രാജൻ സംഭവത്തിൽ രാജന്റെ അച്ഛൻ പ്രഫ. ഈച്ചരവാരിയർ നൽകിയ ഹേബിയസ്കോർപസ് ഹർജിയിൽ സാക്ഷിയായ ഏകവിദ്യാർഥി. ആർഇസിയിൽ രാജന്റെ ഒരുവർഷം ജൂനിയറായിരുന്നു. മുപ്പത്തിയെട്ട് വർഷം പഴക്കമുള്ള രാജൻകേസിന്റെ ഫയൽ തോമസ് ജോർജ് തുറക്കുന്നു...

1977 ഏപ്രിൽ രണ്ട്. ശനിയാഴ്‌ച. കോഴിക്കോടു റീജനൽ എൻജിനീയറിങ് കോളജ്. ഹോസ്റ്റൽ ക്യാംപസ്. പരീക്ഷ അടുത്തിരിക്കുന്നു. ഹോസ്റ്റലിന്റെ മുന്നിലുള്ള വഴിയിലൂടെ ഞാൻ മുറിയിലേക്കു ധൃതിയിൽ പോവുകയാണ്. രണ്ടുമൂന്നുപേർ എതിർദിശയിൽ വരുന്നുണ്ട്. ശ്രദ്ധിക്കാതെ നടക്കാൻ തുനിഞ്ഞപ്പോൾ നനുത്ത ഒരു ശബ്ദം,
“തോമസ് ജോർജ് അല്ലേ...?”
ഞാൻ നിന്നു. കുറിയ ഒരുമനുഷ്യൻ മുന്നിൽ. അദ്ദേഹം പറഞ്ഞു:
“എന്റെ പേർ ഈച്ചരവാരിയർ, പൊലീസ് അറസ്റ്റ് ചെയ്ത രാജന്റെ അച്ഛനാണ്... രാജനെ കൊണ്ടുപോകുന്നതു തോമസ് കണ്ടിരുന്നോ?”
ഞാൻ ഉവ്വെന്നു തലയാട്ടി.
അദ്ദേഹം ഒന്നു നിശ്ശബ്ദനായി, മെല്ലെ കണ്ണടച്ചു. ശേഷം പറഞ്ഞു:
“അതു കോടതിയിൽ പറയുമോ?”
കേസിൽ സാക്ഷി പറയാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കണ്ടു പരിചയമുള്ളതല്ലാതെ രാജൻ എന്റെ സുഹൃത്തായിരുന്നില്ല. ഒരുവർഷം സീനിയറായിരുന്നു അയാൾ.
ഞാൻ ഈച്ചരവാരിയരെ നോക്കി പറഞ്ഞു:
“പരീക്ഷയ്ക്കു കുറച്ചു ദിവസമേ ഉള്ളൂ; ഈ സമയത്താണ് എന്തെങ്കിലും പഠിക്കുന്നത്. കോടതിയിൽ വരാൻ ബുദ്ധിമുട്ടാണ്.”

എന്റെ മറുപടി അദ്ദേഹം പ്രതീക്ഷിച്ചതുപോലെ തന്നെയാകാം. കാരണം, രാജനെ കൊണ്ടുപോകുന്നതു കണ്ട പല വിദ്യാർഥികളെയും സാക്ഷി പറയാൻ അദ്ദേഹം സമീപിച്ചിരുന്നതായി പിന്നീട് അറിഞ്ഞു. അവരാരും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടാവില്ല. താൻ പരാജയപ്പെടുകയാണെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കണം. എന്റെ മുന്നിൽവച്ച് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു.
എൻജിനീയറിങ് പാസായിക്കഴിഞ്ഞ് ഒരു ജോലി എന്നതിനപ്പുറം ഞാൻ ചിന്തിച്ചിട്ടില്ല. കോടതികളും പൊലീസ് സ്‌റ്റേഷനുകളും കയറിയിറങ്ങാത്ത സമാധാനപൂർണമായ ജീവിതമാണു ഞാൻ ആഗ്രഹിച്ചിരുന്നത്.

ഈച്ചരവാരിയർ ഒറ്റയ്ക്കാണ്. സാധാരണക്കാരൻ. അദ്ദേഹത്തിന്റെ എതിരാളികളോ....?
കെ.കരുണാകരൻ മുഖ്യമന്ത്രിയായി അധികാരമേറ്റിട്ട് അന്ന് എട്ടുദിവസമേ ആയിട്ടുള്ളൂ. അടിയന്തരാവസ്ഥ ഭാഗികമായി നിലനിൽക്കുന്നു. മുഖ്യമന്ത്രിക്കും പൊലീസിലെ ഉന്നതർക്കും എതിരെയാണ് ഈച്ചരവാരിയർ. ആ വലിയ വിവാദത്തിന്റെ വാലിൽ തൂങ്ങാനാണ് ഇദ്ദേഹം എന്നോട് ആവശ്യപ്പെടുന്നത്. എന്റെ ജീവിതത്തെ അത് എങ്ങോട്ടു കൊണ്ടുപോകുമെന്ന് ഉറപ്പില്ല. കരുണാകരൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ എടുത്ത അതേ ദിവസമാണു തന്റെ മകനെ കാണാനില്ലെന്നു കാണിച്ച് ഈച്ചരവാരിയർ ഹൈക്കോടതിയിൽ ഹേബിയസ്കോർപസ് ഹർജി ഫയൽചെയ്തത്. കേരള ആഭ്യന്തര സെക്രട്ടറി, പൊലീസ് ഐജി, ഡിഐജി ജയറാം പടിക്കൽ എന്നിവർ മാത്രമായിരുന്നു ആദ്യത്തെ പ്രതിപ്പട്ടികയിൽ.

മാര്‍ച്ച് 29ന് കേരള അസംബ്ലിയിൽ രാജന്റെ തിരോധാനം ചര്‍ച്ചയ്ക്കു വന്നു. മുഖ്യമന്ത്രി കെ. കരുണാകരൻ ‘രാജനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടില്ല’ എന്നു പ്രസ്താവിച്ചു (കോഴിക്കോട് എസ്.പി.ലക്ഷ്മണയുടെ റിപ്പോർട്ട് വിശ്വസിച്ചാണു മുഖ്യമന്ത്രി അതു പറഞ്ഞത്). അതോടെ കരുണാകരനെയും ലക്ഷ്മണയെയും ഈച്ചരവാരിയർ പ്രതിപ്പട്ടികയിൽ ചേർത്തു.

ചുരുക്കിപ്പറഞ്ഞാൽ മുഖ്യമന്ത്രിക്കും പൊലീസിനും എതിരായാണു ഞാൻ കോടതിയിൽ സാക്ഷി പറയേണ്ടത്. അടിയന്തരാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസിന് എന്തുംചെയ്യാൻ തുടർന്നും അധികാരമുള്ള കാലം.

പിന്നീടു നടന്നത് എന്നെ തളർത്തിക്കളഞ്ഞ രംഗമാണ്.
ഈച്ചരവാരിയരുടെ ശബ്ദം ഇടറി. അദ്ദേഹം ഗദ്ഗദത്തോടെ പറഞ്ഞു:
“എന്റെ മകനെ ഒരിക്കലും തിരിച്ചുകിട്ടില്ല എന്നെനിക്കറിയാം. എന്നാൽ മറ്റൊരു പിതാവിനും എന്റെ ഗതി വരരുത്. ഈ അച്ഛനോട് ദയതോന്നണം.”
പ്രഫ. ഈച്ചര വാരിയർ നിസ്സഹായനായി എന്റെ മുന്നിൽനിന്നു കരഞ്ഞുതുടങ്ങി. ഒരുകൊച്ചുകുട്ടിയെപ്പോലെ... ഞാനെന്താണു പറയേണ്ടത്? രാജൻ കേസ് എന്റെ മനസ്സിലൂടെ ആ നിമിഷം ഭയത്തോടെ കടന്നുവരികയാണ്..

തോമസ് ജോർജ്

കായണ്ണ... പിന്നെ കക്കയം ക്യാംപ്
രാജൻ കേസിന് അടിസ്ഥാനമായ സംഭവം ഇതായിരുന്നു:
1976 ഫെബ്രുവരി 28 പുലര്‍ച്ചയ്ക്കുമുന്‍പേ, കോഴിക്കോട്ടുനിന്ന് ഏകദേശം 60 കിലോമീറ്റർ ദൂരെയുള്ള കായണ്ണ പൊലീസ് സ്‍റ്റേഷൻ നക്സ‌ൈലറ്റുകൾ ആക്രമിച്ചു.
ഒരു ഹെഡ്കോണ്‍സ്റ്റബിളിനും മൂന്നു പെലീസുകാര്‍ക്കും സാരമായി പരുക്കേറ്റു. സ്റ്റേഷനിലെ വെടിയുണ്ട നിറച്ച തോക്കുകളുമായി നക്സ‌ൈലറ്റുകൾ രക്ഷപ്പെട്ടു. അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോൾ നടന്ന ആക്രമണം ഗുരുതര സുരക്ഷാവീഴ്ചയായി കേരള ഗവണ്‍മെന്റ് കണ്ടു. ആഭ്യന്തര മന്ത്രി കെ. കരുണാകരൻ അന്വേഷണത്തിന് ഉത്തരവിട്ടു.

ഫെബ്രുവരി 28ന് അന്വേഷണ ചുമതല ഡിഐജി ജയറാം പടിക്കലിനെ ഏല്‍പിച്ചു. കേരള പൊലീസിന്റെ വടക്കൻ മേഖല പടിക്കലിന്റെ കീഴിലായി. കോഴിക്കോട്ടുനിന്ന് 50 കിലോമീറ്റർ ദൂരെ വിജനമായ കക്കയം വനത്തിനുള്ളിൽ ജയറാം പടിക്കൽ ക്യാംപ് സ്ഥാപിച്ചു. പൊലീസ് അറിയാതെ ഒരു ഈച്ചയ്ക്കുപോലും കക്കയത്തേക്കു കടക്കാൻ ആകുമായിരുന്നില്ല. കുന്ദമംഗലം മുതൽ കക്കയംവരെ മലബാര്‍ റിസർവ് പൊലീസ് കാവൽ നിന്നു. ഇരുന്നൂറില്‍പരം പൊലീസുകാരും അന്‍പതോളം വാഹനങ്ങളും. വലിയ സന്നാഹം.

നക്സലൈറ്റുകളെന്നു സംശയമുള്ളവരെ ഫെബ്രുവരി 29 മുതൽ അറ‌സ്‌റ്റ് ചെയ്യാൻ തുടങ്ങി. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ധനതത്ത്വശാസ്ത്രത്തിൽ റിസർച്ച് ചെയ്തുകൊണ്ടിരുന്ന ഏബ്രഹാം ബെൻഹറിനെ 29നു രാവിലെ പത്തരയ്ക്കു വയനാട്ടിലെ മൈലമ്പാടിയിലുള്ള അയാളുടെ വസതിയിൽനിന്നു കസ്‍റ്റഡിയിൽ എടുത്തു. ആകെ ഇരുന്നൂറോളം പേരെ പിടിച്ചതായി പറയപ്പെടുന്നു. ഭൂരിഭാഗവും കായണ്ണ, കൂരാച്ചുണ്ട്, കക്കയം, ചാത്തമംഗലം പ്രദേശങ്ങളിൽനിന്നുള്ളവര്‍. പിടികൂടിയവരെ ക്രൂരമായ മര്‍ദനത്തിനു വിധേയരാക്കി.

കക്കയം ക്യാംപിൽ തടവിലുണ്ടായിരുന്ന വേണു പറയുന്നു: “വെള്ളംകിട്ടാതെ വന്നപ്പോൾ മൂത്രത്തിന്റെ നിറം ആദ്യം മഞ്ഞയും പിന്നെ ചുവപ്പും ആയി. മൂത്രം ഒഴിക്കുമ്പോൾ കഠിനമായ വേദന. ദാഹിച്ചു വലഞ്ഞവർ മൂത്രംകുടിച്ചു ദാഹം ശമിപ്പിക്കുന്നതു തടയുവാനായി മൂത്രം ഒഴിക്കുമ്പോൾ പൊലീസുകാർ കാവൽ നിൽക്കും. എന്റെ തുടയിലെ മാംസം എല്ലിൽനിന്നു വേർപെട്ടുപോയിരുന്നു”. പൊലീസ് മര്‍ദന ക്യാംപ് പതിമൂന്നു ദിവസം നീണ്ടുനിന്നു.

സഹ്യപർവതത്തിന്റെ അടിവാരത്തിലുള്ള വനനിബിഡമായ പ്രദേശമാണു കക്കയം. വനത്തിന്റെ ഉള്ളിലായി, ഇലക്ട്രിക് സാമഗ്രികൾ സൂക്ഷിക്കുവാനായി ഉണ്ടാക്കിയ, ടിന്‍ഷീറ്റ് മേഞ്ഞ് നീളത്തിലുള്ള ഒരു കെട്ടിടത്തിലായിരുന്നു ക്യാംപ്. കുറച്ചു ദൂരെയായി ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഇന്‍സ്പെക്‌ഷൻ ബംഗ്ലാവ്. അതിനടുത്ത് ഒരു ആരോഗ്യകേന്ദ്രം. നീളത്തിലുള്ള കെട്ടിടത്തെ പ്ലൈവുഡ്കൊണ്ടു മുറികളായി തിരിച്ചിരുന്നു. ക്രൂരമായ മര്‍ദനത്തിന് ഉപയോഗിച്ച കുപ്രസിദ്ധമായ ഈ കെട്ടിടം പില്‍ക്കാലത്തു ‘ഭാര്‍ഗവീനിലയം’ എന്നു വിശേഷിപ്പിക്കപ്പെട്ടു. കേരളത്തിന്‌ അപകീര്‍ത്തികരമായ സ്മാരകമായി മാറാതിരിക്കാൻ പിന്നീട് ഇടിച്ചുനിരത്തി.

കായണ്ണ പൊലീസ്‌ സ്‌റ്റേഷൻ ആക്രമണം കഴിഞ്ഞപ്പോൾ‘ രാജാ ഓടിക്കോ’ എന്ന് അക്രമികളിൽ ഒരാൾ പറയുന്നതു പൊലീസ് കേട്ടത്രേ. അതിനാൽ കസ്റ്റഡിയിൽ എടുത്തവരിൽ അഞ്ചാറു രാജന്മാർ ഉണ്ടായിരുന്നു. ഈ പേരുള്ളവരെ കൂടുതൽ ഭീകരമായി മര്‍ദിച്ചതിനു കാരണം അതാകാം. ഈ പശ്ചാത്തലത്തിലാണ് 1976 മാർച്ച് ഒന്നിനു രാജനെ തേടി പൊലീസ് ക്യാംപസിലേക്കു വന്നത്. ഞാനാ സംഭവത്തിനു സാക്ഷിയായത് നിയോഗമാകാം. രാഷ്ട്രീയ പശ്ചാത്തലമോ രാജനുമായി യാതൊരു വ്യക്തിബന്ധമോ ഇല്ലായിരുന്ന ഞാൻ പക്ഷേ, നിസ്സഹായനായ ഒരു അച്ഛന്റെ കണ്ണീരിനു മുന്നിൽ തളർന്നുപോയി. ഈച്ചരവാരിയർക്കു വേണ്ടി ദൈവം എന്നെക്കൊണ്ട് സമ്മതംമൂളിക്കുകയായിരുന്നു.

ഞാൻപറഞ്ഞു:
‘‘സർ, കരയരുത്! ഞാൻ വരാം.’’ പ്രതീക്ഷയോടും അവിശ്വസനീയതയോടെയും ഈച്ചരവാരിയർ എന്നെ നോക്കി. ഒരുകാര്യംകൂടി അഭ്യർഥിച്ചു.
‘‘സത്യവാങ്മൂലം തയാറാക്കുവാനായി കോഴിക്കോട്ടേക്കു വരണം. ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം.’’ എന്റെ പരീക്ഷ വെള്ളത്തിലായല്ലോ എന്നു ഞാൻ വ്യാകുലപ്പെട്ടു.
കലങ്ങിയ കണ്ണുകളോടെ, നന്ദിയോടെ പ്രഫസർ ഈച്ചരവാരിയർ കൈകൂപ്പി. ആ മനുഷ്യനോടു മറുത്തുപറയുവാൻ എന്നെക്കൊണ്ടായില്ല.

ഈച്ചരവാരിയരുടെ ഒപ്പമുള്ളവർ പറഞ്ഞു:
‘‘രണ്ടുദിവസംകഴിഞ്ഞ് എറണാകുളത്തു പോകണം. വേറെ സാക്ഷികളും കൂടെയുണ്ടാവും.’’ സ്വയം അറിയാതെ ഞാൻ രാജൻകേസിന്റെ ഭാഗമായി മാറുകയാണ്. രണ്ടു സംസ്ഥാനങ്ങളിലായി നാലു കോടതികളിൽ ഞാൻ സാക്ഷിപറയാൻ നടത്തിയ യാത്രകളുടെ തുടക്കം. രാജൻകേസിന്റെ വിവരമടങ്ങിയ ഫയൽ അന്നുമുതൽ ഞാൻ സൂക്ഷിച്ചിരിക്കുന്നു. 38 കൊല്ലം പഴക്കമുള്ള ആ ഫയൽ മുന്നിൽവച്ചാണു ഞാന്‍ ഈ കഥ നിങ്ങളോടു പറയുന്നത്. എറണാകുളത്തു പോകുന്നതിനു മുൻപ്, ആദ്യം കോഴിക്കോടു നഗരത്തിൽ കുഞ്ഞിരാമപ്പൊതുവാൾ വക്കീലിന്റെ അടുത്തേക്ക് ഈച്ചര വാരിയർ എന്നെ കൂട്ടിക്കൊണ്ടുപോയി. ദൃക്‌സാക്ഷിപത്രം തയാറാക്കിക്കൊണ്ടുവന്നു. മുദ്രപ്പത്രത്തിൽ ഒപ്പിട്ടുകൊടുത്തു.
രാജനെ പൊലീസ് തേടിവന്ന ദിവസം ഞാൻ കണ്ടതെന്ത്? അടുത്ത ആഴ്ചയിൽ അതു പങ്കുവയ്ക്കാം.  

മനോരമ വാർത്ത

രാജൻ കേസ്, നിർണ്ണായകമായത് ആ വിദ്യാർഥിയുടെ മൊഴി!

രാജൻ കൊലപാതകം -42 വർഷം - തോമസ് ജോർജ്

സിഐ ശ്രീധരനെ തിരിച്ചറിയുന്നു!
2009 ജൂ‍ൺ മൂന്ന്:

പുലർച്ചെ. പത്രത്തിൽ ചരമപ്പേജിൽ ഒരു ഫോട്ടോ. ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടല്ലോ!!
വാർത്ത ഇപ്രകാരമായിരുന്നു:
‘റിട്ട. അസി. പൊലീസ് കമ്മിഷണർ കെ.ശ്രീധരൻ നിര്യാതനായി. അടിയന്തരാവസ്ഥയിൽ ക്രൈംബ്രാഞ്ച് സിഐ ആയിരുന്നു. ആർഇസി വിദ്യാർഥി രാജനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടേണ്ടിവന്നു. പിന്നീടു കുറ്റവിമുക്തനായി...’
ഞാൻ സ്തബ്ധനായി കുറേനേരം ആ ഫോട്ടോയിൽ നോക്കിയിരുന്നു പോയി. വർഷങ്ങൾക്കു മുൻപ് ഒരു പ്രഭാതത്തിൽ അൽപനേരത്തേക്കു മാത്രമാണ് ഈ മനുഷ്യനെ ഞാൻ കണ്ടത്. ഞെട്ടിപ്പിക്കുന്ന ആ ഓർമയിലേക്ക് ഞാൻ വീണുപോയി:

∙∙∙

1976 മാർച്ച് ഒന്ന്
ടപ്, ടപ്, ടപ്, ടപ്..........
അതിരാവിലെ നാലര മണി. ഇടനാഴിയിൽ ബൂട്സിന്റെ ശബ്ദം. ‘ഇ’ ഹോസ്റ്റലിന്റെ താഴത്തെ നിലയിൽ ഇടതുവിങ്ങിലാണ് എന്റെ മുറി. ഞാൻ മുറി തുറന്ന് ഇടനാഴിയിലേക്കിറങ്ങി. ട്യൂബിന്റെ അരണ്ടവെളിച്ചം. കുറച്ചു മുന്നിലായി കുറേ പൊലീസുകാർ. രണ്ടു–മൂന്നു പേർ യൂണിഫോമിൽ. ബാക്കിയുള്ളവർ മഫ്തിയിൽ. യൂണിഫോം ധരിച്ചവരുടെ കയ്യിൽ നീളൻ തോക്ക്. അവർ വലതുവശത്തെ കവാടത്തിലൂടെ പുറത്തേക്കു പോയി. കാറ്റ് വീശി, തണുപ്പുണ്ട്, ഞാൻ തിരികെ മുറിയിൽ വന്നു കിടന്നു. ഉറക്കം വരുന്നില്ല. കുറച്ചു നേരം കഴിഞ്ഞു. ഒരു വാൻ വന്നു നിൽക്കുന്ന ശബ്ദം. പുറകിലായി മറ്റൊരു വണ്ടി. വാനിന്റെ ഉള്ളിൽ നിന്നു കൂടുതൽ മഫ്തി പൊലീസ്..
എന്റെ സീനിയർ ബാച്ചിലെ പി.രാജനും അവർക്കൊപ്പമുണ്ട്. അന്ന് അറിഞ്ഞില്ല. രാജനെ ഞങ്ങൾ അവസാനമായി കാണുകയായിരുന്നെന്ന്. രാജനുമായി എന്തോ ചോദിച്ചുകൊണ്ട് പൊലീസ് മുകളിലത്തെ നിലയിലേക്കു പോയി. എന്തോ പന്തികേടുണ്ട്. ഞങ്ങൾ, കുറേ വിദ്യാർഥികൾ, പിറകെ കൂടി.

രണ്ടാംനിലയിലുള്ള ചാലിയുടെ മുറിയിലേക്കാണ് പൊലീസുകാർ രാജനെ കൊണ്ടു പോയത്. ചാലി എന്റെ ബാച്ചിലാണ്. ചാലിയുടെ മുറി തുറന്നുകിടക്കുന്നു. അവൻ ഇല്ല. തടിച്ചു കുറിയ ശരീരമുള്ള പൊലീസ് ഉദ്യോഗസ്ഥൻ രാജനോട് എന്തൊക്കെയോ ചോദിക്കുന്നു. (അയാളുടെ പേര് ശ്രീധരൻ എന്നാണെന്ന് അന്ന് അറിയില്ലായിരുന്നു). മറുപടി പറയുന്നു. മുഖം മ്ലാനം. രാജൻ ഭയന്നു നിൽക്കുകയാണ്.


കോഴിക്കോട് യൂണിവേഴ്സിറ്റി ഫുട്ബോൾ താരം രൻജിക്കുട്ടി എന്നോട് അടക്കം പറഞ്ഞു. ‘ അകത്തായ ലക്ഷണമാണ് കാണുന്നത്. കാര്യമായ എന്തോ കുഴപ്പമുണ്ട്.’

ഇതിനിടയിൽ കുട്ടികളുടെ തുണി അലക്കുവാൻ ഹോസ്റ്റലിൽ വരാറുള്ള ഡോബി സത്യൻ ചാലിക്കു മുന്നറിയിപ്പു കൊടുത്തിരുന്നു: ‘രാജനെ റോഡിൽവച്ചു പൊലീസ് പിടിച്ചു’ . ഇതു കേട്ടാണ് ചാലി മുറിവിട്ടു പോയത്. എന്നാൽ 20 മിനിറ്റിന് ശേഷം എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട്, ചാലി അവിടേക്കു നടന്നുവന്നു. എന്താ.. എന്താ.. ചാലി പൊലീസുകാരോടു ചോദിച്ചു. അവന്റെ മുഖം കലങ്ങിയിരുന്നു. ശബ്ദത്തിൽ പരിഭ്രമം ഉണ്ട്.

രാജനെയും ജോസഫ് ചാലിയെയും പൊലീസുകാർ നീലവാനിൽ കയറ്റി. വണ്ടി ക്യാംപസ് വിടുമ്പോൾ ഏകദേശം ആറു മണി കഴിഞ്ഞു. ആകാശം കലങ്ങിച്ചുവന്ന് പുലർന്നു തുടങ്ങി.

നല്ല പാട്ടുകാരനായിരുന്നു രാജൻ. തലേദിവസം കോഴിക്കോട് ഫാറൂഖ് കോളജിൽ നടന്ന ‘ബി’ സോൺ ആർട്സ് ഫെസ്റ്റിവലിന് പോയതാണ്. മൽസരം കഴിഞ്ഞു പുലരും മുൻപേ മടങ്ങിയെത്തി. ബസിറങ്ങി ഹോസ്റ്റലിലെ സ്വന്തം മുറിയിലേക്കു പോകുമ്പോഴാണു പിടിയിലാകുന്നത്. സാക്ഷിയെന്ന നിലയിൽ ഇതാണ് ഞാൻ കോടതിയിൽ പറയേണ്ടത് .

∙∙∙

1976 ഏപ്രിൽ ആറ് രാത്രി എട്ടു മണി. നാളെ കോടതിയിൽ മൊഴി കൊടുക്കേണ്ടതുണ്ട്. ഒരു പഴയ അംബാസഡർ ടാക്സിയിലാണു യാത്ര. കോഴിക്കോട്ടു നിന്ന് എറണാകുളത്തേക്ക്. വിദ്യാർഥിയായി വണ്ടിയിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പുറപ്പെടുന്നതിനു തൊട്ടുമുൻപു പോലും പലരും മുന്നറിയിപ്പു തന്നു: ‘പൊലീസിനെതിരായ കേസാണ്, അവർ വഴിയിൽ തടയാൻ സാധ്യതയുണ്ട്.’

അടിയന്തരാവസ്ഥ ഭാഗികമായി നിലനിൽക്കുന്നു. ക്യാംപസിൽനിന്നു കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെക്കുറിച്ച് ഒരു വിവരവും ഇല്ല. ഈ യാത്രയെപ്പറ്റി ഞാൻ വീട്ടിൽ അറിയിച്ചിട്ടുമില്ല. എന്നെ അറസ്റ്റ് ചെയ്താലോ പൊലീസ് കൊണ്ടു പോയാലോ ആരും അറിയുകയില്ല.


ഏതായാലും തടസ്സമില്ലാതെ നേരം വെളുക്കുന്നതിനു മുൻപ് എറണാകുളത്തെത്തി.
കോടതി തുടങ്ങുന്നതിനു മുൻപ് അഡ്വ. രാംകുമാർ എന്റെ അടുത്തുവന്നു. ‘തോമസ് ജോർജിനെയാണ് ആദ്യം വിസ്തരിക്കുന്നത്’.
താമസിയാതെ കേസ് വിസ്താരം ആരംഭിച്ചു. ഞാൻ ആദ്യമായാണ് ഒരു കോടതിയിൽ കയറുന്നത്. പരിഭ്രമമുണ്ട്. കോടതിമുറിയിൽ നിറഞ്ഞിരുന്ന ജനത്തിനു നേരെ തിരിഞ്ഞ് ഞാൻ സാക്ഷിക്കൂട്ടിൽ കയറിനിന്നു.
‘ജഡ്ജിയെ ആണ് അഭിസംബോധന ചെയ്യേണ്ടത്’, അഡ്വക്കറ്റ് രാംകുമാർ തിരുത്തി.
അഡീഷനൽ അഡ്വക്കറ്റ് ജനറൽ ടി.സി.എൻ.മേനോനാണ് ചോദ്യങ്ങൾ ചോദിച്ചത്.
‘നിങ്ങൾ കണ്ട പൊലീസ് ഉദ്യോഗസ്ഥർ ഏതു റാങ്കിലുള്ളവർ ആയിരുന്നു?’
‘അറിഞ്ഞുകൂടാ.’
‘യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നോ?’
‘ചിലർ ഉണ്ടായിരുന്നു’.
‘അതായത് യൂണിഫോം ധരിക്കാത്തവരും ഉണ്ടായിരുന്നു. അവർ പൊലീസ് ആയിരുന്നുവെന്ന് എങ്ങനെ പറയാൻ കഴിയും?’
‘രാജന്റെ കൂടെ കൊണ്ടുപോയ ചാലി പൊലീസ് കസ്റ്റഡിയിൽ ഇപ്പോഴും ഉണ്ട് എന്നാണ് പത്രവാർത്ത,’ ഞാൻ പറഞ്ഞു.
‘ഒരു വിദ്യാർഥി മാത്രമാണു രാജനെ കസ്റ്റഡിയിൽ എടുത്തതായി സാക്ഷി പറഞ്ഞത്’, എന്നു എതിർഭാഗം ചൂണ്ടിക്കാട്ടി
‘അയാളുടെ മൊഴി തെറ്റാണെന്നു നിങ്ങൾ തെളിയിച്ചിട്ടില്ലല്ലോ’ എന്നായിരുന്നു ജസ്റ്റിസ് പോറ്റിയുടെ മറുപടി.

ഹോസ്റ്റലിലെ തൂപ്പുകാരൻ ടി.ബാലസുബ്രഹ്മണ്യനെ ചോദ്യം ചെയ്തത് നിർണായക തെളിവായി. മനസ്സാന്നിധ്യം വിടാതെ, സുബ്രഹ്മണ്യം പറഞ്ഞു:
‘സംഭവദിവസം വെളുപ്പിന് ഹോസ്റ്റലിൽ ചെന്നപ്പോൾ രണ്ടു പൊലീസ് വാൻ കണ്ടു. യൂണിഫോമില്ലാത്ത ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ശ്രീധരൻ, പൊലീസ് കോൺസ്റ്റബിൾ രാഘവൻ നായർ, വാൻ‌ ഡ്രൈവർ വിശ്വനാഥൻ എന്നിവരെ കണ്ടു.. അവരെ എനിക്കു നേരത്തേ പരിചയമുണ്ട്.’
എങ്ങനെ?
കോടതി നടപടികൾക്കു നാടകീയത പകർന്ന് ബാലസുബ്രഹ്മണ്യം പറഞ്ഞു. ‘ പൊലീസ് ഉപദ്രവിക്കില്ലെന്ന് ഉറപ്പുതരണം’.
ജഡ്ജിമാരുടെ ദൃഷ്ടികൾ സർക്കാർ പക്ഷത്തുള്ള അഡീഷനൽ അഡ്വക്കറ്റ് ജനറലിന്റെ നേരെ തിരിഞ്ഞു.
അദ്ദേഹം പറഞ്ഞു:

‘ഈ സാക്ഷിക്കെന്നല്ല, കേസിലെ മറ്റു സാക്ഷികൾക്കും പൊലീസിൽ നിന്ന് ഒരു ഉപദ്രവവും ഉണ്ടാകുകയില്ലെന്ന് ഞാൻ ഉറപ്പുതരാം’.


ഈ ഉറപ്പ് കോടതി രേഖപ്പെടുത്തി. അത് ഞങ്ങൾക്കൊക്കെ തുണയായി. ബാലസുബ്രഹ്മണ്യത്തിന്റെ വിസ്താരം തുടർന്നു
‘എന്റെ വീടിനടുത്ത് ഒരു കൊലപാതകം നടന്നിരുന്നു. അന്വേഷിക്കാൻ വന്നത് ഇൻസ്പെക്ടർ ശ്രീധരനാണ്. അടിച്ചുകൊല്ലാൻ പ്രതി ഉപയോഗിച്ച വടി കണ്ടെടുക്കാൻ സാക്ഷിയായി എന്നെ ഈ വാനിലാണു കൊണ്ടുപോയത്.’
നക്സൽ എന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത സാക്ഷി കാനങ്ങോട്ടു രാജന്റെ മൊഴിയും നിർണായകമായി. അയാൾ പറഞ്ഞു: . ‘മാർച്ച് രണ്ടിനു കക്കയം ക്യാംപിൽ ആറു പൊലീസുകാർ ചേർന്നു രാജനെ ഒരു ബെഞ്ചിൽ കിടത്തി മർദിക്കുന്നതു ഞാൻ കണ്ടു. അതിൽ എസ്ഐ പുലിക്കോടൻ നാരായണനെ എനിക്കറിയാം’.

പലരുടെയും മൊഴിക്കു ശേഷം സാക്ഷിവിസ്താരം അവസാനിച്ചു. കൊടുത്ത മൊഴിയിൽ എനിക്കു മതിപ്പുണ്ടായിരുന്നില്ല. പക്ഷേ അഡീഷനൽ അഡ്വക്കറ്റ് ജനറൽ ടി.സി.എൻ.മേനോന്റെ പ്രതികരണം എന്നെ ആശ്ചര്യപ്പെടുത്തി.
‘രാജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി ഒരു വിദ്യാർഥി സാക്ഷിപറഞ്ഞിരിക്കെ ഞാൻ അതിനെ നിഷേധിക്കാൻ തയാറല്ല. അതിനാൽ എൻജിനീയറിങ് വിദ്യാർഥിയായ രാജനെ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്ന് എനിക്കു പറയുവാൻ കഴിയില്ല.’.

രാജനുമായി നേരിട്ടു ബന്ധമൊന്നുമില്ലാത്ത ഒരു വിദ്യാർഥിയുടെ മൊഴി കോടതി അവിശ്വസിക്കാൻ സാധ്യതയില്ല എന്നായിരുന്നു ടി.സി.എൻ. മേനോന്റെ നിഗമനം.


‘അഡീഷനൽ അഡ്വക്കറ്റ് ജനറൽ പൊലീസിനെ കയ്യൊഴിയുകയാണോ? ജസ്റ്റിസ് പോറ്റി ചോദിച്ചു.
അദ്ദേഹം പറഞ്ഞു: ‘എനിക്ക് പൊലീസ് ഉദ്യോഗസ്ഥരെ മാത്രം വിശ്വസിക്കാൻ കഴിയുകയില്ല’.
അപ്രതീക്ഷിതവും അദ്ഭുതപ്പെടുത്തുന്നതുമായിരുന്നു ആ മറുപടി. പൊലീസുകാരുടെ നരനായാട്ടിനെ കുറിച്ച് അദ്ദേഹത്തിന് കൂടുതൽ അറിവുണ്ടായിരുന്നോ? കേരളം ഇന്നും കേട്ടാൽ ഞെട്ടിവിറയ്ക്കുന്ന ആ ക്രൂരമായ മർദനങ്ങളെ കുറിച്ച് അടുത്ത ലക്കം.  

മനോരമ വാർത്ത

കക്കയത്തെ 'പൈശാചിക ഉരുട്ടൽ', ഞെട്ടിവിറയ്ക്കും ആ ക്രൂരമായ മർദനങ്ങൾ കേട്ടാൽ!

രാജൻ കൊലപാതകം -42 വർഷം - തോമസ് ജോർജ്

വിജനമായ കക്കയം ക്യാംപ്. പിടിക്കപ്പെട്ടവരെയെല്ലാം ഹീനവും അതിഭീകരവുമായമ ർദനത്തിനു വിധേയരാക്കി. ‘ഉരുട്ടൽ’എന്ന പൈശാചികമായ മർദനമുറ അവതരിച്ചത് ഇവിടെയാണ്.
അടിവസ്ത്രം മാത്രമിട്ട ഇരയെ കൈകൾ ബെഞ്ചിന്റെ അടിയിലും കാൽമുട്ടിനുതാഴെ ബെഞ്ചുമായി ചേർത്തുകെട്ടും. പിന്നെ കാലിന്റെ തള്ളവിരലുകൾ കൂട്ടിക്കെട്ടുന്നു. നിലവിളിക്കാതിരിക്കാൻ വായിൽ തുണിതിരുകും.. ഇരയുടെ തുടയിൽ ഒരു ഉലക്കവച്ചശേഷം, ഇരുവശവും രണ്ടുപൊലീസുകാർവീതം നിന്ന്, സർവശക്തിയും ഉപയോഗിച്ച് ഉലക്ക താഴോട്ടും മേലോട്ടും ഉരുട്ടുന്നു. ഇരയുടെ തുടയിലെ മാംസവും അസ്ഥിയും ഞെരിഞ്ഞുടയും. പൊലീസുകാർ ക്ഷീണിക്കുമ്പോൾ ഇടവേളയുണ്ട്. അതിനുശേഷം നീരുവച്ചു വീർത്ത തുടയിൽ ഉരുട്ടൽ തുടരുന്നു.

കസ്റ്റഡിയിലെടുത്ത ഇരുനൂറോളം പേരിൽ, ഒരാൾ മാത്രം ഒഴിവായി. അയാൾ ഒരുപണക്കാരന്റെ മകൻ ആയിരുന്നു. അയാളുടെ അച്ഛനെ കക്കയത്തേക്കു വിളിച്ചുവരുത്തി. ‘‘നിങ്ങളുടെ മകനെ തൊട്ടിട്ടുപോലുമില്ല, സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ’’എന്നു ജയറാംപടിക്കൽ പറഞ്ഞതായി കേസ് വ്സ്തരിച്ച കോയമ്പത്തൂർ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈവിദ്യാർഥി പോകുമ്പോൾ ഒരുനല്ലകാര്യം ചെയ്തു. തന്റെ കയ്യിലുള്ള പണം രാജനൊപ്പം പിടിയിലായ ജോസഫ്ചാലിക്കു കൊടുത്തു. ചില പൊലീസുകാരുടെ സഹായത്തോടെ, ഈ പണം ഉപയോഗിച്ചു തടവുകാർ ഭക്ഷണം വാങ്ങിക്കഴിച്ചു.

1976 മാർച്ച്ആറിന് അങ്ങാടിപ്പുറംബാലകൃഷ്ണൻ, പ്രഭാകരൻമാസ്റ്റർ എന്നിവരെ കസ്റ്റഡിയിൽ എടുത്തു. കക്കയത്തേക്കു കൊണ്ടുപോകുന്നവഴി ജീപ്പുനിർത്തി ഡ്രൈവർ പുറത്തിറങ്ങി. ഈനേരം ബാലകൃഷ്ണൻ തന്റെവിലങ്ങുപയോഗിച്ചു ജീപ്പിലുണ്ടായിരുന്ന ഡിവൈഎസ്പി സുബ്രഹ്മണ്യനെ ബലമായിപിടിച്ചിരുത്തി. പ്രഭാകരൻ മാസ്റ്റർ വണ്ടിയിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഒഴിച്ചു പൊലീസ് ഒാഫിസറെ തീകൊളുത്തി. പൊള്ളലേറ്റെങ്കിലും പ്രഭാകരൻമാസ്റ്റർ ഇറങ്ങിഓടി. പൊള്ളൽ വകവയ്ക്കാതെ, ഡിവൈഎസ്പി സുബ്രഹ്മണ്യൻ പുറകെഓടി ബഹളമുണ്ടാക്കി മറ്റുള്ളവരുടെ സഹായത്തോടെ പ്രഭാകരൻമാസ്റ്ററെ പിടിച്ചു. ഡിവൈഎസ്പി സുബ്രഹ്മണ്യനും അങ്ങാടിപ്പുറം ബാലകൃഷ്ണനും പൊള്ളലിന്റെ കാഠിന്യത്താൽ മരിച്ചു.


കസ്റ്റഡിയിലുണ്ടായിരുന്ന വേണു പൂവാട്ടുപറമ്പ് പറയുന്നു: ‘‘പൊള്ളലേറ്റ പ്രഭാകരൻ മാസ്റ്ററെ കക്കയത്തെത്തിച്ചു. കെട്ടിടത്തിനു പുറത്തുണ്ടായിരുന്ന പൈപ്പിൽ, പട്ടിയെപ്പോലെ ചങ്ങലയിട്ടു ബന്ധിച്ചു. പൊള്ളലിനു ചികിൽസ കൊടുത്തില്ല. പുറത്തെ കഠിനമായ തണുപ്പിൽ, ഉടുതുണി മാത്രമായി അയാൾ പട്ടിണികിടന്നു. എന്നിട്ടും മരിച്ചില്ല’’.
‘‘കക്കയം ക്യാംപിന്റെ മുറിക്ക് ഒരു ചെറിയജനാല ഉണ്ടായിരുന്നു. അതിൽക്കൂടി പുറത്തേക്കു നോക്കിയാൽ വനനിബിഡമായ മലനിരകളാണു കാണുന്നത്. കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കാൻ ഈമലനിരകളിൽകൂടി നക്സലൈറ്റ് ആക്രമണം ഉണ്ടാകുമെന്നു പൊലീസ് മേധാവികൾ സംശയിച്ചിരുന്നു. അതിനാൽ ക്യാംപ് കക്കയത്തുനിന്നു പതിമൂന്നാം ദിവസം മാലൂർക്കുന്നിലേക്കു മാറ്റി’

അടിയന്തരാവസ്ഥയിലെ ‘മിസ’ നിയമം ചാർത്തി തടവിലുണ്ടായിരുന്നവരെ എല്ലാം കോടതി വിചാരണ കൂടാതെ തുറുങ്കിൽഅടച്ചു. ഭൂരിപക്ഷംപേരുടെയുംമേൽ ഒരുകുറ്റവും ആരോപിക്കപ്പെടുകയില്ല. എന്നാൽ അടുത്ത ഒരു കൊല്ലത്തേക്ക്അ വരാരുംപുറംലോകം കാണുകയില്ല.

കായണ്ണ ആക്രമണകേസിലെ പ്രതികളെ എല്ലാംകക്കയം ക്യാംപിലെ ചോദ്യം ചെയ്യലിലൂടെ പൊലീസ് തിരിച്ചറിഞ്ഞു. കസ്റ്റഡിയിലെടുത്ത ഇരുനൂറോളം പേരിൽ പത്തൊൻപത് പേർക്കെതിരെ മാത്രമാണ് കുറ്റംചാർത്തിയത്. മറ്റുള്ളവർക്ക് ആക്രമണവുമായി ബന്ധമൊന്നും ഇല്ല എന്നായിരുന്നു ഭീകരമായ ഉരുട്ടലിനുശേഷം പൊലീസ് കണ്ടെത്തിയത്. കായണ്ണ കേ സ്കോടതിയിൽ എത്തിയപ്പോൾ പ്രതികൾക്കെതിരെ കേസു തെളിയിക്കുവാൻ പൊലീസിനു കഴിഞ്ഞില്ല; പ്രതികളെ എല്ലാം കോടതി വെറുതെവിട്ടു.

നടുവൊടിഞ്ഞു ജീവിതം മുരടിച്ച കുറേ ഹതഭാഗ്യരും അകാലത്തിൽ തല്ലിക്കെടുത്തിയ ഒരു മനുഷ്യജീവനും മാത്രമായി കക്കയം ക്യാംപിന്റെ ബാക്കിപത്രം.

രണ്ട് ആത്മഹത്യകൾ

രാജന്റെയും ചാലിയുടെയും കസ്റ്റഡിയെ തുടർന്നുള്ള ദിവസങ്ങളിൽ ആർഇസി ക്യാംപസിനകത്തും പുറത്തും പൊലീസ്് വന്നുകൊണ്ടിരുന്നു. പൊലീസ്നായ്ക്കളുമായി അവർക്യാംപസ് അരിച്ചുപെറുക്കി. ഈ സംഘത്തിന്റെ പിറകെ, അവർ എന്തുകണ്ടുപിടിക്കുന്നു എന്നറിയാനായി വിദ്യാർഥികളും കൂടി.
‘സി’ഹോസ്റ്റലിന്റെ താഴത്തെനിലയിൽ ചുരുട്ടിവച്ചിരുന്ന വലിയകയർ ചവിട്ടിയുടെ ഉള്ളിൽനിന്ന്അ വർക്കു കുറേ ലഘുലേഖകൾ കിട്ടി. എന്താണതിൽ എഴുതിയിരുന്നതെന്നു ഞങ്ങൾക്കു കാണാൻ കഴിഞ്ഞില്ല.

മുന്നൂറേക്കറുള്ള അതിവിശാലമായ ക്യാംപസാണ് ആർഇസിയുടേത്. ക്യാംപസിനുള്ളിൽ കുറെയേറെ മണിക്കൂറുകൾ പൊലീസും നായ്ക്കളും കറങ്ങിനടന്നു. അവർക്കു മറ്റൊന്നും കണ്ടുകിട്ടിയില്ല. ഒരു ദിവസം രണ്ടു ശരീരങ്ങൾ ക്യാംപസിനു പുറത്തുള്ള ഒരുമരത്തിൽ തൂങ്ങിക്കിടന്നു. തൂപ്പുകാരി ദേവകിയും ഭർത്താവ് രാജനും. മുരളി കണ്ണമ്പിള്ളി താമസിച്ചിരുന്ന പീടികമുറിയുടെ താഴത്തെ നിലയിലാണ് അവർ താമസിച്ചിരുന്നത്. അവരുടെ വീട്ടിൽവച്ചായിരുന്നത്രെ ലഘുലേഖകൾ അടിച്ചിരുന്നത്.

ക്യാംപസ് രാഷ്ട്രീയം:

ആർഇസിയിലെ ഏക രാഷ്ട്രീയപാർട്ടിയായ എസ്എഫ്ഐയുടെ നേതാവായിരുന്നു മുരളി കണ്ണമ്പിള്ളി. മുരളിയുടെ അച്ഛൻ കരുണാകരമേനോൻ കണ്ണമ്പിള്ളി ഇന്തൊനീഷ്യയിലെ ഇന്ത്യൻ അംബാസഡറായിരുന്നു. വെളുത്തു മെലിഞ്ഞ ശരീരവും തീക്ഷ്ണതയുള്ളക ണ്ണുകളുമുള്ള മുരളി നല്ല പ്രാസംഗികൻ ആയിരുന്നു.

1973ൽ(ഞാൻആർഇസിയിൽചേർന്നവർഷം), മുരളിയുടെ നേതൃത്വത്തിൽ എസ്എഫ്ഐ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ചു. മുരളി കോളജ് യൂണിയൻ സെക്രട്ടറിയായി. രണ്ടാംവർഷ ബാച്ചിലെ പി.രാജൻ ആർട്സ്ക്ലബ് സെക്രട്ടറിയുമായി. ഹോസ്റ്റലിന്റെ നടുത്തളങ്ങളിൽ പാട്ട് പാടിക്കൊണ്ടായിരുന്നു രാജന്റെ തിരഞ്ഞെടുപ്പു പ്രചാരണം.
എന്നാൽ അധികം താമസിയാതെ മുരളിയുടെ രാഷ്ട്രീയം മാർക്സിസ്‍റ്റ് പാർട്ടിയിൽനിന്നു സിപിഐ(എംഎൽ) എന്ന തീവ്രവാദ കമ്യൂണിസത്തിലേക്കു തിരിഞ്ഞു. പ്രവർത്തനങ്ങൾക്കു സ്വകാര്യത ലഭിക്കാനായി അയാൾ കോളജ് ഹോസ്‍റ്റൽ വിട്ട് ക്യാംപസിന്റെ പുറത്തു മുറിയെടുത്തു താമസം തുടങ്ങി. പിൽക്കാലത്തു മുരളിയെ ആർഇസി ക്യാംപസിൽ കാണാതായി. 1975 അധ്യയനവർഷത്തിൽ അയാൾ കോളജിൽ വന്നിട്ടേയില്ല. പഠനം പൂർത്തിയാക്കാതെ മുരളി അപ്രത്യക്ഷനായി.

കായണ്ണ ആക്രമണം നടക്കുമ്പോൾ മുരളി പൊലീസ് കസ്‍റ്റഡിയിൽ ഉണ്ടായിരുന്നു. എന്നാൽ ആസൂത്രകൻ എന്ന് ആരോപിച്ചു പ്രതിയാക്കി. ആർഇസി വിദ്യാർഥികൾ ആരുംതന്നെ നക്സലൈറ്റ് ആക്രമണങ്ങളിൽ പങ്കെടുത്തതായിപൊലീസ് ആരോപിക്കുന്നില്ല. വിദ്യാർഥികളെ ക്രൂരമായി മർദിച്ചതു വെറും സംശയത്തിന്റെപുറത്താണ്. കായണ്ണ കേ സ്കോടതി തള്ളിയപ്പോൾ മുരളിതടവിൽനിന്നു മോചിതനായി.

പിൽക്കാലത്ത് മുരളി സിപിഐ(എംഎൽ) നക്സൽബാരി ദേശീയ സെക്രട്ടറിയായി. അജിത്എന്ന തൂലികാനാമത്തിൽ പുസ്തകങ്ങൾ രചിച്ചു. രാജ്യാന്തര മാവോയിസ്‍റ്റ് സംഘടനകളുമായി സമ്പർക്കം പുലർത്തി. പാരീസ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തി. നേപ്പാൾ മാവോയിസ്റ്റുകളുടെ പ്രശ്നങ്ങളിൽ ഇടനിലക്കാരനായി. നാൽപതു വർഷത്തോളം ഒളിവിലായിരുന്ന മുരളിയെ 2015 മേയ്മാസത്തിൽ മഹാരാഷ്ട്ര പൊലീസ് പുണെയിൽനിന്നു അറസ്‍റ്റ് ചെയ്തു. ഇതെഴുതുന്ന സമയത്തു മുരളി തടവിലാണ്.

മനോരമ വാർത്ത

ദേവകിയും ഭർത്താവും ആത്മഹത്യ ചെയ്തത് എന്തിന്?

രാജൻ കൊലപാതകം -42 വർഷം - തോമസ് ജോർജ്

1976 മാർച്ച് ഒന്ന്, രാവിലെ ഏഴുമണി. ഡോ.രാമകൃഷ്ണൻ വേഗത്തിൽ നടന്നു. ക്യാംപസിനു പുറത്ത് അൽപം അകലെയാണ് ആർ.ഇ.സി പ്രിൻസിപ്പൽ കെ.എം ബെഹാവുദ്ദീൻ താമസിക്കുന്നത്. അദ്ദേഹത്തെ എത്രയും പെട്ടെന്നു വിവരം അറിയിക്കണം.  ഹോസ്റ്റലിന്റെ ആക്ടിങ് ചീഫ് വാർഡനാണ് ഡോ.രാമകൃഷ്ണൻ.  രാവിലെ വിദ്യാർഥികൾവന്ന് നടുക്കുന്ന ഒരുവിവരം അദ്ദേഹത്തോടു പറഞ്ഞിരുന്നു: ഫൈനൽ ഇയർ വിദ്യാർഥി രാജനെയും പ്രിഫൈനൽ വിദ്യാർഥി ചാലിയെയും  പൊലീസ് അറസ്റ്റ് ചെയ്തു. 

കാര്യത്തിന്റെ ഗൗരവം പ്രഫ.കെ.എം.ബെഹാവുദ്ദീൻ എളുപ്പത്തിൽ ഗ്രഹിച്ചു. ഒൻപതു മണിയോടെ അദ്ദേഹം കോളജിൽ എത്തി. തനിക്ക് അടുപ്പമുള്ള അധ്യാപകരെ വിളിച്ചു വരുത്തി: ‘കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. എവിടെ കൊണ്ടുപോയി എന്നറിഞ്ഞു കൂടാ...’ 

കോളജിന്റെ ഏറ്റവും സമീപത്തുള്ള പൊലീസ് സ്റ്റേഷൻ കുന്ദമംഗലത്തായിരുന്നു . പ്രിൻസിപ്പൽ അവിടേക്കു വിളിച്ചു. ‘‘ഞങ്ങൾ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല’’ എന്നായിരുന്നു അവരുടെ മറുപടി. മുക്കം സ്റ്റേഷനിൽനിന്നും  വിവരമൊന്നും ലഭിച്ചില്ല. 

കോഴിക്കോടു ജില്ലാ പൊലീസ് അധികാരികളെ  അദ്ദേഹം ഫോണിൽ വിളിച്ചു. കിട്ടിയില്ല.  തന്റെ വലം  കയ്യായ പ്രഫ. അബ്ദുൾ ഗഫൂറിനെ  ജില്ലാ പൊലീസ് കേന്ദ്രത്തിലേക്ക് അയച്ചു. പ്രഫസർ ഗഫൂർ മടങ്ങിവന്ന് അറിയിച്ചു: അവരൊന്നും പറയാൻ തയാറല്ല സർ, എന്തോ ഒളിച്ചുവയ്ക്കുന്നുണ്ട്. 

അറസ്റ്റിലായ കുട്ടികളുടെ വീട്ടിലേക്കു പ്രിൻസിപ്പൽ റജിസ്റ്റർ ചെയ്ത കത്തയച്ചു. 

പ്രഫ. ബഹാവുദ്ദീൻ തന്റെ ശ്രമങ്ങൾ തുടർന്നു.  ഡിഐജി മധുസൂദനന്റെ ബന്ധുവായ പ്രഫ.എം.പി.ചന്ദ്രശേഖരനെ അദ്ദേഹം വിളിപ്പിച്ചു പറഞ്ഞു: ‘‘ഡി.ഐ.ജിയുടെ ഓഫിസിൽ പോകണം. എന്തെങ്കിലും വിവരം കിട്ടുമോ എന്നു നോക്കൂ’’. 

കസ്റ്റഡ രാജനെ അറസ്റ്റ് ചെയ്യാനായി പൊലീസ് ആർ ഇ സി ഹോസ്റ്റലിലേക്ക ുകടന്നത് ചിത്രത്തിൽ കാണുന്ന ഇ ഹോസ്റ്റലിന്റെ വശത്തൂടെയുള്ള വഴിയിലൂടെയാണ് . പ്രധാന വാതിലുകൾക്കു പുറമേയുള്ള ഈ പ്രവേശനമാർഗം ജയറാം പടിക്കലിന്റെ നിർദേശപ്രകാരം ഇരുമ്പു ഗ്രില്ലിട്ട് അടയ്ക്കുകയായിരുന്നു . അത് ഇന്നും അങ്ങനെ തുടരുന്നു .

ആ ദൗത്യത്തെപ്പറ്റി പ്രഫ.ചന്ദ്രശേഖരൻ പറയുന്നു: 

ഞാൻ ഡിഐജി മധുസൂദനന്റെ നടക്കാവിലുള്ള ഓഫിസിൽ ചെന്നു. അദ്ദേഹം അവിടെയുണ്ടായിരുന്നില്ല.. പിഎ വിവരം പറഞ്ഞു , ‘‘ആർഇസി വിദ്യാർഥികളെ പിടിച്ചിരിക്കുന്നതു കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലാണ്.  ക്യാംപ് നടത്തുന്നതു മധു സാറല്ല. ജയറാം പടിക്കലാണ്. പോകുന്ന വഴി മുഴുവൻ സി.ആർ.പി.എഫ് ചെക്കിങ് ഉണ്ട്. ആരെയും പോകാൻ അനുവദിക്കുകയില്ല’.’

ഈ വിവരം പറഞ്ഞപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു: ‘‘രാജന്റെ അച്ഛൻ ഈച്ചരവാരിയർ ഗവ. ആർട്സ് കോളജിലെ പ്രഫസർ ആണ്. ഇപ്പോൾ കോഴിക്കോട്ടുണ്ട്. അദ്ദേഹത്തെ കണ്ട് വിവരം പറയൂ. മുഖ്യമന്ത്രി അച്യുതമേനോനെ അദ്ദേഹത്തിനു നേരിട്ടു പരിചയമുണ്ട്. തിരുവനന്തപുരത്തു ചെന്നു മുഖ്യമന്ത്രിയെ കാണുവാൻ പറയൂ’’. 

ഞാനും പ്രഫസർ ജോർജ് വർഗീസുംകൂടി കോഴിക്കോട്ടുള്ള കേരളഭവൻ ഹോട്ടലിൽ ചെന്നു. അവിടെ നാലാം നമ്പർ മുറിയിൽ താമസിക്കുകയായിരുന്നു ഈച്ചരവാരിയർ.  കണ്ട് കാര്യങ്ങൾ പറഞ്ഞു. ‘സാർ ഇന്ന് ഏഴര മണിയുടെ ഡീലക്സ് ബസിൽ തിരുവനന്തപുരത്തു പോകണം. മാസ്കറ്റ് ഹോട്ടലിന്റെ മുന്നിൽ ഇറങ്ങി കന്റോൺമെന്റ് ഹൗസിൽ പോകണം. മുഖ്യമന്ത്രിയെ കാണണം’’. 

എന്നാൽ ഈച്ചരവാരിയർക്ക് അതു സമ്മതമായിരുന്നില്ല.  ‘അച്യുതമേനോൻ എന്റെ സുഹൃത്തു തന്നെ. എന്നാൽ ഇതുവരെ ഒരു കാര്യത്തിനുവേണ്ടിയും  ഞാൻ അദ്ദേഹത്തെ സമീപിച്ചിട്ടില്ല. ഇതിനായി പോകാനൊട്ട് ഉദ്ദേശ്യവുമില്ല’’.

ഞാൻ വീണ്ടും നിർബന്ധിച്ചു: ‘‘സാർ , അത് അങ്ങനത്തെ ശുപാർശ ഒന്നും അല്ലല്ലോ . സാറൊന്നു മുഖ്യമന്ത്രിയെ കണ്ടാൽ രാജനെ വിടുവിക്കാം’’ 

‘അവൻ കുറ്റമൊന്നും ചെയ്തില്ലെങ്കിൽ പൊലീസ് അവനെ വെറുതെ വിടില്ലേ? കുറ്റം ചെയ്യാത്തവരെ എന്തിനാ ശിക്ഷിക്കുന്നത്?’ എന്നായിരുന്നു ഈച്ചരവാരിയരുടെ പ്രതികരണം. . അദ്ദേഹം തിരുവനന്തപുരത്തേക്കു പോകാൻ കൂട്ടാക്കിയില്ല’.

പ്രഫ.എം.പി.ചന്ദ്രശേഖരൻ തുടരുന്നു : 

‘ഞങ്ങൾ നിരാശരായി മടങ്ങി. വർഷങ്ങൾക്കുശേഷവും  മനസ്സാക്ഷിക്കുത്തുപോലെ രണ്ടു ചോദ്യങ്ങൾ മനസ്സിൽ നുരഞ്ഞുപൊന്തുന്നു. ഈച്ചരവാരിയർ തിരുവനന്തപുരത്തു പോയിരുന്നെങ്കിൽ രാജനെ മരണത്തിൽ നിന്നു രക്ഷിക്കാൻ കഴിയുമായിരുന്നോ ? ധാർമികതയുടെ ലോകത്തിൽ നിന്ന് അദ്ദേഹത്തെ ഇറക്കിക്കൊണ്ടുവരുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടില്ലേ?’. 

പക്ഷേ, ശ്രമിച്ചിരുന്നെങ്കിൽപോലും പ്രഫ. ഈച്ചരവാരിയർക്കു രാജനെ രക്ഷിക്കാനായി ഒരുദിവസമേ ലഭിക്കുമായിരുന്നുള്ളൂ . അടുത്തദിവസം വൈകിട്ടോടെ രാജൻ കൊല്ലപ്പെട്ടിരുന്നു. 

പ്രിൻസിപ്പൽ ബെഹാവുദ്ദീൻ തന്റെ ശ്രമങ്ങൾ തുടർന്നു. നാലാം തീയതിയോടെ കക്കയം ക്യാംപ് സന്ദർശിക്കുന്നതിന്  അദ്ദേഹത്തിന് അനുവാദം ലഭിച്ചു. 

പ്രഫ.ബെഹാവുദ്ദീൻ  ഈ യാത്രയെപ്പെറ്റി  വിവരിക്കുന്നു:

‘മാർച്ച് നാലിനു കാലത്ത് ഞാനും പ്രഫ. ഗഫൂറും ഡ്രൈവറും കൂടി കോളജ് വക കാറിൽ കക്കയത്തേക്കു പുറപ്പെട്ടു. പത്തുമണിക്കു കക്കയത്തെത്തി. 

റോഡിൽനിന്നു 300 മീറ്ററോളം ഉള്ളിലായിരുന്നു പൊലീസ് ക്യാംപ്. കാവൽക്കാരനോട് ആഗമനോദ്ദേശ്യം അറിയിച്ചു. അയാൾ അകത്തുപോയി അധികാരികളോടു  സംസാരിച്ചു തിരിച്ചുവന്നു.  ഞങ്ങളോടു കാത്തിരിക്കാൻ പറഞ്ഞു. നാലര മണിക്കൂർ  അവർ പ്രിൻസിപ്പലിനെയും പ്രഫസറെയും കാറിൽ പുറത്തിരുത്തി.  രണ്ടര മണിയോടെ മാത്രമെ ക്യാപിലേക്കു  കടക്കുവാൻ അനുവദിച്ചുള്ളൂ .

നിന്റെ കോളജ് ഞാൻ പൂട്ടിക്കുമെടാ....

പ്രിൻസിപ്പൽ  തുടരുന്നു : 

‘ജയറാം പടിക്കലിന്റെ മുറിയിൽ കടന്നുചെല്ലുമ്പോൾ മറ്റൊരു മുറിയിലെ ജാലകത്തിനടുത്തു ജോസഫ് ചാലി നിൽക്കുന്നതു കണ്ടു. പ്രഫ. ഗഫൂറാണ് എനിക്കു ചാലിയെ കാണിച്ചുതന്നത്. പടിക്കലുമായി ഞങ്ങൾ ഒരു മണിക്കൂർ നേരം സംസാരിച്ചു. അടുത്ത കസേരയിൽ ഡി.ഐ.ജി മധുസൂദനൻ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹം കാര്യമായി ഒന്നും സംസാരിച്ചില്ല. 

പൊലീസ് കസ്റ്റഡിയിൽ രാജൻ കൊല്ലപ്പെട്ടു എന്ന വിവരം ജയറാം പടിക്കൽ തന്ത്രപൂർവം മറച്ചുവച്ചു. രാജൻ കസ്റ്റഡിയിൽ നിന്ന് ഓടിപ്പോയതായി പ്രിൻസിപ്പലിനോടു  ജയറാം പടിക്കൽ കള്ളം പറഞ്ഞു. 

‘‘കസ്റ്റഡിയിലെടുത്ത മറ്റു വിദ്യാർഥികളെ കായണ്ണ നക്സലൈറ്റ് ആക്രമണവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നിന്റെ ആർ.ഇ.സി ഒരു നക്സലൈറ്റ് കേന്ദ്രമാണ്’ ഡിഐജി പടിക്കൽ പറഞ്ഞു.  തുടർന്നു രോഷവും പുച്ഛവും കലർന്ന സ്വരത്തിൽ  അസഭ്യമായ ഭാഷ  ഉപയോഗിക്കുകയും ‘നിന്റെ കോളജ് ഞാൻ പൂട്ടിക്കുമെടാ’ എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. 

പ്രിൻസിപ്പൽ ബെഹാവുദ്ദീൻ നിരാശനായി മടങ്ങി. 

എന്നാൽ വിധിയുടെ വിളയാട്ടം അതീവ വിചിത്രമാണ്. ഒരു കൊല്ലത്തിനു ശേഷം ജയറാം പടിക്കൽ തന്റെ മൗഠ്യസ്വർഗത്തിൽ നിന്നും നിലം പതിക്കും . പ്രിൻസിപ്പൽ ബെഹാവുദീന് അതിൽ ഒരു വലിയ പങ്കുണ്ടാകും..

ദേവകിയും ഭർത്താവും ആത്മഹത്യ ചെയ്തത് എന്തിന്?  

ആർഇസിയിലെ തൂപ്പുകാരി ദേവകിയും ഭർത്താവ് റ്റാപ്പർ രാജനെയും പൊലീസ് ‌തുടർച്ചയായി ‘ചോദ്യം’ ചെയ്തിരുന്നു. അവർ ആത്മഹത്യ ചെയ്തതിന്റെ കാരണം  കാനങ്ങോട്ടു രാജൻ വിവരിക്കുന്നു...

‘ഈ ആത്മഹത്യയുടെ തലേദിവസം വൈകിട്ട് കക്കയം ക്യാംപിൽനിന്ന്  എന്നെ പൊലീസ് വാനിൽ മുക്കത്തേക്കു കൊണ്ടുപോയി. അവിടെവച്ചു പൊലീസുകാർ മദ്യപിച്ചു. തിരികെ വരുമ്പോൾ വാൻ ദേവകിയുടെ വീടിന്റെ മുന്നിൽ നിർത്തി. അപ്പോൾ രാത്രി ഏകദേശം രണ്ടുമണി ആയിക്കാണും. എന്നെ വാനിൽ കൈവിലങ്ങിട്ട് ഇരുത്തിയിട്ട് പൊലീസുകാർ വീടിന്റെ ഉള്ളിലേക്കു കയറി. അവർ ദേവകിയെ മാനഭംഗം ചെയ്തു. അതാണു ദേവകിയും രാജനും ആത്മഹത്യ ചെയ്യുവാൻ കാരണം.’’ 

അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ ഇല്ലാതിരുന്ന അടിയന്തരാവസ്ഥയുടെ അന്ധകാരത്തിൽ ഈ സംഭവങ്ങൾ എല്ലാം കുഴിച്ചുമൂടപ്പെട്ടു. 

രാജന്റെ കൊലപാതകം  നേരിൽ കണ്ട  സാക്ഷിയുടെ വിവരണം അടുത്ത ലക്കത്തിൽ . കാത്തിരിക്കുക. 

(തുടരും )

മനോരമ വാർത്ത

രാജൻ കൊലപാതകം, ഞെട്ടിക്കുന്ന വിവരണം !

രാജൻ കൊലപാതകം -42 വർഷം - തോമസ് ജോർജ്

കയ്യിൽ അറ്റം കൂർപ്പിച്ച പെൻസിലുമായാണു ജയറാം പടിക്കൽ ഇരുന്നത്.

“എവിടെയാണു കെ.വേണു?” മൂർച്ചയോടെ ചോദ്യം വന്നു.

“എനിക്കറിയില്ല” എന്നു പറഞ്ഞു മുഴുമിക്കുന്നതിനു മുൻപ് അറ്റംകൂർത്ത പെൻസിൽ ഒരു ശീൽക്കാരത്തോടെ പാഞ്ഞുവന്നു. കണ്ണായിരുന്നു ലക്ഷ്യം. പേടിച്ചു തല വെട്ടിച്ചപ്പോൾ ചെവിയിലാണു കുത്തേറ്റത്. ചോര പൊടിഞ്ഞു.

അടുത്ത ചോദ്യം

“ആക്‌ഷൻ ആസൂത്രണം ചെയ്തത് നിന്‍റെ വീട്ടിൽ നിന്നല്ലേ?”

“അല്ല”.

“നീ ഇയാളെ അറിയും,” രാമചന്ദ്രന്‍റെ താടിയുള്ള ഫോട്ടോ കാണിച്ചാണു ചോദ്യം.

“അറിയില്ല”.

ഇത്തവണ കൂർത്ത പെൻസിൽ മുന എന്‍റെ നെറ്റിയിൽ തറച്ചുകയറി.

“കൊണ്ടുപോ...” എന്നു ജയറാം പടിക്കൽ അലറി.

കക്കയം പീഡന ക്യാംപ് ഇതേപോലെയുള്ള കെട്ടിടത്തിലായിരുന്നു

ചാത്തമംഗലത്തു ടൈപ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന കാനങ്ങോട്ടു രാജൻ എന്ന സഹതടവുകാരൻ, രാജൻ കൊല്ലപ്പെടുന്ന സമയത്ത് അതേ മുറിയിൽ ഉണ്ടായിരുന്നു. ഈ കൊലപാതകത്തിന്‍റെ ഏറ്റവും വ്യക്തമായ തെളിവാണ് കെ.രാജന്‍റെ മൊഴികൾ. കെ.രാജൻ എഴുതിയ ലേഖനത്തിലാണ് മേൽപറഞ്ഞ വിവരണമുള്ളത്.

കെ. രാജന്‍റെ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ തുടരുന്നു:

പൊലീസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു.

പൊലീസുകാരൻ ജയദേവൻ എന്നെ പിടിച്ച് അടുത്ത മുറിയിലേക്കു കൊണ്ടുപോയി. എന്‍റെ പിന്നാലെ അഞ്ചാറു പൊലീസുകാർ ചോദ്യം ചെയ്യുന്ന മുറിയിലേക്കു കയറിവന്നു. അവിടെ വേലായുധനും പുലിക്കോടനും ബീരാനും ജയരാജനും ലോറൻസുംകൂടി രാജനെ ഒരു ബെഞ്ചിൽ കിടത്തി ഉരുട്ടിക്കൊണ്ടിരുന്നു. ശബ്ദം പുറത്തുവരാതിരിക്കാൻ അവന്‍റെ വായ തുണികൊണ്ടു ബീരാൻ അമർത്തിപ്പിടിച്ചിരുന്നു.

അപ്പോഴേക്കും ബെഞ്ചും വേറൊരു ഇരുമ്പുലക്കയും റെഡിയാക്കിയിരുന്നു. അവർ എന്നെ മലർത്തിക്കിടത്തി കയ്യും കാലും ബെഞ്ചിൽ ചേർത്തു മുറുക്കിക്കെട്ടി.

“എന്നെ ഒന്നും ചെയ്യല്ലേ, എനിക്കൊന്നും അറിഞ്ഞുകൂടാ” എന്നു ഞാൻ കെഞ്ചിനോക്കി.

എന്‍റെ അടുത്ത ബെഞ്ചിൽനിന്ന് അമർത്തിയ ഞരക്കം കേട്ടാണു നോക്കിയത്. അപ്പോൾ അന്നത്തെ നാദപുരം എസ്ഐ അബൂബക്കർ രാജനെ ഉരുട്ടുന്ന ബെഞ്ചിനടുത്തേക്കുചെന്നു. ബീരാന്‍റെ കയ്യിൽനിന്നു തുണി വാങ്ങി രാജന്‍റെ നിലവിളിക്കുന്ന വായ ശക്തിയായി അമർത്തിപ്പിടിച്ചു. സഹിക്കാനാവാത്ത വേദനയുടെ ശബ്ദം ആ മുറിയിൽ തിങ്ങിനിറഞ്ഞു. ഷഡ്ഡി മാത്രം ഇട്ട രാജൻ മലർന്നുകിടന്നു വേദന തിന്നുകയായിരുന്നു. കൈകൾ താഴെ കൂട്ടിക്കെട്ടിയിരുന്നു. കാൽ ബെഞ്ചിനോടു ചേർത്തു വലിച്ചമർത്തിക്കെട്ടിയിരുന്നു.

മലർത്തിക്കിടത്തിയിരുന്ന എന്‍റെ നാഭി ഞെരിച്ചുകൊണ്ടു മുരളീകൃഷ്ണദാസ് പറഞ്ഞു: “നിനക്കിനി അതൊന്നും വേണ്ടെടാ”.

പിന്നെ ഉരുട്ടൽ തുടങ്ങി. എസ്ഐ ആയ വി.ടി.തോമസ് നടുവിൽനിന്നു മേലോട്ടും താഴോട്ടും തുടർച്ചയായി ഉരുട്ടി. തുണി അമർത്തിപ്പിടിച്ചിരിക്കുന്നതുകൊണ്ട് “ഉം..” എന്ന ശബ്ദമേ പുറത്തുവരുന്നുള്ളു.

തൊട്ടപ്പുറത്തെ ഞരക്കം നിലച്ചു. അവർ രാജനെ ഉരുട്ടുന്നതു നിർത്തി മാറിനിന്നു. എന്‍റെ വായിൽ തുണി അമർത്തിപ്പിടിച്ച പൊലീസുകാരനും നിവർന്നുനിന്നു. എല്ലാവരും അങ്ങോട്ടുനോക്കി. രാജന്‍റെ കൈകൾ അഴിച്ചു സോമൻ താങ്ങിയിരുത്തി. അവന്‍റെ തല ഒരു വശത്തേക്കു ചരിഞ്ഞിരുന്നു.

ബീരാൻ പുറത്തേക്കുപോയി വെള്ളവുമായി വന്നു രാജന്‍റെ മുഖത്തു തളിച്ചു. അപ്പോഴും അവന്‍റെ തട്ടിപ്പാണെന്നു സോമൻ പറയുന്നുണ്ടായിരുന്നു. ബോധം കെട്ടതായിരിക്കുമെന്നു വേലായുധനും പറഞ്ഞു. ബീരാൻ വീണ്ടും പുറത്തേക്കുപോയി ജയറാം പടിക്കലുമായി വന്നു. അയാൾ രാജനെ തൊട്ടുനോക്കി. എന്നിട്ടു ഡോക്ടറെ വിളിക്കാൻ ബീരാനെ പറഞ്ഞയച്ചു.

അപ്പോഴേക്കും ലക്ഷ്മണയും മുരളീകൃഷ്ണദാസും വന്നു. പൊലീസുകാരെ എല്ലാം മുരളീകൃഷ്ണദാസ് പുറത്താക്കി. ലക്ഷ്മണയ്ക്കു പിന്നിലായി മധുസൂദനൻ പുറത്തെ മുറിയിലേക്കു കടന്നു.

ഏകദേശം പത്തിരുപതു മിനിറ്റ് കഴിഞ്ഞുകാണും. ലോറൻസും ബീരാനും വേലായുധനും സോമനും ജയദേവനും കൂടി വന്നു രാജന്‍റെ മൃതദേഹം ബെഞ്ചിൽ നിന്നു പൊക്കിയെടുത്ത് ആസ്ബസ്റ്റോസ് ഷീറ്റിന്‍റെ വാതിലിലൂടെ പുറത്ത് ഓഫിസർമാർ ഇരുന്ന മുറിയിലേക്കു കൊണ്ടുപോയി. പുറത്തു ജീപ്പ് സ്റ്റാർട്ടാക്കുന്ന ശബ്ദം കേട്ടു.

ഹൈക്കോടതിയിലും രാജന്‍റെ മരണത്തെപ്പറ്റി അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിലും കേസ് വിസ്തരിച്ച കോയമ്പത്തൂർ കോടതിയിലും കെ.രാജൻ മൊഴി നൽകിയിട്ടുണ്ട്. ആർഇസി വിദ്യാർഥിയായ രാജന്‍റെ കൊലപാതകം നേരിട്ടുകണ്ട, പൊലീസുകാരൻ അല്ലാത്ത ഏക സാക്ഷിയുടെ മൊഴി. എന്നാൽ രാജൻ കൊല്ലപ്പെട്ടതായി നീതിപീഠത്തിനു മുന്നിൽ തെളിയിക്കുവാൻ അതു മതിയായില്ല.

ഇനി രാജൻ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ എന്തു പറയുന്നു എന്നു നോക്കാം.

1977 മാർച്ച് 17നു പേരാമ്പ്ര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ രാജന്‍റെ കൊലപാതകം അന്വേഷിച്ച ഡിഎസ്പി നൽകിയ റിപ്പോർട്ടിൽ അടങ്ങിയിട്ടുള്ള വിവരങ്ങൾ:

rajan-pic-2ജയറാം പടിക്കൽ താമസിച്ചിരുന്ന കക്കയം ടൂറിസ്‍റ്റ് ബംഗ്ലാവ്

1976 മാർച്ച് രണ്ടാം തീയതി വൈകിട്ട് ഉദ്ദേശം ആറു മണിക്കോ ആറര മണിക്കോ കക്കയം സർക്കാർ ഡിസ്പെൻസറിയിലെ അസി. സർജൻ ഡോ. വിശാലാക്ഷ മേനോനെ അടിയന്തരമായി ക്യാംപിൽ വരുത്തി. ക്യാംപിൽ അസാധാരണമായ മൂകത തളംകെട്ടിനിന്നിരുന്നതായി ഡോക്ടർ പറയുന്നു. അഞ്ചു മിനിറ്റിനകം ആരെയെങ്കിലും പരിശോധിക്കുന്നതിനോ ആർക്കെങ്കിലും വൈദ്യസഹായം നൽകുന്നതിനോ ആവശ്യപ്പെടാതെ അദ്ദേഹത്തോടു മടങ്ങിപ്പൊയ്ക്കൊള്ളുവാൻ പറഞ്ഞു.

കക്കയം ക്യാംപിനു സമീപം താമസിക്കുന്ന തോമസ്, തന്‍റെ വീട്ടിലെ മുറിയിൽ കിടക്കുമ്പോൾ ക്യാംപിൽനിന്ന് ഒരു മൃതദേഹം പൊലീസ് വാനിലേക്കു കയറ്റുന്നതായി കണ്ടു.

കക്കയം ഇൻസ്പെക്‌ഷൻ ബംഗ്ലാവിലെ വാച്ച്മാനോടു ചില പൊലീസുകാർ മാർച്ച് രണ്ടാം തീയതി രാത്രി കാലിച്ചാക്ക് ആവശ്യപ്പെട്ടതായി അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്. പിന്നീടു പൊലീസുകാർ അവിടെ കന്‍റീൻ നടത്തുന്ന ദാമോദരന്‍റെ പക്കൽ നിന്നു ചാക്ക് വാങ്ങി.

മേൽവിവരിച്ച വസ്തുതകളിൽനിന്നു രാജൻ മാർച്ച് രണ്ടാം തീയതി പൊലീസ് പീഡനങ്ങൾക്കു വിധേയനായി മരിച്ചു എന്ന അപ്രതിരോധ്യമായ അനുമാനത്തിൽ മാത്രമാണ് എത്തിച്ചേരാൻ കഴിയുക. തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം നശിപ്പിച്ചു എന്നുവേണം കരുതേണ്ടത്.

അടുത്തതായി, 1977 ജൂൺ 21നു കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച അറുപത്തിമൂന്നു പേജുള്ള കുറ്റപത്രത്തിൽനിന്ന്:

ചാലിയെ ആണ് ആദ്യം ഉരുട്ടിയത്. ആ സമയത്തു രാജനെ ചുമരിനോടു ചേർത്തുനിർത്തി അടിച്ചു. രാജനും ഉരുട്ടലിനു വിധേയനായി. ഒരു ബെഞ്ചിൽ മലർത്തിക്കിടത്തി, കരങ്ങൾ ബെഞ്ചിനടിയിൽ വലിച്ചുകെട്ടിയിരുന്നു. തല ബെഞ്ചിനു താഴോട്ടു തൂങ്ങിക്കിടന്നു. വായിൽ തുണി കുത്തിനിറച്ചു. കുറച്ചു നേരം ഉരുട്ടൽ കഴി‍ഞ്ഞപ്പോൾ രാജൻ ബോധരഹിതനായി.

മറ്റു പ്രതികളെയും ഉരുട്ടി. മാർച്ച് രണ്ടിന് ഉരുട്ടൽ തുടർന്നു. ചങ്ങല കൊണ്ടുള്ള മർദനങ്ങൾ നടന്നു. അന്നു രാജൻ പൂർണമായും നിശ്ചലനായിക്കിടക്കുന്നതു സാക്ഷികളായ ചാലിയും ചാത്തമംഗലത്ത് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന രാജനും കണ്ടിട്ടുണ്ട്. രാജന്‍റെ വായിലെ തുണി നീക്കി, വെള്ളം കുടഞ്ഞപ്പോഴും ഭാവഭേദം ഉണ്ടായില്ല. സാക്ഷികളെ രാജൻ കിടന്നിരുന്ന മുറിയിൽനിന്നു മാറ്റിയതിനാൽ പിന്നീട് എന്തു നടന്നുവെന്ന് അവർക്കറിയില്ല. ഇതെല്ലാം നടക്കുമ്പോൾ ഉച്ചയ്ക്കു രണ്ടുമണി ആയിക്കാണും.

അന്നു വൈകിട്ട് ആറരമണിക്കും ഏഴു മണിക്കും മധ്യേ ഒരു മൃതദേഹം ചാക്കിൽ കെട്ടി കൊണ്ടുപോകുന്നത് ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനായ കേസിലെ സാക്ഷി തോമസ് കണ്ടു. കേസിലെ മറ്റൊരു സാക്ഷി മറിയം ലോനപ്പനും ഇതു സംബന്ധിച്ചു മൊഴി നൽകി.

ക്രിമിനൽ കേസ് വിസ്തരിച്ച കോയമ്പത്തൂർ കോടതിയുടെ വിധിയിൽ പറയുന്നു :

“പി.രാജൻ മർദനത്തെ തുടർന്ന് കക്കയം ക്യാംപിൽ മരിച്ചു എന്ന് സാഹചര്യത്തെളിവുകളിൽനിന്നു അനുമാനിക്കാം. എന്നാൽ മൃതദേഹം കണ്ടെടുത്തിട്ടില്ല. അതു നശിപ്പിച്ചതായും തെളിയിച്ചിട്ടില്ല. അതിനാൽ കൊലക്കുറ്റം സംശയാതീതമായി തെളിയിച്ചിട്ടില്ല”.

മനോരമ വാർത്ത

രാജന്റെ മൃതദേഹം എവിടെ? കൊന്നവർ അത് എങ്ങനെ നശിപ്പിച്ചു?

രാജൻ കൊലപാതകം -42 വർഷം - തോമസ് ജോർജ്

മുകളിൽ നിന്നുള്ള ഉത്തരവിൻ പ്രകാരം, രാജന്റെ തിരോധാനത്തെപ്പറ്റി കോഴിക്കോട് എസ്പി ലക്ഷ്മണ 28.12.1976 ൽ ജയറാം പടിക്കലിനു റിപ്പോർട്ട് സമർപ്പിച്ചു. ‘രാജനെ അറസ്റ്റു ചെയ്യുവാൻ കഴിഞ്ഞില്ല’ എന്ന ലക്ഷ്മണയുടെ പ്രസ്താവന ഉൾപ്പെടെ ഈ റിപ്പോർട്ടിലെ പല ഭാഗങ്ങളും കള്ളമാണ് എന്നു ഹൈക്കോടതി വിധിച്ചു. എന്നാൽ ഈ റിപ്പോർട്ടിൽ പറയുന്നു , ‘രാജൻ തീവ്രവാദികളുമായി ബന്ധം പുലർത്തിയിരുന്നതായി വെളിപ്പെട്ടിട്ടുണ്ട്. സ്റ്റേഷൻ ആക്രമണത്തിനു മുൻപ് കേസിലെ പ്രതികൾക്കു രഹസ്യ സമ്മേളനങ്ങൾ നടത്തുന്നതിനു രാജൻ സൗകര്യം നൽകി.

ആയിരത്തിൽപരം കുട്ടികൾ താമസിക്കുന്ന ആർഇസി ഹോസ്റ്റൽ ക്യാംപസിൽ രാജൻ എങ്ങനെ ‘രഹസ്യ സമ്മേളനങ്ങൾ’ നടത്തി? ഇതിന്റെ നിജസ്ഥിതി അറിയുവാനായി ആ കാലത്ത് രാജനുമായി ബന്ധപ്പെട്ടിരുന്നവരെ തിരഞ്ഞുപിടിച്ചു സംസാരിച്ചു. ഈ രഹസ്യത്തിന്റെ ചുരുളുകൾ നിവരുന്നു. വിദ്യാർഥികളും ഹോസ്റ്റലിലെ മെസ് ജീവനക്കാരും അടങ്ങുന്ന ആറുപേരുള്ള ഒരു നക്സലൈറ്റ് ദളം ആർഇസി ക്യാംപസിന്റെ ഉള്ളിൽ രൂപം കൊണ്ടു. രാജൻ അതിന്റെ അംഗമായിരുന്നു. ക്യാംപസിന്റെ അറ്റത്തുള്ള ‘ഇ’ ഹോസ്റ്റലിന്റെ പുറകിൽ മരങ്ങൾക്കിടയിൽ അവർ രാത്രികാലങ്ങളിൽ സമ്മേളിച്ചിരുന്നു.

എന്നാൽ നക്സലൈറ്റ് പ്രസ്ഥാനത്തെ രാജൻ പൂർണമായി ഉൾക്കൊണ്ടില്ല. രാജന്റെ സംശയങ്ങൾ നിവർത്തുവാനായി രാത്രി മുഴുവൻ അയാളുമായി ചെത്തുകടവിലും പുഴക്കരയിലും സംവാദം നടക്കാറുണ്ടായിരുന്നതായി രാജനുമായി ബന്ധപ്പെട്ടിരുന്നവർ പറയുന്നു.

നക്സലൈറ്റുകളുടെ ലഘുലേഖകൾ അടിച്ചിരുന്ന സൈക്ലോസ്റ്റൈലിങ് മെഷീൻ നന്നാക്കിയ ശേഷം തിരിച്ചുകൊടുക്കുവാനായി ‘ഡി’ ഹോസ്റ്റലിലെ രാജന്റെ മുറിയിൽ വന്നിട്ടുണ്ടെന്ന് ഒരാൾ വെളിപ്പെടുത്തി. പി.രാജൻ നേരിട്ടുതന്നെയാണ് ഇതു നന്നാക്കുവാനായി കാനങ്ങോട്ട് രാജന്റെ ടൈപ്പ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടുകൊടുത്തത്.

ആർഇസി മെസ് ജീവനക്കാരനായിരുന്ന കോരുവിന്റെ വീട്ടിൽ വച്ച് നക്സലൈറ്റ് പ്രസ്ഥാനത്തിലെ ഉന്നത നേതാക്കളുടെ സ്റ്റേറ്റ് കമ്മിറ്റി മീറ്റിങ് നടന്നു എന്നും, അതിനുവേണ്ട ഒരുക്കങ്ങൾ നടത്തിയതു രാജൻ ആയിരുന്നു എന്നും ഇവർ പറയുന്നു. എന്നാൽ ആർഇസി വിദ്യാർഥികൾ ആരും തന്നെ കായണ്ണ ആക്രമണത്തിൽ പങ്കെടുത്തിട്ടില്ല. അങ്ങനെ പൊലീസ് ആരോപിക്കുന്നുമില്ല.

രാജന്റെ മൃതദേഹം കൊണ്ടിട്ടു എന്നു സംശയിക്കുന്ന ഊരക്കുഴി

കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണം

കായണ്ണ സ്റ്റേഷൻ ആക്രമണക്കേസിലെ ഒന്നാം പ്രതിയായിരുന്ന സോമശേഖരൻ പറയുന്നു : സ്റ്റേറ്റ് കമ്മിറ്റി കൂടിയാണ് കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമിക്കുവാൻ തീരുമാനം എടുത്തത്. കമ്മിറ്റിയിൽ മുരളി കണ്ണമ്പള്ളി പങ്കെടുത്തിരുന്നു. കെ.വേണുവും ഞാനും ആയിരുന്നു ‘ആക്‌ഷൻ’ ആസൂത്രണം ചെയ്തത്. കൂരാച്ചുണ്ട് ഗ്രാമത്തിലെ ഓടുമേഞ്ഞ ഒരു പഴയ ഷെഡ്ഡിലായിരുന്നു കായണ്ണ പൊലീസ് സ്റ്റേഷൻ.

നക്സലൈറ്റ് വർഗീസിന്റെ അനുസ്മരണ ദിനമായ ഫെബ്രുവരി പതിനെട്ടിന് ആക്രമണം നടത്തുവാനായിരുന്നു ആദ്യം ആലോചിച്ചത്. ആ ദിവസം പൂർണചന്ദ്രൻ ആയിരുന്നതിനാൽ ഫെബ്രുവരി ഇരുപത്തിയേഴ് രാത്രിയിലേക്ക് ‘ആക്‌ഷൻ’ മാറ്റുകയായിരുന്നു.

വേണു, കുന്നേൽ കൃഷ്ണൻ, ഭരതൻ, വാസു, ദാമോദരൻ മാഷ്, അച്യുതൻ, വത്സരാജൻ, ചെറിയരാജൻ എന്നിങ്ങനെ ഞങ്ങൾ പതിമൂന്നു പേരാണ് ആക്രമണത്തിൽ പങ്കെടുത്തത്. ഓരോരുത്തർക്കും പേരിനു പകരം നമ്പർ നൽകി. സ്ഥലം പരിചയമുള്ളത് എനിക്കു മാത്രമായിരുന്നു. എന്നാൽ ‍ഞങ്ങൾക്കു രണ്ടു പിശകുകൾ സംഭവിച്ചു. സിനിമയുടെ ഫസ്റ്റ് ഷോ കഴിഞ്ഞായിരുന്നു പദ്ധതി. സിനിമ കാണുവാൻ ഞങ്ങൾ കൊട്ടകയിൽ കയറി. പക്ഷേ, പതിവിനു വിപരീതമായി അന്നു സെക്കൻഡ് ഷോ ഉണ്ടായിരുന്നു. ആളുകൾ പിരിഞ്ഞുപോകുവാനായി ഒരേ സിനിമ ഞങ്ങൾ വീണ്ടും കണ്ടു. അങ്ങനെ ആക്രമണം വിചാരിച്ചതിലും താമസിച്ചു.

സ്റ്റേഷനിൽ നാലു പൊലീസുകാരേ ഉണ്ടാകുകയുള്ളൂ എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ അവിടെ പതിനൊന്നു പൊലീസുകാർ ഉണ്ടായിരുന്നു. അതായിരുന്നു രണ്ടാമത്തെ പിശക്.

എന്നാൽ പൊലീസുകാർ മദ്യപിച്ചിട്ട് ഉറക്കമായിരുന്നു. സ്റ്റേഷനിൽ കറന്റ് ഇല്ലായിരുന്നു. ‘ആക്‌ഷൻ’ പത്തു മിനിറ്റേ നീണ്ടുനിന്നുള്ളൂ. കമ്പിവടിയും കത്തിയുമായിരുന്നു ഞങ്ങളുടെ ആയുധം. ആക്രമണം തുടങ്ങിയപ്പോൾ തന്നെ പൊലീസൂകാർ ഭയന്നു പുറത്തേക്കോടി. സ്റ്റേഷനിലെ തോക്കുകളും വെടിയുണ്ടകളും ബയണറ്റുകളും എടുത്തു ഞങ്ങൾ പുറത്തിറങ്ങി.

പല വഴിക്ക് ഞങ്ങൾ പിരിയുവാൻ തുടങ്ങി. എല്ലാവരും പുറത്തിറങ്ങിയോ എന്ന് എനിക്കു സംശയം. ഇരുട്ടാണ്. ‘ആരെങ്കിലും സ്റ്റേഷനിൽ ബാക്കിയുണ്ടോ’ ഞാൻ ഉറക്കെ ചോദിച്ചു. ‘ഉണ്ട്’ എന്ന് ആരോ പറഞ്ഞു. ഞാനും വേണുവും സ്റ്റേഷന്റെ ഉള്ളിലേക്കു കുതിച്ചു. രണ്ടു പൊലീസുകാർ കൃഷ്ണേട്ടനെ കമഴ്ത്തിക്കിടത്തി മുകളിൽ കയറി ഇരിക്കുന്നു. ഒരാൾ കൃഷ്ണേട്ടന്റെ കൈവിരലിൽ കടിച്ചുപിടിച്ചിട്ടുണ്ട്. ഞങ്ങൾ കടന്നു ചെന്നപ്പോൾ ‘അവന്മാർ പിന്നെയും വരുന്നെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് പൊലീസുകാർ ഇറങ്ങി ഓടി. ഞങ്ങൾ കൃഷ്ണേട്ടനെയും കൂട്ടി പുറത്തിറങ്ങി.

മാർച്ച് ഒന്നാം തീയതി രാജനെയും ചാലിയെയും പിടിക്കുവാനായി പൊലീസ് ആർഇസി ഹോസ്റ്റലിൽ വന്നു, ഞാനും വാസുവും അപ്പോൾ ഹോസ്റ്റലിനു തൊട്ട് അപ്പുറത്തുള്ള മുരളിയുടെ മുറിയിൽ ഉണ്ടായിരുന്നു. രാജനെ അറസ്റ്റ് ചെയ്തതായി (ഡോബി) സത്യൻ ഞങ്ങളോടു വന്നു പറഞ്ഞു. വാസുവും ഞാനും പെട്ടെന്നു മുറിയിൽ നിന്നിറങ്ങി നടന്നു. മാവൂർ റോഡിലേക്കു കയറിയപ്പോൾ ദൂരെ നിന്നു പൊലീസുകാർ ഞങ്ങളെ കണ്ടു. വിസിൽ അടിച്ചുകൊണ്ട് അവർ ഞങ്ങളുടെ പുറകേ ഓടി. അടുത്തുള്ള പുരയിടത്തിലേക്കു ചാടിക്കടന്ന് ഞങ്ങൾ ഓടി. ചാലിയാറിന്റെ തീരത്തെത്തി. അവിടെ ഒരു തോണിക്കാരനുണ്ടായിരുന്നു. എന്നാൽ ‍ഞങ്ങളുടെ കൈവശം കടത്തുകൂലി കൊടുക്കാനുള്ള പണം ഇല്ലായിരുന്നു.

ടൂറിസ്റ്റുകളാണ്, പണമില്ല, എന്നു പറഞ്ഞപ്പോൾ അയാൾ പണം വാങ്ങാതെ ഞങ്ങളെ മറുകരയിൽ എത്തിച്ചു. അവിടെ നിന്നും ‍ഞങ്ങൾ ഫറോക്കിലേക്കു പോയി.

മറ്റുള്ളവരെ പിടിച്ചു കഴിഞ്ഞാണ് എന്നെ പൊലീസിനു പിടികിട്ടുന്നത്. മറ്റുള്ളവർക്കു ലഭിച്ച അത്ര മർദനം എനിക്കു സഹിക്കേണ്ടി വന്നില്ല. രാജൻ കൊല്ലപ്പെട്ട ശേഷം മർദനത്തിന് അയവു വന്നിരുന്നു. മാത്രവുമല്ല എന്റെ ശരീരം മുഴുവൻ മീസിൽസ് വന്നതിനു ശേഷമുള്ള വ്രണമായിരുന്നു.

കായണ്ണ ആക്രമണത്തിന്റെ ആസൂത്രണം ആർഇസിയുടെ ഉള്ളിൽ നിന്നാണെന്ന ഉറച്ച വിശ്വാസത്തിലാണു ജയറാം പടിക്കൽ അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷണം പുരോഗമിച്ചപ്പോൾ പൊലീസിനു കിട്ടിയ തെളിവുകൾ മറിച്ചായിരുന്നു. കായണ്ണ ആക്‌ഷനിൽ ആർഇസിക്കാർ ആരും തന്നെ ഇല്ല എന്നതു പടിക്കലിനെ അദ്ഭുതപ്പെടുത്തി.

എടാ, ആർഇസിക്കാർ ഒരുത്തൻ പോലും ഇല്ലേ? എന്നു പടിക്കൽ എന്നോടു ചോദിക്കുമ്പോൾ അയാളുടെ ശബ്ദത്തിൽ നിരാശ കലർന്നിരുന്നു.

രാജന്റെ മൃതശരീരം എങ്ങനെ നശിപ്പിച്ചു ?

രാജന്റെ മൃതശരീരം എങ്ങനെ നശിപ്പിച്ചു എന്നത് ഇന്നും വ്യക്തമല്ല. കക്കയത്തുണ്ടായിരുന്ന പല പൊലീസുകാർക്കും ഈ വിവരം അറിയാം. എന്നിട്ടും സത്യം പുറത്തു കൊണ്ടുവരുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന്മാർ പരാജയപ്പെട്ടു. മൃതശരീരം എങ്ങനെ നശിപ്പിച്ചു എന്നതിനെപ്പറ്റി പല കഥകളും പ്രചരിച്ചിട്ടുണ്ട്.

രാജന്റെ കൊലക്കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമം നടന്നിരുന്നു. സാക്ഷി വിസ്താര സമയത്ത്  കേസുമായി ബന്ധമുള്ള ഒന്നും തന്നെ രാജന്റെ പിതാവിനോടു സർക്കാർ വക്കീൽ ചോദിച്ചില്ല. സർക്കാരിന്റെ കേസു നടത്തിപ്പു കേസു തോൽക്കുവാൻ വേണ്ടിയാണെന്ന് ഈച്ചരവാരിയർക്കു ബോധ്യമായി. അതേസമയം കേസിൽ കക്ഷിചേരുവാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ എല്ലാം സർക്കാർ തടഞ്ഞു.

രാജന്റെ മൃതദേഹം കണ്ടെത്തുവാൻ നേവിയുടെ മുങ്ങൽ വിദഗ്ധർ കക്കയം ഡാമിൽ രണ്ടു ദിവസം മുങ്ങിത്തപ്പിയിരുന്നു. മുപ്പത് അടി താഴ്ചയിലായിരുന്നു പരിശോധന. രാജന്റെ മൃതദേഹം ഊരക്കുഴിയിൽ കൊണ്ടുപോയി ഇട്ടു എന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്മാർ അവസാനം എത്തിച്ചേർന്നത്. ഊരക്കുഴി ഭാഗത്ത് ഒരു പൊലീസ് വാൻ സ്റ്റക്ക് ആയി നിന്നതിനു തെളിവുകളുണ്ട് എന്നു കുറ്റപത്രത്തിൽ പറയുന്നു. കക്കയം വനത്തിലുള്ളിലെ പാറക്കൂട്ടങ്ങൾ നിറഞ്ഞ അഗാധമായ ഒരു ഗർത്തമാണ് ഊരക്കുഴി, വഴുക്കലുള്ള പാറകളും അപ്പുറം കാണാനാവാത്ത ഗർത്തത്തിലേക്കു പതിക്കുന്ന കാട്ടുചോലയും. എന്നാൽ രാജന്റെ മൃതദേഹം കണ്ടെടുക്കുന്നതിനോ മൃതദേഹം നശിപ്പിച്ചതായി തെളിയിക്കുന്നതിനോ അന്വേഷണ ഉദ്യോഗസ്ഥന്മാർ പരാജയപ്പെട്ടു. ഈ തെളിവുകളുടെ അഭാവമാണ് കൊലക്കുറ്റം സംശയാതീതമായി തെളിയിച്ചിട്ടില്ല എന്നു വിധിക്കുമ്പോൾ കോയമ്പത്തൂർ കോടതി കാരണമായി പറയുന്നത്.

രാജൻ കേസ് നീതിനിഷേധത്തിന്റെ കഥയാണ്. കുറ്റാന്വേഷണത്തിനായി കസ്റ്റഡിയിൽ എടുത്ത വിദ്യാർഥിയെ പൊലീസ് നീചമായി മർദിച്ചു കൊന്ന കഥയാണ്. പൗരനെ സംരക്ഷിക്കാൻ ചുമതലപ്പെട്ട സർക്കാർ, പൗരന്റെ ധ്വംസകനായ കഥയാണ്. തിരിച്ചുവരാത്ത മകനു വേണ്ടി, ഒരിലച്ചോറും വച്ചു കാത്തുകാത്തിരുന്നു സമനില തെറ്റി മരിച്ച ഒരു അമ്മയുടെ കഥയാണ്. തകർന്നു നുറുങ്ങിയ ഹൃദയവുമായി ധർമനിഷേധത്തിനെതിരെ ധീരതയോടെ പൊരുതിയ ഒരു അച്ഛന്റെ കഥയാണ്. നീതിനിഷേധത്താൽ അവസാനം കാണാതെ പതിറ്റാണ്ടുകൾക്കു ശേഷവും മലയാളിയുടെ മനസ്സിൽ നീറിപ്പുകയുന്ന കദനകഥയാണ്. കേരളത്തിന്റെ മനസ്സാക്ഷിയിലെ കറയായി രാജൻ കേസ് എന്നും ഓർമിക്കപ്പെടും. ഈച്ചരവാരിയർ പറഞ്ഞു , ‘ജനാധിപത്യ കേരളത്തിന്റെ കൊടിക്കൂറയിൽ എക്കാലവും കണ്ണുനീരിൽ വിരിഞ്ഞ ഒരു പൂവ് വിടർന്നു നിൽക്കും.

മനോരമ വാർത്തകൾ തയ്യാറാക്കിയത് ജി. ആർ. ഇന്ദുഗോപൻ

മനോരമ വാർത്ത
en wiki