കാരം വെടിഞ്ഞ രേഫം

കാരം വെടിഞ്ഞ രേഫം

എല്ലാ വർണങ്ങളേയും കാരം തൊട്ടു പറയുമ്പോൾ ര മാത്രമെന്തേ രേഫമായി? വർണങ്ങളിൽ രേഫത്തിനുള്ള പ്രത്യേകതയെന്താണ്? സംസ്കൃതത്തിൽ നിന്നും അതേപടി ഇറക്കുമതി ചെയ്ത കലാപരിപാടിയാണല്ലോ അകാരം, ഇകാരം, എന്നൊക്കെ കാരം ചേർത്ത് വർണ്ണങ്ങളെ സൂചിപ്പിക്കുക എന്നത്. അന്നത്തെ സംസാരഭാഷയെ കൃത്യമായ സൂത്രത്തിൽ ബന്ധിച്ചു ശാസ്ത്രീയവിശദീകരണം നൽകി പാണിനി പാണിനീയം ഉണ്ടാക്കി. കാരം വെടിഞ്ഞ് രേഫമായതിന്റെ പിന്നിലെ നിയമം പാണിനി തന്നെ കൃത്യമായി കുറിച്ചിട്ടുണ്ട്. പാണിനിയുടെ രണ്ട് സൂത്രം ഈ കുരുക്കഴിക്കുന്നതാണ്. ഒന്ന് “വർണാത് കാരഃ ” വർണങ്ങൾക്ക് ശേഷം കാരം ചേർക്കണം എന്നത് – ഇതാണു സാമാന്യനിയമം. എല്ലാ വർണങ്ങൾക്കും ഇതു ബാധകം തന്നെ! തൊട്ടു പിന്നാലെ മൂപ്പർ പറയുന്നു “രാത് ഫഃ” രയ്ക്ക് ശേഷം ഫ. ഇത് രേഫത്തിനു മാത്രമുള്ള വിശേഷവിധിയാണ്, ഇങ്ങനെ വരാൻ പ്രത്യേകിച്ച് കാരണം വല്ലതും ഉണ്ടോ?

പണിനി അന്നു പ്രചാരത്തിലിരുന്ന ഭാഷയെ ഒരു ചരടിൽ കെട്ടിയിട്ട് ശാസ്ത്രം പണിയുകയായിരുന്നു. നിലനിൽക്കുന്ന ഭാഷയ്ക്ക് ശാസ്ത്രരൂപം നൽകി എന്നു പറയാം. വർണങ്ങൾക്ക് ശേഷം കാരശബ്ദം ചേർത്ത് പറയണം എന്ന സൂത്രം പറഞ്ഞുവെച്ച ഉടനേ തന്നെ അതിനുള്ള എക്സെപ്ഷൻ പുള്ളി പറഞ്ഞുവെച്ചു; രേഫത്തെ കമ്പിതവ്യഞ്ജനം എന്നാണു പറയുക. എന്നു പറഞ്ഞാൽ നാവ് മൂർദ്ദാവിൽ തൊട്ടും തൊടാതെയും ഞരടിനീങ്ങി കമ്പനം ചെയ്യിച്ച് ഉണ്ടാവുന്ന ശബ്ദരൂപം എന്ന അർത്ഥത്തിൽ തന്നെയാണ്. മറ്റൊരു വർണത്തിനും ഇല്ലാത്ത പ്രത്യേകത തന്നെ! ഒരുപക്ഷേ നമ്മൾ ഇന്നുച്ചരിക്കുന്ന രീതിയിൽ ആയിരിക്കില്ല രേഫവും കകാരവുമൊക്കെ അന്ന് ശബ്ദരൂപത്തിൽ പുറത്തേക്ക് വന്നിരുന്നത്! മൂർധനൃവർണമായി രേഫത്തിൽ നിന്നും കണ്ഠ്യമായ കകാരത്തിലേക്ക് നാക്കു കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി മൂർധനൃവർണത്തോടടുത്തു നിൽക്കുന്ന ഓഷ്ഠ്യത്തിൽ നിന്നും ഒന്നെടുത്തു (ഫ) പണിയുന്നതാണ് ഉച്ചാരണസൗകുമാര്യത്തിനു നല്ലതെന്നു പാണിനി കരുതിയിരിക്കണം. ഉച്ചാരണം എളുപ്പമാക്കുക എന്നതേ ഉദ്ദേശ്യമുണ്ടായിക്കാണൂ എന്നനുമാനിക്കാം. രയിൽ നിന്നും ഫയിലേക്ക് നാവു സമാന്തരമായി സഞ്ചരിച്ച് ശബ്ദരൂപം കൈവരുന്നു. കമ്പിതവ്യഞ്ജനത്തിന്റെ വ്യത്യസ്തത മറ്റൊരു രൂപത്തിൽ പറഞ്ഞു വെയ്ക്കുകയായിരുന്നു പാണിനി എന്നതും ശ്രദ്ധേയം തന്നെ!

4 thoughts on “കാരം വെടിഞ്ഞ രേഫം

  1. കമ്പിതമായതുകൊണ്ടാണ് രേഫത്തിന് ആ പേരുവന്നതെന്ന പുതിയ വിവരത്തിന് നന്ദി.

    മലയാളത്തിൽ ര-യേക്കാൾ കമ്പിതമായി ഉച്ചരിക്കുന്നത്.റ ആണ് എന്നതുകൊണ്ടാണോ അന്നത്തെക്കാലത്ത് ര ഇന്നത്തെപ്പോലെയായിരിക്കില്ല ഉച്ചിരിച്ചിരുന്നത് എന്നു തോന്നാൻ കാരണം?

    1. സുനിലേ ദ്രാവിഡവർണങ്ങൾക്ക് സംസ്കൃതവ്യാകരണത്തിൽ കാര്യമില്ലല്ലോ, പാണിനി അന്ന് നിയമങ്ങളെ ഉണ്ടാക്കിയതാവില്ല; കണ്ടെത്തിയതാവണം. ദ്രാവിഡമധ്യമമായ റകാരം പാണിനിയുടെ കാലത്ത് സംസ്കൃതത്തിൽ ഉണ്ടായിരിക്കാൻ വകയില്ല. പാണിനിയുടെ ഒരു എക്സെപ്ഷൻ ആയിരുന്നു രേഫമെന്ന സൂചിതത്തിന്റെ ജനനകാരണം. ആ എക്സെപ്ഷൻ പുള്ളി വെറുതേയങ്ങ് ഉണ്ടാക്കിയതാവൻ വഴിയില്ല. അന്നത്തെ ഉച്ചാരണത്തിന്റെ പ്രശ്നമാവാമതെന്ന് ഊഹിച്ചതാ. മലയാളം ആ നിയമത്തെ അതേപടിയിങ്ങ് ഏറ്റെടുത്തതല്ലേ. അന്നു റകാരം പ്രത്യേകലിപിയോടെ സംസ്കൃതത്തിൽ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയും ഈ എക്സെപ്ഷൻ റകാരത്തിനും ബാധകമാവേണ്ടതാണ്. രേഫത്തേയും റകാരത്തേയും കൂട്ടിക്കലർത്തേണ്ടതില്ല. കമ്പിതവ്യഞ്ജനം എന്ന വിളിപ്പേരും അന്നത്തേതാണ്; ഇന്നത്തേതല്ല.

Leave a Reply

Your email address will not be published. Required fields are marked *