ചരിത്രം മണലെടുത്ത തലക്കാട്

ചരിത്രം മണലെടുത്ത തലക്കാട്

ശിവനസമുദ്ര വെള്ളച്ചാട്ടംപഞ്ചലിംഗദർശനത്തിനു പേരുകേട്ട നാടാണ് കർണാടകയിലെ തലക്കാട്. കാവേരി നദിയോടു ചേർന്ന് ഭൂതകാലത്തിലെന്നോ പ്രൗഡിയോടെ വരമരുളിയ ഒരു കൂട്ടം ദൈവങ്ങളുടെ നാട്. അജ്ഞാതമായ ഏതോ കാരണത്താൽ മണൽ വന്നു മൂടി മണ്ണിനടിയിലേക്ക് ആഴ്ന്നുപോയ നിരവധി അമ്പലങ്ങൾ! വിസ്മയക്കാഴ്ചയായി മണലാരണ്യത്തിൽ ഓരോ വൻ കുഴികളിലായി അവിടെ കിടക്കുന്നു! ഐതീഹ്യങ്ങളുടെ നൂലാമാലകളിൽ പെട്ട് സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാനാവാതെ ഉഴലുകയാണ് തലക്കാടിന്റെ ചരിതം.

മൈസൂരിൽ നിന്നും 45 കിലോമീറ്റർ അകലെയാണു തലക്കാട്. ഞങ്ങൾ ബാംഗ്ലൂരിൽ നിന്നും പോവുകയായിരുന്നു. ഏകദേശം 135 കിലോമീറ്റർ വരും ബാംഗ്ലൂരിൽ നിന്നും. പോകുമ്പോൾ തലക്കാട് സന്ദർശിക്കുക എന്നത് അത്ര പ്രാധാന്യമുള്ളതായി തോന്നിയില്ല. നിത്യവിസ്മയമായ ശിവനസമുദ്ര എന്ന വെള്ളച്ചാട്ടം കണ്ടു മടങ്ങുക എന്നേ ഉണ്ടായിരുന്നുള്ളൂ. ശിവനസമുദ്രയ്ക്ക് മുമ്പും പലവട്ടം പോയി വന്നതാണ്; എങ്കിലും ആ വന്യരൗദ്രത ഇടയ്ക്കിടെ ഇങ്ങനെ മാടി വിളിക്കും. 45 കിലോ മീറ്റർ വരും ശിവനസമുദ്രയിൽ നിന്നും തലക്കാട്ടേക്ക് – കർണാടകയിലെ ചാമരാജനഗർ ജില്ലയിലാണ് തലക്കാട്. ഗ്രാമക്കാഴ്ചകൾ കണ്ട് തലക്കാടേക്ക് പോവുക എന്നതു തന്നെ ഏറെ രസകരമായിരുന്നു.

talakadu templesതലക്കാട് ഒരു പഴയ പട്ടണമാണ്, പഴയതെന്നാൽ ഏറെക്കാലം പഴയത്. ഒരിക്കലിവിടെ 30 ഓളം ക്ഷേത്രങ്ങളുണ്ടായിരുന്നു. ബഹുഭൂരിപക്ഷവും ഇപ്പോഴും മണലിനടിയിൽ തന്നെയാണുള്ളത്. മണൽ മാറ്റി പുറത്തെടുത്ത ക്ഷേത്രങ്ങളും ഉണ്ടവിടെ. മണൽ വന്നു മൂടി മരുപ്രദേശമായതിനു ചരിത്രകാരന്മാർ പല കാരണങ്ങളും നിരത്തുന്നുണ്ടെങ്കിലും സത്യാവസ്ഥ ഇന്നും അജ്ഞാതമായി തന്നെ ഇരിക്കുന്നു. 14 ആം നൂറ്റാണ്ടിലോ മറ്റോ കാവേരിക്കു കുറുകേ ഡാം പണിതിരിക്കാം. അശാസ്ത്രീയമായി പണിത ആ ഡാം ആയിരിക്കണം ഈ പ്രാചീന നഗരത്തെ ഭൂമിക്കടിയിലേക്ക് മാറ്റിയതെന്നു ചിലർ പറയുന്നു. ചിലർ പറയുന്നു രൗദ്രതയാർന്ന കാവേരി ഒരിക്കൽ സംഹാരരുദ്രയാതിന്റെ ഫലമായിരിക്കണമിതെന്ന്. കാവേരി നദി ഗതി മാറി ഒഴുകിയതും ഇതുപോലെ ഒരു ദുരന്തത്തിനു കാരണമായിരിക്കാമെന്നു മറ്റു ചിലർ! ആ പ്രദേശത്ത് കാവേരിയുടെ പോക്കങ്ങനെയാണു താനും. വല്ലാതെ വളഞ്ഞാണ് തലക്കാട് വഴി കാവേരി ഒഴുകുന്നത്. കാര്യമെന്തോ!! ഒരു വൻ പ്രദേശം മൊത്തത്തിൽ മണൽ വന്നു മൂടി എന്നത് സത്യമായി നമുക്കിന്നു കാണാം! നിഗൂഢതയുടെ ആ മൂടുപടം ഭാവിയിലാരെങ്കിലും മാറ്റുമെന്ന് നമുക്കു പ്രത്യാശിക്കാം.

തലക്കാട്ടെ രാജവംശങ്ങൾ
മിത്തുകളുടെ ധാരാളിത്തം കർണാടകത്തിലെ മറ്റു ചരിത്രസ്മൃതികളിലെന്നപോലെ ഇവിടെയുമുണ്ട്. ഹമ്പി, ബാദാമി, ഹാലേബിഡു, ബേലൂർ തുടങ്ങിയവിടങ്ങളിലെ വിവിധങ്ങളായ സാമ്രാജ്യങ്ങളുടെ ഉദയാസ്തമയങ്ങളൊത്തിരി കണ്ടിട്ടുണ്ട് കന്നടം. അതിൽ തന്നെ ഏറെ പ്രത്യേകതയുള്ള മറ്റൊരു സ്ഥലമാണ് തലക്കാട്. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യകാലത്തു തന്നെ ഈ ക്ഷേത്രനഗരി മണൽ വന്നു മൂടിയിരിക്കണമെന്ന അനുമാനിക്കുന്നു. ചരിത്രപഠനത്തിന് ഇനിയുമേറെ സാധ്യതകൾ തുറന്നു തരുന്നതാണിവിടുത്തെ ഓരോ മണൽ തരികളും. ഗംഗാ സാമ്രജ്യത്തിന്റെ ഭാഗമായിരുന്നു ആദ്യകാലത്ത് തലക്കാട്. കർണാടകത്തിലെ ഒരു പ്രധാന രാജവംശമായിരുന്നു ഗംഗാ രാജവംശം ഉദ്ദേശം ക്രി.വ. 350 മുതൽ ക്രി.വ. 1000 വരെ). ഇവരുടെ ആദ്യ തലസ്ഥാനം കോലാർ ആയിരുന്നു. പിന്നീട് തലക്കാട്ടേക്ക് മാറുകയായിരുന്നു. ബാദാമി ചാലൂക്യരുടെ മേൽക്കോയ്മ അംഗീകരിച്ചുകൊണ്ടുള്ള ഭരണമായിരുന്നു ഇവരുടേത്. തലക്കാട്ടുള്ള പല ക്ഷേത്രങ്ങളും ഇവർ പണി കഴിപ്പിച്ചവയയിരുന്നു. ജൈനമതത്തോട് ഇവർ കാണിച്ച താല്പര്യത്തിന്റെ ഫലമാണ് ശ്രാവണബലഗൊളയിലേയും കംബദഹള്ളിയിലേയും നിർമ്മിതികൾ പറയുന്നത്. ഗംഗന്മാരെ തോൽപ്പിച്ച ചോളന്മാരുടെ കൈയ്യിലായി പിന്നീട് തലക്കാട്. പിന്നീട് ഹൊയ്സാലരുടേയും വിജയനഗര സാമ്രാജ്യത്തിന്റേയും കയ്യിലെത്തി. അവസാനം മൈസൂർ ഭരിച്ചിരുന്ന വോഡയാർ രാജവംശത്തിന്റെ കീഴിലായിത്തീർന്നു തലക്കാട്.

തലക്കാട് എന്ന പേര്
തലക്കാടിന്റെ പേരിനും പിന്നീടു വന്നണഞ്ഞ ദുർവിധിക്കും പുറകിലെ മിത്തിലേക്ക് പോവുന്നത് രസകരമായിരിക്കും. ആദ്യം പേരിനു പിന്നിലെ മിത്തിലേക്കു പോകാം. സോമദത്തൻ എന്നു പേരായ ഒരു സന്ന്യാസി ശിഷ്യന്മാരോടു കൂടി ഒരിക്കൽ ഇവിടേക്ക് ശിവക്ഷേത്രം ദർശിക്കാനായി വരികയുണ്ടായി. ക്ഷേത്രത്തിലെത്തുന്നതിനു മുമ്പായി സോമദത്തനും ശിഷ്യന്മാരും ഒരു കൂട്ടം കാട്ടാനകളാൽ കൊല്ലപ്പെടുന്നു. ഇങ്ങനെ കൊല്ലപ്പെട്ട മഹർഷിയും കൂട്ടരും കാട്ടാനകളായി തന്നെ അവിടെ പുനർജ്ജനിക്കുന്നു. ആനകളായി പുനർജനിച്ച സോമദത്തനും ശിഷ്യന്മാരും ഒരു മരത്തെ ശിവനായി കണ്ട് ആരാദിച്ചു വന്നു.

പിന്നീടൊരിക്കൽ തലയെന്നും കഡു എന്നും പേരായ രണ്ട് വേട്ടക്കാർ അതു വഴി വരികയുണ്ടായി. അവർ ഈ മരം മുറിക്കാൻ ശ്രമിച്ചു. വേട്ടേറ്റ ഭാഗത്തു നിന്നും രക്തം വരുന്നതു കണ്ട് വേട്ടക്കാർ ഞെട്ടി വിറച്ചു. ഉടനേതന്നെ മ്മഴു വലിച്ചെറിഞ്ഞ് അവർ ആ മരത്തിന്റെ തന്നെ ഇലയും ഫലങ്ങളും കൊണ്ട് ആ മുറിവിൽ കെട്ടി വെച്ചു. പൊടുന്നനെ മുറിവുകൾ മാഞ്ഞു. രക്തസ്രാവം നിന്നു. മരത്തിന്റെ രൂപത്തിൽ അവിടെ നിൽക്കുന്നത് വൈദ്യനാഥനായ ശിവൻ തന്നെയെന്നവർ വിശ്വസിച്ചു. മരത്തിൽ ശിവരൂപം ദർശിച്ച അവരും അവിടെ കൂടി. പിന്നീട് ചോള രാജാവ് ഇവിടെ വൈദ്യനാഥേശ്വര ക്ഷേത്രം പണി കഴിപ്പിച്ചു വെങ്കിലും മുന്നേ മുതൽ തന്നെ ആ സ്ഥലം മേൽപ്പറഞ്ഞ രണ്ടു വേട്ടക്കാരുടെ പേരിൽലറിയപ്പെടുകയായിരുന്നു. അങ്ങനെയാണ് തലക്കാട് എന്ന പേരു വന്നതെന്ന് ഐതിഹ്യം.

തലക്കാട് മണലിനടിയിലാകാൻ കാരണം?
vaidyanatha temple - talakaduതലക്കാട് നഗരി മണൽ മൂടിത്തുടങ്ങിയത് 16 ആം നൂറ്റാണ്ടിന്റെ ആദിയിലാണെന്നു പറഞ്ഞുവല്ലോ. ശരിയായൊരു കാരണം ഇതുവരെ വരെ കണ്ടെത്തിയിട്ടില്ല. എന്നാൽ തലക്കാട്ടുകാർക്ക് ഇക്കാര്യത്തിൽ സംശയമൊന്നുമില്ല. അവർക്കതിനു വ്യക്തമായ കാരണങ്ങളുണ്ട്. അത് അലമേലു രാജ്ഞിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. വിജയനഗരസാമ്രാജ്യം ഇവിടം ഭരിച്ചിരുന്ന സമയത്ത് നടന്നൊരു സംഭവമാണ്. ഏതാണ്ട് വിജയനഗരസാമ്രാജ്യത്തിന്റെ കയ്യിൽ നിന്നും വോഡയാർ രാജവംശത്തിന്റെ കൈയ്യിലേക്ക് തലക്കാട്ടു ഭരണമെത്തുന്നതിനു തൊട്ടു മുമ്പ് – വിജയനഗരസാമ്രാജ്യത്തിനു വേണ്ടി ശ്രീരംഗയ്യ എന്ന രാജാവായിരുന്നു തലക്കാടു ഭരിച്ചിരുന്നത്. ശ്രീരംഗയ്യയുടെ ഭാര്യയാണു അലമേലുവമ്മ. അലമേലുവമ്മ ശ്രീരംഗപട്ടണത്തുള്ള ശ്രീരംഗനായകി ദേവിയുടെ (പാർവ്വതി) ഭക്തയായിരുന്നു. ഇവർ എല്ലാവർഷവും തന്റെ സർവ്വാഭരണങ്ങളും ദേവിക്കു ചാർത്താനായി വിട്ടു കൊടുക്കുമായിരുന്നു. ഉത്സവശേഷം ആഭരണങ്ങൾ അവർക്കുതന്നെ തിരിച്ചു കിട്ടുകയും ചെയ്യും. ഭർത്താവായ ശ്രീരംഗയ്യയ്ക്ക് ആ സമയത്ത് ഏതോ മാറാവ്യാധി വന്നപ്പോൾ തലക്കാട്ടുള്ള വൈദ്യനാഥേശ്വരനെ പ്രാർത്ഥിച്ചാൽ ഫലമുണ്ടാവുമെന്ന് കരുതി ഇരുവരും അവിടേക്ക് യാത്രയായി. അവിടെ വെച്ച് അദ്ദേഹം മരിക്കുന്നു. ഈ സമയം മുതലാക്കി വോഡയാർറാജാവ് തലക്കാട് കീഴടക്കി. ദേവിക്കു ചാർത്തിയ അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ആഭരണങ്ങളിൽ മൈസൂർറാജാവ് ആകൃഷ്ടനായി. അതിലേറെ അലമേലുവമ്മയിലും!! അദ്ദേഹമത് കൈക്കലാക്കാൻ ശ്രമിക്കുകയും അലമേലുവമ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. കോപിഷ്ഠയായ അലമേലുവമ്മ തന്റെ മൂക്കുത്തി ശ്രീരംഗനായകിദേവിക്കു കൊടുത്തിട്ട് ബാക്കി ആഭരണങ്ങൾ തുണിയിൽ പൊതിഞ്ഞെടുത്ത് മാലിങ്കി എന്ന സ്ഥലത്ത് വെച്ച് കാവേരിനദിയിൽ മുങ്ങി ആത്മഹത്യ ചെയ്തു! ആത്മഹത്യയ്ക്കു തൊട്ടുമുമ്പ് അവർ ചൊരിയുന്ന ശാപവാക്കുകൾ ഇന്നും തലക്കാട്ടൂകാർക്ക് ഹൃദിസ്ഥമാണ് “ತಲಕಾಡು ಮರಳಾಗಿ; ಮಾಲಿಂಗಿ ಮಡುವಾಗಿ, ಮೈಸೂರು ದೊರೆಗೆ ಮಕ್ಕಳಾಗದೆ ಹೋಗಲಿ!” എന്നാണത്രേ അത് 🙂 തലക്കാട് മണഗാലി; മാലിങ്കി മഡവാഗലി;മൈസൂരു അരസിരഗേ മക്കളു ആഗദിരാലി” തലക്കാട് മണ്ണു മൂടട്ടെ, താൻ മുങ്ങി മരിക്കുന്ന മാലിങ്കി എന്ന സ്ഥലം ചുഴിയാവട്ടെ (ചതുപ്പ്), മൈസൂരിലെ രാജാക്കന്മാരൊക്കെ മക്കളില്ലാത്തവരാകട്ടെ” എന്നായിരുന്നു ആ ശാപവാക്യം. സത്യമോ മിഥ്യയോ, രസകരമായ ശാപവചസുകൾ! സംഗതി അതേപടി ആവർത്തിച്ചു എന്നത് കാലം തെളിയിച്ച സത്യം!! ഇന്നും രാജാക്കന്മാരാവാൻ കാലം വിധിച്ചവർക്ക് മക്കളുണ്ടാവുന്നില്ല; അവർക്ക് മറ്റുള്ളവരെ ദത്തെടുക്കേണ്ടി വരുന്നു. ദത്തുമക്കൾ രാജാവായി കിരീടധാരണം നടന്നാൽ അവർക്ക് മക്കൾ ജനിക്കും; സ്വാഭാവികമായും ആ മക്കളാണല്ലോ അടുത്ത രാജാവ്! പക്ഷേ അങ്ങനെ കാലം കനിഞ്ഞു നൽകുന്ന ഈ സൗഭാഗ്യം അവരിൽ തന്നെ അവസാനിക്കുന്നു. കഴിഞ്ഞ വർഷം മരണമടഞ്ഞ ശ്രീകണ്ഠദത്ത നരസിംഹരാജ വോഡയാർ ഒരു ദത്തുമകന്റെ മകനായിരുന്നു; ഇദ്ദേഹത്തിനു മക്കളില്ലാതെ വന്നപ്പോൾ മൂത്ത സഹോദരി ഗായത്രീദേവിയുടെ കൊച്ചുമകനായ യദുവീര്‍ ഗോപാല്‍ രാജയെ കിരീടധാരണം ചെയ്തു!

ഇന്നത്തെ തലക്കാട്
Kaveri River - talakaduവൈദ്യനാഥേശ്വര ക്ഷേത്രം, പാതാളേശ്വര ക്ഷേത്രം, മുരുളേശ്വരക്ഷേത്രം, അര്‍ക്കേശ്വര ക്ഷേത്രം, മല്ലികാര്‍ജ്ജുനക്ഷേത്രം എന്നീ അഞ്ചു ക്ഷേത്രങ്ങളാണു തലക്കാടിൽ പ്രധാനം. സമീപത്തു തന്നെ കാവേരിനദിയുടെ വിശാലമായ മടിത്തട്ട്! ഉല്ലാസയാത്ര ആഗ്രഹിക്കുന്നവർക്ക് നദിയിലൂടെ ഒരു ബോട്ടുയാത്രയാവാം. എല്ലാവര്‍ഷവും ഇവിടുത്തെ ക്ഷേത്രങ്ങളെല്ലാം മണല്‍ മൂടിപ്പോവുക പതിവായിരുന്നു. അടുത്ത കാലത്തായി ഗവണ്മെന്റ് ശക്തമയ മുൻകരുതലുകൾ നടത്തുന്നതിനാൽ ഇവ മൂടിപ്പോകാതെ സംരക്ഷിക്കപ്പെട്ടു പോരുന്നു. അഞ്ചു ശിവക്ഷേത്രങ്ങൾക്കിടയിൽലൊരു കീർത്തിനാഥേശ്യരക്ഷേത്രമെന്ന വിഷ്ണു ക്ഷേത്രം കണ്ടെടുത്തിട്ടുണ്ട്. ഏറെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണിത്. ഇതിന്റെ പലഭാഗങ്ങളും പുതുക്കി പണിത് ആകെ വൃത്തികേടാക്കി വെച്ചിരിക്കുകയാണിപ്പോൾ. ഇവിടെ പന്ത്രണ്ട് വർഷത്തിൽലൊരിക്കൽ നടക്കുന്ന പഞ്ചലിംഗദർശനം ഏറെ പ്രധാനമാണ്, കഴിഞ്ഞ തവണ അതു നടന്നത് 2009 – ഇൽ ആയിരുന്നു.

ചില പ്രധാനക്ഷേത്രങ്ങൾ
വൈദ്യനാഥേശ്വര ക്ഷേത്രം: പതിനാലാം നൂറ്റാണ്ടില്‍ ചോളന്മാരുടെ ഭരണകാലത്ത് ദ്രാവിഡ ശൈലിയില്‍ പണിത ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിലെ പ്രതിഷ്ഠ ശിവലിംഗമാണ്. ലിംഗത്തിന്റെ പുറകിലായി ശിവന്റെ മുഖം കൊത്തിവച്ചിട്ടുണ്ട്. ശിവലിംഗത്തിനടുത്തായി പാര്‍വ്വതി, വിഷ്ണു, അലമേലുമങ്ക, രുദ്രാക്ഷമുള്ള ശിവലിംഗം, തുടങ്ങിയ പ്രതിഷ്ഠകളും കാണാം. ഈ ക്ഷേത്രം ഇപ്പോള്‍ ഏതാണ്ട് പകുതിയോളം മണലില്‍ ആണ്ടുകിടക്കുകയാണ്.

പാതാളേശ്വര ക്ഷേത്രം: തലക്കാട് നഗരത്തില്‍ ഗംഗന്മാര്‍ പണിത ആദ്യകാല ക്ഷേത്രങ്ങളിലൊന്നാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ ശിവലിംഗം തന്നെയാണ് ഏറ്റവും പ്രധാന ആകര്‍ഷണം. ദിവസത്തില്‍ പലതവണയായി ഈ ലിംഗത്തിന് നിറം മാറ്റംസംഭവിയ്ക്കും. കാലത്ത് ലിംഗം ചുവന്ന നിറത്തിലും ഉച്ചതിരിയുമ്പോള്‍ കറുത്ത നിറത്തിലും രാത്രിയില്‍ വെളുത്തനിറത്തിലുമാണ് കാണാന്‍ കഴിയുക.

അര്‍ക്കേശ്വര ക്ഷേത്രം: ശിവക്ഷേത്രം തന്നെയാണിതും. ക്ഷേത്രത്തിലേയ്‌ക്കെത്തുന്നതിന് മുമ്പായി വാസ്തുയന്ത്രം സ്ഥാപിച്ചിരിക്കുന്ന ഒരു പാറ കാണാന്‍ കഴിയും. രോഗങ്ങളുള്ള പശുക്കളെ ഈ പാറയില്‍ കൊണ്ടുവന്ന് കെട്ടിയാല്‍ അവയുടെ രോഗം മാറുമെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം.

കീര്‍ത്തി നാരായണ ക്ഷേത്രം: തലക്കാട്ടേയ്ക്കുള്ള യാത്രക്കിടെ കയറാവുന്ന മറ്റൊരു സ്ഥലമാണ് കീര്‍ത്തി നാരായണക്ഷേത്രം. 1911ല്‍ നശിച്ചുപോയതാണ് ഈ ക്ഷേത്രം. ഹൊയ്‌സാല ഭരണകാലത്താണ് ഇത് പണികഴിപ്പിച്ചത്. ഹൊയ്‌സാല രാജാവായിരുന്ന വിഷ്ണുവര്‍ദ്ധനനാണ് ഈ ക്ഷേത്രത്തില്‍ കീര്‍ത്തിനാരായണന്‍, രംഗനാഥര്‍ എന്നിവരുടെ പ്രതിഷ്ഠ നടത്തിയത്. ഒന്‍പത് അടി ഉയരമുള്ള വിഷ്ണുപ്രതിമായാണ് ക്ഷേത്രത്തിലെ എടുത്തുപറയേണ്ടുന്ന പ്രത്യേകത. ഗരുഢ പീഡത്തിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

മല്ലികാര്‍ജുന ക്ഷേത്രം: ഭ്രമരാംബികയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മല്ലികാര്‍ജ്ജുന സ്വാമിയുടെ ചെറിയ ലിംഗവും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ലിംഗത്തിന് മുകളില്‍ കാണാന്‍ കഴിയുന്ന അടയാളങ്ങള്‍ കാമധേനുവിന്റേതാണെന്നാണ് വിശ്വാസം.

ചെന്നകേശവ ക്ഷേത്രം, വേണുഗോപാലസ്വാമി ക്ഷേത്രം: തലക്കാട്ടേയ്ക്കുള്ള യാത്രയില്‍ കടന്നുപോകേണ്ടത് സോമനാഥപുര ഗ്രാമത്തിലൂടെയാണ്. ഇവിടെയാണ് ഈ രണ്ടു ക്ഷേത്രങ്ങൾ. വേണുഗോപാലസ്വാമി ക്ഷേത്രം ഹൊയ്‌സാല ഭരണകാലത്ത് 1296ലും ചെന്നകേശവ ക്ഷേത്രം 1268ലും പണികഴിപ്പിച്ചതാണ്. മൂന്നുകോണുള്ള നക്ഷത്ര രൂപത്തിലുള്ള അടിത്തറയിലാണ് ചെന്നകേശ്വക്ഷേത്രം പണിതിരിക്കുന്നത്.

മരുളേശ്വര ക്ഷേത്രം: കൂറ്റന്‍ ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. ഗംഗന്മാരുടെ കാലത്താണ് ഇത് പണികഴിപ്പിച്ചത്. ബ്രഹ്മാവാണ് ഇവിടെ ശിവ ലിംഗം പ്രതിഷ്ഠിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. കീര്‍ത്തി നാരായണ ക്ഷേത്രത്തിനടുത്തായിട്ടാണ് മരുളേശ്വര ക്ഷേത്രമുള്ളത്.

വൈദ്യനാഥേശ്വര ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും മണലിലൂടെ ഒന്നരകിലോമീറ്ററോളം നടന്നു തന്നെ ഇതിൽ മിക്ക ക്ഷേത്രങ്ങളും കാണാനാവും. തണൽ നൽകാൻ ധാരാളം മരങ്ങൾ ചുറ്റുമുള്ളതിനാൽ മടുപ്പൊന്നും തോന്നുകയില്ല. ചരിത്രവിസ്മയങ്ങൾ അല്പമെങ്കിലും അത്ഭുതം സൂക്ഷിക്കുന്നവർക്ക് തലക്കാട് രസം പകരുന്ന ഒരു യാത്രയാവും. പോയി വരുമ്പോൾ പതഞ്ഞു വീഴുന്ന ശിവനസമുദ്രയിൽ ഒന്നിറങ്ങി തണുപ്പിച്ച് പോരുകയുമാവാം!!

2 thoughts on “ചരിത്രം മണലെടുത്ത തലക്കാട്

  1. മൈസൂരു അരസിരഗേ മക്കളു ആഗദിരാലി” ennu paranjal mysooru rajakkanmarkku makaklu undakaruth ennalle Rajeshetta allathe avarellam kashandi thalayanmar aakatte ennallallo…

Leave a Reply to Liji Cancel reply

Your email address will not be published. Required fields are marked *