ആത്മാർപ്പണത്തിന്റെ വിജയഗാഥ
ഇച്ഛാശക്തിയും അർപ്പണബോധവും ഉള്ള ഒരു അദ്ധ്യാപകവൃന്ദം നമുക്കുണ്ടായിരുന്നെങ്കിൽ എത്ര സുന്ദരമാവുമായിരുന്നു നമ്മുടെ നാട്. തീരെ ഇല്ലെന്നല്ല; പല സ്കൂളുകളിലായി ഒളിഞ്ഞും തെളിഞ്ഞും ചിലരൊക്കെയുണ്ട്. ഈയടുത്ത് മലയാളം വിക്കിപീഡിയ സംഘടിപ്പിച്ച വിജ്ഞാനയാത്രയ്ക്ക് ആതിഥ്യമരുളിയ കണ്ണൂർ ജില്ലയിലെ പെരുവ പാലയത്തുവയൽ ഗവണ്മെന്റ് യു. പി. സ്കൂളിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ഇത്തരം കുറേ അദ്ധ്യാപകരുടെ കേന്ദ്രീകരണമായിരുന്നു. ശ്രീ. ജയരാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ 15 ഓളം അദ്ധ്യാപകർ അവിടെ ഒരു വിജയഗാഥ രചിക്കുന്നു. റിസേർവ്ഡ് വനത്തിനു നടുവിലായൊരു സ്കൂൾ. ആകെ അങ്ങോട്ടുള്ളത് ഒരേയൊരു കെ. എസ്. ആർ. ടി. സി. ബസ്സ്! ചങ്ങല ഗേറ്റ് എന്ന സ്ഥലത്തുനിന്നും വിട്ടാൽ പിന്നെ ചുറ്റും കാടാണ്. ഏറെ ദൂരം സഞ്ചരിച്ചാൽ നമുക്ക് പാലയത്തുവയൽ സ്കൂളിലെത്താം. പണ്ട്, പണ്ടെന്നു പറഞ്ഞാൽ പഴശ്ശിരാജയോളം…