Select your Top Menu from wp menus

ഒരു ആലപ്പുഴ യാത്ര

വിക്കിപീഡിയ എന്ന സ്വതന്ത്ര്യസർവ്വവിജ്ഞാനകോശത്തെ ആലപ്പുഴയിലെ സാധാരണക്കാരിലേക്ക് എത്തിച്ച പ്രവർത്തകസംഗമമായിരുന്നു ഇപ്രാവശ്യത്തെ വിക്കിസംഗമോത്സവം. എടുത്തു പറയാൻ ഏറെ പുതുമകൾ ഇതിനുണ്ട്. സംഘാടനം തന്നെയാണിതിൽ മുന്നിട്ട് നിൽക്കുന്നത്. എത്രമാത്രം കാര്യക്ഷമമായി ഒരു പരിപാടി സംഘടിപ്പിക്കാമോ അതിന്റെ അവസാനപരിധിയോട് ഏറെ ചേർന്നു നിൽക്കുന്നു ആലപ്പുഴയിലെ സംഘാടകസമിതിയുടെ പ്രവർത്തനം. ശാസ്ത്രസാഹിത്യ പരിഷിത്തിന്റെ മികവുറ്റ സംഘാടചാതുരിക്ക് ആദ്യമേ നമസ്കാരം.

ലളിതവും സുന്ദരവുമായ ഭക്ഷണങ്ങൾ ഏറെ ഇഷ്ടമായെങ്കിലും 21 നു വൈകുന്നേരം കിട്ടിയ ചിക്കൻകറിയും ഇടയ്ക്കിടെ കിട്ടിക്കൊണ്ടിരുന്ന ചായയും കൊള്ളില്ലായിരുന്നു. ഇത് പക്ഷേ, ചിരട്ടപ്പുട്ടിന്റേയും അവൽ മിക്സിന്റേയും വൈകുന്നേരത്തെ കഞ്ഞിയുടേയും (ഹോ! എന്താ സ്വാദ് അതിന്!) ഒക്കെ മുന്നിൽ ഒരു കുറവേ ആവുന്നില്ല! ചുമ്മാ ഒന്ന് കുറ്റം പറഞ്ഞെന്നു മാത്രം!  21 ലെ ഉച്ചയ്ക്കുള്ള ഭക്ഷണം മിസ്സായതിലുള്ള സങ്കടം സംഘാടക സമിതിയെ അറിയിക്കുന്നു.

ഏറെ ഇഷ്ടമായ മറ്റൊരു സംഗതി അഷ്ടമുടിയെന്ന ഹോം സ്റ്റേയിലെ ചേച്ചിയുടേയും ചേട്ടന്റേയും പെരുമാറ്റമായിരുന്നു. കുഞ്ഞുമായെത്തിയ ഞങ്ങൾക്ക് ഏറെ സഹായകരമായിരുന്നു ആ വീട്ടിലെ താമസം. ആമീസിന്റെ ജീവിതത്തിലെ ആദ്യത്തെ യാത്രാനുഭവം കൂടിയായിരുന്നു ഇത്. ആവശ്യത്തിനു ചൂടുവെള്ളം ലഭ്യമാക്കാനും, അത്യാവശ്യസഹായങ്ങൾക്കും അവർ യാതൊരു ലോഭവും വരുത്തിയില്ല. ഒരു ഹൗസ് ബോട്ടിലെന്നു തോന്നിപ്പിക്കുന്ന തരത്തിൽ സജ്ജീകരണങ്ങൾ ഉള്ള വിശാലസുന്ദരമായ മുറികൾ ഉള്ള നല്ലൊരു വീട്.  തിരിച്ചു വരുമ്പോൾ ഞങ്ങളുടെ ലഗേജുകളുമായി ഞങ്ങളെ അനുഗമിച്ച ചേച്ചിയുടെ ആതിഥ്യമര്യാദയെ അഭിനന്ദിച്ചേ മതിയാവൂ. ആലപ്പുഴയിൽ ഒന്നോ രണ്ടോ ദിവസം താമസ്സത്തിനെത്തുന്നവർക്ക് അഭിമാനപൂർവ്വം ഞങ്ങളീസ്ഥലം റഫർ ചെയ്യാൻ തയ്യാറാണ്.

വിക്കിപീഡിയയേയും സ്വതന്ത്ര്യസോഫ്റ്റ്‌വെയർ പ്രസ്ഥാനത്തേയും മനസാ വരിച്ച ഒട്ടേറെപേരെ കാണുക എന്നതായിരുന്നു എന്റെ യാത്രയുടെ പ്രധാന ലക്ഷ്യം. ഏറെക്കുറെ അത് ഫലപ്രാപ്തി കണ്ടെങ്കിലും, ഇനി ഒരു കൂടിക്കാഴ്ചകൂടി വേണ്ടിവരും മുഖങ്ങൾ ഒക്കെയങ്ങ് മനസ്സിൽ നന്നായി ഉറയ്ക്കാൻ എന്നു തോന്നുന്നു. ഓൺലൈനിൽ കണ്ടുപരിചരിയപ്പെട്ട മറ്റുചില സുഹൃത്തുക്കളെ കൂടെ അവിടെ കാണാനായത് സന്തോഷത്തിന്റെ ഇരട്ടിമധുരം തന്നു. മഞ്ജുവും കുഞ്ഞും കൂടെ ഉണ്ടായതിനാൽ കൈയ്യും കാലും കെട്ടിയ ഒരു അവസ്ഥ തന്നെയായിരുന്നു എന്നു പറയാം. എങ്കിലും അവരോടൊപ്പമുള്ള അഷ്ടമുടിയിലെ താമസത്തിന് ഒരു സുഖമുണ്ടായിരുന്നു. കൂടെ ലാലുവും ഭാര്യ ജ്യോതിയും വാവയും വിശ്വേട്ടനും കുടുംബവും, അച്ചുകുളങ്ങരയും  ഒക്കെയായി അവിടെ രസകരമായിരുന്നു.

 

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *

Responsive WordPress Theme Freetheme wordpress magazine responsive freetheme wordpress news responsive freeWORDPRESS PLUGIN PREMIUM FREEDownload theme free