സഖാവ്

സഖാവ്

Sakhav, SAM MATHEW, ARYA DAYAL
കവിത കേൾക്കുക:

0:00

നാളെയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും (2)
കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ
കൊല്ലം മുഴുക്കെ ജയിലിലാണോ…? (2)

എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ (2)
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും (2)
നിന്റെ ചങ്കുപിളർക്കുന്ന മുദ്രാ-
വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ (2)

എത്രകാലങ്ങളായ് ഞാനീയിട
ത്തെത്ര പൂക്കാലമെന്നെ തൊടാതെപോയ് (2)
നിന്റെ കൈപ്പട നെഞ്ചിൽ പടർ‌ന്ന നാൾ
എന്റെ വേരിൽ പൊടിഞ്ഞു വസന്തം (2)
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പീത പുഷ്പങ്ങളാറി കിടക്കുന്നു… (2)

കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ
എന്റെ പൂവിൻ ഗന്ധം കുടിക്കണം (2)
നിന്റെ ചോരക്കണങ്ങളാണെന്നിൽ
പീതപുഷ്പങ്ങളൊക്കെ തൊടുത്തതും (2)
ആയുധങ്ങളാണല്ലോ സഖാവേ
നിന്റെ ചോരചൂടാൻ കാത്തിരുന്നതും (2)

തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങൾ പെയ്തു തോരുന്നു (2)
പ്രേമമായിരുന്നെന്നിൽ സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാന്‍ (2)
വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും (2)

നാളെയി പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും

കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ
കൊല്ലം മുഴുക്കെ ജയിലിലാണോ…? (2)

Leave a Reply

Your email address will not be published. Required fields are marked *