രതീഷിനെ കുറിച്ച്

രതീഷിനെ കുറിച്ച്

അമ്മയുടെ അമ്മാവന്റെ മകനാണു രതീഷ്. അനിയത്തോടൊപ്പം നിൽക്കുന്ന പ്രായം. രതീഷിന്റെ ചേച്ചി അനിതയും അമ്മയുടെ മറ്റൊരു അമ്മാവന്റെ മകൾ ബിന്ദുവും ഞാനും സമപ്രായക്കാരാണ്. രതീഷും ബിന്ദുവിന്റെ അനിയൻ രാജേഷും എന്റെ അനിയത്തി രാജിയും ഒരേ പ്രായക്കാരും ആയതിനാൽ ഒന്നിച്ചു കളിച്ചു ചിരിച്ചു വളർന്നവരാണ് ഏവരും. ആണുങ്ങളായതിനാൽ സകല തോന്ന്യവാസങ്ങൾക്കും ഞങ്ങൾ മൂവരും ഒരുമിച്ചായിരുന്നു ചെറുപ്പകാലങ്ങളിൽ ഉള്ള സഹവാസം.

അനുഗൃഹീതമായ ഗാനാലാപന ശൈലിയാൽ രതീഷ് യാതൊരു പരിശീലനവും ഇല്ലാതെ തന്നെ തെളിഞ്ഞു വരുന്ന കാഴ്ചയാണ് അടുത്ത കാലങ്ങളിൽ കാണാൻ സാധിച്ചത്. പാട്ടുപാടാനും നാടകങ്ങളിലും മറ്റും അഭിനയിക്കാനും ഏറെ താല്പര്യമുള്ളവർ കുടുംബത്തിൽ ഒട്ടേറെ പേരുണ്ടെങ്കിലും കൃത്യമായ പരിശീലനം ആർക്കും തന്നെ കിട്ടിയിരുന്നില്ല. പൊലീസുകാരനായ ബാബുദാസ് അടങ്ങാത്ത അഭിനയമോഹം വെച്ചു പുലർത്തിയ വ്യക്തിയായിരുന്നു. നിതാന്തപരിശ്രമത്തിലൂടെ നല്ലൊരു ഡോക്യുമെന്ററി ആർട്ടിസ്റ്റായി നിരവധി ടെലിഫിലിമുകളും പരസ്യചിത്രങ്ങളും അവൻ ചെയ്തിരുന്നു. തൊണ്ടിമുതലും ദൃക്ഷാക്ഷിയും എന്ന സിനിമയിലൂടെ അവൻ അഭ്രപാളിയിലും എത്തിയിരുന്നു.

പലതരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ വളർന്നു വന്ന രതീഷ് സ്വതസിദ്ധമായ കഴിവിനാൽ ജനലക്ഷങ്ങളാൽ ശ്രദ്ധിക്കപ്പെടുകയാണിപ്പോൾ. രതീഷിനെ കുറിച്ച് വൺഇന്ത്യ, മാതൃഭൂമി, മനോരമ മാധ്യമങ്ങളിൽ വന്ന വാർത്തകൾ താഴെ കൊടുക്കുന്നു.

കോമഡി ഉത്സവത്തിൽ വീണ്ടും രതീഷ്, കൂടെ ടിനി ടോം, ഗിന്നസ് പക്രു, ജയസൂര്യ, ബിജുക്കുട്ടൻ…മലയാളം വൺ ഇന്ത്യയിൽ വന്ന വാർത്ത

അനുകരണമല്ല അത്ഭുതം! യേശുദാസിന്‍റെ ശബ്ദത്തില്‍ രതീഷിന്‍റെ പാട്ട്

പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായുള്ള ഉള്ളടക്കവുമായാണ് ഫ്‌ളവേഴ്‌സ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഈ ചാനലിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് കോമഡി ഉത്സവം. സിനിമയിലും സീരിയലിലുമായി നിറഞ്ഞുനിന്നിരുന്ന മിഥുന്‍ രമേഷാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. നടനും ഡബ്ബിംഗ് ആര്‍ടിസ്റ്റും മാത്രമല്ല നല്ലൊരു അവതാരകനും കൂടിയാണ് താനെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചാണ്. നല്ലൊരു സംഘാടകന്‍ കൂടിയാണ് താനെന്ന് അദ്ദേഹം ഈ പരിപാടിയിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. മിമിക്രി, ഡബ്‌സ്മാഷ്, പാട്ട് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മികവ് പ്രകടിപ്പിച്ച അനേകം പേരാണ് വേദിയെ സജീവമാക്കാനായി ഓരോ തവണയും എത്തുന്നത്. ഭിന്നശേഷിക്കാരായ നിരവധി കലകാരന്‍മാരാണ് അവരുടെ പ്രകടനവുമായി വേദിയിലേക്ക് എത്തിയത്. കൊച്ചുകുട്ടികളും മുതിര്‍ന്നവരുമൊക്കെയായി നിരവധി പ്രതിഭകള്‍ ഇതിനോടകം തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

Ratheesh Kanddukkamടിനി ടോം, ബിജുക്കുട്ടന്‍, മനോജ്, തുടങ്ങിയവരാണ് പരിപാടിയുടെ പ്രധാന വിധികര്‍ത്താക്കള്‍. അര്‍ഹരായവര്‍ക്ക് കൃത്യമായ സഹായവും ചികിത്സയും നല്‍കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. വിവിധ സെഗ്മെന്റുകളായാണ് പരിപാടി നടത്തുന്നത്. അവയില്‍ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് വൈറല്‍ കട്ട്‌സ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ കലാപ്രകടനത്തിന്റെ പുനരാവിഷ്‌ക്കാരവുമായി അതാത് പ്രതിഭകള്‍ തന്നെയാണ് എത്താറുള്ളത്. മുന്‍നിര താരങ്ങളും ഗായകരും രാഷ്ട്രീക്കാരുമൊക്കെയായി നിരവധി പേരെ അനുകരിച്ചിട്ടുണ്ട് കലാകാരന്‍മാര്‍. എന്നാല്‍ എല്ലാത്തിനെയും മറികടക്കുന്ന അസാമാന്യ പ്രകടനവുമായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കണ്ടത്. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. രതീഷിന്റെ ഗാനവീഥികളായിരുന്നു ഇപ്രാവശ്യം.

അനുകരണമെന്ന് വിലയിരുത്തരുത്
കാസര്‍കോട് ജില്ലയിലെ ഒടയഞ്ചാൽ സ്വദേശിയായ രതീഷിന്റെ പാട്ടിനെ ഇതിനോടകം തന്നെ പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. പരപ്പയിൽ ടയർ റിസോളിങ് കമ്പനിയിൽ ജോലിചെയ്തു വരികയാണ് രതീഷ്. അമ്മയിലൂടെ പകര്‍ന്ന് ലഭിച്ച സംഗീതമാണ് രതീഷ് കാത്തുസൂക്ഷിക്കുന്നത്. പാട്ടു പഠിച്ചിട്ടില്ലെങ്കിലും അമ്മയും അമ്മാവന്മാരും നല്ല ഗായകരാണ്. യേശുദാസിനെ നിരവധി പേര്‍ അനുകരിച്ചിട്ടുണ്ടെങ്കിലും എല്ലാത്തില്‍നിന്നും വേറിട്ട് നില്‍ക്കുന്ന പ്രകടനമാണ് രതീഷിന്റേത്. അനുകരണമെന്ന് പറഞ്ഞ് രതീഷിന്റെ പ്രകടനത്തെ മാറ്റി നിര്‍ത്താനാവില്ല.

വികാരനൗകയുമായി
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ അമരത്തിലെ വികാരനൗകയുമായി എന്ന ഗാനം രതീഷ് ആലപിച്ചപ്പോള്‍ സദസ്സും വിധികര്‍ത്താക്കളും അക്ഷരാര്‍ത്ഥത്തില്‍ ആ പാട്ടില്‍ ലയിക്കുകയായിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് രതീഷിന്റെ പാട്ടിനെ സദസ്സ് സ്വാഗതം ചെയ്തത്.

നിര്‍ത്താന്‍ തോന്നുന്നില്ല
രതീഷിന്റെ പാട്ട് അവസാനിച്ചപ്പോള്‍ നിര്‍ത്താന്‍ തോന്നുന്നിലെന്നായിരുന്നു മിഥുന്‍ രമേഷിന്റെ കമന്റ്. ഈ ഗാനം കഴിഞ്ഞയുടനെ വില്ലനിലെ കണ്ടിട്ടും എന്ന ഗാനമാണ് രതീഷ് ആലപിച്ചത്. സദസ്സും ജഡ്ജസും ഒരുമിച്ച് കൈയ്യടിച്ചപ്പോള്‍ പാട്ട് പകുതിക്ക് വെച്ച് നിര്‍ത്തേണ്ടി വന്നു രതീഷിന്. ഇതിലും മികച്ച അഭിനന്ദനം ലഭിക്കാനില്ലെന്നായിരുന്നു മിഥുന്റെ കമന്റ്.

മിഥുന്റെ അഭ്യര്‍ത്ഥന

ഹരിവരാസനം കേള്‍ക്കണമെന്ന അഭ്യര്‍ത്ഥനയായിരുന്നു മിഥുന്‍ മുന്നോട്ട് വെച്ചത്. അക്ഷരസ്ഫുടമായി യേശുദാസ് ആലപിക്കുന്നത് പോലെ തന്നെയാണ് രതീഷ് ആ ഗാനം പൂര്‍ത്തിയാക്കിയത്. നിറഞ്ഞ കൈയ്യടിയും ആരവവുമായി സദസ്സ് എഴുന്നേറ്റപ്പോള്‍ അവതാരകന്‍ അവരെ പിടിച്ചിരുത്തുകയായിരുന്നു. വീഡിയോ വൈറലായാലും ഇല്ലെങ്കിലും ഇതിലും മികച്ച പ്രശംസ ലഭിക്കാനില്ലെന്നായിരുന്നു മിഥുൻ പറയാനുണ്ടായിരുന്നത്.

ദൈവം നേരിട്ട് സപര്‍ശിച്ചിരിക്കുന്നു
മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് യേശുദാസ്. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിക്കാന്‍ പറ്റിയെന്നത് വലിയൊരു കാര്യമായി കാണുന്നവരാണ് നമ്മള്‍. അതിനിടയിലാണ് അദ്ദേഹത്തിന്റെ അതേ ശബ്ദം നല്‍കി ദൈവം രതീഷിനെ അനുഗ്രഹിച്ചിട്ടുള്ളതെന്നായിരുന്നു കലാഭവൻ പ്രചോദിന്റെ കമന്റ്. എവിടെയായിരുന്നു ഇത്രയും നാള്‍, കയറി വരൂ രതീഷേയെന്നായിരുന്നു ധര്‍മ്മജന്റെ കമന്റ്.

മിമിക്രിയെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തരുത്
മിമിക്രി വേദിയിലെ പരിപാടിയില്‍ ഗാനം ആലപിച്ചുവെന്ന് കരുതി ഇതിന്റെ പേരില്‍ രതീഷിനെ മാറ്റി നിര്‍ത്തരുത്. ഈ പാട്ടില്‍ അഭിപ്രായം പറയാന്‍ തങ്ങള്‍ ആളല്ലെന്നും ബിജുക്കുട്ടന്‍ പറയുന്നു. ഇദ്ദേഹം സിനിമയിലും സീരിയലിലും പാടി പുരസ്‌കാരം നേടുമ്പോള്‍ മിമിക്രിയെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തരുതെന്ന അഭ്യര്‍ത്ഥനയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അഭിജിത്ത് കൊല്ലം എന്ന കലാകാരന് ഇത്തരത്തില്‍ അവാര്‍ഡ് നഷ്ടമായിരുന്നുവെന്ന് മിഥുനും പറഞ്ഞു. വ്യക്തിജീവിതത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജുക്കുട്ടന്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

മലയാള മനോരമയിൽ വന്ന വാർത്ത

Ratheesh Kandadukkam

ദാസേട്ടനെ കാണണം, കാലിൽ തൊടണം’ യേശുദാസ് സ്വരമധുരത്തിൽ രതീഷ്

ഇനിയുമെത്ര പേര്‍ ഇങ്ങനെ വെളിച്ചം കാണാത്ത ഇടനാഴികളിലുണ്ടാകും. ഇനിയുമെത്ര സ്വരഭംഗികള്‍ നമ്മിലേക്കുള്ള ഇടനാഴികളില്‍ തങ്ങിനില്‍പ്പുണ്ടാകും… ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ നമ്മള്‍ നമ്മുടെ മനസ്സിനോടു ചോദിച്ചിട്ടില്ലേ ഈ ചോദ്യം. അത്രമാത്രം മനോഹരമായിരിക്കും ആ പാട്ടുകള്‍. എവിടെയായിരുന്നു നിങ്ങളിതുവരെയെന്നു ചോദിച്ചു നിറഞ്ഞു കയ്യടി നല്‍കും അവര്‍ക്ക്… അങ്ങനെയൊരു അനുഭൂതിയുടെ നടുവിലാണ് രതീഷ് എന്ന ഗായകന്‍. മലയാളത്തിന്റെ ഗന്ധര്‍വ്വ ഗായകന്‍, സാക്ഷാല്‍ യേശുദാസാണു പാടുന്നതെന്നു തോന്നിപ്പോകും രതീഷിന്റെ പാട്ടു കേള്‍ക്കുമ്പോള്‍. യേശുദാസ് എന്നത് കാലത്തിനു അല്‍പം പോലും കുറയ്ക്കാനാകാത്തൊരു അത്ഭുതമായി, വിസ്മയയമായി നിലകൊള്ളുന്നതു കൊണ്ടു തന്നെ ഇത്തരമൊരു പാട്ടുകേള്‍ക്കുമ്പോള്‍ അതിശയം അത്ര വേഗമൊന്നും വിട്ടൊഴിയില്ല. ഒരു സ്വകാര്യ ടിവി ചാനലിലെ പരിപാടിയുലൂടെ മലയാളികൾക്കിടയിൽ ചർച്ചയായ രതീഷ് സ്വരത്തിന്റെ സാമ്യത കൊണ്ടു മാത്രമല്ല പ്രശസ്തിയിലേക്കെത്തിയതെന്ന് ആ പാട്ട് കേള്‍ക്കുന്നവര്‍ക്ക് അറിയാ.ം

കാസർകോഡുള്ള പരപ്പയിലെ ഒരു ടയര്‍ കമ്പനിയിലെ ജീവനക്കാരനാണ് രതീഷ്. ഇത്രയും നന്നായി പാടുമെങ്കിലും പാട്ടൊന്നും പഠിച്ചിട്ടില്ല. ടയര്‍ കമ്പനിയിലെ തുച്ഛമായ വേതനമല്ലാതെ പാട്ടു വഴി ജീവിത മാര്‍ഗമൊന്നുമുണ്ടായില്ല. സ്‌കൂളില്‍ തന്നെ ഒമ്പതാം ക്ലാസു വരെയേ പഠിക്കാനായുള്ളൂ. അതുകൊണ്ടു തന്നെ പാട്ട് പഠിത്തമൊന്നും അതിനിടയില്‍ നടന്നില്ല. സ്വരം കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളും അതിനിടയിലുണ്ടായതുമില്ല. എങ്കിലും ആ സ്വരത്തിന്റെ ചാരുതയേറിയതേയുള്ളൂ. ടയര്‍ കമ്പനിയിലെ പണിയും ജീവിതത്തിലെ പ്രാരാബ്ധങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ നാട്ടിലെ കുഞ്ഞു സംഘങ്ങളിലൊക്കെ പാടുമായിരുന്നു. ആ പാട്ടു കേട്ടുണര്‍ന്ന കൗതുകം ഒരാള്‍ മറ്റൊരാളില്‍ നിന്ന് പകര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെയാണ് രണ്ടു വര്‍ഷം മുന്‍പ് ഒരു സുഹൃത്ത് വഴി എറണാകുളത്തെ ഒരു വീട്ടിലെ പാലുകാച്ച് ചടങ്ങിന് പാടുന്നത്. അതിനു ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള റോഡ് ഷോകളിലും മറ്റുമൊക്കെ സജീവമായി. വണ്ടിക്കൂലിക്കുള്ള പൈസ വാങ്ങുന്നതല്ലാതെ അതില്‍ നിന്നൊന്നും വലിയ പ്രതിഫലം വാങ്ങിയിരുന്നുമില്ല. കൂട്ടുകാരനും പാട്ടുകാരനുമായ എഎസ്‌ഐ പറഞ്ഞിട്ടാണ് ചാനലിന്റെ ഓഡിഷനില്‍ പങ്കെടുത്തതും ദാ ഇവിടെ വരെയെത്തിയതും.

‘എനിക്കൊന്നും വിശ്വസിക്കാനാകുന്നില്ല. ഇതൊക്കെ സത്യമാണോയെന്ന് ഇടയ്ക്കിടെ ഞാന്‍ എന്നോടു തന്നെ ചോദിക്കാറുണ്ട്. നാട്ടില്‍ ഒപ്പം പഠിച്ചവരൊക്കെ വലിയ നിലയിലായി. ‌ഞാന്‍ ചെറുപ്പത്തിൽ തന്നെ പണിക്കിറങ്ങിയതു കൊണ്ട് ആരുമായും വലിയ ബന്ധമൊന്നുമില്ലായിരുന്നു. പക്ഷേ ഈ വിഡിയോ വന്നതില്‍ പിന്നെ എല്ലാവര്‍ക്കും വലിയ കാര്യമായി. കുറേ പേര്‍ വിളിച്ചു. നാട്ടില്‍ വലിയ സ്വീകരണമൊക്കെയായിരുന്നു. പണ്ട് കണ്ടാല്‍ ഒന്നു ചിരിച്ചു മാത്രം പോയിരുന്നവർ അടുത്തു വന്ന് സംസാരിക്കുന്നു. ഫോണ്‍ നിലത്തു വയ്ക്കാന്‍ തന്നെ സമയമില്ല. എവിടെ നിന്നൊക്കെയാണ് വിളിക്കുന്നതെന്ന് അറിയില്ല. രണ്ട് മൂന്നു ദിവസമായി വിളിയ്ക്കുന്നു കിട്ടുന്നില്ല എന്നൊക്കെയാണ് ചിലർ പറയുന്നത്… അറിയില്ല… എന്തൊക്കെയാണെന്ന്.’ അത്ഭുതം വിട്ടൊഴിയാതെ രതീഷ് പറയുന്നു.

‘ദാസേട്ടന്റെ പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിനം പോലും കടന്നുപോകുന്നില്ല. അതു കേട്ടാണ് വളര്‍ന്നത്. ദാസേട്ടന്റെ പാട്ടും മോഹന്‍ലാലിന്റെ സിനിമയും. അതു രണ്ടുമാണ് ഏറെ പ്രിയം. ദാസേട്ടന്‍ ഒരു നാദപ്രപഞ്ചമാണ്. വിസ്മയമാണ്. അദ്ദേഹത്തെ ഒരിക്കലെങ്കിലും കാണണം. കാലില്‍ തൊട്ടു തൊഴണം… അത്രേയുള്ളു ആഗ്രഹം. ഞാന്‍ ഒരിക്കലും ദാസേട്ടന്റെ സ്വരം അനുകരിച്ചിട്ടില്ല. അതിനാര്‍ക്കെങ്കിലും സാധിക്കുമോയെന്നു സംശയമാണ്. മിമിക്രി ഒരുപാട് ഇഷ്ടമായതുകൊണ്ട് അതിന് ശ്രമിച്ചിട്ടുണ്ടെങ്കിലും നടന്നിട്ടില്ല. കൂട്ടുകാര്‍ ഒരിക്കല്‍ ദാസേട്ടന്റെയും പി. ജയചന്ദ്രന്‍ സാറിന്റെയും പാട്ടുകള്‍ പാടിച്ചു. രണ്ടിലും എനിക്കൊരേ സ്വരമാണ് എന്നു തന്നെയാണ് അവര്‍ പറഞ്ഞത്. അദ്ദേഹത്തെ അനുകരിക്കണം എന്നൊരു ചിന്ത ഒരിക്കലും മനസ്സില്‍ വന്നിട്ടില്ല. അഭിജിത് കൊല്ലം ദാസേട്ടനെ അനുകരിച്ചാണ് പാടിയത് എന്നു പറഞ്ഞു സംസ്ഥാന പുരസ്‌കാരം നിഷേധിച്ചിരുന്നല്ലോ. അതു കണ്ടപ്പോള്‍ ഒരുപാട് സങ്കടം വന്നു. ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് അവന്‍ സംസാരിച്ചപ്പോള്‍ എന്റെയും കണ്ണു നിറഞ്ഞു വന്നു. ദാസേട്ടന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് എന്റെ ഒരു സുഹൃത്ത് ഞാന്‍ ഈ പാടിയ പാട്ടിന്റെ വിഡിയോ അയച്ചു കൊടുത്തിരുന്നു. അവര്‍ എന്റെ കൂട്ടുകാരനോട് അതേപ്പറ്റി നല്ല അഭിപ്രായമാണു പറഞ്ഞത്.’ രതീഷ് പറയുന്നു.

‘പാട്ടു പാടാന്‍ വരണം എന്നു പറഞ്ഞ് ഇപ്പോള്‍ ഒരുപാടു പേര്‍ വിളിക്കുന്നുണ്ട്. ഇനിയുള്ള കാലം പാട്ടിനൊപ്പം നില്‍ക്കാം എന്നൊരു തീരുമാനമെടുക്കാനുള്ള ധൈര്യമില്ല. പാടാനൊത്തിരി ഇഷ്ടമാണെങ്കെില്‍ കൂടിയും അത്രയും വലിയൊരു വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യമില്ല. നമ്മുടെ സാഹചര്യങ്ങള്‍ അങ്ങനെയാണ്. വീട്ടില്‍ ഭാര്യയും അമ്മയും രണ്ടു പെൺമക്കളുമാണ് എന്നെ ആശ്രയിച്ചുള്ളത്. ജോലി ചെയ്യുന്ന കമ്പനിയിലെ സാറ് പാട്ട് പരിപാടിക്കൊക്കെ പൊയ്‌ക്കോ….ജോലിയൊക്കെ അഡ്ജസ്റ്റ് ചെയ്ത് ചെയ്താൽ മതിയെന്നൊക്കെ പറയുന്നുണ്ട്. രണ്ടും ഒരുമിച്ച് കൊണ്ടുപോകണം എന്നാണ് ആഗ്രഹം. നടക്കുമോ എന്നറിയില്ല. വാടക വീട്ടിലാണ് താമസം ഇപ്പോഴും. ഒരു വീടു വയ്ക്കണം അതാണ് ഏറ്റവും വലിയ സ്വപ്നം. ദൈവം ഇപ്പോള്‍ കാണിച്ചു തന്നത് അതിനുള്ള വഴിയാണോ എന്നറിയില്ല. അതൊക്കെ അതിന്റെ വഴിക്ക് നടക്കും എന്നു കരുതുന്നു. ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം എന്റെ അമ്മയെ കാണുമ്പോഴാണ്. അമ്മ സങ്കടവും സന്തോഷവുമൊക്കെയായി എല്ലാം കണ്ടങ്ങ് ഇരിപ്പാണ്. ഒരുപാട് സന്തോഷമുണ്ടാകും എനിക്കറിയാം.’ രതീഷ് പറയുന്നു

മാതൃഭൂമിയിൽ വന്ന വാർത്ത

Ratheesh Kandadukkam

ചില ഗാനഗന്ധർവന്മാർ ടയർ റീസോളിങ് കടകളിലുമുണ്ടാകും

ഇന്ത്യൻ റുപ്പിയിൽ പൃഥ്വിരാജ് തിലകനോട് ചോദിച്ച ചോദ്യം തന്നെയാണ് മലയാളികൾ കാസർക്കോട്ടുകാരൻ രതീഷ് കണ്ടടുക്കത്തോട് ചോദിക്കുന്നത്, ‘എവിടെയായിരുന്നു ഇത്രയും കാലം?’ രതീഷ് ഇന്ന് യേശുദാസിന്റെ അപരസ്വരമാണ്. ഗാനഗന്ധർവൻ പാടിത്തകർത്ത ഗാനങ്ങൾ അതേ സ്വരമാധുരിയിൽ, ശബ്ദഗാംഭീര്യത്തിൽ പാടി കൈയടി നേടുകയാണ് ഇന്നും നിത്യജീവിതത്തിന് ടയർ റീസോളിങ് കമ്പനിയിൽ വിയർപ്പൊഴുക്കുന്ന രതീഷ്.

ഒന്നുമില്ലായ്മയുടെ നടുവില്‍ നിന്നും ഈശ്വരന്‍ പകര്‍ന്ന് നല്‍കിയ പാടാനുള്ള കഴിവിന് ജനമനസ്സുകള്‍ നല്‍കിയ ആംഗീകാരത്തിന്റെ നിറവിലാണ് രതീഷ് ഇന്ന്. വാട്​സ്​ആപ്പിലും ഫെയ്​സ്ബുക്കിലുമായി കൈമാറി കൈമാറി കേൾക്കുന്ന രതീഷിന്റെ പാട്ടുകൾ കേട്ടാല്‍ മലയാളത്തിന്റെ ഗന്ധര്‍വ ഗായകനും മലയാളിയുടെ സ്വകാര്യ അഹങ്കാരവുമായ സാക്ഷാല്‍ യേശുദാസാണെന്ന് തെറ്റിദ്ധരിച്ചാല്‍ ആരെയും പഴിക്കാനാവില്ല. അത്രയ്ക്കുണ്ട് സാമ്യം. ആരുമറിയാത്ത കാസര്‍ക്കോടന്‍ ഗ്രാമമായ പരപ്പയില്‍ നിന്നും സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലാകുന്ന തരത്തില്‍ രതീഷിന്റെ പാട്ടുകള്‍ ശ്രദ്ധ നേടിയത് ഒരു സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയിലൂടെയാണ്. മലയാളികളുടെ മനസ്സില്‍ കൊണ്ട് നടക്കുന്ന യേശുദാസ് എന്ന അതുല്യ പ്രതിഭയുടെ ശബ്ദ സാമ്യത്തിനൊപ്പം കഴിവും ഒത്തുചേര്‍ന്നതാണ് രതീഷ് എന്ന യുവഗായകനെ മലയാളികള്‍ നെഞ്ചേറ്റാന്‍ കാരണം.

പരപ്പയില്‍ ടയര്‍ റീസോളിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് രതീഷ്. ഇതിനൊപ്പം പാട്ടുകളോടുള്ള ഇഷ്ടം മൂത്ത് സ്വന്തം ഗ്രാമത്തിലെ ഭജനകള്‍ക്കും ചെറിയ ഗാനമേളകള്‍ക്കും പാടാന്‍ പോയിരുന്നു. നന്നായി പാടുമെങ്കിലും സംഗതമൊന്നും പഠിച്ചിട്ടില്ല. അമ്മയും അമ്മാവന്‍മാരും പെങ്ങളും അത്യാവശ്യം പാടുമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാണംകുണുങ്ങിയായതിനാല്‍ സ്റ്റേജില്‍ കയറി പാടാനോ മത്സരങ്ങളില്‍ പങ്കെടുക്കാനോ പേടിയായിരുന്നു. ഒന്‍പതാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയതോടെ ടയര്‍ കമ്പനിയില്‍ ജോലിക്കും കയറി. യേശുദാസിന്റെ പാട്ടുകളോട് ഇഷ്ടം കൂടി എല്ലാ പാട്ടുകളും റിക്കോഡ് ചെയ്ത് വീണ്ടും വീണ്ടും കേള്‍ക്കുമായിരുന്നു. ഇതിനിടയിലെപ്പോഴോ ആണ് കൂട്ടുകാര്‍ക്കൊപ്പം ഭജനയ്ക്ക് പാടാന്‍ തുടങ്ങിയത്. ഇതിന്റെ ധൈര്യത്തില്‍ വേദികളിലും അത്യാവശ്യം പാടാന്‍ തുടങ്ങി. സാമൂഹിക സേവനം ലക്ഷ്യം വച്ച് ദേവഗീതം ഓര്‍ക്കസ്ട്ര എന്ന പേരില്‍ സുഹൃത്തുക്കള്‍ തുടങ്ങിയ ട്രൂപ്പിലും അംഗമായി. തുടര്‍ന്ന് ശബരിമല അയ്യപ്പക്ഷേത്രത്തിലും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും പാടാന്‍ അവസരം ലഭിച്ചു. തടര്‍ന്നാണ് സ്വകാര്യ ചാനലില്‍ പാടാന്‍ അവസരം ലഭിച്ചത്. അയ്യപ്പ സ്വാമിയുടെയും കൊല്ലൂരമ്മയുടെയും അനുഗ്രഹമാണ് ഇപ്പോള്‍ ലഭിച്ച നേട്ടങ്ങള്‍ക്ക് കാരണമെന്നാണ് രതീഷ് കരുതുന്നത്. കൂടാതെ അമ്മയുടെയും കുടുംബത്തിന്റെയും പ്രാര്‍ഥനയും സുഹൃത്തുക്കളുടെ പ്രോത്സാഹനവുമാണ് നാലുപേരറിയുന്ന പാട്ടുകാരനാക്കിയതെന്നും രതീഷ് സന്തോഷത്തോടെ പറയുന്നു.

നിലവില്‍ രതീഷ് എന്ന ഗായകനെ മലയാളികള്‍ ഏറ്റെടുത്തതിനു പുറകെ രണ്ട് സിനിമകളില്‍ പാടാനുള്ള അവസരവും കൈവന്നിരിക്കയാണ്. കൂടാതെ മുംബൈയില്‍ അടക്കം വിവിധ വേദികളില്‍ പാടാനുള്ള ക്ഷണവും ഈ ഗായകനെ തേടിയെത്തി കഴിഞ്ഞു. വിദേശ സ്റ്റേജുകളുലടക്കം പാടാന്‍ ഫോണില്‍ വിളി വരുമ്പോഴും പാസ്പോര്‍ട്ട് എടുത്തിട്ടില്ലാത്ത രതീഷിന് ഇപ്പോഴും ഒന്നും വിശ്വസിക്കാനാകുന്നില്ല. പഴയകാല സഹപാഠികള്‍, കൂട്ടുകാര്‍, പേരുപോലുമറിയാത്തവര്‍, പ്രധാന ഗായകര്‍ തുടങ്ങി ഫോണ്‍ താഴെ വയ്ക്കാന്‍ കഴിയാത്ത തിരക്കാണെന്ന് രതീഷ് പറയുന്നു. ഇതോടൊപ്പം നാട്ടില്‍ വലിയ സ്വീകരണവുമായിരുന്നു. ഒടയംചാല്‍, ചക്കിട്ടടുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം രതീഷിനെ അനുമോദിക്കാനും ആ മനോഹര ഗാനങ്ങള്‍ വീണ്ടും കേള്‍ക്കാനുമെത്തിയിരുന്നു. ഈ തിരക്കുകള്‍ക്കിടയിലും ദാസേട്ടനെ കാണണം. അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങണം എന്നതാണ് രതീഷിന്റെ ഏറ്റുവും വലിയ ആഗ്രഹം. ചെറുപ്പം മുതല്‍ യേശുദാസിന്റെ പാട്ടും മോഹന്‍ലാലിന്റെ അഭിനയവുമായിരുന്നു ഇഷ്ടം. യേശുദാസിന്റെ പാട്ടുകള്‍ നൂറുവട്ടം കേട്ടാലും പിന്നെയും പിന്നെയും കേള്‍ക്കും. പക്ഷേ ഒരിക്കല്‍ പോലും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. ആ സ്വരമാധുരിയില്‍ ആര്‍ക്കെങ്കിലും പാടാന്‍ കഴിയുമെന്ന വിശ്വാസവുമില്ല. അനുകരണമല്ലെന്ന് ഉറപ്പിക്കാന്‍ സുഹൃത്തുക്കള്‍ യേശുദാസിന്റെയും പി.ജയചന്ദ്രന്റെയും പാട്ടുകള്‍ പാടിച്ചു നോക്കിയ കഥയും രതീഷ് പങ്കുവച്ചു.

ടയര്‍ റീസോളിംഗ് കടയിലെ തുച്ഛവരുമാനമായിരുന്നു ഇതുവരെ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. കണക്കുപറഞ്ഞ് പണം വാങ്ങിക്കൊണ്ട് പാടാനൊന്നും ഇതുവരെ പോയിട്ടില്ല. ഇനിയിപ്പോള്‍ അവസരങ്ങള്‍ നിരവധിയെത്തിയതോടെ തത്കാലം പാട്ടിന്റെ വഴിയില്‍ സഞ്ചരിക്കാനാണ് രതീഷിന്റെ തീരുമാനം. നിലവില്‍ വാടക വീട്ടിലാണ് താമസം. സംഗീതം സമ്മാനിച്ച സൗഭാഗ്യം സ്വന്തമായി വീട് വയ്ക്കാനും വഴി തെളിക്കുമെന്നാണ് രതീഷിന്റെ വിശ്വാസം. അമ്മയും ഭാര്യയും മക്കളും കുടംബവുമായി ദൈവം സമ്മാനിച്ച സൗഭാഗ്യങ്ങളുടെ നടുവില്‍ സന്തോഷത്തോടെ കഴിയാന്‍ എല്ലാവരും അനുഗ്രഹിക്കണമെന്നുമാത്രം പറയുകയാണ് രതീഷ്.

രതീഷ് കണ്ടടുക്കം അനുമോദനങ്ങളിലൂടെ...
രതീഷ് കണ്ടടുക്കം അനുമോദനങ്ങളിലൂടെ…

രതീഷ് കണ്ടടുക്കം അനുമോദനങ്ങളിലൂടെ…
രതീഷ് കണ്ടടുക്കം അനുമോദനങ്ങളിലൂടെ…

 

One thought on “രതീഷിനെ കുറിച്ച്

Leave a Reply

Your email address will not be published. Required fields are marked *