പുലയാടി മക്കൾ

പുലയാടി മക്കൾ

pulayadi makkal kavitha download

കവിത കേൾക്കുക:
0:00

പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പുലയന്റെ മകനോട്‌ പുലയാണ് പോലും
പുലയാടി മക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ
പറയുമോ പറയുമോ പുലയാടി മക്കളെ…

പുതിയ സാമ്രാജ്യം; പുതിയ സൗധങ്ങള്‍
പുതിയ മണ്ണില്‍ തീര്‍ത്ത; പുതിയ കൊട്ടാരം
പുതിയ നിയമങ്ങള്‍; പുതിയ സുരതങ്ങള്‍
പുതുമയെ പുല്‍കി തലോടുന്ന വാനം
പുലരിയാവോളം പുളകങ്ങള്‍ തീര്‍ക്കുന്ന
പുലയക്കിടാത്തി തന്‍ അരയിലെ ദുഃഖം

പുലയാണ് പോലും പുലയാണ് പോലും
പുലയന്റെ മകളോട് പുലയാണ് പോലും
പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും;
പതിയുറങ്ങുമ്പോള്‍; പറയനെ തേടും
പതിവായി വന്നാല്‍; പിണമായി മാറും
പറയന്റെ മാറില്‍; പിണയുന്ന നേരം
പറകൊട്ടിയല്ലേ കാമം തുടിപ്പൂ…

പറയനെ കണ്ടാല്‍ പുലയാണ് പോലും
പുലയാടിമക്കള്‍ക്ക് പുലയാണ് പോലും…

പുതിയകുപ്പിക്കുള്ളില്‍ പഴയ വീഞ്ഞെന്നോ
പഴയതിന്നെന്നും പഴയതെല്ലെന്നോ
പലനാളിലെന്നെ കുടിപ്പിച്ച നീര്
പുഴുവരിക്കുന്നരാ പഴനീര് തന്നെ…

കഴുവേറി മക്കള്‍ക്ക്‌ മിഴിനീരു വേണം
കഴുവേറുമെന്‍ ചോര വീഞ്ഞായി വരേണം
കഴിവില്ലവര്‍ക്കിന്നു കദനങ്ങള്‍ മാറ്റാന്‍
കുഴിവെട്ടി മൂടുന്നു നിത്യസത്യങ്ങള്‍…

കഴുവേറി മക്കളെ വരുകിന്നു നിങ്ങള്‍
കഴുകനിവുടെണ്ടെന്നു അറിഞ്ഞില്ല നിങ്ങള്‍
കടമിഴികള്‍ കൊത്തി പറിക്കുന്ന കൊമ്പന്‍
കഴുകനിവുടെണ്ടെന്നു അറിഞ്ഞില്ല നിങ്ങള്‍

പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പുലയന്റെ മകനോട്‌ പുലയാണ് പോലും
പുലയാടി മക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ
പറയുമോ പറയുമോ പുലയാടി മക്കളെ…

ആലാപനം: എ. അയ്യപ്പന്‍
കവിത: പി. എന്‍. ആര്‍. കുറുപ്പ്

2 thoughts on “പുലയാടി മക്കൾ

    1. ഇത് പി.എൻ.ആർ കുറുപ്പ് എന്ന് വിളിയ്ക്കുന്ന പി.എൻ.രാമകൃഷ്ണ കുറുപ്പിന്റെ കവിതയാണു. എം.ജി.രാധാകൃഷ്ണൻ സംഗീത സംവിധാനം ചെയ്ത് പി.എൻ.ആർ കുറുപ്പ് പാടി ഇരുപത് വർഷം മുൻപ് കാസറ്റ് ഇറക്കിയിരുന്നു.

      അഡ്വക്കേറ്റ് കെ.ജെ.മനു
      പത്തനംതിട്ട

Leave a Reply

Your email address will not be published. Required fields are marked *