പ്രണയബലി

പ്രണയബലി

കവിത കേൾക്കുക:

0:00

പ്രണയം പറഞ്ഞെന്റെ അരികത്തണഞ്ഞവൻ
പ്രാണൻ വെടിഞ്ഞിന്നകന്നു പോകുന്നേരം
പ്രതിഭാഗമായി കഴിഞ്ഞൊരെൻ ബന്ധങ്ങൾ
പ്രതികാര നൃത്തം ചവിട്ടുന്നു ചുറ്റിലും…

നൊന്തു പെറ്റമ്മതൻ കണ്ണീരു കണ്ടില്ല
നോക്കിത്തളർന്നോരച്ഛനേം ഓർത്തില്ല
കൂടെപ്പിറപ്പിന്റെ നെഞ്ചിലെ കൂട്ടിൽ
നിന്നെന്നോ പറന്നുപോയ് നിന്നെ പ്രണയിക്കാൻ…

അന്ധയായ് പോയ ഞാൻ ബന്ധങ്ങൾ കണ്ടില്ല
ബധിരമാം കാതുകൾ ശാസന കേട്ടില്ല
നിൻ സ്നേഹഗംഗയിൽ മുങ്ങി അകലുവാൻ
മൗനവാൽമീകത്തിൽ ഹോമം നടത്തി ഞാൻ…

ബന്ധങ്ങൾ ബന്ധനമായങ്ങു മാറവേ
ബന്ധുക്കൾ ശത്രുക്കളെപ്പോലിങ്ങെത്തവേ
പ്രണയത്തിൻ ഉഷ്ണക്കാറ്റാദ്യമായേറ്റെന്റെ
ഹൃദയത്തിൻ പൂക്കാലം എങ്ങോ മറഞ്ഞു പോയ്… (2)

രക്ത ബന്ധത്തിന്നതുല്യത കാണാതെ
ജാതിസംസ്കാരത്തിൻ അന്തരം നോക്കാതെ
സമ്പന്നതയുടെ ബാന്ധവം പൊട്ടിച്ചു
ഇന്നലെ കണ്ട നിൻ സ്നേഹം കൊതിച്ചു ഞാൻ…

നിർമ്മല സ്നേഹത്തിൻ ചന്ദനച്ചോലയിൽ
നിന്റെ സാമീപ്യമെന്നെ മയക്കവേ
നിന്നനുരാഗ നിലാവിലുണർന്ന ഞാൻ
നിർഭയം ദൂരത്തെറിഞ്ഞെന്റെ ബന്ധങ്ങൾ…

ഓർത്തില്ല ഞാനതിൻ കഷ്ടനഷ്ടങ്ങളെ
ഓർക്കാൻ കൊതിച്ചില്ല രൗദ്രഭാവങ്ങളെ
ഓർമ്മതൻ തീരത്തു വന്നാഞ്ഞടിച്ചിട്ട്
ഓടിയകലുന്ന ഓമന സ്വപ്നങ്ങളെ…

എങ്കിലും ഞാൻ നിനച്ചില്ലെൻ ജീവനെ
എന്നിൽ നിന്നെന്നേക്കുമായകറ്റീടുവാൻ
കണ്ണിന്റെ കണ്ണായ് കരുതി വച്ചോന്റെ
കണ്ണും ചൂഴ്ന്നെടുത്തോണ്ടങ്ങു പോമെന്ന്…

നിന്റെ ജീവനായ് മുട്ടിയ വാതിലിൻ
മുന്നിലായ് കേണു ഞാൻ ആരും കനിഞ്ഞില്ല
നിന്റെ ശ്വാസത്തുടിപ്പങ്ങകറ്റാനവർ
എണ്ണം പറഞ്ഞു വാങ്ങിയോ തുട്ടുകൾ…

ഗുണ്ടകൾ പാർട്ടിയിൽ നേതാക്കളാവുമ്പോൾ
ഗുണ്ടയ്ക്കു പോലീസു കാവൽ ഒരുക്കണം
ഗുണ്ടാ നിയമങ്ങൾ കാറ്റിൽ പറക്കണം
ഗുണ്ടകൾ ദുരഭിമാനക്കൊലയ്ക്കു താങ്ങാവണം…

ജാതിയെന്തെന്നറിയാത്ത ഞാനിന്നു
ജതിക്കോമരം കണ്ടു വിറയ്ക്കുന്നു
ജാതി നോക്കാതെ സ്നേഹം പകുത്തവർ
ജാതി പേരോടു ചേർക്കുന്ന നാടിത്… (2)

ജാതിക്കൊലക്കിരയായ ജഡത്തിന്റെ
ജാതിയെന്തെന്ന് ടെസ്റ്റിൽ തെളിയില്ല
കോടികൾ ബാങ്കിലിട്ടോമനിക്കുന്നോന്റെ
ജാതിയിന്നാരുമേ നോക്കാറുമില്ല…

വെള്ളിനാണയം കയ്യിലില്ലാത്തൊരു
സ്നേഹരൂപനെ കണ്ടു കൊതിക്കാതെ
കീശ വീർത്ത ജഢങ്ങളെ നാളെ
വീട്ടുകാർക്കായി വരിക്കാതിരിക്കട്ടെ…
പ്രണയബലി, രചന: സോഹൻ റോയ്, ആലാപനം ബി. ആർ. ബിജുറാം

Leave a Reply

Your email address will not be published. Required fields are marked *