മലയാളനാട്ടിലൂടെ

മലയാളനാട്ടിലൂടെ

ഒരു കവിത. കവി ആരെന്നോ, കവിതയുടെ പേരെന്തെന്നോ അറിയില്ല. മലയാളനാട്ടിന്റെ ചരിത്രത്തിലേക്കുള്ള നല്ലൊരു തിരിഞ്ഞു നോട്ടമാവുന്നു ഈ കവിത.

പത്തിരിയും പിന്നെ പേറുമായി
പട്ടാണി പെണ്ണുങ്ങൾ പാർത്ത കാലം
കടല കൊറിച്ചും കിടപ്പറ പങ്കിട്ടും
നസ്രാണിപിള്ളേരു വാണ കാലം
പാട്ടം കൊടുത്തും പണം കൊടുത്തും ചിലർ
പാട്ടിലാക്കാൻ പുറപ്പെട്ട കാലം

നായരിറങ്ങുമ്പോൾ നമ്പൂരി ചൂട്ടുമായ്
അച്ചിക്കു സംബന്ധം ചെയ്ത കാലം
കാത്തിരിപ്പ്‌ മടുത്തു അന്തർജനം
ചെറുമനെ കൂട്ടു വിളിച്ചകാലം
പാടെ മറന്നുനാം നാടിന്റെ മക്കളെ
പാടെ തുരത്തി ആ കാടുകേറ്റി
വേടനും അരയനും പണ്ടാരവും
ഉള്ളു വലിഞ്ഞു തൻ പേടകത്തിൽ
നാട്ടു മുതലോനെ കാടുകേറ്റി
വെട്ടിപിടിച്ചു ഈ പുണ്യഭൂമി
ആദിവാസി എന്നാ നാമമോതി
ആദ്യത്തെ വാസിയെ കാടുകേറ്റി
പിന്നെ പറങ്കികൾ പിന്നാലെ വന്നവർ
വേഴ്ചക്കു പെണ്ണിനെ സ്വന്തമാക്കി
ഭൂമിയുടെ മക്കളെ ഭൂമിയിലെവിടെയും
ഭീതിയില്ലാതെ ഭോഗിച്ച കാലം

ഇത്തരം സങ്കരം നാട്ടിൽ ജനിച്ചു
സങ്കരചിന്തകൾ ജ്വലിച്ചു
സംഘടിതരാക്കുവാൻ എത്തിയോരൊക്കെയും
സംഘടനകളായി പിരിഞ്ഞു
എന്തേ ഭയക്കുന്നു സങ്കീർണ്ണ ചിന്തകൾ
നമ്മുടെ സങ്കര വർണ്ണമേനി സത്യമല്ലേ ?
സങ്കരവർണ്ണത്തിൽ പിറന്നൊരാ ജീവികൾ
സംഘമായ് കൂട്ടകൊല നടത്തി…

വേദങ്ങളെ തന്നെ പലതായ് പിരിച്ചവർ
ഓതി പരസ്പരം മൂന്നു നാല്
പിന്നെ ചരിത്രം ഞാൻ എന്തിനു പറയേണം
കണ്മുൻപിൽ കാണ്മതു താൻ ചരിതം
ഇല്ല നമുക്കുള്ളിൽ ഹിന്ദുവിൽ രക്തം
ഇല്ല നമുക്കുള്ളിൽ ഇസ്ലാമിൻ രക്തം
ഇല്ല നമുക്കുള്ളിൽ ക്രൈസ്തവ രക്തം
ഉള്ളതോ സങ്കീർണ മാനവരക്തം
കൊല്ലരുതു മൂഡാ നീ കൊല്ലരുതു നിന്നെ
———————————————-
നീയാണ് ഞാനെന്നും ഞാനാണ് നീയെന്നും
കണ്ടു നമുക്കിനി യാത്രയാവാം…!

Leave a Reply

Your email address will not be published. Required fields are marked *