മൈസൂർ യാത്ര

മൈസൂർ യാത്ര

ആത്മിക മൈസൂർ വിസിറ്റിങ്ബാംഗ്ലൂരിൽ വന്നശേഷവും അല്ലതെയും പലപ്രാവശ്യം പോയ സ്ഥലമായിരുന്നു മൈസൂർ. എന്നാൽ ഇപ്രാവശ്യം വീട്ടുകാരോടൊപ്പം പോയി എന്നത് ഏറെ സന്തോഷകരമായി തോന്നി. കഴിഞ്ഞപ്രാവശ്യം അവർ ബാംഗ്ലൂരിൽ വന്നപ്പോൾ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു മൈസൂരിൽ പോയി വരിക എന്നത്!

യാത്രയ്ക്ക് ഒരു ദിവസം മുമ്പാണ് കാറുബുക്ക് ചെയ്തതത്. http://taxiforsure.com/ വഴിയായിരുന്നു മുമ്പ് ഒന്നുരണ്ടുതവണ കാർ ബുക്ക് ചെയ്തിരുന്നത്; ഇപ്രാവശ്യവും അതുവഴിതന്നെ ബുക്ക് ചെയ്തുവെച്ചു. എന്നാൽ അതിലെ സർവീസിങ് അത്ര പോരെന്നും http://www.olacabs.com/ ആണു കേമമെന്നും ചില സുഹൃത്തുക്കൾ പറഞ്ഞതിൻ പ്രകാരം ആദ്യം ബുക്ക് ചെയ്തത് ക്യാൻസൽ ചെയ്തിട്ട് ഇതിലേക്കു മാറി. പോയിവന്നപ്പോൾ വല്യവിശേഷമൊന്നും പ്രത്യേകിച്ച് തോന്നിയില്ല. പിന്നെയും മികച്ചത് taxiforsure തന്നെയെന്നു തോന്നി. അവരുടെ കസ്റ്റമെർ കെയർ നല്ല രീതിയിൽ യാത്രയെ ട്രെയ്സ് ചെയ്യുന്നുണ്ട്; കൃത്യമായി വിവരങ്ങൾ ചോദിച്ചറിയുന്നുണ്ട്. അത്ര പോരാ എന്തായാലും ഇവർ.

on the way to mysore, near to mandya രാവിലെ 5 മണിക്കെത്തണം എന്നായിരുന്നു കാറൂകാരനോടു പറഞ്ഞിരുന്നത്; കൃത്യസമയത്തു തന്നെ അജയ് എന്ന ഡ്രൈവർ ഒരു Silver Chervolet Tavera യുമായി വന്നു. പ്രഭാതഭക്ഷണം ഞങ്ങൾ കരുതിയിരുന്നു. ബൊമ്മനഹള്ളിയിൽ നിന്നും ഇലക്ട്രോണിക് സിറ്റിവഴി നൈസ് റോഡിലൂടെയായിരുന്നു പോയത്. ഇലക്ട്രോണിക് സിറ്റി മുതൽ മൈസൂർ റോഡുവരെ ടോൾ 90 രൂപയായിരുന്നു! നൽല റോഡ്, എങ്കിലും രാവിലെ തന്നെ 90 പോയതിന്റെ നീരസം മനസ്സിൽ നിന്നു. 8 മണിയോടെ ഞങ്ങൾ മൈസൂരിലെത്തി; മാണ്ഡ്യ എത്താറായപ്പോൾ വണ്ടിയുടെ ടയറിൽ ഒരാണി കയറി പഞ്ചറായിപ്പോയി. അജയ് ടയർ മാറ്റുന്നതിനിടയ്ക്ക് ഞങ്ങൾ പോയി ഒരു തട്ടുകടയിൽ നിന്നും ചായയും ഓരോ പക്കുവടയും കഴിച്ചുവന്നു. നല്ല സ്ഥലം നോക്കി ഇടയ്ക്ക് ചായകുടിക്കാൻ വണ്ടി നിർത്തണമെന്ന് പറഞ്ഞപ്പോൾ ചാമുണ്ഡിഹിൽസിലേക്ക് കയറും വഴി നല്ല സ്ഥലമുണ്ടെന്നും – അവിടെയിരുന്നു ചായകുടിക്കാമെന്ന് ഡ്രൈവർ പറഞ്ഞു.

സെന്റ്. ഫിലോമിന ചർച്ച്
st. philomena church mysoreആദ്യം കയറിയത് സെന്റ്. ഫിലോമിന പള്ളിയിലേക്കായിരുന്നു. മേൽക്കുരയൊക്കെ തുളവീണിരിക്കുന്നതിനാൽ അതിന്റെ അറ്റകുറ്റപ്പണികൾ ഒരുഭാഗത്ത് നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ പള്ളിക്കകത്തു കയറി പെട്ടന്നു തിരിച്ചിറങ്ങി. സന്ദർശകരായി ഒത്തിരിപ്പേർ രാവിലെ തന്നെ അവിടെ എത്തിയിരുന്നു. 1933 ഇൽ തുടങ്ങി 1941 ഇൽ പണി കഴിഞ്ഞ ഈ പള്ളിയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത് അന്നത്തെ മൈസൂർ രാജാവായിരുന്ന കൃഷ്ണരാജ വോഡയാറാണ്. സെന്റ്. ഫിലോമിനയൊടേയും കൃസ്തുവിന്റേയും വിഗ്രഹങ്ങൾ പള്ളിക്കുള്ളിലെ ഒരു അറയിൽ ഉണ്ട്. ഞങ്ങൾ അതുവഴി ഇറങ്ങി ഒരു ചെറു ഗുഹവഴി പുറത്തേക്കിറങ്ങി. കൃസ്തുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളായ തിരുപ്പിറവി, തിരുവത്താഴം, കുരിശാരോഹണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങിയുള്ള പ്രധാന സംഭവങ്ങൾ അവിടെ ഭിത്തിയിൽ വരച്ചുവെച്ചിട്ടുണ്ട്. പള്ളിയുടെ മുറ്റത്തു നിന്നും ആ പള്ളിയെ ക്യാമറയ്ക്കുള്ളിൽ ആക്കുക എന്നത് അല്പം വ്യായാമം വേണ്ട പണിയാണ്!

ചാമുണ്ഡി ഹിൽസ്chamundi hills mysore
നേരെ പോയത് അവിടെ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെയുള്ള ചാമുണ്ഡിഹിൽസിലേക്കാണ്. പോകും വഴി mahishasura-statue-at-chamundi-hills-mysoreഞങ്ങൾ ഇടയ്ക്ക് വണ്ടി നിർത്തി കൈയിൽ കരുതിയിരുന്ന പ്രഭാതഭക്ഷണം അങ്ങ് തീർത്തു. മലയിൽ തെരക്കു കുറവായിരുന്നു. നേരെ ചെന്ന് മഹിഷാസുരന്റെ പ്രതിമയ്ക്കുമുന്നിൽ നിന്നും കുറച്ച് ഫോട്ടോസ് എടുത്തു. മഹിഷാസുരനെ വധിക്കാനായി ചാമുണ്ഡിയുടെ രൂപമെടുത്ത ദേവിയാണ് മൈസൂരിന്റെ കുലദേവത. മൈസൂര്‍ നഗരത്തിന്റെ കിഴക്കുഭാഗത്തായാണ് ദേവി കുടികൊള്ളുന്ന ചാമുണ്ഡിഹില്‍സ്.

20 രൂപയ്ക്ക് ഫാമിലി ഫോട്ടോ എടുത്തുതരാം എന്നും പറഞ്ഞ് നിരവധി ഫോട്ടോഗ്രാഫേർസ് അവിടെ ഉണ്ടായിരുന്നു. ഇത് പള്ളിമുതൽ അവസാനം സന്ദർശിച്ച വൃന്ദാവൻ വരെ നിരവധി ഉണ്ടായിരുന്നു. അമ്പലത്തിനകത്തു കയറി, അവിടമാകെയൊന്നു ചുറ്റിയടിച്ച് കുറച്ച് ഫോട്ടോസും എടുത്ത് തിരിച്ചു പോന്നു; പാർക്കിങ് ചാർജൊന്നും കൊടുക്കേണ്ടി വന്നില്ല. പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട ക്ഷേത്രം 1827 ല്‍ മൈസൂര്‍ രാജാക്കന്മാര്‍ പുതുക്കി പണിതിരുന്നുവത്രേ. വരുന്ന വഴി പ്രസിദ്ധമായ ആ നന്ദികേശന്റെ പ്രതിമയുടെ അടുത്തേക്ക് വണ്ടി തിരിച്ചു. ചാമുണ്ഡിദേവീക്ഷേത്രത്തിനു അല്പം താഴെയായാണ് ഈ ഭീമാകാരൻ നന്ദി കിടക്കുന്നത്. 1659 ഇൽ പണി പൂർത്തിയായ ഈ പ്രതിമയ്ക്കുസമീപം തന്നെ ഒരു ശിവക്ഷേത്രവും ഉണ്ട്. അവിടെ പൂജിക്കാനെന്നും പറഞ്ഞ് ഒരാൾ കുറച്ചു പൂവുകൾ rajesh-odayanchal-at-chamundi-hills-mysore-near-nandi-statueവാരി അനിയത്തിയുടെ കൈയ്യിൽ കൊടുത്തിട്ട് അർച്ചിക്കാൻ പറഞ്ഞു; വാങ്ങിക്കരുതെന്നു പറഞ്ഞിട്ടും അവളതു വാങ്ങിച്ചു. തിരിച്ചിറങ്ങുമ്പോൾ അതിന്റെ കാശും ചോദിച്ചുകൊണ്ടയാൾ പിന്നാലെ കൂടി 🙂 ഇവിടെ നിന്നും നോക്കിയാൽ മൈസൂർ നഗരം അങ്ങ് താഴെയായി അതിന്റെ പരിപൂർണതയിൽ തന്നെ കാണാനാവും. മഹിഷന്റെ ഊര് എന്നത് മഹിഷൂരു എന്നും പിന്നീട് മൈസൂരു ആയി എന്നും പറയപ്പെടുന്നു. പണ്ടിത് മഹിഷാസുരൻ വാണിരുന്ന നാടാണത്രേ!

മൈസൂർ മൃഗശാലmysore-zoological-park
മലയിറങ്ങി വന്നത് മൃഗശാലയിലേക്കായിരുന്നു, അമ്മയ്ക്ക് ചെറുതായി പനിയും തലവേദനയും തുടങ്ങിയതിനാൽ നന്നായി അതു കാണാനും ആസ്വദിക്കാനും അമ്മയ്ക്ക് പറ്റിയില്ല; എങ്കിലും മഞ്ജുവും രാജിയും ഓടി നടന്ന് ഫോട്ടോസ് എടുക്കുകയായിരുന്നു. കുട്ടികളും നന്നായി ആസ്വദിച്ചു. ആമി എന്റെ കൈയ്യിൽ സുഖമായി ഉറങ്ങുകയായിരുന്നു. ഉച്ചച്ചൂടിന്റെ കാരം മരങ്ങൾക്കിടയിലൂടെ താഴേക്ക് എത്താത്തതിനാൽ അവളും നന്നായി ആസ്വദിച്ചുറങ്ങി എന്നു പറയാം. നിരവധി മൃഗങ്ങളും പക്ഷികളും ഉള്ള നല്ലൊരു സങ്കേതം;

1892 ല്‍ ആണിത് സ്ഥാപിച്ചത്. അന്നത്തെ രാജാവായിരുന്ന ചാമരാജ വോഡയാറുടെ കാലത്തായിരുന്നു അത്. മൈസൂരിൽ വന്നാൽ ഏവരും കണ്ടിരിക്കേണ്ടതാണ് ഈ മൃഗശാല. ഏകദേശം രണ്ടുമൂന്നു മണിക്കൂർ സമയം അതിനകത്ത് ചെലവഴിക്കാനുണ്ട്. 245 ഏക്കര്‍ സ്ഥലത്താണ് ഇത് പരന്നു കിടക്കുന്നത്. ഒന്നും കറങ്ങിവന്നാൽ എല്ലാം കാണാവുന്ന തരത്തിൽ വഴി കൃത്യമായി സജ്ജീകരിച്ചിരിക്കുന്നു. ശ്രീചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡന്‍ എന്നാണിതിന്റെ പേര്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വിവിധയിനം പക്ഷിമൃഗാദികളെ ഇവിടെ കാണാം. ജിറാഫിനേയും ചിമ്പാൻസിയെയുമൊക്കെ കാണുക എന്നത് കൗതുകകരം തന്നെയാണ്. ഏകദേശം 1400 ഇൽപ്പരം ജനുസിൽ പെട്ട പക്ഷിമൃഗാദികൾ ഇവിടെയുണ്ട്. തിരിച്ചിറങ്ങുമ്പോഴേക്കും മരുമകൾ അദ്വൈത നന്നേ ക്ഷീണിച്ചിരുന്നു. അവളെ എടുത്തു നടക്കേണ്ട ഗതികേടിലായി പിന്നെ അനിയത്തി രാജിക്ക്. പുറത്തിറങ്ങി, അമ്മയ്ക്ക് രണ്ട് ഡോളോ ഗുളികകൾ വാങ്ങിച്ചു നൽകി. സമീപത്തായി നിരവധി കേരളഹോട്ടലുകൾ ഉണ്ട്. അതിലൊന്നിൽ – അമരാവതി ഹോട്ടൽ- കയറി ഞങ്ങൾ ഭക്ഷണം കഴിച്ചു.

മൈസൂർ കൊട്ടാരം

mysore palace

തൊട്ടടുത്തുതന്നെയാണ് കൊട്ടാരം. ഭക്ഷണം കഴിച്ച് ഞങ്ങൾ പോയത് മൈസൂരിന്റെ ദൃശ്യവിസ്മയമായ കൊട്ടാരവളപ്പിലേക്കാണ്. വമ്പിച്ച കോട്ടമൈതാനത്തിനു വെളിയിലൂടെ കറങ്ങിത്തിരിഞ്ഞുവരുമ്പോൾ ആ മഹാവിസ്മയം തലയുയർത്തിയങ്ങനെ നിൽക്കുന്നത് കാണാനാവും. പലവട്ടം പുതുക്കി പണിതതാണ് ഈ കൊട്ടാരം.അംബാ വിലാസ് കൊട്ടാരം എന്നാണ് പ്രാദേശികമായി ഇതറിയപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടിലാണ് ഈ കൊട്ടാരം ആദ്യമായി നിർമ്മിച്ചത്. മുമ്പ് മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശത്തിന്റെ കൊട്ടാരമാണിത്. കൊട്ടാരം പണിതതും വിവിധകാലഘട്ടങ്ങളിൽ പുതുക്കിയതും അവർ തന്നെ. പലപ്രാവശ്യം ഇതു തകർക്കപ്പെട്ടു. ഇന്നുകാണുന്ന കൊട്ടാരം 1897 ഇൽ പണിതുടങ്ങി 1912 ഇൽ പൂർത്തിയായതാണ്. 1940 ഇൽ വീണ്ടും ഇതിനോട് കൂട്ടിച്ചേർത്തു.

സുദീർഘമായൊരു ചരിത്രമാണ് മൈസൂറിനുള്ളത്. മൗര്യവംശരാജാവായ അശോകന്റെ കാലത്തോളം അത് നീണ്ടുകിടക്കുന്നു. രണ്ടാം നൂറ്റാണ്ടുമുതല്‍ 1004 വരെ ഗംഗന്മാരാണ് മൈസൂര്‍ ഭരിച്ചിരുന്നത്. തുടര്‍ന്ന് ഒരു നൂറ്റാണ്ട് കാലത്തോളം ചോളന്മാരും പിന്നീട് ചാലൂക്യന്മാരും മൈസൂര്‍ ഭരിച്ചു. പത്താം നൂറ്റാണ്ടില്‍ വീണ്ടും ചോളന്മാര്‍ അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും ഹോയ്‌സാലര്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ മൈസൂര്‍ കീഴടക്കി. ഇന്നുകാണുന്ന പ്രധാന ക്ഷേത്രങ്ങള്‍ പണിതതും മൈസൂരിന്റെ അതിര്‍ത്തി വര്‍ദ്ധിപ്പിച്ചതും ഹൊയ്‌സാലരാണ്. വിജയനഗര രാജാക്കന്മാരുടെ സാമന്തന്മാരായിരുന്ന യദുവംശജര്‍ 1399 മുതല്‍ മൈസൂര്‍ ഭരിച്ചുതുടങ്ങി. യാദവവംശരുടെ പിന്മറക്കാരെന്നു കരുതപ്പെടുന്ന ഇവരാണ് പിന്നീട് വോഡയാര്‍മാരാകുന്നത്. 1584ല്‍ ബെട്ടാട ചാമരാജ വോഡയാര്‍ മൈസൂര്‍ കൊട്ടാരം പുതുക്കിപ്പണിയുകയും അത് തന്റെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു.

Krishna Raja Wodeyar Dynastyകൊട്ടാരവളപ്പിൽ 12 ഓളം ക്ഷേത്രങ്ങൾ ഉണ്ട്. മാര്‍ബിള്‍ മിനാരങ്ങള്‍, ചുറ്റും പൂന്തോട്ടം, ഏഴ് വലിയ ആര്‍ച്ചുകള്‍, മധ്യത്തിലെ ആര്‍ച്ചിനു മേല്‍ ഗജലക്ഷ്മിയുടെ മനോഹരമായ പ്രതിമ, ദര്‍ബാര്‍ ഹാളുകള്‍, അംബവിലാസ ഹാള്‍, ജോള്‍സ് പവലിയന്‍. കല്യാണ മണ്ഡപം തുടങ്ങി പലതരം അത്ഭുതസങ്കേതങ്ങൾ കൊട്ടാരത്തിൽ ഉണ്ട്. രാജാക്കന്മാർക്ക് സാമന്തക്കാർ കൊടുത്ത വിവിധ സമ്മാനങ്ങൾ അവിടെ കാണാം. പ്രൗഢഭംഗിയുള്ള സിംഹാസനങ്ങൾ, കണ്ണാടികൾ ഒക്കെ പലപാടും ഉണ്ട്. രാജാവായിരുന്ന കൃഷ്ണരാജവോഡയാറിന്റെ ഒരു പൂർണകായ പ്രതിമ ആരെയും അത്ഭുതപ്പെടുത്തിക്കളയും. ജീവൻ തുടിക്കുന്നതുപോലെ തോന്നും കണ്ടാൽ. രാജാരവിവർമ്മയുടേതടക്കം നിരവധി കലാകാരന്മാർ വരച്ച ചിത്രങ്ങൾ കൊട്ടാരത്തിൽ നിരവധിയാണ്. രാജകുടുംബാഗങ്ങളുടെ ചിത്രങ്ങൾ വരച്ചു വെച്ചതും കൗതുകകരം തന്നെ. വാതിലുകളിലും മേൽത്തട്ടിലും മരത്തിൽ കൊത്തിവെച്ച ഭംഗിയേറിയ ഡിസൈൻസ് കാണേണ്ടതുതന്നെയാണ്. ഹിന്ദു, രജപുത്ര, ഗോതിക് , ഇസ്ലലാം വാസ്തുവിദ്യകളുടെ സങ്കരരൂപം ആകാരമണിഞ്ഞതാണ് ഈ കൊട്ടാരം. കണ്ടുതന്നെ അറീയേണ്ടതുണ്ട് ഇതിനെ. കൊട്ടാരത്തിനുള്ളിൽ ചിത്രണം നിരോധിച്ചിരിക്കുന്നതിനാൽ അകത്തുള്ള ഫോട്ടോസ് എടുക്കാൻ പറ്റിയില്ല. പ്രവേശനമില്ലെന്ന് എഴുതിവെച്ച സ്ഥലങ്ങളിലൊക്കെ ഓടിച്ചാടി നടന്ന് മരുമകൾ ആരാധ്യ കോലാഹലം തന്നെയായിരുന്നു. മൃഗശാലയിൽ ദീർഘദൂരമുള്ള നടപ്പ് അവളെ അവശയാക്കിയിരുന്നുവെങ്കിലും ഇരിക്കാനുള്ള സ്ഥലം തേടിയായിരുന്നു അവളുടെ ഈ ഓട്ടം എന്നു പിന്നീടു മനസ്സിലായി. താഴെ വന്ന് ഒരു സെക്യൂരിറ്റിക്കാരൻ കൊടുത്ത കസേരയിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ കൊട്ടാരം വിട്ടിറങ്ങുമ്പോഴേക്കും അവൾ.

വൃന്ദാവൻ – കൃഷ്ണരാജ സാഗര്‍ അണക്കെട്ട്brinthavan-garden mysore
നഗരത്തിൽ നിന്നും 20 കിലോമീറ്ററോളം ദൂരമുണ്ട് വൃന്ദാവൻ ഗാർഡനിലേക്ക്. കൃഷ്ണരാജ സാഗര്‍ അണക്കെട്ടിനു താഴെയായിട്ടാണിതു സ്ഥിതി ചെയ്യുന്നത്. 60 ഏക്കറോളം ഇതു പരന്നു കിടക്കുന്നു. കൃഷ്ണരാജ വോഡയാറിന്റെ കാലത്ത് 1924 – 32 കാലത്ത് എം. വിശ്വേശ്വരയ്യയാണ് ഈ അണക്കെട്ടും പണിതത്. കാശ്മീരിലെ ഷാലിമാര്‍ ഗാര്‍ഡന്റെ ചുവടുപിടിച്ചാണത്രേ ഈ ഗാർഡനും നിർമ്മിച്ചത്. ഗാർഡന്റെ ഒരു വശത്ത് അണക്കെട്ടിനോട് ചേർന്ന് കാവേരി ദേവിയുടെ ഒരു പ്രതിമയുണ്ട്. സംഗീതത്തിനനൗസരിച്ച് നൃത്തം വെയ്ക്കുന്ന ജലധാരയാണിവിടെ കാണാനുള്ള മറ്റൊരു പ്രത്യേകത, വൈകുന്നേരം 7 മണിക്കു തുടങ്ങി 8 മണിവരെ എല്ലാ ദിവസവും അതു കാണും. അതു കണാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. 2 മണിക്കൂറോളം ഗാർഡനിൽ കറങ്ങി നടന്ന് ജലധാരയുടെ സ്റ്റേജിൽ ഏറ്റവും മുകളിലായി ഇരിപ്പുറപ്പിച്ചു. ഇതിനിടയിൽ ആരാധ്യ വീണ് മൂക്കുമുറിച്ചു വെച്ചിരുന്നു. ഉറക്കം തൂങ്ങിക്കൊണ്ട് അദ്വൈത മണ്ഡപത്തിലേക്ക് മിഴിനട്ടിരിക്കുന്നു. ജലധാര കൃത്യം 7 മണിക്കു തന്നെ തുടങ്ങി. എന്നാൽ അപ്പോഴേക്കും കുട്ടികൾ ഉറങ്ങിയിരുന്നു.ാദ്യം കാവേരിദേവിക്കു വേണ്ടിയുള്ള ഒരു ഭക്തിഗാനമായിരുന്നു. പിന്നെയും രണ്ടുമൂന്നു പാട്ടുകൾ കണ്ടു. അത്രവലിയ രസം ആർക്കും തോന്നിയില്ല; ബുധനാഴ്ചയായിട്ടും വൻ ജനാവലിയാണവിടെ തടിച്ചു കൂടിയത്. പിന്നെയും ആളുകൾ വന്നുകൊണ്ടേയിരുന്നു. ഞങ്ങൾ 7:30 ഓടുകൂടി അവിടം വിട്ടു. പിന്നെ നേരെ ബാംഗ്ലൂരേക്ക്… കൃത്യം 10:30 നു വീട്ടിലെത്തി!

മൊത്തം 380 കിലോമീറ്ററോളം യാത്ര ചെയ്തു. 4100 രൂപ വാടകയിനത്തിൽ ടാക്സിക്കാരനു കൊടുത്തു അവനെ വിട്ടു

2 thoughts on “മൈസൂർ യാത്ര

  1. good narration.. പണ്ടു പോയി കണ്ടതൊക്കെ ഓര്‍മയില്‍ വന്നു… thanks for sharing..!

Leave a Reply

Your email address will not be published. Required fields are marked *