ആത്മാർപ്പണത്തിന്റെ വിജയഗാഥ

ആത്മാർപ്പണത്തിന്റെ വിജയഗാഥ

Govt U P School Palayathuvayal Kannavam Kannurഇച്ഛാശക്തിയും അർപ്പണബോധവും ഉള്ള ഒരു അദ്ധ്യാപകവൃന്ദം നമുക്കുണ്ടായിരുന്നെങ്കിൽ എത്ര സുന്ദരമാവുമായിരുന്നു നമ്മുടെ നാട്. തീരെ ഇല്ലെന്നല്ല; പല സ്കൂളുകളിലായി ഒളിഞ്ഞും തെളിഞ്ഞും ചിലരൊക്കെയുണ്ട്. ഈയടുത്ത് മലയാളം വിക്കിപീഡിയ സംഘടിപ്പിച്ച വിജ്ഞാനയാത്രയ്ക്ക്  ആതിഥ്യമരുളിയ കണ്ണൂർ ജില്ലയിലെ പെരുവ പാലയത്തുവയൽ ഗവണ്മെന്റ് യു. പി. സ്കൂളിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ഇത്തരം കുറേ അദ്ധ്യാപകരുടെ കേന്ദ്രീകരണമായിരുന്നു. ശ്രീ. ജയരാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ 15 ഓളം അദ്ധ്യാപകർ അവിടെ ഒരു വിജയഗാഥ രചിക്കുന്നു.

റിസേർവ്ഡ് വനത്തിനു നടുവിലായൊരു സ്കൂൾ. ആകെ അങ്ങോട്ടുള്ളത് ഒരേയൊരു കെ. എസ്. ആർ. ടി. സി. ബസ്സ്! ചങ്ങല ഗേറ്റ് എന്ന സ്ഥലത്തുനിന്നും വിട്ടാൽ പിന്നെ ചുറ്റും കാടാണ്. ഏറെ ദൂരം സഞ്ചരിച്ചാൽ നമുക്ക് പാലയത്തുവയൽ സ്കൂളിലെത്താം. പണ്ട്, പണ്ടെന്നു പറഞ്ഞാൽ പഴശ്ശിരാജയോളം പണ്ട്, പഴശ്ശിപ്പടയിലെ ആദിവാസി നേതാവായിരുന്ന തലയ്ക്കൽ  ചന്തു കുറിച്ച്യരെ സംഘടിപ്പിക്കാനും അയോധനകല പഠിപ്പിക്കാനുമായി പാളയം കെട്ടി താമസമുറപ്പിച്ചു വന്ന സ്ഥലമായിരുന്നുവത്രേ ഇത്. പാലയത്തുവയൽ എന്ന പേര് ബ്രിട്ടീഷുകാരാൽ തലയറ്റു വീണ ആ ആ ധീര യുവാവിന്റെ വീരസ്മരണയുണർത്തും. കുറിച്യർ ഏറെ അതിവസിക്കുന്ന സ്ഥലമാണിത്. മാറിമാറി വരുന്ന ഗവണ്മെന്റുകളുടെ അവഗണന മാത്രം ഏറ്റുവാങ്ങി കാടുകൾക്കിടയിൽ ആരോടും പരിഭവം പറയാതെ കഴിയുന്നു. അവർക്ക് കിട്ടേണ്ടതൊക്കെ ഇടനിലക്കാരും രാഷ്ട്രീയക്കാരും കൈക്കലാക്കുമ്പോൾ മണ്ണു പൊന്നാക്കി മാറ്റി അവർ ജീവിതമാർഗം കണ്ടെത്തുന്നു. പരിതാപകരമാണു പലരുടേയും അവസ്ഥ. അത്തരം ജീവിതസാഹചര്യങ്ങളിൽ നിന്നും വരുന്ന ഒരു കൂട്ടം കുഞ്ഞുങ്ങൾ ദിശാബോധം നൽകുകയാണിവിടുത്തെ അദ്ധ്യാപകർ.

jayajan master ജയരാജൻ മാസ്റ്റർപൊതുവേ മറ്റുള്ളവരുമായി ഇടപെടാൻ മടിക്കുന്നവരാണ് കുറിച്യർ. ഭാഷ ഒരളവുവരെ പ്രശ്നമാണ്. ആൾക്കൂട്ടങ്ങളിൽ മാറിനിന്ന് അവർ മറ്റുള്ളവർക്ക് വഴിയൊരുക്കുന്നു. കുട്ടികളും അങ്ങനെ തന്നെ. ആ അന്തർമുഖത്വം മാറ്റി തങ്ങളും സമൂഹജീവികളാണെന്ന ദിശാബോധം വരും തലമുറയ്ക്കെങ്കിലും പകർന്നുകൊടുക്കാൻ ഒട്ടൊന്നുമല്ല ഇവിടുത്തെ അദ്ധ്യാപകർ ശ്രമിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ പൂർണമായ ഉത്തരവാദിത്വം അദ്ധ്യാപകർക്ക് വിട്ടുകൊടുത്ത് മാതാപിതാക്കളും ഒരു വൻ മാറ്റത്തിനു തയ്യാറെടുത്തിരിക്കുന്നു.  ജന്മസിദ്ധമായ അപകർഷതാബോധം കൊണ്ടും ആത്മവിശ്വാസക്കുറവും കൊണ്ടും പൊറുതിമുട്ടുന്ന ഈ കുട്ടികളെ മാറ്റിയെടുക്കാൻ അവർക്ക്  താല്പര്യമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തുകൊണ്ട് ജയരാജൻ മാസ്റ്ററും മറ്റു അദ്ധ്യാപകരും പാഠ്യപദ്ധതിയൊരുക്കുന്നു.

എന്തൊക്കെയാണിവരുടെ പ്രവർത്തനങ്ങൾ എന്നു നോക്കാം; അതിനുമുമ്പ് സ്കൂളിനെ പറ്റി ഒന്നു പറയാം. സുന്ദരമാണാ സ്ക്കൂൾ. സ്കൂൾ വരാന്തയ്ക്കപ്പുറം ആരും ചെരുപ്പുപയോഗിക്കാറില്ല. അദ്ധ്യാപകരും വിദ്യാർത്ഥികളും എല്ലാവരും ചെരുപ്പ് വെളിയിൽ വരാന്തയ്ക്കുമിപ്പുറം ഊരിവെയ്ക്കുന്നു. ഇതൊന്നും അറിയാതെ നേരെ കേറിച്ചെന്ന എനിക്ക് ക്ലാസ് റൂമിന്റെ വൃത്തികണ്ടപ്പോൾ അവിടെക്ക് ചെരിപ്പിട്ട് കയാറാൻ തോന്നിയില്ല എന്നത് സത്യം. നോക്കിയപ്പോൾ എല്ലാവരും ചെരുപ്പ് പുറത്ത് ഊരി വെച്ചിരിക്കുന്നതു കണ്ടു. ക്ലാസ് മുറിയിലും പുറത്തുമൊക്കെ പലപല കവിതാശകലങ്ങൾ എഴുതിവെച്ചിരിക്കുന്നു. സ്കൂളിനു പുറകുവശത്ത് അവരുടെ പച്ചക്കറി കൃഷി. ടോയ്ലെറ്റുകൾ കണ്ടാൽ പറയില്ല അവിടെ പഠിക്കുന്നത് യു. പി. സ്കൂളിലെ കുട്ടികളാണെന്ന് – ഞാൻ മുമ്പ് ഡിഗ്രി പഠിച്ച സെന്റ്. പയസ് ടെൻത് കോളേജിന്റെ ടോയ്ലെറ്റിനെ കുറിച്ച് ഓർത്തുപോയി!! എത്രമാത്രം വൃത്തിഹീനമായിരുന്നു അവിടെ. വൃത്തിയും വെടിപ്പും എല്ലാ തലത്തിലും സൂക്ഷിക്കുന്നുണ്ട് ഇവിടെ.

നാടിനെപറ്റിയും നാട്ടുകാരെ പറ്റിയും പ്രധാന അദ്ധ്യാപകൻ ശ്രീ. ജയരാജൻ മാസ്റ്റർ വിശദീകരിച്ചു തന്നു. ഒമ്പതു വർഷമായി ജയരാജൻ മാസ്റ്റർ അവിടെ എത്തിയിട്ട്. ഈ കാലം കൊണ്ട് അദ്ദേഹം മുൻകൈ എടുത്തു ചെയ്ത പരിപാടികളെല്ലാം തന്നെ ഗംഭീരമാണ്. പന്ത്രണ്ടു വർഷത്തോളമായി അവിടെ പഠിപ്പിക്കുന്ന നാരായണൻ മാസ്റ്ററും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. നാട്ടുകാരായ കുറിച്യരുടെ അദ്ധ്വാനശീലത്തെ കുറിച്ചും മറ്റും പറഞ്ഞുതന്നത് നാരായണൻ മാസ്റ്റർ ആയിരുന്നു. കിലോമീറ്ററുകളോളം നടന്നാണ് ഓരോ കുട്ടിയും ക്ലാസിലെത്തുന്നത്. ഉയർന്ന കായികക്ഷമതയാണു കുട്ടികളുടെ പ്രത്യേകത. സ്പോർട്സ് ഇനങ്ങളിൽ വിവിധ തലങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടാൻ ഈ പ്രത്യേകത സ്കൂളിനെ ഒത്തിരി സഹായിക്കുന്നു. കഠിനാദ്ധ്വാനികളാണ് ഓരോരുത്തരും.

palayathuvayal school post officeകുട്ടികൾ ഈ സ്കൂളിൽ സ്വന്തമായി ഒരു തപാൽ സംവിധാനം നടപ്പിൽ വരുത്തിയിട്ടുണ്ട്. അതു വഴി അവർ പ്രധാന അദ്ധ്യാപകനായ ജയരാജന്‍ മാസ്റ്ററിന്‌ എഴുതിയ കത്തുകൾ നിരവിധിയാണ് ‍… അവരുടെ പരിഭവങ്ങൾ, കുസൃതികൾ, ആവശ്യങ്ങൾ, ക്ഷമാപണങ്ങൾ എല്ലാം അവർ ഇങ്ങനെ എഴുത്തിലൂടെ അദ്ധ്യാപകരെ അറിയിക്കുന്നു. അദ്ധ്യാപകരാവട്ടെ ഇതിനൊക്കെ തക്ക മറുപടിയും കൊടുക്കുന്നുണ്ട്. കേരളത്തിലെ മറ്റൊരു സ്കൂളിലും കണ്ടെത്താനാവാത്ത ഒരു സം‌വിധാനമാണിത്. മരിച്ചുകൊണ്ടിരിക്കുന്ന തപാലിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്പാടെ അനുകരിക്കുകയാണിവിടെ, ഇവിടെ കുട്ടികള്‍ക്കിടയില്‍ പോസ്റ്റ് മാനുണ്ട്, ജനറല്‍ പോസ്റ്റ് ഓഫീസുണ്ട്, തപാല്‍ പെട്ടിയുണ്ട്, തപാല്‍ മുദ്രയുണ്ട്… കുട്ടികള്‍ക്ക് എഴുതാനുള്ള ശീലം കൂട്ടാനും അവരുടെ വാക്യശുദ്ധി വര്‍ദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു. ഏതൊരു വിശേഷവും അവര്‍ എഴുത്തു മുഖേന അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമായി കൈമാറുന്നു.

സ്കൂളിലെ മ്യൂസിയത്തിൽ പേപ്പർ പൾപ്പ് കൊണ്ടുണ്ടാക്കിയ മനുഷ്യപരിണാമ പ്രതിമകൾകുറിച്യ സമുദായത്തിലെ കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാര്‍പ്പണം പല മേഖലകളിലായി അവിടെ കാണാവുന്നതാണ്‌. സ്കൂളിലെ മ്യൂസിയം ആണു മറ്റൊന്ന്. മനുഷ്യ പരിണാമത്തെ കാണിക്കുന്ന കൂറ്റൻ പേപ്പർ പൾപ്പ് പ്രതിമകൾ, ആദിവാസി മേഖലയിൽ നിന്നും ശേഖരിച്ച വിവിധ ആയുധങ്ങൾ, ഉപകരണങ്ങൾ, പഴയ ഒരു റേഡിയോ, കുട്ടികൾ ചിരട്ടയിലും മറ്റും തീർത്ത ശില്പങ്ങൾ, ചിത്രങ്ങൾ, ബിഷപ്പ് ബീൻസ് പോലുള്ള കൂറ്റൻ വിത്തുകൾ ആനയോട്ടി പോലുള്ള ഉപകരണങ്ങൾ എന്നിങ്ങനെ നിരവിധി സാധനങ്ങൾ അവിടെയുണ്ട്.

മാതൃഭൂമി വാർത്ത കാണുകജീവിത സാഹചര്യം കൊണ്ട് ടെലിവിഷൻ എന്നത് കേട്ടറിവു മാത്രമാകേണ്ടിയിരുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ സ്വന്തമായി ഒരു ടെലിവിഷൻ ചാനൽ ആ സ്കൂളിൽ നടത്തി വരുന്നുണ്ട്. അന്നന്നുള്ള പ്രധാന വാർത്തകളും, അവരുടെ ഡേറ്റുഡേ ആക്റ്റിവിറ്റീസും കടങ്കഥകളും ലോകകാര്യങ്ങൾ വിശദീകരിക്കുന്ന വേൾഡ് ടു ഡേ യും ഒക്കെ മിന്നിമറിയുന്ന കൊച്ചു ടിവി. വാർത്താ വായനക്കാരും അവതാരകരും കുട്ടികൾ തന്നെ. സ്റ്റൂഡിയോയിൽ നിന്നും ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന രംഗങ്ങൾ എൽ സി ഡി ടിവി വഴി ക്ലാസ് റൂമിൽ പ്രദർശിപ്പിക്കുകയാണു ചെയ്യുന്നത്. അവതാരകരും റിപ്പോർട്ടർമാരും ഒക്കെ കുട്ടികൾ തന്നെ. വിഡിയോ ഏഡിറ്റിങിന് അദ്ധ്യാപകർ സഹായിക്കുന്നു. കോടികൾ കോഴകൊടുത്ത് ഒപ്പിച്ചെടുക്കുന്ന ആധുനിക പബ്ലിക് സ്കൂളുകളിൽ എവിടെ കാണും ഇത്രയ്ക്ക് സുന്ദരമായ ഒരു സ്മാർട്ട് ക്ലാസ് റൂം!!

ഇതുകൊണ്ടൊന്നും തീരുന്നതല്ല പാലയത്തുവയൽ സ്കൂളിന്റെ പ്രത്യേകതകൾ. കണക്ക് എന്ന കീറാമുട്ടി ലഘൂകരിക്കാന്‍ ഗണിത ലാബ് ഉണ്ടവിടെ.  പഞ്ചായത്തിന്റെ സഹകരണത്തോടെ ഗണിതശാസ്ത്രത്തിന്റെ  സിദ്ധാന്തങ്ങളുടെ രസകരമായ പഠനമാണ്  ഗണിതലാബിലൂടെ സാധ്യമാവുന്നത്. കുട്ടികളിൽ വല്ലാതെ പോക്ഷകാഹാര കുറവു കണ്ടപ്പോൾ അദ്ധ്യാപകർ മുങ്കൈ എടുത്ത്  വീടുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനുതുകുന്ന പ്രവര്‍ത്തനങ്ങള്‍  ഫോർപ്ലാന്റ്  എന്നപേരിൽ നടത്തുകയുണ്ടായി. വള്ളിച്ചീര, മുരിങ്ങ, പപ്പായ, കാച്ചിൽ തുടങ്ങി നിരവധി ഭക്ഷ്യസാധനങ്ങൾ കുട്ടികളെ കൊണ്ട് അവരവരുടെ വീടുകളിൽ നടീപ്പിച്ചു. കാർഷിക വൃത്തിയാൽ കാലം കഴിക്കുന്ന അവരുടെ പിതാക്കളിൽ നിന്നും ഈ പരിപാടിക്ക് അകമഴിഞ്ഞ പിന്തുണയും ലഭിച്ചു.  സ്കൂളിൽ നടത്തിയ ചമ്മന്തി മേളയെ കുറിച്ച് ജയരാജൻ മാസ്റ്റർ പറയുകയുണ്ടായി. 35 -ഓളം ചമ്മന്തികളാണത്രേ അന്ന് കുട്ടികൾ അവിടെ തയ്യാറാക്കിയത്! നാട്ടുവൈവിധ്യങ്ങൾ ഒന്നൊന്നായി നശിക്കുന്നുവെങ്കിലും ഇത്തരം മേളകളിലെങ്കിലും അവ പുനർജ്ജനിക്കുകയും ഓർമ്മ പുതുക്കുകയും ചെയ്യുന്നു.

എണ്ണിയാലൊതുങ്ങില്ല ഇവിടുത്തെ പ്രത്യേകതകള്‍. കേവലം നൂറ്റി എഴുപതോളം കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ ചെറിയ സ്കൂളില്‍ നിന്നാണ്‌ മറ്റു വിദ്യാലയങ്ങള്‍ക്കെല്ലാം തന്നെ മാതൃകയാവേണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്‌. വിദ്യാഭ്യാസ വകുപ്പിന്റെ ഹരിതകേരളം പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ടു സ്കൂളുകളിൽ ഒന്നാണീ സരസ്വതീക്ഷേത്രം. പത്ത് കമ്പ്യൂട്ടറുകൾ ഉള്ള ഒരു ലാബുണ്ട് ഇവിടെ, ഉടനേ തന്നെ ഇന്റർനെറ്റ് കണക്ഷൻ കിട്ടുമെന്ന് ജയരാജൻ മാസ്റ്റർ പറയുകയുണ്ടായി. കുഞ്ഞുങ്ങൾക്ക് ഇന്റെർ നെറ്റ് വെച്ച് പുതിയൊരു പദ്ധതി ആസൂത്രണം ചെയ്യാൻ അദ്ദേഹത്തിനു കഴിയട്ടെ. മലയാളം വിക്കിപീഡിയയുടെ എല്ലാവിധ പിന്തുണയും സഹായസഹകരണവും ഞങ്ങൾ അദ്ദേഹത്തിനു നൽകിയിട്ടാണു വന്നത്. വിളിച്ചാൽ ഏതു നിമിഷവും ഓടിയെത്താൻ ഞങ്ങൾ തയ്യാറാണെന്ന് ഒരിക്കൽ കൂടി അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്നു.

ഏഴാം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് പുറമേയുള്ള മറ്റു സ്കൂളുകളിലേക്ക് പോകേണ്ടിവരുന്നു. ഏറെ ശ്രദ്ധകിട്ടി വളർന്ന ഇവർ മറ്റു സ്കൂളുകളിൽ വല്ലാതെ അവഗണിക്കപ്പെടുന്നു. ദൂരവും അവഗണനയും ഒക്കെ കൊണ്ട് ഏഴാം ക്ലാസ് കഴിഞ്ഞ് പഠനം തുടരുന്നവർ വളരെ കുറച്ചാണ്. ആ സങ്കടം ജയരാജൻ മാസ്റ്ററിന്റെ വാക്കുകളിൽ പ്രതിഫലിച്ചിരുന്നു. എത്രയും പെട്ടന്ന് ആ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയരട്ടെയെന്ന് ആശംസിക്കാനേ നമുക്കു പറ്റൂ! അവിടുത്തെ അദ്ധ്യാപരുടെ പ്രവർത്തനങ്ങൾ സാർത്ഥകമാകണമെങ്കിൽ അങ്ങനെ സംഭവിക്കണം.

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
VIjnana Yathra
Palayathuvayal School
Pachal gramam – Salem

10 thoughts on “ആത്മാർപ്പണത്തിന്റെ വിജയഗാഥ

 1. പ്രിയപ്പെട്ട രാജേഷ്,

  മനോഹരവും സത്യനിഷ്ഠവുമായ ഈ ലേഖനം ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തു പ്രസിദ്ധീകരിക്കാൻ അനുവദിക്കുമോ?
  നന്ദി.

  1. ഇതൊക്കെ ചോദിക്കൃണ്ടതുണ്ടോ വിശ്വേട്ടാ… ആ സ്കൂളിനെ പറ്റി കുട്ടികളെ പറ്റി സ്നേഹനിധികളായ അവരുടെ അദ്ധ്യാപകരെ പറ്റി ലോകം മുഴുവൻ വിളിച്ചുപറഞ്ഞു നടക്കേണ്ടതുണ്ട്.

 2. വിശ്വേട്ടാ.. The content of this site are available under the Creative Commons Attribution-ShareAlike License 🙂

  രാജേഷെ, ഉഡായിപ്പ് കഥകളിൽ നിന്നും തീർത്തും വ്യത്യസ്തമായി നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞിരിക്കുന്നു. ഈ സ്കൂളിൽ ചെല്ലാനും അദ്ധ്യാപകരെ കാണാനും അവസരം ഉണ്ടാക്കിത്തന്ന ശ്രീ വിനയരാജിനോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു..

Leave a Reply to Vinayaraj Cancel reply

Your email address will not be published. Required fields are marked *