January 6, 2018 - Rajesh Odayanchal

ഓട്ടൻ തുള്ളൽ

ഓട്ടന്‍ തുള്ളലില്‍ പലതും പറയും,
അതുകൊണ്ടാരും കോപിക്കരുതേ…!

അഥവാ അങ്ങനെ കോപിച്ചാലും,
അതിലൊരു മയിരും ഞങ്ങള്‍ക്കില്ല
………………… ………………….. ……………
എന്നാൽ ഞാനൊരു കഥയുരചെയ്യാം
എന്നുടെ വായിൽ തോന്നിയ പോലെ…

പണ്ടൊരു നാളിൽ കേരള നാട്ടിൽ
മാഹാബലിയെന്നൊരു രാജാവുണ്ടായി…

കള്ളവുമില്ല ചതിയതുമില്ല
നല്ലൊരു നാട് നമ്മുടെ നാട്…

എന്നാലിന്നോ നമ്മുടെ നാട്
കേരള നാട് നാറണ നാടായി!!

ടീവി തുറന്നാൽ ചാനലു തോറും …
പീഢനമല്ലോ കേൾക്കാനുള്ളൂ…

നാടുഭരിക്കണ നേതാക്കൻ മാർ
പീഢന കേസിൽ പ്രതികളുമായി…

ഇന്നാളൊരു നാൾ സോളാറിന്റെ പേരു
പറഞ്ഞൊരു സുന്ദരി വന്നു…

അവളുടെ കെണിയിൽ നാടു ഭരിക്കണ
നേതാക്കന്മാർ അങ്ങനെ വീണു…

ജീവിതമുള്ളൊരു നാരികളിങ്ങനെ
പുരുഷന്മാരെ കെണിയിൽ വീഴ്ത്തി

കിടപ്പറ രംഗം ക്യാമറ കൊണ്ടു
സീഡിയിലാക്കി കാശിനു വേണ്ടി…

കെണിയിൽ പെട്ടവർ പലരും അങ്ങനെ
കൂട്ടത്തോടെ കയറിൽ തൂങ്ങി…

സ്ത്രീപീഢനവും കൊലപാതകവും
ക്കൂടിവരുന്നതു കണ്ടൊരു മന്ത്രി…

ഉടനേ പൂട്ടി സ്റ്റാറുകളില്ലാത്തൊരു
ബാറുകളൊക്കെ നമ്മുടെ നാട്ടിൽ…

പൂട്ടിയ ബാറു തുറക്കാനായി
വേറൊരു മന്ത്രി കോടികൾ വാങ്ങി…

വിവരമറിഞ്ഞൊരു കുടിയന്മാരവർ
ഒത്തൊരുമിച്ചു യൂണിയനതായി..

പൂട്ടിയ ബാറു തുറന്നില്ലെങ്കിൽ
മരണം വരെയും സമരം ചെയ്യും…

കിട്ടിയ കാശിനു കള്ളു കുടിച്ച്
വീട്ടിൽ ചെന്നവർ ബഹളം വെയ്ക്കും…

കഞ്ഞിക്കലവും കൂട്ടാൻ ചട്ടിയും
വാരി വലിച്ചു പുറത്തേക്കെറിയും…

കെട്ടിയ പെണ്ണിൻ താലി പറിച്ച്
വിറ്റതു വീണ്ടും കള്ളു കുടിക്കും…

ഇങ്ങനെ ദുരിതം ഏറിയ നാളിൽ
പെണ്ണുങ്ങൾ അവർ ശപഥം ചെയ്തു…

പീഢിപ്പിക്കും ഭർത്താവിന്റെ
കാലുകൾ തല്ലിയൊടിച്ചിടേണം!!

സന്ധ്യാനാമം ചൊല്ലിയിരുന്നൊരു
മുത്തശ്ശിക്കും തെല്ലൊരു മോഹം…

ഈ സ്ത്രീധനം എന്നൊരു സീരിയലിന്റെ
ഇന്നത്തെ കഥ എന്താണാവോ?

സീരിയലിന്റെ സമയം നോക്കി
നാമം ചൊല്ലും സമയം മാറ്റി!

പെണ്ണുങ്ങൾ ഇവർ ഇങ്ങനെയായാൽ
പുരുഷന്മാരുടെ കഥയെന്താവും…!

നാടുഭരിക്കാനിറങ്ങിയ നാരിയെ
നേതാക്കന്മാരവർ തോണ്ടി നടന്നു!

നാടുഭരിക്കാൻ ഇറങ്ങിയ നാരിയോ
നായയെ പോലെ കടിക്കുന്നു മാന്തുന്നു!!

ഇപ്പോളുള്ളൊരു പെൺപിള്ളേരുടെ
വേഷം കണ്ടാൽ നാണം തോന്നും…

ടൈറ്റായുള്ളൊരു ജീൻസും ബനിയനും
ഇട്ടുവരുന്നതു കണ്ടാൽ തോന്നും

മുല്ലപ്പെരിയാർ ഡാമതു പോലെ
ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും!!!

ചുരിദാറെന്നൊരു നല്ലൊരു വേഷം
ടൈറ്റത് കീറി കക്ഷം വരെയും!

എന്നിട്ടടിയിൽ പാന്റിനു പകരം
ടൈറ്റായുള്ളൊരു ലെഗ്ഗിൻസിട്ടും

മാറു മറയ്ക്കാൻ ഉള്ളൊരു ഷാളോ
കഴുത്തിൽ ചുറ്റി നടന്നീടുന്നു!

ഈവിധമുള്ളൊരു വേഷം കെട്ടലു
കണ്ടു ഭ്രമിച്ചൊരു പാവം പയ്യൻ…

സമനില തെറ്റി ബസ്സിലിരുന്നാ
പെൺപിള്ളേരെ തോണ്ടാൻ നോക്കി

പിന്നെ അടിയായി കേസ്സായി
പാവം പയ്യൻ ജയിലിനകത്തായി

ഇപ്പോൾ ഉള്ളൊരു ആൺപിള്ളേരുടെ
വേഷംകണ്ടാൽ അതിലും കഷ്ടം!

ആൺപിള്ളേരുടെ ഹെയർ സ്റ്റൈൽ കണ്ടാൽ
ഇലക്ട്രിക് ഷോക്കതടിച്ചതു പോലെ

ലോവെയ്സ്റ്റ് എന്നൊരു പാന്റുമിട്ട്
ജട്ടി പുറത്തത് കാട്ടിക്കൊണ്ട്

ഒറ്റകാതിൽ കമ്മലുമിട്ട്
ചെവിയിൽ ഹെഡ്ഫോൺ പാട്ടും വെച്ച്

ജീവിതമെന്നത് അറിയാതുള്ളുരു
ലോകത്തിലവർ വിഹരിക്കുന്നു!!

ചുണ്ടിന്നടിയിൽ ഹാൻസും വെച്ച്
ബൈക്കിൽ ചെത്തി നടക്കണ നേരം

അതുവഴിയെങ്ങാൻ കാൽ നടയായൊരു
വഴിയാത്രക്കാരെങ്ങാൻ പോയാൽ

ഇടിച്ചു തെറിപ്പിച്ചവനേ വേഗം
പരലോകത്തേക്കെത്തിച്ചീടും

വല്ലോപ്പോഴും അല്പം വൈദ്യുതി
കിട്ടീടുന്നൊരു ഡാമുണ്ടിവിടെ

ചോരണ ഡാമത് ചൂണ്ടിക്കാട്ടി
നേതാക്കന്മാരിങ്ങനെ ചൊല്ലി

ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും
ഇപ്പം പൊട്ടും ഇപ്പം പൊട്ടും
ഉടനേ പുതിയത് പണിതീടേണം

ഈവിധമിങ്ങനെ നേതാക്കന്മാർ
മലയാളികളെ പറ്റിച്ചപ്പോൾ

തമിഴന്മാരെ സംരക്ഷിക്കും
അവരുടെ നേതാവൊരു പണി ചെയ്തു

പെണ്ണവളങ്കത്തട്ടിലിറങ്ങി
ഡാമും കൊണ്ടാ പെണ്ണും പോയി

അതുകേട്ടുടനേ ഒരുവൻ ചൊല്ലി
ചോരണഡാമത് പോണേൽ പോട്ടേ

എയറോ ഡാമതു പുതുതായി പണിയാം
ട്രൈനിൽ കേറി ടൂറു നടത്താം

കോടികൾ കോടികൾ സമ്പാദിച്ച്
മതിയാവാത്തൊരു പെണ്ണവളിപ്പോൾ

കോടതി പലതും കയറിയിറങ്ങി
ഒടുവിൽ അങ്ങനെ ചത്തും പോയി

ഈവിധമുള്ളൊരു നേതാക്കന്മാർ
വർഷം അഞ്ചു കഴിഞ്ഞെത്തുമ്പോൾ

വിഡ്ഢികളായൊരു വോട്ടർമാരോ
വോട്ടതു കുത്തി ജയിപ്പിക്കുന്നു

ഇങ്ങനെ പോയാൽ മലയാളിക്കിതു
ആശ്രയമുള്ളത് ഒന്നിതു മാത്രം

നാരായണ ജയ നാരായണ ജയ

നാരായണ ജയ നാരായണ ജയ
നാരായണ ജപമൊന്നിതു മാത്രം!!

മുന്നൂറിലധികം വർഷങ്ങൾക്കു മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്. ഇരിയയിലെ അയ്യപ്പക്ഷേത്രത്തിൽ അകത്തു തന്നെ ഇത് അവതരിക്കപ്പെട്ടിരുന്നു. അയ്യപ്പൻ വിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് 04/01/2018 വ്യാഴാഴ്ച വൈകുന്നേരം 5:30 നു തുള്ളൽ കളി തുടങ്ങിയിരുന്നു. രസകരമായിരുന്നു ഓട്ടൻ തുള്ളൽ.

ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന് 8 കിലോമീറ്റർ അകലെയായുള്ള കിള്ളിക്കുറിശ്ശിമംഗലം എന്ന ഗ്രാമത്തിലാണ് കുഞ്ചൻ നമ്പ്യാർ ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മഗൃഹമായ കലക്കത്തു ഭവനം ഇന്ന് ഒരു സ്മാരകമായും ഓട്ടൻ തുള്ളലിനും അനുബന്ധ കലകൾക്കുമായുള്ള ഒരു മ്യൂസിയം ആയും സംരക്ഷിച്ചിരിക്കുന്നു. കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും അവിടെയുണ്ട്. കേരളത്തിലെ രംഗകലകളെ കുറിച്ചുള്ള കൈയെഴുത്തു പ്രതികളും രേഖകളും അവിടെ സൂക്ഷിച്ചിരിക്കുന്നു.

Featured / malayalam / Personal / Stories ottan thullal / ഓട്ടന്‍ തുള്ളൽ / കിള്ളിക്കുറിശ്ശിമംഗലം / കുഞ്ചൻ നമ്പ്യാർ / തുള്ളൽ /

Leave a Reply

Your email address will not be published. Required fields are marked *