ഓജോബോര്‍ഡ് റീലോഡഡ്!

ഓജോബോര്‍ഡ് റീലോഡഡ്!

ഓജോ ബോര്‍ഡ് | ouija-boardഎനിക്കറിയില്ലായിരുന്നു ഇങ്ങനെ ഒരു സംഭമുണ്ടെന്ന്. ആദ്യമായി ഓജോബോര്‍ഡിനെ കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് ബയോടെക്‌നോളജിക്കാരനായ മുസ്തഫയില്‍ നിന്നുമായിരുന്നു. പ്രേതങ്ങളേയും പിശാചുക്കളേയും അവനു വല്യ വിശ്വാസമായിരുന്നു. അവന്റെ ധൈര്യത്തിന്റെ കഥ കഴിഞ്ഞ പോസ്‌റ്റില്‍ വിശദീകരിച്ചിട്ടുണ്ട്. അവനോട് സംസാരിച്ചാല്‍ അവന്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തിരിക്കുന്നത് ഇത്തരം നിഗൂഡശാസ്ത്രങ്ങളിലാണെന്നു തോന്നിപ്പോവും. മുസ്തഫയുടെ നാട്ടില്‍ ഓജോബോര്‍‌ഡ് ഉപയോഗിച്ച് പ്രേതാത്മാക്കളെ വിളിച്ചു വരുത്തുന്ന കൂട്ടുകാരുണ്ടത്രേ! ദുരാത്മാവിനെ ശരിയായ രീതിയില്‍ തിരിച്ചയക്കാന്‍ പറ്റാതെ സ്വന്തം ശരീരത്തിലേക്കാവാഹിച്ച് സമനില തെറ്റി ഭ്രാന്തനായി അലയുന്ന ഒരു കൂട്ടുകാരന്‍ ഓജോബോര്‍‌ഡു നല്‍കിയ ഒരു മാറാ മുറിവായി മുസ്തഫയുടെ മനസ്സിലുണ്ടത്രേ! ഓജോബോര്‍ഡിന്റെ വീരഗാഥകള്‍ ഒത്തിരി അവന്‍ ഒരിക്കല്‍ പറഞ്ഞു തരികയുണ്ടായി. വന്ന പ്രേതത്തെ വന്നപോലെ തന്നെ തിരിച്ചയക്കാനും പറ്റണം. അല്ലെങ്കില്‍ അവ നമ്മുടെ ശരീരത്തില്‍ കയറിയങ്ങു താമസിക്കും. ഓജോബോര്‍ഡിനരുകില്‍ വിശുദ്ധഗ്രന്ഥങ്ങളോ ദൈവവുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ ഉണ്ടാവരുത്. രാത്രിയില്‍ മാത്രമേ ഇതുപയോഗിക്കാവൂ…

ഓജോ ബോര്‍ഡിനൊരാമുഖം

മരിച്ചുപോയ ആത്മാക്കളുമായി സം‌വദിക്കാന്‍ പറ്റുന്ന ഒരു സം‌വിധാനമാണ്‌ ഓജോബോര്‍ഡ്. വരച്ചുണ്ടാക്കിയ വലിയൊരു കളം. അതില്‍ A മുതല്‍ Z വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങളും 1 മുതല്‍ 9 വരെയുള്ള നമ്പരുകളും പിന്നെ yes എന്നും no എന്നും എഴുതിയിരിക്കും. പിന്നെ വേണ്ടത് ഒരു കഷ്‌ണം മെഴുകുതിരി, ഒരു ഗ്ലാസ് (സ്റ്റീലിന്റെ ഗ്ലാസ്) പിന്നെ ഒരു ഒരുരൂപാ നാണയം. ബോര്‍ഡിനു നടുവില്‍ ഒരു രൂപാ നാണയം വെയ്ക്കുക അതിലൊരു മെഴുകുതിരി കത്തിച്ചു വെയ്ക്കുക ഗ്ലാസ് കൊണ്ടതിനെ മൂടുക. ചുറ്റുമിരിക്കുന്നവര്‍ തങ്ങളുടെ ചൂണ്ടുവിരല്‍ മൂടിയ ഗ്ലാസിനു മുകളില്‍ വെയ്ക്കുക പിന്നെ പതിയെ “സ്പിരിറ്റ് പ്ലീസ് കം(spirit please come) സ്പിരിറ്റ് പ്ലീസ് കം” എന്നു പതിയെ പറഞ്ഞു കൊണ്ടിരിക്കുക. ( ആത്മാവ് സ്കൂളിന്റെ പടികാണാത്ത ഒടയഞ്ചാലിലെ കുഞ്ഞമ്പുവേട്ടന്റേതാണെങ്കില്‍ കൂടി, ആത്മാവായാല്‍ മൂപ്പര്‍ക്കും ഇംഗ്ലീഷ് തന്നെ പഥ്യം! ) കുറച്ചു കഴിയുമ്പോള്‍ ആത്മാവിന്റെ സാന്നിദ്ധ്യം അനുഭവപ്പെടും. ഗ്ലാസ് ചലിച്ചു തുടങ്ങും, ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കും… ഇതാണിതിന്റെ പ്രവര്‍ത്തനം.(മുന്നറിയിപ്പ്: ദയവായി ഇതു വായിച്ചിട്ട് ആരും തന്നെ ചെയ്തുനോക്കാന്‍ തുനിയരുത്!)

നമുക്കു കാസര്‍‌ഗോഡ് ദേളിയിലെ ഭാര്‍‌ഗവീനിലയത്തിലേക്കു വരാം. മുസ്തഫ പറഞ്ഞ കാര്യങ്ങളെ ജിജിയും ഞാനും പല്ലും നഖവും ഉപയോഗിച്ച് എതിര്‍‌ത്തു. അവന്റെ അന്തഃവിശ്വാത്തെ കടിച്ചുകീറി. യുക്തിയുടെ ചാട്ടവാറുകൊണ്ടവനെ തലങ്ങും വിലങ്ങും തല്ലി. തല്ലുകൊണ്ടിട്ടും അവന്‍ പുഞ്ചിരിച്ചു. തൂങ്ങിമരിച്ച മധുരപ്പതിനേഴുകാരിയെ വിളിച്ചു വരുത്തണമെന്നു ഞങ്ങള്‍ വെല്ലുവിളിച്ചു. അങ്ങനെ നമ്മള്‍ വിചാരിച്ച ആളെ വിളിച്ചു വരുത്താനാവില്ലാത്രേ! ഏതെങ്കിലുമൊരു പ്രേതം വരും അത്രമാത്രം. എന്നല്‍‌പിന്നെ, ഏതായാലും കുഴപ്പമില്ലാ എന്നായി ഞങ്ങള്‍ – ഒന്നുകിലാ മധുരപ്പതിനേഴ് അല്ലെങ്കിലാ ചേലിയക്കാരന്‍. പക്ഷേ മുസ്തഫ ഒന്നിനും തയ്യാറല്ല. തിരിച്ചയക്കാന്‍ ഏതെങ്കിലും വിശുദ്ധമായ സാധനം വേണമെന്നായി അവന്‍. ഞങ്ങളുടെ കൈയില്‍ ബൈബിളുണ്ട് ഭഗവത്‌ഗീതയുണ്ട്, കൊന്തയുണ്ട് രാമായണമുണ്ട് ഇതൊന്നുമല്ലെങ്കില്‍ അവന്റെ തന്നെ കയ്യില്‍ വിശുദ്ധ ഖുറാനും പിന്നെ വിശുദ്ധമായി തന്നെ അവന്‍ സൂക്ഷിക്കുകയും എന്നും വായിക്കുകയും ചെയ്യുന്ന മറ്റൊരു കുഞ്ഞു പുസ്തകവും ഉണ്ട്. എന്തൊക്കെ പറഞ്ഞിട്ടും അവന്‍ തയ്യാറായില്ല. ഓജോബോര്‍ഡിനെ പറ്റി കോളേജിന്റെ മാനേജരയിരുന്ന ഷറഫുദ്ദീന്‍ ഉസ്‌ദാതിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം ജിന്നെന്നും പിന്നെ എനിക്കു മനസ്സിലാവാത്ത എന്തൊക്കെയോ പറഞ്ഞ് തലയൂരി. മുസ്ലീം വിശ്വാസപ്രമാണങ്ങള്‍ക്കെതിരാണ്‌ ഇതെന്നു മാത്രം അവസാനം മനസ്സിലായി. അങ്ങനെ ഒന്നുമെത്താതെ ഓജോബോര്‍ഡിന്റെ അന്വേഷണം വഴിമുട്ടി. ഓജോബോര്‍ഡിനെ ഞാന്‍ മറന്നു.

ഓജോബോര്‍ഡ് റീലോഡഡ്!

ഏറ്റുമാനൂരിലെ ജീവിതം. ഏറ്റുമാനൂരപ്പന്‍ കോളേജിലെ മൂന്നു ഡിഗ്രിക്കുട്ടികളും ഒരു M.Sc. Maths കാരനും ഞാനുമായി തവളക്കുഴിയിലെ ഒരു വീട്ടില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. വലിയ വീട്, വീട്ടുകാരുമുണ്ട് കൂടെ, ഭക്ഷണത്തിന്റെ കാര്യമൊക്കെ അവിടുത്തെ ചേച്ചി തന്നെ നോക്കും. ഒരിക്കല്‍ ഈ കുട്ടികള്‍ തമ്മിലൊരു തര്‍ക്കമുണ്ടായി. അതിന്റെ പരിഹാരം തേടി അവരെന്റെ അടുത്തെത്തി. സംഭവം ഓജോ ബോര്‍ഡ് തന്നെ! കുഴിവെട്ടിമൂടിയ പഴയ ഓര്‍മ്മകള്‍ സട കുടഞ്ഞെണീറ്റു. ഷബിന്‍ ശരീഫാണ് ഓജോബോര്‍ഡിനെ നഖശിഖാന്തമെതിര്‍ത്തത്. അവന്‍ അതിനെ എതിര്‍ക്കാന്‍ കാരണം മറ്റൊന്നുമല്ല, കൂട്ടത്തില്‍ അന്ന് ഏറ്റവും പേടിത്തൊണ്ടനായിരുന്നു അവന്‍. പേടിപ്പിക്കുന്ന എന്തു കണ്ടാലും അവന്‍ അതിന്റെ പരിസരത്തു പോവില്ല! അങ്ങനെയുള്ള ഷബിന്‍ ഇങ്ങനെയൊരു ചിന്തയെ മനസ്സിലേക്കു കേറ്റാന്‍ വിസമ്മിതിച്ചതായിരുന്നു പ്രശ്നകാരണം. ഓജോബോര്‍ഡിനെ ആ കൊച്ചുകൂട്ടത്തില്‍ അവതരിപ്പിച്ച എം‌എസ്സിക്കാരന്‍ പക്ഷേ വിട്ടുകൊടുക്കില്ല; ഞാനിപ്പോള്‍ ചെയ്തു കാണിച്ചു തരാമെന്നായി അവന്‍. ഇതൊന്നു കണ്ടറിയാനുള്ള ആഗ്രഹം എന്റെ മനസ്സിലും മൊട്ടിട്ടു. വീട്ടുടമസ്ഥന്റെ മകനും കൂട്ടത്തില്‍ കൂടി. അച്ഛനും അമ്മയും അറിയരുതെന്ന് അവന്‍ മുന്‍‌കൂട്ടി പറഞ്ഞിരുന്നു. പയ്യന്‍‌സ് തന്നെ അതിനുവേണ്ട സാമഗ്രികള്‍ ഒരുക്കി, സ്റ്റീല്‍ ഗ്ലാസ് മെഴുകുതിരി, നാണയം… ചോക്കു കഷ്‌ണങ്ങള്‍ പോക്കറ്റിലിട്ടുവരിക എന്നത് ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍‌ സയന്‍സ് വിദ്യാര്‍ത്ഥിയായ ഷബിന്റെ ഒരു വിനോദമായിരുന്നു. ചോക്കുകൊണ്ട് മേശപ്പുറത്ത് എം‌എസ്സിക്കാരന്‍ കളം വരച്ചു – വലിയൊരു കളം.

ഓജോബോര്‍‌ഡ് എന്ന പ്രതിഭാസം

ഞങ്ങളെല്ലാവരും മേശയ്‌ക്കു ചുറ്റുമിരുന്നു.  മെഴുകുതിരി കത്തിച്ചു ഒരുരൂപാനാണയത്തില്‍ ഉറപ്പിച്ചു. ഈശ്വരചൈതന്യത്തിന്റെ പ്രതിരൂപമായ ആ വെളിച്ചത്തെ ഒരു ഗ്ലാസുകൊണ്ടു മൂടി എല്ലാവരും കറുത്ത ശക്തിയെ ആവാഹിക്കാന്‍ തയ്യറായി. ഷബിന്‍ അടുത്തുവന്നിരുന്നെങ്കിലും അതില്‍ തൊടാനോ അതിന്റെ ഒരു ഭാഗമാവാനോ തയ്യാറായില്ല. നോര്‍‌ത്തിന്ത്യയില്‍ പഠിച്ചുവളര്‍ന്ന ഒരു പയ്യന്‍‌ നേരെപോയി ബൈബിളെടുത്തു വായനതുടങ്ങി. എം‌എസ്സിക്കാരന്‍ അവനെ തെറിപറഞ്ഞപ്പോള്‍ അവനതു മടക്കിവെച്ചു.

വീട്ടുടമയുടെ മകനും എം‌എസ്സിക്കാരനും മുഖാമുഖമാണ്‌. അവര്‍ ഗ്ലാസ്സില്‍ കൈവെച്ച് ആത്മാവിനെ വിളിക്കാന്‍ തുടങ്ങി… spirit please come… spirit please come… spirit please come… നീണ്ടു നീണ്ടു പോകുന്ന ഉച്ചാടനം! ഒരഞ്ചുമിനിറ്റായിക്കാണും പെട്ടന്ന്‍ കറണ്ടുപോയി. അവിടെ അതിനും മുമ്പോ അതിനുശേഷമോ കറണ്ടു പോയതായി ഒര്‍‌മ്മയില്ല. എല്ലാവര്‍ക്കും പരിഭ്രമമായി. ജനലിലൂടെ പുറത്തുനിന്നു വരുന്ന അരണ്ട പ്രകാശം മാത്രമായി പിന്നെ. എങ്കിലും എല്ലാം നന്നായി കാണാം. നല്ല നിലാവുള്ള രാത്രിയായിരുന്നു അത്. സമയം രാത്രി 12 മണിയോടടുത്തിരുന്നു… ഇടയ്ക്കൊക്കെ, ശബ്ദം കുറച്ച് “ഇതൊന്നു നിര്‍ത്തൂ” എന്ന് ഷബിന്‍ കരഞ്ഞു പറയുന്നുണ്ടായിരുന്നു. മുക്കാല്‍ മണിക്കൂറോളം അവര്‍ രണ്ടുപേരും സ്പിരിറ്റിനെ വിളിച്ചു. പെട്ടന്ന് ഒരു മണിശബ്ദം കേട്ടതുപോലെ! ആദ്യം കേട്ടത് വീട്ടുടമസ്ഥന്റെ മകന്‍ തന്നെ. കുറേ കഴിഞ്ഞപ്പോള്‍ വീണ്ടുകേട്ടു… സംഗതി സത്യമാണ്‌. ഗ്ലാസിനുള്ളിലെ നാണയം ഗ്ലാസില്‍ വന്നിടിക്കുന്ന ശബ്ദമാണത്. ഗ്ലാസ് ഒന്നനങ്ങിയോ..? അതേ! ഗ്ലാസ് മെല്ലെ ചലിക്കുന്നു!! എല്ലാവരുടെയും മുഖത്ത് അത്ഭുതം! ഗ്ലാസ് മെല്ലെ നീങ്ങി ബോര്‍ഡിനു പുറത്തു വന്നു നിന്നു. എം‌എസ്സിക്കരന്റെ മുഖം ഒരു മന്ത്രവാദിയുടേതുപോലെ ഭീകരമായി. കടുത്ത സ്വരത്തില്‍ അവന്‍ ചോദിച്ചു: “who are you?” വീണ്ടുമതാ ഗ്ലാസ് അനങ്ങുന്നു!
ഗ്ലാസ് നീങ്ങിത്തുടങ്ങി! ഞാനവരുടെ കൈവിരല്‍ മാറ്റി എന്റെ വിരല്‍ വെച്ചു. ഇല്ല ഗ്ലാസ് നില്‍‌ക്കുന്നില്ല. എന്റെ മുഴുവന്‍ ശക്തിയേയും വിരലിലേക്കാവാഹിച്ചു ഞാനതില്‍ അമര്‍ത്തി… ഇല്ല… അതെന്റെ വിരലുമായി നീങ്ങുന്നു. ഗ്ലാസ് ഓരോ കളങ്ങളിലേക്ക് മാറിമാറി നീങ്ങി. യാതൊരു സംശയത്തിനും ഇടം നല്‍ക്കാതെ ഓരോ അക്ഷരത്തിലും മുഴുവനായും നിലയുറപ്പിച്ചതിനു ശേഷം ഗ്ലാസ് മറ്റൊന്നിലേക്കു നീങ്ങി. എം‌എസ്സിക്കാരന്‍ ആ അക്ഷരങ്ങള്‍ എഴുതിയെടുത്തു: ANUPAMA! അനുപമ!! വന്നതൊരു പെണ്ണാണ്‌. ഇനിയെന്തു ചോദിക്കണമെന്ന തര്‍ക്കമായിരുന്നു പിന്നെ? എത്രവയസിലാണു മരിച്ചതെന്നു ചോദിക്കാം, എങ്ങനെ മരിച്ചെന്നായാലോ? അവിശ്വസിനീയമായ ഒരു മാനസികാവസ്ഥയിലഅയിരുന്നു ഞാന്‍. എങ്ങനെ ഞാനെന്റെ യുക്തിബോധത്തെ ഒന്നു പറഞ്ഞു മനസ്സിലാക്കും! എത്ര നിര്‍‌ത്താന്‍ ശ്രമിച്ചിട്ടും ആ യക്ഷിഗ്ലാസ് എന്തേ നില്‍ക്കാതിരുന്നത്? ഷബിന്‍ ഇത്രയുമായപ്പോഴേക്കും അവന്റെ ഖുറാനുമായി വന്നു, നോര്‍‌ത്തിന്ത്യക്കാരന്‍ അവന്റെ ഇംഗ്ലീഷ് ബൈബിള്‍ കളത്തിലേക്കു വെച്ചു. അതിനുമേലെ ഷബിന്‍ ഖുറാന്‍ വെച്ചു. എം‌എസ്സിക്കാരനും വീട്ടുടമസ്ഥന്റെ മകനും അതു രണ്ടും എടുത്തു നീക്കി. അവന്‍ ചോദിച്ചു “What’s your father’s name?” ആളെ തിരിച്ചറിയാനാവുമോ എന്നറിയാന്‍ വേണ്ടിയായിരുന്നു. ഗ്ലാസിന്റെ നീക്കം പക്ഷേ ദുര്‍ബലമായി. അല്പമൊന്നനങ്ങി അതു നിന്നു! ബൈബിളും ഖുറാനും കളത്തില്‍ വെച്ചതായിരുന്നുവത്രേ കാരണം. വിശുദ്ധഗ്രന്ഥങ്ങളുടെ സ്വാധീനത്താന്‍ ആ പ്രേതാത്മാവ് തിരിച്ചുപോയതാവണം!

കുറച്ചു ദിവസങ്ങളിലെ എന്റെ ഉറക്കം പിന്നെ ഓജോബോര്‍ഡ് കവര്‍‌ന്നെടുത്തു. മോഡേര്‍‌ണ്‍ സയന്‍‌സ് ഇതിനെ എന്തു നിര്‍‌വചനമിട്ടു വിളിക്കും എന്നറിയാന്‍ ഞാനന്ന് ഗൂഗിളില്‍ ഒരുപാടലഞ്ഞു. ഒന്നും കിട്ടിയില്ല. രാവിലെ തന്നെ കമ്പനിയില്‍ ഇതിനേപ്പറ്റി പറഞ്ഞു, ആദ്ധ്യാത്മിക കാര്യങ്ങളില്‍ അല്പം പരിജ്ഞാനമുള്ള ഷോബിസാറിന്‌ ഇങ്ങനെയൊരു സംഗതി ഉണ്ടെന്നല്ലാതെ മറ്റൊന്നും പറയാന്‍ കഴിഞ്ഞില്ല. ബോബിസാറും കേട്ടിട്ടുണ്ട്. രമ്യ ചന്ദ്രന്‍ പറഞ്ഞു ‘ഞങ്ങള്‍ ഹോസ്റ്റലില്‍ നിന്നും ഒത്തിരി തവണ ഇതുപയോഗിച്ചിട്ടുണ്ട്. സം‌ഗതി സത്യാണ്‌ട്ടോ’ എന്ന്. എങ്കിലും എനിക്കൊരു സമാധാനം കിട്ടിയില്ല. മറ്റുപലരോടും ഞാനിതിനേ പറ്റി ചോദിച്ചു. നിരാശയായിരുന്നു ഫലം…

മൈക്കിളച്ചന്റെ വിശദീകരണം

ഒടയഞ്ചാല്‍ പള്ളിയില്‍ വികാരിയച്ചനായി വന്ന ഫാ: മൈക്കിള്‍ പഴുമാലിലും ഞാനും പണ്ടേ പരിചയക്കാരായിരുന്നു. അച്ചനും ഞാനും കൂടി ഇടയ്‌ക്ക് കറങ്ങിനടക്കാറുണ്ട്. നാട്ടില്‍ വരുമ്പോഴൊക്കെ പള്ളിമേടയിലെ ഒരു സ്ഥിരം സന്ദര്‍‌ശകനായിരുന്നു അന്നു ഞാന്‍. ഒരിക്കല്‍ അച്ചനോടു ഞാനിക്കാര്യം ചോദിച്ചു. അച്ചന്‍ അല്പമൊന്നു ചിന്തിച്ചിരുന്നു എന്നിട്ട് വളരെ വിശദമായി തന്നെ പറഞ്ഞു തുടങ്ങി: മനുഷ്യബുദ്ധിക്കു നിരക്കാത്ത പലതും ഭൂമിയില്‍ സംഭവിക്കുന്നുണ്ട്. ഒരുകൂട്ടം ആളുകള്‍ ഒന്നിച്ച് ഒരു പ്രത്യേക കേന്ദ്രത്തില്‍ ശ്രദ്ധയൂന്നിയിരിക്കുമ്പോള്‍ അവിടെ ഒരു ശക്തി രൂപപ്പെടുന്നുണ്ട്. പോട്ട പോലുള്ള ആദ്ധ്യാത്മിക കേന്ദ്രങ്ങളിലും മറ്റും സംഭവിക്കുന്നതും ഇതു തന്നെ. ആ ശക്തിയെ ദൈവമായി കാണേണ്ടവര്‍ക്ക് ദൈവമായി കാണാം സാത്താനായി കാണേണ്ടവര്‍ക്ക് സാത്താനായി കാണാം. വീട്ടില്‍ എല്ലാവരും ഒന്നിച്ചിരുന്ന് സന്തോഷപൂര്‍‌വം ഭക്ഷണം കഴിക്കുമ്പോള്‍/പ്രാര്‍‌ത്ഥന ചൊല്ലുമ്പോള്‍ ഇത്തരം ഒരു പോസിറ്റീവ് എനര്‍‌ജി അവര്‍ക്കിടയില്‍ രൂപീകരിക്കപ്പെടുന്നുണ്ട്. നമ്മില്‍ തന്നെ ഉള്ള ശക്തിയുടെ ഒരു കേന്ദ്രീകരണമാണിവിടെ നടക്കുന്നത്. അതിനെ നമ്മള്‍ ദൈവമെന്നു വിളിക്കുന്നു. മനസ്സില്‍ സാത്താനെ മാത്രം വിചാരിച്ച് പ്രാര്‍‌ത്ഥന നടത്തുന്ന ചില സംഘടനകളെ പറ്റിയും അച്ചന്‍ പറയുകയുണ്ടായി. കടുത്ത ദൈവനിന്ദയും അവഹേളനവുമാണവരുടെ മുഖമുദ്ര.  അവരും പ്രാവര്‍ത്തികമാക്കുന്നത് ഈ ഒരേ തത്ത്വം തന്നെയാണ്‌. പക്ഷേ, ഉദ്ദേശ്യം മോശമാണെന്നു മാത്രം. അതില്‍‌ പെട്ട ഒന്നാണ്‌ ഈ ഓജോബോര്‍ഡും.

അച്ചന്റെ ഉത്തരം പൂര്‍ണമായും അങ്ങോട്ട് ദഹിച്ചില്ലെങ്കിലും ആ ചര്‍ച്ചയിലൂടെ മറ്റു പലതിനേകുറിച്ചും അറിയാനായി എന്നൊരു ഗുണം ചെയ്തു. ഒരാളുടെ മനസ്സിനെ മറ്റൊരാള്‍ ഉറക്കിയെടുക്കുന്ന ഹിപ്നോട്ടിസത്തിലേക്കും മറ്റുപലതിലേക്കും ഞങ്ങള്‍ കടന്നുചെന്നു. എങ്കിലും എന്റെ ആശങ്കകള്‍ ഇന്നും ബാക്കി നില്‍ക്കുന്നു. ആരായിരിക്കും ആ അനുപമ? അവളായിരിക്കുമോ അന്ന് ദേളിയിലെ വീട്ടില്‍ തൂങ്ങി മരിച്ച ആ മധുരപതിനേഴുകാരി? അവളെന്നെ വിടാതെ പിന്തുടരുന്നുണ്ടാവുമോ?

11 thoughts on “ഓജോബോര്‍ഡ് റീലോഡഡ്!

 1. ഇത്തരം സംഭവങ്ങളെ കുറിച്ചറിയാന്‍ എനിക്കും വലിയ താത്പര്യമാണു.കൂട്ടുകാരൊക്കെ ഓജോയുടെ മഹത്വത്തെ പറ്റി പറഞ്ഞ് കേട്ട് ,കേട്ട് ഇതിനു പിറകിലെ രഹസ്യമെന്താവുമെന്നറിയാന്‍ ഞാനും കുറേ തല പുകച്ചു നോക്കിയതാണു.ഒടുക്കം ഒരു പോസ്റ്റ് വരെയിട്ടു നോക്കി.ഒടുവില്‍ ഗൂഗിള്‍ അരിച്ചു പെറുക്കി നോക്കിയപ്പോള്‍ ഉപബോധ മനസ്സിന്റെ ഒരു കള്ളക്കളിയാണെന്നൊക്കെയാണു കണ്ടത്..വിക്കി ചേട്ടന്‍ ഇതിനു നല്‍കിയ ഓമനപ്പേരു ideomotor effect അല്ലെങ്കില്‍ automatism എന്നാണു..

  1. To Rare Rose,
   ഓജോബോര്‍ഡിലൂടെ പ്രതിഫലിക്കുന്നത് ഒരുകൂട്ടം ആളുകളുടെ മാനസികൈക്യമാണെന്ന കാര്യത്തില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. സമൂഹത്തില്‍ ആ ശക്തിവിശേഷത്തെ പലരീതിയില്‍ ഉപയോഗിച്ചു വരുന്നു എന്നും കരുതാം. ധ്യാനകേന്ദ്രങ്ങളിലതിനെ രോഗചികല്‍സയ്ക്കായും ഹോസ്റ്റല്‍മുറിക്കുള്ളില്‍ അതിനെ ആത്മാവിനെ വിളിക്കാനുള്ള ഉപാധിയായും മറ്റും. പ്രാര്‍ത്ഥനയിലൂടെ ശക്തി പ്രാപിക്കുന്നതു ഇതു തന്നെയാവും. ദൈവമെന്നു വിളിച്ചു നമ്മള്‍ പ്രാര്‍ത്ഥിക്കുന്നതും അധിക്ഷേപിക്കുന്നതും ഇതിനെ തന്നെയാവും! എന്റെ ഒരു വിലയിരുത്തല്‍ ഇതൊക്കെയാണ്‌. കുറച്ച് അന്വേഷിച്ചിരുന്നു, ആ ഒരു കൗതുകത്തിന്റെ പുറത്ത്… പക്ഷേ, കാര്യമായി ഒന്നും തടഞ്ഞില്ല.

 2. മധുരപതിനേഴുകാരി വന്ന കാര്യം എന്നോട് അന്ന് പറഞ്ഞില്ല ഞാനും ഏറ്റുമാനൂര്‍ ഉണ്ടായിരുന്നു

  1. അരുണ്‍,
   സംഭവം നടക്കുന്ന ടൈമില്‍ നീ അവിടെ ജോയിന്‍ ചെയ്തിരുന്നോ? ശ്രീജിത്തുണ്ടായിരുന്നു. അഥവാ ഉണ്ടായാല്‍ തന്നെ, നീ മറന്നുപോയതാവും. ബോബിസാറിനോടൊന്നു ചോദിച്ചുനോക്ക്… അതുപക്ഷേ, മറ്റേ, കാസര്‍ഗോഡന്‍ പതിനേഴാവാന്‍ ഇടയില്ല. അവസാനം ഞാന്‍ ഒന്നു പെരുപ്പിച്ചതല്ലേ.!

  1. ഷബിനേ, നീ മിണ്ടരുത്!! നീ ഇതിലെ ഒരു കഥാപാത്രമാണ്. കഥാപാത്രം കഥയ്‌ക്കുപുറത്തുവന്ന് സംസാരിക്കുകയോ!! വേണ്ടാ വേണ്ടാ!!
   നിന്റെ പേരു മാത്രമേ ഞാനോര്‍ക്കുന്നുള്ളൂ, മറ്റുള്ളവരുടെ പേരെന്താണെന്നു മറന്നുപോയി! നീ മറന്നുപോവാന്‍ തരമില്ല. ആരൊക്കെയാണെന്ന് ഒന്നിവിടെ എഴുതിയേക്ക് കേട്ടോ…

 3. ഞാനും എന്റെ ചില സുഹ്രുത്തുക്കളും ഇതൊന്നു പരിക്ഷിച്ചതാണു പണ്ട് പക്ഷെ മെഴുകുതിരി തീര്‍ന്നതു മിച്ചം…

 4. ഞാനും ഇത് പോല്‍ഇ ചെയ്തിടുണ്ട് . …
  കോവിലന്റെ പുസ്ടകം വായിച്ചാല്‍ മതി .എല്ലാം മനസിലാകും
  ചൂണ്ടു വിരലിന്റെ അറ്റത് ഉള്ള FLEXIBLE സെല്ല്സ് CANDLE കത്തുമ്പോള്‍ ഉണ്ടാകുന്ന ചൂടില്‍ ചെറുതായി പ്രവര്‍ത്തിച്ചു തുടങ്ങുനതാണ് കാരണം….

  ഞന്‍ ബൈബിള്‍, കൊന്ത മുന്‍പില്‍ വച്ചും ഇത് പോലെ ചെയ്തു നോകിയിടുണ്ട് ….

  കോവിലന്‍ ഇതിനെകുരിചെല്ലാം നല്ല രീതിയില്‍ ഉത്തരം പറഞ്ഞിടുണ്ട് ,,
  പുസ്തകത്തിന്റെ പേര് ഓര്‍മയില്ല ..

 5. ഇത്രയൊക്കെ ചെയ്ത് നോക്കാൻ അയെങ്കിൽ ഒന്നുടെ ഒന്ന് ശ്രമിക്കരുതോ?.
  വരുന്ന അത്മാവിനോട് നേരിട്ട് ചോദിച്ചാൽ എല്ലാം പറഞ്ഞു തരില്ലേ?
  മനസിന്റെ നില നമ്മുടെ ചിന്തയിൽ നിന്നും വെതിചലിക്കുമ്പോൾ പലതും തോന്നും അതിലോന്നായി ഇതിനെയും കണരുതൊ?..
  എന്തായാലും നാട്ടിലേക്ക് വരുംമ്പോൾ രാജേഷെട്ടന്റെ അടുത്തേക്ക് വരുന്നുണ്ട്.
  ഇക്കാലത്തും ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ നടക്കുന്നേൽ അത് അറിഞ്ഞില്ലേൽ മോശമല്ലേ.

Leave a Reply

Your email address will not be published. Required fields are marked *