നെല്ലിക്ക

നെല്ലിക്ക

കവിത കേൾക്കുക:

0:00

നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…
മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ…
പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ…
ദീപനാളം കണ്ടു പാറും പ്രാണികൾ പോലെ…
ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ…

ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ…
ബാക്കിവച്ചവ ബാക്കിയാക്കാൻ നോക്കിനിൽക്കുണ്ണീ…
ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളിയുണർന്ന ബാല്യങ്ങൾ…
ആറ്റിലിപ്പോളർബുദപ്പുണ്ണായ്‌ മണൽക്കുഴികൾ…

മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട്‌…
കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞു പോയുണ്ണീ…
വിൽപനയ്ക്കു നിരത്തി വച്ചവ ഒക്കെ വിത്താണു…
വിത്തുവാരി വിതച്ച പാടം ചത്തിരിപ്പാണ്…
നാളെ ഞാനും നിന്റെ നാടും ഈ മുളങ്കാടും…
ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ…

മാറ്റമില്ലായെന്നു കരുതുവതൊക്കെയും മാറി…
മാറ്റവും മറുമാറ്റവും ചെറുതോറ്റവും മാറി…
പാട്ടു മാറി പകിട മാറി പതിവുകൾ മാറി…
കൂട്ടു മാറി കുടിലു മാറി കൂത്തുകൾ മാറി…

അഛനാരെന്നറിയാതെ അമ്മമാർ മാറി…
അമ്മയാരെന്നറിയാതെ ആങ്ങള മാറി…
പെങ്ങളാരെന്നറിയാതെ പൊരുളുകൾ മാറി…
മാറി മാറി മറഞ്ഞ കാലം മാഞ്ഞു മറയായി…
മാറി മാറി മറിഞ്ഞ കാലം മാറി മറിയുമ്പോൾ…
മാറിനുള്ളിലെരിഞ്ഞ ദീപമണഞ്ഞിടല്ലുണ്ണീ…

നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…

കാടു കത്തിയമർന്നിടത്തുകുരുത്തു പേഴും കാ…
കായെടുത്തു കടിച്ചു പല്ലുകളഞ്ഞിടല്ലുണ്ണീ…

നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ
തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ…
*************
മുരുകൻ കാട്ടാക്കട

Leave a Reply

Your email address will not be published. Required fields are marked *