September 7, 2017 - Rajesh Odayanchal

നന്ദി, തിരുവോണമേ നന്ദി

കവിത കേൾക്കുക:
0:00
നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി-
ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.
ആട്ടം കഴിഞ്ഞു
കളിയരങ്ങത്തു തനിച്ചു വെറുക്കനെ-
പ്പടുതിരി കത്തിക്കരിഞ്ഞുമണത്ത
കളിവിളക്കിന്‍ ചിരി
ഇപ്പൊളോര്‍ക്കുന്നുവോ?
ഇനിയൊരു കളിക്കിതു കൊളുത്തേണ്ട-
യെന്നോര്‍ത്തിരിക്കെ, നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.
കുന്നിന്‍ കണിക്കൊന്ന പൂത്ത കൊടുംചൂടില്‍
പാല്ക്കുടം കൊണ്ടുപോം പക്ഷിയുടെ തേങ്ങല്‍
അന്തിമങ്ങൂഴത്തിലലിയവേ,
അരുവിതന്‍ കണ്ഠം കരിഞ്ഞുണങ്ങിക്കീറി
ദൂരതീരങ്ങള്‍ വെറും മോഹമെ-
ന്നിടറുന്ന മൂവന്തിമൂര്‍ച്ഛിക്കവേ,
ഇലകള്‍ കൊഴിഞ്ഞു
കുനുചില്ലകളുണങ്ങി
തൊലിവീണ്ടു തടികാഞ്ഞു
വേരുകള്‍ തുരുമ്പിച്ചു
കത്തുന്ന വിണ്ണിനെച്ചൂണ്ടി-
ജ്ജരഠന്‍ കടമ്പ്, തന്‍പൂക്കാല-
നോവുകളിറുത്തെറി, ഞ്ഞെത്തുമൊരു
വേണു തേങ്ങുന്ന കാറ്റിന്റെ കൈകളില്‍
ചാഞ്ഞുറങ്ങാന്‍ കാത്തു
കാതോര്‍ത്തുനിന്നതോര്‍ക്കുന്നുവോ?
പോയ തിരുവോണഘനമൗനമോര്‍ക്കുന്നുവോ?
ചെറിയൊരു വെളിച്ചം പിടഞ്ഞുകെട്ടാല്‍,
മൃതിപോല്‍ത്തണുത്ത നിറമിഴിനീര്‍ക്കുടങ്ങളൊരു
പ്രളയമായ്‌പ്പൊട്ടിപ്പുളഞ്ഞൊഴുകി-
യൊക്കെയും മൂടുവാന്‍ ചൂഴ്ന്നുറ്റുനില്ക്കുമൊരു
ഘനതിമിരമായ് ഭൂമി നിന്നതോര്‍ക്കുന്നുവോ?
എങ്കിലും,
ഇടിവെട്ടിയില്ല, ചെറു-
തിരി കെട്ടതില്ല, ഘന-
തിമിരമിഴിനീര്‍ക്കുടമുടഞ്ഞില്ല;
മെല്ലെയൊരുറക്കം കഴിഞ്ഞപോ-
ലാദികുളിര്‍വായുവിലൊ-
രോങ്കാരനദിയൊഴുകി.
സഹ്യപാര്‍ശ്വങ്ങളില്‍പ്പലനിറം പൂത്തുല-
ഞ്ഞരുവികളിലാര്‍ദ്രവിണ്‍നീലിമ കളിച്ചു,
നിരവെപ്പഴുത്ത വിരിപ്പുപാടങ്ങള്‍ തന്‍
തരുണമിഴികള്‍ക്കകം പറവകള്‍ കലമ്പി,
നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലോ.
ഇളവെയില്‍ക്കുമ്പിളില്‍
തരിമഴ നിറ-
ച്ചിടറുന്ന വഴികളില്‍-
ത്തുടുകഴല്‍പ്പൂക്കളം വിരിയിച്ച്
പുതുവാഴക്കൂമ്പുപോല്‍ നീ വന്നുവല്ലോ.
നന്ദി, തിരുവോണമേ നന്ദി.
നന്ദി, പോയ് വരിക വരുമാണ്ടിലും
നിഴലായ് വെളിച്ചമായ്
കണ്ണീരായ്ക്കനിവായി
മൃതിയായിജ്ജനിയായി
പലമട്ടിലാടിയും അണിയറ പൂകിയും
പിന്നെയും പുതുമോടി തേടിയും
അരിമയായറിവായി നറുമിഴിവിടര്‍ത്തി നീ
വരുമാണ്ടിലും വരിക
പരിണാമചക്രസ്ഥനായ് നറും
വെളിവായി ഞാനിങ്ങു കാത്തുനില്ക്കാം.
ഒടുവിലെന്നൂഴമണഞ്ഞാല്‍
ഒരു തുള്ളി വെണ്മയായ്
നിന്‍ വെളിച്ചക്കടലില്‍ ഞാനലിയാം:
നന്ദി, തിരുവോണമേ നന്ദി,
പോയ് വരിക വരുമാണ്ടിലും,
നന്ദി, തിരുവോണമേ നന്ദി!

Featured / poem / കവിത / മലയാളം / മലയാളം കവിത N N Kakkad / Nanni thiruvoname nanni / poem / Ravi Shankar / എന്‍ .എന്‍ . കക്കാട്‌ / ഓണപ്പൂക്കൾ / കവിത / നന്ദി തിരുവോണമേ നന്ദി / മലയാളകവിതകൾ /

Leave a Reply

Your email address will not be published. Required fields are marked *