മുത്തപ്പൻ മടപ്പുര

മുത്തപ്പൻ മടപ്പുര

Muthappan theyyam parashinikkadavu vellattam
ഒടയഞ്ചാലിലെ മുത്തപ്പൻ വെള്ളാട്ടം

പറശ്ശിനിക്കടവിലെ പേരുകേട്ട തെയ്യമായ മുത്തപ്പനെ കുടുംബദൈവമായി അഥവാ കുലദൈവമായി പലരും ആരാധിച്ചു വരുന്നു. ഇതിനായി വീടിനോടു ചേർന്നു കെട്ടുന്ന താനങ്ങളാണു മടപ്പുര എന്നറിയപ്പെടുന്നത്. മുത്തപ്പന്റെ പ്രസാദവും കോലമഹോത്സവവും കൃത്യമായി ആരാദിക്കുന്നതും ഈ മടപ്പുരയിലാണ്, മുത്തപ്പന്റെ പ്രധാനവഴിപാട് പയങ്കുറ്റിയാണ്. പയറു പുഴുങ്ങി തേങ്ങ മുറിച്ചിട്ട് ഉണക്കമീനും മുറിച്ചിട്ട ഒരു മിശ്രിതം ആണിത്. മീൻ കറിയെങ്ങനെയാ ദൈവത്തിന്റെ ഇഷ്ടഭോജ്യമാവുന്നതെന്ന ധാരണവേണ്ട! മുത്തപ്പന്റെ യഥാർത്ഥ ചരിത്രം ദ്രാവിഡപ്പഴമയും ബുദ്ധമത കടന്നുകയറ്റവും ഒക്കെ നിലനിൽക്കുന്ന കാലത്തേ ഉള്ളതാണ്; എന്തോ ആവട്ട് കാര്യം – ബ്രാഹമണകൂട്ടായ്മ വന്ന് ശിവന്റെ ഭൂതഗണത്തിലൊരുവനായി മുത്തപ്പനെ താഴ്ത്തിക്കെട്ടിയിട്ടു പോലും മുത്തപ്പൻ ഉയർന്നു തന്നെ ഇന്നും നിൽക്കുന്നു. പേരുകേട്ട ആ നായാട്ടുനായകന്റെ ഒരു മടപ്പുര ഒടയഞ്ചാലിലും ഉണ്ട്.

ഇവിടുത്തെ പ്രാരംഭകഥകൾ അല്പം വിശാലമാണ്! ഒടയഞ്ചാലിൽ പണ്ട് പുലികളുണ്ടായിരുന്നു, കാട്ടുപന്നികളും പലതരം മൃഗങ്ങൾ വേറെയും ഉണ്ടായിരുന്നു. രാത്രിയിൽ നാട്ടിലിറങ്ങി പശുത്തൊഴുത്തിൽ കയറി പശുക്കളെ കൊന്നു തിന്നുക പതിവായിരുന്നു. മുറ്റത്തും തൊഴുത്തിനു മുന്നിലും വലിയ നെരിപ്പോടുണ്ടാക്കി പുലിയെ ഓടിക്കാൻ മുൻകരുതലെടുത്തിരുന്നു. വല്യമ്മയൊക്കെ പുലിയെ നേരിട്ടു കണ്ടതും കുഞ്ഞായിരുന്ന അമ്മയെ എടുത്ത് പടിഞ്ഞാറ്റയിൽ ഒളിച്ചിരുന്നതും അടക്കമുള്ള കഥകൾ പറഞ്ഞുതന്നതോർക്കുന്നു. അവർക്കന്ന് പശുക്കളെ മതിയായിരുന്നു. കാലം മാറി. പുലി പോയിട്ട് പൂച്ചപോലും ഒടയഞ്ചാലിൽ നിന്നും അപ്രത്യക്ഷമായി വന്നു. പുലിയെ കൊന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല; അവയൊക്കെയും സ്വയം നശിച്ച് ഒഴിയുകയായിരുന്നു. പഴമക്കാരുടെ കഥകളിലൊക്കെയും പുലികൾ വന്ന് പശുത്തൊഴുത്തിൽ നിരങ്ങാറുള്ള കഥകൾ ഉണ്ടെന്നു മാത്രം.

ഞങ്ങളുടെ കുഞ്ഞു തറവാടായ ഒടയഞ്ചാൽ വീട്ടിലൊരു മുത്തപ്പൻ മടപ്പുരയുണ്ട്; അതിന്റെ ചരിത്രത്തിൽ പുലികൾക്കുള്ള സ്വാധീനം ചെറുതല്ല. അതാണു മേലെ പുലിക്കഥ പറയാൻ കാരണം. വല്ല്യമ്മയുടെ അമ്മയുടെ അച്ചനു നായാട്ട് ശീലമായിരുന്നു. പണ്ട് അവർ പറഞ്ഞുതന്ന കഥകളോർക്കുന്നു. ഒരിക്കൽ നായാട്ടിനു നരയർ മല കേറിപ്പോവുകയും വഴി തെറ്റി അലഞ്ഞ് ഒരു പുലിക്കൂട്ടത്തിനു നടുവിൽ പെട്ടു പോവുകയും ചെയ്തുവത്രേ! മൂന്നു നാലു പുലികൾക്ക് നടുവിൽ കുടുങ്ങിപ്പോയ മൂപ്പർ നായാട്ടുദേവനായ പറശ്ശിനിക്കടവ് മുത്തപ്പനെ വിളിച്ചു പ്രാർത്ഥിച്ചുവത്രേ!! കുറേ നേരം കണ്ണടച്ചു പ്രാർത്തിച്ചുവെന്നു കഥ. ഫലം അത്ഭുതാവാഹമായിരുന്നു. ഇന്നത്തെ ഡൂക്കിലി ദൈവങ്ങളെ പോലല്ല അന്നത്തെ ദൈവങ്ങൾ – 🙂 വിളിച്ചാൽ വിളിപ്പുറത്തായിരുന്നു. മുത്തപ്പന്റെ പേരിൽ അങ്ങനെയൊരു ശീലിന്നുമുണ്ട് – വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവം എന്നാണു പറയുക.

പുലികൾ നടന്നകന്നു… വനാന്തരത്തിലേക്ക് മറഞ്ഞു. വല്ല്യച്ഛൻ മരത്തിന്റെ മുകളിൽ നിന്നും ഇറങ്ങി വീട്ടിൽ വന്നു. ആരോടും ഒന്നും പറയാതെ നേരെ പറശ്ശിനിക്കടവിനു നടന്നു. അന്ന് ബസ്സുകൾ നിലവില്ലായിരുന്നു! പോക്കുവരവുകൾ കാൽനടയിലൂടെ മാത്രം!! പറശ്ശിനിക്കടവെത്തി, മുത്തപ്പൻ തെയ്യത്തോട് കാര്യങ്ങൾ പറഞ്ഞു. ഞാൻ രക്ഷിച്ചില്ലേ, കൂട്ടിനായി എന്നും ഞാനുണ്ടാവും നിന്റെ കൂടെ എന്നും പറഞ്ഞ് മുത്തപ്പന്റെ ഒരു കോപ്പി വല്ല്യച്ചനോടൊപ്പം ഒടയഞ്ചാലിലേക്ക് വന്നു. വല്ല്യച്ചൻ മുത്തപ്പനായി ഒരു മടപ്പുര പണിതു. ഓർമ്മകൾ മറക്കാതിരിക്കാൻ എല്ലാ കുംഭമാസത്തിലും വീട്ടിൽ തെയ്യം കഴിപ്പിക്കുന്നു… പ്രാർത്ഥനയായി നേരുന്ന നാട്ടുകാരും ഈ സമയങ്ങളിൽ അവിടെ തെയ്യം കഴിപ്പിക്കുന്നു… ഒരു ആചാരമായി അന്നുമുതലേ ആ ക്ഷേത്രവും ആചാരവും നിലനിൽക്കുന്നു. നായാട്ടൊക്കെ ഇന്ന് വെറും പ്രഹസനം മാത്രമായി മാറി. മാനോ പന്നിയോ പോയിട്ട് ഒരു അണ്ണാറക്കണ്ണനെ പോലും കിട്ടാത്ത അവസ്ത്ഥയാണു കാട്ടിലുള്ളത്.

മുത്തപ്പൻ മടപ്പുര ഒടയഞ്ചാൽ മുത്തപ്പൻ മടപ്പുരയും വെള്ളാട്ടവും – ഒടയഞ്ചാൽ

പുലിയുടെ കഥയും അതുപോലെതന്നെ. വെറും കാടു മാത്രം ഉണ്ടായാൽ പോരാ പുലികൾക്ക് ജീവിക്കാൻ, ജീവികൾ പലതും വേണം… നമ്മുടെ കോഴികളും വേണം… കോഴികളെ പിടിക്കാൻ കുറുക്കൻ വേണം… അങ്ങനെയങ്ങനെ പോകുന്നു ആ കഥ… കോഴിക്കാല് കടിച്ചു വലിച്ച് അതിന്റെ മജ്ജയിൽ നിന്നും അവസാന നീരും വലിച്ചു കുടിച്ചിട്ടാണ് ഇവിടെ ആളുകൾ കടുവാസംരക്ഷരായി സ്റ്റാറ്റസ്സിടുന്നത്… എന്നിട്ട് എക്കോസിസ്റ്റം, ആവാസവ്യവസ്ഥ, ആനമുട്ട എന്നൊക്കെ വലിയ വായിൽ കീറിക്കോളും!! വംശനായമൊക്കെ മിക്ക സങ്കേതങ്ങളിലും നടന്നു കഴിഞ്ഞു, സംരക്ഷിച്ചു വെയ്ക്കുന്ന മൃഗശാലകളിൽ നമുക്കായി ഒരു ജീവിതം ജയിലറയിലെന്ന പോലെ അവർ തള്ളി നീക്കുന്നുണ്ടെന്നു പറയാം!

മുത്തപ്പൻ തെയ്യവും പുലിയുമായി ബന്ധമൊന്നുമില്ല. ഒടയഞ്ചാലിലെ മുത്തപ്പൻ മടപ്പുരയുടെ ചരിത്രത്തിൽ ഇങ്ങനെയൊരു സ്ഥാനം ഉണ്ടെന്നു പറയുകയായിരുന്നു. മുത്തപ്പനിലുള്ള വിശ്വാസവും കിട്ടിയ സംരക്ഷണവും തന്നെയായിരുന്നു വിഷയം.

അനുബന്ധമായി പറയാൻ ചിലകാര്യങ്ങൾ കൂടിയുണ്ട്
തുലാവം 10 ന്റെ വകയായുള്ള ആഘോഷമായാണു മുത്തപ്പൻ തെയ്യം ഒടയഞ്ചാലിൽ നടക്കുക. വർഷാചരണം കൂടതെ ആരെങ്കിലും നേർച്ച നേർന്നിട്ടുണ്ടെങ്കിൽ അതും ഓരോ ദിവസങ്ങളിലായിട്ടുണ്ടാവും. കഴിഞ്ഞവർഷം തെയ്യം കാണാൻ ഞങ്ങളും പോയി. ആമീസിനെ കണ്ട തെയ്യത്തിന് അവളെ ഏറെ ഇഷ്ടമായി. തെയ്യവും ആമിയും നല്ല കൂട്ടായിരുന്നു അന്ന്. തെയ്യം ആമിയുടെ കൈയും പിടിച്ചി നടയ്ക്കലേക്ക് കൊണ്ടുപോയി. പലതും പറഞ്ഞു. മറുപടിയൊക്കെ കൃത്യമായി ആമിയും പറഞ്ഞു. വരാൻ നേരത്ത് ആമിയോട് തെയ്യം ചോദിച്ചു നിനക്കെന്താ മുത്തപ്പൻ തരേണ്ടത് എന്ന്…

കണ്ടുനിന്ന സകലരേയും ചിരിപ്പിച്ചുകൊണ്ട് ഏറെ സന്തോഷത്തോടെ ആമീസു ഉച്ചത്തിൽ പറഞ്ഞു “ചോക്കലേറ്റ് വേണം” എന്ന്… തെയ്യം വരെ ചിരിച്ചു കാണണം. മുത്തപ്പനെ എപ്പോഴൊക്കെ ഓർക്കും എന്നു ചോദിച്ചപ്പം രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ എന്നു അവൾ പറഞ്ഞു. ചോക്കലേറ്റ് ചോദിച്ച ആമീസിന് തന്റെ മുടിയിൽ നിന്നും നീളമുള്ളൊരു മുല്ലപ്പൂമാല പറിച്ചെടുത്ത് തെയ്യം കൊടുത്തു; തുടർന്ന് അവളെ എന്റെ അടുത്തേക്ക് കൊണ്ടുവിട്ടു…

Leave a Reply

Your email address will not be published. Required fields are marked *