14 വയസുള്ള കുട്ടികൾക്ക് മൊബൈൽ വേണോ?

14 വയസുള്ള കുട്ടികൾക്ക് മൊബൈൽ വേണോ?

മൊബൈൽ ഫോൺ കൊണ്ടുവരുന്ന ചതിക്കുഴികൾ!!രണ്ടു ദിവസം മുമ്പ് വീടിനടുത്ത് ഒരു സംഭവം നടന്നു. നാട്ടിൽ അല്ലറച്ചില്ലറ തല്ലിപ്പൊളി പരിപാടികൾ (മോഷണം തന്നെ മുഖ്യമായിട്ടുണ്ടായിരുന്നത്) ഒക്കെ ആയി നടന്ന ഒരു പയ്യൻസ്, പാലാക്കാട് നിന്നൊരു പൊലീസ് ഒഫീസറുടെ മകളെ അടിച്ചുമാറ്റി സ്ഥലം വിട്ടു. പയ്യൻസ് എന്നു പറഞ്ഞാൽ, ഏകദേശം ഒരു 18 വയസ്സു പ്രായം വരും. സ്‌കൂളിലൊന്നും അധികകാലം പോയിട്ടില്ല, പാൻപരാഗും റാക്കും കറക്കവുമായി കാലം കഴിക്കലാണു പ്രധാന പണി. എങ്കിലും ഇടയ്‌ക്കിടയ്ക്ക് നാടന്‍‌ പണികള്‍ എടുത്തു കാശുണ്ടാക്കുകയും ചെയ്യും. നല്ല കുടുംബത്തില്‍ നിന്നേ നല്ല ജന്മങ്ങള്‍ ഉണ്ടാവൂ എന്ന് വല്യമ്മ പറയാറുണ്ട്. ഇവിടെ അത് അക്ഷരാര്‍‌ത്ഥത്തില്‍ ശരിയാണ്. അവന്റെ നാളിതുവരെ ഉള്ള സകല തോന്ന്യവാസങ്ങള്‍‌ക്കും കാരണം അവന്റെ കുടുംബം തന്നെ. അരക്ഷിതമായ അന്തരീക്ഷത്തില്‍, എന്നും കലഹവും മറ്റു കുന്നായ്‌മകളുമായി നാട്ടുകാരെ മുഴുവന്‍ വെറുപ്പിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിന്റെ ഉല്പന്നം ഇതല്ലാതെ മറ്റെന്താവാന്‍. അതു വിട്; പയ്യൻസിന് റാൻഡം ബെയ്‌സിൽ മൊബൈൽ നമ്പർ ഡയൽ ചെയ്തു കിട്ടിയ ഇരയാണത്രേ പെണ്ണ്. ചുമ്മാ 10 നമ്പര്‍ അടിച്ച് ഡയല്‍ചെയ്തപ്പോള്‍ അങ്ങേത്തലയ്‌ക്കലെ കിളിശബ്‌ദം കേട്ട് ആകൃഷ്‌ടനായതാണ്. പിന്നെ മെസേജിങിലൂടെ അതു വളര്‍ന്നു പന്തലിച്ചു. ചൂടുള്ള വികാരവിചാരങ്ങള്‍ അവര്‍ പച്ചയായി കൈമാറ്റം ചെയ്തു. അതിര്‍‌വരമ്പുകളില്ലാത്ത ലോകത്തേക്കവര്‍ ക്രമേണ വിലയം പ്രാപിച്ചു.

പെൺകുട്ടികൾ അസ്വസ്തരാവുന്നതെന്തു കൊണ്ട്?പെണ്ണിനു വയസ് 14 ആണ്. സുന്ദരിയാണത്രേ! നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ പെണ്‍‌തരി. അച്ഛന്‍ പൊലീസില്‍ എസ്.പി. ആണത്രേ! ഒന്നിനും ഒരു കുറവുമില്ലെന്ന് സാരം. അല്ലെങ്കില്‍ അവളുടെ കുറവു തിരിച്ചറിയാന്‍ എസ്.പി. സാറിനും ഭാര്യയ്‌ക്കും പറ്റാതെ പോയി. എന്തായാലും പെണ്ണു ചാടി. പെണ്ണ് ചാടിയതറിഞ്ഞ ഉടനേ പൊലീസും ചാടിപ്പുറപ്പെട്ടു. എറണാകുളത്തേക്കു പോകും വഴി തൃശ്ശൂരിൽ നിന്നും മിഥുനങ്ങളെ പിടികൂടി. അവിടെതന്നെ ജയിലിട്ടു സത്കരിച്ചു. എസ്.പി.യുടെ മകളായിരുന്നല്ലോ പെണ്ണ് പൊലീസുകാർ അറിഞ്ഞുതന്നെ പയ്യൻസിനെ സത്കരിച്ചിരിക്കണം. തിരിച്ചു വന്ന പയ്യന്‍സ് ആകെ ക്ഷീണിതനായിരുന്നു. വീട്ടുകാർ പോയിട്ടുമാത്രമേ പയ്യന്‍സിനെ വിടൂ എന്ന് പൊലീസുകാര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. എന്തായാലും അമ്മാവനും അളിയനും പോയി പയ്യൻസിനെ ഇറക്കിക്കൊണ്ടു വന്നു.

നിങ്ങളുടെ കുട്ടികളുടെ മൊബൈൽ നിങ്ങൾ പരിശോദനാ വിധേയമാക്കാറുണ്ടോ?പൊലീസുകാരന്റ് മകളായതിനാൽ പത്രക്കാരിൽ എത്താതെ, കേസില്ലാതെ പയ്യൻസ് രക്ഷപ്പെട്ടു. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും സംഗതി അങ്ങനെയൊക്കെയാണല്ലോ. 2 വർഷഞ്ഞളോളം ആയത്രേ ഇവർ തമ്മിൽ ലൗ. ഇടയ്‌ക്കെപ്പോഴോ പയ്യൻസ് അവളെ പോയി കണ്ടിട്ടും ഉണ്ടത്രേ… നാട്ടുകാരെല്ലാവരും പയ്യൻസിനെ കുറ്റപ്പെടുത്തുന്നു… “ആ ചെക്കനതു പോരാ..” എന്നതാണു പൊതുവേ ഉള്ള അഭിപ്രായം… ഇവിടെ കുറ്റം പയ്യന്‍‌സിനു മാത്രം ചാര്‍ത്താവുന്നതാണോ? പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്‌ക്കും ഒഴിഞ്ഞുമാറാനാവുന്നതാണോ ഈ കുറ്റത്തില്‍ നിന്നും?

ഇതുപോലെ എത്രയെത്ര റാൻഡം നമ്പറുകൾ നമുക്കു ചുറ്റും കറങ്ങി നടക്കുന്നുണ്ടാവും?
ശരീരവളർച കണ്ട് ഞാനൊരു പെണ്ണായല്ലോ എന്നാഹ്ലാദിച്ച് എത്രയെത്ര 14 വയസ്സുകാരികൾ വീണടിയുന്നുണ്ടാവും!!
വാശിപ്പുറത്ത് ചോദിക്കുന്നതൊക്കെ ലോഭം കൂടാതെ കൊടുക്കുന്ന എത്ര പിതാക്കള്‍ കണ്ണീരുണങ്ങാതെ ഇരിക്കുന്നുണ്ടാവും?

നല്ല ബന്ധങ്ങൾക്കു മൊബൈൽ ഒരു വിനയായി മാറുന്നില്ലേ?ഇവിടെ അല്പമൊന്നു ശ്രദ്ധിച്ചാല്‍ മതി. കുട്ടികൾക്ക് മൊബൈൽ ഏൽപ്പിക്കുമ്പോൾ ദിവസേന അതിലെ കോൾ ലിസ്റ്റും മെസേജസും പരിശോദിച്ചാൽ തന്നെ ഇത്തരത്തിലുള്ള പകുതി പ്രശ്‌നങ്ങൾക്ക് ശമനമുണ്ടാവും. രാത്രി 9 മണിക്കു ശേഷം കുട്ടികളിൽ (ആണായാലും പെണ്ണായാലും) നിന്നും അതു വാങ്ങിച്ച് ഒരു കോമൺസ്ഥലത്ത് സൂക്ഷിക്കുന്നതും നല്ലതു തന്നെ. കിടപ്പറയിലേക്കുള്ള ജാരസഞ്ചാരം നിയന്ത്രിക്കാൻ ഇതുമൂലം പറ്റിയേക്കും. ഇല്ലെങ്കില്‍ ഏതെങ്കിലും അഴുക്കുചാലില്‍ വീണടിയാനാവും കുരുന്നുകളുടെ യോഗം.

2 thoughts on “14 വയസുള്ള കുട്ടികൾക്ക് മൊബൈൽ വേണോ?

Leave a Reply

Your email address will not be published. Required fields are marked *