മഴ

മഴ

കവിത കേൾക്കുക:
0:00

എന്തോ… മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി…
ഏറെ സ്വകാര്യമായി…
സന്ധ്യ തൊട്ടേ വന്നു നില്‍കുകയാണവള്‍ എന്‍റെ ജനാല തന്‍ അരികില്‍…
ഇളം കുങ്കുമ കാറ്റിന്റെ ചിറകില്‍…

എന്തോ… മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി…
ഏറെ സ്വകാര്യമായി…

പണ്ട്‌ തൊട്ടേ എന്നോട് ഇഷ്ടമാണ് എന്നാവാം, പാട്ടില്‍ പ്രിയമെന്നുമാവാം
എന്നോ പഠിച്ചു മറന്ന രാഗങ്ങളെ പിന്നെയും ഓര്‍മിക്കയാവാം…
ആര്‍ദ്ര മൗനവും വാചാലമാവാം…

മുകില്‍ മുല്ല പൂക്കുന്ന മാനത്തെ കുടിലിന്റെ തളിര്‍ വാതില്‍ ചാരി വരുമ്പോള്‍
മറ്റാരും കണ്ടില്ലെന്നാവാം, എനിക്കവള്‍ ഇഷ്ടം തരാന്‍ വന്നതാവാം
പ്രിയപെട്ടവള്‍ എന്‍ ജീവനാകാം…

എന്തോ… മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി…
ഏറെ സ്വകാര്യമായി….

ഞാന്‍ തന്നെ മോഹിച്ചു വാഴുന്നോരീ മണ്ണില്‍ താനേ ലയിക്കുവാനാകാം
എന്‍ മാറില്‍ കൈ ചേര്‍ത്തു, ചേര്‍ന്നുറങ്ങുവാനാകാം, എന്റെതായി തീരുവാനാകാം
സ്വയം എല്ലാം മറക്കുവാനാകാം…

നിത്യമാം ശാന്തിയില്‍ നാം ഉറങ്ങുന്നേരം എത്രയോ രാവുകള്‍ മായാം…
ഉറ്റവര്‍ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാവാം…
അന്നും ഉറ്റവള്‍ നീ തന്നെ ആവാം…
അന്ന് മുറ്റത്തു പൂമഴയാവാം…
അന്ന് മുറ്റത്തു പൂമഴയാവാം…

 

Leave a Reply

Your email address will not be published. Required fields are marked *