മംഗല്യം തന്തുനാനേന…

മംഗല്യം തന്തുനാനേന…

Inter Caste Marriage Problemsഞാന്‍ ആലോചിക്കുകയാണ്‌. 24 വയസ്സുവരെ പെണ്ണിനെ കണ്ണിലുണ്ണിയെ പോലെ വളര്‍ത്തിക്കൊണ്ടുവന്ന ഒരു അച്ഛനും അമ്മയും അവിടെ ഉണ്ട്. ആദ്യത്തെ കുട്ടിയായ അവളുടെ വിവാഹ കാര്യത്തില്‍ അവര്‍ക്ക് ഒത്തിരി പ്രതീക്ഷകള്‍ കാണില്ലേ! സ്വപ്നങ്ങള്‍ ഉണ്ടാവില്ലേ!! ആ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നിന്നുവേണം എനിക്കവളെ പറിച്ചെടുക്കേണ്ടത്… ആ സങ്കടപ്പുഴയില്‍ നിത്യേന കുളിച്ചിട്ടാവണം ജീവിതകാലം മുഴുവന്‍ അവളെന്നോടൊപ്പം കഴിയേണ്ടത്. അവര്‍ എന്നിട്ടും മകളെ കുറ്റപ്പെടുത്തിയില്ല. “എന്തു കൈവിഷമാണ്‌ നിനക്കവന്‍ കലക്കിത്തന്നത്? അത്രയ്ക്കു പഞ്ചാരയാണോ അവന്‍” എന്നാണവര്‍ ചോദിച്ചത്.. (ഇവിടുത്തെ പഞ്ചാരയ്‌ക്ക് മധുരതരമായത് എന്ന അര്‍ത്ഥം മാത്രം കൊടുത്താല്‍ മതി). അവരറിയുന്നുണ്ടോ ഈ മകളെ പ്രാരംഭം മുതലേ പിന്തിരിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്!

ഏട്ടന്‍ പറഞ്ഞത്രേ “മോളേ പ്രേമിക്കുന്നതില്‍ തെറ്റില്ല; പക്ഷേ, നീ ഓര്‍ക്കണം നമ്മുടെ കുടുംബത്തില്‍ ആരുമിങ്ങനെ ചെയ്തിട്ടില്ല..” എന്ന്. അവരെയൊക്കെ ഭരിക്കുന്നത് ഈ ചീഞ്ഞുനാറിയ ജാതീയതയാണ്‌. കുലീനമാണെന്ന് സ്വയം അങ്ങ് കല്പിച്ച് മൂഢസ്വര്‍ഗത്തിലെ തമ്പുരാന്മാരായി കഴിയുകയാണവര്‍… അവരിലേക്ക് എത്രമാത്രം കമ്യൂണിസം ഓതിക്കൊടുത്താലും കേറില്ല. ഈ കോവിലകത്ത് എങ്ങനെ ഇങ്ങനെയൊരു വിപ്ലവകാരി ഉണ്ടായി എന്നെനിക്കറിയില്ല. ജാതീയത എന്ന ദുര്‍ഭൂതത്തെ എന്നെന്നേക്കുമായി തീണ്ടാപാടകലെ നിര്‍ത്താന്‍ ഇനി എന്നാണു നമുക്കാവുക? നിയമം ഇത്തരം വിവാഹങ്ങള്‍ക്കു പച്ചക്കൊടി കാണിക്കുമായിരിക്കും – അതിലല്ലല്ലോ കാര്യം. എല്ലാവരുടേയും സന്തോഷത്തോടെ നടന്നാലല്ലേ അതൊരു മംഗളകാര്യമാവുകയുള്ളൂ.

chayilyam, love stories, പ്രണയകഥകൾ, വിവാഹം, marriage

അവള്‍ അച്ഛനോടൊഴിച്ച് എല്ലാവരോടും പറഞ്ഞു കഴിഞ്ഞു… അമ്മ പറഞ്ഞത്രേ നീ രണ്ടു ശവങ്ങള്‍ കാണേണ്ടി വരും എന്ന്. ഇതു നടന്നില്ലെങ്കില്‍ ഒരു ശവം നിങ്ങളും (എന്തോ ഭാഗ്യം അതില്‍ അവളെന്നെ ഉള്‍പ്പെടുത്തിയിട്ടില്ല) കാണേണ്ടി വരുമെന്ന് അവള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു… അമ്മയ്‌ക്ക് അത്ഭുതമായി! ഇന്നുവരെ മറുത്തൊരുവാക്കു പറയാത്ത പെണ്ണു ഒരു സുപ്രഭാതത്തില്‍ വായില്‍കൊള്ളാത്ത വാക്കുകള്‍ പറയുന്നതുകേട്ടവര്‍ തേങ്ങി… അവള്‍ ചിന്തിക്കാന്‍ ശേഷിയുള്ള ഒരു പെണ്ണായി മാറിയത് അവര്‍ അറിഞ്ഞില്ല. അവളുടെ കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കാനുള്ള പ്രാപ്തിയെങ്കിലും അവള്‍ക്കായി എന്നവര്‍ സമ്മതിച്ചു കൊടുക്കുന്നില്ല. അവര്‍ക്കിന്നും അവള്‍ കളിക്കൊഞ്ചല്‍ വിട്ടുമാറാത്ത കുഞ്ഞാണ്‌. വൈകുന്നേരം വിളിച്ച് ഒരുമ്മ കൊടുത്തില്ലെങ്കില്‍ അമ്മയ്ക്കുറക്കം വരില്ലത്രേ! പക്ഷേ, അതിനു ശേഷം മറ്റൊരാള്‍ക്കു കൂടി അവള്‍ മുത്തം കൊടുക്കുന്നുണ്ടെന്ന് അവര്‍ക്കറിയില്ലല്ലോ…

അച്ഛനൊരിക്കല്‍ പറഞ്ഞത്രേ “ജാതിയൊക്കെ രണ്ടാമത്, ആണിന്റേയും പെണ്ണിന്റേയും ഇഷ്ടം തന്നെയാണു മുഖ്യം” എന്ന്. അതു പക്ഷേ, അകന്ന ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയുടെ കാര്യത്തിലാണ്‌. സ്വന്തം കാര്യം വരുമ്പോള്‍ സംഗതി എന്താവുമോ എന്നതു കണ്ടറിയണം. അച്ഛനങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ അമ്മയുടെ മുഖത്തേക്കു നോക്കി.. അമ്മ കണ്ണുരുട്ടി!! എന്നിട്ടച്ഛനോടു പറഞ്ഞു: “പിള്ളേരുടെ മുമ്പില്‍ നിന്നും ഓരോ വിടുവായിത്തം പറഞ്ഞോ – അവസാനം അനുഭവിക്കേണ്ടി വരും” എന്ന്.

എന്തോ ആ അമ്മയുടെ മനസ്സമാധാനം പോയിരിക്കുകയാണ്‌. ഒരു കൊച്ചു തമാശ എന്ന രീതിയില്‍ വേണം കാര്യങ്ങള്‍ വീട്ടില്‍ അവതരിപ്പിക്കാന്‍ എന്നു ഞാനവളോടു പറഞ്ഞിരുന്നു. അവള്‍ തുടങ്ങിയതും അങ്ങനെ തന്നെയായിരുന്നുവത്രേ.. പക്ഷേ, സെക്കന്റുകള്‍ക്കകം സംഭവം പക്കാ സീരിയസ് ആയി – കരച്ചിലായി പിഴിച്ചിലായി ഉപവാസമായി! സഹോദരിപ്പെണ്ണിനോട് ന്യൂട്ടറില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് അവളുടെ സപ്പോര്‍ട്ട് വാങ്ങിച്ചാല്‍ വീട്ടിലെ രഹസ്യനീക്കങ്ങള്‍ അറിയാനാവുമമെന്ന് ഞാനവളോട് പറഞ്ഞിരുന്നു. സീരിയലിലും സിനിമയിലുമൊക്കെ കാണുന്നതുപോലെ വളരെ ഈസിയായി കാര്യം നടത്താമെന്ന് അവള്‍ കരുതിവശായി എന്നു തോന്നുന്നു.

ആലോചനകള്‍ തകൃതിയായി നടക്കാന്‍ അധികസമയം വേണ്ടി വന്നില്ല. ദിവസം മൂന്നും നാലും വെച്ചു വന്നുപോയി. ഗള്‍ഫ്, അമേരിക്ക, സൗത്താഫ്രിക്ക, യൂണിവേഴ്‌സിറ്റി, പട്ടാളം, പ്ലസ്‌ടു ലിസ്റ്റിങ്ങനെ നീളുന്നു. ഇഷ്ടപ്പെട്ടവര്‍ തിരിച്ചു വിളിക്കുന്നു. മറ്റു ചില വിരുതന്‍‌മാര്‍ പെണ്ണ് പോകുന്നിടങ്ങളില്‍ കൂട്ടുകാരുമായി വന്ന് കാണിച്ചുകൊടുക്കുന്നു. ടൗണില്‍, അമ്പലത്തില്‍, … ലീലാവിലാസങ്ങള്‍ ഇങ്ങനെ അരങ്ങേറുമ്പോള്‍ അവളുടെ നിശബ്ദയാമങ്ങളില്‍ അവളെന്നോട് സല്ലപിച്ചുകൊണ്ടേയിരുന്നു…

എന്റെ ആത്മാവിപ്പോള്‍ ഇവിടെയണോ!പ്രണയം എനിക്കു പുത്തരിയല്ല. പ്രണയത്തിന്റെ പലമുഖങ്ങളിലൂടെ കടന്നുപോയിട്ടുമുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂടെ പഠിക്കുന്ന പെണ്ണിന്‌ പാട്ടുപുസ്തകം കൊടുത്ത് തുടങ്ങിയതാണെന്റെ പ്രണയം. തുടര്‍ന്നിങ്ങോട്ടുള്ള കാലം എനിക്കു ചാകര തന്നെയായിരുന്നു. പ്രേമിച്ച പല പെണ്‍‌കുട്ടികളേയും ഭംഗിയായി തന്നെ വിവാഹം കഴിപ്പിച്ചയച്ചിട്ടുമുണ്ട്. അവരൊക്കെ നല്ല നിലയില്‍ ജീവിക്കുന്നു. അതുകൊണ്ടു തന്നെ പ്രണയം, വിവാഹം എന്നതിനെ കുറിച്ചൊക്കെ ഒരു സാമാന്യസങ്കല്പം എനിക്കുണ്ട്. പക്ഷേ, ഈ മണ്ടൂസാവട്ടെ ആദ്യപ്രണനയത്തിന്റെ ത്രില്ലിലാണ്‌. സ്നേഹം ഒരാള്‍ക്കുമാത്രം കൊടുക്കാനുള്ളതാണെന്നവള്‍ പറയുന്നു. ഇനിയൊരാള്‍ക്കതു ഷെയര്‍ ചെയ്യാനവള്‍ക്കു വയ്യത്രേ! അതൊക്കെ അവിടെ നില്‍ക്കട്ടെ. ഇത്രേം പ്രായമായ (24 വയസ്സ്) ഒരു പെണ്‍‌കുട്ടി ആദ്യമായാണ്‌ എന്നെ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞ് അടുത്തത്. കല്യാണക്കാര്യവുമായി അമ്മ നടന്നപ്പോഴൊക്കെ കിട്ടിയതാവട്ടെ പ്ലസ്‌റ്റു കഴിഞ്ഞിരിക്കുന്ന പതിനേഴുകാരികളെ ആയിരുന്നു. അതുവെച്ചു നോക്കുമ്പോള്‍ എനിക്കു യോജിച്ചവള്‍ ഇവള്‍ തന്നെയാണ്‌. എന്നിട്ടും അവളോട് ഒക്കെ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ പലയാവര്‍ത്തി ശ്രമിച്ചതായിരുന്നു. എന്റെ ഉപദേശങ്ങള്‍ അവളിലെ എന്നോടുള്ള ഇഷ്ടം കൂട്ടുന്നു എന്നറിഞ്ഞപ്പോള്‍ ഞാനാ പരിപാടി നിര്‍ത്തി…

ഒരു കവിതാശകലം

പരനിന്ദവീശുന്ന വാളിനാല്‍ ചൂളിപ്പോകാ
പരകോടിയില്‍ ചെന്ന പാവന ദിവ്യസ്നേഹം

മാംഗല്യമെന്നത് ഒരു ചരടിനാല്‍ മാത്രം തീരുന്ന ഒന്നാണോ? ആ ചരടില്‍ കോര്‍ത്തിണങ്ങുന്നത് രണ്ടു കുടുംബങ്ങള്‍ കൂടിയല്ലേ. അണുകുടുംബത്തിലേക്കു ചുരുങ്ങിയ ഇക്കാലത്ത് അതിനൊന്നും പ്രസക്തിയില്ലെന്നാണോ? ജതികോമരങ്ങളുടെ വിലക്കുകളൊന്നും വില പോവില്ല. ഒരു കാര്യം ഉറപ്പാണ്‌ ബന്ധുക്കളുടേയും ജാതിക്കരുടേയും ഇടയിലുണ്ടാവുന്ന നാണക്കേടാണ്‌ അച്ഛനമ്മമാരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. കല്യാണം കഴിഞ്ഞ് ചോറുണ്ട് കൈയും കഴുകി ഏമ്പക്കം വിട്ടുപോകുന്ന ആ പാര്‍ട്ടീസിന്റെ വാക്കുകളല്ല മകളുടെ സന്തോഷമാണു വലുതെന്ന് ഇവര്‍ മനസ്സിലാക്കുമോ എന്തോ? എന്തായാലും എനിക്കിപ്പോള്‍ ഇങ്ങനെ പറഞ്ഞേ പറ്റൂ, മംഗല്യം തന്തുനാനേന… അതു രജിസ്‌ട്രാര്‍ തരുന്നതാവട്ടെ, അമ്പലത്തിലെ പൂജാരി തരുന്നതാവട്ടെ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തരുന്നതാവട്ടെ… വേറെ കല്യാണം കഴിക്കുന്നെങ്കിൽ നല്ലൊരു ജീവിതം ഇവൾക്ക് കിട്ടണം എന്നേ ആഗ്രഹമയി ശേഷിക്കുന്നുള്ളൂ. തന്നിലുറങ്ങിക്കിടക്കുന്ന കലാബോധത്തെ പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന നല്ലൊരു ജീവിതം ഇവൾക്കും ഭാവിയിൽ കിട്ടണം – ഒരാഗ്രഹമാണത്.

ഒരു പിന്‍‌ കുറിപ്പുകൂടി:
ഇതു വായിക്കുന്ന നല്ലവരായ എന്റെ കൂട്ടുകാര്‍ നല്ല ശോകഗാനങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാലക്കേടിനിതെങ്ങാനും പൊട്ടിപ്പോയാല്‍ ഒന്നു രണ്ടാഴ്ചയെങ്കിലും ഇരുന്നു കേള്‍ക്കേണ്ടേ! ഇല്ലെങ്കില്‍ നിങ്ങള്‍ ചോദിക്കില്ലെ എന്തു കോപ്പിലെ പ്രണയമാണെടാ ഇതെന്ന്!!

ഇതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ബസ്സില്‍ നടന്ന ചര്‍ച്ചാവിശേഷങ്ങളിലേക്കുകൂടി നിങ്ങളെ ക്ഷണിക്കുന്നു! ലിങ്കിവിടെ കൊടുത്തിരിക്കുന്നു.

20 thoughts on “മംഗല്യം തന്തുനാനേന…

  1. മുരളി, കമന്റിട്ട ഉടനേ കാണാത്തതു കൊണ്ടാണോ? അതോ ശരിക്കും എറര്‍ വരുന്നുണ്ടോ? കമന്റ് ഞാനിവിടെ നിന്ന് അപ്രൂവുചെയ്താല്‍ മാത്രമേ കാണൂ; അതൊഴിവാക്കാന്‍ പറ്റില്ല മുരളീ – നിറയെ സ്പാം കമന്റുകള്‍ വരുന്നു.

 1. മനസ്സില്‍ കൊണ്ടെഴുതിയതാണെന്ന് അറിയാനുണ്ട് രാജേഷ്. എല്ലാ ആശംസകളും

 2. Rajeshetta ammayude vishamam kandondonnum kayyozhiyalle, pinneed athu theera nashtamavum, rajeshettanodula snehathal andhamaya aa chechiye vegam koode koottiko, nammal kettittille makkal ethra valiya thettu cheythalum achanum ammayum porukum ennu.

  1. അജിത്തേ, അതാണവളും പറയുന്നത്… കാലം മായ്‌ക്കാത്ത മുറിവുകളുണ്ടോ! കുറച്ചു നാള്‍ കഴിയുമ്പോള്‍ എല്ലാം മറന്നവര്‍ നമ്മളെ അംഗീകരിക്കും.. എന്നൊക്കെ. എങ്കിലും അമ്മയുടെ ഒരു മൗനാനുവാദമെങ്കിലും ഇല്ലാതെ എങ്ങനെയാ…

  1. ചിന്നൂസേ, സംഭവം സത്യം തന്നെ. ആരോടും പറയേണ്ട. പിന്നെ നമ്മുടെ കുടുംബത്തില്‍ ഞാന്‍ മാത്രമല്ലല്ലോ പുര നിറഞ്ഞു നില്‍ക്കുന്നത് 🙂 ഒത്തിരിപ്പേരില്ലേ – തൊട്ടുപുറകേ, നിന്നെപ്പോലുള്ളവരും…

 3. മാഷേ പെണ്‍ വര്‍ഗ്ഗത്തെ ഒന്നിനെയും വിശ്വസിക്കരുത്…
  അവറ്റകള്‍ക്കു ഭംഗിയുള്ള മാംസം മാത്രമേ ഉള്ളൂ. ഹൃദയം ഇല്ല…

Leave a Reply

Your email address will not be published. Required fields are marked *