മലയാളം ഭാഷയും സംസ്കാരവും

മലയാളം ഭാഷയും സംസ്കാരവും

ഇന്നു കൈയിൽ കിട്ടിയ ഒരു പഴയ കുഞ്ഞു പുസ്തകം വായിച്ച് തീർത്തപ്പോൾ കിട്ടിയ കാര്യങ്ങൾ പങ്കുവെയ്ക്കുന്നു. പണ്ട് എം. എ. മലയാളം പഠിക്കുന്ന സമയത്ത് കോഴിക്കോട് ടൗണിലെ ഒരു പുസ്തകചന്തയിൽനിന്നും വാങ്ങിയ പുസ്തകമായിരുന്നു. പുസ്തകത്തിലേത് അതേ പോലെയല്ല, ഇവിടെ അല്പം കൂട്ടിച്ചേർക്കലുകൾ കൂടി വരുത്തിയിട്ടുണ്ട്.

മലയാളഭാഷ

 • മലയാളം, ഇന്ത്യയിൽ‌ കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ്.
 • മിനിക്കോയിലെ മുഖ്യ ഭാഷയായ മഹൽ മലയാളത്തിന്റെ ഉപഭാഷയാണെന്നു കരുതുന്നു.
 • മലയാളം എന്ന പദം ആദ്യകാലത്ത് ഒരുദേശത്തെ കുറിക്കുന്ന പദമായിരുന്നു.
 • മലയാളം ദേശനാമമായിരുന്ന സമയത്ത് ഇവിടുത്തെ ഭാഷയ്ക്ക് മലയാഴ്മ, മലയാണ്മ, മലയാം തമിഴ്, മലയാം പാഴ, മലയാളം എന്നീ പേരുകൾ ഉണ്ടായിരുന്നു.
 • 18 ആം നൂറ്റാണ്ടിനു ശേഷമാണ് മലയാളം ദേശവാചി എന്നത് വിട്ട് ഭാഷാവാചി ആയി തീർന്നത്.
 • ദ്രാവിഡ ഗോത്രത്തിലെ ദക്ഷിണശാഖയിൽ ഉൾപ്പെട്ടതാണ് മലയാളം.
 • മല + ആളം, മല + അളം എന്നിങ്ങനെ രണ്ട് തരത്തിൽ മലയാളത്തെ പിരിച്ചെഴുതാം.
 • മലയോട് ചേർന്ന് നിൽക്കുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് മലയാളം എന്ന വക്ക് ഉണ്ടായത്.
 • പദവിന്യാസ രീതി അനുസരിച്ച് മലയാളം സംശ്ലിഷ്ടകക്ഷ്യയിൽ പെടുന്നു.
 • ഭരണഘടാനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള 22 ഭാഷകളിൽ മലയാളം 8 ആം സ്ഥാനത്താണ്.
 • ദ്രാവിഡ ഭാഷകളിലെ സമ്പുഷ്ടഭാഷകളിൽ മലയാളവും ഉണ്ട്.

  മലയാള ലിപി
 • ഭാരതത്തിലെ ഏറ്റവും പ്രാചീനലിപി ബ്രാഹ്മിയാണ്. ബ്രാഹ്മിയെ അശോകലിപി എന്നും പറയും. ബ്രാഹ്മിയുടെ ദേശഭേദങ്ങളാണ് ഖരോഷ്ഠി, ദ്രാവിഡി, ദേവനാഗരി.
 • തെക്കേ ഇന്ത്യയിൽ പ്രചരിച്ചിരുന്നത് ദ്രാവിഡിയാണ്. ദ്രാവിഡിയുടെ ദേശഭേദമാണ് വട്ടെഴുത്ത് അഥവാ വെട്ടെഴുത്ത്. വട്ടെഴുത്തിനെ ചേരപാണ്ഡ്യലിപിയെന്നും നാനം മോനം എന്നും പറയും.
 • വട്ടെഴുത്ത് ആരംഭിച്ചിരുന്നത് ‘ഓം നമോ നാരായണായഃ” എന്നെഴുതിക്കൊണ്ടാണ്. ഇതിന്റെ ചുരുക്കെഴുത്താണ് നാനം മോനം.
 • മലയാളത്തിനു സ്വന്തമായി ഉണ്ടായിരുന്നത് വട്ടെഴുത്താണ്. പിന്നീട് കോലെഴുത്ത് എന്നു പേരായ മറ്റൊരു ലിപി വ്യവസ്ഥയും വടക്കൻ കേരളത്തിൽ ഉണ്ടായി.
 • വട്ടെഴുത്തിന്റേയും കോലെഴുത്തിന്റേയും സമ്മിശ്രരൂപമായ മലയാണ്മ എന്നൊരു ലിപിയും തെക്കൻ കേരളത്തിൽ രൂപം കൊണ്ടു.
 • മലയാണ്മയ്ക്ക് ‘രായസവടിവ്’ എന്നൊരു പേരും ഉണ്ട്. ‘ഗജവടിവ്’ എന്നും ഇത് അറിയപ്പെട്ടിരുന്നു.
 • ദ്രാവിഡസംഘാക്ഷരങ്ങളെ കൂടാതെസംസ്കൃതാക്ഷരങ്ങൾ കൂടി എഴുതാൻ മലയാളം, പിന്നീട് ആര്യ എഴുത്ത് എന്നും കൂടി പേരുള്ള ഗ്രന്ഥലിപി ഉപയോഗിച്ചു തുടങ്ങി.
 • മലയാളത്തിൽ ഇന്നുള്ള ലിപിവ്യവസ്ഥയുടെ പേര് അക്ഷരലിപി എന്നാണ്.
 • ഇന്നും നിലനിൽക്കുന്നതും വളരെ പുരാതനവുമായ ലേഖനരീതിയാണ്‌ സുത്രലിപി.
 • ലിപി വ്യവസ്ഥയെ പറ്റി കൂടുതലായി മലയാളം വിക്കിപീഡിയയിൽ വായിക്കുക.

Leave a Reply

Your email address will not be published. Required fields are marked *