മാറുന്ന വിദ്യാലയങ്ങളും നമ്മുടെ അദ്ധ്യാപകരും

മാറുന്ന വിദ്യാലയങ്ങളും നമ്മുടെ അദ്ധ്യാപകരും

holy family high school rajapuramനമുക്കിന്നറിയപ്പെടുന്ന ചരിത്രത്തിന്റെ പ്രാരംഭഘട്ടത്തിൽ അദ്ധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല എന്നു വേണം കരുതാൻ. അതാത് കാലഘട്ടത്തിലെ പൗരോഹിത്യത്തിന്റെ കടമയായി അതു നിലനിന്നു വന്നിരുന്നു. ഗുരുകുല വിദ്യാഭ്യാസം നില നിന്നിരുന്ന നമ്മുടെ പൂർവ്വകാലം  ആദ്ധ്യാത്മിക ജ്ഞാനത്തിനു മുന്തൂക്കം കൊടുത്തിരുന്നു; അല്ലെങ്കിൽ ആദ്ധ്യാത്മിക ജ്ഞാനത്തിലേക്കുള്ള വഴിയായിരുന്നു അറിവ് എന്നത്. ആദ്ധ്യാത്മികാചാര്യന്മാരെ അദ്ധ്യാപകരായി കണക്കി വന്നുതുടങ്ങിയത് അക്കാലം മുതൽ തന്നെയാണ്. മാറിവന്ന കാലത്തിലും അദ്ധ്യാപകർക്ക് മാന്യമായി സ്ഥാനം സമൂഹത്തിൽ ലഭിച്ചിരുന്നു.  കാരണം മറ്റൊന്നുമല്ല, ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്ന മഹനീയ കൃത്യം ഓരോ അദ്ധ്യാപകരിലും നിക്ഷിപ്തമാണ് എന്നതിനാൽ തന്നെയാണത്.

ഒരു രാഷ്ട്രത്തിന്റെ സമ്പത്താണ് അറിവുള്ളൊരു ജനത. അവരെ ഉരുവപ്പെടുത്തിയെടുക്കേണ്ട കടമ അദ്ധ്യാപകരിൽ നിക്ഷിപ്തമാണ്. അതുകൊണ്ടുതന്നെ അദ്ധ്യാപകരുടെ തെരഞ്ഞെടുപ്പിൽ വളരെയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് . ഒരു രാഷ്ട്രം അതിന്റെ അദ്ധ്യാപകരെ തെരഞ്ഞെടൂക്കുന്നത് അതുകൊണ്ടുതന്നെ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം. ഇപ്പോൾ ഉള്ള മാനദണ്ഡങ്ങൾ അതിന് എത്രത്തോളം പര്യാപ്തമാണ് എന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ജാതി-മത-ധന പരമായ പരിഗണനകൾ മുൻനിർത്തി അനർഹരായ നിരവധി ആൾക്കാർ നുഴഞ്ഞുകയറിയ ഒരു മേഖലയാണിത്. ഗവണ്മെന്റ് നേരിട്ട് നടത്തുന്നവ, സ്വാശ്രയം, പ്രൈവറ്റ് എന്നിങ്ങനെ വിവിധ മേഖലകളിലായി നമ്മുടെ വിദ്യാഭാസ സ്ഥാപനങ്ങൾ വിതരണം ചെയ്തിരിക്കുന്നു.  കേന്ദ്രീകൃതമായ ഒരു നയം അതുകൊണ്ടുതന്നെ എല്ലായിടത്തും ഒരുപോലെ നടപ്പാക്കാൻ  അസാധ്യമാണ്. ഈ അനുകൂലസാഹചര്യം അനർഹരായ അദ്ധ്യാപകരെ സൃഷ്ടിച്ചു വിടൂന്നതിൽ കാര്യമായ പങ്കു വഹിക്കുന്നു.

 

കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലും മറ്റും ജോലിക്കാരെ തെരഞ്ഞെടൂക്കുന്നത് എഴുത്തുപരീക്ഷയുടേയും അഭിമുഖപരീക്ഷയുടേയും ഒക്കെ അടിസ്ഥാനത്തിൽ തന്നെയാണ്; സര്‍ക്കാര്‍ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് എഴുത്തുപരീക്ഷയും അഭിമുഖ പരീക്ഷയും കഴിയണം. ഹയര്‍സെക്കണ്ടറി അദ്ധ്യാപകരാകാന്‍ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) പരീക്ഷയും അതുപോലെ കോളേജദ്ധ്യാപകനാകാന്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET) പരീക്ഷയും പാസാകണം.  ഈ പരീക്ഷകളില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ പിഎസ്സിയില്‍ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. അതിനുശേഷം പിഎസ്‌സി വക പരീക്ഷ വേറെയുണ്ട്. അതില്‍ വിജയിച്ച് ചുരുക്കപ്പട്ടികയില്‍ കടന്നുകൂടി അവിടൂത്തെ  അഭിമുഖ പരീക്ഷയിലും വിജയിച്ചാൽ മാത്രമേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുകയുള്ളൂ. നീണ്ട ഒരു പ്രക്രിയ തന്നെയാണിത്.  ഈ ഫിൽട്ടറിങ് കൊണ്ടുതന്നെ അദ്ധ്യാപകർക്ക് അവരവരുടെ വിഷയത്തിൽ ഉള്ള മിടുക്കുമാത്രമേ കാണിക്കേണ്ടതുള്ളൂ എന്നതും പ്രസ്താവ്യമാണ്. ഇതു മാത്രം മതിയോ എന്നു കാര്യമായി സംശയിച്ചു പോകുന്നു.  അദ്ധ്യാപകരുടെ വ്യക്തിത്വഗുണം കാര്യമായി മനസ്സിലാക്കാൻ പറ്റുന്ന എന്തെങ്കിലും പരീക്ഷ ഇതിൽ ഉണ്ടെന്നു കരുതുന്നില്ല. ഒരു സമൂഹത്തെ അതിലൂടെ ഒരു രാജ്യത്തെ വാർത്തെടുക്കുക എന്ന  ഏറെ പ്രസക്തമായ കർത്തവ്യത്തിന്റെ സൃഷ്ടി കർത്തക്കളാണ് അദ്ധ്യാപകർ!  അവരുടെ തെരഞ്ഞെടുപ്പ് നല്ല കരുതലോടുകൂടി തന്നെ നടക്കണം…

 

പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള എയിഡഡ് മേഖലയിലെ അദ്ധ്യാപക നിയമനത്തില്‍ മേൽ പറഞ്ഞ രീതിയിലൊരു ഫിൽട്ടറിങ് നടക്കുന്നില്ല എന്നു വേണം കരുതാൻ. അവിടെ മാനദണ്ഡം എന്നത ജാതി-മത-ധനപരിഗണനകൾ മാത്രമാണ്. തികച്ചും  അനർഹരായ ആൾക്കാർ മറ്റൊരു ജോലിയും കിട്ടാതെ തൽക്കാല ധനാഗമനമാർഗമായി കണ്ട് അദ്ധ്യാപനം നടത്തി വരുന്നുണ്ട്. പലപാടും ജോലി തെണ്ടി മനസ്സുമടുത്തവരാണിതിൽ ഏറെയും.  അവർ പുതു തലമുറയ്ക്ക് നൽകുന്ന പാഠങ്ങൾ എന്തൊക്കെയാവും!! അവരെ കണ്ട് പുതു തലമുറ പഠിക്കുന്നത്  എന്തൊക്കെയാവും!! ഈ പറഞ്ഞത്  എയിഡഡ് മേഖലയിലെ അദ്ധ്യാപകരെ കുറിച്ചു മാത്രം! പ്രൈവറ്റ് മേഖലയിൽ ഇതിലും ദയനീയമാണവസ്ഥ!  ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന മഹത്തരവും ശ്രമകരവുമായ  ദൗത്യത്തിലെ ഏറ്റവും പ്രധാനകണ്ണികളാണ് തങ്ങളെന്ന് ഇവർക്ക്  തോന്നേണ്ടുന്ന ഒരു സാഹചര്യം അവിടങ്ങളിൽ ഉണ്ടെന്നു കരുതുന്നില്ല.

 

അദ്ധ്യാപരുടെ ചിന്തകളും വീക്ഷണങ്ങളും തീർച്ചയായും അവർ പഠിപ്പിക്കുന്ന വിഷയത്തോടൊപ്പം ഓരോ കുഞ്ഞിന്റേയും ഉള്ളിലേക്ക് കുത്തിവെയ്ക്കപ്പെടും എന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ മറ്റു ക്ലാസ്സുകളിലെന്നപോലെ പ്രത്യേകിച്ചും പ്രൈമറി ക്ലാസുകളിലെ അദ്ധ്യാപകരെ നിയമിക്കുന്നതിൽ ഏറെ നിഷ്കർഷ ആവശ്യമാണ്. അദ്ധ്യാപരുടെ വേഷവിധാനങ്ങൾ വരെ കുഞ്ഞുങ്ങളെ സ്വാധീനിക്കുമെന്നതിനാൽ  നെറ്റിത്തടം നിറച്ചും നീളത്തിൽ കുറിതൊട്ടുവരുന്ന കടുത്ത ഭക്തന്മാരേയും കന്യാസ്ത്രീ/പുരോഹിതന്മാരേയും ഈ ഒരു കടമയിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട് എന്നുതന്നെ ഞാൻ വാദിക്കും. അതുപോലെ തന്നെയാണ്  രാഷ്ട്രീയക്കാരുടേയും അവസ്ഥ. അദ്ധ്യാപകർ ഇത്തരത്തിലുള്ള സകല വിഭാഗീയതകളേയും ജയിച്ചവൻ ആയിരുക്കണം. ജാതിമതരാഷ്ട്രീയ വേർപെടുത്തലുകളിൽ നിന്നകന്ന സ്വതന്ത്രമനുഷ്യരാവണം അവർ. വേഷം കൊണ്ടോ ഭാഷകൊണ്ടോ ഒന്നിനേയും തന്നെ അവർ കുഞ്ഞുങ്ങളുടെ മുമ്പിൽ പ്രതിനിധീകരിക്കരുത്. തെളിഞ്ഞ ചിന്ത വെച്ചുപുലർത്തുന്നവരെ മാത്രം കണ്ടെത്തി വേണം പ്രാഥമികവിദ്യാഭ്യാസ രംത്തേക്കുള്ള അദ്ധ്യാപകരെ പ്രത്യേകിച്ചും തെരഞ്ഞെടൂക്കേണ്ടത്. എന്നാൽ കേരളത്തിൽ ഏതെങ്കിലും ഒരു എയിഡഡ്/പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇത് നടക്കുന്നുണ്ടെന്ന് കരുതാൻ വയ്യ!

 

വിദ്യാഭ്യാസ സ്ഥപനങ്ങളുടെ കഥയും  വ്യത്യസ്തമല്ല.  പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലതും ഇന്ന് ജാതിമതകൂട്ടായ്മകളുടെ കീഴിലാണ്. ഒരു കാലഘടത്തിന്റെ ശേഷിപ്പുകളാണവയിൽ പലതും. ഇവ പണ്ട് കേവലം വിദ്യാഭ്യാസസ്ഥാപനങ്ങൾ മാത്രമായിരുന്നുവെങ്കിൽ ഇന്നവ അതാത് മതങ്ങളുടെ അഭിമാനസ്തംഭങ്ങളായി കൊണ്ടാടുകയാണ്.  സ്കൂളിലേക്കുള്ള വഴികൾ എല്ലാം വിവിധങ്ങളായ മതചിഹ്നങ്ങളും വചനങ്ങളും എഴുതിപ്പിടിപ്പിച്ച മതിലുകളാലും സ്തൂപങ്ങളാലും അലങ്കരിച്ചിരിക്കുന്നു. മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കമനീയ കമാനങ്ങളുണ്ട്, അവ പുണ്യാളന്റേയും  സ്വാമിയാരുടേയോ അമ്മച്ചിയുടേയോ ഒക്കെ മെഴുകുതിരി കത്തിച്ചു വെച്ച പ്രതിമകളേ കൊണ്ടലങ്കൃതം തന്നെ! ആരെ കാണിക്കാനാണിതൊക്കെ? എന്താണിതിന്റെയൊക്കെ ആവശ്യം? കുഞ്ഞുമനസ്സിലേക്ക് ഈ ചിത്രങ്ങൽ കൊണ്ടെത്തിക്കുന്ന ചിന്തകളെ പറ്റി ആരെങ്കിലും ചിന്തിച്ചിരിക്കുമോ?

 

മറ്റുമതത്തിന്റെ ചിഹ്നങ്ങൾ നിർബന്ധപൂർവം ധരിപ്പിക്കുക, അതാത് കുട്ടികളുടെ മത ചിഹ്നങ്ങൾ ധരിക്കാൻ അനുവധിക്കാതിരിക്കുക തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നമ്മൾ പത്രങ്ങൾ വഴി കാണുകയുണ്ടായി. തട്ടമിട്ടുവരുന്ന പെൺകുട്ടികളെ അതഴിപ്പിച്ച്  ക്ലാസിൽ കയറ്റുക, കുരിശുള്ള യുണിഫോം നൽകി എല്ലാ കുട്ടികളേയും കുരിശുധാരികളാക്കുക ഇതൊക്കെ എങ്ങോട്ടായിരിക്കും നമ്മുടെ കൊച്ചു കേരളത്തെ കൊണ്ടെത്തിക്കുക. ഇപ്പോഴും പല ക്രിസ്ത്യൻ വിദ്യാഭ്യാസസ്ഥാപനങ്ങളിലും പുതുമുഖ വിദ്യാർത്ഥികളെ കൂട്ടത്തോടെ ഒരു ഹാളിൽ പിടിച്ചിരുത്തി കുർബാന നടത്തിവരുന്നുണ്ട്. മറ്റു മതസ്ഥർ നിർബന്ധപൂർവം കുർബന കൈക്കൊള്ളണം എന്ന് എന്തിനാണിവർ ശഠിക്കുന്നത്?  ഒരു മാതൃകാ വിദ്യാലയം ജാതിമതരാഷ്ട്രീയ മുക്തമാകേണ്ടതിന്റെ പ്രാധാന്യം എന്നാണു നമ്മുടെ സർക്കാറുകൾ മനസ്സിലാക്കുക?

 

വിദ്യാഭ്യാസം പൂർണമായും സർക്കാർ നിയന്ത്രണത്തിൽ തന്നെയാവണം എന്നതിലേക്കാണു ഞാൻ പറഞ്ഞു വരുന്നത്.  വിദ്യ നേടുക എന്നത് ഒരു പൗരന്റെ കടമയെന്നതുപോലെ അതു ഫലപ്രദമായി കൊടുക്കുക എന്നത് സർക്കാരിന്റെ കർത്തവ്യവുമാണ്.  സാമൂഹ്യജീവിയായ മനുഷ്യന്റെ ഗുണനിലവാരത്തിന്റെ അടിസ്ഥാനം അവനു കിട്ടുന്ന പ്രാഥമിക വിദ്യാഭ്യാസമാണ്. അതിനെ ചൂഷണം ചെയ്തു തടിച്ചു വീർക്കുന്ന ജാതിമതസംരഭങ്ങളെ മാറ്റി നിർത്താൻ ഉതകുന്ന വിദ്യാഭ്യാസനയം നമുക്കില്ലാതെ പോയത് ദൗർഭാഗ്യകരം തന്നെ. സ്വതന്ത്ര്യചിന്ത വളർത്തിയെടുക്കാൻ പര്യാപ്തമാവണം നമ്മുടെ അദ്ധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും.  അതില്ലാത്തിടത്ത് നടക്കുന്നത് വിദ്യയുടെ ആഭാസം മാത്രമാണ്. വളർച്ചയ്ക്കു പകരം പലതരത്തിലുള്ള അടിമത്തം മാത്രമായിരിക്കും ഇക്കൂട്ടർ നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകുക…

 

കഴിഞ്ഞ ദിവസം, ഡിഗ്രി  പഠിച്ച കോളേജിലേക്ക് ഒരു പൂർവവിദ്യാർത്ഥി കൂട്ടായ്മയിൽ പങ്കെടുക്കാൻ പോയി. പോകുന്ന വഴി പത്താം ക്ലാസ് കഴിഞ്ഞ സ്കൂൾമുറ്റം കൂടി ഒന്നു കണ്ടേക്കാം എന്നു വെച്ചു, ഇരുപതുവർഷങ്ങൾക്ക് ശേഷം ആ സ്കൂൾ മുറ്റത്തു കണ്ട മാറ്റവും കോളേജിന്റെ മുഖച്ഛായയിൽ മാറിവരുന്ന മാറ്റവും ഒക്കെ ഓർമ്മയിൽ വന്നു. അന്നു പഠിപ്പിച്ച ചില അദ്ധ്യാപകരെ ഇന്നു വിലയിരുത്തുമ്പോൾ തോന്നിയ ചില കാഴ്ചപ്പാടുകൾ അതിനോട് ചേർത്തുവെച്ചെഴുതി എന്നുമാത്രം. കടുത്ത നിരാശതോന്നുന്നു! മക്കൾക്കെങ്കിലും സ്വതന്ത്രമായ വിദ്യാഭ്യാസം ഇന്നെവിടെ ലഭിക്കും   എന്നതിലെ അടങ്ങാത്ത ആശങ്ക പങ്കുവെയ്ക്കൽ കൂടിയാണിത്.

2 thoughts on “മാറുന്ന വിദ്യാലയങ്ങളും നമ്മുടെ അദ്ധ്യാപകരും

  1. The atmosphere of our schools is not good for better studies. Every student is fearing most of the subjects especially maths. They are thinking that they don’t have the ability to study maths. It is absolutely wrong. What matters is that the way of presentation of teachers? A teacher has to bring enjoyment and inspiration through the subject that he handles. Every chapter in each subject possesses the flavours of a good film. If you give me an opportunity I will make a student who fears maths say maths is funny. So teachers kindly try to make your subject funny.

Leave a Reply

Your email address will not be published. Required fields are marked *