സ്ത്രീജന്മം – ഓട്ടൻതുള്ളൽ

സ്ത്രീജന്മം – ഓട്ടൻതുള്ളൽ

നല്ലവരാകും നാട്ടാരേ
ഞങ്ങൾക്കിത്തിരി പറയാനുണ്ട്
പെണ്ണിൻ വാക്കുകൾ കേൾക്കാൻ നിങ്ങൾ
തെല്ലിട നേരം മുന്നിൽ നിൽക്കൂ…

പറയാൻ കാര്യം ഒരു പാടുണ്ട്
പറയാൻ നേരം കിട്ടാറില്ല
ഒന്നാം കോഴികൾ കൂവും നേരം
കന്നാലികൾ പോൽ പണികൾ തുടങ്ങും,

മൂട്ടിൽ വെട്ടം കുത്തും വരെയും
മൂപ്പര് ജോറായ് നീണ്ടു കിടക്കും.
കൊണ്ടാ കാപ്പി കൊണ്ടാ ചായ
കൊണ്ടാ കൊണ്ടാ സർവ്വം കൊണ്ടാ.

കാപ്പി കുടിച്ചു കഴിഞ്ഞാൽ കൊണ്ടാ
പത്രം കൊണ്ടാ ബ്രഷും കൊണ്ടാ
ഷർട്ടും കൊണ്ടാ പാന്റും കൊണ്ടാ
ചോറും കറിയും വേറെ കൊണ്ടാ.

കണവനെ മോടിയിൽ വിട്ടു കഴിഞ്ഞാൽ
കണ കുണ പറയും അച്ഛനെ നോക്കാം
തൈലം തേച്ചു കിടക്കും തള്ളയെ
തടവിക്കൊണ്ടങ്ങ രികിലിരിക്കാം.

വെട്ടം കേറാ മുറിയുടെ മൂലയിൽ
തൊട്ടിലിലാടും കൊച്ചിനെ നോക്കാം.
തൊടിയിൽ തപ്പിത്തപ്പി നടന്നാൽ
തൊടുകറി വകകൾ കുട്ടയിലാക്കാം.

കാലത്തൊരു വക ഉച്ചക്കൊരു വക
കാപ്പിക്കൊരു വക ചായക്കൊരു വക
പത്തിരിയൊരു വക ഇഡലിയൊരു വക
മത്തി ചിക്കൻ മട്ടൻ പലവക .

എല്ലാമിങ്ങനെ എന്നും ചെയ്യാൻ
എല്ലും തോലും ആയൊരു പെണ്ണും .
അടിയും, തൊഴിയും ബോണസ്സായി
അതിയാനോടു കണക്കിനു കിട്ടും.
ചന്തം പോരാ ചമയം പോരാ
തന്ത കൊടുത്തതു തീരെ പോരാ.

പറയാനിനിയും ഒരുപാടുണ്ട്
പറയിപ്പിച്ചാൽ ഇനിയും പറയും.
പറയാനുള്ളൊരു നാക്കും, വാക്കും
പണയം ഞങ്ങൾ വെച്ചിട്ടില്ല.

മൂന്നും മുപ്പതുമൊരു പോലത്രെ
എട്ടും എൺപതുമൊരു പോലത്രെ
കാമം മൂക്കും അറു വഷളന്മാർ
കോമാളികളായ് മണ്ടി നടപ്പൂ ,

ഇടവഴിയെന്നോ നടവഴിയെന്നോ
പൊതുവഴിയെന്നോ പുതുവഴിയെന്നോ
എല്ലായിടവും പെണ്ണിൻ മാനം
പുല്ലു കണക്കെ ചവിട്ടിമെതിപ്പൂ.

കെട്ടിയ പെണ്ണിനെ കെട്ടിത്തൂക്കാൻ
കെട്ടിയവൻമാർ പാത്തു നടപ്പൂ
അന്തിക്കള്ളും മോന്തി വരുന്നൊരു
മന്തനു പെണ്ണിനെ ചന്തം പോരാ.

കണ്ടാൽ കുറ്റം മിണ്ട്യാൽ കുറ്റം
ദേവനു മുമ്പിൽ പോയാൽ കുറ്റം.
എന്തിനു മേതിനും പെണ്ണുങ്ങൾക്ക്
മുന്ത്യോൻ മാരുടെ കല്പന മാത്രം.

കെട്ടിയ പെണ്ണിനെ മൊഴിചൊല്ലീടാൻ
കാട്ടിക്കൂട്ടും കോപ്രായങ്ങൾ
മറ്റൊരു പെണ്ണിനെ കെട്ടാൻ വേണ്ടി
കുറ്റവിചാരണ ആണിനു വേണ്ടി .

പണ്ടേ തച്ചു തകർത്ത മറക്കുട
തുന്നിക്കൂട്ടി കൊണ്ടു വരുന്നു.
പെണ്ണിനെ മൂടിപ്പൊതിയാൻ തുണിയാൽ
പുതുവസ്ത്രങ്ങൾ തുന്നീടുന്നു.

പറയാനിനിയും ഏറെയുണ്ട്
പറയിപ്പിച്ചാൽ ഇനിയും പറയും
ആണും വേണം പെണ്ണും വേണം
ആട്ടും തുപ്പും പെണ്ണിനു വേണ്ട .

പെണ്ണിൻ മാനം കാത്തീടാത്തവൻ
ആണാണെന്നു പറഞ്ഞിട്ടെന്താ
ആണും പെണ്ണും ഒത്തു പിടിച്ചാൽ
ഒത്തൊരു മലയും കയ്യിൽ പോരും…

……………….
പി. ടി. മണികണ്ഠൻ, പന്തലൂർ

 

Leave a Reply

Your email address will not be published. Required fields are marked *