ലയനം

ലയനം

silk smitha, layanam

ചെറുപ്പത്തിൽ സ്കൂൾ അവധിക്കാലങ്ങളിൽ ഒടയഞ്ചാലിൽ നിന്നും ചെറുവത്തൂരേയ്ക്കു പോവുക എന്നത് എനിക്കൊരു രസമായിരുന്നു. അച്ഛന്റെ വീടവിടെയാണ്. വിദ്യാരംഭം അവിടെയായിരുന്നുവെങ്കിലും പിന്നീട് തുടർപഠനം അമ്മയുടെ നാടായ ഒടയഞ്ചാലിൽ വെച്ചായിരുന്നു. എല്ലാ അവധിക്കാലവും ചെറുവത്തൂരിലേക്കു പോവുകയെന്നത് പതിവായി മാറിയിരുന്നു.

ആദ്യമൊക്കെ അമ്മ കൊണ്ടുവിടുമായിരുന്നു. അവധി തീരാറാവുമ്പോൾ കൂട്ടികൊണ്ടുപോകാൻ വരും. കൊണ്ടുവിട്ടുകഴിഞ്ഞാൽ ഇന്നദിവസം കൂട്ടിക്കൊണ്ടുപോകാൻ വരുമെന്നത് ഒരു പ്രതീക്ഷയാണ്. രണ്ടു വീട്ടിലും അന്ന് ഫോണില്ല… പരിസരപ്രദേശങ്ങളിലൊന്നും തന്നെ ഉണ്ടായിരുന്നില്ല. വളരെ ചെറുപ്രായത്തിൽ തന്നെ ഞാൻ യാത്രാമാർഗം ഹൃദിസ്ഥമാക്കിയിരുന്നു. പതിയെ ഒറ്റയ്ക്കായി യാത്ര. ഒറ്റയ്ക്ക് ഒരു യാത്ര നടത്തുന്നതിന്റെ ത്രില്ല് പറഞ്ഞറിയിക്കാനാവാത്തതു തന്നെ. 1989, 90, 91,92 കാലഘട്ടമാണ്. എനിക്ക് 15 വയസ്സിനു താഴെ പ്രായം. 40 കിലോമീറ്ററോളം ഉണ്ട് ഒടയഞ്ചാലിൽ നിന്നും ചെറുവത്തൂരേക്ക്. കാഞ്ഞങ്ങാട് വന്ന് ബസ്സ് മാറിക്കേറുകയും വേണം. 10 രൂപയിൽ താഴെ മതിയാവും മൊത്തം ബസ്സ് ചാർജ്, പലപ്പോഴും ടിക്കറ്റ് എടുക്കാതെ രക്ഷപ്പെട്ടതും ഓർമ്മയിലുണ്ട്. പക്ഷേ, കാഞ്ഞങ്ങാട് എത്തിയാൽ അതും ചെലവാക്കിയിട്ടേ ചെറുവത്തൂരേക്കു പോകാറുള്ളൂ.

കൈയ്യിൽ ധാരാളം പൈസയുണ്ടാവും. കാഞ്ഞങ്ങാട് എത്തിയാൽ ഉടനേ ബാലരമ, ബാലമംഗളം, പൂമ്പാറ്റ, മുത്തശ്ശി, അമർചിത്രകഥകൾ (ബോബനും മോളിയും ഇഷ്ടമല്ല – അതു വാങ്ങിക്കില്ല) ഇതൊക്കെ ഒന്നിച്ചങ്ങ് വാങ്ങിക്കും. ചിലപ്പോൾ സഖി ബുക്ക്സ് ഇറക്കുന്ന ചെറുചൂടൻ നോവലുകളും വാങ്ങിക്കും. (അത് പിന്നീടാരേയും കാണിക്കാതെ സൂക്ഷിച്ചുവെയ്ക്കാൻ വല്യ പാടായിരുന്നു.) കാഞ്ഞങ്ങാട് അല്പമൊന്നു കറങ്ങി അടുത്തുള്ള ഒരു കൂൾബാറിൽ കയറി ഫ്രൂട്ട് സലാട്ട് വാങ്ങിക്കഴിക്കും. ഇതും പതിവു രീതിയിൽ പെട്ടതു തന്നെ. രണ്ടുരൂപ അമ്പതു പൈസയായിരുന്നു അന്നു ഫ്രൂട്ട്സലാട്ടിന്. ഐസ് ക്രീമിന് മൂന്നുരൂപയും. പക്ഷേ എനിക്കിഷ്ടം ഫ്രൂട്ട് സലാട്ടായിരുന്നു.

വീട്ടിൽ നിന്നിറങ്ങിയാൽ ചെറുവത്തൂരെത്തിക്കാണും എന്നത് വീട്ടുകാർക്ക് ഒരു പ്രതീക്ഷയാണ്. ഉച്ചയ്ക്കു മുമ്പേ ചെറുവത്തൂരെത്തണം എന്ന ഉറപ്പിന്മേലായിരിക്കും വിടുക. എത്തിക്കഴിഞ്ഞാൽ അവിടെ എത്തിയെന്നും പറഞ്ഞ് അമ്മയ്ക്ക് എഴുത്തയകണം ഇൻലന്റിന് 15 പൈസയോ 20 പൈസയോ എന്ന് കൃത്യമായി ഓർക്കുന്നില്ല. മൂന്നുനാലു ദിവസങ്ങൾ എടുക്കുമായിരിക്കണം എഴുത്തവിടെ കിട്ടാൻ. പക്ഷേ അന്നങ്ങനെ എത്തിക്കാണുമോ എന്നുള്ള വേവലാതിയൊന്നും ഉണ്ടായിരുന്നില്ല. ഇന്നിപ്പോൾ ഒടയഞ്ചാൽ വിട്ട് ബാംഗ്ലൂരിൽ ബസ്സിറങ്ങിയാൽ വിളിക്കണം, റൂമിലെത്തിയാൽ വിളിക്കണം!! അങ്ങനെ പോകുന്നു അമ്മയുടെ നിബന്ധനകൾ!!

കാഞ്ഞങ്ങാട് വിട്ടാൽ നേരെ പോകുന്നത് ചെറുവത്തൂർ ടൗണിൽ തന്നെയുള്ള പാക്കനാർ തീയറ്ററിലേക്കാണ്. അവിടെ നിന്നും സിനിമ കണ്ടശേഷം ആറുമണിയോടെ മാത്രമേ വീട്ടിലെത്തൂ. ഉച്ചയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് അവിടെ വല്യമ്മയോടും മറ്റും കള്ളം പറയും. ഇതായിരുന്നു എന്റെ അവധിക്കാലത്തെ സ്ഥിരം പരിപാടി. തിരിച്ച് ഒടയഞ്ചാലിലേക്ക് പോകുമ്പോഴും ഇതൊക്കെ തന്നെ. പക്ഷേ, ആദ്യകാലങ്ങളിൽ കാഞ്ഞങ്ങാട് വെച്ച് സിനിമ കാണുന്ന പരിപാടി തുടങ്ങിയിരുന്നില്ല. മെല്ലെ കൈലാസ് തീയറ്ററിൽ കേറി ആ പതിവ് തുടങ്ങി. പിന്നെ വിനായക, ശ്രീ വിനായക എന്നിവയിലേക്കത് വ്യാപിപ്പിച്ചു. അന്ന് രണ്ട് വിനായക ടാക്കീസുകൾ ഉണ്ടായിരുന്നു. ശ്രീ വിനായക ആ സമയത്ത് തുടങ്ങിയതേ ഉള്ളൂ എന്നു തോന്നുന്നു. ഇപ്പോഴുള്ള പുതിയ ന്യൂവിനായകയും വിനായക പാരഡൈസും വളരെ കാലങ്ങൾക്ക് ശേഷം വന്നതായിരുന്നു.

ലയനം കണ്ട കഥ
എ പടം കാണുന്ന ശീലമൊന്നും അന്നില്ല; പിന്നീടും ഉണ്ടായിട്ടില്ല 😉 ആരും കാണാതെ കൗതുകത്തോടെ പോസ്റ്റർ നോക്കി സ്ഥലം വിടുമെന്നല്ലാതെ അത്തരം സിനിമകൾക്ക് പോയി തലവെച്ചു കൊടുക്കാൻ മത്രമുള്ള ധീരത അന്നുണ്ടായിരുന്നില്ല. ഒരിക്കൽ, പത്തിൽ പഠിക്കുമ്പോൾ ആണെന്നു തോന്നുന്നു – ഒരു മഴക്കാലത്ത് ഇതുപോലെ കുറേ പുസ്തകങ്ങളും നീളൻ കുടയും ഒക്കെയായി ഞാൻ ചെറുവത്തൂർ ബസ്റ്റാന്റിൽ വന്നിറങ്ങി. പാക്കനാർ തീയറ്ററിലേക്ക് നോക്കിയപ്പോൾ വലിയ പോസ്റ്റർ കണ്ണിൽ പെട്ടു – മാനത്തെ കൊട്ടാരം. ദിലീപിനേയും നാദിർഷയേയും ഒക്കെ മിമിക്രി കാസറ്റിന്റെ പുറത്ത് കണ്ട പരിചയത്തിൽ ഓടിച്ചെന്ന് കേറി. ഉച്ച സമയം. സിനിമ തുടങ്ങിയിരുന്നു. സിനിമ കാണിക്കുന്ന സ്ക്രീൻ സൈസ് വളരെ ചെറുതാണ്. ഞാൻ കരുതി വല്ല പരസ്യവും ആയിരിക്കുമെന്ന്. ഒരു പയ്യനെ കുറേ പേർ ഓടിക്കുന്ന രംഗം. പക്ഷേ, ഇത് പരസ്യമല്ലെന്നും സിനിമയാണെന്നും മെല്ലെ മനസ്സിലായി. ലയനം എന്ന് എപ്പൊഴോ എഴുതിക്കാണിച്ചു.

പുറത്തു നിന്നും ഇരുട്ടിലേക്ക് ചാടിക്കേറിയ എനിക്ക് ആദ്യം ചുറ്റുപാടും ഒന്നും കാണാൻ പറ്റിയില്ല. മെല്ലെ ആ ഇരുട്ടുമായി താദാത്മ്യം പ്രാപിച്ചപ്പോൾ ഞാൻ ചുറ്റും നോക്കി. എന്റെ പ്രായത്തോടടുത്തു നിൽക്കുന്ന 25 ഓളം പിള്ളേരും പിന്നെ 45 നു മുകളിൽ പ്രായമുള്ള കുറേ വയസന്മാരും… സിനിമ കത്തിക്കേറുന്നുണ്ട്, പയ്യനുമായി സിലുക്ക് സ്മിത അവരുടെ വീട്ടിലെത്തുന്നതും അവിടെ കിടന്നുള്ള സംഗതികളുമായി സിനിമ മുന്നേറുകയാണ്. ആകപ്പാടെ ഒരു ചമ്മലായിരുന്നു എനിക്ക്. സിനിമ കഴിഞ്ഞ് എങ്ങനെ പുറത്തിറങ്ങും എന്നൊരു ധാരണ. ഇന്റർവെല്ലിനു പുറത്തിറങ്ങിയതേ ഇല്ല.

അവസാനം സിനിമ കഴിഞ്ഞു. വേഗം ഇറങ്ങി തീയറ്ററിനു പുറകിലേക്ക് ഓടി, മൂത്രമൊഴിക്കണം, അവിടെ നിന്നും എല്ലാവരും പോയി കഴിഞ്ഞിട്ട് ഏറ്റവും അവസാനം പുറത്ത് കടക്കുകയും ആവാം… കുറച്ച് വാഴകൾ അവിടെ ഉണ്ടായിരുന്നു. ഒരു വാഴചുവട്ടിൽ പോയി ഞാൻ നിന്നു. ചുറ്റുപാടും നോക്കിക്കൊണ്ടാണ് മൂത്രമൊഴിച്ചത്. ആരൊക്കെയോ എന്നെ നോക്കുന്നുണ്ട് എന്നൊരു ധാരണ.കൈയിൽ തൂക്കിപ്പിടിച്ച കുടയ്ക്ക് ഭാരം കൂടിക്കൂടി വരുന്നു. നോക്കിയപ്പോൾ വെപ്രാളത്തിൽ മൂത്രം പോയി നിറയുന്നത് തൂക്കിപ്പിടിച്ച കുടയിലാണ്… കുടയെന്നു പറഞ്ഞാൽ ഇന്നുകാണുന്ന രണ്ടായി മടക്കാൻ പറ്റുന്ന പോപ്പിക്കുടയൊന്നുമല്ല. കോട്ടൻ തുണിയുടെ പഴയ നീളമുള്ള സെന്റ്. ജോർജുകുട തന്നെ! ഒരവസ്ഥ തന്നെയായിരുന്നു അത്… അവിടെ നിന്നും പുറത്തു കടന്നിട്ടും ഒരു അരക്ഷിതാവസ്ഥ എന്നെ പിന്തുടരുന്നുണ്ടായിരുന്നു… എന്നെ അറിയുന്ന ആരോ ഇതു കണ്ടു എന്നൊരു ധാരണ. ഒരാഴ്ച എടുത്തു ആ ഒരു ചമ്മൽ ഒന്നു മാറിക്കിട്ടാൻ!

പാക്കനാറിൽ മാനത്തെ കൊട്ടാരം രാവിലേയും ഉച്ച കഴിഞ്ഞിട്ടും ആയിരുന്നു. ഇത് ഉച്ചപ്പടം. ഇങ്ങനെയൊന്നുള്ള കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. അതാണു പറ്റിയത്. ഇപ്പോഴും ചെറുവത്തൂർ വഴി കടന്നു പോകുമ്പോൾ പാക്കനാർ എന്റെ ചുണ്ടിലൊരു ചിരി വിടർത്താറുണ്ട്.

4 thoughts on “ലയനം

    1. 😉 ലയനം കണ്ടിരുന്നു…
      ആദ്യമായി ഒരേപ്പടം തീയറ്ററിൽ പോയി കണ്ടതാണ്…

Leave a Reply

Your email address will not be published. Required fields are marked *