കുട്ടിയും തള്ളയും

കുട്ടിയും തള്ളയും

കവിത കേൾക്കുക
0:00

മറ്റു കവിതകൾ കാണുക

ഈ വല്ലിയിൽ നിന്നു ചെമ്മേ — പൂക്കൾ
പോവുന്നിതാ പറന്നമ്മേ!

തെറ്റീ! നിനക്കുണ്ണി ചൊല്ലാം — നൽപ്പൂ –
മ്പാറ്റകളല്ലേയിതെല്ലാം.

മേൽക്കുമേലിങ്ങിവ പൊങ്ങീ — വിണ്ണിൽ
നോക്കമ്മേ, എന്തൊരു ഭംഗി!

അയ്യോ! പോയ്ക്കൂടി കളിപ്പാൻ — അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!

ആകാത്തതിങ്ങനെ എണ്ണീ — ചുമ്മാ
മാഴ്കൊല്ലാ എന്നോമലുണ്ണീ!

പിച്ചനടന്നു കളിപ്പൂ — നീ ഈ –
പിച്ചകമുണ്ടോ നടപ്പൂ?

അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാം അമ്മ ചൊന്നാൽ…

നാമിങ്ങറിയുവതല്പം — എല്ലാ –
മോമനേ, ദേവസങ്കല്പം…

രചന:കുമാരനാശാൻ
പുഷ്പവാടി എന്ന കവിതാ സമാഹാരത്തിൽ നിന്നും
ഏപ്രിൽ 1931 – ഇൽ എഴുതിയത്

മലയാളകവിതയുടെ കാല്പ‍നിക വസന്തത്തിനു തുടക്കം കുറിച്ച ഒരു കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 – ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയങ്ങളിലൊരാളുമാണ് കുമാരനാശാൻ. കുമാരനാശാന്റെ കൃതികൾ വിക്കി ഗ്രന്ഥശാലയിൽ വായിക്കുക

 

അല്പം അപ്ഡേഷൻസ്

കാലം എത്രയെത്ര പുരോഗമിച്ചാലും കുഞ്ഞായിരിക്കുമ്പോൾ ഇവർ എന്നും ഒരേ പോലെ തന്നെ നിഷ്കളങ്കരാണ്. ആത്മികയുടെ ടീച്ചറുടെ വീട്ടിൽ ഇന്നലെ രാത്രി അവളേയും കൂട്ടി ഞങ്ങൾ ചുമ്മാ പോയിരുന്നു. ആമീയെ പറ്റി അവർ ഏറെ പറഞ്ഞിരുന്നെങ്കിലും അതൊക്കെ ചുമ്മാ ഞങ്ങളെ സന്തോഷിപ്പിക്കാനുള്ള ശ്രമം എന്നേ കരുതിയുരുന്നുള്ളൂ. പക്ഷേ, ഇത്ര ചെറുപ്പത്തിൽ തന്നെ അവൾ മറ്റുഭാഷകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനെ പറ്റി സൂചിപ്പിച്ചപ്പോൾ ഒന്നത്ഭുതം തോന്നിയിരുന്നു. തമിഴും കന്നഡയും ഹിന്ദിയും അവൾ ശ്രമിക്കാറും തമിഴത്തി ഫ്രണ്ടായ കുഞ്ഞിനോടു മാത്രമായി ആമീസ് തമിഴിൽ സംസാരിക്കുന്നതും ശ്രദ്ധിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും അവളുടെ നിഷ്കളങ്കമായ പലചോദ്യങ്ങളും കുമാരനാശന്റെ ഈ കവിതയ്ക്കു തുല്യം തന്നെയാണ്. ജീവിത സാഹചര്യങ്ങൾ എത്രയൊക്കെ മാറിയാലും കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളല്ലാതാവുന്നില്ല!! വളരെ നിഷ്കളങ്കമയ ഇത്തരം ചോദ്യങ്ങൾക്ക് അവളെ സന്തോഷിപ്പിക്കാനുതകുന്ന ഉത്തരങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കാറും ഉണ്ട്. (ജനുവരി 3, 2017)

Leave a Reply

Your email address will not be published. Required fields are marked *