കാത്തിരിപ്പ്

കാത്തിരിപ്പ്

കവിത കേൾക്കുക:
0:00

ആസുരതാളം തിമർക്കുന്നു ഹൃദയത്തിൽ
ആരോ നിശബ്ദമൊരു നോവായി നിറയുന്നു
നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൗനങ്ങൾ
ആർദ്രമൊരു വാക്കിന്റെ വേർപാട് നുരയുന്നു

പ്രിയതരം വാക്കിന്റെ വേനൽ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോറ്റു പാഴ്സ്മൃതികളിൽ
കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു

ഞാനുറങ്ങുമ്പോഴും കാത്തിരിപ്പൊറ്റക്കു
താഴെയൊരൊറ്റയടിപ്പാതയറ്റത്തു വീഴും
നിഴൽപ്പരപ്പിന്നു കൺപാർക്കുന്നു!
എന്റെ മയക്കത്തിൽ എന്റെ സ്വപ്നങ്ങളിൽ
കാത്തിരിപ്പെന്തൊ തിരഞ്ഞാടിയെത്തുന്നു

ആരെയോ ദൂരത്തു കണ്ടപോലാനന്ദ
മോദമോടെന്നെ വിളിച്ചുണർത്തീടുന്നു
മാപ്പിരക്കും മിഴി വീണ്ടുമോടിക്കുന്നു
ഭൂതകാലത്തിനുമപ്പുറം വീണ്ടുമൊരു
വാക്കിന്റെ വേനൽ മഴത്തുള്ളി
വീഴ്‌വതും നോറ്റ് കനക്കും
കരൾക്കുടം ചോരാതെ

കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു

മച്ചിലെ വാവൽ കലമ്പലിൽ
ഘടികാരമൊച്ചയുണ്ടാക്കും
നിമിഷ പുഷ്പങ്ങളിൽ
തെന്നൽ തലോടി തുറന്ന പടിവാതിലിൽ
തെക്ക് നിന്നെത്തുന്ന തീവണ്ടി മൂളലിൽ

ഞെട്ടിയുണർന്നെത്തി നോക്കുന്നു പിന്നെയും
ഒച്ച് പോലുൾവലിഞ്ഞീടുവാനെങ്കിലും
വേദന…
വേ…ദന വാരിപ്പുതച്ചു വീണ്ടും
എന്റെ കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു

ഒരു പകൽ പടിവാതിലോടിയിറങ്ങുമ്പോളിരവു
കറുത്ത ചിരി തൂകിയാർത്തണയുമ്പോൾ
ഇരുവർക്കുമിടയിലൊരു
സന്ധ്യപൂത്തുലയുമ്പോൾ
ഇലകളനുതാപമോടരുണാശ്രുവേല്ക്കുമ്പോൾ

എവിടെയോ മിഴി പാകി ഒരു ശിലാശകലമായ് –
വാക്കിന്റെ വേനൽ മഴത്തുള്ളി
വീഴ്വതും നോറ്റ് കനക്കും
കരൾക്കുടം ചോരാതെ
കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു

കണ്ണീരു പൊടിയുന്ന വറ്റുന്നതോർക്കാതെ
ആർദ്രമൊരു വാക്കിന്റെ വേനൽ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോറ്റു പാഴ്സ്മൃതികളിൽ
കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു!!

കവി: മുരുകൻ കാട്ടാക്കട

Leave a Reply

Your email address will not be published. Required fields are marked *