കണ്ണകി

കണ്ണകി

Kannaki - chilappathikaram, കണ്ണകി ചിലപ്പതികാരത്തിലെ നായികഇളങ്കോവടികൾ രചിച്ച തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ നായികയാണ് കണ്ണകി. ഒരു തെറ്റിദ്ധാരണയുടെ പേരിൽ തന്റെ ഭർത്താവിനെ വധിച്ച മധുരരാജാവിനെയും മധുര നഗരത്തേ തന്നെയും പ്രതികാരമൂർത്തയായി ഉറഞ്ഞാടിയ കണ്ണകി തന്റെ ശാപവചസുകളാൽ ചുട്ടെരിച്ചു എന്നതാണ് കാവ്യത്തിലെ ഇതിവൃത്തം.

കഥയിങ്ങനെ:

കൈതപ്രത്തിന്റെ ഒരു പാട്ടു കേൾക്കുക
0:00കരിനീലക്കണ്ണഴകി കണ്ണകി
കാവേരിക്കരയിലെത്തി
കണ്ടെങ്കിലെന്നു കൊതിച്ചു
കണ്ണീര്‍ക്കനകച്ചിലമ്പു ചിലമ്പി
രാജരഥങ്ങള്‍ ഊര്‍വലം പോകും
മാമഥുരാപുരി നീളെത്തിരഞ്ഞു
ചെന്തമിഴ്കോവലനെ പാവം
ആഡംബരങ്ങളില്‍ അന്തഃപുരങ്ങള്‍
അവളുടെ തേങ്ങല്‍ കേള്‍ക്കാതെ മയങ്ങി
തമിഴകം തളര്‍ന്നുറങ്ങി….
തെരുവില്‍ കേട്ടൊരു പാഴ്‌‌‌കഥയായി
രക്തത്തില്‍ മുങ്ങിയ രാജനീതിയായി
ചിലപ്പതികാരത്തിന്‍ കരള്‍ത്തുടികള്‍
ഇത്തിരിപ്പെണ്ണിന്‍ പൂത്തിരിക്കയ്യിലെ
നക്ഷത്രരാവിന്‍ തീപ്പന്തമാളി
പട്ടണങ്ങള്‍ പട്ടടയായ്…
ആ മാറില്‍നിന്നും ചിന്നിയ നൊമ്പരം
തിരുവഞ്ചിനാടിന്‍ തിലകമായ് മാറി
മംഗലം സ്വര്‍ഗ്ഗത്തില്‍ നിറമഴയായ്

കാവേരിപ്പൂംപട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയായ മാചാത്തുവിന്‍റെ മകനായ കോവലൻ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു. കാവേരിപ്പൂംപട്ടണത്തിലെ തന്നെ ധനാഢ്യനായ മാനായ്കന്‍റെ മകള്‍ ആയിരുന്നു കണ്ണകി. കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ, കോവലൻ, മാധവി എന്ന ദേവദാസ്സി നർത്തകിയെ കണ്ടുമുട്ടുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു. കണ്ണകിയെ മറന്ന കോവലൻ തന്റെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി. ഒടുവിൽ പണമെല്ലാം നഷ്ടപ്പെട്ടപ്പോൾ കോവലൻ തന്റെ തെറ്റുമനസ്സിലാക്കി കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോയി. അവരുടെ ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്നങ്ങൾ നിറച്ച ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി സ്വമനസാലെ തന്റെ ചിലമ്പുകൾ കോവലനു നൽകി. ഈ ചിലമ്പുകൾ വിറ്റ് വ്യാപാരം നടത്തുവാൻ കോവലനും കണ്ണകിയും മധുരയ്ക്കു പോയി.

പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്താണ് കൊട്ടാരത്തിൽ നിന്നും രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയത്. കണ്ണകിയുടെ ചിലമ്പുകളുമായി കാണാൻ വളരെ സാമ്യമുണ്ടായിരുന്ന ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകൾ മുത്തുകൾ കൊണ്ടു നിറച്ചതായിരുന്നെങ്കിൽ കണ്ണകിയുടേത് രത്നങ്ങൾ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു. ചിലമ്പു വിൽക്കാൻ ചന്തയിൽ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാർ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിച്ചു. ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാഞ്ഞെത്തി.

കണ്ണകിയുടെ കഥ. വരികൾ ഇവിടെ…
0:00
ഒരു കവിതകൂടി വരികൾ ഇവിടെ…
0:00കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പു പൊട്ടിച്ചപ്പോൾ അതിൽനിന്ന് രത്നങ്ങൾ ചിതറി. രാജ്ഞിയുടെ ഒരു ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ടു മരിച്ചു. ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞ് മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടെ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവൃത്യത്താൽ ഈ ശാപം സത്യമായി.

തീയിൽ വെന്ത മധുരയിൽ കനത്ത ആൾനാശവും ധനനഷ്ടവുമുണ്ടായി. നഗരദേവതയുടെ അപേക്ഷയനുസരിച്ച്, കണ്ണകി തന്റെ ശാപം പിൻ‌വലിച്ചു. നഗരദേവതയുടെ വരം നിമിത്തം 14 ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിന്‍റെ സാമീപ്യവും സ്വര്‍ഗ്ഗാരോഹണവും കണ്ണകിക്ക് ലഭിച്ചു. പിന്നീട് കണ്ണകി വൈഗനദി വഴി ചേരനാട്ടില്‍ചെന്ന് തിരുചെങ്കുട്ട് എന്ന സ്ഥലത്ത് വെച്ച് ദിവ്യരൂപിയായി അവിടെയെത്തിയ കോവലനോടൊപ്പം സ്വര്‍ഗ്ഗം പൂകി. കണ്ണകിക്ക് മോക്ഷം ലഭിച്ചു.

ഈ കഥയാണ് ഇളങ്കോവടികൾ ചിലപ്പതികാരം എന്ന മഹാകാവ്യമായി എഴുതിയത്. കഥയിലെ ഒരു വൈരുദ്ധ്യം, കോവലന്റെ രഹസ്യകാമുകിയായ ദേവദാസി മാധവിയെയും കണ്ണകിയെപ്പോലെ പരിശുദ്ധയായ ഒരു സ്ത്രീയായി കാണിക്കുന്നു എന്നതാണ്. മണിമേഖല എന്ന കൃതിയും കണ്ണകിയെ പ്രകീർത്തിച്ച് എഴുതിയതാണ്.

കണ്ണകി അഥവാ കണ്ണകി അമ്മൻ പാതിവൃത്യത്തിന്റെ ദേവതയായി തമിഴ്‌നാട്ടിൽ ആരാധിക്കപ്പെടുന്നു. ഭർത്താവിന്റെ വഴിവിട്ട പെരുമാറ്റത്തിനുശേഷവും ഭർത്താവിനോടുള്ള അകമഴിഞ്ഞ ആരാധനയുടെ പേരിൽ കണ്ണകി ആരാധിക്കപ്പെടുന്നു. പതിനി എന്ന ദേവതയായി സിംഹള പുരോഹിതർ കണ്ണകിയെ ശ്രീലങ്കയിൽ ആരാധിക്കുന്നു. ശ്രീലങ്കൻ തമിഴർ കണ്ണകി അമ്മൻ എന്ന പേരിലും കണ്ണകിയെ ആരാധിക്കുന്നു.

എങ്കിലും സമൂഹത്തിന്റെ ഒരു വിഭാഗം ജനങ്ങൾ കണ്ണകിയുടെ ഭർത്താവിനോടുള്ള വിധേയത്വം അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ ഒരു പ്രതീകമായി കാണുന്നു. തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഭരണകാലത്ത് മദ്രാസിലെ കണ്ണകി പ്രതിമ 2001 ഡിസംബറിൽ നീക്കം ചെയ്തിരുന്നു. ജൂൺ 3, 2006-ൽ കരുണാനിധി ഈ പ്രതിമ പുന:സ്ഥാപിച്ചു.

ഇളങ്കോവടികളുടെ മൂത്ത സഹോദരൻ ചേരന്‍ ചെങ്കുട്ടവന്‍ തിരുവഞ്ചിക്കുളത്തിനടുത്തു മുചിരിപട്ടണത്തില്‍ ഒരു ക്ഷേത്രം പണിതു കണ്ണകിയെ പ്രതിഷ്ടിച്ചു ആരാധന നടത്തിവന്നു. ചാരിത്രത്തിന്‍റെ ശക്തിയും ദാമ്പത്യപ്രേമത്തിന്‍റെ ഉദാത്തതയും ഉദ്ഘോഷിക്കുന്ന കഥയാണ് കണ്ണകിയുടേത്. തമിഴ് ജനത കണ്ണകിയെ പത്തിനീദേവി (പതിവ്രതാദേവത) യായി ആരാധിച്ചു പോരുന്നു. കേരളീയര്‍ കണ്ണകിയെ ശ്രീകുരുംബയായും,കാളിയായും, ഭഗവതിയായും ആരാധിച്ചുവരുന്നു.

കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. കേരളത്തിലുള്ള ഒരു പ്രധാനകണ്ണകിക്ഷേത്രമാണിത്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ നിലവിലിരുന്ന ക്ഷേത്രനിർമ്മാണകലയുടെ ബാക്കിപത്രം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *