കണ്ണട – മുരുകന്‍ കാട്ടാക്കട

കണ്ണട – മുരുകന്‍ കാട്ടാക്കട

പട്ടിണി, ബലാത്സംഗം, ബാലവേല, രക്തസാക്ഷികൾ, ബലി, അമ്മ, പെങ്ങൾ, ഭാര്യ, ഭർത്താവ്, പുത്രൻ

കവിത കേൾക്കുക:
0:00

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

രക്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോലക്കോപ്പുകൾ കാണാം

കത്തികൾ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവിൽ പാതിക്കാൽ വിറകൊൾവതു കാണാം
ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും കുരുന്നുഭീതി ക്കണ്ണുകൾ കാണാം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

സ്മരണകുടീരങ്ങൾ പെരുകുമ്പോൾ പുത്രൻ ബലിവഴിയെ പോകുമ്പോള്‍
മാതൃവിലാപത്താരാട്ടിൻ മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ മദ്യക്കുപ്പികൾ കാണാം

പലിശ പട്ടിണി പടികേറുമ്പോള്‍ പുറകിലെ മാവിൽ കയറുകൾ കാണാം

തറയിലൊരിലയിലൊരൽപ്പം ചോരയിൽ കൂനനുറുമ്പിര തേടൽ കാണാം

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

പിഞ്ചു മടികുത്തമ്പതുപേർ ചേർന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ചകൾ കാണാം

തെരുവിൽ സ്വപ്നം കരിഞ്ഞ മുഖവും നീട്ടിയ പിഞ്ചു കരങ്ങൾ കാണാം
അരികിൽ ശീമകാറിന്നുള്ളിൽ സുഖശീതള മൃതു മാറിൻ ചൂരിൽ
ഒരുശ്വാനൻ പാൽ നുണവതു കാണാം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

തിണ്ണയിലൻപതു കാശിൻ പെൻഷൻ തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാൾ പരിവാരങ്ങളുമായ്‌ പായ്‌വതുകാണാം

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

കിളിനാദം ഗതകാലം കനവിൽ നുണയും മൊട്ടകുന്നുകൾ കാണാം

കുത്തി പായാൻ മോഹിക്കും പുഴ വറ്റിവരണ്ടു കിടപ്പതു കാണാം
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം

വിളയില്ല തവളപാടില്ലാ കൂറ്റൻ കുഴികൾ കുപ്പത്തറകൾ

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

ഒരാളൊരിക്കൽ കണ്ണട വച്ചു കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു ചെകിടടി വെടിയുണ്ട

കൊത്തിയുടയ്ക്കുക ത്തിമിരക്കാഴ്ച്ചകൾ സ്ഫടിക സരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു മാവേലിത്തറ കാണും വരെ നാം
കൊത്തിയുടയ്ക്കുക കാഴ്ചകൾ ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം

മുരുകൻ കാട്ടാക്കടയുടെ കവിത : കണ്ണട

Leave a Reply

Your email address will not be published. Required fields are marked *