ഒരു ചങ്ങമ്പുഴ കവിത – കാമുകന്‍ വന്നാൽ!

ഒരു ചങ്ങമ്പുഴ കവിത – കാമുകന്‍ വന്നാൽ!

“നിന്നാത്മനായകനിന്നു രാവില്‍
വന്നിടും വന്നാല്‍ നീയെന്തു ചെയ്യും?”

“കോണിലെങ്ങാനു മൊഴിഞ്ഞൊതുങ്ങി
ക്കാണാത്ത ഭാവത്തില്‍ ഞാനിരിക്കും!”


നിന്റെ ആത്മ നായകൻ ഇന്നുവരും; വന്നുചേർന്നാൽ നീ എന്താ ചെയ്യുക?
ഞാനാ മൂലയിലേക്കെങ്ങാനും മാറി കാണാത്ത ഭാവത്തിൽ ഇരിക്കും.

“ചാരുസ്മിതം തൂകിസ്സാദരം, നിന്‍ –
ചാരത്തണഞ്ഞാല്‍ പിന്നെന്തു ചെയ്യും?”

“ആനന്ദമെന്നുള്ളില്‍ തിങ്ങിയാലും
ഞാനീര്‍ഷ്യഭാവിച്ചൊഴിഞ്ഞു മാറും!”


സുന്ദരമായ മന്ദഹാസത്തോടെ നിന്റെ അടുത്തേക്ക് വന്നാൽ പിന്നെ നീ എന്താ ചെയ്യുക?
ആനന്ദമൊക്കെ ഉള്ളിലുണ്ടെങ്കിലും അല്പം കോപമൊക്കെ കാണിച്ച് ഞാൻ മിണ്ടാതെ നിൽക്കും.

“ആ മദനോപമനക്ഷണ, ‘മെ-
ന്നോമനേ!’-യെന്നു വിളിച്ചു മന്ദം
നിന്‍ കൈ കടന്നു പിടിച്ചെടുത്താല്‍
സങ്കോചം കൊണ്ടു നീയെന്തു കാട്ടും?”


കാമദേവനെ പോലുള്ള അവൻ അപ്പോൾ “എന്റെ ഓമനേ..“ എന്നു പതുക്കെ വിളിച്ച് നിന്റെ കൈപിടിച്ചാൽ അല്പം ലജ്ജയൊക്കെ തോന്നുന്ന നീ എന്താ ചെയ്യുക?

“ഉല്‍ക്കടകോപം നടിച്ചുടന്‍ ഞാന്‍
തല്‍ക്കരം ദൂരത്തു തട്ടിമാറ്റും!”


അതിയായ കോപം അഭിനയിച്ച് ഞാനാ കൈയ്യുകൾ ദൂരേക്ക് തട്ടിക്കളയും.

“ആ നയകോവിദന്‍ പിന്മടങ്ങാ-
താ നിമേഷത്തില്‍ നിന്‍ പൂങ്കവിളില്‍
അന്‍പിലോരാനന്ദസാന്ദ്രമാകും-
ചുംബനം തന്നാല്‍ നീയെന്തു ചെയ്യും?”


പ്രിയങ്കരനായ വിദ്വാൻ മാറിനിൽക്കാതെ നിന്റെപൂങ്കവിളിൽ ആനന്ദം പകരുന്ന രീതിയിൽ സുന്ദരമായി ഒന്നുമ്മ വെച്ചാൽ പിന്നെ നീ എന്താ ചെയ്യുക?

“രോമഹര്‍ഷത്തി,ലെന്‍ ചിത്തഭൃംഗം
പ്രേമസംഗീതം മുഴക്കിയാലും
‘നാണമില്ലല്ലോ, ശകല!’-മെന്നായ്
ഞാനോതു, മല്‍പ്പം പരിഭവത്തില്‍!”


പുളകം കൊള്ളുന്ന എന്റെ മനസ്സാകുന്ന വണ്ട് പ്രേമസംഗീതം മൂളിയാൽ പോലും “ഈ മനുഷ്യനു അല്പംപോലും നാണമില്ലേ“ എന്നും പറഞ്ഞ് ഞാൻ പരിഭവം നടിക്കും.

“എന്നിട്ടു മെള്ളോളം കൂസലില്ലാ-
തന്നിലയില്‍ തന്നെ നിന്നു, വേഗം
ഇന്നവന്‍ കാമവികാരധീരന്‍
നിന്നെത്തന്‍ മാറോടു ചേര്‍ത്തണച്ചാല്‍
കോമളപ്പോര്‍മുലപ്പൊന്‍ കുടങ്ങള്‍
കോരിത്തരിക്കെ നീയെന്തു ചെയ്യും?”


എന്നിട്ടും എള്ളോളം പോലും കുലുക്കമില്ലാതെ അതേ നിലയിൽ തന്നെ നിന്ന് കാമവികാരത്താൽ ഉത്തേജിതനായി അവൻ നിന്നെ മാറോട് ചേർത്ത് കെട്ടിപ്പിടിക്കുമ്പോൾ നിന്റെ മാർദവമായ പോർ മുലകൾ കോരിത്തരിക്കുമല്ലോ… അപ്പോൾ നീ എന്തു ചെയ്യും? 🙂

“പോ തോഴി ! പോ; ഞാന്‍ പിന്നെന്തു ചെയ്യാന്‍ ?
പോരേ കളിപ്പിച്ചതെന്നെയൊട്ടും?
പിന്നെയിന്നെന്തു ഞാന്‍ ചെയ്യുമെന്നോ?-
പിന്നെ നീയാണെങ്കിലെന്തുചെയ്യും?


പോ പെണ്ണേ… നീ പോ… ഞാൻ പിന്നെ എന്താ ചെയ്യുക? നിനക്കെന്നെ ഇത്രേം നേരം കളിപ്പിച്ചതൊന്നും പോരേ? ഞാൻ പിന്നെ എന്തു ചെയ്യുമെന്ന് നിനക്കറിയണോ? അല്ലെങ്കിൽ നീയാണെങ്കിൽ അപ്പോൾ എന്താ ചെയ്യുക?


………….
കവിത: ചങ്ങമ്പുഴ കൃഷ്ണപ്പിള്ള – കാമുകന്‍ വന്നാൽ


കാമുകന്‍ വന്നാല്‍ കള്ളനു കേള്‍ക്കാന്‍
കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ
ഒരു കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ

നാണം കൂട്ടിയ പൊന്നഴിക്കൂട്ടില്‍
നീയെന്തിനിയും മറയുന്നു
അവനായ്ക്കരുതിയ കതിര്‍മണിയിനിയും
ആത്മാവില്‍ നീയൊളിക്കുന്നു?

ദേഹം പാതി കുളിരും രാവില്‍
ദേവന്‍ കനിയാന്‍ വൈകുന്നു
വിരലില്‍ കനവില്‍ പാടിയ കൈകള്‍
വീണയ്ക്കായി വിതുമ്പുന്നു..

കാമുകന്‍ വന്നാല്‍ കള്ളനു കേള്‍ക്കാന്‍
കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ
ഒരു കഥപറയാമോ കിളിമകളേ
കരളിലിരിക്കും കിളിമകളേ..!!
…….. ……….. ……….. …..

സിനിമ: ഡെയ്ഞ്ചർ ബിസ്കറ്റ് (1969)
പാടിയത്: എസ് ജാനകിയും സംഘവും.
വരികൾ: ശ്രീകുമാരൻ തമ്പി
സംഗീതം: വി. ദക്ഷിണാമൂർത്തി.

Leave a Reply

Your email address will not be published. Required fields are marked *