കളഞ്ഞുപോയ സുഹൃത്ത്

കളഞ്ഞുപോയ സുഹൃത്ത്

കവിത കേൾക്കുക:

0:00

കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ
കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ

ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു
മൃദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പോഴും

ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു
മൃദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പോഴും

പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞൂ നിറുത്തവേ
അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ…

പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞൂ നിറുത്തവേ
അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ

ഒടുവില്‍ മഞ്ചാടി മുത്തു കൈ വിട്ടൊരു
ചെറിയ കുട്ടിതന്‍ കഥയോന്നുരച്ചു നീ
വിളറി വദനം വിഷാദം മറച്ചു നീ
കഥയില്‍ മൌനം നിറച്ചിരിക്കുമ്പോഴും
അകലെ ആകാശ സീമയില്‍ ചായുന്ന
പകല് വറ്റി പതുക്കെ മായുന്നോരാ
പ്രണയ സൂര്യന്‍ ചുവപ്പിച്ചു നിര്‍ത്തിയ
ചെറിയ മേഘം വിഷാദ സ്മിതം തൂകി
ഇരുളില്‍ ഇല്ലാതെയാകുന്ന മാത്രയെ
തപസ്സു ചെയ്യുന്ന ദിക്കില്‍ നിന്‍ ഹൃദയവും
മിഴിയും അര്‍പ്പിച്ചിരിക്കുന്ന കാഴ്ച്ചയെന്‍
മിഴികള്‍ അന്നേ പതിപ്പിച്ചിതോര്‍മതന്‍
ചുവരില്‍ ചില്ലിട്ട് തൂക്കി ഞാന്‍ ചിത്രമായ്‌…

ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി…
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്‍…!

ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്‍…!

പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌…
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന
കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും…

പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന
കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും
****
മുരുകൻ കാട്ടാക്കട

Leave a Reply

Your email address will not be published. Required fields are marked *