ഗോവ പറയുന്നത്!

ഗോവ പറയുന്നത്!

Goaതൃഷ്ണകളെ ത്രസിപ്പിക്കുന്ന വിശാലമായ കടല്‍ത്തീരങ്ങള്‍ എന്നും വിവശമദാലസയായ ഗോവയ്‌ക്കു സ്വന്തമാണ്‌. കേട്ടറിവുകളില്‍ ഒപ്പിയെടുത്ത നിറക്കാഴ്‌ചകള്‍ മാത്രമായിരുന്നു രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യമായി ഗോവന്‍‌തീരമായ കലംഗൂത് ബീച്ചില്‍ ബസ്സിറങ്ങിയപ്പോള്‍ ഉണ്ടായിരുന്നത്. ഇതിപ്പോള്‍ രണ്ടാമത്തെ പ്രാവശ്യമാണ്‌ ഗോവയില്‍ വരുന്നത് ‍. സുഭഗസുന്ദരമായ ഗോവ എന്നും ഒരു മധുരപ്പതിനേഴുകാരി തന്നെയാണെന്നു തോന്നി – ഏതോ ഒരു വശീകരണമന്ത്രം അവളെന്നും ഉരുവിടുന്നുണ്ടാവണം; അല്ലാതെ എവിടുന്നു കിട്ടുന്നു മനം മയക്കുന്ന ഈ വശ്യത!

കര്‍ണാടകയുടെ ഒരുവശത്ത് അങ്ങ് മലമുകളിലുള്ള ലോണ്ടാ സ്തേഷനില്‍ രാവിലെ എട്ടുമണിയോടുകൂടി ഞങ്ങള്‍ ട്രൈനിറങ്ങി. അവിടെ നിന്നും നൂറ്റിയിരുപതോളം കിലോമീറ്റര്‍ ബസ്സില്‍ യാത്ര ചെയ്താണ്‌ ഗോവയിലെത്തിയത്. നമ്മുടെ താമരശ്ശേരിച്ചുരത്തെ ഓര്‍മ്മിപ്പിക്കുമെങ്കിലും അതിന്റെ പകുതിപോലുമില്ലാത്ത ഒരു ചുരമിറങ്ങിയാല്‍ മഹാരാഷ്ട്രത്തിന്റെ ഒരു വാലില്‍ നമ്മളെത്തും. വനമാണു ചുറ്റും. കുരങ്ങന്മാരൊക്കെ നിര്‍ഭയം ഓടിനടക്കുന്നതു കാണാം. റോഡുസൈഡിലൊക്കെ നിറയെ പൊടി കണ്ടപ്പോള്‍ അത്ഭുതം തോന്നി. വല്ലപ്പോഴും ഓരോ വാഹനങ്ങള്‍ പോയെങ്കിലായി, ഇവിടെ ഇത്രമാത്രം പൊടിപിടിച്ചുകിടക്കാന്‍ കാരണമെന്താവും. റോഡിലൊക്കെ കരിയിലകളല്ലാതെ മറ്റൊന്നുമില്ല… കുറ്റിച്ചെടികളും മരങ്ങളും എല്ലാം പൊടിയാല്‍ അഭിക്ഷേകം ചെയ്തിരിക്കുന്നു. ഗോവക്കാരി കൊങ്ങിണിച്ചിയായ ജാസ്മിനോടു ചോദിച്ചപ്പോള്‍ അവളാണു പറഞ്ഞത്, ചുറ്റുവട്ടത്തൊക്കെ നിറയെ കരിങ്കല്‍ ക്വാറികളാണ്‌. അവിടെനിന്നും രാത്രി സമയങ്ങളില്‍ ഒത്തിരി ലോറികള്‍ കല്ലും പൊടിയുമൊക്കെയായി ഇതുവഴിപോകുന്നുണ്ട്, അതിന്റേതാണ് ഈ പൊടിയെന്ന് – അവളുടെ അച്ഛനും ഉണ്ടത്രേ പതിനേഴ് കരിങ്കല്‍ ക്വാറികള്‍! വനനിബിഡതയില്‍ അങ്ങിങ്ങായി പല റിസോര്‍ട്ടുകളും ഉണ്ട്. പ്രകൃതിയോടലഞ്ഞ്ചേര്‍ന്ന് പ്രണയിക്കാന്‍ പറയുന്ന ഒരു ബോര്‍ഡും വഴിയിലൊരു റിസോര്‍ട്ടിന്റെ പരസ്യമായി കണ്ടതോര്‍ക്കുന്നു.

മെല്ലെ മെല്ലെ പ്രകൃതിക്കു മാറ്റം വന്നു തുടങ്ങി, പച്ച പുല്‍കിയ ഗോവന്‍ മണ്ണിന്റെ ഹൃദയത്തിലേക്കാണു ബസ്സു ചെല്ലുന്നതെന്നു മനസ്സിലായി. പുറംകാഴ്‌ചകളില്‍ കേരളത്തില്‍ നിന്നും ഒട്ടും ഭിന്നമല്ല ഗോവയും, തെങ്ങിന്‍ തോപ്പുകളും കുന്നിന്‍‌ചെരിവുകളും പാടങ്ങളും പെയിന്റടിച്ച വീടുകളും നമ്മുടെ കൊച്ചുകേരളത്തെ ഓര്‍‌മ്മിപ്പിക്കുന്നതാണ്‌. തെരുവുകള്‍ തോറും മദ്യഷോപ്പുകള്‍ ധാരാളമായി കാണാം. റോഡുകളൊക്കെ നല്ല വൃത്തിയും വെടിപ്പുമുള്ളവയാണ്. നല്ല വീതിയുള്ള റോഡുകള്‍. ട്രാഫിക് ബ്ലോക്കൊന്നുമില്ലാത്ത നല്ല സൗകര്യമുള്ള തെരുവുകള്‍. ചരിത്രത്തിന്റെ കാല്പ്പാടുകള്‍ പതിഞ്ഞ ഗോവന്‍‌ തെരുവീഥികളിലൂടെ പോകുമ്പോള്‍ പോര്‍ച്ചുഗീസ് വാസ്തുസൗന്ദര്യത്തിന്റെ വശ്യതയുമായി നില്‍ക്കുന്ന പുരാതനവും നവീനവുമായ നിരവധി ക്രിസ്‌ത്യന്‍ ദേവാലയങ്ങളെ കാണാവുന്നതാണ്‌. ആയിരത്തി അഞ്ഞൂറ്റി പത്തിലാണത്രേ പോര്‍ച്ചുഗീസുകാര്‍ മതപ്രചാരകരായി ഗോവന്‍ കടല്‍ക്കരയില്‍ കപ്പലിറങ്ങിയത്! ഞാന്‍ വെറുതേ ഓര്‍ത്തുനോക്കി അന്ന് എന്റെ പൂര്‍‌വികര്‍ കേരളത്തില്‍ എന്തൊക്കെയായിരിക്കും ചെയ്തിട്ടുണ്ടാവുക? ആരായിരിക്കും അവര്‍? ഒരമ്മയും ഒരച്ഛനും! അവര്‍‌ എന്തൊക്കെ സ്വപ്നങ്ങള്‍ കണ്ടിരിക്കും! എന്തൊക്കെ പ്രതീക്ഷകള്‍ അവര്‍ക്കുണ്ടായിരുന്നിരിക്കും! വര്‍ഷാന്തരങ്ങള്‍ പിന്നിടുമ്പോള്‍ അവരെ ഓര്‍ക്കുന്ന ഒരു മകന്‍ ജനിക്കുമെന്നവര്‍ സ്വപ്നം കണ്ടിരിക്കുമോ? 1500 വര്‍ഷങ്ങള്‍‌ക്കുമുമ്പുള്ള കാര്യങ്ങള്‍! അറിയാന്‍ ഒരു നിവൃത്തിയുമില്ല! ഒരു നെടുവീര്‍പ്പില്‍ ആ ചിന്തകള്‍ക്കു വിരാമമിട്ട് ഞാന്‍ ഗോവന്‍‌കാഴ്ചകളിലേക്കു മടങ്ങി വന്നു.

ഉച്ചതിരിഞ്ഞ് ഒന്നരയോടുകൂടി ഞങ്ങള്‍ ഹോളിഡേ ഇന്‍ എന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തി. മര്‍ഗോവയില്‍ നിന്നു. പതിനേഴു കിലോമീറ്റര്‍ അകലെ സൗത്ത് ഗോവയിലാണ്‌ ഈ റിസോര്‍ട്ട്. മുമ്പ് വന്നപ്പോള്‍ താമസിച്ച് സൂരി റിസോര്‍ട്ട് ഇതിന്റെ തൊട്ടടുത്തു തന്നെയാണ്‌. സൂരിയെ അപേക്ഷിച്ച് ഈ റിസോര്‍‌ട്ടിനുള്ള പ്രത്യേകത ഇരുപത്തിയഞ്ച് ഏക്കറോളം വരുന്ന അറ്റാച്ച്‌ഡ് ബീച്ച് സ്വന്തമായി ഉണ്ട് എന്നതാണ്‌. ഒരു ചെറിയ ബീച്ച് സൂരി റിസോര്‍ട്ടിനും ഉണ്ട്, പക്ഷേ, ഹോട്ടലില്‍ നിന്നും അല്പം അകലെയാണ്‌ ആ ബീച്ച്. പഞ്ചനക്ഷത്രഹോട്ടലിന്റെ സകല പ്രൗഡിയും വിളിച്ചോതുന്നതാണെങ്കിലും സൂരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒട്ടേറെ താഴെയാണ്‌ ഹോളീഡേ ഇന്നിന്റെ റൂംസൗകര്യങ്ങള്‍ എന്നു തോന്നി. വന്ന് ഭക്ഷണം കഴിക്കലായിരുന്നു ആദ്യത്തെ ചടങ്ങ്! ഒരുപാട് വിഭവങ്ങള്‍ അവിടെ ഞങ്ങള്‍ക്കായി ഒരുക്കി വെച്ചിരുന്നു. ഇടയ്‌ക്ക് ഒരു പ്ലേറ്റില്‍ നമ്മുടെ നാടന്‍ പഴമ്പൊരി (“ഇത് ബനാനാബജി – നല്ല ടേസ്റ്റുള്ളതാണ്‌, വേറെ എവിടേയും ഇതു കിട്ടില്ല” എന്ന് ഒരു സെര്‍‌വന്റ് ഞങ്ങള്‍ക്കതിനെ പരിചയപ്പെടുത്തി തന്നു!) കണ്ടപ്പോള്‍ കാഞ്ഞങ്ങാടുള്ള സുകുവേട്ടന്റെ തട്ടുകട ഓര്‍മ്മ വന്നു. രാവിലെ ബാംഗ്ലൂര്‍ബസ്സിറങ്ങി എന്നും ഞാനവിടെ കയറി രണ്ട് പഴമ്പൊരി കഴിച്ചിട്ടേ വീട്ടിലേക്കു പോകാറുള്ളൂ. ഒരു മലയാളി മുഖം ഞാനാ സെര്‍‌വന്‍‌സിനിടയില്‍ വെറുതേ തപ്പി നടന്നു. തണ്ണിമത്തനില്‍ വളരെ വിദഗ്ദമായി പൂക്കള്‍ വിരിയിച്ചെടുക്കുന്ന ഒരു കൊച്ചുസുന്ദരിയില്‍ ഞാനുടക്കി.
“ഗുഡ് ഈവനിം‌ങ് സര്‍”
എന്റെ നോട്ടം കണ്ടിട്ടാണോ എന്നറിയില്ല അവള്‍ ഇങ്ങോട്ട് കേറി പരിചയപ്പെട്ടു.
ബാംഗ്ലൂരില്‍ നിന്നും വരികയാണെന്നു പറഞ്ഞപ്പോള്‍ അവള്‍ പച്ചമലയാളത്തില്‍ ചോദിച്ചു: “നാട്ടില്‍ എവിടെയാ?”
എന്റെ ഇംഗ്ലീഷിന്റെ മഹത്വത്തില്‍ എനിക്കുതന്നെ അഭിമാനം തോന്നി!
ഞാന്‍ പറഞ്ഞു:”കാസര്‍ഗോഡ് – ഇയാളെവിടെയാ..?”
അവള്‍ പ്രീത. മലപ്പുറത്തുകാരിയാണ്‌. ഒന്നരവര്‍ഷമായി ഹോളിഡേ ഇന്നില്‍ ജോലി ചെയ്യുന്നു. നല്ല ആര്‍ട്ടിസ്റ്റാണ്‌. ഹോട്ടല്‍ മാനേജുമെന്റ് കഴിഞ്ഞ് ക്യാമ്പസ് സെലക്ഷന്‍ വഴികിട്ടിയതാണീ ജോലി. പഴമ്പൊരി നിന്റെ സംഭാവനയാണോ എന്നു ഞാന്‍ ചോദിച്ചു. ഒരു കള്ളച്ചിരി ചിരിച്ചിട്ടവള്‍ പറഞ്ഞു അവളെകൂടാതെ എട്ട് മലയാളികള്‍ അവിടെ ജോലി ചെയ്യുന്നുണ്ട് എന്ന്. പിന്നെ കാണാം എന്നു പറഞ്ഞ് ഞാന്‍ റൂമിലേക്കു നടന്നു. സുന്ദരമായ നല്ല ഫോര്‍‌വേഡ് മെയിലുകളായി ഇന്നും എന്റെ ഇന്‍‌ബോക്സില്‍ അവള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

വൈകുന്നേരം റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള ബീച്ചിലേക്കു പോയി. കടല്‍ നീണ്ടുനിവര്‍ന്നു കിടക്കുകയാണ്‌. എന്തൊക്കെ ചരിത്രസത്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതായിരിക്കും ഈ കടല്‍. ഒട്ടനവധി നിലവിളികള്‍ എവിടെനിന്നൊക്കെയോ ഉയരുന്നതായി തോന്നി. കച്ചവടത്തിനും മതപ്രചരണത്തിനുമായി വന്ന് ഒരു സംസ്‌ക്കാരത്തെ അപ്പാടെ അടിമകളാക്കിമാറ്റിയ പാശ്ചാത്യധാര്‍ഷ്‌ട്യത്തില്‍ മനംനൊന്ത് എത്രകരഞ്ഞിരിക്കും ഈ കടല്‍! കറുത്ത മുത്തും തുടുത്ത പെണ്ണും, പുറകടലില്‍ ഒഴുകിനടന്നതിന്റെ ഒരേയൊരു മൂകസാക്ഷി. ഈ കടലിനു സംസാരശേഷിയുണ്ടായിരുന്നെങ്കില്‍!! തിരിച്ച് റൂമിലേക്കു വന്നത് രാത്രി രണ്ടുമണിയോടടുത്താണ്‌.

പിറ്റേ ദിവസം ഗോവന്‍ കാഴ്‌ചകള്‍ക്കായി മാറ്റി വെച്ചു. പേരുകേട്ട ബീച്ചുകളെല്ലാം നോര്‍ത്ത് ഗോവയിലാണ്‌. റിസോര്‍ട്ട്കാര്‍ തന്നെ ഒരുക്കിത്തന്ന ഒരു വാഹനത്തില്‍ രാവിലെ ബ്രേക്ക്ഫാസ്റ്റിനു ശേഷം ഞങ്ങള്‍ കറങ്ങാനിറങ്ങി. ഡ്രൈവര്‍ നല്ലൊരു ഗൈഡിന്റെ ഫലം ചെയ്തതിനാല്‍ ഒത്തിരി സ്ഥലങ്ങള്‍ കാണാനായി.

ആഗുവാഡ കോട്ട – Aguada fort

ആദ്യം പോയത് ഗോവയില്‍ 1609-1612 കാലഘട്ടത്തില്‍ പോര്‍ച്ചുഗീസുകാര്‍ പണിചെയ്ത ഏറ്റവും വലിയ കോട്ടയായ ആഗുവാഡ കോട്ടയിലേക്കാണ്‌. കേരളത്തിലെ കോട്ടകളെ അപേക്ഷിച്ചുനോക്കിയാല്‍ ഇതൊന്നുമല്ല – ഒരു ചെറിയ കൊത്തളം മാത്രം. കോട്ടയുടെ നടുവിലായി കടലിലേക്ക് മിഴിനട്ടിരിക്കുന്ന ഒരു വലിയ ലൈറ്റ്‌ഹൗസ്സുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യമാണത്രേ ഈ ലൈറ്റ്ഹൗസ് പണിതത്. പനജിയില്‍ നിന്നും പതിനെട്ടുകിലോമീറ്റര്‍ അകലെയായി മാണ്ഡോവി നദിയുടെ തീരത്താണ്‌ ഈ കോട്ട. ഗതികേടിന്‌ കോട്ടയിലെത്തി മൂന്നുനാലു ഫോട്ടോസ് എടുത്തപ്പോഴേക്കും ക്യാമറയുടെ ബാറ്ററി ഡൗണ്‍ ആയി. ഗോവയിലെ ഏറ്റവും വലിയ കേട്ട എന്ന ഡ്രൈവറുടെ പരാമര്‍ശം കേട്ടപ്പോള്‍ ഒത്തിരി പ്രതീക്ഷിച്ചിരുന്നു. ഒരു കൊച്ചു മലമുകളിലാണീ കോട്ട. അവിടെ നിന്നും നോക്കിയാല്‍ അല്പം അകലെയായി പനജിയും അതിനപ്പുറം വാസ്‌ക്കോയും കാണാം. Aguada Fort and Light House in goaഈ കോട്ടയുടെ ഒരറ്റം, ഏകദേശം നശിച്ച നിലയിലാണെങ്കിലും കലംഗൂത് ബീച്ചിലേക്ക് വ്യാപിച്ചുകിടക്കുന്നുണ്ട്. ആഗുവാഡ ബീച്ച് എന്നാണതറിയപ്പെടുന്നത്. അങ്ങോട്ട് പോകുന്ന വഴിയിലാണ്‌, മാണ്ഡോവി നദീതീരത്ത് മദ്യരാജാവ് മല്യയുടെ കിങ്ങ്ഫിഷര്‍‌ വില്ലയെന്ന പടുകൂറ്റന്‍ ബഗ്ലാവ്. കോട്ടകള്‍ ഇനിയുമുണ്ടെന്നും പക്ഷേ അവയൊക്കെ ഇതിനേക്കാള്‍ ചെറുതാണെന്നും ഡ്രൈവര്‍ പറഞ്ഞപ്പോള്‍ കോട്ടകള്‍ കാണാനുള്ള ആഗ്രഹം പമ്പകടന്നു. പോര്‍ച്ചുഗീസുകാരുടെ വരവിനും എത്രയോ മുമ്പ് പണിത കാബോ ഡി രാമാ കോട്ട, ചപോര നദിയുടെ തീരത്ത് ബിജാപ്പൂരിലെ ആദില്‍ ഷാ നിര്‍മ്മിച്ച ചപോര കോട്ട, മര്‍മഗോവ തുറമുഖത്തിന്റെ സംരംക്ഷണാര്‍ത്ഥം 1624ല്‍ പണിത മര്‍മഗോവാകോട്ട എന്നിവയാണു മറ്റുപ്രധാനകോട്ടകള്‍

കലംഗൂത് ബീച്ച് – Calangute Beach

പിന്നീട് നേരെ പോയത് ഗോവന്‍ കടല്‍ത്തീരങ്ങളുടെ റാണി എന്നറിയപ്പെടുന്ന കലംഗൂത് ബീച്ചിലേക്കാണ്‌ . ഒത്തിരി ടൂറിസ്റ് റിസോര്‍ട്ടുകളും കോട്ടേജുകളും കൊണ്ട് സമ്പന്നമാണ് കലംഗൂത്. ഏഴ് കിലോമീറ്ററോളം നീളത്തില്‍ ബീച്ച് നിരന്നു കിടക്കുന്നു വിവിധതരത്തിലുള്ള ജലക്രീഡകള്‍ക്കും ജോഗിങ്ങിനും കലംഗൂത് വളരെ അനുയോജ്യമാണത്രേ! ആദ്യം വന്നപ്പോള്‍ ഏറെസമയം ചെലവഴിച്ച ഒരു ബീച്ചായിരുന്നു ഇത്. ഹിപ്പികളുടെ സ്വര്‍ഗമാണത്രേ കലംഗൂത് ബീച്ച്. ഇതിനു കാരണമുണ്ട് ഹിപ്പികളാണത്രേ ഈ ബീച്ച് അറുപതുകളില്‍ ആദ്യമായി കണ്ടെത്തിയത്; അതിന്റെ സാധ്യതകളെ തിരിച്ചറിഞ്ഞത്. നിരവധി വിദേശീയര്‍ ദിവസേന വന്നുപോകുന്ന ഒരു സ്ഥലമാണിത് – നല്ലൊരു വാണിജ്യമേഖല. പഞ്ചാരമണലിലൂടെ നടക്കുമ്പോള്‍ കഴിഞ്ഞപ്രാവശ്യം വന്നപ്പോള്‍ ഗുണശേഖരന്‍ ബോഡിമസാജ് ചെയ്ത സ്ഥലം കണ്ടു. അവിടെ ആ ബോര്‍ഡ് ഇപ്പോളില്ല. അതൊരു കഥയാണ്‌. കഥയിങ്ങനെ:

കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ ഒരുച്ച സമയത്ത് ക്ഷീണിച്ചവശരായി ഞങ്ങള്‍ തീരത്തുള്ള ഹോട്ടലുകള്‍ നോക്കി നടക്കുകയായിരുന്നു. കൂടെ വര്‍ക്കുചെയ്യുന്ന ഗുണശേഖരനും വെങ്കിടേശനും ഒരിടത്തിരുന്ന് വെള്ളമടിക്കുന്നത് കണ്ട് ഞങ്ങള്‍ അങ്ങോട്ടുപോയി. അവര്‍ രാവിലെ മുതല്‍ അവിടെ ഇരിക്കുന്നതാണ്‌. കാരണം മറ്റൊന്നുമല്ല, തൊട്ടടുത്ത് വസ്ത്രം പേരിനുപോലും ധരിക്കാതെയും നാമമാത്രമായി ധരിച്ചും അഞ്ചാറ് വിദേശവനിതകള്‍ വെയിലത്ത് മലര്‍ന്നു കിടപ്പുണ്ടായിരുന്നു. മസാജിംങ് കഴിഞ്ഞ് ഉച്ചവെയില്‍ കൊണ്ട് കറുപ്പിക്കാനുള്ള ശ്രമത്തിലാണവര്‍. തൊട്ടടുത്ത് ഒരു മസാജ് സെന്റര്‍ ഉണ്ട്. അവിടെ തെങ്ങില്‍, ഗോവന്‍സുന്ദരികള്‍ മസാജു ചെയ്യുന്ന കൂറ്റന്‍ ബാനറും കെട്ടിവെച്ചിട്ടുണ്ട്. ഗുണയ്‌ക്ക് ഇതുകണ്ടിട്ട് സഹിക്കവയ്യാതായി. അവനും മസാജുചെയ്യണം. അങ്ങനെ രണ്ടായിരം രൂപകൊടുത്ത് അവന്‍ മസാജിനു തയ്യാറായി. ഒരാള്‍ ഒരു വലിയ ഓലകഷ്‌ണം കൊണ്ടുവന്ന് അവിടെ കുത്തിനിര്‍ത്തി. അയാളോട് ലേഡീസല്ലേ ചെയ്യുന്നത് എന്ന് ചോദിച്ച് ഗുണ ഉറപ്പു വരുതി. അവള്‍ ഇപ്പോള്‍ വരും എന്നയാള്‍ ഹിന്ദിയില്‍ പറഞ്ഞു. എണ്ണയുമായി സുന്ദരി വരുന്നതും കാത്ത് അവനാ ചെയറില്‍ ഇരുന്നു. വന്നതാവട്ടെ നമ്മുടെ നാട്ടിലെ മീന്മാര്‍ക്കറ്റിലെ വയസ്സായ മുക്കുവത്തിമാരെ ഓര്‍മ്മിപ്പിക്കുന്ന ഒരു സ്ത്രീരൂപം!
മസാജു ചെയ്യുന്ന ഗുണശേഖരന്റെ ചിത്രം ഞാനന്ന് പകര്‍ത്തിയിരുന്നു. അവന്‍ പിന്നീടത് ഡിലീറ്റ് ചെയ്തു കളഞ്ഞു.


ബീച്ചുകള്‍ ഗോവയില്‍ നിരവധിയാണ്‌. അഞ്ജന ബീച്ച് – Anjuna beach, ബാഗാബീച്ച് – Baga Beach, ഡോണാ പോള – Dona Paula beach തുടങ്ങിയവയൊക്കെ കലംഗൂത് ബീച്ചിനോട് തൊട്ടടുത്തുതന്നെയാണ്‌. ഓരോ ബീച്ചിനേയും നന്നായി വ്യാപാരവത്കരിക്കുന്നതില്‍ ഗോവ വിജയിച്ചിരിക്കുന്നു. എല്ലാത്തരം ജലക്രീഡകള്‍ക്കും ഉള്ള സൗകര്യങ്ങള്‍ ഇവിടെ ഉണ്ട്. വിശാലമായ കടല്‍ തീരങ്ങള്‍ കേരളത്തിനുണ്ടെങ്കിലും ഈയൊരു വ്യാപാരവത്കരണം കോവളത്തല്ലാതെ മറ്റെവിടേയും കണ്ടിട്ടില്ല.

പഴയതും പുതിയതുമായ ധാരാളം പള്ളികളുള്ള നാടാണു ഗോവ. റോമന്‍ കത്തോലിക്കരും പ്രൊട്ടസ്റന്റ് വിഭാഗത്തിലുമുള്ള ക്രിസ്ത്യാനികളാണ് ഗോവയില്‍ കൂടുതലും. പള്ളികള്‍ മിക്കവയും കത്തോലിക്കക്കരുടേതാണ്‌.

ബോം ജീസസ് ബസിലിക്ക പള്ളി – Bom Jesus Basilica Church

പനാജിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയായി ബോം ജീസസ് ബസിലിക്ക പള്ളി സ്തിതിചെയ്യുന്നു. ഗോവയിലെ ഏറ്റവും പ്രശസ്തമായ പള്ളിയാണിത്. വിശുദ്ധനായ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശരീരം ഇവിടെ സൂക്ഷിച്ചിരിക്കുന്നു. പതിനാറാം നൂറ്റാണ്ടിലാണ്‌ ഈ പള്ളി നിര്‍മ്മിച്ചത്. സെയിന്റ് ഫ്രാന്‍സിസിന്റെ മരണശേഷം 150 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തിരുശരീരം ഇവിടെ കൊണ്ടുവന്നത്. കണ്ണാടിക്കൂട്ടില്‍ സൂക്ഷിച്ചിരിക്കുന്ന തിരുശരീരം കാണാന്‍ ഇവിടെ ധാരാളം പേര്‍ എത്തുന്നു. ഉണ്ണിയേശുവിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ പള്ളി 1783ല്‍ പുതുക്കി പണിയുകയുണ്ടായി.

സെയിന്റ് കാതറീന്‍ ചാപ്പല്‍ – St. Catherine Chapel

സെയിന്റ് കാതറീന്‍ ചാപ്പല്‍ പഴയ ഗോവയിലെ പുരാവസ്തുമ്യൂസിയത്തിനു സമീപമാണ്‌. 1510 -ലെ സെയിന്റ് കാതറീന്‍ ദിനത്തില്‍ ബിജാപ്പൂര്‍ സേനയെ തോല്‍പ്പിച്ച് ഗോവയില്‍ കടന്നതിന്റെ നന്ദിസൂചകമായി പോര്‍ച്ചുഗീസ് സേനാനായകനായ ആല്‍ബുകര്‍ക്ക് 1512 -ല്‍ ആണത്രേ ഈ പള്ളി പണിയിച്ചത്. ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും ഒത്തിരി പള്ളികള്‍ നമുക്കു കാണാവുന്നതാണ്‌.

ഗോവയില്‍ ക്ഷേത്രങ്ങളും കുറവല്ല. വാസ്തുശില്‍പശൈലിയില്‍ ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളേക്കാള്‍ വളരെ വ്യത്യസ്തമാണ് ഗോവയിലെ ക്ഷേത്രങ്ങള്‍. ഉള്‍ഗ്രാമങ്ങളില്‍ നിരവധി ക്ഷേത്രങ്ങള്‍ ഉണ്ടെന്നും അവയില്‍ പ്രധാനപ്പെട്ടത് അനന്ത ദേവസ്ഥാനവും പാര്‍ഷെം ഭഗവതി ക്ഷേത്രവും പിന്നെ അഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച വാള്‍പ്പോയി ബ്രഹ്മക്ഷേത്രവുമാണെന്നും ഡ്രൈവര്‍ പറഞ്ഞു തന്നു.

ലതാ മങ്കേഷകറിന്റെ ഗ്രാമം – Mangeshi

അധികമാര്‍ക്കും അറിയുമോ എന്നു നിശ്ചയമില്ല; ഭാരതസംഗീതസാമ്രാജ്യം തന്നെ വിലയ്ക്കുവാങ്ങിച്ച ലതാ മങ്കേഷകറിന്റെ ഗ്രാമമായ മങ്കേഷി ഇവിടെയാണ്‌. ആ വാനമ്പാടി ജനിച്ചത് മധ്യപ്രദേശിലെ ഇന്‍ഡോറിലാണെങ്കിലും വേരുകള്‍ ആഴ്‌ന്നുനില്‍ക്കുന്നത് ഈ ഗോവന്‍പച്ചപ്പിലാണെന്നത് എനിക്ക് പുതിയൊരറിവായിരുന്നു. മങ്കേഷിലൂടെ പോകുമ്പോള്‍ നമ്മുടെ നാട്ടിലെ ഒരു കൊച്ചുഗ്രാമത്തിലാണോ ഇപ്പോള്‍ എന്നു തോന്നിപ്പോകും! അത്രമാത്രം സാമ്യതയുണ്ട് മങ്കേഷിനു കേരളവുമായി. തലയാട്ടി നില്‍ക്കുന്ന കൊച്ചു തെങ്ങിന്‍‌ തൈകള്‍ നിരന്ന മങ്കേഷ് ഓര്‍മ്മയില്‍ പച്ച പിടിച്ചുകിടക്കുന്നു. വളരെ പ്രാചീനമായ ഒരു ശിവക്ഷേത്രവും ക്ഷേത്രക്കുളവും ഇവിടെ ഉണ്ട്.

ഗോവ നമ്മളോടു പറയുന്നത്!

ആറുമണിയോടെ തിരിച്ച് ഹോളിഡേ ഇന്നില്‍ തിരിച്ചെത്തി. ഭക്ഷണം കഴിഞ്ഞ് ഡിജെ നൈറ്റായിരുന്നു. യുവത്വത്തിന്റെ ചടുലതയ്‌ക്ക് താളങ്ങള്‍ നല്‍കി പെരുപ്പിച്ചെടുക്കുന്ന വാദ്യസംഘവും നിരനിരയായി നിരത്തിവെച്ച ഭക്ഷണസാധനങ്ങളും മദ്യവും ഒക്കെ ഒരുക്കിവെച്ച വലിയൊരു പുല്‍‌മൈതാനത്തിലായിരുന്നു ഡിജെ നൈറ്റ് അരങ്ങേറിയത്. കുറച്ച് ഫോട്ടോ എടുത്തു നടന്നു എന്നല്ലാതെ എനിക്കീ പേക്കൂത്തിനോട് അല്പം പോലും തല്പര്യം തോന്നിയില്ല. രാത്രി കടല്‍ത്തീരത്തിലൂടെ നടക്കാനിറങ്ങി. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പെണ്ണ് മദ്യപിച്ച് ലക്കുകെട്ട് മണലില്‍ കിടന്നുരുളുകയും കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കുന്നതും കണ്ടു. ആരൊക്കെയോ പൊക്കിയെടുത്തു കൊണ്ടുപോകുന്നുണ്ടായിരുന്നു. ഗോവ പറയുന്നതും അതാണ്‌. ജീവിതം ആസ്വദിക്കാനുള്ളതാണ്‌, പ്രാരാബ്‌ധങ്ങള്‍ക്കും കെട്ടുപാടുകള്‍ക്കും വിട നല്‍കി ഓരോ നിമിഷങ്ങളൂം ആഘോഷമാക്കാനുള്ളതാണ്‌. തേന്‍‌വരിക്ക പോലുള്ള അവളുടെ ചുണ്ടുകള്‍ വിടര്‍ത്തി ഒരുവന്‍ അവളുടെ വായില്‍ നാരങ്ങാനീര് ഇറ്റിച്ചുകൊടുക്കുന്നുണ്ടായിരുന്നു. I Dont want any medicine..! Just for a Fun!! എന്നവള്‍ കൊഞ്ചുന്നത് കേള്‍ക്കാമായിരുന്നു. ഇരുട്ടിലേക്കവര്‍ മറയുമ്പോഴും അവളുടെ വിറയാര്‍ന്ന വാക്കുകള്‍ കടല്‍തിരകള്‍ക്കൊപ്പം അലയടിക്കുന്നുണ്ടായിരുന്നു…Its ok, its ok, dont need any medicine! Its a Fun.. Please leave me!!

സമാന യാത്രാ വിവരണങ്ങൾ:
Nandhi Hills
Nandhi Hills and Shivaganga
Namakkal and Kolli malai
Goa
VIjnana Yathra
Palayathuvayal School
Pachal gramam – Salem

Leave a Reply

Your email address will not be published. Required fields are marked *