ഫെയ്‌സ് വാഷ് ചെയ്താൽ ഗ്ലാമർ കൂടും സാർ

ഫെയ്‌സ് വാഷ് ചെയ്താൽ ഗ്ലാമർ കൂടും സാർ

A Kerala Model Barber Shop

പണ്ട്, എന്റെ ചെറുപ്പത്തിൽ ഒടയഞ്ചാലിൽ ഒരു ബാർബർ ഷോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ബാർബർ ചന്ദ്രേട്ടന്റെ ഷോപ്പ്. ജോസുചേട്ടന്റെ ബില്‍‌ഡിങില്‍ ഒരു മൂലയിലായി ഒടയഞ്ചാല്‍ പാലത്തിനു സമീപത്തായിട്ടായിരുന്നു അത്. കപ്പടാമീശയും കുടവയറും ഉണ്ടക്കണ്ണുകളും ഉള്ള ചന്ദ്രേട്ടന്റെ അടുത്തേക്ക് മുടിവെട്ടാനായി പോകുന്നതു തന്നെ അന്നു ഭയമായിരുന്നു. അമ്മയുടെ സാരിത്തലപ്പുപിടിച്ച് ഷോപ്പിലേക്കുള്ള ആ പോക്ക് മനസ്സില്‍ നിന്നും മറയുന്നില്ല… കൊല്ലാൻ കൊണ്ടുപോകുന്നതുപോലെ ഒരു ഫീലിങ്. ശ്വാസം അടക്കിപ്പിടിച്ചിരിക്കും – ഇടയ്ക്കിടയ്‌ക്ക് കണ്ണാടിയിൽ കൂടി അമ്മയെ നോക്കും; അമ്മയെ ഒന്നു കണ്ടില്ലെങ്കിൽ പിന്നെയാകെ വേവലാതിയാണ് – വെപ്രാളമാണ്. അതറിയാവുന്ന അമ്മ കണ്ണാടിയില്‍ ഞാന്‍ നോക്കിയാല്‍ കാണാവുന്ന പാകത്തിനു വന്നു നില്‍ക്കുമായിരുന്നു.

ബാര്‍ബര്‍ഷോപ്പ് അന്നൊരു അത്ഭുതമായിരുന്നു. വളഞ്ഞ കുഴലുകളുള്ള, വെള്ളം തലയിലേക്ക് സ്പ്രേ ചെയ്യാനുള്ള ഒരു വലിയ ബോട്ടില്‍ ആ കടയില്‍ അന്നുണ്ടായിരുന്നു. ഇന്ന്, കീടനാശിനി തളിക്കാനുപയോഗിക്കുന്ന പാത്രം കാണുമ്പോള്‍ ഒരു കൊച്ചുഗൃഹാതുരതയോടെ ആ ബോട്ടിലിനെ ഓര്‍മ്മവരും. തുണിക്കടയില്‍ നിന്നും കിട്ടുന്ന, സിനിമാനടികളായ സുഹാസിനി, മേനക, അംബിക തുടങ്ങിയവരുടെ സാരിയുടുത്ത ഫോട്ടോ പതിച്ച നീളമുള്ള കലണ്ടറുകള്‍ വരിവരിയായി തൂക്കിയിട്ടിരിക്കും. വലിയൊരു കറങ്ങുന്ന മരക്കസേരയുണ്ടായിരുന്നു. അതില്‍ സാധാരണ എല്ലാവരും ഇരിക്കുന്നതു പോലെ ആയിരുന്നില്ല അയാള്‍ എന്നെ ഇരുത്തുക! നീളം കുറവായതിനാല്‍ ആ കസേരയുടെ കൈകളില്‍ മറ്റൊരു പലക വെച്ച് അതിന്റെ മുകളില്‍ കയറ്റി ഇരുത്തുമായിരുന്നു. ഹെലികോപ്റ്ററിന്റെ ചിറകുകൾ പോലെ വലിയ ഒരു ഫാൻ തലയ്ക്കുമുകളിൽ കിടന്നു ശബ്ദത്തോടെ സദാസമയം കറങ്ങിക്കൊണ്ടിരിക്കും. തേപ്പിളകിപ്പോയ ചുമരുകളിൽ പല്ലികളുടെ സംസ്ഥാനം സമ്മേളനം നടക്കുന്നുണ്ടെന്നു തോന്നും. ചന്ദ്രേട്ടന്‍ കത്രികയുമായി കിടികിടി കിടികിടി എന്നു പറഞ്ഞുവരുമ്പോള്‍ അന്നത്തെ സിനിമകളില്‍ കുഞ്ചനും മറ്റും വലിയ കത്രിക കൊണ്ട് മുറ്റത്തെ അലങ്കാരച്ചെടി വെടിനേരെയാക്കുന്നതാണോര്‍മ്മ വരിക. പേടിയായിരുന്നു അന്ന് ആ പരിപാടി മൊത്തത്തില്‍… അന്നു മുടി വെട്ടുന്നതിനും രണ്ടു രൂപയോ മറ്റോ ആയിരുന്നു എന്നാണോര്‍മ്മ!

Face Washing with creamകാലം മാറിയപ്പോള്‍ ഒടയഞ്ചാലും മാറി. തമിഴന്‍‌മാര്‍ കൂട്ടത്തോടെ മലയോരങ്ങള്‍ കൈയടക്കി പരപ്പ, ചുള്ളിക്കര, കൊട്ടോടി, രാജപുരം മുതലായ സമീപസ്ഥലങ്ങളിലെല്ലാം കമല്‍ ഹെയര്‍ ഡ്രസ്സസ് എന്നോ രാജാ ഹെയര്‍ ഡ്രസ്സസ് പേരുള്ള ബാര്‍ബര്‍ ഷോപ്പുകള്‍ പൊങ്ങിവന്നു. കമലഹാസന്റെയും രജനീകാന്തിന്റേയും കടുത്ത ആരാധകരായിരുന്നു ഇവര്‍ എന്നുവേണം കരുതാന്‍. മുരുകന്റെ ഫോട്ടോയും അതിനുമുമ്പില്‍ എരിയുന്ന വിളക്കും നിറയെ ചുവന്ന കുറികളുമൊക്കെയായി ഭക്തിയുടെയും ആരാധനയുടേയും ഓരു മായികാവലയത്തിലാണ്‌ അണ്ണന്മാര്‍ എന്നു തോന്നി. ഷോപ്പുകള്‍ വളരെ വൃത്തിയുള്ളതായിരുന്നു. വലിപ്പമുള്ള കണ്ണാടികളും കറങ്ങുന്ന നല്ല ടെക്നോളജിയില്‍ ഉണ്ടാക്കിയ കസേരയും ഒക്കെയായി അണ്ണന്മാര്‍ ആളുകളെ കയ്യിലെടുത്തു. സദാ സമയം ടേപ്പ് റിക്കോർഡറിലൂടെ തമിഴ് ഗാനങ്ങൾ ഒഴുകുന്നുണ്ടാവും…

പണിയന്വേഷിച്ചുവന്ന അണ്ണന്മാര്‍ക്കിത് സ്വര്‍ഗമായി… വന്നവര്‍ വന്നവര്‍ നാട്ടില്‍ പോയി വരുമ്പോള്‍ പുതിയ ആളുകളുമായി വന്നു. ചില അണ്ണന്മാര്‍ മലയാളിമങ്കമാരെ വിവാഹം കഴിച്ച് ഇവിടെ തന്നെ സ്ഥിരതാമസമാക്കി. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം, ഈ രംഗത്ത് തമിഴന്മാര്‍ വമ്പിച്ച പുരോഗതി കൈവരിക്കുകയും അവരുടെ മക്കളെ ചെന്നൈ മുതലായ പട്ടണങ്ങളില്‍ അയച്ച് ഫാഷന്‍ ടെക്നോളജി പഠിപ്പിക്കുകയും അവര്‍ മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പോയി വമ്പന്മാരാവുകയും ചെയ്തു. ചന്ദ്രേട്ടനു പുതിയ തമിഴ്ട്രെന്റില്‍ അടിതെറ്റിയിരുന്നു. തമിഴന്‍ രാജേട്ടന്റെ രാജാ ഹെയര്‍‌ ഡ്രസ്സസ് അവിടെ വെന്നിക്കൊടി പാടിച്ചു. പുതുപുത്തന്‍ ക്രീമുകളിലും തമിഴ് പാട്ടുകളിലും അവര്‍ മലയാളത്തെ പതപ്പിച്ചുകിടത്തി… ഇതു പഴങ്കഥ… അതവിടെ നില്‍ക്കട്ടെ… കാലങ്ങള്‍ക്കു ശേഷം മെല്ലെമെല്ലെ തമിഴ്‌ബാര്‍ബര്‍‌ഷോപ്പുകള്‍ അപ്രത്യക്ഷമായിതുടങ്ങി. ഇന്നിപ്പോള്‍ ഒടയഞ്ചാലില്‍ നാലു ബാര്‍‌ബര്‍ഷോപ്പുണ്ട്.. തമിഴന്‍ രാജേട്ടന്‍ ഷോപ്പ് വാടകയ്ക്ക് കൊടുത്ത് മലേഷ്യയിലോ മറ്റോ ആണെന്നറിഞ്ഞു. തമിഴന്മാരൊക്കെ വെൽസെറ്റിൽഡായി വിദേശവാസം നടത്തിവരുന്നു.

കഥ തുടരുന്നു…
Rajesh K Odayanchalഒരവധിക്കു വീട്ടിലെത്തിയ ഞാന്‍ ചൊവ്വാഴ്‌ച ബാംഗ്ലൂരിലേക്ക് മടങ്ങാന്‍ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടിയിരിക്കുകയായിരുന്നു. മംഗലാപുരം വഴി വരാം എന്ന ധാരണയില്‍ ഉച്ചയ്ക്ക് 2.30 ആയപ്പോള്‍ തന്നെ കാഞ്ഞങ്ങാട് എത്തി. വെറുതേ ഒന്നു ട്രാവല്‍‌സില്‍ പോയി ചോദിച്ചേക്കാമെന്നു വെച്ചു; ഭാഗ്യത്തിന്‌ ആരോ ഒരാള്‍ ഒരു സ്ലീപ്പര്‍ ക്യാന്‍‌സല്‍ ചെയ്തിട്ടുണ്ടായിരുന്നു – അതെനിക്കുകിട്ടി! ബസ്സിന്റെ സമയം 7.15 ആണ്. അതുവരെ ഉള്ള സമയം കളയുക എന്നത് വലിയൊരു പ്രശ്നമായി. അടുത്തൊക്കെ ബന്ധുവീടുകള്‍ ഉണ്ട്; കൂട്ടുകാരുണ്ട് – പക്ഷേ എന്തോ ഒരു രസം തോന്നിയില്ല. വിനയകയില്‍ പോയി ഒരു സിനിമ കണ്ടേക്കാമെന്നു വെച്ച് അങ്ങോട്ട് പോയി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ കിടിലന്‍ പടമാണെന്ന് നെറ്റില്‍ പലരും പാടി നടക്കുന്നത് കണ്ടിട്ട് പോയി കയറിയതായിരുന്നു. പറഞ്ഞതുപോലെ വലിയ സംഭവം ഒന്നുമായിരിന്നില്ല ആ പടം. ഒന്നേമുക്കാല്‍ മണിക്കൂറുകൊണ്ട് പടം തീര്‍ന്നു – പണ്ടാരം കാണേണ്ടിയിരുന്നില്ല എന്ന തോന്നലായിരുന്നു മനസ്സിലപ്പോള്‍.

ഞാന്‍ പറഞ്ഞുവന്നത് ബാര്‍ബര്‍ഷോപ്പുകളെ പറ്റിയായിരുന്നു. അവിടുത്തേക്കു തന്നെ വരാം. തമിഴന്‍‌മാര്‍ അരങ്ങൊഴിഞ്ഞപ്പോള്‍ അവിടങ്ങളില്‍ കയറിപ്പറ്റിയത് ഹിന്ദിക്കാരാണ്. ഡല്‍‌ഹിയില്‍ നിന്നും മറ്റും വണ്ടികയറിയെത്തിയ അവര്‍ പുതിയ ട്രെന്റുമായി കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലും തമ്പടിച്ചു. സിനിമ കണ്ട് 4.30 വീണ്ടും കാഞ്ഞങ്ങാട് ടൗണില്‍ എത്തിയ ഞാന്‍ അവിടെ ഇരുന്ന മടുത്തു… ഇനിയും സമയം ഒത്തിരി. ഒന്നു ഷേവു ചെയ്തുകളയാം. നാളെ ബാംഗ്ലൂരില്‍ എത്തി ഓഫീസില്‍ പോകേണ്ടതാണ്. ചൊവ്വാഴ്‌ചയായതിനാല്‍ മിക്ക ബാര്‍ബര്‍ഷോപ്പുകളും അവധിയാണ്. ഞാന്‍ സ്ഥിരമായി പോകാറുള്ള മെട്രോപോള്‍ ഹോട്ടലിനു താഴെയുള്ള കടയിലേക്കാണ് ആദ്യം പോയത്. അവിടെ രസകരമാണ്. ഏഴെട്ടു മലയാളികള്‍ ഒന്നിച്ചു പണിയെടുക്കുന്ന ഒരു ബാര്‍ബര്‍‌ഷോപ്പാണത്. ഇവര്‍ക്കിടയില്‍ ശക്തമായ ഗ്രൂപ്പിസം ഉണ്ട്. പാരപണിയും കുനുഷ്‌ടും കുന്നായ്‌മയും ഒക്കെ ഉണ്ടെന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. എതിരാളി കാണതെ അവര്‍ പരസ്പരം കണ്ണുകൊണ്ട് ഗോഷ്‌ടി കാണിക്കുകയും മറ്റും ചെയ്യും… അതുകൊണ്ടു തന്നെ അവിടുത്തെ തൊഴിലാളികള്‍ മാറിവന്നുകൊണ്ടേയിരിക്കുമായിരുന്നു… മലയാളികള്‍ ഒത്തൊരുമിച്ച് പണിയെടുക്കുന്ന എല്ലാ മേഖലയിലും കാണുമായിരിക്കും ഇത്തരം വിവരക്കേടുകള്‍. എന്തായാലും അവരുടെ ആ കഥകളി രസമുള്ളൊരു കാഴ്ചയായിരുന്നു. അവിടെ ചെന്നപ്പോള്‍ അതും അടച്ചിട്ടിരിക്കുന്നു. അപ്പോഴാണ് അപ്പുറത്തുള്ള മദര്‍‌ ഇന്ത്യ ടെക്‌സ്റ്റൈല്‍‌സിലെ ചേട്ടന്‍ പറഞ്ഞത് തൊട്ടപ്പുറത്ത് വേറൊരു ബാര്‍ബര്‍‌ഷോപ്പ് ഉണ്ടെന്ന്.

ഇതു മുഴുവന്‍ ഹിന്ദിക്കാരാണ്. എല്ലാവരും നന്നായി മലയാളം പഠിച്ചിട്ടുണ്ട്. ഇവർ ഡൽഹിയിൽ നിന്നും വന്നവരാണത്രേ. കസേരയില്‍ ഇരുന്ന എന്നോട് ഹിന്ദികലര്‍ന്ന മലയാളത്തില്‍ ഒരുവന്‍ ചോദിച്ചു എന്തുവേണമെന്ന്. ഞാന്‍ പറഞ്ഞു ഷേവിങ് മതിയെന്ന്. അയാള്‍ എന്റെ മുഖം തിരിച്ചുമറിച്ചുമൊക്കെ നോക്കി. കണ്ണുകള്‍ക്ക് താഴെ ചെറുതായി കറുത്തിരിക്കുന്നു. ഉച്ചമുതല്‍ ഉള്ള അലച്ചില്‍ ആയിരുന്നല്ലോ – വെയിലത്ത് നന്നേ ക്ഷീണിച്ചിരുന്നു ഞാന്‍. പോരാത്തതിനു പോയി സിനിമയും കണ്ടു… ക്ഷീണം വളരെപ്പെട്ടന്നു തന്നെ എന്റെ മുഖത്ത് പ്രതിഫലിക്കും.

അയാൾ പറഞ്ഞു ഒന്നു വാഷ് ചെയ്താൽ ആ കുറുപ്പുമാറിക്കിട്ടും…
ഞാൻ ചോദിച്ചു എത്ര സമയം എടുക്കുമെന്ന് – സാധാരണ ബെലന്തൂരിലെ ബാർബർഷോപ്പിൽ വെച്ച് ഷേവുചെയ്യുമ്പോൾ അവിടുത്തെ ചേട്ടൻ മുഖം ഏതൊക്കെയോ ക്രീമിൽ വാഷ് ചെയ്തു തരാറുണ്ട്. പതിഞ്ചുരൂപയ്‌ക്ക് ഒരു അരമണിക്കൂർ ഇരുന്നുകൊടുത്താൽ മതിയാവും. അതു കഴിഞ്ഞാൽ നല്ലൊരു റിഫ്രഷർമെന്റ് ഫീൽ ചെയ്യും; ക്ഷീണം പമ്പ കടക്കും. അതോർത്തുപോയി ഞാൻ…
“ഒരു പതിനഞ്ചു മിനുട്സ് മതി സാർ” – ഹിന്ദിക്കാരൻ പറഞ്ഞു…
പതിനഞ്ചെങ്കിൽ പതിനഞ്ച് അത്രേം സമയം പോവുകല്ലോ എന്നായിരുന്നു എന്റെ മനസ്സിലെ ചിന്ത.
“സാർ, വാഷ് ചെയ്താൽ ഗ്ലാമർ കൂടും സാർ” ഹിന്ദിക്കാരൻ എന്നെ വാഷ് ചെയ്യുകയാണെന്നു തോന്നി. ഞാൻ അവന്റെ മുഖത്തേക്കു നോക്കി. വല്ലപ്പോഴുമൊക്കെ ഇവനൊന്നു സ്വയം വാഷ് ചെയ്താലെന്താ എന്നു മനസ്സിൽ കരുതി!
അല്ലെങ്കിൽ തന്നെ എനിക്കെന്താ ഗ്ലാമർ കുറവുണ്ടോ!! ഇവൻ അങ്ങനെ വല്ലതും ഉദ്ദേശിച്ചിരിക്കുമോ!! സേലത്തുനിന്നും വരുമ്പോൾ ട്രൈനിൽ വെച്ചു പരിചയപ്പെട്ട മൂന്നു ചേട്ടന്മാരുംകൂടി എനിക്ക് മാക്സിമം ഇട്ടത് 28 വയസ്സായിരുന്നു. അവസാനം ഞാനെന്റെ വയസ്സുപറഞ്ഞപ്പോൾ അവരൊന്നു ഞെട്ടി. മാംസാഹാരത്തോടും ഫാസ്റ്റ്‌ഫുഡിനോടും കൂടിലടച്ച ആഹാരസാധനങ്ങളോടുമൊക്കെയുള്ള എന്റെ അലർജിയും വെള്ളമടിയില്ലാത്തതുമായ എന്റെ കണ്ട്രോൾഡ് ജീവിതരീതിയാണിതിനു കാരണം എന്നവർ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നിട്ടും എങ്ങുനിന്നോ വന്ന ഈ ഹിന്ദിക്കാരൻ എന്റെ ഗ്ലാമറിൽ തന്നെ കേറിപ്പിടിച്ചിരിക്കുന്നു. മറ്റൊരവസരത്തിലാണെങ്കിൽ “ഒന്നു പോടോ വില്ലേജാപ്പീസറേ“എന്നു പറഞ്ഞു ഞാൻ വരുമായിരുന്നു. പക്ഷേ, അന്നെനിക്കു 7.15 വരെ സമയം കളയേണ്ടതുണ്ട്…
വാഷിങ് എങ്കിൽ വാഷിങ്… നടക്കട്ടെ എന്നു ഞാൻ പറഞ്ഞു. അവനു പുതിയൊരു ഇരയെ കിട്ടിയതിൽ ഗൂഢമായി ചിരിച്ചിരിക്കണം.

എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ രണ്ടു കസേരകളിലായി തലയിലും മുഖത്തും എന്തൊക്കെയോ തേച്ച് പിടിപ്പിച്ച് അർദ്ധനഗ്നരായി രണ്ട് മനുഷ്യകോലങ്ങൾ മലർന്ന് കിടക്കുന്നുണ്ടായിരുന്നു. വിവിധ പെർഫ്യൂംസിന്റെ ഗന്ധം അവിടെ നിറഞ്ഞു നിൽക്കുന്നു. ഒരു കസേരയിൽ എന്നേയും ഇരുത്തി. ഏതോ ഒരു ക്രീം എടുത്ത് ബ്രഷ് കൊണ്ട് മുഖത്താകെ തേച്ചു പിടിപ്പിച്ചു! അവസാനം കണ്ണ് അടയ്ക്കാൻ പറഞ്ഞിട്ട് കണ്ണിനുമുകളിൽ അല്പം പഞ്ഞിയും ഒട്ടിച്ചുവെച്ചു ( എന്തോ!! മൂക്കിൽ വെച്ചില്ല – ഭാഗ്യം!!) കുറച്ചു കഴിഞ്ഞപ്പോൾ മുഖമാകെ ഒരു നീറ്റൽ അനുഭവപ്പെട്ടുതുടങ്ങി. കണ്ണാണെങ്കിൽ തുറക്കാനും പറ്റുന്നില്ല. ഇങ്ങനെയാണോ വാഷ് ചെയ്യുക? കാൽ മണിക്കൂർ സമയം ഞാനതു സഹിച്ചു കിടന്നു. ഒന്നെണീറ്റു പോയാൽ മതിയെന്നായി എനിക്ക്. അല്പം കഴിഞ്ഞ് അയാൾ മുഖം നന്നായി കഴുകി തന്നു. ഇത്രേ ഉള്ളൂ. ഇപ്പോൾ ആ നീറ്റലൊക്കെ പോയി. ഞാൻ പുറത്തിറങ്ങി…

എന്തായാലും ഇതിനവൻ എക്‌സ്ട്രാ ക്യാഷ് വാങ്ങിക്കും എന്നെനിക്കു അറിയാമായിരുന്നു. ബാഗ്ലൂരിലും ചെയ്യുന്നതിതു തന്നെ, പക്ഷേ ക്രീം എങ്ങനെ പെയിന്റടിക്കുന്നതുപോലെ തേച്ചുപിടിപ്പിക്കുകയൊന്നും ഇല്ലായിരുന്നു. ഒരു 35 രൂപ ഞാൻ കണക്കുകൂട്ടി; അതു മാക്സിമം ആയിരുന്നു. കയ്യിൽ ഒരു അമ്പതുരൂപ എടുത്തുവെച്ചു… എന്നിട്ട് അയാളോട് എത്രയായി എന്നു ചോദിച്ചു.
“മുന്നൂറ് രൂപ”
“മുന്നൂറ്!!”
“അതേ സാർ, ത്രീ ഹണ്ട്രഡ്” മലയാളത്തിൽ പറഞ്ഞത് എനിക്കു മനസ്സിലായില്ലാ എന്നു കരുതിയിട്ടാവണം അയാൾ ഭവ്യതയോടെ അത് ഇംഗ്ലീഷിലാക്കി ത്രീ ഹണ്ട്രഡ് എന്നു വീണ്ടും ആവർത്തിച്ചു…
ഞാൻ ചോദിച്ചു: “അപ്പോൾ ഫെയ്സ്‌വാഷിങ്ങിനെത്രയാ?”
“സാർ, ഫെയ്സ് വാഷിങിന് 270 രൂപ, ഷേവിങിനു 30 രൂപ.”
എന്തു പറയാൻ, ഞാൻ നൂറിന്റെ മൂന്ന് നോട്ടുകൾ എടുത്തു കൊടുത്തിട്ട് മിണ്ടാതെ സ്ഥലം വിട്ടു…

8 thoughts on “ഫെയ്‌സ് വാഷ് ചെയ്താൽ ഗ്ലാമർ കൂടും സാർ

  1. njanum avide poyittundu. vere entho aanu cheythathu 870 roopa poyikitti…. pinne odukathe glamourum kitti….:)

  2. Kashtam.. kalam poya pokk nokkane..
    paisakkonnum ippo oru vilayum illa..
    oru 8 varsham munpanel oru 100 roopa kond kanjangad vannal sugamayi adich polich pokayirunnu.. inn bus ticket edukane thikayu..
    paisayude mulyam poyathano alkkarude mulyam koodiyathano.. arkkariyam..

Leave a Reply

Your email address will not be published. Required fields are marked *