July 22, 2007 - Rajesh Odayanchal

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ

0:00

madhusoodanan nair മധുസൂദനന്‍ നായര്‍

മധുസൂദനന്‍ നായര്‍


ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിത പീലി തന്നൂ…
എന്‍ ചിറകിനാകാശവും നീ തന്നു നിന്നാത്മ-
ശിഖരത്തിലൊരു കൂടു തന്നൂ…
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ…

ഒരു കുഞ്ഞു പൂവിലും തളിർ കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ…
ജീവനൊഴുകുമ്പോളൊരു തുള്ളി
ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ…
കനവിന്റെയിതളായി നിന്നെ പറത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ…

ഒരു കൊച്ചു രാപാടി കരയുമ്പോഴും
നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും;
ഒരു കൊച്ചു രാപാടി കരയുമ്പോഴും
നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും…
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും
കാലമിടറുമ്പോഴും…
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ
ഹൃദയം കൊരുത്തിരിക്കുന്നു…
നിന്നിലഭയം തിരഞ്ഞു പോകുന്നു…

അടരുവാന്‍ വയ്യ…
അടരുവാന്‍ വയ്യ നിന്‍
ഹൃദയത്തില്‍ നിന്നെനിക്കേതു
സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതേ നിത്യ സത്യം…


കവിത : ഇരുളിന്‍ മഹാ നിദ്രയില്‍
കവി : ശ്രീ. മധുസൂദനന്‍ നായര്‍
ആലാപനം : ശ്രീ. മധുസൂദനന്‍ നായര്‍ (ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിൽ)

നാറാണത്ത് ഭ്രാന്തൻ‌, ഭാരതീയം, അഗസ്ത്യഹൃദയം, ഗാന്ധി, അമ്മയുടെ എഴുത്തുകൾ‌, നടരാജ സ്മൃതി, പുണ്യപുരാണം രാമകഥ, സീതായനം, വാക്ക്, അകത്താര് പുറത്താര്, ഗംഗ, സാക്ഷി, സന്താനഗോപാലം, പുരുഷമേധം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്… 1986-ലെ കുഞ്ഞുപിള്ള പുരസ്കാരവും, 1993-ലെ കേരള സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന്റെ നാറാണത്തു ഭ്രാന്തൻ എന്ന കൃതിക്ക് ലഭിച്ചു. ഭാരതീയം എന്ന കവിതയ്ക്ക് 1991-ലെ കെ. ബാലകൃഷ്ണൻ പുരസ്കാരവും, 2011-ലെ അരങ്ങ് അബുദാബി ലിറ്റററി അവാർഡും അദ്ദേഹത്തിനു സ്വന്തം തന്നെ. കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു ആളാണു ശ്രീ മധുസൂദനൻ നായർ. മുരുകൻ കാട്ടാക്കടയും അനിൽ പനച്ചൂരാനും ഒക്കെയടങ്ങുന്ന ആധുനിക സംഘവും ഇതേ മാർഗത്താൽ സവിശേഷ ശ്രദ്ധയാകർഷിക്കുന്ന കവികളാണ്.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കര താലൂക്കിൽപ്പെട്ട അരുവിയോട് എന്ന ഗ്രാമത്തിലാണ് മധുസൂദനൻ നായർ ജനിച്ചത്. അച്ഛൻ കെ. വേലായുധൻ പിള്ള തോറ്റം പാട്ട് ഗായകനായിരുന്നു. അച്ഛനിൽ നിന്നും പഠിച്ച തോറ്റം പാട്ടിന്റെ ഈരടികൾ മധുസൂദനൻ നായരിൽ താളബോധവും കവിമനസും ചെറുപ്രായത്തിലേ ഊട്ടിയുറപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതകൾ എഴുതുമായിരുന്നു. എങ്കിലും 1980കളിലാണ് കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയത്.

മധുസൂദനനായർ തനിക്കുകിട്ടിയ പുരസ്കാരങ്ങളെ പറ്റി പറഞ്ഞത്:
ഒരിക്കൽ ഒരു അമ്പലത്തിൽ സദസ്സിനു മുൻപിൽ കവിത പാടിക്കൊണ്ട് ഇരിക്കവേ വേച്ചു വേച്ച് ഒരു മുത്തശ്ശി സദസ്സിലേക്ക് നടന്നു വന്നു. എന്നിട്ട് തലയിൽ കൈവെച്ച് അനുഗ്രഹിച്ച് കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന ഒരു കടലാസു പൊതി കൈയിൽ തന്നു. ഒരു അമ്പതു പൈസ തുട്ടായിരുന്നു ആ പൊതിക്കുള്ളിൽ. എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ആ അമ്പതു പൈസ”.

kavitha / poem film songs / filmsongs / poem / കവിത / മധുസൂദനന്‍ നായര്‍ /

Leave a Reply

Your email address will not be published. Required fields are marked *