വിക്കിപീഡിയയിൽ എങ്ങനെ ചിത്രങ്ങൾ ചേർക്കാം?

വിക്കിപീഡിയയിൽ എങ്ങനെ ചിത്രങ്ങൾ ചേർക്കാം?

സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയയിൽ വിജ്ഞാനസംബന്ധിയായ ലേഖനങ്ങൾ ചേർക്കുക എന്നതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നുണ്ട് ലേഖനത്തിനാവശ്യമായ ചിത്രങ്ങൾ ചേർക്കുക എന്നതും. വിക്കിപീഡിയയുടെ സഹോദരസംരംഭമായ വിക്കിമീഡിയ കോമൺസ് എന്ന വെബ്സൈറ്റ് വിക്കിപ്രോജക്റ്റുകൾക്കാവശ്യമായ പ്രമാണങ്ങൾ ശേഖരിച്ചു വെയ്ക്കാൻ ഉപയോഗിച്ചു വരുന്നു. അതായത് വിക്കിപീഡിയയ്ക്ക് ആവശ്യമായ ചിത്രങ്ങൾ നമുക്ക് വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്തുവെയ്ക്കാം എന്നർത്ഥം.

വിക്കിപീഡിയയിൽ തന്നെ ഇതിനുള്ള സൗകര്യം ഉണ്ടെങ്കിലും കോമൺസിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതാണു നല്ലത്. കാരണം, ഏതെങ്കിലും ഒരു വിക്കിപീഡിയയിൽ ചിത്രം അപ്ലോഡ് ചെയ്താൽ അത് പ്രസ്തുത വിക്കിപീഡിയയിൽ മാത്രമേ ഉപയോഗിക്കാനാവുകയുള്ളൂ. അതേ സമയം കോമൺസിലേക്കാണ് അപ്ലോഡ് ചെയ്യുന്നതെങ്കിൽ ലോകത്തിലെ സമസ്ത വിക്കിപീഡിയകളിലും മീഡിയവിക്കിപ്രോജക്റ്റുകളിലും അവ ഉപയോഗിക്കാൻ കഴിയും എന്ന പ്രത്യേകതയുണ്ട്.

കോമൺസിലേക്ക് ചിത്രങ്ങൾ എങ്ങനെ അപ്ലോഡ് ചെയ്യാമെന്നു നോക്കാം

how to upload photos to wikimedia commons
how to upload photos to Wikimedia commons

കോമൺസിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ വെബ്സൈറ്റിന്റെ ഇടതുവശത്ത്  Upload file എന്ന ലിങ്ക് കാണാവുന്നതാണ്.  ഇവിടെ വലതു വശത്തു കൊടുത്തിരിക്കുന്ന ചിത്രത്തിൽ അടയാളപ്പെടുത്തിരിക്കുന്നതു കാണുക. ചിത്രങ്ങൾ യഥാവിധം അപ്ലോഡ് ചെയ്തു കഴിഞ്ഞാൽ സൈറ്റിന്റെ മുകളിൽ വലതു വശത്ത് കാണുന്ന Talk Preferences Watchlist Contributions തുടങ്ങിയ ലിങ്കുകളിൽ Watchlist (ശ്രദ്ധിക്കുന്നവ) Contributions (സംഭാവനകൾ) എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ക്ലിക്ക് ചെയ്താൽ അപ്ലോഡ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ കാണാവുന്നതാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
അപ്ലോഡ് ചെയ്യുമ്പോൾ ഓരോ സ്റ്റെപ്പിലും വരുന്ന കാര്യങ്ങൾ ശ്രദ്ധയോടെ വായിച്ചു വേണം മുന്നോട്ടുപോവാൻ.

ലോഗിൻ: സ്വന്തം പേരിൽ ലോഗിൻ ചെയ്തിട്ടുണ്ട് എന്നുറപ്പു വരുത്തി മാത്രം ഫയൽ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുക. കാരണം നാളെ നിങ്ങളുടെ പേരിൽ ഒരു പക്ഷേ ഈ ചിത്രം പ്രസിദ്ധമായേക്കാം 😉

പേര്: കോമൺസിൽ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്ക് വ്യക്തമായ പേരുകൾ ഇംഗ്ലീഷിൽ തന്നെ കൊടുക്കാൻ ശ്രമിക്കുക. ക്യാമറയുടെ സെറ്റിങ് പ്രകാരം വരുന്ന IMG1001.jpg പോലുള്ള പേരുകൾ ഒഴിവാക്കാൻ ശ്രമിക്കുക. സേർച്ച് ചെയ്യുന്നവർക്ക് എളുപ്പം ചിത്രത്തിലേക്ക് എത്തിച്ചേരാൻ അർത്ഥവത്തായ പേര് സഹായകരമാവും.

വിവരണം: ചിത്രത്തെ പറ്റി രണ്ടോ മൂന്നോ വരിയിൽ ഒതുങ്ങുന്ന ഒരു വിവരണം കൂടി ചേർത്താൽ നല്ലതായിരിക്കും. അതേ ഏതു ഭാഷയിൽ വേണമെങ്കിലും ആവാം. ചിത്രം കാണുന്ന ഒരാൾക്ക് ചിത്രത്തെ കുറിച്ച് മതിയായ അറിവ് ലഭിക്കാൻ ഇതുപകരിക്കും.

സ്വന്തം സൃഷ്ടി: സ്വന്തം സൃഷ്ടിയായിരിക്കണം വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യേണ്ടത്, ഗൂഗിൾ ചെയ്തു കിട്ടുന്ന ചിത്രമോ മറ്റുള്ളവരുടെ ചിത്രമോ ഒന്നും അപ്ലോഡ് ചെയ്യാതിരിക്കുക.

ലൈസൻസ്: ആവശ്യമായ ലൈസൻസ് തെരെഞ്ഞെടുക്കണം. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത് എന്നോർക്കുക.

മുൻഗണന: പരമാവധി വിജ്ഞാനപ്രദമായ ചിത്രങ്ങൾക്ക് മുൻഗണന നൽകുക. അതുപോലെ ഒരു ചിത്രത്തിന്റെ ഒരേ വ്യൂപോയിന്റിൽ ഉള്ള ഒന്നിലധികം ചിത്രങ്ങൾ ചേർക്കാതിരിക്കുന്നതാണു നല്ലത്. ഡ്യൂപ്ലിക്കേറ്റുകളും ഒഴിവാക്കാൻ ശ്രമിക്കുക.

ഇത്രയും കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക വഴി നിങ്ങൾക്ക് ഒരു ചിത്രം വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്യാനാവുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾ നോക്കി നിരവധിപേർ ഓൺലൈനിൽ തന്നെ കാണും. തെറ്റുകൾ വല്ലതും വന്നാൽ തന്നെ അവർ തിരുത്തിത്തരുന്നതുമായിരിക്കും. അതുകൊണ്ട് സധൈര്യം ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക. രണ്ടുമൂന്നു ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമ്പോൾ ഈ പ്രോസസ് വളരെ എളുപ്പം വഴങ്ങുന്നതായി കാണാം. ഇനി ഇവ എങ്ങനെ ഒരു വിക്കിപീഡിയയിൽ ഡിസ്‌പ്ലേ ചെയ്യിക്കാം എന്നു നോക്കാം.

വിക്കിപീഡിയയിൽ ചിത്രങ്ങൾ എങ്ങനെ എളുപ്പത്തിൽ ചേർക്കാം എന്നതിനെ പറ്റി പലർക്കും സംശയങ്ങൾ ബാക്കി നിൽക്കുന്നുവെന്നു തോന്നുന്നു. പുതിയ എഡിറ്റേർസ് ദിവസേന വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ച്  വ്യക്തമാക്കേണ്ടതിന്റെ ആവശ്യകത ഏറെയാണെന്നു കരുതുന്നു.

എങ്ങനെ വിക്കിപീഡിയയിൽ ഒരു ചിത്രം പ്രദർശിപ്പിക്കാം?

വിഷുവുമായി ബന്ധപ്പെട്ട ഒരു ചിത്രം എങ്ങനെ മലയാളം വിക്കിപീഡിയയിൽ ചേർക്കാം എന്നു നോക്കാം. വിഷുവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കോമൺസിൽ ഉണ്ടാവും. നമുക്ക് അവിടെ പോയി ചിത്രം കണ്ടു പിടിച്ച് മലയാളം വിക്കിപീഡീയയിൽ അത് ചേർക്കാവുന്നതാണ്. മലയാളം വിക്കിപീഡിയയിൽ വിഷുവിനെ പറ്റിയുള്ള ലേഖനം കാണുക.

ലേഖനത്തിൽ ഓരോ ഹെഡിങിനും നേരെ [തിരുത്തുക] എന്ന ലിങ്ക് ഉണ്ട്. ആ പ്രത്യേക ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ കൂട്ടിച്ചേർക്കലുകൾ വരുത്താനും അക്ഷരത്തെറ്റുകൾ തിരുത്താനും ചിത്രങ്ങൾ കൂട്ടിച്ചേർക്കാനും ഒക്കെ നമുക്ക് ഈ തിരുത്തുക എന്ന ലിങ്ക് ഉപയോഗികാവുന്നതാണ്. ക്ലിക്ക് ചെയ്താൽ ആ ഭാഗം മാത്രം ഒരു എഡിറ്ററിൽ തുറന്നു വരും. ഇവിടെയാണു നമുക്കു വേണ്ട മറ്റങ്ങൾ വരുത്തേണ്ടത്.

നമുക്ക് വിഷുക്കണി എന്ന ഹെഡിങിനു താഴെ ഒരു ചിത്രം കൂട്ടിച്ചേർക്കണം എന്നു വെയ്ക്കുക. ആദ്യം ചിത്രം വേണം. അതിനായി കോമൺസിൽ പോകണം. അവിടെ വലതു വശത്തു മുകളിലായി സേർച്ച് ബോക്സ് കാണാം. (നിങ്ങൾ ചിത്രം അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ Contributions എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്) ആ സേർച്ചു ബോക്സിൽ Vishu എന്നു ടൈപ്പ് ചെയ്ത് സേർച്ച് ചെയ്യുക. നിരവധി ചിത്രങ്ങൾ വരുന്നതു കാണാം. ഇനി അനിയോജ്യമായി തോന്നുന്ന ഒരു ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ താഴെ കാണുന്നതുപോലെ വരുന്നതുകാണാം.
how to add pictures to the wikimedia commons
ചിത്രത്തിൽ Cassia_fistula1.jpg എന്ന ചിത്രമായിരുന്നു ഞാൻ സെലക്റ്റ് ചെയ്തത് എന്നു കാണാം. അതിൽ പ്രത്യേകം മാർക്ക് ചെയ്ത ചിത്രത്തിന്റെ ഫയൽ നെയിം അതേപടി കോപ്പി എടുക്കുക. അതായത് File:Cassia fistula1.jpg ഈ ഭാഗം. ഇതാണു നമുക്ക് അത്യാവശ്യമായി വേണ്ടത്. ഇനി മലയാളം വിക്കിപീഡിയയിലേക്കു തന്നെ തിരിച്ചു വരാം. മലയാളത്തിൽ ചിത്രം ചേർക്കാൻ ഉദ്ദേശിക്കുന്ന ഭാഗത്ത് താഴെ ചിത്രത്തിൽ കാണുന്നതുപോലെ പ്രമാണം ചേർക്കാനുള്ള ഉപാധി കാണാവുന്നതാണ്.
add-photos-to-a-wikipeida-article

ചെറിയൊരു ഇമേജ് ഐക്കൺ മുകളിൽ കാണാം. അത് ക്ലിക്ക് ചെയ്താൽ ഒരു വിൻഡോ തുറന്നുവരും. ആ വിൻഡോയിൽ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾ കൊടുക്കുക. താഴെ ചിത്രം കാണുക.
ഇവിടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ:
* നമ്മൾ കോമൺസിൽ നിന്നും കോപ്പിയെടുത്ത ഫയൽ നെയിം അതേപടി പ്രമാണത്തിന്റെ പേര്‌: എന്ന സ്ഥലത്തു കൊടുത്തിരിക്കുന്നു.
* ചിത്രം എന്താണെന്നു വിശദീകരിക്കുന്ന ഒരു അടിക്കുറിപ്പ് കൊടുത്തിരിക്കുന്നു
* ചിത്രത്തിന്റെ വലിപ്പം എത്ര പിക്സൽ വേണമെന്നു കൊടുത്തിരിക്കുന്നു – ഇത് കൊടുത്തില്ലെങ്കിലും കുഴപ്പമില്ല
* ചിത്രം ലേഖനത്തിൽ ഏതു ഭാഗത്ത് വരനമെന്നു പറഞ്ഞിരിക്കുന്നു.
Adding pictures to wikipedia

ഇപ്പോൾ എഡിറ്ററിൽ [[പ്രമാണം:Cassia fistula1.jpg|300px|ലഘുചിത്രം|വലത്ത്‌|പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന]] ഈ രീതിയിൽ ഒരു കോഡ് വന്നിരിക്കും. [[ ]] എന്നീ ബ്രാക്കറ്റിനകത്ത് പൈപ്പ് ( | എന്ന സിമ്പൽ) സിമ്പൽ ഇട്ട് ഓരോ സെക്ഷനും വേർത്തിരിച്ചിരിക്കുന്നതു കാണുക. ഇതാണ് ഏതൊരു വിക്കിയിലും ചിത്രം ചേർക്കാനുള്ള കോഡ്.
[[ ഫയൽ നെയിം | വലിപ്പം | പൊസിഷൻ | വിവരണം ]] ഇതുവെച്ച് കോമൺസിലെ ഏതു ചിത്രവും നമുക്ക് വിക്കിപീഡിയയിൽ എത്തിക്കാവുന്നതാണ്. ഈ കോഡ് വളരെ എളുപ്പം ഗ്രഹിച്ചെടുക്കാവുന്നതിനാൽ പിന്നിട് കോമൺസിൽ ചിത്രത്തിന്റെ പേരു കാണുമ്പോൾ തന്നെ അത് വിക്കിപീഡിയയിലേക്ക് എളുപ്പം എടുക്കുവാൻ ഏതൊരാൾക്കും സാധിക്കും എന്നു കരുതുന്നു.
സംശയങ്ങൾ ചോദിക്കുക.

Leave a Reply

Your email address will not be published. Required fields are marked *