ഈ പ്രണയകാലം നിനക്കുള്ളതാവട്ടെ!

ഈ പ്രണയകാലം നിനക്കുള്ളതാവട്ടെ!

Valentines Day Thoughts


പ്രണയം സുഖമുള്ള എന്തൊക്കെയോ ആണ്. ജീവിതത്തിലൊരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല; ചിലപ്പോളതു വണ്‍‍വേ ആവാം. എങ്ങനെ ആയാലും പ്രണയം സുന്ദരമാണ്. പ്രണയിനിയുടെ കണ്ണുകളില്‍ നോക്കി സ്വപ്നങ്ങള്‍ നെയ്തെടുത്ത ആ കാലത്തേക്കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ മനസ്സു വാചാലമാവുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തങ്ങള്‍ പ്രണയിനിയുടെ സാമീപ്യത്തില്‍ ഇരിക്കുക തന്നെയല്ലേ? പ്രണയിക്കാനോ പ്രണയം കൈമാറാനോ അന്നൊരു പ്രത്യേകദിനം ഉണ്ടായിരുന്നില്ല; അവര്‍ക്കെല്ലാ ദിനവും ഒരുപോലെ തന്നെ!

എനിക്കുമുണ്ടായിട്ടുണ്ട് ഒട്ടേറെ പ്രണയിനിമാര്‍‍; ഒട്ടേറെ പ്രണയങ്ങള്‍‍‍. അവരില്‍ ചിലരൊക്കെ ഇന്നെവിടെയായിരിക്കുമെന്നെനിക്കറിയില്ല. ഒരു കാര്യമറിയാം നല്ല ഭാര്യമാരായി അവര്‍ സസുഖം ജീവിക്കുന്നുണ്ടാവണം; അതാണെന്റെ പ്രാര്‍‍ത്ഥനയും. എങ്കിലും ചിലരൊക്കെ കണ്‍മുമ്പില്‍ തന്നെ വന്‍ പരാജയമായി ജീവിതം തള്ളിനീക്കപ്പെടുന്നതു കാണേണ്ട ദൗര്‍‍ഭാഗ്യവും എനിക്കു വന്നുചേര്‍‍ന്നിട്ടുണ്ട്. ഇതെന്റെ പ്രണയകഥയാണ്; മാലാഖയേപ്പോലെ സുന്ദരിയായ ശ്രീലക്ഷ്മിയുടേയും കഥയാണ്!

ഇന്നലെ ആത്മകഥയെന്ന സിനിമ കണ്ടപ്പോള്‍ എന്തോ എന്റെ മനസ്സില്‍ അവളായിരുന്നു. അതിലെ കുട്ടിയുടെ ആ മുഖശ്രീയും വേഷവിധാനവും, അതു ശ്രീലക്ഷ്മിയുടേതു തന്നെയെന്ന തിരിച്ചറിവിലെത്തിച്ചപ്പോള്‍ മനസ്സിലെങ്ങുനിന്നോ ഒരു കൊച്ചു വിങ്ങല്‍… പത്താം ക്ലാസിലേക്കു ജയിച്ചു കയറിയപ്പോള്‍ കൂട്ടുകാരില്‍ ചിലരൊക്കെ തോറ്റുപോയി. മറ്റുചിലര്‍ വേറെ ഡിവിഷനിലേക്കു മാറിപ്പോയി. ജാന്‍സിയുടെ കഥ ഒമ്പതാം ക്ലാസുകഴിഞ്ഞുള്ള വെക്കേഷനോടെ തീര്‍ന്നു. അവള്‍ പത്ത് എ.-യിലേക്കും ഞാന്‍ പത്ത്. ഇ-യിലേക്കുമായി മാറി. ഒരു കൂട്ടുകാരി എനിക്കു വേണമായിരുന്നു. നിറയെ സുന്ദരികളുള്ള ഒരു ക്ലാസായിരുന്നു പത്ത് ഇ. എന്റെ അന്വേഷണം ശ്രീലക്ഷ്മിയില്‍ ചെന്നു നിന്നു. അവള്‍ മെലിഞ്ഞിട്ടല്ലായിരുന്നു. ജാന്‍സിയേക്കാള്‍ സുന്ദരി. വെളുത്തുതുടുത്ത അവള്‍ ചിരിക്കുമ്പോള്‍ കവിളുകളില്‍ നുണക്കുഴികള്‍ വിടരുമായിരുന്നു. ഒരു മന്ദബുദ്ധിയാണവള്‍‍, ഒന്നും പഠിക്കില്ല.‍ പൊതുവേ സൈലന്‍‍റ്റാണ്. പാവത്തെപ്പോലിരിക്കും. മൂന്നാമത്തെ ബെഞ്ചില്‍ നടുവിലായിരുന്നു അവള്‍ ഇരുന്നിരുന്നത്. ഞാന്‍ ഏറ്റവും പുറകിലെ ബെഞ്ചിലും. എപ്പോഴോ അവള്‍ മെല്ലെ ഒളികണ്ണിട്ടുനോക്കാനും ചിരിക്കാനുമൊക്കെ തുടങ്ങി. തിരിച്ചു ഞാനും പുഞ്ചിരിച്ചു തുടങ്ങിയതോടെ എന്റെ മനസ്സില്‍ മറ്റൊരു പ്രണയത്തിന്റെ കൊടിയേറ്റമായി.

ഞങ്ങള്‍ പരസ്പരം മുഖത്തോടുമുഖം നോക്കിയതല്ലാതെ ഒന്നും സംസാരിച്ചിരുന്നില്ല ‍‍- എങ്കിലും ഞങ്ങള്‍‍ക്കു പറയാനുണ്ടായിരുന്നതു മുഴുവന്‍ ഞങ്ങള്‍ പരസ്‍പരം കൈമാറിയിരുന്നു. ടീച്ചര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഞാനുത്തരം പറഞ്ഞിരുന്നാല്‍ അവളെന്നെ നോക്കി കണ്ണുറുക്കികാണിക്കും – അതു കാണാന്‍ വേണ്ടി മാത്രം ഞാന്‍ പാഠ്യവിഷയങ്ങള്‍ നന്നായി പഠിക്കും. ഏതെങ്കിലും ഉത്തരം പറയാതെ ഞാന്‍ വിഷമിച്ചിരിക്കുമ്പോള്‍ അവളുടെ കണ്‍പീലികള്‍ പിടയ്ക്കുന്നതു കാണാം.

ഒരിക്കല്‍ ദൂരെയൊരമ്പലത്തില്‍ ഉത്സവത്തിനു ഞാനവളെകണ്ടു; താലപ്പൊലിയുടെ മുമ്പില്‍ വര്‍‍ണക്കുടയുമായി നടക്കുന്ന സുന്ദരികളില്‍ ഒന്നാമതായി ലക്ഷ്മി! തൊട്ടടുത്ത ലൈനിൽ അവളുടെ അയൽക്കാരിയും ഞങ്ങളുടെ ബാച്ച്മേറ്റുമായ മറ്റൊരു കൊച്ചുസുന്ദരി! വെളുത്ത സെറ്റുസാരിയാണു രണ്ടുപേരും ഉടുത്തിരിക്കുന്നു! ചുവന്ന ബ്ലൗസും ധരിച്ചിരിക്കുന്നു. അവള്‍ വലിയപെണ്ണായതുപോലെ! എല്ലാവരുടേയും ശ്രദ്ധ അവളിലായിരുന്നു. എന്നെ കണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ തിളങ്ങി. മുഖത്തു പുഞ്ചിരി വിടര്‍‍ന്നു. ഉത്സവപ്പറമ്പിലെ മഹാലക്ഷ്മിയായവള്‍ തെളിഞ്ഞുനിന്നു. ആന്നു ഞാനനുഭവിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു. അവിടെവെച്ചു ഞങ്ങള്‍ ഒത്തിരി സംസാരിച്ചിരുന്നു. തിരിച്ചു വരുമ്പോള്‍ ചന്തയില്‍ നിന്നും അനിയത്തിക്കുകൊടുക്കാനായി അവള്‍ ഒരു റിബണ്‍ വാങ്ങിത്തന്നു. ഞങ്ങളുടെ ആ പ്രണയം (അതോ സൗഹൃദമോ! – അറിയില്ല!!) ആരോരുമറിയാതെ മുന്നോട്ടു പോയി. അവള്‍ പത്തില്‍ തോറ്റു. സെക്കന്റ്‍ ക്ലാസ്സോടെ ഞാന്‍ കയറിക്കൂടി. പത്താം ക്ലാസ് വിട്ടതോടെ ആ പ്രണയത്തിനും പരിസമാപ്തിയായി. എങ്കിലും അതു കഴിഞ്ഞുള്ള ഒന്നു രണ്ടു വര്‍ഷത്തെ ഉത്സവങ്ങള്‍ക്ക് ഞാന്‍ മുടങ്ങാതെ അവളുടെ നാട്ടില്‍ പോയിരുന്നു. പക്ഷേ, അവളെ കാണാനൊത്തില്ല. വല്ലപ്പോഴുമൊക്കെ ഒരു കൊച്ചു ഗൃഹാതുരതയോടെ ഞാനവളെ ഓര്‍‍ക്കുമായിരുന്നു. പിന്നെ അവളും വിസ്‍‍മൃതിയിലേക്കാണ്ടുപോയി.

രണ്ടുവര്‍‍ഷം തകര്‍‍ത്താടിയ പ്രീഡിഗ്രിക്കാലം. പിന്നീട് ഡിഗ്രി. ഡിഗ്രിക്കാലത്ത് ഒരിക്കല്‍ കൂട്ടുകാരനായ ഗോപാലകൃഷ്ണന്റെ കൂടെ കുറച്ചകലെയുള്ള മറ്റൊരു സ്ഥലത്തേക്കു പോവുകയായിരുന്നു ഞാന്‍‍. വഴിയരികില്‍ ഒരു കടയുടെ വരാന്തയില്‍ ഒരു തയ്യല്‍‍‍ക്കാരിയുടെ വേഷത്തില്‍ ഞാന്‍ വീണ്ടും ശ്രീലക്ഷ്മിയെ കണ്ടു! വലിയ പാവാടയും കുപ്പായവുമൊക്കെയിട്ട്…! എനിക്കത്ഭുതമായി. അവളുടെ അടുത്തേക്കു പോകണമെന്നും സംസാരിക്കണമെന്നുമുണ്ടായിരുന്നു. പക്ഷേ, ഒന്നിനും തോന്നിയില്ല. എങ്കിലും ഞാന്‍ ഗോപാലകൃഷ്‍ണനോടു പറഞ്ഞു; ‘ആ കുട്ടി എന്റെ ക്ലാസ്‍‍മേറ്റായിരുന്നു’ എന്നു മാത്രം. അവനവളെ അറിയാമായിരുന്നു. അവന്റെ അമ്മയുടെ നാട്ടുകാരിയാണവള്‍‍. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി. അനിയത്തിയുണ്ട്. പത്തില്‍ തോറ്റതിനു ശേഷം പഠിച്ചിട്ടില്ല. ഈ തയ്യലില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ടുകൂടിയാണ് ജീവിതം മുന്നോട്ടു പോകുന്നത്. കഷ്‍ടം!! എന്നെന്റെ ഹൃദയം മന്ത്രിച്ചു. എനിക്കെന്തു ചെയ്യാനാവും. എങ്കിലും ഒന്നിനുമല്ലാതെ ഞാന്‍ വല്ലപ്പോഴുമൊക്കെ പനത്തടിയിലേക്കു പോവുമായിരുന്നു. ഒരിക്കല്‍ അവളെന്നെ കാണുകയും ചെയ്തു. ആ പഴയ നുണക്കുഴികള്‍ വീണ്ടും വിടര്‍‍ന്നു. അവളുടെ ചിരിയില്‍ നിറഞ്ഞുനില്‍‍ക്കുന്നതു വേദനയാണെന്നു തോന്നി. ഞാനും ചിരിച്ചു. പിന്നീടെന്തോ ഞാനാവഴിക്കു പോയതേയില്ല. ഞാന്‍ അടുത്തുപോവുമെന്നും സംസാരിക്കുമെന്നും അവള്‍ പ്രതീക്ഷിച്ചുകാണുമോ?

വര്‍‍ഷങ്ങള്‍ കഴിഞ്ഞു. ഡിഗ്രിയും എം എയും ഒക്കെ കഴിഞ്ഞ്‍, ഏറ്റുമാനൂരില്‍ ജോലിചെയ്യുന്ന സമയം. ഒരിക്കല്‍ വീട്ടിലേക്കു വന്ന ഞാന്‍‍, കരിവെള്ളൂരുള്ള ഇളയച്ഛന്റെ വീട്ടിലേക്കു പോവുകയായിരുന്നു. ഒരു ലിമിറ്റഡ്‍ കെ.എസ്.ആര്‍‍‍.ടി.സി.യില്‍ ആയിരുന്നു ഞാന്‍‍‍. ബസ്സ്‍ നീലേശ്വരത്ത് നിര്‍‍‍ത്തിയപ്പോള്‍ അവിടെനിന്നും ശ്രീലക്ഷ്‌മി കയറി; കൂടെ വേറൊരാളും. വെളുത്ത സെറ്റുസാരിയാണു വേഷം. ആവശ്യത്തിനു സ്വര്‍‍ണാഭരണങ്ങള്‍‍‍. കൂടെ കയറിയ ആളും സുമുഖനായിരുന്നു. കയറുമ്പോള്‍ തന്നെ ഞാനവരെ കണ്ടിരുന്നു. അടുത്തു തന്നെ ഇരിക്കണേ എന്ന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അയാള്‍ കേറിയപാടെ മുമ്പിലോട്ടു പോയി. ലക്ഷ്മി പുറകിലിരുന്നു. അവളിരുന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ മെല്ലെ നോക്കി… അവളുടെ കണ്ണുകളില്‍ അത്ഭുതത്തിന്റെ തിരയിളക്കം. നുണക്കുഴികള്‍ വിരിഞ്ഞു… ബസ്സില്‍ അധികം ആളുകളില്ല.

അവള്‍ ചോദിച്ചു,”എന്നെ ഓര്‍‍ക്കുന്നുവോ?”
ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. “അങ്ങനെ മറക്കാന്‍ പറ്റുമോ..” അല്പം കുസൃതി ഒളിപ്പിച്ചുവെച്ച് ഞാന്‍ തിരിച്ചു ചോദിച്ചു. തുടുത്ത കവിളില്‍ വീണ്ടും പുഞ്ചിരി വിടര്‍‍‍ന്നു. അവളുടെ അനിയത്തിയുടെ കല്യാണം കഴിഞ്ഞിരുന്നു. ആ വിരുന്നിനു പോയി വരികയായിരുന്നു രണ്ടുപേരും. 4 വര്‍‍ഷം മുമ്പായിരുന്നു ശ്രീലക്ഷ്മിയുടെ കല്യാണം കഴിഞ്ഞത്. തളിപ്പറമ്പിനടുത്ത് പട്ടുവം എന്ന സ്ഥലത്ത് മെര്‍‍ച്ചന്റാണു മൂപ്പര്‍‍‍. പേരു ഞാന്‍ മറന്നുപോയി. അവിടെ വീട്ടില്‍ അല്പം പ്രായമായ അമ്മ മത്രമേ ഉള്ളൂ. ജീവിതം സുഖമാണ്. അനിയത്തിയെ വിവാഹം കഴിച്ചത് നേവിയില്‍ ജോലിയുള്ള ഒരാളാണത്രേ.
ഞാന്‍ ചോദിച്ചു. “കുട്ടികള്‍‍‍?”

അവളുടെ കണ്ണുകള്‍ നിറഞ്ഞു. മെല്ലെ പറഞ്ഞ്,”ഇല്ല.”
അവളുടെ ഭാവം കണ്ടപ്പോള്‍ എനിക്കെന്തോപോലെയായി. കണ്ണുകള്‍ നിറഞ്ഞൊഴുകിത്തുടങ്ങി…
ഞാന്‍ വിഷയം മാറ്റി, ഞാന്‍ പറഞ്ഞു,”ദേ ഞാന്‍ പോയി നിന്റെ ഭര്‍ത്താവിനോടു പറയട്ടെ, എന്റെ പഴയ കാമുകിയാണിവളെന്ന്?”. അവള്‍ ചിരിച്ചു, എന്നിട്ടു പറഞ്ഞു,
“പറഞ്ഞോളൂ,എന്നിട്ട് എന്നേക്കൂടി ഏറ്റുമാനൂരേക്കു കൂട്ടിയാല്‍ മതി..”

എന്റെ മനസ്സു തേങ്ങി, ആഗ്രഹിച്ചതു സ്വന്തമാക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ എനിക്കെന്റെ ഹൃദയമിന്നു കൈമോശം വരില്ലായിരുന്നു. ശ്രീ നിനക്കറിയില്ല ഞാനിന്നെത്രമാത്രം ദു:ഖിതനാണെന്ന്. ഓര്‍മ്മകളില്‍ എന്റെ മനസ്സു പിടഞ്ഞു. എന്റെ ചിന്തകള്‍ കാടുകയറി… ഡിഗ്രിയുടെ അവസാനകാലത്തുണ്ടായ മറ്റൊരു പ്രണയം ഹൃദയത്തിനേല്പിച്ച അസഹ്യമായ നൊമ്പരം വീണ്ടും ഉണര്‍ന്നു വന്നു. എങ്കിലും അതൊക്കെ മറച്ചു വെച്ച് ഞാന്‍ ചിരിച്ചു. അവളും ഏറെ സന്തോഷവതിയായി കാണപ്പെട്ടു. അവസാനം കരിവെള്ളൂരില്‍ ഞാനിറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു,
“ഇനി നമ്മള്‍ കാണുമ്പോള്‍ കൂടെ ഒരാളുണ്ടാവണം. ഞാന്‍ പ്രാര്‍‍ത്ഥിക്കാം നല്ലൊരാളെ കിട്ടാനായിട്ട്..”
ഞാന്‍ ബൈ പറഞ്ഞിറങ്ങി. അവളേയും കൊണ്ട് ബസ്സ് നീങ്ങി. അവള്‍ ദൂരെ നിന്നും കൈവീശിക്കാണിക്കുന്നുണ്ടായിരുന്നു. ബസ്സ് കണ്ണില്‍ നിന്നും മറയുവോളം ഞാനവിടെ നിന്നും. അതിനു ശേഷം ഞാനവളെ കണ്ടിട്ടില്ല.

അന്നാകെ അസ്വസ്തമായിരുന്നു മനസ്സ്. ഒന്നിനും ഒരു ഉഷാറില്ലാത്ത അവസ്ഥ. മനസ്സിലെവിടെയൊക്കെയോ ഒരു വിങ്ങല്‍…
എന്തിനോ വേണ്ടി അലയുകയാണു ഞാനിന്നും… പാവം ശ്രീലക്ഷ്‌മി. ഒന്നു രണ്ടു ദിവസം ചിലപ്പോള്‍ അവളുടെ പ്രാര്‍‍ത്ഥനയില്‍ എന്റെ മുഖം തെളിഞ്ഞു വന്നിട്ടുണ്ടാവുമായിരിക്കും. മൂന്നുനാലു ദിവസങ്ങള്‍‍‍ക്കു ശേഷം ഏറ്റുമാനൂരപ്പന്റെ വിശാലമായ തിരുമുറ്റം മുറിച്ചു കടന്നു കമ്പനിയിലേക്കു പോകുമ്പോള്‍ ഞാന്‍ ലക്ഷ്മിയെ ഓര്‍‍‍ത്തു. അവള്‍‍‍ക്കൊരു കുഞ്ഞിനെ നല്‍‍കണമേയെന്നു ഉള്ളുരുകി മനസ്സില്‍ പറഞ്ഞു; പ്രാർത്ഥിച്ചു!

4 thoughts on “ഈ പ്രണയകാലം നിനക്കുള്ളതാവട്ടെ!

 1. A dozen of years pass by
  I remember those days of my love….
  The Campus of St.Pius, the slogans I shouted
  The tears of my love….
  My endless love..
  To one another we’ve opened up our thoughts
  the closest parts of our muse
  that transparent purity
  that lights up the sky
  more than any lighting in a stormy night.

  From this clear day,
  though we may never meet again,
  I’ll never forget
  the reality of this mutual telepathy
  I’ll continue to believe in it
  from this moment to all time.

  A clear night of parting
  a cup between love and love
  to remember each other by
  our forms reflect in it
  our silhouettes cast on the walls behind
  the moon lighting our thoughts within
  now a zephyr comes tousling her hair.
  I’ll never see her again
  I’ll never speak to her again
  I’ll never touch her again
  I’’ll never enjoy her smile
  The way I did.
  But the fragrance of love..
  Keeps my day alive..

 2. നന്നായിരിക്കുന്നു. അവള്‍ കാണാതിരിക്കില്ല ഇതെന്നെങ്കിലും. പ്രത്യാശിക്കാം പ്രതീക്ഷിക്കാം…
  അതൊരു കാലം തന്നെയായിരുന്നു വിപിനേ… ഇനി ഒരിക്കല്‍ക്കൂടി – ഒരിക്കല്‍മാത്രം അവിടെ ജീവിക്കാന്‍, അതുപോലെ ജീവിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. ഇലക്ഷനില്‍ തോറ്റപ്പോള്‍ വരാന്തയില്‍ എല്ലാംനഷ്ടപ്പെട്ടവെനേ പോലെ ജിബു ഇരുന്നത് നീ ഓര്‍ക്കുന്നുണ്ടോ?

 3. എന്തിനാടോ ഇങ്ങനെ പഴയത് ഓര്‍മിപ്പിച്ച് എന്നെ കൂടെ വിഷമിപ്പിക്കുന്നെ……..

Leave a Reply

Your email address will not be published. Required fields are marked *