അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ

അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ

childhood ബാല്യംചിത്രം മാതൃഭൂമിയിൽ നിന്നും
ഭാഷാപഠനത്തിൽ ശ്രവണപരീക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഭാഷ കുട്ടികൾ കേട്ടാണു പഠിക്കുന്നത്. വിവിധ ഭാഷകൾ കേൾക്കാനുള്ള അവസരമാണു കുഞ്ഞുങ്ങൾക്ക് വേണ്ടത്. ഗൃഹാന്തരീക്ഷത്തെ ചുറ്റിപ്പറ്റി സംസാരിക്കുക, കഥകൾ പറയുക പാട്ടുപാടി കേൾപ്പിക്കുക തുടങ്ങി ഒട്ടനവധികാര്യങ്ങൾ കുട്ടികളുടെ ശ്രവണശേഷിയെ മൂർച്ചകൂട്ടുവാൻ സഹായിക്കും. രസഹരമായ കവിതകളാവുമ്പോൾ പരിസരം മറന്നവർ ഇരുന്നു പോകുന്നതു കണ്ടിട്ടുണ്ട്. ശ്രവണപരീക്ഷണത്തിനു കഥാകവിതകളാണു കൂടുതൽ നല്ലതെന്നു തോന്നിയിട്ടുണ്ട്. കവിതയെ അടിസ്ഥാനമാക്കി ചെറു ചോദ്യങ്ങൾ ചോദിച്ചാൽ കവിത കേട്ട് അതെത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്നു നമുക്ക് അറിയാൻ സാധിക്കും, മാത്രമല്ല കുട്ടികൾക്ക് കവിതയോട് താല്പര്യം കൂടുകയും ചെയ്യും. കവിതയിലെ ശബ്ദം, താളം, പ്രാസം ഒക്കെ അവരറിയാതെ തന്നെ മനസ്സിൽ പതിയുന്നു. പിന്നീട് ആ കവിതയുടെ മ്യൂസിക് കേൾക്കുമ്പോൾ തന്നെ അവരതു ചൊല്ലുന്നതു കാണാം!! ആമി സ്ഥിരമായി കേൾക്കുന്ന കവിതയാണ് താഴെ കൊടുക്കുന്നത് എല്ലാം കഥാ കവിതകൾ തന്നെ…
അമ്മാവാ, അമ്മാവാ ഗജവീരനമ്മാവാ,…”
ആനയെ കാണാൻ പോയി; ആറു കുരങ്ങന്മാർ ചേർന്നു പോയി,…”
ആപ്പിളു മുന്തിരിയോറഞ്ച് കൊതിയേറും കൈതച്ചക്ക,…”

എന്റെ മനസ്സിൽ ഇപ്പോഴും ഉള്ളൊരു കഥാകവിത താഴെ കൊടുക്കുന്നു)
ഞാനിത് ക്ലാസിൽ പഠിച്ചതല്ല, അനിയത്തിയോ മറ്റോ ചൊല്ലുന്നതു കേട്ടു പഠിച്ചതാണ്, നമ്മുടെ അയ്യപ്പച്ചങ്കരന്റെ പാട്ട്:

0:00

അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ
കയ്യാല മേലൊന്നു കേറി നോക്കി
അമ്മ പറഞ്ഞു – കേറല്ലേ
അയ്യപ്പച്ചങ്കരാ കേറല്ലേ!
അച്ഛൻ പറഞ്ഞു – കേറല്ലേ
അയ്യപ്പച്ചങ്കരാ കേറല്ലേ!

അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ
കയ്യാല മേലൊന്നു കേറി നോക്കി
അയ്യപ്പച്ചങ്കരൻ തടപുടിനത്തോം
കയ്യാല മോളീന്ന് ചക്കപോലെ

അയ്യോ നാട്ടുകാരോടി വന്നു
അയ്യപ്പച്ചങ്കരാ താഴെ വീണോ!

ആളു പിടിച്ചു ഏലേല
അയ്യപ്പച്ചങ്കരൻ പൊങ്ങീല്ല
പടയാളി വന്നു പിടിച്ചു നോക്കി
തടിമാടനൊന്നുമേ പൊങ്ങിയില്ല

രാജാവു വന്നു മന്ത്രി വന്നു
രാജ്യത്തെ പട്ടാളമൊക്കെ വന്നു
പടയാളി കുതിരയും നട്ടുകാരും
പിടിയെടാപിടിയെടാ ഏലേയ്യ

എല്ലാരുമൊത്തു പിടിച്ചുനോക്കി
ഏലയ്യാ പിടി ഏലയ്യാ
ഏലേലയ്യ പിടി ഏലയ്യാ
തടിമാടനയ്യപ്പച്ചങ്കരനോ
പൊടിപോലുമെന്നിട്ടനക്കമില്ല 🙁

ഈ അയ്യപ്പച്ചങ്കരനു സമാനമായ ഒരു ഇംഗ്ലീഷ് കവിതയുമുണ്ട് കേട്ടുകാണും നിങ്ങൾ…
Humpty Dumpty sat on a wall,
Humpty Dumpty had a great fall.
All the King’s horses, And all the King’s men
Couldn’t put Humpty together again!

Leave a Reply

Your email address will not be published. Required fields are marked *