മഴ നൂലുകൾക്കിടയിലൂടെ മാടായിപ്പാറയിലേക്ക്!

മഴ നൂലുകൾക്കിടയിലൂടെ മാടായിപ്പാറയിലേക്ക്!

madayipara മാടായിപ്പാറ
മനോഹരമാണു മാടായിപ്പാറ. മഴക്കാലത്ത് അതിന്റെ സൗന്ദര്യത്തിന് ചാരുത ഏറെയാണു താനും. 45° ചെരിവിലായി മഴനൂലുകൾ പെയ്തിറങ്ങുന്നത് മനസ്സിലേക്കാണ്. സൗഹൃദത്തിന്റെ ചിരപരിചിത മുഖങ്ങൾക്കൊപ്പം പ്രകൃതിയ ആരാധിക്കുന്ന; അതിന്റെ ആത്മാവിനെ സ്വന്തം ആത്മാവിനോട് ചേർത്തു പിടിച്ച പ്രകൃതിസ്നേഹികൾ കൂടിയായപ്പോൾ അവിസ്മരണീയമാവുകയായിരുന്നു ആ രണ്ടു ദിവസങ്ങൾ! കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിലാണ് കുഞ്ഞുപൂക്കളാൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന മാടായിപ്പാറ!

2014 ആഗസ്റ്റ് 30, 31 കണ്ണുർ ജില്ലയിലെ മാടായിപ്പാറയിൽ സീക്കിന്റെ നേതൃത്വത്തിൽ നടന്ന മഴക്കാലസഹവാസ ക്യാമ്പായിരുന്നു അത്. വെറുമൊരു നാടുകാണൽ ചടങ്ങിൽ ഒതുക്കാതെ കൃത്യവും ശുദ്ധവുമായ ഭാഷയിൽ നാടിനെ പറ്റിയും ചെടികളെ പറ്റിയും പ്രകൃതിയെ പറ്റിയും മാടായിപ്പാറയിലെ ചെങ്കല്ലടരുകളിൽ ഉറങ്ങിക്കിടക്കുന്ന ചരിത്രത്തെ പറ്റിയും മിത്തുകളെ പറ്റിയും അവിടുത്തെ ജൈവവൈവിദ്ധ്യത്തെ പറ്റിയും പ്രകൃതിയെ ചൂഷണം ചെയ്ത് സർക്കാർ നടത്തുന്ന ഖനനത്തിലൂടെ വൻപാളികളായി അടർന്നു വീണുകൊണ്ടിരിക്കുന്ന മാടായിപാറയുടെ ദൗർഭാഗ്യത്തെ പറ്റിയും പറഞ്ഞു തരാൻ അനുഭവസമ്പന്നരായ അദ്ധ്യാപകരുടെ ഒരു വലിയ സാന്നിദ്ധ്യം തന്നെ അവിടെയുണ്ടായിരുന്നു.

രാവിലെ 11 മണിയോടെ മാടായിപ്പാറയിലെത്തിയപ്പോൾ ബാക്കിയെല്ലാവരും യാത്രയ്ക്കൊരുങ്ങി തയ്യാറായി സ്കൂൾ പരിസരത്ത് നിൽപ്പായിരുന്നു. മഞ്ജുവും ആമിയും ഞാനും ട്രൈനിനായിരുന്നു കാഞ്ഞങ്ങാടു നിന്നും പഴയങ്ങാടിയിൽ എത്തിയത്. കേവലം 10 രൂപ ടിക്കറ്റിന്റെ ദൂരത്തിൽ ഈ മനോഹാരിത ഉണ്ടായിരുന്നിട്ടും എന്തേ ഇത്ര നാളും ഞാനിവിടേക്ക് വന്നില്ല എന്നൊരു സന്ദേഹം മനസ്സിലുണ്ടായിരുന്നു. ഒരുപക്ഷേ, എല്ലാം കഴിഞ്ഞിറങ്ങുമ്പോൾ മനസ്സിൽ തട്ടിയ ആ മനോഹാരിതയ്ക്കു കാരണം അവിടുത്തെ പ്രകൃതിസൗന്ദര്യമോ മഴയോ ഒന്നുമായിരിക്കില്ല. ചുറ്റിലും ഉള്ള സ്നേഹ സൗഹൃദത്തിന്റെ പുഞ്ചിരികളും മേൽ വിവരിച്ച ആർജ്ജവമുള്ള അദ്ധ്യാപകരുടെ വിവരണവും തന്നെയായിരിക്കണം. പ്രകൃതിയെ നേർബുദ്ധിയോടെ എല്ലാവിധത്തിലും അനുഭവിച്ചറിയുകയായിരുന്നു അവിടെ.
അമ്മൂസും ആമീസും മാടായിപ്പാറയിൽ
കുഞ്ഞുപൂക്കളേയും പൂമ്പാറ്റകളേയും ചുറ്റിപ്പറ്റി ചിലർ നടന്നപ്പോൾ പെയ്തിറങ്ങുന്ന മഴയെ ആത്മാവിലേക്ക് അനുഭവിച്ചറിയുകയായിരുന്നു ചിലർ. ഓരോ പെരുമഴയിലും ആമി എന്റെ ഹൃദയത്തോട് ചേർന്നമർന്നുറങ്ങും. പലപ്പോഴും ഞങ്ങളുടെ ഹൃദയതാളങ്ങൾ ഒന്നായൊഴുകും. ആദ്യവട്ടകാഴചകൾക്ക് ഞങ്ങളോടൊപ്പം വി.സി. ബാലകൃഷ്ണൻ സാറും ടി.പി. പത്മനാഭൻ സാറും ഉണ്ടായിരുന്നു. നടന്നു തളർന്നെങ്കിലും തളരാത്ത മനസോടെയാണ് ആ യാത്ര അന്നവസാനിപ്പിച്ചത്.

മാടായി സ്കൂളിനു തൊട്ടരികിൽ ഒരു വീട്ടിലായിരുന്നു ഭക്ഷണം ഒരുക്കിയിരുന്നത്. മാടായിപ്പാറ സന്ദർശനത്തിനെത്തിയ ഞങ്ങൾ എക്കാലവും ഓർത്തിരിക്കുന്ന രുചിഭേദങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഭക്ഷണത്തോടൊപ്പം ആ അമ്മ വിളമ്പിയിരുന്ന സ്നേഹം ഒരിക്കലും മറവിക്കു വിട്ടുകൊടുക്കാൻ പറ്റുന്നതല്ല. പാചകത്തിന്റെ ബ്രഹ്മവിദ്യ കൈവശം ചേർത്ത ആ അച്ഛനും അമ്മയും എല്ലാം കണ്ടറിഞ്ഞു ചെയ്യുകയായിരുന്നു. അമ്മൂസിനും ആമിക്കും വേണ്ട പ്രത്യേകം പരിചരണം അവർ ചെയ്തിരുന്നു. പാലു ചൂടാക്കി വെയ്ക്കുകയും കുളിക്കാനായി വെള്ളം ചൂടാക്കി തരികയും ചെയ്തിരുന്നു.

ആദ്യ ദിവസം കുഞ്ഞികൃഷ്ണൻ സാറും ടി. പി. പത്മനാഭൻ സാറും ഭാഗ്യലക്ഷ്മി ടീച്ചറും കൂടി മടായിപ്പാറയെ പറ്റിയുള്ള ചരിത്രസാമൂഹിക വർത്തമാനങ്ങൾ പറഞ്ഞു തന്നു. ഏറെ വിജ്ഞാനപ്രദമായിരുന്നു ഈ അദ്ധ്യാപകരുടെ ക്ലാസുകൾ എന്നു പ്രത്യേകം പറയേണ്ടതില്ല. പാട്ടുകളിലും തോറ്റങ്ങളിലും ഉറഞ്ഞുകൂടിയ ചരിത്രാംശങ്ങളെ വിശകലനം ചെയ്തെടുത്ത മിടുക്കരായിരുന്നു ഇവർ. മിത്തുകളുടെ അഭൗമതയിൽ മയങ്ങിപ്പോവാതെ അതിലേക്കിറങ്ങി സത്യത്തെ കണ്ടറിയാൻ ശ്രമിച്ചവരായിരുന്നു ഇവർ. അതുകൊണ്ടുതന്നെ ഇവരുടെ ക്ലാസുകൾ മറ്റൊരുകാലത്തെ ഞങ്ങൾക്കു മുന്നിൽ പുനഃസൃഷ്ടിക്കുകയായിരുന്നു.

വൈകുന്നേരം അമ്പലക്കുളത്തിലെ കുളി കഴിഞ്ഞ് എല്ലാവരും സ്കൂളിൽ ഒന്നിച്ചു. സുഗീഷും മനോജും കുളത്തിലേക്കിറങ്ങിയപ്പോൾ രണ്ടു പോത്തുകൾ കുളത്തിൽ നിന്നും കയറിപോയത്രേ! ഞാൻ കുളത്തിലേക്ക് കുളിക്കാൻ പോയിരുന്നില്ല. സ്കൂളിൽ വി. സി. ബാലകൃഷ്ണൻ സാറിന്റെ ഗംഭീരമായൊരു പ്രസന്റേഷൻ നടന്നു. മാടായിപ്പാറയിലെ പൂക്കളെ പരിചയപ്പെടുകയായിരുന്നു അവിടെ. ചെടികളെ ഇത്രയടുത്ത് പരിചയപ്പെടുക എന്നതുതന്നെ എന്നെസംബന്ധിച്ചിടത്തോളം ഏറെ അത്ഭുതമുളവാക്കുന്നുണ്ട്. സാറിന്റെ കൂടെ ഗുരുവായൂരപ്പൻ കോളേജിലെ അദ്ധ്യാപകനായ കിഷോർ കുമാർ സാർ കൂടി ചേർന്നപ്പോൾ പിന്നെ സംഗതി വെടിക്കെട്ടായി. ഒമ്പതു മണിയോടടുത്ത് എല്ലാവരും പോയി ഭക്ഷണം കഴിച്ചു വന്നു. രാത്രി ഭക്ഷണം അത്ര പതിവില്ലാത്ത ഞാൻ ആമിയെയും കൊണ്ട് ഗസ്റ്റ് ഹൗസിലേക്കു പോയി. മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. ആമി ഉറങ്ങി. വിസിസാറിന്റെ പ്രസന്റേഷൻ കഴിഞ്ഞ ഉടനേ തന്നെ ചില കലാപരിപാടികൾ ഒക്കെ നടത്തുകയുണ്ടായി. വി. സി. സാർ നല്ലൊരു ഗായകൻ കൂടിയാണെന്നു തെളിയിക്കുകയായിരുന്നു. പക്കമേളത്തെ വെല്ലുന്ന ഓർക്കസ്ട്രയായിരുന്നു ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്ന സജൽ കാഴ്ചവെച്ചത്.

രാത്രിയിൽ കിഷോർ സാറിന്റെ രസകരമായ മറ്റൊരു പ്രസന്റേഷൻ കൂടിയുണ്ടായിരുന്നു. മലയാളസിനിമാഗാനങ്ങളിൽ പൂവിന്റെ പേരുകൾ വരുന്ന ഗാനങ്ങളെ കൃത്യമായി വർഗീകരിച്ചു വെച്ചിരിക്കുകയായിരുന്നു. ഓടിയോ ക്ലിപ്സ് വർക്ക് ചെയ്യാത്തതിനാൽ പാട്ടിന്റെ വരി വരുന്ന മുറയ്ക്ക് സംഘാംഗങ്ങൾ തന്നെ പാടുകയായിരുന്നു. അന്നു ഞങ്ങൾ ചിലരെങ്കിലും അധികം ഉറങ്ങിയില്ല. സ്ത്രീകളും മറ്റു ചിലരും ഗസ്റ്റുഹൗസിലും ഞങ്ങൾ സ്കൂളിലുമായിട്ടായിരുന്നു കിടന്നിരുന്നത്. സുഗീഷും മനോജും സജലും രജീവ് സാറും ഞാനും കൂടി സ്കൂൾ വരാന്തയിലിരുന്ന് ഏകദേശം പുലരുവോളം തന്നെ സംസാരിച്ചിരുന്നു! സുഗീഷ് അലൗകീകമായ കാര്യങ്ങൾ പറഞ്ഞ് കാടുകയറി. മനുഷ്യർ ഭൂമിയിലേക്ക് കുടിയേറിപ്പാർത്തവരാളെന്നും അതുകൊണ്ടാണ് മനുഷ്യർക്കു മാത്രം വെയിലും മഴയും മറ്റും സഹിക്കാൻ പറ്റാതെ വരുന്നതും അസുഖം വരുന്നെന്നുമായിരുന്നു പുള്ളിയുടെ ഉള്ളിലുറഞ്ഞ പ്രതിഭയുടെ കണ്ടെത്തൽ!

രാവിലെ പ്രഭാതഭക്ഷണം കഴിച്ച് ഞങ്ങൾ ഗസ്റ്റ് ഹൗസിൽ ഒന്നിച്ചു. ശ്രീ ആനന്ദൻ സാർ ഞങ്ങളെ അടുത്ത ട്രിപ്പിനു കൊണ്ടുപോകാൻ അവിടെ റെഡിയായി നിന്നിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മീയതയെ ആത്മബന്ധത്തെ വിശദീകരിച്ചുകൊണ്ടായിരുന്നു ആനന്ദൻ സാറിന്റെ യാത്ര. കൊച്ചുകുഞ്ഞുങ്ങളോടെന്ന പോലെ വളരെ രസകരമായി വിശദമായി തന്നെ ചരിത്ര, ശാസ്ത്ര ചിന്തകളിലേക്ക് അദ്ദേഹം ഞങ്ങളെ നയിച്ചു. ജൂതക്കുളത്തിനു ചുറ്റും അല്പം നേരം നടന്ന് ഒരു കൊച്ചു വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി. ഡൽഹിയിൽ നിന്നും എത്തിയവർക്ക് അതൊരു നവ്യാനുഭവമായിരുന്നു. ഡൽഹിയിൽ നിന്നെത്തിയ ബോട്ടണി വിദ്യാർത്ഥിയായ നിഖിതയും ഡോക്റ്റർ ദീപാ ചന്ദ്രനും ബോട്ടണി സ്റ്റുഡന്റ്സും ഒക്കെ വെള്ളച്ചാട്ടത്തിൽ ഇറങ്ങിനിന്ന് സെൽഫി എടുക്കുന്നുണ്ടായിരുന്നു. ആമി അത്ഭുതത്തോടെയാണ് പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തെ കണ്ടത്. പെരുമഴയിൽ തന്നെ അവളാകെ തണുത്തുറങ്ങിരുന്നു. ഞാനധികനേരം അവളേയും കൊണ്ട് അവിടെ നിന്നില്ല. മഴ കലശലായി പെയുതുവന്നു.

അമ്പലത്തിനു പുറകുവശത്തിലൂടെ നടക്കുമ്പോൾ അവിടെ ആ കൊച്ചു പീഠഭൂമി ആകെ വിണ്ടുകീറി അടർന്നു വീഴാനായി നിൽക്കുന്നതു കണ്ടു. പലയിടത്തും അതങ്ങനെ ആവർത്തിച്ചു വരുന്നത് വല്ലാത്തൊരു ദുസ്സൂചനയായി മുന്നിൽ നിന്നു. ചൈനാക്ലേ മൈനിങ്ങിനായി സർക്കാർ ഭൂമി ഒരു ഭാഗത്തു നിന്നും മാടായിപ്പാറ ഇടിച്ചു നിരത്തി തുടങ്ങിയിരിക്കുന്നു. സർക്കാറിന്റെയും ഇടിച്ചു നിർത്താൻ ഏൽപ്പിച്ച കമ്പിനിക്കാരും അവിടെ ഗേറ്റിനു മുന്നിൽ കാവൽക്കാരായി വെച്ചിരിക്കുന്നവർ സാധാരണഗതിയിൽ അവിടേക്ക് ആരേയും കടത്തി വിടാറില്ലത്രേ! പക്ഷേ, പക്ഷികൾ പോലും പുറത്തിറങ്ങാത്ത പെരുമഴയിൽ അന്നവിടെ ആരുമുണ്ടായിരുന്നില്ല. തകർന്നടിയുന്ന ഭൂമിയുടെ വേദനനവിടെ നേരിട്ടു കാണാനാവും. ഭീകരമായ തോതിൽ ചെങ്കല്ലടരുകൾ വിണ്ടു കീറിത്തുടങ്ങിയിരിക്കുന്നു. വിദൂരഭാവിയിൽ ആ അമ്പലമടക്കം അവിടെ തകർന്നടിയുക തന്നെ ചെയ്യും… വെള്ളം വല്ലാത്ത രീതിയിൽ വലിച്ചെടുക്കുന്ന അക്വേഷ്യമരങ്ങൾ ആ ഭാഗങ്ങളിൽ അവർതന്നെ നിറയെ വെച്ചുപിടിപ്പിച്ചിട്ടുമുണ്ട്! വനംവകുപ്പുമായി ആലോചിച്ചിരുന്നെങ്കിൽ അവർക്ക് എത്രനല്ല മരങ്ങൾ വേറെ കിട്ടിയേനെ!!

അധികനേരം അവിടെ ചെലവഴിച്ചില്ല. ലാലുവും ജ്യോതിയും മഞ്ജുവും ഞാനും കുട്ടികളേയും കൊണ്ട് തിരിച്ചു വന്നു. പായസമടക്കുമുള്ള ഗംഭീരസദ്യതന്നെ അവിടെ ഒരുക്കി വെച്ചിരുന്നു. ഭക്ഷണം കഴിച്ച് ഞങ്ങൾ തിരിച്ചു. അഞ്ചുമണിയോടെ തന്നെ വീട്ടിലെത്തുകയും ചെയ്തു. ആമി കൈയ്യിൽ ഉള്ളതിനാൽ ഞാൻ ഫോട്ടോസ് ഒന്നും തന്നെ എടുത്തിരുന്നില്ല. മനോജ് എടുത്ത ആമിയുടെ കുറച്ചു ഫോട്ടോസും സുഗീഷിന്റെ കുറച്ചു ഫോട്ടോസും മാത്രം ഞാൻ പകർത്തിയെടുത്തിരുന്നു. എല്ലാവരും ഓടി നടന്ന് ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു, പെരുമഴയിൽ ചിലരെങ്കിലും ക്യാമറ ഭദ്രമായി പൊതിഞ്ഞുവെച്ചായിരുന്നു നടന്നത്. എന്തായാലും ഏറെ രസകരമായിരുന്നു യാത്ര; അതിലേറെ വിജ്ഞാനപ്രദവും! മനോഹരമായ രണ്ടു ദിനങ്ങൾ സമ്മാനിച്ച സീക്കിന്റെ(SEEK) സ്വന്തം വി. സി. ബാലകൃഷണൻ സാറിനും രജീഷിനും മറ്റു സംഘാടകാംഗങ്ങൾക്കും പിന്നെ നാട്ടറിവിന്റെ ഭണ്ഡാരമായ ആ അദ്ധ്യാപകർക്കും നന്ദിയുടെ പൂച്ചെണ്ടുകൾ!

Comments are closed.