എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ

കവിത കേൾക്കുക:
0:00

നാളെ നേതാക്കളായി മാറേണ്ട നിങ്ങള്‍ക്ക്
കാലം അമാന്തിച്ചു പോയില്ലാ… (2)

നിങ്ങള്‍ പഠിക്കുവിന്‍… നിങ്ങള്‍ പഠിക്കുവിന്‍…
ആദ്യക്ഷരം മുതല്‍ മേലോട്ട് (2)

ബാലപാഠങ്ങള്‍ പഠിച്ചോളിന്‍
മതിയാകില്ലെങ്കിലും നന്നായ് പഠിച്ചോളിന്‍… (2)

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ,
ആജ്ഞാശക്തിയായി മാറീടാൻ… (3)

നാടു കടത്തപ്പെട്ടവരേ…
തടവിലടയ്ക്കപ്പെട്ടവരേ…
എന്നും അടുക്കളക്കുള്ളില്‍
കുടുങ്ങിയൊതുങ്ങിയിരിക്കും വീട്ടമ്മമാരെ…
വാര്‍ദ്ധക്യപെന്‍ഷന്‍ വാങ്ങിയിരിക്കും
വന്ദ്യവയോധികരേ…

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ… (2)

പാര്‍പ്പിടമില്ലാത്ത പാവങ്ങളേ…
മഞ്ഞില്‍ കോച്ചിയിരിപ്പവരേ…
വിദ്യാശാലയും വിജ്ഞാനങ്ങളും
അന്വേഷിക്കുവിന്‍ കൂട്ടരേ… (2)

പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ…
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ… (2)

എന്തിന്നധീരത? ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ…

ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍
മൂഢവിശ്വാസങ്ങള്‍ തള്ളിക്കളയുവിന്‍
തന്നത്താനെ പഠിക്കാതെയൊന്നും
അറിയില്ല നിങ്ങള്‍ സഖാക്കളേ… (2)

ഓരോ ചെറുചെറു വസ്തുവിലും
വിരല്‍ തൊട്ടു തൊട്ടങ്ങു ചോദിക്കൂ!!
എങ്ങനെയിതു കിട്ടീ നിങ്ങള്‍ക്ക്? (2)

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ…(2)

Leave a Reply

Your email address will not be published. Required fields are marked *