എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്!

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്!

നിഷേധിയായി അരാജകവാദിയായി സകലവിശേഷണങ്ങളെയും കാറ്റിൽ പറത്തി ഇവിടെ ഒരു കവി നടന്നിരുന്നു; കൂട്ടിൽ കയറാതെ കൂട്ടം തെറ്റി അയാൾ അലഞ്ഞു നടന്നിരുന്നു! തിരയൊടുങ്ങാത്ത കടലിരമ്പം പോലെ മൂളിച്ചയുള്ള കവിതകളിൽ അഗ്നി നിറച്ച് ശരികൾ മാത്രം വിളിച്ചു പറഞ്ഞ് അയാൾ ഒരിക്കൽ നമ്മെവിട്ടു നടന്നകന്നു! കമ്മ്യൂണിസത്തിന്‍‌റെ ചൂടില്‍ തെരുവിനു വേണ്ടി ശബ്ദിച്ച് തെരുവിന്റെ കവിയെന്ന് വാഴ്ത്തപെട്ട് ഒടുവില്‍ തെരുവിന്റെ മാറിലേക്ക് വീണമർന്ന കവി!! എ. അയ്യപ്പൻ! അദ്ദേഹത്തിനെ ഓർമ്മ ദിവസമാണിന്ന്!! ഒക്ടോബർ 21!

A Ayyappan , എ. അയ്യപ്പൻ
എ. അയ്യപ്പൻ

അനുവാചക മനസ്സുകളെ ചുട്ടുപൊള്ളിക്കുന്ന അക്ഷരക്കൂട്ടുകളാൽ എരിച്ചെടുത്ത്, വിലാസമില്ലാത്തവന്റെ നോവ് കവിതയില്‍ പകര്‍ത്തിയെഴുതി സര്‍ഗ്ഗാത്മകത യുടെ ഉന്മാദം തലയ്ക്ക് പിടിപ്പിച്ച് ഒരു കവിതപോലെ പകർന്നാടുകയായിരുന്നു അയ്യപ്പൻ എന്ന കവി. ജീവിതം വെറുമൊരു നിസ്വനെപോലെ ജീവിച്ചു തീർത്ത അദ്ദേഹത്തെ അനാഥത്വവും അരക്ഷിതത്വവും ഒരു കവിയാക്കി മാറ്റുകയായിരുന്നു. മദ്യത്തിന്റെ ലഹരിയില്‍ തെരുവില്‍ നിന്ന് തെരുവിലേക്കുള്ള ദൂരം കഠിനമൂര്‍ച്ചയുള്ള കവിതകളെഴുതിയും ഉച്ചത്തിലവ പാടിയും നടന്നു തീര്‍ത്തവന്‍! അടുക്കും ചിട്ടയുമില്ലാതെ ഒഴുക്കിലൊരിലയായി ജീവിതവും തന്റെ കവിതകളും തുറന്ന പുസ്തകമായി വെച്ച് സിരകളിൽ ലഹരി നിറച്ചു നടന്നകന്നവൻ!! ഒരു ഒക്ടോബറിൽ തുടങ്ങി മറ്റൊരു ഒക്ടോബറിൽ തെരുവിൽ മുഖം ചേർത്ത് ഉറങ്ങി വീണവൻ!! കടത്തിണ്ണകളില്‍ അന്തിയുറങ്ങുമ്പോൾ ഒരുന്മാദിയെ പോലെ അയാൾ കവിത്വത്തിന്റെ കാനനഭംഗി ആസ്വദിച്ചു നടന്നിരിക്കണം. ഓരോ കവിതകളും പച്ചയായ ജീവിതത്തിന്റെ, പൊള്ളുന്ന ശരികളുടെ ഏറ്റുപറച്ചിലുകളായിരുന്നു.

1949 ഒക്ടോബർ 27നാണ് കവിയുടെ ജനനം. ധനാഢ്യരായ സ്വര്‍ണ്ണപണിക്കാരുടെ കുടുംബത്തില്‍ ജനിച്ച് ചെറുപ്പത്തിലെ അമ്മയും അച്ചനും നഷ്ടപെട്ടതുകൊണ്ട് സഹോദരിയുടെ ശിക്ഷണത്തില്‍ വളര്‍ന്ന വന്ന കവി വിവാഹിതനായിരുന്നില്ല. 2010-ല്‍ ആശാന്‍ പുരസ്കാരത്തിന് അര്‍ഹനായ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങുന്നതിനും ഏതാനും ദിവസങ്ങള്‍ക്ക് മറ്റൊരു ഒക്ടോബറിൽ  ഒരു  21 ആം തീയ്യതി തെരുവോരത്ത് ആരാലും അറിയപ്പെടാതെ മരിച്ചു കിടക്കുകയായിരുന്നു കവി!

ഷർട്ടിന്റെ കൈമടക്കിൽ ചുരുട്ടിക്കൂട്ടിവെച്ച ഒരു തുണ്ടു കടലാസിൽ അറം പറ്റുന്ന പോലെ എഴുതിവെച്ച ചില വരികളുണ്ടായിരുന്നു!! ചെന്നൈയിൽ വച്ച് ആശാൻ പുരസ്കാരം ലഭിക്കുന്ന വേളയിൽ അവതരിപ്പിക്കുവാൻ വേണ്ടി സൂക്ഷിച്ചുവെച്ചതാവണം അത്. കവിതയിങ്ങനെ:

പല്ല്

അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്

വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല

ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി…

മരണത്തെക്കുറിച്ചും മരണാനന്തര അവസ്ഥയെക്കുറിച്ചും അതില്‍ നശിക്കാതെ നില്‍ക്കുന്ന പ്രണയത്തിന്‍‌റെ ബാക്കിപത്രത്തെക്കുറിച്ചുമെല്ലാം കവി മധുരമായി പറഞ്ഞ മറ്റൊരു കവിതയിതാ:

 

കവിത കേൾക്കുക:
0:00

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ-
ആത്മതത്ത്വം പറഞ്ഞു തന്നവളുടെ ഉപഹാരം

മണ്ണ് മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം

മരണത്തിന്‍‌റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണല്ലോ!!
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണല്ലോ!!!

ഉപ്പില്‍ വിഷം ചേര്‍ക്കാത്തവനും ഉണങ്ങാത്ത മുറിവില്‍ വീശിത്തന്നവനും നന്ദി” പറഞ്ഞുകൊണ്ടു നടന്നകന്ന ഈ കവി മലയാളമനസ്സുള്ളിടത്തോളം കാലം ജീവിക്കും; കാലഭേദങ്ങളെ അതിജീവിച്ചുകൊണ്ടുതന്നെ!!

Leave a Reply

Your email address will not be published. Required fields are marked *