February 6, 2017 - Rajesh Odayanchal

കുഞ്ഞുങ്ങളുടെ കൗതുക ലോകം

ആരാധ്യ അദ്വൈത ആത്മിക കുട്ടിത്തം മാറാത്ത സംസാരം ആരു പറഞ്ഞാലും കേൾക്കാൻ രസമുള്ളതു തന്നെ. കുട്ടികളെ ഇഷ്ടപ്പെടാൻ പലർക്കും ഇതൊരു പ്രത്യേക കാരണം കൂടിയാണ്. ഏതൊരു കുട്ടിയേയും ഞാനതുകൊണ്ടുതന്നെ വളരെയേറെ ഇഷ്ടപ്പെടുന്നു. അച്ഛനാണെന്ന ബോധത്തിലുപരിയായി ആമീസിനോട് വെറുതേ അതുമിതുമൊക്കെ സംസാരിക്കാൻ ഞാനിഷ്ടപ്പെടാനുള്ള കാരണവും ഇതൊക്കെ കേൾക്കാൻ തന്നെയാണ്. മൂന്നുവയസുകാരിയുടെ ഗൗരവത്തോടെയുള്ള സംസാരം കേൾക്കേണ്ടതുതന്നെയാണ്. സംസാരിക്കുമ്പോൾ അതിനു വേണ്ടിവരുന്ന ഭാവവും കുഞ്ഞുങ്ങൾ മുഖത്ത് വരുത്തുന്നുണ്ട്. കരയുമ്പോൾ മുഖം എത്രമാത്രം ദയനീയമാവുന്നോ അതോപോലെ തന്നെ ഏതുഭാവത്തേയും അവർ നന്നായി ഉൾക്കൊള്ളുന്നു… പേടിപ്പെടുത്തുന്ന കാര്യങ്ങൾ (ആമീസിന്റെ ഭാഷയിൽ പറഞ്ഞാൽ ക്രോക്രോച്ചിനെ പറ്റി) പറയുമ്പോൾ അവളുടെ മുഖത്ത് ഭയാനകമായ പേടിതന്നെ നിഴലിക്കുന്നു; സന്തോഷകാര്യങ്ങളിൽ അതിയായ സന്തോഷം മുഖത്തുകാണാം അങ്ങനെ പോകുന്നു ആ ലിസ്റ്റ്.

ഒരുവർഷത്തോളം ആക്സിഡന്റ് കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു ഞാൻ. പലരും പറഞ്ഞതു കേട്ടിട്ടോ സംസാരിക്കുന്നത് കണ്ടിട്ടോ ആരെങ്കിലും അവളെ പറഞ്ഞു ബോധ്യപ്പെടുത്തി കൊടുത്തിട്ടോ എന്നറിയില്ല; അവൾക്കറിയാം ഒരു ബൈക്ക് ഇടിച്ചിട്ടാണ് ഞാൻ വീണതെന്നും തലയ്ക്ക് ഓപ്പറേഷൻ വേണ്ടി വന്നതെന്നും. മഞ്ജുഷ ഓഫീസിൽ പോകാൻ തുടങ്ങിയ അന്നു മുതൽ ആമിയെ എന്നും നോക്കാറുണ്ടായിരുന്ന ചേച്ചിയെ തന്നെ ശ്രദ്ധിക്കാൻ ഏൽപ്പിക്കുമായിരുന്നു. ദിവസേന വൈകുന്നേരങ്ങളിൽ ഞാനാണവളെ കൂട്ടിക്കൊണ്ടുവരാൻ പോകാറുള്ളത്. നടക്കുമ്പോൾ എന്റെ കൈയ്യും പിടിച്ച് ചാടിച്ചാടി ഡാൻസുകളിച്ച് നടക്കാൻ അവൾക്കിഷ്ടമാണ്. റോഡിലൂടെ വരുമ്പോൾ എതിരേ കാറുകൾ വന്നാലോ ലോറിയോ മറ്റോ വന്നാലോ അവൾക്ക് പ്രശ്നമുണ്ടാവാറില്ല. അവളെ ശ്രദ്ധയോടെ ഞാൻ തന്നെ പിടിച്ച് സൈഡിലൂടെ നടത്തേണ്ടതുണ്ട്. എന്നാൽ ഒരു ബൈക്ക് ദൂരെ നിന്നും വരുന്നതു കണ്ടാൽ അവൾ പേടിച്ച് എന്റെ കൈകൾ മുറുകേ പിടിച്ച് ഏറെ ഉത്തരവാദിത്വത്തോടെ സൈഡിലിലേക്ക് വലിച്ചുമാറ്റും. എന്നിട്ടു പറയും, “അച്ഛാ, ബൈക്ക് വരുന്നുണ്ട്, റോഡിലൂടെ നടക്കാതെ മാറി നിൽക്ക്, അതു പോയിട്ട് നമുക്ക് പോകാം“ എന്ന്. ഭീതിതമാവും അവളുടെ കണ്ണുകൾ. എന്റെ കൈവിടാതെ തന്നെ ബൈക്ക് പോയി മറയുംവരെ അവൾ വഴിയോരത്ത് അടങ്ങി ഒതുങ്ങി നിൽക്കും. അവളുടെ അനുവാദം കിട്ടിയാൽ മാത്രമേ ശേഷിച്ച യാത്രയ്ക്ക് ഞാൻ ഒരുങ്ങാറുള്ളൂ…

Aatmika rajesh

ഇതുപോലെ എന്നെ അത്ഭുതപ്പെടുത്തിയെ കാര്യങ്ങൾ ഏറെയാണ്. ഓർമ്മയും ബോധവും നശിച്ചിരുന്ന എനിക്ക് ഇതൊക്കെ തിരിച്ചു കിട്ടുമ്പോഴേക്കും ഓപ്പറേഷന്റെ മുറിവുകളൊക്കെ ഉണങ്ങിയിരുന്നു. ഓപ്പറേഷൻ കഴിഞ്ഞതായി അറിഞ്ഞത് തന്നെ ആരോ പറഞ്ഞിട്ടായിരുന്നു. 18 ഓപ്പറേഷൻ കഴിഞ്ഞിരുന്നു എന്നതായിരുന്നു എന്റെ അപ്പോഴത്തെ ചിന്ത തന്നെ. ഇതേ, കാര്യം ആരോടെങ്കിലും പറഞ്ഞിരുന്നോ എന്നറിയില്ല. ഓപ്പറേഷൻ കഴിഞ്ഞതെവിടെയാണെന്നും എത്രത്തോളം അതിനും വലിപ്പം ഉണ്ടെന്നും ഞാൻ മനസ്സിലാക്കിയത് പിന്നേയും ഏറെ വൈകി ബാക്കിവന്ന പാടുകൾ അളന്നു നോക്കിയിട്ടായിരുന്നു. ഓർമ്മയിൽ ആമീസു വന്ന് മരുന്നു വെച്ചു തരുന്നതൊക്കെ ഇപ്പോഴും മറക്കാതെ നിൽക്കുന്നുണ്ട്.

അവൾ മരുന്നൊന്നും വെയ്ക്കില്ലായിരുന്നു. ഓയിൽമെന്റ് പോലെ എന്തോ ഒന്നു കൊണ്ടുവന്ന് അടുത്ത് വെയ്ക്കുന്നതായും അതിന്റെ അടപ്പു തുടക്കുന്നതായും അവൾ അഭിനയിക്കുകയായിരുന്നു പതിവ്. പിന്നെ അതു മല്ലെ അവളുടെ വിരലിലാക്കിയിട്ട് വളരെ പതുക്കെ എന്റെ തലയിൽ ചേച്ചു തരുമായിരുന്നു. എനിക്കന്ന് വേദനയേ ഇല്ലാത്ത സമയമായിരുന്നു. എങ്കിലും അവളുടെ ശുശ്രൂഷയിൽ ഞാൻ ഏറെ തൃപ്തനായിരുന്നു.

പിന്നീട് ഏറെ വൈകി, ഞാൻ ഗുളികയും മരുന്നുമൊക്കെ അവളുടെ കൈയ്യിൽ കൊടുത്തിട്ട് അതു വാങ്ങിച്ചു കഴിക്കാൻ തുടങ്ങി. ഗുളികകൾ ഒക്കെ അവൾ തന്നെ കൃത്യമായി വായിൽ വെച്ചു തരും; എനിക്ക് വെള്ളമൊന്ന് എടുത്ത് കഴിച്ചാൽ മതി. കൃത്യമായി മരുന്നെടുത്ത് തരാനും അവൾക്ക് പറ്റുന്നുണ്ട്. ഇന്നും മുടങ്ങാതെ അതു നടക്കുന്നു. എന്നും രാത്രിയിൽ മാത്രമാണിതിനുള്ള അവസരം കൊടുത്തിരുന്നത്. നിസാരപ്രശ്നങ്ങൾക്ക് പോലും പിണങ്ങിയിരിപ്പാണെങ്കിൽ കൂടി മരുന്നു ചോദിച്ചാൽ അവൾ ഓടിപ്പോയി അതെടുത്തുകൊണ്ടുവന്നിട്ട് ഒന്നും മിണ്ടാതെ തന്നെ അതു തരുമായിരുന്നു. പിണക്കം മുഖത്ത് കാണിച്ചാലും, മരുന്നു വായിലൊഴിച്ചുതന്ന ശേഷം എന്റെ കാലുകളിൽ കെട്ടിപ്പിടിച്ച് ഒന്നും മിണ്ടാതെ നിന്നോളും – അല്പനേരം. അന്നേരം വാരി എടുത്ത് ഒന്നു കൊഞ്ചിച്ചാൽ പിണക്കമൊക്കെ പമ്പ കടക്കും. കുഞ്ഞുമനസ്സ് അത്രമാത്രം ലളിതമാണ്.

രാവിലെ ഓഫീസിൽ വരുന്ന സമയത്ത് മിക്കപ്പോഴും അവൾ ഉണരാത്തതിനാൽ ഞാൻ തന്നെ മരുന്നു കഴിക്കുമായിരുന്നു. ചിലപ്പോളൊക്കെ അവൾ ഉണർന്നാലും അവൾ കാണാതെ കഴിക്കാറാണു പതിവ്. വരാൻ നേരത്ത് ഉമ്മ കൊടുത്ത് റ്റാറ്റ പറയുമ്പോൾ അവൾ കൃത്യമായി ഓർമ്മിപ്പിക്കുന്ന കാര്യമാണ് “അച്ഛാ, രാവിലത്തെ മരുന്നു കഴിച്ചിരുന്നോ“ എന്ന്. കൂടാതെ ഒരു മരുന്ന് രാവിലെ കഴിക്കേണ്ടതില്ലായിരുന്നു, അതും അവൾ ചോദിക്കും, അറീയാതെ എങ്ങാനും അതു കഴിച്ചോ എന്നറിയാൻ വേണ്ടി. ഓർമ്മപ്പെടുത്തലുകൾ ഏറെ ഹൃദ്യമാണ്. ഇറങ്ങാൻ നേരം മഞ്ജു പലതും ഇങ്ങനെ ഓർമ്മിപ്പിക്കാറുണ്ടെങ്കിലും ആമീസിന്റെ ഓർമ്മിപ്പിക്കൽ ഏറെ ഹൃദ്യമാവാറാണു പതിവ്. കേവലം മൂന്നുവയസ്സു പ്രായമുള്ള കുഞ്ഞുപോലും ഓർമ്മയോടെ ഇരിക്കുന്നൊരു കാര്യം പലപ്പോഴും ഞാൻ മറന്നുപോവുന്നതിന്റെ വിഷാദം ഉണ്ടെന്നാവിലും… ആമിയോട് കഴിച്ചു മോളേ എന്നു പറയുമ്പോൾ കണ്ണു നിറഞ്ഞുപോവും. ഇന്നു രാവിലെയും ഇതുതന്നെ സംഭവിച്ചതാണ് ഈ കുറിപ്പെഴുതാൻ തന്നെ കാരണം. ഭാവിയിൽ അവൾ വായിച്ച് സന്തോഷിക്കാനിട വരട്ടെ.

Aatmika-Rajesh-Manjushaകുഞ്ഞുങ്ങളുടെ ജീവിതം വളരെ ലളിതമാണ്. സന്തോഷിക്കാനും സഹകരിക്കാനും കരയാനും ഒക്കെ അവർക്ക് ചെറിയ കാര്യങ്ങൾ മാത്രം മതി. ചില കാര്യങ്ങളിൽ വെറുതേ ചെയ്തുകൊണ്ടിരിക്കുന്നതും ഇത്തരം നിസാരകാര്യങ്ങൾക്കു വേണ്ടി മാത്രമാണു താനും. കുമിളകളായി ഊതിപ്പറപ്പിക്കാൻ പറ്റുന്ന സോപ്പുവെള്ളം പോലെയൊരു സംഗതി വാങ്ങിക്കാൻ കിട്ടുന്നുണ്ട്. ചെറിയ കുപ്പിയാണ്. അതിൽ ചെറിയൊരു റിങ് പോലൊരു സംഗതിയും ഉണ്ട്. ആ റിങ്, കുപ്പിയിലെ സോപ്പു വെള്ളത്തിൽ മുക്കി പുറത്തെടുത്ത് അതിലേക്ക് ഊതിയാൽ നിറയെ കുമിളകൾ പുറത്തേക്ക് വരും. റിങിന് അല്പം നീളം കൂടുതലാണ്. കുപ്പിയും അതിനു തുല്യം തന്നെ. ഒരു കുപ്പിക്ക് 40 രൂപ വിലവരും – വിലയൊക്കെ തട്ടിപ്പാണ്, അതു ശ്രദ്ധിക്കാറില്ല. ആമീസിന് ആ കുമിൾകൾ പറന്നു പോവുന്നതുകാണാൽ വലിയ സന്തോഷമാണ്. അവൾ തന്നെ അത് പറത്തും. അത് കൃത്യമായി മഞ്ജുവിനേയും എന്നേയും കാണിച്ചു തരികയും ചെയ്യും.

Aatmika rajesh kids playing

പണി നിർത്തിയ സോപ്പുവെള്ളം നിറച്ച ഡപ്പിയും റിങ്ങും

എന്നാൽ കുപ്പിയിലെ വെള്ളം പകുതിയായാൽ റിങ് മുഴുവനായി സോപ്പുവെള്ളത്തിൽ നനയില്ല. അങ്ങനെ നനഞ്ഞാൽ മാത്രമേ, ആ സോപ്പു വെള്ളം കൊണ്ടു കുമിളകൾ പറത്താൻ പറ്റുകയുള്ളൂ. നേർ പകുതിവരെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ഉപയോഗിക്കാം എന്നുമാത്രം. അതിനെ കൊണ്ട് ഇനി കുമിളകൾ ഉണ്ടാക്കാൻ പറ്റില്ല ആമീസേ എന്നു പറഞ്ഞാൽ പോലും അവളത് ശ്രദ്ധിക്കാതെ ശ്രമിച്ചു കൊണ്ടേ ഇരിക്കും. പലതവണ ഒരേകാര്യം ചെയ്ത് പരാജയപ്പെട്ടാലും അവൾ പരാതിയില്ലാതെ പരിപാടി തുടർന്നു കൊണ്ടേ ഇരിക്കും – ഒരു വ്രതം പോലെ. കുമിളകൾ പറന്നോളും എന്ന പ്രതീക്ഷ മാത്രമാണതു ചെയ്യിക്കുന്നത്. അവൾ കാണാതെ ആ കുപ്പിയിലെ വെള്ളം പുറത്തെടുത്തു കളയാവുന്നതേ ഉള്ളൂ. എങ്കിലും അങ്ങനെ കളയാൻ എന്തോ മനസ്സനുവദിക്കാറില്ല. ഇനിയിതുകൊണ്ട് കുമിളകൾ വരുത്താൻ പറ്റില്ല എന്നു കരുതി അവൾ തന്നെ നിർത്തിക്കോളും എന്നുള്ള പ്രതീക്ഷയാണതിനു പിന്നിൽ. അവൾ ഒരു മൂലയിൽ ഇരുന്ന് ശ്രമിച്ചുകൊണ്ടേയിരിക്കും പരിശ്രമിച്ചു കൊണ്ടേ ഇരിക്കും. ആർക്കു കണ്ടാലും സങ്കടം തോന്നുന്ന കാര്യമാണത്.

ഈ പരിപാടിയുടെ നല്ല സമയത്ത് അവൾ വെള്ളത്തിൽ മുക്കി റിങ്ങെടുത്ത് ഊതാൻ ശ്രമിക്കുമ്പോൾ മഞ്ജു കേറി ഇടപെട്ട് അവൾക്കുമുമ്പേ ഊതി കുമിളകൾ പറത്തിയിരുന്നു. ഇതുകാണുമ്പോൾ കുഞ്ഞിനേക്കാൾ ദേഷ്യം എനിക്കാണു തോന്നാറുള്ളത്. മഞ്ജു തമാശയ്ക്ക് ചെയ്യുന്നതാവും, എങ്കിലും എളിമയോടെ ചെയ്യുന്നതാണെങ്കിലും അവൾ നൽകുന്ന പരിശ്രമം ഏറെ വലുതാണ്. എത്രശ്രമിച്ചാലും മഞ്ജു ഇതു തുടർന്നുകൊണ്ടേ ഇരിക്കുമ്പോൾ സങ്കടം കൊണ്ട് ആ കുഞ്ഞുമുഖം വിങ്ങുന്നതുകാണാം. ഏറെ ലളിതമായ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹം അവർക്കു നൽകുന്ന സന്തോഷം അതിലേറെ വലുതാണ്. നിസാരമെങ്കിലും കുഞ്ഞുസന്തോഷങ്ങൾ അവർക്കു നൽകുന്നത് ഗംഭീരമായ അത്ഭുതങ്ങൾ കൂടിയാണ്. ഇതൊക്കെ കണ്ടിരിക്കുക എന്നത് ഏറെ ഹൃദ്യവുമാണ്.

Aatmika / Featured / Personal / Stories Aatmika / accident / children / kids /

Leave a Reply

Your email address will not be published. Required fields are marked *