പന്തങ്ങൾ – ചോര തുടിക്കും ചെറുകയ്യുകളേ

പന്തങ്ങൾ – ചോര തുടിക്കും ചെറുകയ്യുകളേ

chora thudikkum cheru kayyukale peruka vannee - panthangal

കവിത കേൾക്കുക
0:00

മറ്റു കവിതകൾ കാണുക

ചോര തുടിക്കും ചെറുകയ്യുകളേ
പേറുക വന്നീ പന്തങ്ങൾ
ഏറിയ തലമുറയേന്തിയ പാരിൻ
വാരൊളി മംഗള കന്ദങ്ങൾ

പണ്ടു പിതാമഹർ കാട്ടിൻ നടുവിൽ ചിന്തകളുരസിടുമക്കാലം
വന്നു പിറന്നിതു ചെന്നിണമോലും വാളു കണക്കൊരു തീനാളം

സഞ്ചിതമാകുമിരുട്ടുകളെല്ലാം സംഭ്രമമാർന്നോരന്നേരം
മാനവർ കണ്ടാരഗ്നിസ്മിതമതിൽ മന്നിലെ വിണ്ണിൻ വാഗ്ദാനം

ആയിരമായിരമാത്തീ ചുംബിച്ചാളി വിടർന്നൊരു പന്തങ്ങൾ
പാണിയിലേന്തി പാടിപ്പാടിപ്പാരിലെ യുവജന വൃന്ദങ്ങൾ

കാലപ്പെരുവഴിയൂടെ പോന്നിതു കാണെക്കാണെ കമനീയം
കാടും പടലും വെണ്ണീറാക്കി കനകക്കതിരിനു വളമേകി

കഠിന മിരുമ്പു കുഴമ്പാക്കിപ്പല കരുനിര വാർത്തു പണിക്കേകി
അറിവിൻ തിരികൾ കൊളുത്തിക്കലകൾക്കാവേശത്തിൻ ചൂടേകി

മാലോടിഴയും മർത്ത്യാത്മാവിനു മേലോട്ടുയരാൻ ചിറകുതകി
പാരിൽ മനുഷ്യ പുരോഗമനക്കൊടി പാറിച്ചവയീ പന്തങ്ങൾ

മെത്തിടു മിരുളിലിതിലെത്ര ചമച്ചു പുത്തൻ പുലരിച്ചന്തങ്ങൾ
ധൃഷ്ടത കൂടുമധർമ്മ ശതത്തിൻ പട്ടട തീർത്തു പന്തങ്ങൾ

പാവനമംഗളഭാവി പഥത്തിൽ പട്ടു വിരിച്ചു പന്തങ്ങൾ
മർത്ത്യ ചരിത്രം മിന്നലിലെഴുതീയിത്തുടു നാരാചന്തങ്ങൾ

പോയ്മറവാർന്നവർ ഞങ്ങൾക്കേകി കൈമുതലായീപ്പന്തങ്ങൾ
ഹൃദയനിണത്താൽ തൈലം നൽകി പ്രാണമരുത്താൽ തെളിവേകി

മാനികൾ ഞങ്ങളെടുത്തു നടന്നു വാനിനെ മുകരും പന്തങ്ങൾ
ഉച്ചലമാക്കീയൂഴിയെ, ഞങ്ങടെയുജ്ജ്വല ഹൃദയസ്പന്ദങ്ങൾ

അടിമച്ചങ്ങല നീറ്റിയുടപ്പാൻ അഭിനവ ലോകം നിർമ്മിപ്പാൻ
ആശയ്ക്കൊത്തു തുണച്ചു ഞങ്ങളെ ആളിക്കത്തും പന്തങ്ങൾ

കൂരിരുളിൻ വിരിമാറു പിളർത്തീച്ചോരകുടിയ്ക്കും ദന്തങ്ങൾ
വാങ്ങുകയായി ഞങ്ങൾ, കരുത്തൊടു വാങ്ങുക വന്നീപ്പന്തങ്ങൾ

എരിയും ചൂട്ടുകളേന്തിത്താരകൾ വരിയായ്‌ മുകളിൽ പോകുമ്പോൾ
ചോര തുടിയ്ക്കും ചെറുകയ്യുകളേ പേറുക വന്നീപ്പന്തങ്ങൾ

എണ്ണീടാത്തൊരു പുരുഷായുസ്സുകൾ വെണ്ണീറാകാം പുകയാകാം
പൊലിമയൊടെന്നും പൊങ്ങുക പുത്തൻ തലമുറയേന്തും പന്തങ്ങൾ

കത്തിന വിരലാൽ ചൂണ്ടുന്നുണ്ടവ മർത്ത്യ പുരോഗതി മാർഗ്ഗങ്ങൾ
ഗൂഢതടത്തിൽ മൃഗീയത മരുവും കാടുകളുണ്ടവ, കരിയട്ടെ

വാരുറ്റോരു നവീനയുഗത്തിൻ വാകത്തോപ്പുകൾ വിരിയട്ടെ
അസ്മദനശ്വര പൈതൃകമാമീയഗ്നി വീടർത്തും സ്ക്കന്ദങ്ങൾ

ആകെയുടച്ചീടട്ടേ മന്നിലെ നാകപുരത്തിൻ ബന്ധങ്ങൾ
ചോര തുടിയ്ക്കും ചെറുകയ്യുകളേ പേറുക വന്നീപ്പന്തങ്ങൾ…

മലയാള കാവ്യലോകത്ത് സഹ്യന്റെ തലയെടുപ്പോടെ നിറഞ്ഞുനിന്ന ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോൻ എഴുതിയ കവിത.

10 thoughts on “പന്തങ്ങൾ – ചോര തുടിക്കും ചെറുകയ്യുകളേ

    1. കവിതകളും പാട്ടുകളും ഒക്കെ കോപ്പിറൈറ്റഡ് ആണ്. എന്റെ സൈറ്റാണെങ്കിൽ Creative Commons Attribution ഇൽ ഉള്ളതും. ഇങ്ങനെ പ്രദർശിപ്പിക്കുന്നതു തന്നെ കോപ്പിറൈറ്റ് നിയമപ്രകാരം കുറ്റകരമാണ്. ഇവിടെ എനിക്കിഷ്ടപ്പെട്ട പാട്ടുകളും കവിതകളും ശേഖരിച്ചു വെയ്ക്കുന്നു എന്നതിനപ്പുറം എല്ലാവർക്കും ഫ്രീയായി ഡൗൺലോഡ് ചെയ്തെടുക്കാനും കൂടി പറയാൻ പറ്റുമോ? പക്ഷേ, ഇഷ്ടപ്പെട്ട കവിത വേണമെങ്കിൽ ഞാൻ മെയിൽ വഴി അയച്ചുതരാം 🙂 ആരും അറിയേണ്ട…

  1. ഇതു എഴിത രാഷ്ടീയ പശ്ചാതലം വല്ലതും ലഭ്യമാണൊ

    1. വൈലോപ്പീള്ളിയുടെ കവിതകൾ അന്നത്തെ സാമൂഹികവീക്ഷണത്തിന്റെ സര്‍ഗാത്‌മകമായ ബിംബങ്ങളാണ്. കവിതയിലൂടെ പൌരുഷത്തിന്റെ മൂപ്പും മുഴക്കവുമുള്ള ശബ്‌ദം കേൾപ്പിച്ച് ജനതതിയെ ഉണർത്താൻ ശ്രമിച്ചൊരു കവിയാണദ്ദേഹം.മുഖാവരണം ഒന്നും എടുത്തണിയാതെ, മനസ്സിന്റെ ഉള്ളറകള്‍ തുറന്നുകാണിക്കുന്ന കവിതകളാണവയൊക്കെയും. കാല്പനികത മായം കലർത്തിയ ഇടപ്പള്ളിയുടേയും ചങ്ങമ്പുഴയുടേയും അല്ല നിൽപ്പ്, കടുത്ത യാഥാർത്ഥ്യത്തിലാണ്… അങ്ങനെയുള്ളൊരു കവിതയാണു പന്തങ്ങൾ.ഒരു ഉണർത്തുപാട്ടുപോലെ ആൾകൾ അന്നത് ഏറ്റെടുത്തിരുന്നു. ഇതൊക്കെ പണ്ട് വായിച്ചറിഞ്ഞ കാര്യങ്ങളാ… അല്ലാതെ എനിക്കൊന്നും വ്യക്തമായി അറിയുകയില്ല.

Leave a Reply

Your email address will not be published. Required fields are marked *