April 12, 2013 - Rajesh Odayanchal

ഞാനാ ഫോറസ്റ്റിനോട് ചെയ്തത്…

malom-forest-odayanchalകേരള കർണാടക അതിർത്തിയിൽ പെട്ട മാലോം റിസേർവ്ഡ് വനാതിർത്തിയോട് ചേർന്നാണ് ഒടയഞ്ചാലിലെ എന്റെ വീട്. എന്റെ ബാല്യകൗമാരങ്ങളിൽ ഏറെ നിറഞ്ഞു നിന്ന കഥാപാത്രമാണ് ഈ വനം. വളരെ ചെറുപ്പത്തിൽ ഈ വനം എനിക്കേറെ ഭീതിതമായിരുന്നു. രാത്രികാലങ്ങളിൽ ചീവിടുകളുടെ നീട്ടിവിളിച്ചുള്ള ചൂളംവിളികളും വിവിധയിനം പക്ഷി-മൃഗാദികളുടെ കരച്ചിലികളും എന്നെ ഭയപ്പെടുത്തുമായിരുന്നു. വീടിരിക്കുന്ന സ്ഥലത്തോട് ചേർന്നുതന്നെ കിടക്കുന്ന ഈ വനത്തിന്റെ സമീപത്തുകൂടി അന്നു ഞാൻ ഒറ്റയ്ക്കു പോവുമായിരുന്നില്ല. പക്ഷേ, ആ ഭയപ്പാടുകൾ വളരെ പെട്ടന്നു മാറിവന്നു; വളർന്നു വന്നപ്പോൾ ആ വനമേഖല എനിക്കേറെ പ്രിയപ്പെട്ടതായി മാറി!

സമപ്രായക്കാരാരുമില്ലാത്ത ഒറ്റപ്പെട്ടതായിരുന്നു കുട്ടിക്കാലം. രാമായണം ദൂരദര്‍‌ശനില്‍‌ കൊടുമ്പിരി കൊള്ളുന്ന കാലം. മുളവടി വളച്ചു വില്ലുണ്ടാക്കി, കുടക്കമ്പി കൂര്‍‌പ്പിച്ച് അമ്പുണ്ടാക്കി ആണ്ണാറക്കണ്ണനേയും പക്ഷികളേയും അമ്പെയ്‌തു വീഴ്‌താന്‍ കാടുകള്‍‌ കയറിയിറങ്ങിയ ഒരു സുവര്‍‌ണക്കാലം ആയിരുന്നു അത്. ഒരു പക്ഷിയേപ്പോലും കിട്ടിയിട്ടില്ലെങ്കിലും വില്ലു തോളിലിടുമ്പോള്‍‌ ഞാനുമൊരു ശ്രീരാമനാണെന്ന തോന്നല്‍‌! ഒരു സംതൃപ്‌തി!! വിശ്വാമിത്രന്റെ യാഗം അലങ്കോലമാക്കാന്‍‌ വന്ന രാക്ഷസന്മാരെന്നു സങ്കല്‍‌പിച്ച് വന്മരങ്ങള്‍‌ക്കു നേരെ അമ്പുകളയക്കും. ആത്മനിര്‍‌വൃതിയിലും അഹംബോധത്തിലും തെളിഞ്ഞ ആ കുട്ടിക്കാലം എന്റെ സ്വകാര്യലോകമായിരുന്നു. അവിടെ രജാവും പ്രജയും ഞാന്‍‌ തന്നെ; കല്പിക്കുന്നതും അനുസരിക്കുന്നതും ഞാന്‍‌ തന്നെ. കാടുകളും തോടുകളും എന്റെ സാമ്രാജ്യമാണ്. ഉച്ചവെയിലിന്റെ തീച്ചൂടോ കാടിന്റെ നിഗൂഡതയോ അന്നെന്നെ ഭയപ്പെടുത്തിയില്ല. ഞാനിങ്ങനെ മഴയെന്നോ വെയിലെന്നോ ഇല്ലാതെ വനത്തിൽ അലഞ്ഞു നടക്കുമായിരുന്നു.

ആയിടയ്‌ക്കൊരു കളിക്കൂട്ടുകാരിയെ കിട്ടി. ആണെന്നും പെണ്ണെന്നും കല്പിച്ച്‌ ജീവിക്കാനായി ഭൂമിയിലേക്കയച്ചപ്പോള്‍‌ പ്രകൃതി കനിഞ്ഞരുളിയ അഭേദ്യമായൊരു വരദാനത്താലായിരിക്കാം അവളുടെ മണ്ണപ്പം ചുടലും വീടുവെയ്‌ക്കലുമൊന്നും എനിക്കു രസിച്ചില്ലെങ്കിലും അവളുടെ സാന്നിധ്യം എന്നെ സന്തോഷവാനാക്കിയിരുന്നത്..! അവള്‍‌ കടലാസുപൂവുകള്‍‌ കോര്‍‌ത്തു മാലയുണ്ടാക്കി എന്നെ സ്വയം‌വരം ചെയ്യും. മൂകസാക്ഷിയായ ആ വനം അന്നു കുരവയിട്ട് അതാഘോഷിച്ചതോർക്കുന്നു. ഇളംകാറ്റാൽ ഞങ്ങളെ തലോടിയുറക്കിയിട്ടുണ്ട് ആ കാട്. ഞങ്ങള്‍‌ ഭാര്യാഭര്‍‌ത്തക്കന്മാരാവും, ചിലപ്പോള്‍‌ അമ്മയും കുഞ്ഞുമാവും. അവളെന്നെ അവളുടെ കുഞ്ഞുമടിയില്‍‌ കിടത്തി താരാട്ടുപാടും. എനിക്ക് അമ്മിഞ്ഞപ്പാലു തരും. അവളുടെ കൊച്ചുകുടിലില്‍‌ ഞങ്ങള്‍‌ ചുരുണ്ടുകിടക്കും. ചിരട്ടകളില്‍‌ മണ്‍‌ചോറു വിളമ്പി അവളെന്നെ ഊട്ടും. എന്തിനുമേതിനും പിന്നീടവള്‍‌ വേണമെന്നായി. സ്ത്രൈണതയുടെ കാപട്യങ്ങളൊന്നുമില്ലാതെ നിഷ്‌കളങ്കമായൊരു ജീവിതം അവളെനിക്കു തന്നു! ഞാനെന്റെ വില്ലുപേക്ഷിച്ചു; അമ്പുപേക്ഷിച്ചു…!! ആ കാടും അവളും അടങ്ങുന്ന കുഞ്ഞുലോകത്ത് അങ്ങനെ പാറി നടന്നു കുറേ കാലം!

ഞാന്‍‌ വളര്‍‌ന്നു. എന്നേക്കാള്‍‌ രണ്ടുവയസ്സിനു മൂത്ത അവള്‍‌ എന്നേക്കാള്‍‌ വേഗം വളര്‍‌ന്നു. തിരിച്ചറിവ് അവളെ എന്നില്‍‌ നിന്നകറ്റി. അവള്‍‌ പക്വതയുടെ ചിറകിലേറി ഏതോ സാങ്കല്പിക പ്രപഞ്ചത്തിലേക്കെത്തി. അവിടെ അവളെക്കാത്ത് തീവ്രമായ വിശ്വാസങ്ങളും പ്രമാണങ്ങളുമുണ്ടായിരുന്നു. അവളതൊക്കെ പഠിച്ചുവെച്ചു. ആണെന്നു പറയുന്നത് പെണ്ണിന്റെ വിപരീതമാണത്രേ! മിത്രത്തിനു ശത്രു എന്ന പോലെ. പകലിനു രാത്രിയെന്നപോലെ ദൈവത്തിനു ചെകുത്താനെന്നപോലെ. കൂടെ നടക്കതെ അവള്‍‌ വഴിമാറിപ്പോയി. വലിയ പാവാടയിട്ടവള്‍‌ എന്റെ മുന്നില്‍‌ പക്വത ചമഞ്ഞപ്പോള്‍‌ ഞാനുമവളെ ഉപേക്ഷിച്ചു.

ഞാൻ പിന്നെയും വളർന്നു… പകൽ സമയങ്ങളിലെ എന്റെ പഠനം കാട്ടിലെ വലിയൊരു പാറപ്പുറത്തായിരുന്നു. ആ വലിയ പാറപ്പുറത്ത് പുസ്തകങ്ങൾ വെയ്ക്കാനും വെച്ചെഴുതാനും ഒക്കെയുള്ള സംവിധാനങ്ങൾ പ്രകൃതി തന്നെ ഒരുക്കിത്തന്നിരുന്നു. എന്റെ വരവ് കാത്ത് യുഗങ്ങളായി ആ വലിയ പാറക്കെട്ട് കാത്തിരിക്കുകയായിരുന്നോ എന്നെനിക്ക് തോന്നിയിട്ടുണ്ട്. കാരണം, കാടു മൂടിക്കിടന്ന ആ പാറക്കെട്ട് ഒന്നുരണ്ടാഴ്ച അവിശ്രമം പണിയെടുത്ത് വൃത്തിയാക്കിയെടുത്തത് അന്നത്തെ എന്റെ കുഞ്ഞു കൈകളായിരുന്നു. എന്റെ ഡീഗ്രിക്കാലം കഴിഞ്ഞതിനുശേഷം അങ്ങോട്ടുള്ള പോക്കു നിലച്ചു. പാറക്കെട്ട് വള്ളിപ്പടർപ്പുകളാൽ വീണ്ടും മൂടി. അനല്പമായ ഗൃഹാതുരതയോടെ ഞാൻ ഈയിടെ അങ്ങോട്ട് പോയിരുന്നു. എനിക്കെന്തോ അതിനു മുകളിലേക്ക് കയറുവാൻ കഴിഞ്ഞില്ല. പാറ വലുതായതോ!! വലിഞ്ഞുകയറാൻ മഞ്ജു ഒട്ടു സമ്മതിച്ചതും ഇല്ല. അവളെ ഒക്കെയൊന്നു കാണിക്കാം എന്നു കരുതി പോയതായിരുന്നു.

സമീപത്ത് നിൽക്കുന്ന കാട്ടുമാവ് ആരോരുമില്ലാതെ ഏറെ പരിഭവം പറയുന്നതായി തോന്നി. അന്നതിൽ നിറയെ ഉറുമ്പുകളായിരുന്നു. ഉയർത്തി പിടിച്ച കുണ്ടിയിൽ ആസിഡും നിറച്ച് നടക്കുന്ന ആ ചുവന്ന ഉറുമ്പ് തന്നെ! മാവിൽ കയറി പറിക്കൽ നടക്കില്ല. വലിയ വണ്ണമുള്ള അതിന്റെ തായ്‌ത്തടിക്ക് ശിഖരങ്ങളൊന്നുമില്ലാതെ നാലഞ്ചാൾ പൊക്കമുണ്ടായിരുന്നു. മാമ്പഴം വീണുതന്നെ കിട്ടണം! എങ്കിലും രാവിലെ വന്നു നോക്കിയാൽ ഒരു വലിയ സഞ്ചി നിറയെ മാമ്പഴമുണ്ടാവും താഴെ! പാറപ്പുറത്തിരുന്ന് എത്രമാങ്ങകൾ നുണഞ്ഞിറക്കിയിട്ടുണ്ട്! അതു പോരാഞ്ഞ് അണ്ണാറക്കണ്ണനോട് മാമ്പഴമിട്ടുതരാനായി നൂറ്റൊന്നാവർത്തി മന്ത്രമുരുവിട്ട് പഠനം നിർത്തിവെച്ച ദിനങ്ങൾ എത്രയാണ്!! ഇന്നാ ഉറുമ്പുകളൊക്കെ എങ്ങോ പോയിരിക്കുന്നു. ദ്രവിച്ച ചില ശിഖരങ്ങളൊക്കെ വള്ളിപ്പടർപ്പുകളാൽ വലിഞ്ഞു മുറുക്കിക്കെട്ടി മുകളിൽ തന്നെയുണ്ട്. എനിക്കെന്തോ എന്നോടുതന്നെ ഒരു അവജ്ഞ തോന്നിയ നിമിഷം. ഒന്നും പറയാതെ മഞ്ജുവിന്റെ കൈയും പിടിച്ച് അവിടം വിടുകയായിരുന്നു.

എന്റെ കുഞ്ഞു കുസൃതിത്തരങ്ങളും കുരുത്തക്കേടുകളും കണ്ട് ഏറെ സന്തോഷിരിക്കണം ഈ വനം; അടക്കിപ്പിടിച്ച ചിരിയൊച്ച കേട്ടപോലെ അന്നു പലപ്പോഴും ഞാൻ ചുറ്റും നോക്കിയതോർക്കുന്നു. പ്രിഡിഗ്രി കാലം തൊട്ട് കൂട്ടുകാരുടെ വരവും തുടങ്ങി. അകലങ്ങളിൽ താമസിക്കുന്ന അവർക്ക് ഈ കാടൊരു അത്ഭുതമായിരുന്നു. ആൺ-പെൺ ഭേദമില്ലാതെ ഇവർ എത്തുമ്പോൾ, ഉച്ചയ്ക്കു മുമ്പ് ഒരു റൗണ്ട് ഫോറസ്റ്റ് യാത്ര സ്ഥിരം പരിപാടിയാക്കി മാറ്റി. നാട്ടിലെ കൂട്ടുകാർ പരിഭവം പറയും. പെൺ കുട്ടികളേയും കൊണ്ട് ഞാൻ കാടുകേറുന്നത് മറ്റെന്തിനോ വേണ്ടിയെന്നവർ കളിയാക്കിയിരുന്നു. എന്തായാലും എന്റെ എല്ലാ കുസൃതിത്തരങ്ങൾക്കും ഒള്ള ഏകസാക്ഷിയാണ് എന്റെയീ പ്രിയപ്പെട്ട ഫോറസ്റ്റ്.

വനത്തിലും പുരോഗതികൾ വന്നു. കടന്നുചെല്ലാനായി ഊടുവഴികൾ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം ചൂരൽ കാടുകളാൽ കെട്ടുപിടിച്ച് കിടക്കുന്ന നിബിഢത. വഴിമാറിയൊരു യാത്ര അന്നു പറ്റില്ലായിരുന്നു. പുത്തൻ പരിഷ്കാരങ്ങൾ പ്രകാരം അടിക്കാടുകൾ മുഴുവൻ ചിലർ വന്ന് വെട്ടിത്തെളിച്ചു. കാട്ടിനുള്ളിൽ നല്ല പ്രകാശം വന്നു, മുള്ളുമുരിക്കുമൂർഖൻ പാമ്പുകളൊക്കെ എങ്ങോ പോയി മറഞ്ഞു. പക്ഷികളുടെ പാട്ടു നിലച്ചു; പേരിനു പോലും ഒരു പാമ്പിനേയോ പഴുതാരയേയോ കാണാനില്ലാതായി. പന്നികളും കുരങ്ങുകളും കലമാനും മറ്റു നിരവധി വിശേഷജീവികളും അന്ന് സ്വൈരസഞ്ചാരം നടത്തിയിരുന്ന ആ വനമിപ്പോൾ ശോകമൂകമാണ്. ഒച്ചയനക്കമൊന്നുമില്ല. നേർത്ത തേങ്ങലുയരുന്നതു പോലെ നമുക്കു ചിലപ്പോൾ തോന്നിയേക്കാം. അതിരുകൾ ജണ്ട കെട്ടി വേർതിരിച്ച് വനത്തിനവർ പരിധി നിശ്ചയിച്ചു.

ഇതു വനമാണോ വനത്തിന്റെ അസ്തികൂടമാണോ എന്നുതോന്നുമാറ് തരിശായതുപോലെ തോന്നി. കുട്ടിത്തം നിറഞ്ഞ കൗതുകം ഇനി പുതുതലമുറയ്ക്ക് നൽകാൻ ഈ വനത്തിന്റെ കൈയ്യിലിപ്പോൾ എന്തുണ്ട്? എങ്കിലും ഓരോ മഴക്കാലവും ഒരു പുത്തൻ ഉണർവ് വനത്തിനേകുന്നുണ്ടെന്നു പറയാതെ വയ്യ! വൻ‌മഴയിൽ ആ പഴയ രൗദ്രതാണ്ഡവും മുഴങ്ങിക്കേൾക്കാം. എനിക്കന്നത് ഒരു താരാട്ടുപാട്ടായിർന്നു എന്നു ഞാനോർക്കുന്നു. പ്രചണ്ഡമായ ആ ഘനഭീകരതയിൽ ഞാൻ സുഖമായി ഉറങ്ങുമായിരുന്നു. വീണ്ടുമൊരു മഴക്കാലത്തിനു വെറുതേ ആശിക്കുകയാണ്. ഒക്കെ തിരിച്ചുപിടിക്കാൻ ഉള്ളിൽ നിന്നാരോ പറയുന്നുണ്ട്. ഒരു കുറ്റബോധം എവിടെയോ നിഴലിക്കുന്നതു പോലെ.. പോകണം. ഈ വരുന്ന പെരുമഴക്കാലത്ത് ആ വനഭീകരതയിലേക്ക് തിരികെ പോകണം. മതിവരുവോളം എനിക്കവിടെ അലഞ്ഞുനടക്കണം – ഒറ്റയ്ക്ക്!

About me / Featured / Personal / Stories / story Forest / Odayanchal / ഒടയഞ്ചാൽ / കഥകൾ / നരയർ വനം / മാലോം ഫോറസ്റ്റ് / വനം /

Comments

  • simy says:

    good post. keep writing!

  • മൻസൂർ says:

    പറയതെ വയ്യ….അത്യുഗ്രൻ….
    ഇതു പോലുള്ള കൂടുതൽ Nostalgic എഴുത്തുകൾ പ്രതീക്ഷിക്കുന്നു…
    ഈ ബാംഗ്ലൂർ ജീവിതത്തിൽ ഇതൊക്കെയാണ് ഒരു ആശ്വാസം…

Leave a Reply