Gita, Bhagavadgita, Geeta, Geetha, Githa, Bhagawadgita, Bhagavatgita, Bhagavadgitha

ഗീതാധ്യാനം - 8 ശ്ലോകങ്ങൾ

ശ്ലോകം 01
പാ‍ർ‍ഥായ പ്രതിബോധിതാം ഭഗവതാ നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ മഹാഭാരതം
അദ്വൈതാമൃതവർ‍ഷിണീം ഭഗവതീമഷ്ടാദശാധ്യായിനീം
അംബ ത്വാമനുസന്ദധാമി ഭഗവദ്ഗീതേ ഭവേദ്വേഷിണീം

ഭഗവാൻ‍ നാരായണൻ‍ സ്വയം അർ‍ജുനനോടുപദേശിച്ചതും, പൗരാണികമുനിയായ വേദവ്യാസ മഹർ‍ഷി മഹാഭാരതത്തിന്റെ മദ്ധ്യത്തിൽ കോർ‍ത്തതും, അദ്വൈതമാകുന്ന അമൃതം വർ‍ഷിക്കുന്നതും, പതിനെട്ട് അദ്ധ്യായങ്ങളോടുകൂടിയതും ഭഗവതിയുമായ ശ്രീമദ് ഭഗവദ്ഗീതേ, അമ്മേ, ഞാൻ‍ സംസാരനാശിനിയായ അവിടുത്തെ അനുസ്മരിക്കുന്നു.

ശ്ലോകം 02
നമോഽസ്തുതേ വ്യാസ വിശാലബുദ്ധേ
ഫുല്ലാരവിന്ദായതപത്രനേത്ര
യേന ത്വയാ ഭാരതതൈലപൂ‍ർ‍ണ്ണഃ
പ്രജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ

മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനമയമായ ദീപം ജ്വലിപ്പിച്ച് ലോകത്തിനു വെളിച്ചം പകർ‍ന്നവനും, വിടർ‍ന്ന താമരപ്പൂവിന്റെ ഇതളുകള്‍ പോലുള്ള കണ്ണുകളുള്ളവനും, വിശാലബുദ്ധിയുമായ വേദവ്യാസമഹർ‍ഷിയ്ക്ക് നമസ്കാരം.

ശ്ലോകം 03
പ്രപന്നപാരിജാതായ തോത്രവേത്രൈകപാണയേ
ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ

ശരണാർ‍ഥികളുടെ അഭിലാഷങ്ങളെയെല്ലാം നിറവേറ്റുന്നവനും, ചമ്മട്ടിയും കോലും കൈയ്യിലേന്തിയവനും, ജ്ഞാനമുദ്ര പിടിച്ചവനും ഗീതാമൃതം കറന്നവനുമായ ഭഗവാൻ‍ ശ്രീകൃഷ്ണനു നമസ്കാരം.

ശ്ലോകം 04
സർ‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാർ‍ഥോ വത്സഃ സുധീർ‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്

എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരൻ‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അർ‍ജുനനും, പാൽ ഗീതാമൃതവുമാണെന്നു കരുതിയാൽ അത് ഭുജിക്കുന്നവർ‍ ബുദ്ധിമാന്മാരാകുന്നു.

ശ്ലോകം 05
വസുദേവസുതം ദേവം കംസചാണൂരമ‍ർ‍ദ്ദനം
ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും

വസുദേവന്റെ പുത്രനും, കംസചാണൂരന്മാരെ വധിച്ചവനും, ദേവകിയ്ക്ക് പരമാനന്ദം നല്കുന്നവനും, ജഗദ്ഗുരുവുമായ ഭഗവാൻ‍ ശ്രീകൃഷ്ണനെ ഞാൻ‍ വന്ദിക്കുന്നു.

ശ്ലോകം 06
ഭീഷ്മദ്രോണതടാ ജയദ്രഥജലാ ഗാന്ധാരനീലോത്പലാ
ശല്യഗ്രാഹവതീ കൃപേണ വഹനീ ക‍ർ‍ണ്ണേന വേലാകുലാ
അശ്വത്ഥാമവിക‍ർ‍ണ്ണ ഘോരമകരാ ദുര്യോധനാവ‍ർ‍ത്തിനീ
സോത്തീ‍ർ‍ണ്ണാ ഖലു പാണ്ഡവൈ രണനദീ കൈവ‍ർ‍ത്തകഃ കേശവഃ

ഭീഷ്മൻ‍, ദ്രോണൻ‍ എന്ന രണ്ടു കരകളും, ജയദ്രഥനാകുന്ന ജലവും, ഗാന്ധാരനെന്ന കറുത്ത പാറയും, ശല്യനെന്ന മുതലയും, കൃപനെന്ന ഒഴുക്കും, കർ‍ണ്ണനെന്ന വേലിയേറ്റവും, അശ്വത്ഥാമാവ്, വികർ‍ണ്ണൻ‍ എന്നീ ഭയങ്കരസ്രാവുകളും, ദുര്യോധനൻ‍ എന്ന ചുഴിയും കൊണ്ട് ഇറങ്ങാന്‍ വയ്യാത്ത പടക്കളമാകുന്ന പെരുംപുഴ, കടത്തുകാരനായ ഭഗവാന്റെ കനിവുമാത്രംകൊണ്ട് ആ പാണ്ഡവന്മാർ‍ കടന്നു കര പറ്റി.

ശ്ലോകം 07
പാരാശര്യവചഃ സരോജമമലം ഗീതാ‍ർ‍ഥഗന്ധോത്കടം
നാനാഖ്യാനകകേസരം ഹരികഥാസംബോധനാബോധിതം
ലോകേ സജ്ജനഷട്പദൈരഹരഹഃ പേപീയമാനം മുദാ
ഭൂയാദ്ഭാരതപങ്കജം കലിമലപ്രധ്വംസി നഃ ശ്രേയസേ

പരാശരമഹർ‍ഷിയുടെ പുത്രനായ വ്യാസന്റെ വാക്കുകളാകുന്ന നിർ‍മ്മലമായ സരസ്സിലുണ്ടായതും, ഗീതയുടെ പൊരുളാകുന്ന സുഗന്ധം പരത്തുന്നതും, പലവിധത്തിലുള്ള ആഖ്യാനങ്ങളാകുന്ന അല്ലികളുള്ളതും, ശ്രീകൃഷ്ണന്റെ കഥകളെ നന്നായി ബോധിപ്പിച്ച് വിടർന്നു നില്ക്കുന്നതും, ലോകത്തിലെ സജ്ജനങ്ങളാകുന്ന വണ്ടുകള്‍ ദിവസവും വന്നു തേൻ‍ കുടിക്കുന്നതും, മഹാഭാരതമാകുന്ന താമരപ്പൂവ് നമ്മുടെ കലിമലത്തെയകറ്റുന്നതാകട്ടെ.

ശ്ലോകം 08
മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം
യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം

ആരുടെ കൃപയാലാണോ മൂകൻ‍ വാഗ്മിയാകുന്നതും, മുടന്തൻ‍ മല കയറുന്നതും, പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാൻ‍ വന്ദിക്കുന്നു.

ഗീതാമാഹാത്മ്യം - 8 ശ്ലോകങ്ങൾ

ശ്ലോകം 01
ഗീതാശാസ്ത്രമിദം പുണ്യം യഃ പഠേത്പ്രയതഃ പുമാ‍ൻ‍
വിഷ്ണോഃ പദമവാപ്നോതി ഭയശോകാദിവ‍ർ‍ജിതഃ

പവിത്രമായ ഈ ഗീതാശാസ്ത്രത്തെ പ്രയത്നപൂർ‍വ്വം പഠിക്കുന്നവൻ‍ ഭയശോകങ്ങളിൽ നിന്നു മുക്തനായി വിഷ്ണുവിന്റെ പദം പൂകുന്നു.

ശ്ലോകം 02
ഗീതാധ്യയനശീലസ്യ പ്രാണായാമപരസ്യ ച
നൈവ സന്തി ഹി പാപാനി പൂ‍ർ‍വ്വജന്മകൃതാനി ച

നിത്യവും ഗീത വായിക്കുകയും പ്രാണായാമം ശീലിക്കുകയും ചെയ്യുന്നവന്റെ പൂർ‍വ്വജന്മകൃതപാപങ്ങളും നശിക്കുകയും പുതുതായി പാപങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു.

ശ്ലോകം 03
മലനി‌ർ‍മോചനം പുംസാം ജലസ്നാനം ദിനേ ദിനേ
സകൃദ്ഗീതാംഭസി സ്നാനം സംസാരമലനാശനം

ശരീരത്തിലെ അഴുക്ക് മാറുവാനായി മനുഷ്യർ‍ ദിവസവും കുളിക്കുന്നു. എന്നാൽ ഭഗവദ്ഗീതയാകുന്ന പുണ്യജലത്തിൽ ഒരിക്കൽ മാത്രം കുളിച്ചാൽ അത് സംസാരമലത്തെ നശിപ്പിക്കുന്നു.

ശ്ലോകം 04
ഗീതാ സുഗീതാ ക‍ർ‍ത്തവ്യാ കിമന്യൈഃ ശാസ്ത്രവിസ്തരൈഃ
യാ സ്വയം പദ്മനാഭസ്യ മുഖപദ്മാദ്വിനിഃസൃതാ

ഭഗവദ്ഗീത വളരെ നന്നായി പഠിക്കേണ്ടതാണ്. വിഷ്ണുവിന്റെ മുഖപത്മത്തിൽ നിന്ന് നിർ‍ഗ്ഗളിച്ച ഭഗവദ്ഗീതയുള്ളപ്പോള്‍ മറ്റ് അനേകം ശാസ്ത്രങ്ങള്‍ എന്തിന്?

ശ്ലോകം 05
ഭാരതാമൃതസ‍ർ‍‍‍വ്വസ്വം വിഷ്ണോ‍ർ‍‌വ്വക്‌ത്രാദ്വിനിഃസൃതം
ഗീതാഗംഗോദകം പീത്വാ പുന‍ർ‍‌ജന്മ ന വിദ്യതേ

മഹാഭാരതത്തിന്റെ സാരവും, ഭഗവാൻ‍ വിഷ്ണുവിന്റെ തന്നെ ഉപദേശവുമായ ഗീതയുടെ പവിത്രമായ ഗംഗാജലം കുടിച്ചാൽ പുനർ‍ജ്ജന്മം ഉണ്ടാകുന്നതല്ല.

ശ്ലോകം 06
ഏകം ശാസ്ത്രം ദേവകീപുത്രഗീത-
മേകോ ദേവോ ദേവകീപുത്ര ഏവ
ഏകോ മന്ത്രസ്തസ്യ നാമാനി യാനി
ക‍ർ‍മ്മാപ്യേകം തസ്യ ദേവസ്യ സേവാ

ഒരേ ഒരു ശാസ്ത്രം കൃഷ്ണനുപദേശിച്ച ഗീതയും, ഒരേ ഒരു ഈശ്വരൻ‍ ശ്രീകൃഷ്ണനും, ഒരേ ഒരു മന്ത്രം അവന്റെ നാമവും, ഒരെ ഒരു സേവ അവന്റെ സേവയുമാകുന്നു.

ശ്ലോകം 07
ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവ‍ർ‍ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭി‍ർ‍ ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സ‍ർ‍വ്വലോകൈകനാഥം

ശാന്തസ്വരൂപനും, സർ‍പ്പത്തിന്മേൽ‍ ശയിക്കുന്നവനും, നാഭിയിൽ‍ താമരപ്പൂവുള്ളവനും, ദേവന്മാരുടെ ഈശ്വരനും, ലോകത്തിനാധാരവും, ആകാശസദൃശനും, മേഘവർ‍ണ്ണനും, സുന്ദരങ്ങളായ ശരീരാവയവ ങ്ങളുള്ളവനും, ലക്ഷ്മീപതിയും, പങ്കജനേത്രനും, യോഗികൾ ധ്യാനത്തിലൂടെ പ്രാപിക്കുന്നവനും, സകലലോകങ്ങളുടെയും ഒരേ ഒരു രക്ഷകനും, ഭവഭയത്തെ അകറ്റുന്നവുനുമായ വിഷ്ണുവിനെ ഞാൻ‍ വന്ദിക്കുന്നു.

ശ്ലോകം 08
ബ്രഹ്മാ വരുണേന്ദ്രരുദ്രമരുതഃ സ്തുന്വന്തി ദിവ്യൈഃ സ്തവൈഃ
വേദൈഃ സാംഗപദക്രമോപനിഷദൈ‍ർ‍ ഗായന്തി യം സാമഗാഃ
ധ്യാനാവസ്ഥിതതദ്ഗതേന മനസാ പശ്യന്തി യം യോഗിനോ
യസ്യാന്തം ന വിദുഃ സുരാസുരഗണാ ദേവായ തസ്മൈ നമഃ

യാതൊരു ദേവനെയാണോ ബ്രഹ്മാവ്, വരുണൻ‍, രുദ്രൻ‍, വായു എന്നിവർ‍ ദിവ്യങ്ങളായ സ്തവങ്ങളാൽ സ്തുതിക്കുന്നത്, സാമഗാനം ചെയ്യുന്നവർ‍ ആരെക്കുറിച്ചാണോ വേദോപനിഷത്തുക്കളുടെ പദക്രമപാഠങ്ങളാൽ പാടുന്നത്, ധ്യാനത്തിൽ തദ്ഗതമനസ്കരായ യോഗികള്‍ ആരെയാണോ ദർ‍ശിക്കുന്നത്, ആരുടെ മഹത്വമാണോ ദേവന്മാരും അസുരന്മാരും അറിയാത്തത് ആ ദേവനെ ഞാൻ‍ നമസ്കരിക്കുന്നു.

ചരിത്രത്തിലേക്ക് ഒരുചെറുയാത്ര

പല ആളുകൾ കാലാന്തരത്തിൽ പലപ്പോഴോയി കൂട്ടിച്ചേർത്തും പരിഷ്കരിച്ചും ഉണ്ടായിട്ടുള്ളതാണ് എല്ലാ വേദങ്ങളും പുരാണങ്ങളും. അല്ലാതെ ദൈവം മെനക്കെട്ടിരുന്ന് എഴുതിത്തയ്യാറാക്കിയ രേഖായാണെന്നുള്ള വിശ്വാസമൊക്കെ കളയേണ്ടതാണ്. അന്നത്തെ സംസ്കാരം നന്നായി പ്രതിഫലിക്കുന്ന നല്ലൊരു ചരിത്രരേച്ചയും സാഹിത്യസംഹിതയും ആവുന്നതുകൊണ്ടാണ് ഇന്നും ഇവയ്ക്ക് വായനക്കാരുണ്ടാവുന്നത്. തുടർക്കഥയായി എത്തിയ അഭിനവ ആചാര്യന്മാർ പലവിധ വ്യാഖാനങ്ങളാൽ മതസംഹിതയെന്ന രീതിയിൽ തരം താഴ്ത്തിയെങ്കിലും വേദങ്ങളിലൊന്നും തന്നെ ഇത് ദൈവസംഹിതയാണെന്നു പറയുന്നില്ല എന്നാണു കരുതുന്നത്. എങ്കിലും ഏതെങ്കിലും വിശ്വാസി മാത്രമേ പുരാണങ്ങളും വേദങ്ങളും മതഗ്രന്ഥങ്ങളും വായിക്കാവൂ എന്ന് പറയുന്നത് തികച്ചും ബാലിശമായ അവസ്ഥയാണ്. ലോകത്തിലെ മറ്റ് മതങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹൈന്ദവത ഒരു പ്രത്യേക പ്രവാചകനെ അവകാശപ്പെടുന്നില്ല; ഒരു പ്രത്യേക ദൈവത്തെ മാത്രം ആരാധിക്കുന്നില്ല; ഒരു പ്രത്യേക സിദ്ധാന്തമോ തത്ത്വമോ പിന്തുടരുന്നില്ല; ഒരു പ്രത്യേക ദാർശനിക ആശയത്തിൽ മാത്രം വിശ്വസിക്കുന്നില്ല; ഒരു പ്രത്യേകരീതിയിൽ മാത്രമുള്ള മതപരമായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പിന്തുടരുന്നില്ല; യഥാർഥത്തിൽ‌, അത് ഒരു മതത്തിന്റെ പരമ്പരാഗത സങ്കുചിത ലക്ഷണങ്ങൾ ഒന്നുംതന്നെ പൂർ‌‍ത്തീകരിക്കുന്നില്ല. അതിനെ വളരെ വിശാലമായി ഒരു ജീവിത രീതി എന്ന് വിശദീകരിക്കാം, അതിലപ്പുറം ഒന്നുമല്ല ഇത്. ഇതൊരു സംസ്കാരമായി നിൽക്കണം - അറിവാകണം ആയുധം. ഹിന്ദു എന്നത് യഥാർത്ഥത്തിൽ ഇന്നത്തെ ഹിന്ദു മത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശീയർ ഭാരതീയർക്ക് നൽകിയ പേരു മാത്രമാണത്. ഇന്ത്യൻ ഉപഭൂഘണ്ടത്തിലെ സിന്ധുനദിയുടെ പേരിൽ നിന്നാണ് ‘ഹിന്ദു’ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് കരുതിപ്പോരുന്നു. ഇക്കാര്യം ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത് ഋഗ്വേദത്തിലാണ്. ഋഗ്വേദത്തിൽ ഇന്തോ-ആര്യ വംശജർ താമസിക്കുന്നിടം ‘’സപ്തസിന്ധു’’ (ഏഴ് നദികളുടെ നാട്) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അറബികൾ സിന്ധുനദിക്ക് അപ്പുറം നിവസിക്കുന്നവർ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന അൽ- ഹിന്ദ് ‘’’al-Hind’’’ എന്ന വാക്കിലൂടെയാണ് ഹിന്ദു എന്ന പദത്തിന് പ്രചാരം ലഭിച്ചത്. പേർഷ്യക്കാരാണ് ഹിന്ദു എന്ന വാക്കിന്റെ ഉപജ്ഞാതാക്കൾ എന്ന് കരുതപ്പെടുന്നു. അറബിയിൽ സിന്ധുനദീതട സംസ്കാരം നില നിന്നിരുന്ന കാലത്തേ ഇവിടത്തെ ജനങ്ങൾ പേർഷ്യയുമായും മെസൊപ്പൊട്ടേമിയയുമായും ബന്ധപ്പെട്ടിരുന്നു. സിന്ധു നദിയുടെ തീരത്ത് വസിച്ചിരുന്നവരെന്ന അർത്ഥത്തിൽ സിന്ധ് എന്നാണ് ഇവരെ പേർഷ്യക്കാർ വിളിച്ചിരുന്നത്. എന്നാൽ‘സി’ എന്ന ഉച്ചാരണം പേർഷ്യൻ ഭാഷയിൽ ഇല്ലാത്തതിനാൽ അത് ഇന്ധ് അല്ലെങ്കിൽ ഹിന്ദ് എന്നായിത്തീർന്നു.

പ്രകൃത്യാ ഉണ്ടായ ആചാരാനുഷ്ഠാനങ്ങളുടെ ആകെത്തുകയാണ്‌ ഹൈന്ദവത അഥവാ സനാതനധർമ്മം. ചരിത്രകാരന്മാരാവട്ടെ വലിയ ഒരു കാലഘട്ടമാണ്‌ ഈ സംഹിതയുടെ ഉത്ഭവത്തിനായി നൽകുന്നത് . അവരുടെ നിരീക്ഷണമനുസരിച്ച് ക്രി.മു. 3102-നും ക്രി.മു.1300-നും ഇടയിലുള്ള കാലഘട്ടത്തിലാണ് വേദങ്ങളും അതിനൊപ്പം ഹിന്ദുമതവും രൂപപ്പെട്ടത്. എന്നാൽ ഇത് വേദങ്ങൾ ഉണ്ടായിരുന്ന കാലത്തിനു മുന്നേ തന്നെ നിലവിൽ ഉണ്ടായിരുന്നു എന്നാണ്‌ മറ്റു ചില ചരിത്രകാരന്മാർ പറയുന്നത്. അവരുടെ അഭിപ്രായത്തിൽ സിന്ധു നദീതട സംസ്കാരം നില നിന്ന കാലത്തേ ഈ സാംസ്കാരിക സംഹിത ആദിമ രൂപത്തിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവിൽ വന്നു. അത് ഒരു ദ്രാവിഡ സംസ്കാരമായതിനാൽ ഹിന്ദുവിശ്വാസവും യഥാർത്ഥത്തിൽ ദ്രാവിഡ സംസ്കാരത്തിൽ നിന്നും വന്നതാണെന്ന് അവർ വാദിക്കുന്നത്.

ആദിമ ഹാരപ്പൻ സംസ്കാരത്തിലെ ( ക്രി. മു. 5500–2600 ) നവീനശിലായുഗത്തിലാണ് ഭാരതത്തിലെ പ്രാചീനമതത്തെപ്പറ്റിയുള്ള അറിവുകൾ വിരൽ ചൂണ്ടൂന്നത് പ്രീ ക്ലാസ്സിക്കൽ യുഗത്തിലെ (ക്രി. മു. 1500–500) ആചാരങ്ങളേയും വിശ്വാസങ്ങളേയും “പ്രാചീന വൈദികമതം” എന്നാണ് അറിയപ്പെടുന്നത്. പ്രധാന സംസ്കൃത ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ക്രോഡീകരിച്ചത് ക്രിസ്തുവർഷത്തിന്റെ ആദ്യ ശതകങ്ങളും ഉൾപ്പെടുന്ന ഒരു ദീർഘമായ കാലഘട്ടത്തിലാണ്. ഇതിൽ പ്രധാനമായും പ്രാചീന ഭാരതത്തിലെ ഭരണാധികാരികളെയും യുദ്ധങ്ങളെയും പറ്റിയുള്ള ഐതിഹ്യകഥകളാണ് വിസ്തരിക്കുന്നത്. പിന്നീടുള്ള പുരാണങ്ങളിൽ ദേവീ-ദേവന്മാരുടെ മാനുഷിക ബന്ധത്തിന്റെയും ദുഷ്ടനിഗ്രഹത്തിന്റേയും കഥകളാണ് പതിപാദിക്കുന്നത്. ആര്യ-ദ്രാവിഡ സംഘർഷങ്ങളുടെ കുറിപ്പുകൾ തന്നെയാവനം ഇത്. കാലഘട്ടങ്ങൾ തമ്മിലുള്ള വൈജാത്യം തന്നെ ശ്രദ്ധിക്കുക. ഏകദൈവ വിശ്വാസം , ബഹുദൈവ വിശ്വാസം , അദ്വൈതം , ദ്വൈതം , വിശിഷ്ടാദ്വൈതം , യോഗപദ്ധതി , സാംഖ്യം , താന്ത്രികാനുഷ്ഠാനം , ദേവതാ സമ്പ്രദായം , ബൗദ്ധം , ചാർവ്വാകം തുടങ്ങിയ നിരീശ്വര തത്വം വരെയുണ്ട് . ഇത്രയും വിപുലമായതു കൊണ്ടാണ് സർവ്വ വൈദേശിക ആക്രമണങ്ങളേയും വിദേശമതങ്ങളുടെ കടന്നുകയറ്റത്തേയും അതിക്രമിച്ചു ഹൈന്ദവത ഇത്രയും കാലം നിലനിന്നു പോന്നത്. കാര്യങ്ങൾ അറിയാതെയോ, അല്ലെങ്കിൽ ഈ വിശ്വാസ സംഗിതകളെ വ്യഭിചരിച്ചോ ഇതൊരു മതമാണ്, നിങ്ങൾ കൃസ്ത്യാനികളെ നോക്കൂ, മുസ്ലീമിനെ നോക്കൂ എന്നൊക്കെ പറഞ്ഞ് വർഗീയത വളർത്താനും ഇടക്കാലത്ത് നിലനിന്നിരുന്ന ആര്യസംസ്കൃതിയുടെ ശേഷിപ്പിലേക്കൊരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നവരും ഏറെയാണിന്ന്. വോട്ടുബാങ്കും അധികാരവുമാണ് മുഖ്യലക്ഷ്യം.

ആർക്കും അവരവരുടെ ഇഷ്ടമുള്ള ആരാധനാരീതി തിരഞ്ഞെടുക്കാം . അത് ഹൈന്ദവത നൽകുന്ന ആരാധനാ സ്വാതന്ത്ര്യമാണ് ഈശ്വരനെ ബ്രഹ്മം എന്ന ഒരു സാങ്കേതിക പദത്തിൽ ഹിന്ദുത്വം നിർവ്വചിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ മറ്റുമതങ്ങൾക്കുള്ളൊരു ഗുണപാഠകഥയാണു ഹൈന്ദവത എന്നത്. പരബ്രഹ്മത്തെ നിർഗ്ഗുണമായി ഉപാസിക്കുന്നവർ അദ്വൈതം സ്വീകരിക്കുകയും ജീവാത്മാവും പരമാത്മാവായ ഈശ്വരനും ഒന്നാണെന്ന സത്യകല്പനയിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഈശ്വരനെ അറിയുക എന്ന ഒന്നില്ല, കാരണം അങ്ങനെയൊന്നില്ല എന്നതുതന്നെ. പകരം ഈശ്വരനായിത്തീരുക എന്നതാണു ന്യായം. അഹം ബ്രഹ്മാസ്മി ആവുന്നതങ്ങനെയുള്ള സംവിധാനത്തിലാണ്. ദൈവസങ്കല്പത്തിലേക്കുള്ള എത്തിച്ചേരലും കൂടിക്കലരലും ആണിത് - വഴിയാവട്ടെ തിരിച്ചറിവും. ഇന്നത്തെ നിരീശ്വരവാദത്തിനു വരെ ഇവിടെ സ്ഥാനം ലഭിക്കുന്നത് അതുകൊണ്ടാണ്. നിരീശ്വരവാദത്തെയും ഹൈന്ദവത ഉൾക്കൊള്ളുന്നു എന്നത് അതിന്റെ അതിവിശാലതയെ കാണിക്കുന്നു എന്നു പറയാം. ചാർവ്വാകം , ബൗദ്ധം തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്. ബുദ്ധമതം ഹിന്ദുമതത്തിന്റെ ഒരു ഭാഗമായി പണ്ഡിതർ കരുതുന്നു. ഏതെല്ലാം ആരാധനാരീതി തിരഞ്ഞെടുത്താലും ധർമ്മം എന്ന സാമൂഹിക മര്യാദ കൈവിടരുതെന്നു ഹിന്ദുത്വം നിഷ്കർഷിക്കുന്നു. അതിനാൽ സനാതനധർമ്മം എന്നും അറിയപ്പെടുന്നു. അല്ലാതെ പശുവിനെ വിൽക്കാൻ കൊണ്ടുപോകുന്നവരെ കൊല്ലുകയും ദളിതരെ കൂട്ടത്തോടെ നഗ്നരായി നടത്തുകയും ചെയ്യുന്നതല്ല ഹിന്ദുത്വം - അത് കാപട്യമാണ്.

ഹിന്ദുത്വം സമ്പൂർണ്ണമായ ആരാധനാ-വിശ്വാസ സ്വാതന്ത്ര്യം നൽകുന്നു. ഹിന്ദുമതം സകല ലോകത്തേയും ഒറ്റ സത്യത്തെ ഉൾക്കൊള്ളുന്ന ഒരൊറ്റ കുടുംബമായി കാണുന്നു. അതിനാൽ ഇത് എല്ലാ വിശ്വാസങ്ങളേയും ഉൾക്കൊണ്ട് ഏകത്വത്തിന് ഭംഗം വരുത്തുന്നവയെ തിരസ്കരിക്കുന്നു. ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം മനുഷ്യജീവിതത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ പുരുഷാർത്ഥങ്ങൾ എന്നറിയപ്പെടുന്നു. ധർമ്മം (സ്വപ്രവർത്തി), അർത്ഥം (സമ്പത്ത്), കാമം (ഇന്ദ്രിയസുഖം), മോക്ഷം (ജീവിതമോക്ഷം) എന്നിവയുടെ കൂടിച്ചേരലാണു ജീവിതം. ആരാധിക്കുന്ന ദൈവത്തിന്റെ അടിസ്ഥാനത്തിലാണു തരം തിരിക്കുന്നതെങ്കിൽ പ്രധാനമായും ഹൈന്ദവരെ നാലായി തിരിച്ചിരുന്നു. വൈഷ്ണവർ (വിഷ്ണുവിനെ ആരാധിക്കുന്നവർ), ശൈവർ (ശിവനെ ആരാധിക്കുന്നവർ), ശാക്തേയർ (ശക്തിയെ ആരാധിക്കുന്നവർ), അദ്വൈതം (എല്ലാം ഒന്നെന്ന തത്ത്വം). വൈഷ്ണവരും ശൈവരുമൊക്കെ ഒരിക്കൽ കൊടിയ വിരോധികളായി കഴിഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. ശങ്കരാചാര്യരാന് തികഞ്ഞ വാക്ചാതുര്യം കൊണ്ട് അദ്വൈതം സ്ഥാപിച്ചെടുത്തത്. എന്നിലെ ഞാനാണ്‌ ആത്മാവ്‌. ആ എന്നെ ഉപാധികളെല്ലാം അഴിച്ച്‌ തിരിച്ചറിയുമ്പോൾ അതു തന്നെയാണ്‌ ബ്രഹ്മം അഥവാ ദൈവം. ഇതാണ് അദ്വൈത സിദ്ധാത്തത്തിന്റെ പൊരുൾ. ചരിത്രപരമായി ഈ ആശയത്തിന്റെ ആദ്യ വക്താവ് ശങ്കരാചാര്യന്റെ ഗുരുവിന്റെ ഗുരുവായ ഗൗഡപാദരാണ്. ശ്രീ ശങ്കരൻ സത്യത്തിൽ അദ്വൈതം പുനഃസ്ഥാപിക്കുകയായിരുന്നു ചെയ്തത്‌. തന്റെ സ്വതസ്സിദ്ധമായ വാക്‌ ചാതുരിയിലൂടെ തർക്കങ്ങളിൽ വിജയിച്ച്‌ അദ്വൈത സിദ്ധാന്തം വീണ്ടും അംഗീകരിപ്പിക്കുകയായിരുന്നു ശ്രീ ശങ്കരൻ ചെയ്തത്‌. ബുദ്ധന്മാരെ വേറോടെ പിഴുതെറിഞ്ഞ് ഹൈന്ദവതയ്ക്ക് പുതിയൊരു ഭാഷ്യമൊരുക്കിയ ആളാണ് ശങ്കരാചാര്യർ.

‘ഏകം സത് വിപ്രാ: ബഹുധാ വദന്തി’ എന്ന വേദവാക്യം ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഒന്നിനെ തന്നെ നമുക്ക് തോന്നിയ രീതിയിൽ ആരാധിക്കാനുള്ള വ്യക്തമായ നിർവ്വചനമാണത്. കാലക്രമത്തിൽ നാശോന്മുഖമാവുന്ന രീതി എല്ലാത്തിലുമെന്ന പോലെ ഇവിടേയും ഉണ്ടായിരുന്നു - ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ജാതിവ്യവസ്ഥ വന്നതുതന്നെയാണു മുഖ്യം. അക്കാലത്തെ സവർണത ചാതുർവർണ്ണ്യം എന്നപേരിൽ മാലചാർത്തിയെടുത്തുണ്ടാക്കിയ സംഗതിയാണത്, അതുപോലെ തന്നെ സതി എന്ന ആചാരവും, ദേവദാസി സമ്പ്രദായവും ഉച്ചനീചത്വം തുടങ്ങി ഒട്ടേറെ ദുരാചാരങ്ങൾ വന്നു പോയി. ഇത്തരം വിശ്വാസങ്ങൾ അന്നുണ്ടായിരുന്ന പ്രധാനികളുടെ വ്യക്തിപരമായ ചിന്തകളിൽ നിന്ന് ഉണ്ടായതാണ്. ഇത്തരത്തിൽ ഒന്നു തന്നെ ഹൈന്ദവത പരയുന്ന പ്രമാണങ്ങളിൽ കണ്ടെത്താനാവില്ല. ഉച്ചനീചത്വം ആര്യസംസ്കാരം ദ്രാവിഡ സംസ്കാരത്തിൽ മേൽകോയ്മ സൃഷ്ടിച്ചുണ്ടാക്കിയ ഈ പ്രമാണം ഉയർന്ന ജാതിക്കാരുടെ സൃഷ്ടിയാണ്. ഒരു മനുഷ്യൻ സന്യാസി ആകുമ്പോൾ ഉച്ച നീചത്വം ഉണ്ടാകുന്നില്ല. പല പ്രസിദ്ധ സന്യാസിമാരും മുനിമാരും താഴ്ന്ന ജാതിയിൽ ഉള്ളവരായിരുന്നു. ഇന്നു സംഘിമതമെന്നു വിശേഷിപ്പിക്കാവുന്ന രാഷ്ട്രീയക്കാർ ഹിന്ദുത്വത്തെ നന്നായി വ്യഭിചരിക്കുന്നു. കാലാകാലങ്ങളിൽ ഇത്തരം അപചയങ്ങൾ മൊട്ടിടുകയും തളിർക്കുകയും ചെയ്യുമെങ്കിലും എല്ലാം തന്നെ തകർന്ന് തരിപ്പണമായാലും ആ പഴയ പ്രതാപം നശിക്കാതെ തന്നെ ഹൈന്ദവദർശനങ്ങൾ നിൽക്കുമെന്നതാണ് അത്ഭുതം.

ഭഗവത് ഗീതയിലേക്ക് വരാം

ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ്‌ ഭഗവദ്ഗീത. പതിനെട്ട് ആദ്ധ്യായങ്ങളാണ് ഗീതയിൽ ഉള്ളത്. അനുഷ്ടുപ്പ് വൃത്തത്തിലാണ് ഏറ്റവും കൂടുതൽ ശ്ലോകങ്ങൾ എഴുതിയിട്ടുള്ളത്. പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്. കൃഷ്ണദ്വൈപായനൻ ഇത് ക്രോഡീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഭീഷ്മപർവ്വത്തിലെ 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേർത്തിരിയ്ക്കുന്നു. മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തിനു മുൻപ് ബന്ധുക്കൾ ഉൾപ്പെട്ട കൌരവ സൈന്യത്തോട് ഏറ്റുമുട്ടുവാൻ വിമുഖത കാട്ടിയ അർജ്ജുനനെ യുദ്ധോത്സുകനാക്കാൻ കൃഷ്ണൻ പറഞ്ഞു കൊടുക്കുന്ന മട്ടിലാണ് ഇതിന്റെ രചന. സാധാരണ കരുതപ്പെടുന്നതുപോലെ പ്രാചീനതയുള്ള കൃതിയല്ല ഭഗവത്ഗീത. തത്വജ്ഞാനമാണ്‌ ഗീതയുടെ പ്രമേയം. ഹൈന്ദവസംസ്കാരത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ദർശനഗ്രന്ഥങ്ങളിൽ ഒന്നായി ഭഗവദ്ഗീത പരിഗണിയ്ക്കപ്പെടുന്നു. ബുദ്ധമതം ബ്രാഹ്മണരുടെ പ്രാചീനപ്രാമാണ്യത്തെ തകർത്തു കളഞ്ഞതിനുശേഷം ഒരു തിരിച്ചു വരവിനായി ബ്രാഹ്മണമതത്തെ പുതിയ മുഖം നൽകി അതിനെ പുനരുദ്ധരിക്കാൻ വൈദികകാലത്തെ അനുഷ്ഠാനാചാരാദികളോട് ചേർന്നു പോകാത്ത ഒട്ടേറെ ഭാഗങ്ങൾ പൗരാണിക രചനകളിൽ കൂട്ടിച്ചേർത്തു എന്നും മഹാഭാരത്തിൽ അത് വരച്ച് ചേർത്തത് ഭഗവത്ഗീതയിലൂടെയാണെന്നും പറയുന്നു. ഗീതയിലെ സംസ്കൃത ഭാഷ മൂന്നാം നൂറ്റാണ്ടിലേതുമാണ്. ഇതുതന്നെ വ്യക്തമാക്കുന്നത് മഹാഭാരതത്തോളം അത്ര പഴക്കമുള്ളതല്ല ഭഗവത്ഗീത എന്നതാണ്. ഗീതയിലെ 18 അദ്ധ്യായങ്ങൾ സംസ്കൃതത്തിലും, മലയാളത്തിൽ അതിനുള്ള അർത്ഥവും അതിന്റെ സംസ്കൃതത്തിലും മലയാളത്തിലും ഉള്ള ആലാപനവും മുകളിലെ മറ്റു ടാബുകളിൽ നിന്നും കാണാവുന്നതാണ്.

അർ‍ജുനവിഷാദയോഗഃ - (അദ്ധ്യായം 1 - 46 ശ്ലോകങ്ങൾ)

ഒന്നാം അദ്ധ്യായം കേൾക്കാം

ഒന്നാം അദ്ധ്യായം: അർ‍ജുനവിഷാദയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

ധൃതരാഷ്ട്ര ഉവാച

ശ്ലോകം 01
ധർ‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ കിമകുർ‍വ്വത സഞ്ജയ (1)

ധൃതരാഷ്ട്രർ‍ ചോദിച്ചു: സഞ്ജയ, ധ‍ർ‍മ്മ ക്ഷേത്രമായ കുരുക്ഷേത്രത്തില്‍ ഒരുമിച്ചു ചേർ‍ന്നവരും യുദ്ധം ചെയ്യാൻ‍ കൊതിക്കുന്നവരുമായ എന്റെ പുത്രൻ‍മാരും പാണ്ഡവന്‍മാരും എന്ത് ചെയ്തു?

സഞ്ജയ ഉവാച

ശ്ലോകം 02
ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത് (2)

സഞ്ജയൻ‍ പറഞ്ഞു: അണിനിരന്ന പാണ്ഡവ സൈന്യത്തെ കണ്ടിട്ട് രാജാവായ ദുര്യോധനൻ‍ ദ്രോണാചാര്യരെ സമീപിച്ചു പറഞ്ഞു.

ശ്ലോകം 03
പശ്യൈതാം പാണ്ഡുപുത്രാണാമാചാര്യ മഹതീം ചമൂം
വ്യൂഢാം ദ്രുപദപുത്രേണ തവ ശിഷ്യേണ ധീമതാ (3)

ഹേ ആചാര്യാ, അങ്ങയുടെ ശിഷ്യനും ബുദ്ധിമാനുമായ ദ്രു‌പദപുത്രനാൽ‍ അണിനിരത്തപ്പെട്ട പാണ്ഡവന്‍മാരുടെ ഈ വലിയ സൈന്യത്തെ ദ‍ർ‍ശിച്ചാലും.

ശ്ലോകം 04, 05
അത്ര ശൂരാ മഹേഷ്വാസാ ഭീമാർ‍ജുനസമാ യുധി
യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥഃ (4)
ധൃഷ്ടകേതുശ്ചേകിതാനഃ കാശിരാജശ്ച വീര്യവാൻ‍
പുരുജിത്കുന്തിഭോജശ്ച ശൈബ്യശ്ച നരപുംഗവഃ
യുധാമന്യുശ്ച വിക്രാന്ത ഉത്തമൌജാശ്ച വീര്യവാൻ‍
സൌഭദ്രോ ദ്രൌപദേയാശ്ച സർ‍വ്വ ഏവ മഹാരഥാഃ (5)

പാണ്ഡവ സൈന്യത്തിൽ ഭീമാർ‍ജുനതുല്യരും ശൂരരും വലിയ വില്ലാളികളുമായ യുയുധാനനും വിരാടനും മഹാരഥനായ ദ്രുപദനും ദൃഷ്ടകേതുവും ചേകിതാനനും വീര്യവാനായ കാശിരാജാവും പുരുജിത്തും കുന്തിഭോജനും നരശ്രേഷ്ടനായ ശൈബ്യനും വിക്രമിയായ യുധാമന്യുവും വീര്യവാനായ ഉത്തമൌജസും സുഭദ്രാതനയനായ അഭിമന്യുവും ദ്രൌപദീപുത്രന്മാരും ഉണ്ട്. അവർ‍ എല്ലാവരുംതന്നെ മഹാരഥന്മാരാണല്ലോ.

ശ്ലോകം 06
അസ്മാകം തു വിശിഷ്ടാ യേ താന്നിബോധ ദ്വിജോത്തമ
നായകാ മമ സൈന്യസ്യ സംജ്ഞാർ‍ത്ഥം താന്‍ ബ്രവീമി തേ (6)

ബ്രാഹ്മണശ്രേഷ്ട! ഇനി നമുക്കു വിശിഷ്ട്ടന്‍മാരായി ആരോക്കെയുണ്ടോ അവരെ അറിഞ്ഞുകൊള്‍ക. എന്റെ സൈന്യത്തില്‍ നായകന്മാരായ അവരുടെ പേരുകള്‍ അങ്ങയെ ഒആർ‍മ്മിപ്പിക്കുവാനായി ഞാന്‍ പറയാം.

ശ്ലോകം 07, 08
ഭവാന്‍ ഭീഷ്മശ്ച കർ‍ണശ്ച കൃപശ്ച സമിതിഞ്ജയഃ
അശ്വത്ഥാമാ വികർ‍ണശ്ച സൌമദത്തിസ്തഥൈവ ച (7)
അന്യേ ച ബഹവഃ ശൂരാ മദർ‍ഥേ ത്യക്തജീവിതാഃ
നാനാശസ്ത്രപ്രഹരണാഃ സർ‍വ്വേ യുദ്ധവിശാരദാഃ (8)

ഭവാനും, ഭീഷ്മരും, ക‍ർ‍ണ്ണനും, ജയശാലിയായ കൃപരും, അശ്വത്ഥാമാവും, വിക‍ർ‍ണ്ണനും, ഭൂരിശ്രവസ്സും, ജയദ്രഥനും മറ്റനേകം ശൂരന്മാരും എനിക്കുവേണ്ടി ജീവനുപേക്ഷിക്കാന്‍ സന്നദ്ധരാണ്. എല്ലാവരും പലവിധം ആയുധങ്ങള്‍ പ്രയോഗിക്കുന്നവരും യുദ്ധംചെയ്യാന്‍ സമർ‍ഥരുമാണ്.

ശ്ലോകം 9
അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷാം ബലം ഭീമാഭിരക്ഷിതം (9)

അതുകൊണ്ട് ഭീഷ്മരക്ഷിതമായ നമ്മുടെ സൈന്യം അപരിമിതമെങ്കിലും അപര്യാപ്തവും ഭീമന്‍ രക്ഷിക്കുന്ന അവരുടെ സൈന്യം പരിമിതമെങ്കിലും പര്യാപ്തവും ആണ്.

ശ്ലോകം 10
അയനേഷു ച സർ‍വ്വേഷു യഥാഭാഗമവസ്ഥിതാഃ
ഭീഷ്മമേവാഭിരക്ഷന്തു ഭവന്തഃ സർ‍വ്വ ഏവ ഹി (10)

എല്ലാസ്ഥാനത്തും അവരവരുടെ പങ്കനുസരിച്ചു നിലയുറപ്പിച്ച നിങ്ങള്‍ എല്ലാവരും തന്നെ ഭീഷ്മരെതന്നെ കാത്തു രക്ഷിക്കണം.

ശ്ലോകം 11
തസ്യ സഞ്ജനയ‍ന്‍ ഹർ‍ഷം കുരുവൃദ്ധഃ പിതാമഹഃ
സിംഹനാദം വിനദ്യോച്ചൈഃ ശംഖം ദധ്മൌ പ്രതാപവാന്‍ (11)

ദുര്യോധനൻ സന്തോഷം ഉളവാക്കിക്കൊണ്ട് പ്രതാപിയും കുരുക്കളില്‍വച്ചു വൃദ്ധനുമായ പിതാമഹന്‍ ഭീഷ്മർ‍ ഉച്ചത്തില്‍ സിംഹഗർ‍ജ്ജനം ചെയ്ത് ശംഖു വിളിച്ചു.

ശ്ലോകം 12
തതഃ ശംഖാശ്ച ഭേര്യശ്ച പണവാനകഗോമുഖാഃ
സഹസൈവാഭ്യഹന്യന്ത സ ശബ്ദസ്തുമുലോഽഭവത് (12)

അനന്തരം ശംഖുകളും പെരുമ്പറകളും പലതരം വാദ്യങ്ങളും പെട്ടന്നുത്തന്നെ മുഴക്കപ്പെട്ടു. ആ ശബ്ദം ദിക്കെങ്ങും നിറഞ്ഞു.

ശ്ലോകം 13
തതഃ ശ്വേതൈർ‍ ഹയൈർ‍യുക്തേ മഹതി സ്യന്ദനേ സ്ഥിതൌ
മാധവഃ പാണ്ഡവശ്ചൈവ ദിവ്യൌ ശംഖൗ പ്രദധ്മതുഃ (13)

അതിനുശേഷം വെളുത്ത കുതിരയെ പൂട്ടിയ വലിയ തേരില്‍ ഇരുന്നുകൊണ്ട്‌ ശ്രീകൃഷ്ണനും അർ‍ജുനനും ദിവ്യ ശംഖങ്ങള്‍ മുഴക്കി.

ശ്ലോകം 14
പാഞ്ചജന്യം ഹൃഷീകേശോ ദേവദത്തം ധനഞ്ജയഃ
പൌണ്ഡ്രം ദധ്മൗ മഹാശങ്ഖം ഭീമകർ‍മാ വൃകോദരഃ (14)

കൃഷ്ണൻ പാഞ്ചജന്യവും അർ‍ജുനന്‍ ദേവദത്തമെന്ന ശംഖും മുഴക്കി. ഉഗ്രക‍ർ‍മ്മങ്ങൾ ചെയ്യുന്നവനായ ഭീമസേനൻ‍ പൌണ്ഡ്രമെന്ന മഹാ ശംഖും മുഴക്കി.

ശ്ലോകം 15
അനന്തവിജയം രാജാ കുന്തീപുത്രോ യുധിഷ്ഠിരഃ
നകുലഃ സഹദേവശ്ച സുഘോഷമണിപുഷ്പകൌ (15)

രാജാവും കുന്തീപുത്രനുമായ യുധിഷ്ഠിരന്‍ അനന്തവിജയവും നകുല‍ന്‍ സുഘോഷത്തേയും സഹദേവ‍ന്‍ മണിപുഷ്പകത്തേയും മുഴക്കി.

ശ്ലോകം 16, 17
കാശ്യശ്ച പരമേഷ്വാസഃ ശിഖണ്ഡീ ച മഹാരഥഃ
ധൃഷ്ടദ്യുമ്നോ വിരാടശ്ച സാത്യകിശ്ചാപരാജിതഃ (16)
ദ്രുപദോ ദ്രൌപദേയാശ്ച സർ‍വ്വശഃ പൃഥിവീപതേ
സൌഭദ്രശ്ച മഹാബാഹുഃ ശങ്ഖാന്ദധ്മുഃ പൃഥക്പൃഥക് (17)

ഹേ രാജാവേ, വില്ലാളി വീരനായ കാശി രാജാവും, മഹാരഥനായ ശിഖണ്ഡിയും, ധൃഷ്ടദ്യുമ്നനും, വിരാടനും, തോല്‍ക്കാത്ത സാത്യകിയും, പാഞ്ചാലനും, പാഞ്ചാലീപുത്രന്മാരും, കയ്യൂക്കുള്ള അഭിമന്യുവും അവിടവിടെ നിന്നു പ്രത്യേകം പ്രത്യേകം ശംഖും മുഴക്കി.

ശ്ലോകം 18
സ ഘോഷോ ധാർ‍തരാഷ്ട്രാണാം ഹൃദയാനി വ്യദാരയത്
നഭശ്ച പൃഥിവീം ചൈവ തുമുലോഽവ്യനുനാദയന്‍ (18)

ആ ശബ്ദകോലാഹലം ആകാശത്തെയും ഭൂമിയെയും പ്രതിധ്വനിപ്പിച്ചു കൊണ്ടു ധൃതരാഷ്ട്ര പുത്രന്മാരുടെ ഹൃദയം പിളർ‍ന്നു.

ശ്ലോകം 19
അഥ വ്യവസ്ഥിതാന്ദൃഷ്ട്വാ ധാർ‍തരാഷ്ട്രാ‍ന്‍ കപിധ്വജഃ
പ്രവൃത്തേ ശസ്ത്രസമ്പാതേ ധനുരുദ്യമ്യ പാണ്ഡവഃ
ഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേ (19)

ഹേ മഹാരാജാവേ, പിന്നീട് ആയുധപ്രയോഗം തുടങ്ങിയപ്പോൾ ശരിയ്ക്കുറച്ചു നില്ക്കുന്ന ധൃതരാഷ്ട്രപുത്രന്മാരെ കണ്ട് വില്ലുയർ‍ത്തിപ്പിടിച്ച് അർ‍ജുനൻ‍ കൃഷ്ണനോട് ഇങ്ങനെ പറഞ്ഞു.

അർ‍ജുന ഉവാച

ശ്ലോകം 20, 21, 22
സേനയോരുഭയോർ‍മധ്യേ രഥം സ്ഥാപയ മേഽച്യുത (20)
യാവദേതാന്നിരീക്ഷേഽഹം യോദ്ധുകാമാനവസ്ഥിതാന്‍
കൈർ‍മയാ സഹ യോദ്ധവ്യമസ്മിൻ‍ രണസമുദ്യമേ (21)
യോത്സ്യമാനാനവേക്ഷേഽഹം യ ഏതേഽത്ര സമാഗതാഃ
ധാർ‍തരാഷ്ട്രസ്യ ദുർ‍ബുദ്ധേർ‍യുദ്ധേ പ്രിയചികീർ‍ഷവഃ (22)

അർ‍ജുനൻ‍ പറഞ്ഞു: അച്യുതാ, രണ്ടു സേനക്കും നടുവിൽ എന്റെ തേർ‍ നിർ‍ത്തുക. പോരാടാൻ‍ കൊതിച്ചു നിൽക്കുന്ന ഇവരെ ഞാൻ ഒന്നു കണ്ടുകൊള്ളട്ടെ. എനിക്ക് ആരോടാണോ ഈ യുദ്ധത്തിൽ പോരാടേണ്ടത്, ദു‍ർ‍ബുദ്ധിയായ ദു‍ർ‍യോധനനു പോരിൽ‍ പ്രിയം ചെയ്യാൻ‍ ആഗ്രഹിക്കുന്നവരായി ആരൊക്കെയാണോ ഇവിടെ വന്നിരിക്കുന്നവർ‍ യുദ്ധാഭിലാഷികളായ അവരെ ഞാൻ‍ കാണട്ടെ.

സഞ്ജയ ഉവാച

ശ്ലോകം 23, 24
ഏവമുക്തോ ഹൃഷീകേശോ ഗുഡാകേശേന ഭാരത
സേനയോരുഭയോർ‍മധ്യേ സ്ഥാപയിത്വാ രഥോത്തമം (23)
ഭീഷ്മദ്രോണപ്രമുഖതഃ സർ‍വ്വേഷാം ച മഹീക്ഷിതാം
ഉവാച പാർ‍ഥ പശ്യൈതാ‍ന്‍ സമവേതാന്‍ കുരൂനിതി (24)

സഞ്ജയന്‍ പറഞ്ഞു: ഭരത വംശജനായ രാജാവേ, അർ‍ജുനനാല്‍ ഇങ്ങനെ പറയപ്പെട്ടപ്പോ‍ള്‍ ശ്രീകൃഷ്ണന്‍ ഉത്തമമായ രഥത്തെ രണ്ടു സൈന്യത്തിന്റെയും നടുവില്‍ നിർ‍ത്തി, ഭീഷ്മർ‍ ദ്രോണർ‍ തുടങ്ങിയ എല്ലാ ഭൂപാലകരും നില്‍ക്കെ, "അർ‍ജുനാ, കൂട്ടംചേർ‍ന്നു നില്ക്കുന്ന ഈ കൗരവന്മാരെ കണ്ടുകൊള്‍ക" എന്നു പറഞ്ഞു.

ശ്ലോകം 25
തത്രാപശ്യത്സ്ഥിതാ‍ന്‍ പാ‍ർ‍ഥ പിതൃനഥ പിതാമഹാൻ‍
ആചാര്യാന്മാതുലാ‍ന്‍ ഭ്രാതൃന്‍ പുത്രാന്‍ പൗത്രാ‍ന്‍ സഖീംസ്തഥാ
ശ്വശുരാ‍ന്‍ സുഹൃദശ്ചൈവ സേനയോരുഭയോരപി (25)

അവിടെ രണ്ടു സൈന്യങ്ങളിലായി നില്ക്കുന്ന പിതാക്കന്മാരെയും പിന്നെ പിതാമഹന്മാരെയും ഗുരുക്കാന്മാരെയും അമ്മാവന്മാരേയും സഹോദരന്മാരെയും പുത്രന്മാരെയും അതുപോലെ കൂട്ടുകാരെയും ശ്വശുരന്മാരെയും സുഹൃത്തുക്കളെയും അർ‍ജുനന്‍ കണ്ടു.

ശ്ലോകം 26
താ‍‍ന്‍ സമീക്ഷ്യ സ കൌന്തേയഃ സർ‍വ്വാ‍ന്‍ ബന്ധൂനവസ്ഥിതാ‍ൻ‍ (26)
കൃപയാ പരയാവിഷ്ടോ വിഷീദന്നിദമബ്രവീത്

ആ കുന്തീപുത്രൻ ബന്ധുക്കളെ എല്ലാം നന്നായി നോക്കിക്കണ്ട്‌, അത്യന്തം കൃപയോടെ വിഷാദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.

അർ‍ജുന ഉവാച

ശ്ലോകം 27, 28, 29, 30
ദൃഷ്ട്വേമം സ്വജനം കൃഷ്ണ യുയുത്സും സമുപസ്ഥിതം (27)
സീദന്തി മമ ഗാത്രാണി മുഖം ച പരിശുഷ്യതി
വേപഥുശ്ച ശരീരേ മേ രോമഹർ‍ഷശ്ച ജായതേ (28)
ഗാണ്ഡീവം സ്രംസതേ ഹസ്താത്ത്വക്ചൈവ പരിദഹ്യതേ
ന ച ശക്നോമ്യവസ്ഥാതും ഭ്രമതീവ ച മേ മനഃ (29)
നിമിത്താനി ച പശ്യാമി വിപരീതാനി കേശവ
ന ച ശ്രേയോഽനുപശ്യാമി ഹത്വാ സ്വജനമാഹവേ (30)

അർ‍ജുനൻ‍ പറഞ്ഞു: കൃഷ്ണാ, യുദ്ധം ചെയ്യാൻ‍ ഒരുങ്ങി നിൽക്കുന്ന ഈ സ്വജനങ്ങളെ കണ്ടിട്ട് എന്റെ ശരീരമാസകലം തളരുന്നു; വായ് വരളുകയും ചെയ്യുന്നു. എന്റെ ശരീരം വിറയ്ക്കുകയും പേടിച്ച് രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നു. ഗാണ്ഡീവം കൈയ്യിൽ‍ നിന്നും വഴുതുന്നു. ദേഹം ചുട്ടുനീറുകയും ചെയ്യുന്നു. നില്‍ക്കാൻ‍ എനിക്ക് കഴിയുന്നില്ല. എന്റെ മനസ്സു സംഭ്രമിക്കുന്നതു പോലെ തോന്നുന്നു. പല ദു‍ർ‍നിമിത്തങ്ങളും കാണുന്നു. യുദ്ധത്തിൻ‍ സ്വജനത്തെ കൊന്നിട്ട് ഒരു ശ്രേയസ്സും ഞാൻ കാണുന്നില്ല.

ശ്ലോകം 31
ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച
കിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈർ‍ജീവിതേന വാ (31)

കൃഷ്ണാ, വിജയവും രാജ്യവും സുഖങ്ങളും ഞാൻ‍ ആഗ്രഹിക്കുന്നില്ല. ഗോവിന്ദാ, നമുക്കു രാജ്യം കൊണ്ടു എന്തു കാര്യം? ഭോഗങ്ങളെ കൊണ്ടോ ജീവിതം കൊണ്ടു തന്നെയോ എന്തു ഫലം?

ശ്ലോകം 32, 33
യേഷാമർ‍ഥേ കാംക്ഷിതം നോ രാജ്യം ഭോഗാഃ സുഖാനി ച
ത ഇമേഽവസ്ഥിതാ യുദ്ധേ പ്രാണാംസ്ത്യക്ത്വാ ധനാനി ച (32)
ആചാര്യാഃ പിതരഃ പുത്രാസ്തഥൈവ ച പിതാമഹാഃ
മാതുലാഃ ശ്വശുരാഃ പൌത്രാഃ ശ്യാലാഃ സംബന്ധിനസ്തഥാ (33)

ആർ‍ക്കുവേണ്ടിയാണോ രാജ്യവും ഭോഗങ്ങളും സുഖങ്ങളും നാം ആഗ്രഹിച്ചത്, ആ ആചാര്യന്മാരും, പിതാക്കളും, പുത്രന്മാരും, അതുപോലെ മുത്തച്ഛന്‍മാരും, അമ്മാവന്മാരും, ശ്വശുരന്മാരും, പൌത്രന്‍മാരും, അളിയന്മാരും, അതുപോലെ ബന്ധുക്കളും പ്രാണനും, ധനവും ഉപേക്ഷിച്ചു യുദ്ധക്കളത്തില്‍ യുദ്ധസന്നദ്ധരായി നില്ക്കുന്നു.

ശ്ലോകം 34
ഏതാന്ന ഹന്തുമിച്ഛാമി ഘ്നതോഽപി മധുസൂദന
അപി ത്രൈലോക്യരാജ്യസ്യ ഹേതോഃ കിം നു മഹീകൃതേ (34)

മധുസൂദനാ, എന്നെ കൊന്നാൽ പോലും മൂന്നു ലോകത്തിന്റെയും ആധിപത്യത്തിനു വേണ്ടിപ്പോലും ഇവരെ കൊല്ലാൻ ഞാൻ‍ ആഗ്രഹിക്കുന്നില്ല. പിന്നെയാണോ ഈ ഭൂമിക്കു വേണ്ടി?

ശ്ലോകം 35
നിഹത്യ ധാർ‍തരാഷ്ട്രാന്നഃ കാ പ്രീതിഃ സ്യാജ്ജനാർ‍ദന
പാപമേവാശ്രയേദസ്മാന്‍ ഹത്വൈതാനാതതായിനഃ (35)

ഹേ ജനാ‍ർ‍ദ്ദനാ!, ധൃതരാഷ്ട്രപുത്രന്‍മാരെ കൊന്നിട്ട് നമുക്കു എന്തു സന്തോഷമുണ്ടാകാനാണ്? ആതതായികളായ ഇവരെ കൊന്നാല്‍ പാപം മാത്രമാണ് നമുക്കു ഫലം.

ശ്ലോകം 36
തസ്മാന്നാർ‍ഹാ വയം ഹന്തും ധാർ‍തരാഷ്ട്രാ‍ന്‍ സ്വബാന്ധവാന്‍
സ്വജനം ഹി കഥം ഹത്വാ സുഖിനഃ സ്യാമ മാധവ (36)

അതുകൊണ്ട് നമ്മൾ‍ സ്വന്തം ബന്ധുക്കളായ ധൃതരാഷ്ട്രപുത്രന്മാരെ കൊല്ലാൻ‍ പാടില്ലാത്തതാണ്. മാധവാ! സ്വജനങ്ങളെ കൊന്നിട്ട് നാം എങ്ങന സുഖികളായിതീരും?

ശ്ലോകം 37, 38
യദ്യപ്യേതേ ന പശ്യന്തി ലോഭോപഹതചേതസഃ
കുലക്ഷയകൃതം ദോഷം മിത്രദ്രോഹേ ച പാതകം (37)
കഥം ന ജ്ഞേയമസ്മാഭിഃ പാപാദസ്മാന്നിവർ‍തിതും
കുലക്ഷയകൃതം ദോഷം പ്രപശ്യദ്ഭിർ‍ജനാർ‍ദന (38)

ജനാ‍‍ർ‍ദ്ദന!‍, അത്യാഗ്രഹം കൊണ്ടു ബുദ്ധികെട്ട ഇവർ‍ കുലനാശം കൊണ്ടുള്ള ദോഷവും മിത്രങ്ങളെ ദ്രോഹിക്കുന്നതിലുള്ള പാപവും കാണുന്നില്ലെങ്കിലും കുലക്ഷയം കൊണ്ടുള്ള ദോഷം കാണുന്ന നമ്മ‍ൾ‍, ഈ പാപത്തിൽ‍ നിന്നു പിന്തിരിയണമെന്ന് മനസ്സിലാക്കേണ്ടതല്ലേ?

ശ്ലോകം 39
കുലക്ഷയേ പ്രണശ്യന്തി കുലധർ‍മാഃ സനാതനാഃ
ധർ‍മ്മേ നഷ്ടേ കുലം കൃത്സ്നമധർ‍മ്മോഽഭിഭവത്യുത (39)

കുലം നശിക്കുമ്പോൾ സനാതനങ്ങളായ കുലധ‍ർ‍മ്മങ്ങൾ നശിക്കുന്നു, ധ‍ർ‍മ്മം നശിക്കുമ്പോൾ കുലത്തെ മുഴുവ‍ൻ അധർ‍മ്മം ബാധിക്കുന്നു.

ശ്ലോകം 40
അധർ‍മ്മാഭിഭവാത്കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാസു വാർ‍ഷ്ണേയ ജായതേ വർ‍ണസങ്കരഃ (40)

വൃഷ്ണിവംശജനായ കൃഷ്ണാ, അധ‍ർ‍മ്മം ബാധിക്കുമ്പോൾ‍ കുല സ്തീകൾ ദുഷിക്കുന്നു. സ്ത്രീകൾ ദുഷിക്കുമ്പോൾ വ‍ർ‍ണ്ണസങ്കരം സംഭവിക്കുന്നു.

ശ്ലോകം 41
സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച
പതന്തി പിതരോ ഹ്യേഷാം ലുപ്തപിണ്ഡോദകക്രിയാഃ (41)

വ‍ർ‍ണ്ണസങ്കരം കുലനാശകന്മാർ‍ക്കും കുലത്തിനും നരകത്തിനായിത്തന്നെ തീരുന്നു. ഇവരുടെ പിതൃക്കൾ‍ പിണ്ഡദാനവും ഉദകക്രിയയും ലഭിക്കാതെ നിലംപതിച്ചു പോകുന്നു.

ശ്ലോകം 42
ദോഷൈരേതൈഃ കുലഘ്നാനാം വർ‍ണസങ്കരകാരകൈഃ
ഉത്സാദ്യന്തേ ജാതിധർ‍മ്മാഃ കുലധർ‍മ്മാശ്ച ശാശ്വതാഃ (42)

കുലഘാതകന്മാരുടെ വ‍ർ‍ണ്ണസങ്കരം ഉളവാക്കുന്ന ഈ ദോഷങ്ങളാൽ‍ ശാശ്വതങ്ങളായ ജാതിധ‍ർ‍മ്മങ്ങളും കുലധ‍ർ‍മ്മങ്ങളും നശിച്ചു പോകുന്നു.

ശ്ലോകം 43
ഉത്സന്നകുലധർ‍മാണാം മനുഷ്യാണാം ജനാർ‍ദന
നരകേ നിയതം വാസോ ഭവതീത്യനുശുശ്രുമ (43)

ജനാ‌ർ‍ദ്ദനാ!, കുലധ‍ർ‍മ്മം ക്ഷയിച്ചുപോയ മനുഷ്യരുടെ വാസം എന്നെന്നും നരകത്തിലാണ് എന്നു നാം കേട്ടിട്ടുണ്ടല്ലോ.

ശ്ലോകം 44
അഹോ ബത മഹത്പാപം കർ‍തും വ്യവസിതാ വയം (44)
യദ്രാജ്യസുഖലോഭേന ഹന്തും സ്വജനമുദ്യതാഃ

അഹോ കഷ്ട്ടം! വലിയ പാപം ചെയ്യാൻ‍ നാം ഒരുങ്ങിയിരിക്കുന്നു. രാജ്യലാഭത്തിലും സുഖത്തിലുമുള്ള അത്യാഗ്രഹം കൊണ്ടു സ്വജനങ്ങളെ കൊല്ലാൻ നാം ഒരുങ്ങിയല്ലോ.

ശ്ലോകം 45
യദി മാമപ്രതീകാരമശസ്ത്രം ശസ്ത്രപാണയഃ
ധാ‍ർ‍തരാഷ്ട്രാ രണേ ഹന്യുസ്തന്മേ ക്ഷേമതരം ഭവേത് (45)

എതിർ‍ക്കാതെയും ആയുധമെടുക്കാതെയും ഇരിക്കുന്ന എന്നെ, ആയുധമേന്തിയ ധൃതരാഷ്ട്രപുത്രന്മാർ‍ പോരിൽ‍ കൊല്ലുമെങ്കിൽ അതെനിക്ക് കൂടുതൽ ക്ഷേമകരമായിരിക്കും.

സഞ്ജയ ഉവാച

ശ്ലോകം 46
ഏവമുക്ത്വാർ‍ജുനഃ സംഖ്യേ രഥോപസ്ഥ ഉപാവിശത്
വിസൃജ്യ സശരം ചാപം ശോകസംവിഗ്നമാനസഃ (46)

സഞ്ജയൻ പറഞ്ഞു: ഇപ്രകാരം പറഞ്ഞിട്ട് അർ‍ജുനൻ‍ യുദ്ധക്കളത്തിൽ‍ അമ്പും വില്ലും ഉപേക്ഷിച്ച് തേർ‍ത്തട്ടിൽ‍ ശോകാകുലചിത്തനായി ഇരുന്നു.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ 
  അർജുനവിഷാദയോഗോ നാമ പ്രഥമോദ്ധ്യായഃ സമാപ്തഃ

സാംഖ്യയോഗഃ (അദ്ധ്യായം 2 - 72 ശ്ലോകങ്ങൾ)

രണ്ടാം അദ്ധ്യായം കേൾക്കാം

രണ്ടാം അദ്ധ്യായം: സാംഖ്യയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

ശ്ലോകം 01

സഞ്ജയ ഉവാച

തം തഥാ കൃപയാവിഷ്ടമശ്രുപൂർ‍ണാകുലേക്ഷണം
വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ (1)

സഞ്ജയൻ പറഞ്ഞു: അങ്ങനെ മനസ്സലിഞ്ഞവനും, കണ്ണീർ‍ നിറഞ്ഞ കണ്ണുകളോടുകൂടിയവനും ദുഃഖിക്കുന്നവനുമായ അർ‍ജുനനോടു ശ്രീകൃഷ്ണൻ ഇപ്രകാരം പറഞ്ഞു.

ശ്ലോകം 02

ശ്രീഭഗവാനുവാച

കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം
അനാര്യജുഷ്ടമസ്വർ‍ഗ്യമകീർ‍ത്തികരമർ‍ജുന (2)

ശ്രീ ഭഗവാൻ പറഞ്ഞു: അർ‍ജുനാ, വിഷമഘട്ടത്തിൽ ആര്യന്മാർ‍ക്ക് ചേരാത്തതും സ്വർ‍ഗ്ഗം നൽകാത്തതും അകീർ‍ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?

ശ്ലോകം 03
ക്ലൈബ്യം മാ സ്മ ഗമഃ പാർ‍ഥ നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൌർ‍ബ്ബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ (3)

പാർ‍ത്ഥാ, പൗരുഷമില്ലായ്മ നിനക്കു വന്നു കൂടാ. ഇതു നിനക്കു ചേരില്ല. ശത്രുനാശകാ, നികൃഷ്ടമായ ഹൃദയ ദൌർ‍ബല്യം കൈവിട്ടു നീ എഴുന്നേ‍ൽക്കു.

ശ്ലോകം 04

അർ‍ജുന ഉവാച

കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം ച മധുസൂദന
ഇഷുഭിഃ പ്രതിയോത്സ്യാമി പൂജാർ‍ഹാവരിസൂദന (4)

അർ‍ജുനൻ ചോദിച്ചു: ഹേ ശത്രുഘാതകാ! മധുസൂധനാ, പൂജാർ‍ഹരായ ഭീഷ്മരേയും ദ്രോണരെയും മൂർ‍ച്ചയുള്ള അമ്പുകൾ‍ കൊണ്ടു ഞാൻ യുദ്ധത്തിൽ എങ്ങനെ എതിരിടും?

ശ്ലോകം 05
ഗുരൂനഹത്വാ ഹി മഹാനുഭാവാൻ
ശ്രേയോ ഭോക്തും ഭൈക്ഷ്യമപീഹ ലോകേ
ഹത്വാർ‍ഥകാമാംസ്തു ഗുരൂനിഹൈവ
ഭുഞ്ജീയ ഭോഗാൻ രുധിരപ്രദിഗ്ധാൻ (5)

മഹാത്മാക്കളായ ഗുരുക്കന്മാരെ ഹനിക്കുന്നതിനേക്കാൾ‍ ഈ ലോകത്തിൽ ഭിക്ഷയെടുക്കുന്നത് പോലും ശ്രേയസ്കരമാണ്. ഗുരുക്കന്മാരെ ഹനിച്ചിട്ട്‌ അ‍ർ‍ത്ഥകാമസ്വരൂപങ്ങളും രക്തം പുരണ്ടതുമായ ഭോഗങ്ങളെ ഈ ലോകത്തിൽവെച്ചുതന്നെ ഭുജിക്കണോ?

ശ്ലോകം 06
ന ചൈതദ്വിദ്മഃ കതരന്നോ ഗരീയോ
യദ്വാ ജയേമ യദി വാ നോ ജയേയുഃ
യാനേവ ഹത്വാ ന ജിജീവിഷാമഃ
തേഽവസ്ഥിതാഃ പ്രമുഖേ ധാർ‍തരാഷ്ട്രാഃ (6)

രണ്ടിലേതാണ് നമുക്കു കൂടുതൽ ശ്രേയസ്കരം എന്ന് അറിഞ്ഞുകൂടാ. ഒന്നുകിൽ നാം ജയിക്കും. അല്ലെങ്കിൽ ജയിക്കാതിരിക്കും. ആരെ കൊന്നിട്ട് നാം ജീവിക്കാൻ ആഗ്രഹിക്കുന്നില്ലയോ ആ ധൃതരാഷ്ട്രപുത്രന്മാരാണ് മുമ്പിൽ വന്നു നില്ക്കുന്നത്.

ശ്ലോകം 07
കാർ‍പണ്യദോഷോപഹതസ്വഭാവഃ
പൃച്ഛാമി ത്വാം ധർ‍മ്മസമ്മൂഢചേതാഃ
യച്ഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ
ശിഷ്യസ്തേഽഹം ശാധി മാം ത്വാം പ്രപന്നം (7)

ദൈന്യത കൊണ്ടു ബുദ്ധികെട്ടവനും ധ‍ർ‍മ്മ വിഷയത്തിൽ വിവേകം നശിച്ചവനുമായി അങ്ങയോടു ഞാൻ ചോദിക്കുന്നു. യാതൊന്നു തീ‍ർ‍ച്ചയായും ശ്രേയസ്കരമാകുമോ അതെനിക്ക് പറഞ്ഞു തരിക. ഞാൻ അങ്ങയുടെ ശിഷ്യനാണ്. അങ്ങയെ ശരണം പ്രാപിച്ച എന്നെ വേണ്ടവണ്ണം ഉപദേശിച്ചാലും.

ശ്ലോകം 08
ന ഹി പ്രപശ്യാമി മമാപനുദ്യാദ്
യച്ഛോകമുച്ഛോഷണമിന്ദ്രിയാണാം
അവാപ്യ ഭൂമാവസപത്നമൃദ്ധം
രാജ്യം സുരാണാമപി ചാധിപത്യം (8)

ഭൂമിയിൽ ശത്രുക്കളില്ലാത്തതും സമൃദ്ധിയുള്ളതുമായ രാജ്യവും ദേവന്മാരുടെ മേൽ പോലും ആധിപത്യവും ലഭിച്ചാലും ഇന്ദ്രിയങ്ങളെ ശോഷിപ്പിച്ചു കൊണ്ടിരിക്കുന്ന എന്റെ ദുഃഖത്തെ അകറ്റുന്ന യതൊന്നും ഞാൻ കാണുന്നില്ല.

ശ്ലോകം 09

സഞ്ജയ ഉവാച

ഏവമുക്ത്വാ ഹൃഷീകേശം ഗുഡാകേശഃ പരന്തപ
ന യോത്സ്യ ഇതി ഗോവിന്ദമുക്ത്വാ തൂഷ്ണീം ബഭൂവ ഹ (9)

സഞ്ജയൻ പറഞ്ഞു: ശത്രുനാശകനായ അർ‍ജുനൻ കൃഷ്ണനോട് ഞാൻ യുദ്ധം ചെയ്കയില്ല എന്ന് പറഞ്ഞു മൗനം അവലംബിച്ചു.

ശ്ലോകം 10
തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത
സേനയോരുഭയോർ‍മധ്യേ വിഷീദന്തമിദം വചഃ (10)

ഹേ ഭരതവംശജാ, രണ്ട് സേനയ്ക്കിടയിലും വിഷണ്ണനായി നില്ക്കുന്ന അവനോടു മന്ദഹസിച്ചുകൊണ്ടെന്നവണ്ണം ഹൃഷികേശനായ ഭഗവാൻ ഇങ്ങനെ അരുളിച്ചെയ്തു.

ശ്ലോകം 11

ശ്രീഭഗവാനുവാച

അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ (11)

ശ്രീ ഭഗവാൻ പറഞ്ഞു: ദുഖിക്കേണ്ടാത്തവരെക്കുറിച്ച് നീ ദുഖിച്ചു പണ്ഡിതന്റെ മട്ടിലുള്ള വാക്കുകൾ‍ പറയുകയും ചെയ്യുന്നു. പണ്ഡിതന്മാർ‍ മരിച്ചവരെ കുറിച്ചും മരിക്കാത്തവരെക്കുറിച്ചും അനുശോചിക്കുന്നില്ല.

ശ്ലോകം 12
ന ത്വേവാഹം ജാതു നാസം ന ത്വം നേമേ ജനാധിപാഃ
ന ചൈവ ന ഭവിഷ്യാമഃ സർ‍വ്വേ വയമതഃ പരം (12)

ഞാൻ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല. നീയും ഇല്ലാതിരുന്നിട്ടില്ല. ഈ രാജാക്കന്മാരും ഇല്ല. ഇനി മേൽ നമ്മളെല്ലാവരും ഉണ്ടാകാതിരിക്കുകയുമില്ല.

ശ്ലോകം 13
ദേഹിനോഽസ്മിന്യഥാ ദേഹേ കൌമാരം യൌവനം ജരാ
തഥാ ദേഹാന്തരപ്രാപ്തിർ‍ധീരസ്തത്ര ന മുഹ്യതി (13)

മനുഷ്യൻ ഈ ദേഹത്തിൽ എങ്ങനെയാണോ കൌമാരവും യൌവ്വനവും ജരയും, അങ്ങനെതന്നെയാണ് ദേഹാന്തര പ്രാപ്തിയും ഉണ്ടാകുന്നത്. ധീരൻ അതിൽ മോഹിക്കുന്നില്ല.

ശ്ലോകം 14
മാത്രാസ്പർ‍ശാസ്തു കൌന്തേയ ശീതോഷ്ണസുഖദുഃഖദാഃ
ആഗമാപായിനോഽനിത്യാസ്താംസ്തിതിക്ഷസ്വ ഭാരത (14)

കുന്തീപുത്രാ, ഇന്ദ്രിയങ്ങളും വിഷയങ്ങളും തമ്മിലുള്ള സ്പർ‍ശങ്ങൾ‍ ശീതോഷ്ണങ്ങളെയും സുഖദുഃഖങ്ങളെയും നൽകുന്നവയും, വന്നും പോയും ഇരിക്കുന്നവയും അനിത്യങ്ങളുമാണ്. ഭരതവംശത്തിൽ ജനിച്ചവനെ, അവ നിർ‍വികാരനായി സഹിച്ചു കൊള്ളുക.

ശ്ലോകം 15
യം ഹി ന വ്യഥയന്ത്യേതേ പുരുഷം പുരുഷർ‍ഷഭ
സമദുഃഖസുഖം ധീരം സോഽമൃതത്വായ കല്പതേ (15)

പുരുഷശ്രേഷ്ഠാ, സമദുഖസുഖനും ധീരനുമായ ഏതൊരു പുരുഷനെ ഇവ ദുഖിപ്പിക്കയില്ലയോ അവൻ അമൃതത്വത്തിനു അധികാരിയായിത്തീരുന്നു.

ശ്ലോകം 16
നാസതോ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സതഃ
ഉഭയോരപി ദൃഷ്ടോഽന്തസ്ത്വനയോസ്തത്ത്വദർ‍ശിഭിഃ (16)

ഇല്ലാത്തതിന് (അസത്തിന്) ഉണ്മയില്ല. ഉള്ളതിന് (സത്തിന്) അഭാവവും അറിയപ്പെടുന്നില്ല. ഈ രണ്ടിന്റെയും (സത്തിന്റെയും അസത്തിന്റെയും) യാഥാർ‍ത്ഥ്യം തത്വദർ‍ശികൾ‍ കണ്ടറിഞ്ഞിട്ടുണ്ട്.

ശ്ലോകം 17
അവിനാശി തു തദ്വിദ്ധി യേന സർ‍വ്വമിദം തതം
വിനാശമവ്യയസ്യാസ്യ ന കശ്ചിത് കർ‍തുമർ‍ഹതി (17)

ഏതൊന്നിനാൽ ഇതെല്ലാം വ്യാപ്തമായിരിക്കുന്നുവോ, അത് നാശരഹിതമാണെന്നറിയുക. അനശ്വരമായ അതിനെ നശിപ്പിക്കുവാൻ ആ‍ർ‍ക്കും കഴിയുകയില്ല.

ശ്ലോകം 18
അന്തവന്ത ഇമേ ദേഹാ നിത്യസ്യോക്താഃ ശരീരിണഃ
അനാശിനോഽപ്രമേയസ്യ തസ്മാദ്യുദ്ധ്യസ്വ ഭാരത (18)

നിത്യനും അവിനാശിയും, അവിജ്ഞേയനുമായ ആത്മാവിനുള്ള ഈ ദേഹങ്ങൾ‍ നാശമുള്ളവയാണെന്നു പറയപ്പെടുന്നു. അതുകൊണ്ട് അർ‍ജുനാ, നീ യുദ്ധം ചെയ്യുക.

ശ്ലോകം 19
യ ഏനം വേത്തി ഹന്താരം യശ്ചൈനം മന്യതേ ഹതം
ഉഭൌ തൌ ന വിജാനീതോ നായം ഹന്തി ന ഹന്യതേ (19)

യാതൊരാൾ‍ ഈ ആത്മാവിനെ കൊല്ലുന്ന‌വ‍നെന്ന് ധരിക്കുന്നുവോ യാതൊരാൾ‍ ഇവനെ കൊല്ലപ്പെട്ടവനായി ഗണിക്കുന്നുവോ, ആ രണ്ടു പേരും വാസ്തവം അറിയുന്നില്ല. ആത്മാവു ആരെയും കൊല്ലുന്നില്ല. ആത്മാവിനെ ആരും കൊല്ലുന്നുമില്ല.

ശ്ലോകം 20
ന ജായതേ മ്രിയതേ വാ കദാചിദ്
നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യഃ ശാശ്വതോഽയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ (20)

ഈ ആത്മാവ് ഒരിക്കലും ജനിക്കുന്നില്ല. മരിക്കുന്നുമില്ല. ജനിച്ചിട്ട്‌ വീണ്ടും ജനിക്കാതിരിക്കുന്നുമില്ല. ജന്മമില്ലാത്തവനും നിത്യനും സ്ഥിരനും പണ്ടേ ഉള്ളവനുമായ ഇവൻ ശരീരം ഹതമാകുമ്പോൾ‍ ഹനിക്കപ്പെടുന്നുമില്ല.

ശ്ലോകം 21
വേദാവിനാശിനം നിത്യം യ ഏനമജമവ്യയം
കഥം സ പുരുഷഃ പാർ‍ഥ കം ഘാതയതി ഹന്തി കം (21)

പാർ‍ത്ഥ, ഈ ആത്മാവിനെ നാശരഹിതനും നിത്യനും ജനനരഹിതനും മാറ്റമില്ലാത്തവനുമായി അറിയുന്നുവോ അങ്ങനെയുള്ള പുരുഷൻ ആരെയെങ്കിലും കൊല്ലിക്കുന്നതെങ്ങനെ? കൊല്ലുന്നതെങ്ങനെ?

ശ്ലോകം 22
വാസാംസി ജീർ‍ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോഽപരാണി
തഥാ ശരീരാണി വിഹായ ജീർ‍ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ (22)

മനുഷ്യൻ എങ്ങനെ കീറിയ വസ്ത്രങ്ങൾ‍ വെടിഞ്ഞു വേറെ പുതിയവ സ്വീകരിക്കുന്നുവോ, അതുപോലെ ആത്മാവ് ജീ‍ർ‍ണ്ണിച്ച ദേഹങ്ങൾ‍ വെടിഞ്ഞു വേറെ ദേഹങ്ങൾ‍ കൈകൊള്ളുന്നു.

ശ്ലോകം 23
നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ (23)

ഈ ആത്മാവിനെ ആയുധങ്ങൾ‍ മുറിവ് ഏൽപ്പിക്കുന്നില്ല. ഇവനെ തീ ദാഹിപ്പിക്കുന്നില്ല. ഇവനെ വെള്ളം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.

ശ്ലോകം 24
അച്ഛേദ്യോഽയമദാഹ്യോഽയമക്ലേദ്യോഽശോഷ്യ ഏവ ച
നിത്യഃ സർ‍വ്വഗതഃ സ്ഥാണുരചലോഽയം സനാതനഃ (24)

ഇവൻ ഛേദിക്കപ്പെടാത്തവനാണ്. ഇവൻ ദഹിപ്പിക്കപ്പെടാൻ കഴിയാത്തവനാണ്. നനയാത്തവനാണ്. ഉണങ്ങാത്തവനുമാണ്. ഇവൻ നിത്യനും സർ‍വവ്യാപിയും സ്ഥിരസ്വഭാവനും ശാശ്വതനുമാണ്.

ശ്ലോകം 25
അവ്യക്തോഽയമചിന്ത്യോഽയമവികാര്യോഽയമുച്യതേ
തസ്മാദേവം വിദിത്വൈനം നാനുശോചിതുമർ‍ഹസി (25)

ഇവൻ (ഈ ആത്മാവ്) ഇന്ദ്രിയങ്ങൾ‍ക്കും മനസ്സിനും അഗോചരനും, മാറ്റമില്ലാതവനുമാണെന്നു പറയപ്പെടുന്നു. അതുകൊണ്ട് ഇങ്ങിനെയുള്ളവനായി ഇവനെ അറഞ്ഞിട്ടു നീ അനുശോചിക്കാതിരിക്കുക.

ശ്ലോകം 26
അഥ ചൈനം നിത്യജാതം നിത്യം വാ മന്യസേ മൃതം
തഥാപി ത്വം മഹാബാഹോ നൈവം ശോചിതുമർ‍ഹസി (26)

കൈയ്യൂക്കുള്ളവനെ, ഇനി ഇവനെ നിത്യം ജനിക്കുന്നവനും നിത്യം മരിക്കുന്നവനുമായി നീ വിചാരിക്കുന്നുവെങ്കി‌ൽ തന്നെയും നീ ഇവനെക്കുറിച്ച് ദുഖിക്കേണ്ടതില്ല.

ശ്ലോകം 27
ജാതസ്യ ഹി ധ്രുവോ മൃത്യുർ‍ധ്രുവം ജന്മ മൃതസ്യ ച
തസ്മാദപരിഹാര്യേഽർ‍ഥേ ന ത്വം ശോചിതുമർ‍ഹസി (27)

ജനിച്ചവന് മരണം നിശ്ചിതമാണ്. മരിച്ചവന് ജനനവും നിശ്ചിതമാണ്. അതുകൊണ്ട് പരിഹാരമില്ലാത്ത കാര്യത്തിൽ ദുഃഖിക്കുന്നത് നിനക്ക് ഉചിതമല്ല.

ശ്ലോകം 28
അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത
അവ്യക്തനിധനാന്യേവ തത്ര കാ പരിദേവനാ (28)

ജീവികൾ‍ ജനനത്തിനു മുൻപ് അവ്യക്തമായ അവസ്ഥയോട്‌കൂടിയവയാണ്. മദ്ധ്യേയുള്ള ജീവിതകാലം മാത്രം വ്യക്തവും, മരണാനന്തരമുള്ള സ്ഥിതി അവ്യക്തവുമാണ്. ഹേ ഭാരതാ, അതിൽ എന്തിന് വിലപിക്കണം?

ശ്ലോകം 29
ആശ്ചര്യവത്പശ്യതി കശ്ചിദേനം
ആശ്ചര്യവദ്വദതി തഥൈവ ചാന്യഃ
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചിത് (29)

ഒരാൾ‍ ഇവനെ (ആത്മാവിനെ) ഒരു അത്ഭുതവസ്തു പോലെ കാണുന്നു. മറ്റൊരാൾ‍ അതുപോലെ അത്ഭുതവസ്തുപോലെ ഇവനെക്കുറിച്ച് പറയുന്നു. വേറൊരാൾ‍ അത്ഭുതവസ്തു പോലെ ഇവനെക്കുറിച്ച് കേൾ‍ക്കുകയും ചെയ്യുന്നു. ശ്രവിച്ചിട്ടും ഒരാളും വേണ്ടവണ്ണം ഇവനെ അറിയുന്നില്ല.

ശ്ലോകം 30
ദേഹീ നിത്യമവധ്യോഽയം ദേഹേ സർ‍വ്വസ്യ ഭാരത
തസ്മാത്സർ‍വ്വാണി ഭൂതാനി ന ത്വം ശോചിതുമർ‍ഹസി (30)

അർ‍ജുനാ, എല്ലാവരുടെയും ദേഹത്തിലുള്ള ഈ ദേഹി ഒരിക്കലും വധിക്കപ്പെടാവുന്നവനല്ല. അതിനാൽ യാതൊരു ജീവിയെക്കുറിച്ചും നീ ദുഖിക്കേണ്ടതില്ല.

ശ്ലോകം 31
സ്വധർ‍മ്മമപി ചാവേക്ഷ്യ ന വികമ്പിതുമർ‍ഹസി
ധർ‍മ്മാദ്ധി യുദ്ധാച്ഛ്രേയോഽന്യത്ക്ഷത്രിയസ്യ ന വിദ്യതേ (31)

സ്വധ‍ർ‍മ്മത്തെക്കുറിച്ച് ആലോചിച്ചിട്ടും നീ കുലുങ്ങേണ്ടതില്ല. എന്തെന്നാൽ ക്ഷത്രിയന് ധ‍ർ‍മ്മ സംഗതമായ യുദ്ധത്തേക്കാൾ‍ ശ്രേയസ്കരമായി മറ്റൊന്നുമില്ല.

ശ്ലോകം 32
യദൃച്ഛയാ ചോപപന്നം സ്വർ‍ഗ്ഗദ്വാരമപാവൃതം
സുഖിനഃ ക്ഷത്രിയാഃ പാർ‍ഥ ലഭന്തേ യുദ്ധമീദൃശം (32)

ഈ യുദ്ധം അപ്രതീക്ഷിതമായി തുറന്നുകിട്ടിയ സ്വർ‍ഗ്ഗവാതിൽ പോലെയാണ്. ഹേ പാർ‍ത്ഥ, ഭാഗ്യവാന്മാരായ ക്ഷത്രിയർ‍ക്ക് മാത്രമാണ് ഈ വിധമുള്ള യുദ്ധം ലഭിക്കുന്നത്‌.

ശ്ലോകം 33
അഥ ചേത്ത്വമിമം ധർ‍മ്യം സംഗ്രാമം ന കരിഷ്യസി
തതഃ സ്വധർ‍മ്മം കീർ‍തിം ച ഹിത്വാ പാപമവാപ്സ്യസി (33)

ഇനി ഈ യുദ്ധം നീ ചെയ്യില്ലെങ്കിൽ അത് കാരണം സ്വധ‍ർ‍മ്മവും കീർ‍ത്തിയും കൈവിട്ടു നീ പാപം സമ്പാദിക്കേണ്ടിവരും.

ശ്ലോകം 34
അകീർ‍തിം ചാപി ഭൂതാനി കഥയിഷ്യന്തി തേഽവ്യയാം
സംഭാവിതസ്യ ചാകീർ‍ത്തിർ‍മരണാദതിരിച്യതേ (34)

തന്നെയുമല്ല, നിനക്കു ഒടുങ്ങാത്ത ദുഷ്കീർ‍ത്തി പറഞ്ഞു പരത്തുകയും ചെയ്യും. ബഹുമാനം നേടിയവന് ദുഷ്കീർ‍ത്തി മരണത്തെക്കാൾ‍ അത്യധികം കഷ്ടമാണ്.

ശ്ലോകം 35
ഭയാദ്രണാദുപരതം മംസ്യന്തേ ത്വാം മഹാരഥാഃ
യേഷാം ച ത്വം ബഹുമതോ ഭൂത്വാ യാസ്യസി ലാഘവം (35)

ഭയംകൊണ്ടു യുദ്ധത്തിൽനിന്നും പിന്തിരിഞ്ഞവനായി മഹാരഥന്മാർ‍ നിന്നെ കണക്കാക്കും. അവർ‍ക്കെല്ലാം ബഹുമാന്യനായി ഇരിക്കുന്ന നീ അങ്ങനെ നിസ്സാരനായി തീരും.

ശ്ലോകം 36
അവാച്യവാദാംശ്ച ബഹൂന്വദിഷ്യന്തി തവാഹിതാഃ
നിന്ദന്തസ്തവ സാമർ‍ഥ്യം തതോ ദുഃഖതരം നു കിം (36)

നിന്റെ ശത്രുക്കൾ‍ നിന്റെ സാമർ‍ഥ്യത്തെ നിന്ദിച്ചുകൊണ്ടു വളരെ ദൂഷണം പറയുകയും ചെയ്യും. അതിനേക്കാൾ‍ കൂടുതൽ ദുഃഖകരമായി എന്തുണ്ട്.

ശ്ലോകം 37
ഹതോ വാ പ്രാപ്സ്യസി സ്വർ‍ഗ്ഗം ജിത്വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ (37)

മരിച്ചാൽ സ്വർ‍ഗ്ഗം നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അർ‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേൽക്ക്.

ശ്ലോകം 38
സുഖദുഃഖേ സമേ കൃത്വാ ലാഭാലാഭൌ ജയാജയൌ
തതോ യുദ്ധായ യുജ്യസ്വ നൈവം പാപമവാപ്സ്യസി (38)

സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും ജയപരാജയങ്ങളും തുല്യമായികരുതി യുദ്ധത്തിന് നീ ഒരുങ്ങുക. ഇങ്ങിനെയായാൽ പാപം നിന്നെ ബാധിക്കുകയില്ല.

ശ്ലോകം 39
ഏഷാ തേഽഭിഹിതാ സാംഖ്യേ ബുദ്ധിർ‍യോഗേ ത്വിമാം ശൃണു
ബുദ്ധ്യാ യുക്തോ യയാ പാർ‍ഥ കർ‍മബന്ധം പ്രഹാസ്യസി (39)

നിനക്കു പറഞ്ഞുതന്നു കഴിഞ്ഞ ജ്ഞാനനിഷ്ഠ സാംഖ്യത്തി ലുള്ളതാണ്. ക‍ർ‍മ്മയോഗത്തിനുള്ള ഈ ബുദ്ധിയെയും കേട്ടു കൊള്ളുക. പാർ‍ത്ഥ, ഈ ബുദ്ധി നേടിയാൽ ക‍ർ‍മ്മബന്ധം ഒഴിച്ചുവയ്ക്കാൻ നിനക്കു സാധിക്കും.

ശ്ലോകം 40
നേഹാഭിക്രമനാശോഽസ്തി പ്രത്യവായോ ന വിദ്യതേ
സ്വല്പമപ്യസ്യ ധർ‍മ്മസ്യ ത്രായതേ മഹതോ ഭയാത് (40)

ഈ ക‍ർ‍മ്മയോഗനിഷ്ഠയിൽ തുടങ്ങി വെച്ച കർ‍മ്മത്തിനൊന്നും നാശമില്ല. പാപം സംഭവിക്കുകയുമില്ല. ഈ ധ‍ർ‍മ്മത്തിന്റെ അത്യൽപ്പമായ (വളരെ ചെറിയ തോതിലുള്ള) ആചരണം പോലും വലിയ ഭയത്തിൽ നിന്നും രക്ഷിക്കുന്നു.

ശ്ലോകം 41
വ്യവസായാത്മികാ ബുദ്ധിരേകേഹ കുരുനന്ദന
ബഹുശാഖാ ഹ്യനന്താശ്ച ബുദ്ധയോഽവ്യവസായിനാം (41)

സമചിത്തനായ യോഗി തന്റെ ലക്ഷ്യത്തിൽ എകാഗ്രമനസ്കനാണ്. സമചിത്തരല്ലാത്തവരുടെ ബുദ്ധി ഒന്നും നിശ്ചയിക്കാൻ കഴിയാതെ പല വിഷയങ്ങളിൽ അനന്തമായി വ്യാപാരിക്കും.

ശ്ലോകങ്ങൾ 42, 43, 44
യാമിമാം പുഷ്പിതാം വാചം പ്രവദന്ത്യവിപശ്ചിതഃ
വേദവാദരതാഃ പാർ‍ഥ നാന്യദസ്തീതി വാദിനഃ (42)
കാമാത്മാനഃ സ്വർ‍ഗ്ഗപരാ ജന്മകർ‍മഫലപ്രദാം
ക്രിയാവിശേഷബഹുലാം ഭോഗൈശ്വര്യഗതിം പ്രതി (43)
ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃതചേതസാം
വ്യവസായാത്മികാ ബുദ്ധിഃ സമാധൌ ന വിധീയതേ (44)

പാർ‍ത്ഥ, വേദത്തിൽ പറയുന്ന കാര്യത്തിൽ തല്പരന്മാരും അതിൽകവിഞ്ഞു മറ്റൊന്നുമില്ല എന്ന് പറയുന്നവരും, ഭോഗചിത്തരും, സ്വർ‍ഗ്ഗം കാംക്ഷിക്കുന്നവരുമായവർ‍ക്ക്, പുനർ‍ജന്മവും ക‍ർ‍മ്മഫലവും നൽകുന്നതും സുഖാനുഭവത്തെയും ഐശ്വര്യത്തെയും ലക്ഷ്യമാക്കിയുള്ളതും അനേകം സകാമക‍ർ‍മ്മ ങ്ങളെ പ്രതിപാദിക്കുന്നതുമായ വാക്കുകൾ‍ കേട്ട് മനസ്സപഹരിക്ക പ്പെട്ടിരിക്കയാൽ സമാധിയിൽ ഏകാഗ്രത ലഭിക്കുകയില്ല.

ശ്ലോകം 45
ത്രൈഗുണ്യവിഷയാ വേദാ നിസ്ത്രൈഗുണ്യോ ഭവാർ‍ജുന
നിർ‍ദ്വന്ദ്വോ നിത്യസത്ത്വസ്ഥോ നിർ‍യോഗക്ഷേമ ആത്മവാൻ (45)

അർ‍ജുനാ, വേദങ്ങൾ‍ ത്രിഗുണാത്മകങ്ങളാണ്. നീ ത്രിഗുണാതീതനും ദ്വന്ദരഹിതനും സത്യനിഷ്ഠനും യോഗക്ഷേമങ്ങൾ‍ ഗണിക്കാത്തവനും ആത്മനിഷ്ഠനും ആയിത്തീരുക.

ശ്ലോകം 46
യാവാനർ‍ഥ ഉദപാനേ സർവതഃ സംപ്ലുതോദകേ
താവാൻസർ‍വ്വേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ (46)

എല്ലായിടത്തും വെള്ളം കൊണ്ടു നിറഞ്ഞിരിക്കുമ്പോൾ‍ കിണറു കൊണ്ട് എത്ര പ്രയോജനം ഉണ്ടോ അത്രയ്ക്കു പ്രയോജനം മാത്രമേ ജ്ഞാനിയായ ബ്രാഹ്മണന് വേദങ്ങളാസകലം കൊണ്ടുണ്ടാകൂ.

ശ്ലോകം 47
കർ‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
മാ കർ‍മഫലഹേതുർ‍ഭൂർ‍മാ തേ സംഗോഽസ്ത്വകർ‍മണി (47)

പ്രവൃത്തിയിൽമാത്രമേ നിനക്കു അധികാരമുള്ളു. ഒരിക്കലും ഫലങ്ങളി‍ൽ (അതു ലഭിച്ചാലും ലഭിച്ചില്ലെങ്കിലും) ഇല്ല. (അതായതു ഫലം നിന്റെ സ്വാതന്ത്ര്യത്തിലുള്ളതല്ല). നീ ഫലമുദ്ദേശിചു പ്രവർ‍ത്തിക്കുന്നവനാകരുത്. അക‍ർ‍മ്മത്തിൽ നിനക്കു ആസക്തിയു മരുത്.

ശ്ലോകം 48
യോഗസ്ഥഃ കുരു കർ‍മാണി സംഗം ത്യക്ത്വാ ധനഞ്ജയ
സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ (48)

ധനഞ്ജയാ! യോഗനിഷ്ഠനായി, ആസക്തിവെടിഞ്ഞു ഫലം ലഭിക്കുന്നതിലും ലഭിക്കാതിരിക്കുന്നതിലും സമചിത്തത പാലിച്ച് ക‍ർ‍മ്മങ്ങൾ‍ അനുഷ്ഠിക്കുക. സമചിത്തതയാണ് യോഗമെന്ന് പറയപ്പെടുന്നത്‌.

ശ്ലോകം 49
ദൂരേണ ഹ്യവരം കർ‍മ ബുദ്ധിയോഗാദ്ധനഞ്ജയ
ബുദ്ധൌ ശരണമന്വിച്ഛ കൃപണാഃ ഫലഹേതവഃ (49)

ധനഞജയാ, കർ‍മയോഗത്തെക്കാൾ‍ വളരെ നികൃഷ്ടമാണ് ഫലാപേക്ഷയോടുകൂടി ചെയ്യുന്ന ക‍ർ‍മ്മം. ബുദ്ധിയോഗത്തിൽ അതായത് സമചിത്തതയോട് കൂടിയ ക‍ർ‍മ്മത്തിൽ ശരണം തേടുക. ഫലത്തിനുവേണ്ടി ക‍ർ‍മ്മം ചെയ്യുന്നവ‍ർ‍ ദീനന്മാരാണ്.

ശ്ലോകം 50
ബുദ്ധിയുക്തോ ജഹാതീഹ ഉഭേ സുകൃതദുഷ്കൃതേ
തസ്മാദ്യോഗായ യുജ്യസ്വ യോഗഃ കർ‍മസു കൌശലം (50)

സമബുദ്ധിയുള്ളവൻ ഈ ലോകത്ത് വച്ചുതന്നെ പുണ്യ പാപങ്ങൾ‍ രണ്ടും ത്യജിക്കുന്നു. അതുകൊണ്ട് കർ‍മ്മയോഗത്തിനായി ഒരുങ്ങുക. യോഗം പ്രവൃത്തിയിലുള്ള സാമർ‍ത്ഥ്യം തന്നെയാകുന്നു.

ശ്ലോകം 51
കർ‍മജം ബുദ്ധിയുക്താ ഹി ഫലം ത്യക്ത്വാ മനീഷിണഃ
ജന്മബന്ധവിനിർ‍മുക്താഃ പദം ഗച്ഛന്ത്യനാമയം (51)

സമബുദ്ധിയുള്ളവരായ വിവേകികൾ‍ ക‍ർ‍മ്മം കൊണ്ടുണ്ടാകുന്ന ഫലം ത്യജിച്ചിട്ടു ജന്മബന്ധത്തിൽനിന്നു മോചനം നേടി ദോഷലേശമില്ലാത്ത സ്ഥാനത്തെ പ്രാപിക്കുന്നു.

ശ്ലോകം 52
യദാ തേ മോഹകലിലം ബുദ്ധിർ‍വ്യതിതരിഷ്യതി
തദാ ഗന്താസി നിർ‍വ്വേദം ശ്രോതവ്യസ്യ ശ്രുതസ്യ ച (52)

എപ്പോൾ‍ നിന്റെ ബുദ്ധി മോഹരൂപമായ വൈഷമ്യത്തെ കടക്കുമോ അപ്പോൾ‍ കേൾ‍ക്കേണ്ടതിനെയും കേട്ടതിനെയും കുറിച്ചു നീ ഉദാസീനനായിത്തീരും.

ശ്ലോകം 53
ശ്രുതിവിപ്രതിപന്നാ തേ യദാ സ്ഥാസ്യതി നിശ്ചലാ
സമാധാവചലാ ബുദ്ധിസ്തദാ യോഗമവാപ്സ്യസി (53)

പലതരം ഉപദേശങ്ങൾ‍ കേട്ടതു മൂലം പതറിപ്പോയ നിന്റെ ബുദ്ധി എപ്പോൾ‍ ഇളക്കമറ്റ് സമാധിയിൽ സ്ഥിരമായി നിൽക്കുമോ അപ്പോൾ‍ യോഗത്തെ നീ പ്രാപിക്കും.

ശ്ലോകം 54

അർ‍ജുന ഉവാച

സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവ
സ്ഥിതധീഃ കിം പ്രഭാഷേത കിമാസീത വ്രജേത കിം (54)

അർ‍ജുനൻ ചോദിച്ചു: ഹേ കേശവാ, സമാധിസ്ഥനായ സ്ഥിതപ്രജഞന്റെ ലക്ഷണമെന്താണ്? സ്ഥിതപ്രജ്ഞൻ എന്ത് സംസാരിക്കും? എങ്ങനെ സ്ഥിതിചെയ്യും? എങ്ങനെ സഞ്ചരിക്കും?

ശ്ലോകം 55

ശ്രീഭഗവാനുവാച

പ്രജഹാതി യദാ കാമാൻ സർ‍വ്വാ‍ൻ പാർ‍ഥ മനോഗതാൻ
ആത്മന്യേവാത്മനാ തുഷ്ടഃ സ്ഥിതപ്രജ്ഞസ്തദോച്യതേ (55)

ശ്രീ ഭഗവാൻ പറഞ്ഞു: ഹേ പാർ‍ത്ഥ, മനുഷ്യൻ എപ്പോൾ‍ ആത്മാവിനാൽ ആത്മാവിൽത്തന്നെ സന്തുഷ്ടനായി മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളേയും (വാസനകളേയും) ഉപേക്ഷിക്കുന്നുവോ, അപ്പോൾ‍ അവൻ സ്ഥിതപ്രജഞൻ എന്ന് പറയപ്പെടുന്നു.

ശ്ലോകം 56
ദുഃഖേഷ്വനുദ്വിഗ്നമനാഃ സുഖേഷു വിഗതസ്പൃഹഃ
വീതരാഗഭയക്രോധഃ സ്ഥിതധീർ‍മുനിരുച്യതേ (56)

ദുഃഖങ്ങളിൽ കുലുങ്ങാത്തവനും സുഖങ്ങളിൽ താല്പര്യമില്ലാത്തവനും രാഗം, ഭയം, കോപം, ഇവയില്ലാത്തവനുമായ പുരുഷൻ സ്ഥിതപ്രജ്ഞനായ മുനി എന്നറിയപ്പെടുന്നു.

ശ്ലോകം 57
യഃ സർ‍വ്വത്രാനഭിസ്നേഹസ്തത്തത്പ്രാപ്യ ശുഭാശുഭം
നാഭിനന്ദതി ന ദ്വേഷ്ടി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (57)

ഏതൊരാൾ‍ എല്ലാത്തിലും ആസക്തി വിട്ടവനായി അതാതു ശുഭാശുഭങ്ങൾ‍ ലഭിച്ചു സന്തോഷിക്കുകയും ദ്വേഷിക്കുകയും ചെയ്യുന്നില്ലയോ അവന്റെ പ്രജഞ പ്രതിഷ്ഠിതമാണ്.

ശ്ലോകം 58
യദാ സംഹരതേ ചായം കൂർ‍മോംഗാനീവ സർ‍വ്വശഃ
ഇന്ദ്രിയാണീന്ദ്രിയാർ‍ഥേഭ്യസ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (58)

ആമ തന്റെ അവയവങ്ങളെ പ്രതികൂലസാഹചര്യങ്ങളി‍ൽ എങ്ങനെ എല്ലാവിധത്തിലും ഉ‍ൾ‍വലിക്കുന്നവോ, അതുപോലെ എപ്പോഴാണോ ഒരാൾ‍ തന്റെ ഇന്ദ്രിയങ്ങളെ ശബ്ദസ്പ‍ർ‍ശാദികളായ ഇന്ദ്രിയാ‍ർ‍ത്ഥങ്ങളി‍ൽനിന്ന് എപ്പോൾ‍ പിൻവലിക്കുന്നത് അപ്പോൾ‍ അവന്റെ പ്രജഞ പ്രതിഷ്ഠിതമായിത്തീരുന്നു.

ശ്ലോകം 59
വിഷയാ വിനിവർ‍തന്തേ നിരാഹാരസ്യ ദേഹിനഃ
രസവർ‍ജം രസോഽപ്യസ്യ പരം ദൃഷ്ട്വാ നിവർ‍തതേ (59)

ഇന്ദ്രിയങ്ങൾ‍ കൊണ്ടു വിഷയങ്ങൾ‍ അനുഭവിക്കാത്ത മനുഷ്യന് വിഷയങ്ങൾ‍ അകന്നു പോകുന്നു. എന്നാൽ ആസക്തി അവശേഷിക്കുന്നു. പരമാത്മാവിനെ പ്രാപിക്കുമ്പോൾ‍ അവന്റെ ആസക്തിയും വിട്ടുപോകുന്നു.

ശ്ലോകം 60
യതതോ ഹ്യപി കൌന്തേയ പുരുഷസ്യ വിപശ്ചിതഃ
ഇന്ദ്രിയാണി പ്രമാഥീനി ഹരന്തി പ്രസഭം മനഃ (60)

ഹേ കുന്തീപുത്രാ, ഇന്ദ്രിയനിഗ്രഹത്തിനായി പ്രയത്നിക്കുന്ന വിദ്വാനായ പുരുഷന്റെ മനസ്സിനെപ്പോലും ക്ഷോഭിച്ചിരിക്കുന്ന ഇന്ദ്രിയങ്ങ‌‍ൾ‍ ബലാൽക്കാരമായി വശത്താക്കുന്നു.

ശ്ലോകം 61
താനി സർ‍വ്വാണി സംയമ്യ യുക്ത ആസീത മത്പരഃ
വശേ ഹി യസ്യേന്ദ്രിയാണി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (61)

അവയെല്ലാം സംയമനം ചെയ്തു യോഗയുക്തനായി എന്നിൽ ഭക്തിയോടുകൂടി ഇരിക്കുക. ആർ‍ക്കു ഇന്ദ്രിയങ്ങൾ‍ വശത്താണോ അവന്റെ പ്രജഞ പ്രതിഷ്ഠിതമാണ്.

ശ്ലോകങ്ങൾ 62, 63
ധ്യായതോ വിഷയാൻ പുംസഃ സംഗസ്തേഷൂപജായതേ
സംഗാത്സഞ്ജായതേ കാമഃ കാമാത്ക്രോധോഽഭിജായതേ (62)
ക്രോധാദ്ഭവതി സമ്മോഹഃ സമ്മോഹാത്സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാദ് ബുദ്ധിനാശോ ബുദ്ധിനാശാത്പ്രണശ്യതി (63)

വിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷന്നു അവയിൽ ആസക്തി ഉണ്ടാകുന്നു. ആസക്തിയിൽനിന്നും ആഗ്രഹം ഉണ്ടാകുന്നു. ആഗ്രഹത്തിൽ നിന്നും കോപം ജനിക്കുന്നു. കോപത്തിൽനിന്നും അവിവേകം ഉടലെടുക്കുന്നു. അവിവേകത്തിൽനിന്നും ഓ‍ർ‍മ്മക്കേടും ഓ‍ർ‍മ്മക്കേടിൽനിന്നും ബുദ്ധിനാശവും ഉണ്ടാകുന്നു. ബുദ്ധിനാശം മൂലം മനുഷ്യൻ നശിക്കുകയും ചെയ്യുന്നു.

ശ്ലോകം 64
രാഗദ്വേഷവിയുക്തൈസ്തു വിഷയാനിന്ദ്രിയൈശ്ചര‍ൻ
ആത്മവശ്യൈർ‍വ്വിധേയാത്മാ പ്രസാദമധിഗച്ഛതി (64)

എന്നാൽ യാതൊരുവൻ രാഗദ്വേഷമില്ലാത്ത, ആത്മവശ്യങ്ങളായ ഇന്ദ്രിയങ്ങൾ‍ കൊണ്ടു വിഷയങ്ങളെ അനുഭവിക്കുന്നുവോ ആത്മവിജയിയായ ആ പുരുഷൻ മനഃപ്രസാദത്തെ പ്രാപിക്കുന്നു.

ശ്ലോകം 65
പ്രസാദേ സർ‍വ്വദുഃഖാനാം ഹാനിരസ്യോപജായതേ
പ്രസന്നചേതസോ ഹ്യാശു ബുദ്ധിഃ പര്യവതിഷ്ഠതേ (65)

മനഃ പ്രസാദം ലഭിച്ചുകഴിയുമ്പോൾ‍ അവനു എല്ലാ ദുഃഖങ്ങളുടെയും നാശം സംഭവിക്കുന്നു. പ്രസന്നചിത്തന്റെ ബുദ്ധി ഉടനെ സുപ്രതിഷ്ഠിതമായിത്തീരുകയും ചെയ്യുന്നു.

ശ്ലോകം 66
നാസ്തി ബുദ്ധിരയുക്തസ്യ ന ചായുക്തസ്യ ഭാവനാ
ന ചാഭാവയതഃ ശാന്തിരശാന്തസ്യ കുതഃ സുഖം (66)

ഇന്ദ്രിയങ്ങളെ വശത്താക്കാത്തവന് സമബുദ്ധിയില്ല. ഏകാഗ്രതയുമില്ല. ഏകാഗ്രതയില്ലാത്തവന്നു ശാന്തിയില്ല. ശന്തിയില്ലാത്തവന്നു എവിടെയാണ് സുഖം?

ശ്ലോകം 67
ഇന്ദ്രിയാണാം ഹി ചരതാം യന്മനോഽനുവിധീയതേ
തദസ്യ ഹരതി പ്രജ്ഞാം വായുർ‍നാവമിവാംഭസി (67)

വിഷയങ്ങളിൽ ചരിക്കുന്ന ഇന്ദ്രിയങ്ങൾ‍ക്കു ഏതൊരാളുടെ മനസ്സു കീഴ്പ്പെടുന്നുവോ ആ മനസ്സു അവന്റെ ബുദ്ധിയെ കാറ്റ് വെള്ളത്തിലിറക്കിയ തോണിയെ എന്നപോലെ വലിച്ചുകൊണ്ടുപോകുന്നു.

ശ്ലോകം 68
തസ്മാദ്യസ്യ മഹാബാഹോ നിഗൃഹീതാനി സർ‍വ്വശഃ
ഇന്ദ്രിയാണീന്ദ്രിയാർ‍ഥേഭ്യസ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (68)

അതുകൊണ്ട് യാതൊരുവന്റെ ഇന്ദ്രിയങ്ങൾ‍ എല്ലാ വിഷയങ്ങളിൽ നിന്നും നിശ്ശേഷം പിൻവലിക്കപ്പെട്ടിരിക്കുന്നുവോ അവന്റെ പ്രജഞ പ്രതിഷ്ഠിതമായിരിക്കുന്നു.

ശ്ലോകം 69
യാ നിശാ സർ‍വ്വഭൂതാനാം തസ്യാം ജാഗർ‍തി സംയമീ
യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതോ മുനേഃ (69)

യാതൊന്ന് സർ‍വ്വപ്രാണികൾ‍ക്കും രാത്രിയായിരിക്കുന്നുവോ, അവിടെ (ആ ബ്രഹ്മത്തിൽ) ജിതേന്ദ്രിയൻ ഉണർ‍ന്നിരിക്കുന്നു. ഏതൊരു വിഷയാനുഭവത്തിൽ സർ‍വ്വപ്രാണികളും ഉണർ‍ന്നിരി ക്കുന്നുവോ അത് സത്യദ‍ർ‍ശിയായ മുനിക്ക്‌ രാത്രിയാകുന്നു.

ശ്ലോകം 70
ആപൂര്യമാണമചലപ്രതിഷ്ഠം
സമുദ്രമാപഃ പ്രവിശന്തി യദ്വത്
തദ്വത്കാമാ യം പ്രവിശന്തി സർ‍വ്വേ
സ ശാന്തിമാപ്നോതി ന കാമകാമീ (70)

സദാ നിറഞ്ഞുകൊണ്ടിരുന്നാലും സമുദ്രം അക്ഷോഭ്യമായിരി ക്കുന്നുവോ അതുപോലെ കാമങ്ങൾ‍ കടന്നുകൂടിമ്പോൾ‍ യാതൊരുവൻ അക്ഷോഭ്യനായിരിക്കുന്നുവോ അവൻ ശാന്തിയെ പ്രാപിക്കും. വിഷയാഭിനിവേശം വിടാത്തവൻ ശാന്തി നേടുന്നില്ല.

ശ്ലോകം 71
വിഹായ കാമാന്യഃ സർ‍വ്വാ‍ൻ പുമാംശ്ചരതി നിഃസ്പൃഹഃ
നിർ‍മമോ നിരഹങ്കാരഃ സ ശാന്തിമധിഗച്ഛതി (71)

യാതൊരു പുരുഷൻ എല്ലാ കാമങ്ങളും വെടിഞ്ഞു ഒന്നിലും ആഗ്രഹമില്ലാത്തവനും മമതാബുദ്ധിയും അഹന്തയും ഇല്ലാത്തവനുമായി ലോകത്തിൽ വർ‍ത്തിക്കുന്നുവോ അവൻ ശാന്തി പ്രാപിക്കുന്നു.

ശ്ലോകം 72
ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാർ‍ഥ നൈനാം പ്രാപ്യ വിമുഹ്യതി
സ്ഥിത്വാസ്യാമന്തകാലേഽപി ബ്രഹ്മനിർ‍വാണമൃച്ഛതി (72)

പാർ‍ത്ഥാ, ഇതാണ് ബ്രഹ്മനിഷ്ഠ, ഇതു കൈവരിച്ചാൽ സംസാരാസക്തി ഉണ്ടാവുന്നില്ല. അന്ത്യകാലത്തെങ്കിലും ഈ അവസ്ഥയിൽ എത്തിയാൽ ബ്രഹ്മനിർ‍വാണം സിദ്ധിക്കുകയും ചെയ്യും.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ സാംഖ്യയോഗോ നാമ ദ്വിതീയോദ്ധ്യായഃ സമാപ്തഃ

കർ‍മയോഗഃ (അദ്ധ്യായം 3 - 43 ശ്ലോകങ്ങൾ)

മൂന്നാം അദ്ധ്യായം കേൾക്കാം

മൂന്നാം അദ്ധ്യായം: കർ‍മയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

അർ‍ജുന ഉവാച

ശ്ലോകം 01
ജ്യായസീ ചേത്കർ‍മണസ്തേ മതാ ബുദ്ധി‍ർ‍ജനാർ‍ദന
തത്കിം കർ‍മണി ഘോരേ മാം നിയോജയസി കേശവ (1)

അർ‍ജുനൻ‍ പറഞ്ഞു: ഹേ ജനാ‍ർ‍ദ്ദനാ, ക‍‍‍ർ‍മ്മത്തെ അപേക്ഷിച്ച് കർ‍മ്മയോഗമാണ് ശ്രേഷ്ടമെന്നു അങ്ങേയ്ക്ക് അഭിപ്രായമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഘോരമായ ഈ ക‍‍‍ർ‍മ്മത്തിൽ എന്നെ നിയോഗിക്കുന്നത്?

ശ്ലോകം 02
വ്യാമിശ്രേണേവ വാക്യേന ബുദ്ധിം മോഹയസീവ മേ
തദേകം വദ നിശ്ചിത്യ യേന ശ്രേയോഽഹമാപ്നുയാം (2)

പരസ്പരവിരുദ്ധമെന്ന് തോന്നുന്ന വാക്കുകൾ കൊണ്ട് എന്റെ ബുദ്ധിയെ അങ്ങ് ഭ്രമിപ്പിക്കുന്നതുപൊലെ തോന്നുന്നു. അതുകൊണ്ട് ഏതൊന്നുക്കൊണ്ടു ഞാൻ ശ്രേയസ്സ് നേടുമോ അതുമാത്രം എനിക്ക് ഉപദേശിച്ചു തരിക.

ശ്ലോകം 03

ശ്രീഭഗവാനുവാച

ലോകേഽസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്താ മയാനഘ
ജ്ഞാനയോഗേന സാംഖ്യാനാം കർ‍മയോഗേന യോഗിനാം (3)

ശ്രീ ഭഗവാൻ പറഞ്ഞു: ഹേ അനഘ (പാപങ്ങളില്ലാത്തവൻ), ഈ ലോകത്തിൽ സംഖ്യന്മാർ‍ക്ക് വേണ്ടി ജഞാനയോഗം കൊണ്ടും യോഗികൾക്കു വേണ്ടി ക‍‍‍ർ‍മ്മയോഗം കൊണ്ടും രണ്ടുവിധം നിഷ്ഠകൾ മുമ്പ് ഞാൻ പറഞ്ഞു.

ശ്ലോകം 04
ന കർ‍മണാമനാരംഭാന്നൈഷ്കർ‍മ്യം പുരുഷോഽശ്നുതേ
ന ച സംന്യസനാദേവ സിദ്ധിം സമധിഗച്ഛതി (4)

ക‍‍‍ർ‍മ്മങ്ങൾ ചെയ്യാതിരിക്കുന്നതുകൊണ്ടു മനുഷ്യൻ ഒരിക്കലും നൈഷ്കർ‍മ്യത്തെ പ്രാപിക്കുന്നില്ല. കർ‍മ്മസന്യാസം കൊണ്ടു മാത്രം സിദ്ധി ലഭിക്കുന്നുമില്ല.

ശ്ലോകം 05
ന ഹി കശ്ചിത്ക്ഷണമപി ജാതു തിഷ്ഠത്യകർ‍മകൃത്
കാര്യതേ ഹ്യവശഃ കർ‍മ സർ‍വ്വഃ പ്രകൃതിജൈർ‍ഗുണൈഃ (5)

ഒരാളും ഒരിക്കലും അല്പനേരത്തേക്കുപോലും പ്രവർ‍ത്തിക്കാതെ ഇരിക്കുന്നില്ല. എല്ലാവരും പ്രകൃതി ഗുണങ്ങളാൽ നിർ‍ബന്ധിതരായി ക‍‍‍ർ‍മ്മം ചെയ്തുപോകുന്നു.

ശ്ലോകം 06
കർ‍മേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാ സ്മരൻ
ഇന്ദ്രിയാർ‍ഥാന്വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ (6)

ക‍‍‍‍ർ‍മ്മേന്ദ്രിയങ്ങ‍ളെ അടക്കിനിർ‍ത്തി യാതൊരുവൻ വിഷയങ്ങളെ മനസ്സുകൊണ്ട് സദാ സ്മരിച്ചുകൊണ്ടിരിക്കുന്നുവോ മൂഡാത്മാവായ അവൻ മിഥ്യാചാരൻ എന്ന് പറയപ്പെടുന്നു

ശ്ലോകം 07
യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേഽർ‍ജുന
കർ‍മേന്ദ്രിയൈഃ കർ‍മയോഗമസക്തഃ സ വിശിഷ്യതേ (7)

അർ‍ജുനാ, യാതൊരുവൻ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കിനിർ‍ത്തിയിട്ടു ക‍‍‍‍ർ‍മ്മേന്ദ്രിയങ്ങളെക്കൊണ്ട് നിഷ്ക്കാമക‍‍‍ർ‍മ്മ ആരംഭിക്കുന്നുവോ അവൻ ശ്രേഷ്ഠനാകുന്നു.

ശ്ലോകം 08
നിയതം കുരു കർ‍മ ത്വം കർ‍മ ജ്യായോ ഹ്യകർ‍മണഃ
ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേദകർ‍മണഃ (8)

നീ മനസ്സിനാൽ നിയന്ത്രിതമായ ക‍‍‍ർ‍മ്മം ചെയ്യുക. എന്തുകൊണ്ടെന്നാൽ ക‍‍‍ർ‍മ്മമാണ് അകർ‍മത്തെക്കാൾ ശ്രേഷ്ഠം. ക‍‍‍ർ‍മ്മം ചെയ്യാത്ത പക്ഷം നിനക്കു ശരീരനിർ‍വഹണം പോലും സാധ്യമാകയില്ല.

ശ്ലോകം 09
യജ്ഞാർ‍ഥാത്കർ‍മണോഽന്യത്ര ലോകോഽയം കർ‍മബന്ധനഃ
തദർ‍ഥം കർ‍മ കൌന്തേയ മുക്തസംഗഃ സമാചര (9)

അർ‍ജുനാ, യജ്ഞത്തിനുള്ള ക‍‍‍ർ‍മ്മം ഒഴിച്ച് മറ്റു ക‍‍‍ർ‍മ്മങ്ങളാൽ ബന്ധിക്കപ്പെട്ടതാണ് ഈ ലോകം. സംഗരഹിതനായി നീ ക‍‍‍ർ‍മ്മം ആചരിക്കുക.

ശ്ലോകം 10
സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ പുരോവാച പ്രജാപതിഃ
അനേന പ്രസവിഷ്യധ്വമേഷ വോഽസ്ത്വിഷ്ടകാമധുക് (10)

യജ്ഞത്തോടുകൂടി പ്രജകളെ സൃഷ്ടിച്ച് പണ്ട് പ്രജാപതി പറഞ്ഞു, ഇതുകൊണ്ടു നിങ്ങൾ വ‍ർ‍ദ്ധിക്കുവി‍ൻ; ഇതു നിങ്ങൾക്ക് ഇഷ്ടം തരുന്ന കാമധേനുവായിരിക്കട്ടെ.

ശ്ലോകം 11
ദേവാൻ ഭാവയതാനേന തേ ദേവാ ഭാവയന്തു വഃ
പരസ്പരം ഭാവയന്തഃ ശ്രേയഃ പരമവാപ്സ്യഥ (11)

ദേവന്മാരെ ഇതുകൊണ്ടു ആരാധിക്കുവി‍ൻ. ആ ദേവന്മാർ‍ നിങ്ങളെ വ‍ർ‍ദ്ധിപ്പിക്കട്ടെ. പരസ്പരം തൃപ്തിപ്പെടുത്തി കൊണ്ടു പരമമായ ശ്രേയസ്സിനെ പ്രാപിക്കുവി‍ൻ.

ശ്ലോകം 12
ഇഷ്ടാൻ ഭോഗാൻ ഹി വോ ദേവാ ദാസ്യന്തേ യജ്ഞഭാവിതാഃ
തൈർ‍ദത്താനപ്രദായൈഭ്യോ യോ ഭുങ്ക്തേ സ്തേന ഏവ സഃ (12)

എന്തെന്നാൽ ഇഷ്ടപ്പെടുന്ന സുഖങ്ങൾ നിങ്ങൾക്ക് യജ്ഞംകൊണ്ടു സന്തുഷ്ടരായ ദേവന്മാർ‍ തരും. അവർ‍ തന്ന വസ്തുക്കളെ അവ‌‍ർ‍ക്കു കൊടുക്കാതെ ഭുജിക്കുന്നവനാരോ അവൻ കള്ളൻതന്നെയാണ്.

ശ്ലോകം 13
യജ്ഞശിഷ്ടാശിനഃ സന്തോ മുച്യന്തേ സർ‍വ്വകില്ബിഷൈഃ
ഭുഞ്ജതേ തേ ത്വഘം പാപാ യേ പചന്ത്യാത്മകാരണാത് (13)

യജ്ഞത്തിൽ ശേഷിക്കുന്നത് മാത്രം യജ്ഞം ചെയ്തു ശേഷിച്ചതായ വസ്തുക്കളെ നുഭവിക്കുന്ന സജ്ജനങ്ങൾ എല്ലാ പാപങ്ങളിൽ നിന്നും മുക്തി നേടുന്നു. എന്നാ‌ൽതങ്ങൾക്കുവേണ്ടിത്തന്നെ ഭോഗസഞ്ചയം ചെയ്യുന്നവ‍ർ‍ പാപത്തെത്തന്നെ ഭുജിക്കുകയാണ്.

ശ്ലോകം 14
അന്നാദ്ഭവന്തി ഭൂതാനി പർ‍ജന്യാദന്നസംഭവഃ
യജ്ഞാദ്ഭവതി പർ‍ജന്യോ യജ്ഞഃ കർ‍മസമുദ്ഭവഃ (14)

അന്നത്തിൽനിന്നു ഭൂതങ്ങൾ ഉണ്ടാകുന്നു. മഴയിൽനിന്നു അന്നവും ഉദ്ഭവിക്കുന്നു. യജ്ഞത്തിൽ നിന്നു മഴയുണ്ടാകുന്നു. യജ്ഞം ക‍‍‍ർ‍മ്മത്തിൽനിന്നുണ്ടാകുന്നു.

ശ്ലോകം 15
കർ‍മ ബ്രഹ്മോദ്ഭവം വിദ്ധി ബ്രഹ്മാക്ഷരസമുദ്ഭവം
തസ്മാത്സർ‍വ്വഗതം ബ്രഹ്മ നിത്യം യജ്ഞേ പ്രതിഷ്ഠിതം (15)

ക‍‍‍ർ‍മ്മം ബ്രഹ്മ(വേദം)ത്തിൽ നിന്നും ഉണ്ടാകുന്നു എന്നറിയുക. ബ്രഹ്മം (വേദം) അക്ഷരത്തിൽ നിന്നുണ്ടാകുന്നു. അതുകൊണ്ടു സർ‍വ്വപ്രകാശമായ വേദം എപ്പോഴും യജ്ഞത്താൽ പ്രതിഷ്ഠിതമായിരിക്കുന്നു.

ശ്ലോകം 16
ഏവം പ്രവർ‍തിതം ചക്രം നാനുവർ‍തയതീഹ യഃ
അഘായുരിന്ദ്രിയാരാമോ മോഘം പാർ‍ഥ സ ജീവതി (16)

ഹേ പാർ‍ത്ഥാ, ഇപ്രകാരം പ്രവത്തിക്കുന്ന ക‍‍‍ർ‍മ്മചക്രത്തെ ഈ ലോകത്തിൽ എവനൊരുവൻ അനുവർ‍ത്തിക്കുന്നില്ലയോ പാപിയും വിഷയഭ്രാന്തനുമായ അവന്റെ ജീവിതം നിഷ്ഫലമത്രേ.

ശ്ലോകം 17
യസ്ത്വാത്മരതിരേവ സ്യാദാത്മതൃപ്തശ്ച മാനവഃ
ആത്മന്യേവ ച സന്തുഷ്ടസ്തസ്യ കാര്യം ന വിദ്യതേ (17)

എന്നാൽ ഏതൊരു മനുഷ്യൻ തന്നിൽ തന്നെ രമിക്കുന്നവനും തന്നിൽ സംതൃപ്തനും സന്തുഷ്ടനുമായിരിക്കുന്നുവോ അവനു കരണീയമായി ഒന്നുമില്ല.

ശ്ലോകം 18
നൈവ തസ്യ കൃതേനാർ‍ഥോ നാകൃതേനേഹ കശ്ചന
ന ചാസ്യ സർ‍വ്വഭൂതേഷു കശ്ചിദർ‍ഥവ്യപാശ്രയഃ (18)

അവനു ഈ ലോകത്തിൽ ക‍ർ‍മ്മം ചെയ്തതു കൊണ്ടു കാര്യമില്ല തന്നെ. ചെയ്യാത്തതുകൊണ്ടും ഒന്നുമില്ല. ജീവികളിൽ ഒന്നിനോടും അവൻ സ്വപ്രയോജനകരമായ ബന്ധം ഒന്നും തന്നെയില്ല.

ശ്ലോകം 19
തസ്മാദസക്തഃ സതതം കാര്യം കർ‍മ സമാചര
അസക്തോ ഹ്യാചരൻ കർ‍മ പരമാപ്നോതി പൂരുഷഃ (19)

അതുകൊണ്ട് നിസ്സംഗനായി എപ്പോഴും കർ‍ത്തവ്യമായ ക‍‍‍ർ‍മ്മം ചെയ്യുക. എന്തുകൊണ്ടെന്നാൽ നിസ്സംഗനായി ക‍‍‍ർ‍മ്മംചെയ്യുന്നയാൾ പരമപദം പ്രാപിക്കുന്നു.

ശ്ലോകം 20
കർ‍മണൈവ ഹി സംസിദ്ധിമാസ്ഥിതാ ജനകാദയഃ
ലോകസംഗ്രഹമേവാപി സമ്പശ്യൻ കർ‍തുമർ‍ഹസി (20)

എന്തുകൊണ്ടെന്നാൽ ക‍‍‍ർ‍മ്മം കൊണ്ടുതന്നെയാണ് ജനകാദികൾ സിദ്ധിയെ പ്രാപിച്ചത്. ലോകസംരക്ഷണത്തെ ഓർ‍ത്തിട്ടായാലും നീ പ്രവർ‍ത്തിക്കേണ്ടതാണ്.

ശ്ലോകം 21
യദ്യദാചരതി ശ്രേഷ്ഠസ്തത്തദേവേതരോ ജനഃ
സ യത്പ്രമാണം കുരുതേ ലോകസ്തദനുവർ‍തതേ (21)

ശ്രേഷ്ഠൻ എന്തെല്ലാം ചെയ്യുന്നുവോ അതു തന്നെയാണ് മറ്റുള്ള ജനങ്ങളും ചെയ്യുന്നത്. അവൻ എന്തിനെ പ്രമാണമായി കരുതുന്നുവോ ലോകവും അതിനെതന്നെ അനുകരിക്കുന്നു.

ശ്ലോകം 22
ന മേ പാർ‍ഥാസ്തി കർ‍തവ്യം ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്തമവാപ്തവ്യം വർ‍ത ഏവ ച കർ‍മണി (22)

ഹേ പാർ‍ത്ഥാ എനിക്ക് മൂന്നു ലോകത്തിലും കർ‍ത്തവ്യമായി ഒന്നുമില്ല. എനിക്കു പ്രാപിക്കേണ്ടതായി ഒന്നും തന്നെയില്ല. എന്നിട്ടും ഞാൻ ക‍ർ‍മ്മം ചെയ്തുകൊണ്ടു തന്നെയാണിരിക്കുന്നത്.

ശ്ലോകം 23
യദി ഹ്യഹം ന വർ‍തേയം ജാതു കർ‍മണ്യതന്ദ്രിതഃ
മമ വർ‍ത്മാനുവർ‍തന്തേ മനുഷ്യാഃ പാർ‍ഥ സർ‍വ്വശഃ (23)

പാർ‍ത്ഥാ, ഞാൻ ഒരിക്കലെങ്കിലും മടിവിട്ടു പ്രവൃത്തിയിൽ ഏർ‍പ്പെടാതിരുന്നാൽ എല്ലാ മനുഷ്യരും എന്റെ മാർ‍ഗം അവലംബിക്കും.

ശ്ലോകം 24
ഉത്സീദേയുരിമേ ലോകാ ന കുര്യാം കർ‍മ ചേദഹം
സങ്കരസ്യ ച കർ‍താ സ്യാമുപഹന്യാമിമാഃ പ്രജാഃ (24)

ഞാൻ കർ‍മ്മം ചെയ്തില്ലെങ്കിൽ ഈ ലോകം മുഴുവൻ നശിക്കും. ഞാൻ വർ‍ണസങ്കരത്തിന്റെയും കർ‍ത്താവാകും. പ്രജകൾ ദുഷിക്കുകയും ചെയ്യും.

ശ്ലോകം 25
സക്താഃ കർ‍മണ്യവിദ്വാംസോ യഥാ കുർ‍വ്വന്തി ഭാരത
കുര്യാദ്വിദ്വാംസ്തഥാസക്തശ്ചികീർ‍ഷു‍ർ‍ലോകസംഗ്രഹം (25)

ഹേ ഭാരതാ, അപണ്ഡിതന്മാർ‍ ക‍ർ‍മ്മത്തിൽ ആസക്തരായി എങ്ങനെയെല്ലാം പ്രവർ‍ത്തിക്കുന്നുവോ പണ്ഡിതൻ ലോകത്തിന്റെ നിലനിൽപ്പ്‌ കാംക്ഷിച്ചുകൊണ്ടു നിസ്സംഗനായി അതേവിധം പ്രവ‍ർ‍ത്തിക്കണം.

ശ്ലോകം 26
ന ബുദ്ധിഭേദം ജനയേദജ്ഞാനാം കർ‍മസംഗിനാം
ജോഷയേത്സർ‍വ്വകർ‍മാണി വിദ്വാന്യുക്തഃ സമാചരൻ (26)

സകാമക‍ർ‍മ്മത്തി‍ൽ ആസക്തരായ മൂഢജനങ്ങളുടെ ബുദ്ധിയെ വിദ്വാ‍ൻ ഒരിക്കലും ഇളക്കരുത്. വിദ്വാൻ എല്ലാ കർ‍മങ്ങളും യോഗയുക്തനായി വഴിപോലെ ആചരിച്ച് മറ്റുള്ളവരെക്കൊണ്ടും ആചരിപ്പിക്കണം.

ശ്ലോകം 27
പ്രകൃതേഃ ക്രിയമാണാനി ഗുണൈഃ കർ‍മാണി സർ‍വ്വശഃ
അഹങ്കാരവിമൂഢാത്മാ കർ‍താഹമിതി മന്യതേ (27)

പ്രകൃതിജന്യമായ ഗുണങ്ങളാൽ ക‍ർ‍മ്മങ്ങൾ എങ്ങും ചെയ്യപ്പെടുന്നു. അഹന്തയാൽ മോഹിതനായവാൻ താനാണ് കർ‍ത്താവെന്നു വിചാരിക്കുന്നു.

ശ്ലോകം 28
തത്ത്വവിത്തു മഹാബാഹോ ഗുണകർ‍മവിഭാഗയോഃ
ഗുണാ ഗുണേഷു വർ‍തന്ത ഇതി മത്വാ ന സജ്ജതേ (28)

ഹേ മഹാബാഹോ, ഗുണകർ‍മ്മവിഭാഗങ്ങളുടെ തത്വമറിയുന്ന വനാകട്ടെ ഗുണപരിണാമങ്ങളായ ഇന്ദ്രിയങ്ങൾ ഗുണപരിണാമങ്ങ ളായ വിഷയങ്ങളിൽ പ്രവർ‍ത്തിക്കുന്നുവെന്ന് ധരിച്ചിട്ട് അവയിൽ ആസക്തനാകുന്നില്ല.

ശ്ലോകം 29
പ്രകൃതേർ‍ഗുണസമ്മൂഢാഃ സജ്ജന്തേ ഗുണകർ‍മസു
താനകൃത്സ്നവിദോ മന്ദാൻ കൃത്സ്നവിന്ന വിചാലയേത് (29)

പ്രകൃതിയുടെ ഗുണങ്ങളാൽ മൂഡചിത്തരായിത്തീരുന്നവർ‍ ഗുണക‍ർ‍മ്മങ്ങളിൽ സക്തരാകുന്നു. സർ‍വജ്ഞരല്ലാത്ത ആ മന്ദബുദ്ധികളെ സർ‍വജ്ഞൻ വഴി തെറ്റിക്കരുത്.

ശ്ലോകം 30
മയി സർ‍വ്വാണി കർ‍മാണി സംന്യസ്യാധ്യാത്മചേതസാ
നിരാശീർ‍നിർ‍മമോ ഭൂത്വാ യുധ്യസ്വ വിഗതജ്വരഃ (30)

സർ‍വക‍ർ‍മ്മങ്ങളും എന്നിൽ സമർ‍പ്പിച്ചു ആധ്യാത്മിക ബുദ്ധിയോടെ നിഷ്കാമനും നി‍ർ‍മ്മമനുമായി ഭവിച്ചിട്ടു ദുഃഖം കളഞ്ഞു നീ യുദ്ധം ചെയ്യുക.

ശ്ലോകം 31
യേ മേ മതമിദം നിത്യമനുതിഷ്ഠന്തി മാനവാഃ
ശ്രദ്ധാവന്തോഽനസൂയന്തോ മുച്യന്തേ തേഽപി കർ‍മഭിഃ (31)

എന്റെ ഈ അഭിപ്രായം നിത്യവും ശ്രദ്ധയോടും അസൂയ കൂടാതെയും യാതൊരു മനുഷ്യർ‍ അനുഷ്ഠിക്കുന്നുവോ അവരും ക‍ർ‍മ്മബന്ധത്തിൽനിന്നും വിമുക്തരായിത്തീരുന്നു.

ശ്ലോകം 32
യേ ത്വേതദഭ്യസൂയന്തോ നാനുതിഷ്ഠന്തി മേ മതം
സർ‍വ്വജ്ഞാനവിമൂഢാംസ്താന്വിദ്ധി നഷ്ടാനചേതസഃ (32)

എന്നാൽ എന്റെ ഈ അഭിപ്രായത്തെ അസൂയാലുക്കളായി ഏവരാണോ അനുഷ്ഠിക്കാതിരിക്കുന്നത്, കേവലം അജ്ഞരായ അവർ‍ നശിച്ചവരും ബുദ്ധിഹീനരുമെന്നു മനസ്സിലാക്കുക.

ശ്ലോകം 33
സദൃശം ചേഷ്ടതേ സ്വസ്യാഃ പ്രകൃതേർ‍ജ്ഞാനവാനപി
പ്രകൃതിം യാന്തി ഭൂതാനി നിഗ്രഹഃ കിം കരിഷ്യതി (33)

അറിവുള്ളവൻ പോലും തന്റെ സ്വഭാവത്തിന്നു ചേർ‍ന്ന വിധത്തിൽ പ്രവർ‍ത്തിക്കുന്നു. ജീവികൾ സ്വപ്രകൃതിയെ പിന്തുടരുന്നു. അതിനെ അടക്കി വെയ്ക്കുന്നതുകൊണ്ടു പ്രയോജനമൊന്നും ഉണ്ടാവില്ല.

ശ്ലോകം 34
ഇന്ദ്രിയസ്യേന്ദ്രിയസ്യാർ‍ഥേ രാഗദ്വേഷൌ വ്യവസ്ഥിതൌ
തയോർ‍ന വശമാഗച്ഛേത്തൌ ഹ്യസ്യ പരിപന്ഥിനൌ (34)

ഓരോ ഇന്ദ്രിയത്തിന്റെയും അതതിന്റെ വിഷയങ്ങളുടെ കാര്യത്തിൽ രാഗദ്വേഷങ്ങൾ നിശ്ചിതങ്ങളാണ്. അവയ്ക്ക് വശപ്പെടരുത്. എന്തുകൊണ്ടെന്നാൽ അവ ഇവന്റെ ശത്രുക്കളാകുന്നു.

ശ്ലോകം 35
ശ്രേയാൻ സ്വധർ‍മോ വിഗുണഃ പരധർ‍മാത്സ്വനുഷ്ഠിതാത്
സ്വധർ‍മേ നിധനം ശ്രേയഃ പരധർ‍മോ ഭയാവഹഃ (35)

വിധിപ്രകാരം അനുഷ്ഠിച്ച പരധ‍ർ‍മ്മത്തെക്കളും ഗുണഹീനമായ സ്വധ‍ർ‍മ്മമാണ് ശ്രേയസ്ക്കരം. സ്വധ‍ർ‍മ്മാനുഷ്ഠാനത്തിൽ സംഭവിക്കുന്ന മരണവും ശ്രേയസ്ക്കരമാണ്. പരധ‍ർ‍മ്മം ഭയാവഹമാകുന്നു.

ശ്ലോകം 36

അർ‍ജുന ഉവാച

അഥ കേന പ്രയുക്തോഽയം പാപം ചരതി പൂരുഷഃ
അനിച്ഛന്നപി വാർ‍ഷ്ണേയ ബലാദിവ നിയോജിതഃ (36)

അർ‍ജുനൻ‍ ചോദിച്ചു: ഹേ കൃഷ്ണാ, പിന്നെ ആരു പ്രേരിപ്പിചിട്ടാണ് ഈ പുരുഷൻ താ‍ൻ ഇച്ഛിക്കാതെയിരുന്നിട്ടും ബലമായ ഏതോ ശക്തിയാൽ നിയുക്തനെന്നപോലെ പാപകർ‍മ്മങ്ങ‍ൾ അനുഷ്ഠിക്കുന്നത്.

ശ്ലോകം 37

ശ്രീഭഗവാനുവാച

കാമ ഏഷ ക്രോധ ഏഷ രജോഗുണസമുദ്ഭവഃ
മഹാശനോ മഹാപാപ്മാ വിദ്ധ്യേനമിഹ വൈരിണം (37)

ശ്രീ ഭഗവാൻ‍ പാഞ്ഞു: രജോഗുണത്തിൽ നിന്നു ജനിച്ച ഈ കാമം, ഈ ക്രോധം തൃപ്തിപ്പെടുത്താൻ കഴിയാത്തതും മഹാപാപകാരണ വുമാണ് ഇക്കാര്യത്തിൽ ഇതിനെ ശത്രുവായി അറിയുക.

ശ്ലോകം 38
ധൂമേനാവ്രിയതേ വഹ്നിര്യഥാദർ‍ശോ മലേന ച
യഥോല്ബേനാവൃതോ ഗർ‍ഭസ്തഥാ തേനേദമാവൃതം (38)

പുകയാൽ അഗ്നിയും, മാലിന്യത്താൽ കണ്ണാടിയും, ഗർ‍ഭപാത്രത്താൽ ഗർ‍ഭവും എങ്ങനെ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവോ അതുപോലെ ആ കാമത്താൽ ഈ ജ്ഞാനം ആവൃതമായിരിക്കുന്നു.

ശ്ലോകം 39
ആവൃതം ജ്ഞാനമേതേന ജ്ഞാനിനോ നിത്യവൈരിണാ
കാമരൂപേണ കൌന്തേയ ദുഷ്പൂരേണാനലേന ച (39)

ഹേ കൌന്തേയ, ജ്ഞാനിയുടെ നിത്യവൈരിയും കാമരൂപവും അതൃപ്തവും ഒരിക്കലും തൃപ്തിപ്പെടാത്ത അഗ്നിക്ക് തുല്യവും ആയ ഈ കാമത്താൽ ജ്ഞാനം ആവൃതമാകുന്നു.

ശ്ലോകം 40
ഇന്ദ്രിയാണി മനോ ബുദ്ധിരസ്യാധിഷ്ഠാനമുച്യതേ
ഏതൈർ‍വിമോഹയത്യേഷ ജ്ഞാനമാവൃത്യ ദേഹിനം (40)

ഇന്ദ്രിയങ്ങളും മനസും ബുദ്ധിയും ഈ കാമത്തിന്റെ ഇരിപ്പിടമായി പറയപ്പെടുന്നു. കാമം ജ്ഞാനത്തെ മറച്ചിട്ടു ഇവയെക്കൊണ്ടു ദേഹിയെ വ്യാമോഹിപ്പിക്കുന്നു.

ശ്ലോകം 41
തസ്മാത്ത്വമിന്ദ്രിയാണ്യാദൌ നിയമ്യ ഭരതർ‍ഷഭ
പാപ്മാനം പ്രജഹി ഹ്യേനം ജ്ഞാനവിജ്ഞാനനാശനം (41)

ഹേ ഭാരതശ്രെഷ്ടാ, അതുകൊണ്ട് നീ ആദ്യം ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചിട്ട് ജ്ഞാനത്തെയും വിജ്ഞാനത്തെയും നശിപ്പിക്കുന്ന ഈ പാപരൂപമായ കാമത്തെ നിഃശേഷം നശിപ്പിക്കുക.

ശ്ലോകം 42
ഇന്ദ്രിയാണി പരാണ്യാഹുരിന്ദ്രിയേഭ്യഃ പരം മനഃ
മനസസ്തു പരാ ബുദ്ധിർ‍യോ ബുദ്ധേഃ പരതസ്തു സഃ (42)

വിഷയങ്ങളെ അപേക്ഷിച്ച് ഇന്ദ്രിയങ്ങൾ സൂക്ഷ്മങ്ങളാണ് എന്ന് പറയപ്പെടുന്നു. ഇന്ദ്രിയങ്ങളെക്കാൾ സൂക്ഷ്മമാണ് മനസ്സ്. മനസ്സിനെക്കാളും സൂക്ഷ്മമാണ്‌ ബുദ്ധി. ബുദ്ധിയെക്കാളും സൂക്ഷ്മമായത് ആത്മാവാണ്.

ശ്ലോകം 43
ഏവം ബുദ്ധേഃ പരം ബുദ്ധ്വാ സംസ്തഭ്യാത്മാനമാത്മനാ
ജഹി ശത്രും മഹാബാഹോ കാമരൂപം ദുരാസദം (43)

മഹാബാഹോ, ഇപ്രകാരം ബുദ്ധിയേക്കാൾ സൂക്ഷ്മമായ ആത്മാവിനെ അറിഞ്ഞിട്ട് ബുദ്ധികൊണ്ട് മനസ്സിനെ അടക്കിയിട്ട് കീഴടക്കാൻ എളുപ്പമല്ലാത്ത കാമരൂപനും ദുർ‍ജയനുമായ ഈ ശത്രുവിനെ നശിപ്പിക്കുക.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ കർമയോഗോ നാമ ത്രിതീയോദ്ധ്യായഃ സമാപ്തഃ

ജ്ഞാനകർ‍മസംന്യാസയോഗഃ (അദ്ധ്യായം 4 - 42 ശ്ലോകങ്ങൾ)

നാലാം അദ്ധ്യായം കേൾക്കാം

നാലാം അദ്ധ്യായം: ജ്ഞാനകർ‍മസംന്യാസയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

ശ്രീഭഗവാനുവാച

ശ്ലോകം 01
ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം
വിവസ്വാന്മനവേ പ്രാഹ മനുരിക്ഷ്വാകവേഽബ്രവീത് (1)

ശ്രീ ഭഗവാൻ പറഞ്ഞു: അവ്യയമായ ഈ യോഗത്തെ ഞാൻ ആദിത്യന് ഉപദേശിച്ചു. ആദിത്യൻ മനുവിനും ഉപദേശിച്ചുകൊടുത്തു. മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു.

ശ്ലോകം 02
ഏവം പരമ്പരാപ്രാപ്തമിമം രാജർ‍ഷയോ വിദുഃ
സ കാലേനേഹ മഹതാ യോഗോ നഷ്ടഃ പരന്തപ (2)

ശത്രുനാശകാ, ഇപ്രകാരം പരമ്പാരാഗതമായ ഈ യോഗത്തെ രാജ‍ർ‍ഷികൾ അറിഞ്ഞിരുന്നു. ആ മഹത്തായ ശാസ്ത്രം വലുതായ കാലദൈർ‍ഘ്യത്തിൽ‍ നഷ്ടപ്പെട്ടുപോയി.

ശ്ലോകം 03
സ ഏവായം മയാ തേഽദ്യ യോഗഃ പ്രോക്തഃ പുരാതനഃ
ഭക്തോഽസി മേ സഖാ ചേതി രഹസ്യം ഹ്യേതദുത്തമം (3)

അപ്രകാരമുള്ള ആ പുരാതനമായ യോഗം തന്നെയാണ് നീ എന്റെ ഭക്തനും, തോഴനുമായതു കൊണ്ട് നിനക്കു ഞാൻ ഇന്നു ഉപദേശിച്ചത്. ഈ യോഗം ഉത്തമമായ രഹസ്യമാണ്.

ശ്ലോകം 04

അർ‍ജുന ഉവാച

അപരം ഭവതോ ജന്മ പരം ജന്മ വിവസ്വതഃ
കഥമേതദ്വിജാനീയാം ത്വമാദൌ പ്രോക്തവാനിതി (4)

അർ‍ജുനൻ ചോദിച്ചു: ആദിത്യന്റെ ജന്മം മുൻപും അങ്ങയുടെ ജന്മം പിൻപുമാണല്ലോ. അങ്ങനെയിരിക്കെ, ആദ്യം അങ്ങാണ് ഇതു പറഞ്ഞതെന്ന് എങ്ങനെ ഞാൻ മനസ്സിലാക്കും?

ശ്ലോകം 05

ശ്രീഭഗവാനുവാച

ബഹൂനി മേ വ്യതീതാനി ജന്മാനി തവ ചാർ‍ജുന
താന്യഹം വേദ സർ‍വ്വാണി ന ത്വം വേത്ഥ പരന്തപ (5)

ശ്രീ ഭഗവാൻ പറഞ്ഞു: അർ‍ജുനാ, എന്റെ വളരെയേറെ ജന്മങ്ങൾ കഴിഞ്ഞു പോയി. നിനക്കും അങ്ങനെ തന്നെ. അവയെല്ലാം എനിക്കറിയാം. നീ അറിയുന്നില്ല.

ശ്ലോകം 06
അജോഽപി സന്നവ്യയാത്മാ ഭൂതാനാമീശ്വരോഽപി സൻ
പ്രകൃതിം സ്വാമധിഷ്ഠായ സംഭവാമ്യാത്മമായയാ (6)

ഞാൻ ജനനമില്ലാത്തവനും നാശമില്ലാത്തവനും സർ‍വ്വഭൂതങ്ങളുടെ ഈശ്വരനുമാണ് എങ്കിലും സ്വന്തം പ്രകൃതിയെ അധിഷ്ടാനമാക്കി സ്വന്തം മായയാൽ‍ ഞാൻ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ശ്ലോകം 07
യദാ യദാ ഹി ധർ‍മസ്യ ഗ്ലാനിർ‍ഭവതി ഭാരത
അഭ്യുത്ഥാനമധർ‍മസ്യ തദാത്മാനം സൃജാമ്യഹം (7)

ഹേ ഭാരതാ, എപ്പോഴെല്ലാം ധ‍ർ‍മ്മത്തിനു തളർ‍ച്ചയും അധ‍ർ‍മ്മത്തിനു ഉയർ‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാൻ സ്വയം അവതരിക്കുന്നു.

ശ്ലോകം 08
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധർ‍മസംസ്ഥാപനാർ‍ഥായ സംഭവാമി യുഗേ യുഗേ (8)

സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും ധ‍ർ‍മ്മം നിലനിർ‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാൻ അവതരിക്കുന്നു.

ശ്ലോകം 09
ജന്മ കർ‍മ ച മേ ദിവ്യമേവം യോ വേത്തി തത്ത്വതഃ
ത്യക്ത്വാ ദേഹം പുനർ‍ജന്മ നൈതി മാമേതി സോഽർ‍ജുന (9)

ഇങ്ങിനെയുള്ള എന്റെ ദിവ്യമായ ജന്മവും ക‍ർ‍മ്മവും യാതൊരുവൻ അറിയുന്നുവോ അവൻ ശരീരം വിട്ടാൽ‍ പുനർ‍ജന്മം പ്രാപിക്കുന്നില്ല. ഹേ അർ‍ജുനാ, അവൻ എന്നെത്തന്നെ പ്രാപിക്കുന്നു.

ശ്ലോകം 10
വീതരാഗഭയക്രോധാ മന്മയാ മാമുപാശ്രിതാഃ
ബഹവോ ജ്ഞാനതപസാ പൂതാ മദ്ഭാവമാഗതാഃ (10)

രാഗം, ഭയം, കോപം ഇവ കൈവിട്ടവരും എന്റെ ഭക്തന്മാരും എന്നെ ആശ്രയിച്ചവരുമായ വളരെപ്പേർ‍ ജ്ഞാനമാകുന്ന തപസുകൊണ്ടു പരിശുദ്ധരായിത്തീർ‍ന്നു എന്നെ പ്രാപിച്ചിട്ടുണ്ട്.

ശ്ലോകം 11
യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം
മമ വർ‍ത്മാനുവർ‍തന്തേ മനുഷ്യാഃ പാർ‍ഥ സർ‍വ്വശഃ (11)

എവർ‍ എങ്ങനെ എന്നെ ഭജിക്കുന്നുവോ അവരെ അതേവിധം തന്നെ ഞാൻ അനുഗ്രഹിക്കുന്നു. ഹേ പാർ‍ത്ഥ, എങ്ങും മനുഷ്യർ‍ എന്റെ മാർ‍ഗത്തെ പിന്തുടരുന്നു.

ശ്ലോകം 12
കാംക്ഷന്തഃ കർ‍മണാം സിദ്ധിം യജന്ത ഇഹ ദേവതാഃ
ക്ഷിപ്രം ഹി മാനുഷേ ലോകേ സിദ്ധിർ‍ഭവതി കർ‍മജാ (12)

ക‍ർ‍മ്മങ്ങളുടെ സിദ്ധി കാംക്ഷിക്കുന്നവർ‍ ഇവിടെ ദേവന്മാരെ പൂജിക്കുന്നു. എന്തുകൊണ്ടെന്നാൽ‍ മനുഷ്യലോകത്തിൽ‍ ക‍ർ‍മ്മഫലം വേഗത്തിൽ‍ സിദ്ധിക്കുന്നു.

ശ്ലോകം 13
ചാതുർ‍വർ‍ണ്യം മയാ സൃഷ്ടം ഗുണകർ‍മവിഭാഗശഃ
തസ്യ കർ‍താരമപി മാം വിദ്ധ്യകർ‍താരമവ്യയം (13)

ഗുണങ്ങളുടെയും ക‍ർ‍മ്മങ്ങളുടെയും വിഭാഗമനുസരിച്ചു ചാതുർ‍വർ‍ണ്യം ഞാൻ സൃഷ്ടിച്ചിരിക്കുന്നു. നിഷ്ക്രിയനും അനശ്വരനുമായ എന്നെത്തന്നെ അതിന്റെയും ചാതുർ‍വർ‍ണ്യത്തിന്റെയും സൃഷ്ടാവായി അറിയുക.

ശ്ലോകം 14
ന മാം കർ‍മാണി ലിമ്പന്തി ന മേ കർ‍മഫലേ സ്പൃഹാ
ഇതി മാം യോഽഭിജാനാതി കർ‍മഭിർ‍ന സ ബധ്യതേ (14)

എന്നെ ക‍ർ‍മ്മം ബാധിക്കുന്നില്ല. എനിക്ക് ക‍ർ‍മ്മഫലത്തിൽ‍ ആഗ്രഹമില്ല. ഈ വിധം എന്നെ എവ‍ൻ അറിയുന്നുവോ അവൻ ക‍ർ‍മ്മങ്ങളാൽ‍ ബന്ധനാകുന്നില്ല.

ശ്ലോകം 15
ഏവം ജ്ഞാത്വാ കൃതം കർ‍മ പൂർ‍വൈരപി മുമുക്ഷുഭിഃ
കുരു കർ‍മൈവ തസ്മാത്ത്വം പൂർ‍വൈഃ പൂർ‍വ്വതരം കൃതം (15)

ഈ തത്വത്തെ അറിയുന്നവരായ പൂർ‍വ്വികരായ മുമുക്ഷുക്കൾക്കൂടി, നിഷ്കാമ ബുദ്ധിയോടുകൂടി ക‍ർ‍മ്മം അനുഷ്ഠിച്ചു. അതുകൊണ്ട് പൂർ‍വ്വികന്മാർ‍ പണ്ടു ചെയ്തതുപോലെ നീയും ക‍ർ‍മ്മം ചെയ്യുക തന്നെ വേണം.

ശ്ലോകം 16
കിം കർ‍മ കിമകർ‍മേതി കവയോഽപ്യത്ര മോഹിതാഃ
തത്തേ കർ‍മ പ്രവക്ഷ്യാമി യജ്ജ്ഞാത്വാ മോക്ഷ്യസേഽശുഭാത് (16)

ക‌ർ‍മ്മമെന്ത് അക‍ർ‍മ്മമെന്ത് എന്ന കാര്യത്തിൽ‍ ക്രാന്തദർ‍ശികൾ പോലും ഭ്രമമുള്ളവരാണ്. യാതോന്നറിഞ്ഞാൽ‍ നീ പാപത്തിൽ‍ നിന്നു മുക്തനാകുമോ ആ ക‍ർ‍മ്മത്തെ നിനക്കു ഞാൻ പറഞ്ഞു തരാം.

ശ്ലോകം 17
കർ‍മണോ ഹ്യപി ബോദ്ധവ്യം ബോദ്ധവ്യം ച വികർ‍മണഃ
അകർ‍മണശ്ച ബോദ്ധവ്യം ഗഹനാ കർ‍മണോ ഗതിഃ (17)

ക‍ർ‍മ്മത്തിന്റെ സ്വരൂപം അറിയേണ്ടതുണ്ട്. വിക‍ർ‍മ്മത്തിന്റെ സ്വരൂപവും അകർ‍മത്തിന്റെ സ്വരൂപവും അറിയെണ്ടതുണ്ട്. എന്ത് കൊണ്ടെന്നാൽ‍ ക‍ർ‍മ്മത്തിന്റെ ഗതി (പോക്ക്) അറിയാൻ വളരെ വിഷമമുള്ളതാണ്.

ശ്ലോകം 18
കർ‍മണ്യകർ‍മ യഃ പശ്യേദകർ‍മണി ച കർ‍മ യഃ
സ ബുദ്ധിമാന്മനുഷ്യേഷു സ യുക്തഃ കൃത്സ്നകർ‍മകൃത് (18)

ക‍ർ‍മ്മത്തിൽ‍ അക‍ർ‍മ്മവും അക‍ർ‍മ്മത്തിൽ‍ ക‍ർ‍മ്മവും യാതൊരുവ‍ൻ കാണുന്നുവോ അവനാണ് മനുഷ്യരിൽ‍ വച്ചു ബുദ്ധിമാ‍ൻ. അവനാണ് യോഗിയും എല്ലാ ക‌ർ‍മ്മങ്ങളും അനുഷ്ഠിക്കുന്നവനും.

ശ്ലോകം 19
യസ്യ സർ‍വ്വേ സമാരംഭാഃ കാമസങ്കൽപവർ‍ജിതാഃ
ജ്ഞാനാഗ്നിദഗ്ധകർ‍മാണം തമാഹുഃ പണ്ഡിതം ബുധാഃ (19)

ഏതൊരുവന്റെ സർ‍വകർ‍മ്മങ്ങളും ഫലേച്ഛ വിട്ടതാണോ, ജ്ഞാനാഗ്നിയിൽ‍ ക‍ർ‍മ്മം ദഹിച്ചുപോയ അവനെ വിദ്വാൻമാർ‍ പാണ്ഡിതനെന്ന് വിളിക്കുന്നു.

ശ്ലോകം 20
ത്യക്ത്വാ കർ‍മഫലാസംഗം നിത്യതൃപ്തോ നിരാശ്രയഃ
കർ‍മണ്യഭിപ്രവൃത്തോഽപി നൈവ കിഞ്ചിത്കരോതി സഃ (20)

ക‍ർ‍മ്മഫലത്തിലുള്ള ആസക്തിവെടിഞ്ഞ് നിത്യതൃപ്തനായി ഒന്നിനെയും ആശ്രയിക്കാതിരിക്കുന്നവൻ ക‍ർ‍മ്മത്തിൽ‍ ഏ‍ർ‍പ്പെട്ടിരുന്നാലും അവൻ ഒന്നും ചെയ്യുന്നില്ലതന്നെ.

ശ്ലോകം 21
നിരാശീര്യതചിത്താത്മാ ത്യക്തസർ‍വ്വപരിഗ്രഹഃ
ശാരീരം കേവലം കർ‍മ കുർ‍വ്വന്നാപ്നോതി കിൽബിഷം (21)

അഭിലാഷങ്ങളില്ലാതെ മനോനിയന്ത്രണത്തോടെ എല്ലാ ബന്ധങ്ങളും നിശ്ശേഷം കൈവിട്ടു ശരീരം കൊണ്ടു മാത്രമുള്ള പ്രവൃത്തി ചെയ്യുന്നവനെ പാപം ബാധിക്കുന്നില്ല.

ശ്ലോകം 22
യദൃച്ഛാലാഭസന്തുഷ്ടോ ദ്വന്ദ്വാതീതോ വിമത്സരഃ
സമഃ സിദ്ധാവസിദ്ധൌ ച കൃത്വാപി ന നിബധ്യതേ (22)

യാദൃച്ഛയാ ലഭിക്കുന്നതുകൊണ്ട് സന്തുഷ്ടനും സുഖദുഃഖാദി ദ്വന്ദ്വങ്ങളെ അതിജീവിച്ചവനും നി‍‍‍‍ർ‍മ്മത്സരനും ജയപരാജയങ്ങളിൽ‍ സമചിത്തനും ആയവൻ കർ‍മ്മം ചെയ്താലും ബദ്ധനാകുന്നില്ല.

ശ്ലോകം 23
ഗതസംഗസ്യ മുക്തസ്യ ജ്ഞാനാവസ്ഥിതചേതസഃ
യജ്ഞായാചരതഃ കർ‍മ സമഗ്രം പ്രവിലീയതേ (23)

സംഗരഹിതനും മുക്തനും ജ്ഞാനനിഷ്ടനും യജ്ഞത്തിനായി ക‍ർ‍മ്മം അനുഷ്ഠിക്കുന്നവനുമായ അവന്റെ എല്ലാ ക‍ർ‍മ്മവും നശിച്ചു പോകുന്നു.

ശ്ലോകം 24
ബ്രഹ്മാർ‍പണം ബ്രഹ്മ ഹവിർ‍ബ്രഹ്മാഗ്നൌ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം ബ്രഹ്മകർ‍മസമാധിനാ (24)

അർ‍പ്പണം ബ്രഹ്മം, ഹവിസ്സ് (ഹവനദ്രവ്യങ്ങ‍ൾ) ബ്രഹ്മം, ബ്രഹ്മമാകുന്ന അഗ്നിയിൽ‍ ബ്രഹ്മത്താൽ‍ ഹോമിക്കപ്പെടുന്നു. ഇങ്ങിനെ സകല ക‍ർ‍മ്മങ്ങളിലും ബ്രഹ്മബുദ്ധിയുളവായവനു ബ്രഹ്മം തന്നെ പ്രാപ്യമായിത്തീരുന്നു.

ശ്ലോകം 25
ദൈവമേവാപരേ യജ്ഞം യോഗിനഃ പര്യുപാസതേ
ബ്രഹ്മാഗ്നാവപരേ യജ്ഞം യജ്ഞേനൈവോപജുഹ്വതി (25)

വേറെചില യോഗികൾ ദേവന്മാരെയുദ്ദേശിച്ചുള്ള യജ്ഞമനുഷ്ടിക്കുന്നു. മറ്റുചിലർ‍ ബ്രഹ്മാഗ്നിയിൽ‍ ആത്മാവുകൊണ്ടു ആത്മാവിനെ സമർ‍പ്പിക്കുന്നു.

ശ്ലോകം 26
ശ്രോത്രാദീനീന്ദ്രിയാണ്യന്യേ സംയമാഗ്നിഷു ജുഹ്വതി
ശബ്ദാദീന്വിഷയാനന്യ ഇന്ദ്രിയാഗ്നിഷു ജുഹ്വതി (26)

വേറെ ചിലർ‍ ശ്രോത്രാദികളായ ഇന്ദ്രിയങ്ങളെ സംയമരൂപമായ അഗ്നിയിൽ‍ ഹോമിക്കുന്നു. മറ്റു ചിലർ‍ ശബ്ദാദി വിഷയങ്ങളെ ഇന്ദ്രിയരൂപമായ അഗ്നിയിൽ‍ ഹോമിക്കുന്നു.

ശ്ലോകം 27
സർ‍വ്വാണീന്ദ്രിയകർ‍മാണി പ്രാണകർ‍മാണി ചാപരേ
ആത്മസംയമയോഗാഗ്നൌ ജുഹ്വതി ജ്ഞാനദീപിതേ (27)

വേറെ ചിലർ‍ എല്ലാ ഇന്ദ്രിയകർ‍മങ്ങളെയും പ്രാണക‍ർ‍മ്മങ്ങളെയും ജ്ഞാനദീപിതമായ ആത്മസംയമയോഗാഗ്നിയിൽ‍ ഹോമിക്കുന്നു.

ശ്ലോകം 28
ദ്രവ്യയജ്ഞാസ്തപോയജ്ഞാ യോഗയജ്ഞാസ്തഥാപരേ
സ്വാധ്യായജ്ഞാനയജ്ഞാശ്ച യതയഃ സംശിതവ്രതാഃ (28)

അപ്രകാരം ദ്രവ്യംകൊണ്ടു യജ്ഞം ചെയ്യുന്നവരും തപസ്സിനെ യജ്ഞമായി കരുതുന്നവരും യോഗത്തെ യജ്ഞമാക്കിയവരും വേദാധ്യായനത്തെയും ജ്ഞാനാർ‍ജ്ജനത്തെയും യജ്ഞമായി അനുഷ്ഠിക്കുന്നവരുമായ ദൃഢവൃതരായ മറ്റു യതികളുമുണ്ട്.

ശ്ലോകം 29
അപാനേ ജുഹ്വതി പ്രാണം പ്രാണേഽപാനം തഥാപരേ
പ്രാണാപാനഗതീ രുദ്ധ്വാ പ്രാണായാമപരായണാഃ (29)

അങ്ങനെ മറ്റു ചിലർ‍ പ്രാണായാമ തൽ‍പരരായി ദേഹത്തിലുള്ള വായുവിന്റെ ഉർ‍ധ്വമുഖവും അധോമുഖവുമായ ചലനത്തെ തടഞ്ഞിട്ട് അപാനനിൽ‍ പ്രാണനെയും പ്രാണനിൽ‍ അപാനനെയും ഹോമിക്കുന്നു.

ശ്ലോകം 30
അപരേ നിയതാഹാരാഃ പ്രാണാൻ പ്രാണേഷു ജുഹ്വതി
സർ‍വ്വേഽപ്യേതേ യജ്ഞവിദോ യജ്ഞക്ഷപിതകൽമഷാഃ (30)

മറ്റു ചിലർ‍ ആഹാരത്തെ നിയന്ത്രിച്ചു പ്രാണങ്ങളെ പ്രാണങ്ങളിൽ‍ തന്നെ ഹോമിക്കുന്നു. ഇവരെല്ലാവരും യജ്ഞതത്വമറിഞ്ഞവരും യജ്ഞംകൊണ്ടു പാപമകന്നവരുമാകുന്നു.

ശ്ലോകം 31
യജ്ഞശിഷ്ടാമൃതഭുജോ യാന്തി ബ്രഹ്മ സനാതനം
നായം ലോകോഽസ്ത്യയജ്ഞസ്യ കുതോഽന്യഃ കുരുസത്തമ (31)

യജ്ഞശിഷ്ടമായ അമൃതം ഭുജിക്കുന്നവർ‍ പരബ്രഹ്മത്തെ പ്രാപിക്കുന്നു. യജ്ഞം ചെയ്യാത്തവന്ന് ഈ ലോകം തന്നെയില്ല. ഹേ കുരുശ്രേഷ്ടാ, പിന്നെയാണോ പരലോകം?

ശ്ലോകം 32
ഏവം ബഹുവിധാ യജ്ഞാ വിതതാ ബ്രഹ്മണോ മുഖേ
കർ‍മജാന്വിദ്ധി താൻസർ‍വ്വാനേവം ജ്ഞാത്വാ വിമോക്ഷ്യസേ (32)

ഇങ്ങിനെ പലതരം യജ്ഞങ്ങൾ ബ്രഹ്മാവിനാൽ‍ വിവരിക്കപ്പെട്ടി ട്ടുണ്ട്. അവയെല്ലാം ക‍ർ‍മ്മത്തിൽ‍ നിന്നുഉളവാകുന്നവയാണ് എന്ന് അറയുക. അതെല്ലാം ഇങ്ങിനെ മനസ്സിലാക്കുമ്പോൾ നീ മുക്തനായിത്തീരും.

ശ്ലോകം 33
ശ്രേയാന്ദ്രവ്യമയാദ്യജ്ഞാജ്ജ്ഞാനയജ്ഞഃ പരന്തപ
സർ‍വ്വം കർ‍മാഖിലം പാർ‍ഥ ജ്ഞാനേ പരിസമാപ്യതേ (33)

ഹേ ശത്രുനാശകാ, ദ്രവ്യമയമായ യജ്ഞത്തെക്കാളും ജ്ഞാനയജ്ഞമാണ് ശ്രേഷ്ടം. ഹേ പാർ‍ത്ഥാ, എല്ലാ ക‍ർ‍മ്മങ്ങളും പൂർ‍ണമായി ജ്ഞാനത്തിൽ‍ പര്യവസാനിക്കുന്നു.

ശ്ലോകം 34
തദ്വിദ്ധി പ്രണിപാതേന പരിപ്രശ്നേന സേവയാ
ഉപദേക്ഷ്യന്തി തേ ജ്ഞാനം ജ്ഞാനിനസ്തത്ത്വദർ‍ശിനഃ (34)

സത്യം കണ്ടറിഞ്ഞ ജ്ഞാനികൾ നിനക്കു ജ്ഞാനം ഉപദേശിച്ചു തരും. അത് നീ നമസ്ക്കാരം കൊണ്ടും ചോദ്യം കൊണ്ടും സേവകൊണ്ടും ഗ്രഹിക്കുക.

ശ്ലോകം 35
യജ്ജ്ഞാത്വാ ന പുനർ‍മോഹമേവം യാസ്യസി പാണ്ഡവ
യേന ഭൂതാന്യശേഷേണ ദ്രക്ഷ്യസ്യാത്മന്യഥോ മയി (35)

ഹേ പാ‍ണ്ഡവാ, അതറിഞ്ഞാൽ‍ പിന്നെയിങ്ങനെ ഭ്രമം നിനക്കുണ്ടാവില്ല. ഇതു മൂലം ഭൂതങ്ങളെയെല്ലാം തന്നിലും പിന്നെ എന്നിലും നീ കാണും.

ശ്ലോകം 36
അപി ചേദസി പാപേഭ്യഃ സർ‍വ്വേഭ്യഃ പാപകൃത്തമഃ
സർ‍വ്വം ജ്ഞാനപ്ലവേനൈവ വൃജിനം സന്തരിഷ്യസി (36)

നീ എല്ലാ പാപികളിലും വെച്ച് ഏറ്റവും വലിയ മഹാപാപിയാണെങ്കിൽ‍പ്പോലും ജ്ഞാനമാകുന്ന തോണികൊണ്ടു എല്ലാ പാപസമുദ്രങ്ങളെയും നീ കടക്കുക തന്നെ ചെയ്യും.

ശ്ലോകം 37
യഥൈധാംസി സമിദ്ധോഽഗ്നിർ‍ഭസ്മസാത്കുരുതേഽർ‍ജുന
ജ്ഞാനാഗ്നിഃ സർ‍വ്വകർ‍മാണി ഭസ്മസാത്കുരുതേ തഥാ (37)

അർ‍ജുനാ, കത്തിയെരിയുന്ന അഗ്നി എങ്ങനെയാണോ എല്ലാ വിറകിനെയും ഭസ്മമാക്കുന്നത് അതുപോലെ ജ്ഞാനാഗ്നി എല്ലാ ക‍ർ‍മ്മങ്ങളെയും നശിപ്പിക്കും.

ശ്ലോകം 38
ന ഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ
തത്സ്വയം യോഗസംസിദ്ധഃ കാലേനാത്മനി വിന്ദതി (38)

ഈ ലോകത്തിൽ‍ ജ്ഞാനം പോലെ പവിത്രമായി ഒന്നും തന്നെയില്ല തന്നെ. യോഗം കൊണ്ടു സിദ്ധനായവാന് ഈ ജ്ഞാനം കാലക്രമത്തിൽ‍ തനിയെ നേടുന്നു.

ശ്ലോകം 39
ശ്രദ്ധാവാംല്ലഭതേ ജ്ഞാനം തത്പരഃ സംയതേന്ദ്രിയഃ
ജ്ഞാനം ലബ്ധ്വാ പരാം ശാന്തിമചിരേണാധിഗച്ഛതി (39)

ജ്ഞാനത്തിൽ‍ തന്നെ മനസ്സൂന്നിയവനും ജിതേന്ദ്രിയനും ശ്രദ്ധയുള്ളവനുമായ ആൾ ജ്ഞാനം നേടുന്നു. ജ്ഞാനം നേടിയാൽ‍ പരമമായ ശാന്തിയെ ഉടൻ പ്രാപിക്കുന്നു.

ശ്ലോകം 40
അജ്ഞശ്ചാശ്രദ്ദധാനശ്ച സംശയാത്മാ വിനശ്യതി
നായം ലോകോഽസ്തി ന പരോ ന സുഖം സംശയാത്മനഃ (40)

ആജ്ഞനും ശ്രദ്ധയില്ലാത്തവനും സംശയം തീരാത്തവനും നശിക്കുന്നു. സംശയിക്കുന്നവന് ഈ ലോകവും, പരലോകവും സുഖവും ഇല്ല.

ശ്ലോകം 41
യോഗസംന്യസ്തകർ‍മാണം ജ്ഞാനസഞ്ഛിന്നസംശയം
ആത്മവന്തം ന കർ‍മാണി നിബധ്നന്തി ധനഞ്ജയ (41)

ധനഞജയാ, യോഗത്താൽ‍ കർ‍മ്മങ്ങൾ ഉപേക്ഷിച്ചവനും ജ്ഞാനംകൊണ്ടു സംശയങ്ങൾ നിഃശേഷം തീർ‍ന്നവനും ആത്മനിഷ്ഠനുമായവനെ കർ‍മ്മങ്ങൾ ഒരുവിധത്തിലും ബന്ധിക്കുന്നില്ല.

ശ്ലോകം 42
തസ്മാദജ്ഞാനസംഭൂതം ഹൃത്സ്ഥം ജ്ഞാനാസിനാത്മനഃ
ഛിത്ത്വൈനം സംശയം യോഗമാതിഷ്ഠോത്തിഷ്ഠ ഭാരത (42)

ഹേ ഭാരതാ, അതുകൊണ്ട് അജ്ഞാനം കൊണ്ടു ഉണ്ടായതും മനസിലുള്ളതുമായ നിന്റെ ഈ സംശയത്തെ ജ്ഞാനമാകുന്ന വാളുകൊണ്ടു ഛേദിച്ചിട്ടു യോഗത്തെ അനുഷ്ഠിക്കുക, ഏഴുന്നേൽ‍ക്കുക.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ ജ്ഞാനകർമസന്ന്യാസയോഗോ നാമ ചതുർഥോദ്ധ്യായഃ സമാപ്തഃ

കർമ്മസന്യാസയോഗഃ (അദ്ധ്യായം 5 - 29 ശ്ലോകങ്ങൾ)

അഞ്ചാം അദ്ധ്യായം കേൾക്കാം

അഞ്ചാം അദ്ധ്യായം: കർമ്മസന്യാസയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

അർ‍ജുന ഉവാച

ശ്ലോകം 01
സംന്യാസം കർ‍മണാം കൃഷ്ണ പുനർ‍യോഗം ച ശംസസി
യച്ഛ്രേയ ഏതയോരേകം തന്മേ ബ്രൂഹി സുനിശ്ചിതം (1)

അർ‍ജുനൻ പറഞ്ഞു: ഹേ കൃഷ്ണാ, സന്യാസവും പിന്നെ ക‍ർ‍മ്മയോഗവും അങ്ങ് ഉപദേശിക്കുന്നു. ഈ രണ്ടിൽ ഏതാണ് ശ്രേയസ്കരം എന്നത് നിശ്ചിതമായി എനിക്ക് പറഞ്ഞു തരിക.

ശ്രീഭഗവാനുവാച

ശ്ലോകം 02
സംന്യാസഃ കർ‍മയോഗശ്ച നിഃശ്രേയസകരാവുഭൌ
തയോസ്തു കർ‍മസംന്യാസാത്കർ‍മയോഗോ വിശിഷ്യതേ (2)

ശ്രീ ഭഗവാൻ പറഞ്ഞു: സന്യാസവും കർ‍മയോഗവും രണ്ടും മുക്തിപ്രദമാണ്. എന്നാൽ ആ രണ്ടിൽ ക‍ർ‍മ്മസന്യാസത്തെ അപേക്ഷിച്ച് ക‍ർ‍മ്മ യോഗമാണ് ശ്രേഷ്ഠം.

ശ്ലോകം 03
ജ്ഞേയഃ സ നിത്യസംന്യാസീ യോ ന ദ്വേഷ്ടി ന കാംക്ഷതി
നിർ‍ദ്വന്ദ്വോ ഹി മഹാബാഹോ സുഖം ബന്ധാത്പ്രമുച്യതേ (3)

മഹാബാഹോ, ഏതൊരുവൻ ദ്വേഷിക്കുകയും കാംക്ഷിക്കുകയും ചെയ്യുന്നില്ലയോ അവൻ നിത്യസന്യാസി എന്നറിയുക. എന്തുകൊണ്ടെന്നാൽ ദ്വന്ദ്വാതീതൻ ബന്ധത്തിൽനിന്ന് നിഷ്‌പ്രയാസം മുക്തനാകുന്നു.

ശ്ലോകം 04
സാംഖ്യയോഗൌ പൃഥഗ്ബാലാഃ പ്രവദന്തി ന പണ്ഡിതാഃ
ഏകമപ്യാസ്ഥിതഃ സമ്യഗുഭയോർ‍വിന്ദതേ ഫലം (4)

സാംഖ്യവും യോഗവും വെവ്വേറെയായി അജ്ഞന്മാർ‍ പറയുന്നു. പണ്ഡിതൻമാർ‍ അങ്ങനെ പറയുന്നില്ല. ഒന്നെങ്കിലും വേണ്ടവിധം അനുഷ്ഠിക്കുന്ന പക്ഷം രണ്ടിന്റെയും ഫലം ലഭിക്കും.

ശ്ലോകം 05
യത്സാങ്ഖ്യൈഃ പ്രാപ്യതേ സ്ഥാനം തദ്യോഗൈരപി ഗമ്യതേ
ഏകം സാംഖ്യം ച യോഗം ച യഃ പശ്യതി സ പശ്യതി (5)

ഏത് സ്ഥാനം സാംഖ്യന്മാർ‍ നേടുമോ അത് യോഗികളും നേടും. സാംഖ്യവും യോഗവും ഒന്നുതന്നെയെന്ന് കാണുന്നവനത്രെ സത്യത്തെ കാണുന്നവ‌ൻ‍ !

ശ്ലോകം 06
സംന്യാസസ്തു മഹാബാഹോ ദുഃഖമാപ്തുമയോഗതഃ
യോഗയുക്തോ മുനിർ‍ബ്രഹ്മ നചിരേണാധിഗച്ഛതി (6)

ഹേ മഹാബാഹോ: എന്നാൽ സന്യാസം യോഗം കൂടാതെ പ്രാപിക്കാൻ പ്രയാസമാണ്. യോഗനിഷ്ഠനായ മുനി വേഗത്തിൽ ബ്രഹ്മത്തെ പ്രാപിക്കുന്നു.

ശ്ലോകം 07
യോഗയുക്തോ വിശുദ്ധാത്മാ വിജിതാത്മാ ജിതേന്ദ്രിയഃ
സർ‍വ്വഭൂതാത്മഭൂതാത്മാ കുർ‍വ്വന്നപി ന ലിപ്യതേ (7)

യോഗയുക്തനും പരിശുദ്ധാത്മാവും മനോജയം നേടിയവനും ജിതേന്ദ്രിയനും സർ‍വഭൂതങ്ങളെയും ആത്മതുല്യനായി കാണുന്നവനും ആയവൻ ക‍ർ‍മ്മം ചെയ്യുന്നെങ്കിലും ബദ്ധനായിത്തീരുന്നില്ല.

ശ്ലോകം 08, 09
നൈവ കിഞ്ചിത്കരോമീതി യുക്തോ മന്യേത തത്ത്വവിത്
പശ്യൻ ശൃണ്വൻ സ്പൃശഞ്ജിഘ്രന്നശ്നൻ ഗച്ഛൻസ്വപൻ ശ്വസൻ (8)
പ്രലപന്വിസൃജൻ ഗൃഹ്ണന്നുന്മിഷന്നിമിഷന്നപി
ഇന്ദ്രിയാണീന്ദ്രിയാർ‍ഥേഷു വർ‍ത്തന്ത ഇതി ധാരയൻ (9)

യോഗയുക്തനായ തത്വജ്ഞൻ കാണുക, കേള്‍ക്കുക, സ്പർ‍ശിക്കുക, മണക്കുക, ഭക്ഷിക്കുക, നടക്കുക, ഉറങ്ങുക, ശ്വസിക്കുക, സംസാരിക്കുക, മലമൂത്രവിസ‍ർ‍ജനം ചെയ്യുക, എടുക്കുക, കണ്ണുതുറക്കുക, കണ്ണടയ്ക്കുക, ഇവയൊക്കെ ചെയ്താലും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളിൽ പ്രവർ‍ത്തിക്കുന്നു എന്ന് അറിഞ്ഞുകൊണ്ടുതന്നെ താൻ ഒന്നും ചെയ്യുന്നില്ല എന്ന് കരുതുന്നു.

ശ്ലോകം 10
ബ്രഹ്മണ്യാധായ കർ‍മാണി സംഗം ത്യക്ത്വാ കരോതി യഃ
ലിപ്യതേ ന സ പാപേന പദ്മപത്രമിവാമ്ഭസാ (10)

യാതൊരുവൻ ആസക്തി കൈവിട്ടു ബ്രഹ്മത്തിൽ സമർ‍പ്പിച്ച് ക‍ർ‍മ്മം അനുഷ്ഠിക്കുന്നുവോ അവൻ വെള്ളത്താൽ നനക്കാൻ പറ്റാത്ത താമരയിലയെ പോലെ പാപത്താൽ മലിനമാക്കപ്പെടുന്നില്ല.

ശ്ലോകം 11
കായേന മനസാ ബുദ്ധ്യാ കേവലൈരിന്ദ്രിയൈരപി
യോഗിനഃ കർ‍മ കുർ‍വ്വന്തി സങ്ഗം ത്യക്ത്വാത്മശുദ്ധയേ (11)

ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങള്‍ മാത്രം കൊണ്ടും ആത്മാശുദ്ധിക്ക് വേണ്ടി യോഗികള്‍ നിസ്സംഗരായി ക‍ർ‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു.

ശ്ലോകം 12
യുക്തഃ കർ‍മഫലം ത്യക്ത്വാ ശാന്തിമാപ്നോതി നൈഷ്ഠികീം
അയുക്തഃ കാമകാരേണ ഫലേ സക്തോ നിബധ്യതേ (12)

യോഗയുക്തൻ ക‍ർ‍മ്മഫലം ഉപേക്ഷിച്ചു ദൃഡപ്രതിഷ്ഠമായ ശാന്തി കൈവരിക്കുന്നു. യുക്തനല്ലാത്തവൻ കാമം മൂലം ഫലത്തിൽ ആസക്തനായി ബദ്ധനായിത്തീരുനു.

ശ്ലോകം 13
സർ‍വ്വകർ‍മാണി മനസാ സംന്യസ്യാസ്തേ സുഖം വശീ
നവദ്വാരേ പുരേ ദേഹീ നൈവ കുർ‍വ്വന്ന കാരയൻ (13)

സർ‍വ ക‍ർ‍മ്മങ്ങളും മനസ്സ് കൊണ്ടു ഉപേക്ഷിച്ച് ഇന്ദ്രിയ മനോജയം നേടിയ ദേഹധാരിയായ ജീവാത്മാവ് പ്രവർ‍ത്തിക്കാതെയും പ്രവർ‍ത്തിപ്പിക്കാതെയും ഒന്‍പതു വാതിലുള്ള പുരത്തിൽ (ശരീരത്തിൽ) സുഖമായി വസിക്കുന്നു.

ശ്ലോകം 14
ന കർ‍ത്തൃത്വം ന കർ‍മാണി ലോകസ്യ സൃജതി പ്രഭുഃ
ന കർ‍മഫലസംയോഗം സ്വഭാവസ്തു പ്രവർ‍തതേ (14)

ഈശ്വരൻ പ്രാണികള്‍ക്ക് ക‍ർ‍മ്മങ്ങളെയോ, അവയുടെ ക‍ർ‍ത്തൃത്വത്തെയോ സൃഷ്ടിക്കുന്നില്ല. അവരെ ക‍ർ‍മ്മഫലത്തോടു സംയോജിപ്പിക്കുന്നുമില്ല. സ്വഭാവമാണ് പ്രവർ‍ത്തിക്കുന്നത്.

ശ്ലോകം 15
നാദത്തേ കസ്യചിത്പാപം ന ചൈവ സുകൃതം വിഭുഃ
അജ്ഞാനേനാവൃതം ജ്ഞാനം തേന മുഹ്യന്തി ജന്തവഃ (15)

ഈശ്വരൻ ആരുടേയും പാപവും സുകൃതവും സ്വീകരിക്കുന്നില്ല. ജ്ഞാനം അജ്ഞാനത്താൽ മറയ്ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ജീവികള്‍ മോഹത്തിലാണ്ടുപോകുന്നു.

ശ്ലോകം 16
ജ്ഞാനേന തു തദജ്ഞാനം യേഷാം നാശിതമാത്മനഃ
തേഷാമാദിത്യവദ് ജ്ഞാനം പ്രകാശയതി തത്പരം (16)

എന്നാൽ ആരുടെ ഈ അജ്ഞാനം ആത്മജ്ഞാനത്താൽ നശിപ്പിക്കപ്പെട്ടിരിക്കുന്നുവോ അവർ‍ക്ക് ആദിത്യൻ വസ്തുക്കളെയെന്ന പോലെ ജ്ഞാനം പരമമായ ബ്രഹ്മത്തെ പ്രകാശിപ്പിക്കുന്നു.

ശ്ലോകം 17
തദ്ബുദ്ധയസ്തദാത്മാനസ്തന്നിഷ്ഠാസ്തത്പരായണാഃ
ഗച്ഛന്ത്യപുനരാവൃത്തിം ജ്ഞാനനിർ‍ധൂതകല്മഷാഃ (17)

ബ്രഹ്മത്തിൽ മനസ്സൂന്നിയവരും ബ്രഹ്മതാദാത്മ്യം പ്രാപിച്ചവരും ബ്രഹ്മനിഷ്ഠരും ബ്രഹ്മത്തെക്കുറിച്ചല്ലാതെ മറ്റൊരു ചിന്തയില്ലാത്തവരു മായവർ‍ ജ്ഞാനത്താൽ പാപമകന്നു മോക്ഷപദത്തെ പ്രാപിക്കുന്നു.

ശ്ലോകം 18
വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദർ‍ശിനഃ (18)

വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാഹ്മണനിലും, പശുവിലും, ആനയിലും, നായയിലും, ചണ്ഡാളനിലും ബ്രഹ്മജ്ഞാനികള്‍ സമദൃഷ്ടികളാകുന്നു.

ശ്ലോകം 19
ഇഹൈവ തൈർ‍ജിതഃ സർ‍ഗോ യേഷാം സാമ്യേ സ്ഥിതം മനഃ
നിർ‍ദോഷം ഹി സമം ബ്രഹ്മ തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ (19)

ആരുടെ മനസ്സാണോ സമഭാവനയിൽ പ്രതിഷ്ഠിതമായിരിക്കുന്നത് ഇവിടെ വച്ചു തന്നെ അവർ‍ സംസാരത്തെ ജയിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ബ്രഹ്മം നിർ‍ദ്ദോഷവും സമവുമാകുന്നു. അതുകൊണ്ടു അവർ‍ ബ്രഹ്മത്തിൽ സ്ഥിതിചെയ്യുന്നവരത്രേ.

ശ്ലോകം 20
ന പ്രഹൃഷ്യേത്പ്രിയം പ്രാപ്യ നോദ്വിജേത്പ്രാപ്യ ചാപ്രിയം
സ്ഥിരബുദ്ധിരസമ്മൂഢോ ബ്രഹ്മവിദ് ബ്രഹ്മണി സ്ഥിതഃ (20)

പ്രിയം നേടി സന്തോഷിക്കുകയും, അപ്രിയം വന്നുചേ‍ർ‍ന്നാ‍ൽ ദുഖിക്കുകയും ചെയ്യാത്തവനും, സ്ഥിരബുദ്ധിയും, മോഹമില്ലാത്തവനും ആയവൻ ബ്രഹ്മജ്ഞനും ബ്രഹ്മത്തിൽതന്നെ വർ‍ത്തിക്കുന്നവനുമാണ്.

ശ്ലോകം 21
ബാഹ്യസ്പർ‍ശേഷ്വസക്താത്മാ വിന്ദത്യാത്മനി യത്സുഖം
സ ബ്രഹ്മയോഗയുക്താത്മാ സുഖമക്ഷയമശ്നുതേ (21)

ബാഹ്യവിഷയങ്ങളിൽ അനാസക്തനായവ‌‌‍ൻ ആത്മാവിൽ ഏതു സുഖം അനുഭവിക്കുന്നുവോ അത് ബ്രഹ്മത്തിൽ യോഗയുക്താത്മാവായിട്ടുള്ളവൻ എന്നും അനുഭവിക്കുന്നു.

ശ്ലോകം 22
യേ ഹി സംസ്പർ‍ശജാ ഭോഗാ ദുഃഖയോനയ ഏവ തേ
ആദ്യന്തവന്തഃ കൌന്തേയ ന തേഷു രമതേ ബുധഃ (22)

ഹേ കൌന്തേയാ, ഏതു വിഷയസുഖങ്ങളാണോ ഇന്ദ്രിയങ്ങളുടെ വിഷയസമ്പർ‍ക്കം കൊണ്ടു ഉണ്ടാകുന്നത് അത് ദുഃഖപ്രദം തന്നെ. അവ ആദിയും അന്തവും ഉള്ളവയുമാണ്‌. വിദ്വാൻ അവയിൽ രമിക്കുന്നില്ല.

ശ്ലോകം 23
ശക്നോതീഹൈവ യഃ സോഢും പ്രാക്ശരീരവിമോക്ഷണാത്
കാമക്രോധോദ്ഭവം വേഗം സ യുക്തഃ സ സുഖീ നരഃ (23)

ആരാണോ ഇവിടെ വച്ചു തന്നെ ശരീര നാശത്തിനു മുമ്പ്‌ കാമക്രോധങ്ങള്‍ ഉളവാക്കുന്ന ക്ഷോഭത്തെ നിയന്ത്രിക്കാൻ ശക്തനാകുന്നത് അവൻ യോഗയുക്തനും സുഖമനുഭവിക്കുന്നവനു മാകുന്നു.

ശ്ലോകം 24
യോഽന്തഃസുഖോഽന്തരാരാമസ്തഥാന്തർ‍ജ്യോതിരേവ യഃ
സ യോഗീ ബ്രഹ്മനിർ‍വ്വാണം ബ്രഹ്മഭൂതോഽധിഗച്ഛതി (24)

യാതൊരുവൻ ഉള്ളിൽ സുഖംകണ്ടെത്തുകയും, ഉള്ളിൽതന്നെ രമിക്കയും, അതുപോലെ ഉള്ളിൽ തന്നെ ജ്ഞാനം കണ്ടെത്തുകയും ചെയ്യുന്നുവോ, ആ യോഗി ബ്രഹ്മമായി തീർ‍ന്ന് ബ്രഹ്മനിർ‍വാണം പ്രാപിക്കുന്നു.

ശ്ലോകം 25
ലഭന്തേ ബ്രഹ്മനിർ‍വ്വാണമൃഷയഃ ക്ഷീണകല്മഷാഃ
ഛിന്നദ്വൈധാ യതാത്മാനഃ സർ‍വ്വഭൂതഹിതേ രതാഃ (25)

കല്മഷം ക്ഷയിച്ചവരും സംശയഹീനരും മനോജയം നേടിയവരും സർ‍വഭൂതങ്ങളുടെയും ക്ഷേമത്തിൽ തൽപരരുമായ ഋഷിമാർ‍ ബ്രഹ്മാനന്ദം നേടുന്നു.

ശ്ലോകം 26
കാമക്രോധവിയുക്താനാം യതീനാം യതചേതസാം
അഭിതോ ബ്രഹ്മനിർ‍വ്വാണം വർ‍തതേ വിദിതാത്മനാം (26)

ആത്മജ്ഞരും, കാമക്രോധങ്ങളില്ലാത്തവരും മനസിനെ നിയന്ത്രിച്ചവരും ആയ യോഗികള്‍ക്ക് ഇഹത്തിലും പരത്തിലും ബ്രഹ്മനിർ‍വ്വാണം പ്രാപ്തമാകുന്നു.

ശ്ലോകം 27, 28
സ്പർ‍ശാൻകൃത്വാ ബഹിർ‍ബാഹ്യാംശ്ചക്ഷുശ്ചൈവാന്തരേ ഭ്രുവോഃ
പ്രാണാപാനൌ സമൌ കൃത്വാ നാസാഭ്യന്തരചാരിണൌ (27)
യതേന്ദ്രിയമനോബുദ്ധിർ‍മുനിർ‍മോക്ഷപരായണഃ
വിഗതേച്ഛാഭയക്രോധോ യഃ സദാ മുക്ത ഏവ സഃ (28)

ബാഹ്യവിഷയങ്ങളെ പുറത്താക്കി നോട്ടം ഭൂമധ്യത്തിലുറപ്പിച്ച് മൂക്കിനുള്ളിൽ സഞ്ചരിക്കുന്ന പ്രാണന്റെയും അപാനന്റെയും ഗതി സമീകരിച്ച് ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും നിയന്ത്രിച്ച് ഇച്ഛ, ഭയം,ക്രോധം ഇവ വെടിഞ്ഞ് മോക്ഷത്തിൽ തന്നെ തൽപരനായിരിക്കുന്ന മുനി എപ്പോഴും മുക്തനായി ഭവിക്കുന്നു.

ശ്ലോകം 29
ഭോക്താരം യജ്ഞതപസാം സർ‍വ്വലോകമഹേശ്വരം
സുഹൃദം സർ‍വ്വഭൂതാനാം ജ്ഞാത്വാ മാം ശാന്തിമൃച്ഛതി (29)

യജ്ഞത്തിന്റെയും തപസ്സിന്റെയും ഭോക്താവും ലോകങ്ങളുടെയെല്ലാം നാഥനും എല്ലാ ജീവികളുടെയും സുഹൃത്തുമായി എന്നെ അറിയുന്നവൻ ശാന്തിയെ പ്രാപിക്കുന്നു.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ കർമസന്ന്യാസയോഗോ നാമ പഞ്ചമോദ്ധ്യായഃ സമാപ്തഃ

ആത്മസംയമയോഗഃ (അദ്ധ്യായം 6 - 47 ശ്ലോകങ്ങൾ)

ആറാം അദ്ധ്യായം കേൾക്കാം

ആറാം അദ്ധ്യായം: ആത്മസംയമയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

ശ്രീഭഗവാനുവാച

ശ്ലോകം 01
അനാശ്രിതഃ കർ‍മഫലം കാര്യം കർ‍മ കരോതി യഃ
സ സംന്യാസീ ച യോഗീ ച ന നിരഗ്നിർ‍ന ചാക്രിയഃ (1)

ശ്രീ ഭഗവാൻ പറഞ്ഞു: ക‍ർ‍മ്മഫലത്തെ ആശ്രയിക്കാതെ കർ‍ത്തവ്യമായ ക‍ർ‍മ്മം ആരു ചെയ്യുന്നുവോ അവൻ സന്യാസിയും യോഗിയുമാണ്. അല്ലാതെ അഗ്നിഹോത്രാദികളെ ചെയ്യാത്തവനും, ക‍ർ‍മ്മത്തെ ഉപേക്ഷിച്ചു സ്വസ്ഥനായിരിക്കുന്നവനുമല്ല.

ശ്ലോകം 02
യം സംന്യാസമിതി പ്രാഹുർ‍യോഗം തം വിദ്ധി പാണ്ഡവ
ന ഹ്യസംന്യസ്തസങ്കല്പോ യോഗീ ഭവതി കശ്ചന (2)

ഹേ പാണ്ഡവാ, സന്യാസമെന്നു പറയുന്നത്‌ ഏതോ അതു തന്നെയാണ് യോഗമെന്നറിയുക. ഫലേച്ഛ വിടാതെ ഒരാളും യോഗിയായിത്തീരുന്നില്ല.

ശ്ലോകം 03
ആരുരുക്ഷോർ‍മുനേര്യോഗം കർ‍മ കാരണമുച്യതേ
യോഗാരൂഢസ്യ തസ്യൈവ ശമഃ കാരണമുച്യതേ (3)

ക‍ർ‍മ്മയോഗത്തെ പ്രാപിക്കുവാനിച്ഛിക്കുന്ന മുനിക്ക് ക‍ർ‍മ്മം മാ‍ർ‍ഗ്ഗമെന്നു പറയപ്പെടുന്നു. പിന്നീട് യോഗസിദ്ധി നേടിക്കഴിഞ്ഞ അവന് ശമം കാരണമെന്നും പറയപ്പെടുന്നു.

ശ്ലോകം 04
യദാ ഹി നേന്ദ്രിയാർ‍ഥേഷു ന കർ‍മസ്വനുഷജ്ജതേ
സർ‍വ്വസങ്കല്പസംന്യാസീ യോഗാരൂഢസ്തദോച്യതേ (4)

വിഷയങ്ങളിലും ക‍ർ‍മ്മങ്ങളിലും ആസക്തിയില്ലാതെ എല്ലാ മനോവ്യാപാരവും ത്യജിച്ചവനെ യോഗാരൂഢൻ (യോഗത്തെ പ്രാപിച്ചവൻ) എന്നു വിളിക്കുന്നു.

ശ്ലോകം 05
ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത്
ആത്മൈവ ഹ്യാത്മനോ ബന്ധുരാത്മൈവ രിപുരാത്മനഃ (5)

ഒരുവൻ തന്നെ സ്വയം ഉദ്ധരിക്കേണ്ടതാണ്, തന്നെ സ്വയം താഴ്ത്തരുത്, താൻ തന്നെയാണ് തന്റെ ബന്ധു. താൻ തന്നെയാണ് തന്റെ ശത്രുവും.

ശ്ലോകം 06
ബന്ധുരാത്മാത്മനസ്തസ്യ യേനാത്മൈവാത്മനാ ജിതഃ
അനാത്മനസ്തു ശത്രുത്വേ വർ‍തേതാത്മൈവ ശത്രുവത് (6)

യാതൊരുവൻ സ്വയം തന്നെ ജയിച്ചിരിക്കുന്നുവോ അവന് താൻ തന്നെ തന്റെ ബന്ധുവാണ്. തന്റെ മേൽ നിയന്ത്രണമില്ലാത്തവനു താൻ തന്നെ ശത്രുവിനെപ്പോലെ ശത്രുത്വത്തിൽ വർ‍ത്തിക്കുന്നു.

ശ്ലോകങ്ങൾ 07, 08
ജിതാത്മനഃ പ്രശാന്തസ്യ പരമാത്മാ സമാഹിതഃ
ശീതോഷ്ണസുഖദുഃഖേഷു തഥാ മാനാപമാനയോഃ (7)
ജ്ഞാനവിജ്ഞാനതൃപ്താത്മാ കൂടസ്ഥോ വിജിതേന്ദ്രിയഃ
യുക്ത ഇത്യുച്യതേ യോഗീ സമലോഷ്ടാശ്മകാഞ്ചനഃ (8)

മനോജയം സിദ്ധിച്ചവനും പ്രശാന്തമായിരിക്കുന്നവനും ആത്മാവ് ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും അതുപോലെ മാനാപമാന ങ്ങളിലും ഏറ്റവും സമഭാവനയോടുകൂടിയവനും, അദ്ധ്യത്മജ്ഞാനവും ശാസ്ത്രജ്ഞാനവും കൊണ്ടു സംതൃപ്തനും നിർ‍വികാരനും ഇന്ദ്രിയജയം നേടിയവനും മണ്‍കട്ട, കല്ല്, പൊന്ന് ഇവ തുല്യമായി ഗണിക്കുന്നവനുമായ യോഗി യോഗയുക്തൻ എന്ന് പറയപ്പെടുന്നു.

ശ്ലോകം 09
സുഹൃന്മിത്രാര്യുദാസീനമധ്യസ്ഥദ്വേഷ്യബന്ധുഷു
സാധുഷ്വപി ച പാപേഷു സമബുദ്ധിർ‍വിശിഷ്യതേ (9)

സുഹൃത്തുക്കൾ‍, മിത്രങ്ങൾ, ശത്രുക്കൾ, ഉദാസീനൻമാ‍‍ർ‍, വെറുക്കപ്പെടേണ്ടവർ‍, ബന്ധുക്കൾ ഇവരിലും നല്ലവരിലും പാപികളിലും സമബുദ്ധിയായിരിക്കുന്നവൻ വിശിഷ്ടനാകുന്നു.

ശ്ലോകം 10
യോഗീ യുഞ്ജീത സതതമാത്മാനം രഹസി സ്ഥിതഃ
ഏകാകീ യതചിത്താത്മാ നിരാശീരപരിഗ്രഹഃ (10)

യോഗി വിജനതയിൽ സ്ഥിതിചെയ്ത് ഏകാകിയും ഇന്ദ്രിയമനസുകളെ നിയന്ത്രിച്ച്‌ നിഷ്കാമനും ആരിൽനിന്നും ഒന്നും സ്വീകരിക്കാത്തവനുമായി സർ‍വദാ ആത്മാവിനെ യോജിപ്പിക്കണം.

ശ്ലോകങ്ങൾ 11, 12
ശുചൌ ദേശേ പ്രതിഷ്ഠാപ്യ സ്ഥിരമാസനമാത്മനഃ
നാത്യുച്ഛ്രിതം നാതിനീചം ചൈലാജിനകുശോത്തരം (11)
തത്രൈകാഗ്രം മനഃ കൃത്വാ യതചിത്തേന്ദ്രിയക്രിയഃ
ഉപവിശ്യാസനേ യുഞ്ജ്യാദ്യോഗമാത്മവിശുദ്ധയേ (12)

ശുചിത്വമുള്ളിടത്ത് അധികം ഉയർ‍ച്ചയോ അധികം താഴ്ച്ചയോ ഇല്ലാത്തതും ദർ‍ഭപ്പുല്ല്, കൃഷ്ണമൃഗത്തിന്റെ തോൽ ഇവ മേൽക്കുമേൽ വിരിച്ചതുമായ തന്റെ ഇരിപ്പിടം സ്ഥിരമാക്കി അതിലിരുന്ന് മനസ്സ് എകാഗ്രമാക്കി മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും വ്യാപാരങ്ങളെ നിരോധിച്ച് ആത്മശുദ്ധിക്കുവേണ്ടി യോഗം അഭ്യസിക്കണം.

ശ്ലോകങ്ങൾ 13, 14
സമം കായശിരോഗ്രീവം ധാരയന്നചലം സ്ഥിരഃ
സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയൻ (13)
പ്രശാന്താത്മാ വിഗതഭീർ‍ബ്രഹ്മചാരിവ്രതേ സ്ഥിതഃ
മനഃ സംയമ്യ മച്ചിത്തോ യുക്ത ആസീത മത്പരഃ (14)

ശരീരം, കഴുത്ത്, തല ഇവ ഋജുവാക്കി ഇളകാതെ വച്ച് സ്ഥിരമായി തന്റെ നാസികാഗ്രത്തിൽ ദൃഷ്ടിയൂന്നി ദിക്കുകളിലേക്ക് നോക്കാതെ മനഃശാന്തിയോടെ നിർ‍ഭയനായി ദൃഢമായ ബ്രഹ്മചര്യത്തോടു കൂടിയവനായി മനസിനെ നിയന്ത്രിച്ച് എന്നിൽതന്നെ ഉറപ്പിച്ച് എന്നെ മാത്രം ചിന്തിക്കുന്നവനായി യോഗയുക്തനായി സ്ഥിതിചെയ്യണം.

ശ്ലോകം 15
യുഞ്ജന്നേവം സദാത്മാനം യോഗീ നിയതമാനസഃ
ശാന്തിം നിർവാണപരമാം മത്സംസ്ഥാമധിഗച്ഛതി (15)

ഇപ്രകാരം യോഗി സർ‍വദാ മനോനിയന്ത്രണത്തോടെ തന്നെ യുക്തനാക്കിയിട്ട് അതായത് ഈശ്വരനിൽ താദാത്മ്യഭാവന ചെയ്ത് എന്നിൽ പ്രതിഷ്ഠിതവും പരമനിർ‍വാണ രൂപവുമായ ശാന്തി പ്രാപിക്കുന്നു.

ശ്ലോകം 16
നാത്യശ്നതസ്തു യോഗോഽസ്തി ന ചൈകാന്തമനശ്നതഃ
ന ചാതിസ്വപ്നശീലസ്യ ജാഗ്രതോ നൈവ ചാർ‍ജുന (16)

ഹേ അർ‍ജുനാ, അധികം ആഹാരം കഴിക്കുന്നവനും, ഒട്ടും ആഹാരം കഴിക്കാത്തവനും യോഗമില്ല. അധികം ഉറങ്ങുന്നവനും എപ്പോഴും ഉണർ‍ന്നിരിക്കുന്നവനും യോഗം സംഭവിക്കുകയില്ല.

ശ്ലോകം 17
യുക്താഹാരവിഹാരസ്യ യുക്തചേഷ്ടസ്യ കർ‍മസു
യുക്തസ്വപ്നാവബോധസ്യ യോഗോ ഭവതി ദുഃഖഹാ (17)

വേണ്ടയളവിൽ മിതമായി ആഹാരവും വിഹാരവും നിർ‍വഹിക്കുന്നവനും പ്രവൃത്തികളിൽ സമചിത്തതയോടെ വ്യാപരിക്കുന്നവനും ഉറക്കവും ഉണർ‍ന്നിരിക്കലും ഉചിതമായ അളവിൽ നിർ‍വഹിക്കുന്നവനുമായ യോഗിയ്ക്ക് യോഗം ദുഃഖനാശകമായിത്തീരുന്നു.

ശ്ലോകം 18
യദാ വിനിയതം ചിത്തമാത്മന്യേവാവതിഷ്ഠതേ
നിഃസ്പൃഹഃ സർ‍വ്വകാമേഭ്യോ യുക്ത ഇത്യുച്യതേ തദാ (18)

എപ്പോൾ സ്ഥിരമായിത്തീർ‍ന്ന ചിത്തം സർ‍വകാമങ്ങളിൽ നിന്നും അകന്ന് ആത്മാവിൽ തന്നെ ഉറച്ചുനിൽക്കുന്നുവോ അപ്പോൾ അവൻ യുക്തനെന്നു പറയപ്പെടുന്നു.

ശ്ലോകം 19
യഥാ ദീപോ നിവാതസ്ഥോ നേംഗതേ സോപമാ സ്മൃതാ
യോഗിനോ യതചിത്തസ്യ യുഞ്ജതോ യോഗമാത്മനഃ (19)

കാറ്റില്ലാത്തിടത്ത് സ്ഥിതിചെയ്യുന്ന ദീപത്തിന്റെ നിശ്ചലാവസ്ഥയാണ് ആത്മയോഗം അഭ്യസിക്കുന്ന മനോനിയന്ത്രണമുള്ള യോഗിയുടെ ഉപമയായി സ്മരിക്കപ്പെടുന്നത്.

ശ്ലോകങ്ങൾ 20, 21, 22, 23
യത്രോപരമതേ ചിത്തം നിരുദ്ധം യോഗസേവയാ
യത്ര ചൈവാത്മനാത്മാനം പശ്യന്നാത്മനി തുഷ്യതി (20)
സുഖമാത്യന്തികം യത്തദ് ബുദ്ധിഗ്രാഹ്യമതീന്ദ്രിയം
വേത്തി യത്ര ന ചൈവായം സ്ഥിതശ്ചലതി തത്ത്വതഃ (21)
യം ലബ്ധ്വാ ചാപരം ലാഭം മന്യതേ നാധികം തതഃ
യസ്മിൻസ്ഥിതോ ന ദുഃഖേന ഗുരുണാപി വിചാല്യതേ (22)
തം വിദ്യാദ് ദുഃഖസംയോഗവിയോഗം യോഗസംജ്ഞിതം
സ നിശ്ചയേന യോക്തവ്യോ യോഗോഽനിർ‍വ്വിണ്ണചേതസാ (23)

ഏതവസ്ഥയിൽ നിയന്ത്രിതമായ മനസ്സ് യോഗപരിശീലനത്താൽ സന്തുഷ്ടമായിരിക്കുന്നുവോ, ഏതവസ്ഥയിൽ ആത്മാവിനെ ആത്മാവിൽ ആത്മാവുകൊണ്ടു ദർ‍ശിച്ച് സന്തോഷം കൈകൊള്ളുന്നുവോ, ഏതവസ്ഥയിൽ ബുദ്ധിഗ്രാഹ്യവും ഇന്ദ്രിയാതീതവുമായ ആത്യന്തിക സുഖത്തെ അറിയുന്നുവോ, ഏതവസ്ഥയിൽ സ്ഥിതിചെയ്യുമ്പോൾ അവൻ സത്യദർ‍ശനത്തിൽ നിന്നും വിചലിക്കുന്നില്ലയോ, ഏതൊന്ന് ലഭിച്ചിട്ട് മറ്റോരുലാഭത്തെ അതിൽ കവിഞ്ഞതായി ഗണിക്കുന്നില്ലയോ, എതോരവസ്ഥയിൽ സ്ഥിതനായാൽ വലിയ ദുഃഖത്താൽ പോലും ക്ഷോഭമേൽക്കുന്നി ല്ലയോ അതാണ് ദുഃഖസ്പർ‍ശമില്ലാത്ത യോഗമെന്ന് അറിയണം. തളരാത്ത മനസ്സോടെ സ്ഥിരനിശ്ചയത്തോടുകൂടി ആ യോഗം അഭ്യസിക്കണം.

ശ്ലോകങ്ങൾ 24, 25
സങ്കല്പപ്രഭവാൻകാമാംസ്ത്യക്ത്വാ സർ‍വ്വാനശേഷതഃ
മനസൈവേന്ദ്രിയഗ്രാമം വിനിയമ്യ സമന്തതഃ (24)
ശനൈഃ ശനൈരുപരമേദ് ബുദ്ധ്യാ ധൃതിഗൃഹീതയാ
ആത്മസംസ്ഥം മനഃ കൃത്വാ ന കിഞ്ചിദപി ചിന്തയേത് (25)

സങ്കൽപജനിതങ്ങളായ എല്ലാ കാമങ്ങളും പൂർ‍ണമായി ത്യജിച്ച് മനസ്സുകൊണ്ട് തന്നെ ഇന്ദ്രിയങ്ങളെ എല്ലായിടത്തുനിന്നും നിയന്ത്രിച്ച് ഒതുക്കി ക്രമേണ ധൈര്യം തികഞ്ഞ ബുദ്ധിയോടുകൂടി വർ‍ത്തിക്കണം. മനസ്സ് ആത്മാവിലുറപ്പിച്ച് മറ്റൊന്നും ചിന്തിക്കാതെയിരിക്കണം.

ശ്ലോകം 26
യതോ യതോ നിശ്ചരതി മനശ്ചഞ്ചലമസ്ഥിരം
തതസ്തതോ നിയമ്യൈതദാത്മന്യേവ വശം നയേത് (26)

ചഞ്ചലവും അസ്ഥിരവുമായ മനസ്സ് എവിടെയൊക്കെ ചെല്ലുന്നുവോ അവിടെ നിന്നെല്ലാം അതിനെ പിൻവലിച്ച് ആത്മാവിൽ തന്നെ ഉറപ്പിക്കണം.

ശ്ലോകം 27
പ്രശാന്തമനസം ഹ്യേനം യോഗിനം സുഖമുത്തമം
ഉപൈതി ശാന്തരജസം ബ്രഹ്മഭൂതമകല്മഷം (27)

ഇളക്കമറ്റ മനസ്സോടുകൂടിയവനും രജോഗുണമടങ്ങിയവനും നിഷ്പാപനും ബ്രഹ്മതാദാത്മ്യം പ്രാപിച്ചവനുമായ ഈ യോഗി ഉത്തമമായ സുഖത്തെ പ്രാപിക്കുന്നു.

ശ്ലോകം 28
യുഞ്ജന്നേവം സദാത്മാനം യോഗീ വിഗതകല്മഷഃ
സുഖേന ബ്രഹ്മസംസ്പർ‍ശമത്യന്തം സുഖമശ്നുതേ (28)

ഇപ്രകാരം എപ്പോഴും യോഗമഭ്യസിക്കുന്നവനും പാപമറ്റവനുമായ യോഗി നിഷ്പ്രയാസം ആത്യന്തികമായ ബ്രഹ്മാനന്ദം അനുഭവിക്കുന്നു.

ശ്ലോകം 29
സർ‍വ്വഭൂതസ്ഥമാത്മാനം സർ‍വ്വഭൂതാനി ചാത്മനി
ഈക്ഷതേ യോഗയുക്താത്മാ സർ‍വ്വത്ര സമദർ‍ശനഃ (29)

യോഗത്തിൽ ഉറച്ച മനസോടുകൂടിയവനും എല്ലായിടത്തും സമദൃഷ്ടിയുള്ളവനുമായ യോഗി തന്നെ എല്ലാ പ്രാണികളിലും, എല്ലാ പ്രാണികളെയും തന്നിൽ തന്നെയും ദർ‍ശിക്കുന്നു.

ശ്ലോകം 30
യോ മാം പശ്യതി സർ‍വ്വത്ര സർ‍വ്വം ച മയി പശ്യതി
തസ്യാഹം ന പ്രണശ്യാമി സ ച മേ ന പ്രണശ്യതി (30)

യാതോരുത്തൻ എന്നെ എല്ലായിടത്തും കാണുകയും എല്ലാത്തിനെയും എന്നിലും കാണുകയും ചെയ്യുന്നുവോ അവൻ അന്നിൽ നിന്നും, ഞാൻ അവനിൽ നിന്നും ഒരിക്കലും പിരിയുന്നില്ല.

ശ്ലോകം 31
സർ‍വ്വഭൂതസ്ഥിതം യോ മാം ഭജത്യേകത്വമാസ്ഥിതഃ
സർ‍വ്വഥാ വർ‍തമാനോഽപി സ യോഗീ മയി വർ‍തതേ (31)

ഏതൊരുവൻ ഏകത്വബോധം നേടി എല്ലാ ജീവജാലങ്ങളിലും വ്യാപിച്ചിരിക്കുന്ന എന്നെ ഭജിക്കുന്നുവോ, ആ യോഗി എങ്ങനെയെല്ലാം ഇരുന്നാലും എന്നിൽതന്നെ വർ‍ത്തിക്കുന്നു.

ശ്ലോകം 32
ആത്മൌപമ്യേന സർ‍വ്വത്ര സമം പശ്യതി യോഽർ‍ജുന
സുഖം വാ യദി വാ ദുഃഖം സ യോഗീ പരമോ മതഃ (32)

ഹേ അർ‍ജുനാ, എല്ലാവരിലുമുള്ള സുഖമായാലും ദുഖമായാലും തന്റെതിനോപ്പമായി കാണുന്ന യോഗി ഏറ്റവും ശ്രേഷ്ഠനാണെ ന്നതാണ് എന്റെ അഭിപ്രായം.

ശ്ലോകം 33

അർ‍ജുന ഉവാച

യോഽയം യോഗസ്ത്വയാ പ്രോക്തഃ സാമ്യേന മധുസൂദന
ഏതസ്യാഹം ന പശ്യാമി ചഞ്ചലത്വാത്സ്ഥിതിം സ്ഥിരാം (33)

അർ‍ജുനൻ പറഞ്ഞു: ഹേ മധുസൂദനാ, സമചിത്തതാ ലക്ഷണമായി ഏതൊരു യോഗമാണോ അങ്ങ് പറഞ്ഞത്, എന്റെ മനസിന്റെ ചാഞ്ചല്യം നിമിത്തം അതിനു സുസ്ഥിരമായ നിലനിൽപ്പ്‌ ഞാൻ കാണുന്നില്ല.

ശ്ലോകം 34
ചഞ്ചലം ഹി മനഃ കൃഷ്ണ പ്രമാഥി ബലവദ് ദൃഢം
തസ്യാഹം നിഗ്രഹം മന്യേ വായോരിവ സുദുഷ്കരം (34)

എന്തെന്നാൽ ഹേ കൃഷ്ണാ, മനസ്സ് ചഞ്ചലവും ക്ഷുബ്ധവും നിയന്ത്രണ ത്തിനു വഴങ്ങാത്തതും അയവില്ലാത്തതുമാണ്. അതിന്റെ നിയന്ത്രണം വായുവിന്റെതെന്നപോലെ ദുഷ്ക്കരമായി ഞാൻ കരുതുന്നു.

ശ്ലോകം 35

ശ്രീഭഗവാനുവാച

അസംശയം മഹാബാഹോ മനോ ദുർ‍നിഗ്രഹം ചലം
അഭ്യാസേന തു കൌന്തേയ വൈരാഗ്യേണ ച ഗൃഹ്യതേ (35)

ശ്രീ ഭഗവാൻ പറഞ്ഞു: ഹേ മഹാബാഹോ, നിസംശയമായും മനസ്സ് നിയന്ത്രിക്കാൻ വിഷമമുള്ളതും ചഞ്ചലവുമാണ്. എന്നാൽ കുന്തീപുത്രാ, അഭ്യാസം കൊണ്ടും, വൈരാഗ്യം കൊണ്ടും അത് നിയന്ത്രണവിധേയമാക്കപ്പെടുന്നു.

ശ്ലോകം 36
അസംയതാത്മനാ യോഗോ ദുഷ്പ്രാപ ഇതി മേ മതിഃ
വശ്യാത്മനാ തു യതതാ ശക്യോഽവാപ്തുമുപായതഃ (36)

വൈരാഗ്യം കൊണ്ടു മനസ്സിനെ നിയന്ത്രിക്കാനാവാത്തവനു യോഗസിദ്ധി ലഭിക്കാൻ വിഷമമാണ് എന്നാണു എന്റെ അഭിപ്രായം. എന്നാൽ നിയന്ത്രിതചിത്തനു ശരിയായ ഉപായമനുസരിച്ച് യത്നിച്ചാൽ യോഗപ്രാപ്തി സാധ്യവുമാണ്‌.

ശ്ലോകം 37

അർ‍ജുന ഉവാച

അയതിഃ ശ്രദ്ധയോപേതോ യോഗാച്ചലിതമാനസഃ
അപ്രാപ്യ യോഗസംസിദ്ധിം കാം ഗതിം കൃഷ്ണ ഗച്ഛതി (37)

അർ‍ജുനൻ ചോദിച്ചു: കൃഷ്ണാ, ശ്രദ്ധയോടെ ശ്രമിച്ചിട്ടും യോഗ പരിശീലനത്തിൽ മനസ്സുറക്കാതെ യോഗിയായി കഴിഞ്ഞിട്ടില്ലാ ത്തവൻ യോഗലക്ഷ്യം നേടാതെ ഏത് ഗതിയെ പ്രാപിക്കും.

ശ്ലോകം 38
കച്ചിന്നോഭയവിഭ്രഷ്ടശ്ഛിന്നാഭ്രമിവ നശ്യതി
അപ്രതിഷ്ഠോ മഹാബാഹോ വിമൂഢോ ബ്രഹ്മണഃ പഥി (38)

ഹേ മഹാബാഹോ, ബ്രഹ്മമാ‍ർ‍ഗ്ഗത്തിൽ നിന്ന്‌ തെറ്റി എങ്ങുമുറയ്ക്കാതെ ലൌകികമാർ‍ഗം, യോഗമാർ‍ഗം ഈ രണ്ടിലും സ്ഥാനമില്ലാതെ ഛിന്നഭിന്നമായ മേഘം പോലെ അവൻ നശിക്കുകയില്ലേ?

ശ്ലോകം 39
ഏതന്മേ സംശയം കൃഷ്ണ ഛേത്തുമർ‍ഹസ്യശേഷതഃ
ത്വദന്യഃ സംശയസ്യാസ്യ ഛേത്താ ന ഹ്യുപപദ്യതേ (39)

ഹേ കൃഷ്ണാ, എന്റെ ഈ സംശയത്തെ നിഃശേഷം അങ്ങു തീർ‍ത്തുതരേണ്ടതാണ്. ഈ സംശയം പരിഹരിക്കാൻ അങ്ങല്ലാതെ മറ്റൊരാൾ യോഗ്യനായില്ല.

ശ്ലോകം 40

ശ്രീഭഗവാനുവാച

പാർ‍ഥ നൈവേഹ നാമുത്ര വിനാശസ്തസ്യ വിദ്യതേ
ന ഹി കല്യാണകൃത്കശ്ചിദ് ദുർ‍ഗതിം താത ഗച്ഛതി (40)

ശ്രീ ഭഗവാൻ പറഞ്ഞു: ഹേ പാർ‍ത്ഥ, അവനു ഈ ലോകത്തിൽ വിനാശം ഇല്ല തന്നെ; പരലോകത്തുമില്ല. കുഞ്ഞേ, നല്ലത് ചെയ്യുന്ന ഒരുവൻ ഒരിക്കലും ദുർ‍ഗതി പ്രാപിക്കുന്നില്ല.

ശ്ലോകം 41
പ്രാപ്യ പുണ്യകൃതാം ലോകാനുഷിത്വാ ശാശ്വതീഃ സമാഃ
ശുചീനാം ശ്രീമതാം ഗേഹേ യോഗഭ്രഷ്ടോഽഭിജായതേ (41)

യോഗസിദ്ധി നേടാത്തവൻ പുണ്യവാൻമാരുടെ ലോകത്തിൽച്ചെന്നു ദീർ‍ഘകാലം വാണിട്ടു ശുദ്ധമനസ്ക്കരും ഐശ്വര്യയുക്തരുമായവരുടെ കുടുംബത്തിൽ ജനിക്കുന്നു.

ശ്ലോകം 42
അഥവാ യോഗിനാമേവ കുലേ ഭവതി ധീമതാം
ഏതദ്ധി ദുർ‍ലഭതരം ലോകേ ജന്മ യദീദൃശം (42)

അല്ലെങ്കിൽ ബുദ്ധിമാന്മാരായ യോഗികളുടെ കുലത്തിൽ തന്നെ ജനിക്കുന്നു. ലോകത്തിൽ ഇങ്ങിനെയുള്ള ജന്മം ലഭിക്കാൻ അത്യന്തം പ്രയാസമാണ്.

ശ്ലോകം 43
തത്ര തം ബുദ്ധിസംയോഗം ലഭതേ പൌർവദേഹികം
യതതേ ച തതോ ഭൂയഃ സംസിദ്ധൌ കുരുനന്ദന (43)

കുരുവംശജനായ അർ‍ജുനാ, ഈ ജന്മത്തിൽ മുജ്ജന്മത്തിലെ സംസ്കാരം ലഭിക്കുന്നു. അതുകൊണ്ട് വീണ്ടും യോഗസിദ്ധിക്കായി യത്നിക്കുകയും ചെയ്യുന്നു.

ശ്ലോകം 44
പൂർ‍വ്വാഭ്യാസേന തേനൈവ ഹ്രിയതേ ഹ്യവശോഽപി സഃ
ജിജ്ഞാസുരപി യോഗസ്യ ശബ്ദബ്രഹ്മാതിവർ‍തതേ (44)

മുജ്ജന്മത്തിലെ ആ അഭ്യാസം കൊണ്ടുമാത്രം താൻ അറിയാതെയാണെങ്കിലും അവൻ യോഗസാധനയിലേക്ക് നയിക്കപ്പെടുന്നു. യോഗരഹസ്യമറിയാൻ ആഗ്രഹിക്കുന്നവൻ പോലും ശബ്ദബ്രഹ്മത്തെ (വൈദികകർ‍മ്മാനുഷ്ഠാനങ്ങളെ) അതിക്രമി ക്കുന്നുണ്ട്.

ശ്ലോകം 45
പ്രയത്നാദ്യതമാനസ്തു യോഗീ സംശുദ്ധകില്ബിഷഃ
അനേകജന്മസംസിദ്ധസ്തതോ യാതി പരാം ഗതിം (45)

തീവ്രമായി പരിശ്രമിക്കുന്ന യോഗിയാകട്ടെ പാപം നീങ്ങി അതിനുശേഷം അനേകജന്മങ്ങൾ കൊണ്ടു സിദ്ധനായി പിന്നീട് പരമമായ ഗതിയെ പ്രാപിക്കുന്നു.

ശ്ലോകം 46
തപസ്വിഭ്യോഽധികോ യോഗീ ജ്ഞാനിഭ്യോഽപി മതോഽധികഃ
കർ‍മിഭ്യശ്ചാധികോ യോഗീ തസ്മാദ്യോഗീ ഭവാർ‍ജുന (46)

ക‍ർ‍മ്മയോഗി തപസ്വികളെക്കാൾ ശ്രേഷ്ഠനാണ്. അയാൾ ജ്ഞാനികളേക്കാളും ശ്രേഷ്ഠനാണെന്നാണ് എന്റെ പക്ഷം. യോഗി കാമ്യക‍ർ‍മ്മങ്ങൾ അനുഷ്ഠിക്കുന്നവരേക്കാളും ശ്രേഷ്ഠനാണ്. അതുകൊണ്ട് അർ‍ജുനാ, നീ യോഗിയായിത്തീരുക.

ശ്ലോകം 47
യോഗിനാമപി സർ‍വ്വേഷാം മദ്ഗതേനാന്തരാത്മനാ
ശ്രദ്ധാവാൻഭജതേ യോ മാം സ മേ യുക്തതമോ മതഃ (47)

സകല യോഗികളിലും വച്ച് എന്നിൽ ഉറച്ച മനസോടെ ശ്രദ്ധാപൂർ‍ണനായി ആരെന്നെ ഭജിക്കുന്നുവോ അവനാണ് എന്റെ അഭിപ്രായത്തിൽ അത്യന്തം ശ്രേഷ്ഠ‍ൻ‍!

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ ധ്യാനയോഗോ നാമ ഷഷ്ഠോദ്ധ്യായഃ സമാപ്തഃ

ജ്ഞാനവിജ്ഞാനയോഗഃ (അദ്ധ്യായം 7 - 30 ശ്ലോകങ്ങൾ)

ഏഴാം അദ്ധ്യായം കേൾക്കാം

ഏഴാം അദ്ധ്യായം: ജ്ഞാനവിജ്ഞാനയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

ശ്രീഭഗവാനുവാച

ശ്ലോകം 01
മയ്യാസക്തമനാഃ പാർ‍ഥ യോഗം യുഞ്ജന്മദാശ്രയഃ
അസംശയം സമഗ്രം മാം യഥാ ജ്ഞാസ്യസി തച്ഛൃണു (1)

ശ്രീ ഭഗവാൻ പറഞ്ഞു: ഹേ പാർ‍ത്ഥ, എന്നിൽ ആസക്തചിത്തനായി എന്നെ ആശ്രയിച്ച് യോഗം അഭ്യസിച്ച് എങ്ങനെ എന്നെ നിസ്സംശയമായും പൂർ‍ണമായും നീ അറിയുമോ ആ വിധം കേട്ടുകൊള്ളുക.

ശ്ലോകം 02
ജ്ഞാനം തേഽഹം സവിജ്ഞാനമിദം വക്ഷ്യാമ്യശേഷതഃ
യജ്ജ്ഞാത്വാ നേഹ ഭൂയോഽന്യജ്ജ്ഞാതവ്യമവശിഷ്യതേ (2)

യാതോന്നറിഞ്ഞാൽ പിന്നെ അറിയേണ്ടതായി മറ്റൊന്നും ഈ ലോകത്തിൽ അവശേഷിക്കയില്ലയോ ആ ജ്ഞാനം വിജ്ഞാനത്തോടുകൂടി ഞാൻ പൂർ‍ണമായി നിനക്കിതാ ഉപദേശിക്കാൻ പോകുന്നു.

ശ്ലോകം 03
മനുഷ്യാണാം സഹസ്രേഷു കശ്ചിദ്യതതി സിദ്ധയേ
യതതാമപി സിദ്ധാനാം കശ്ചിന്മാം വേത്തി തത്ത്വതഃ (3)

അനേകായിരം മനുഷ്യരിൽ ഒരാൾ മാത്രമേ ജ്ഞാനസിദ്ധിക്കായി യത്നിക്കുന്നുള്ളൂ. യത്നിക്കുന്നവരിൽത്തന്നെ ആരെങ്കിലും ഒരാൾ മാത്രമേ എന്നെ ഉള്ളവണ്ണം അറിയുന്നുള്ളൂ.

ശ്ലോകം 04
ഭൂമിരാപോഽനലോ വായുഃ ഖം മനോ ബുദ്ധിരേവ ച
അഹംകാര ഇതീയം മേ ഭിന്നാ പ്രകൃതിരഷ്ടധാ (4)

ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ എന്റെ പ്രകൃതി എട്ടായി വേർ‍തിരിഞ്ഞിരിക്കുന്നു.

ശ്ലോകം 05
അപരേയമിതസ്ത്വന്യാം പ്രകൃതിം വിദ്ധി മേ പരാം
ജീവഭൂതാം മഹാബാഹോ യയേദം ധാര്യതേ ജഗത് (5)

മഹാബാഹോ, ഇപ്പറഞ്ഞത്‌ അപരാപ്രകൃതിയാണ്. എന്നാൽ ഇതിൽനിന്നു ഭിന്നവും ഈ ജഗത്തിനെ ധരിക്കുന്നതും ജീവസ്വരൂപവുമായ എന്റെ പരാപ്രകൃതിയെയും നീ അറിയുക.

ശ്ലോകം 06
ഏതദ്യോനീനി ഭൂതാനി സർ‍വ്വാണീത്യുപധാരയ
അഹം കൃത്സ്നസ്യ ജഗതഃ പ്രഭവഃ പ്രലയസ്തഥാ (6)

എല്ലാ ഭൂതങ്ങളും ഇവയിൽനിന്നുണ്ടാകുന്നവയാണ് എന്ന് ധരിക്കുക. അങ്ങനെ ഞാൻ ലോകത്തിന്റെ മുഴുവൻ ഉത്ഭവസ്ഥാനവും നാശകാരണവുമാണ്.

ശ്ലോകം 07
മത്തഃ പരതരം നാന്യത്കിഞ്ചിദസ്തി ധനഞ്ജയ
മയി സർ‍വ്വമിദം പ്രോതം സൂത്രേ മണിഗണാ ഇവ (7)

ഹേ ധനഞ്ജയാ, എന്നിൽ നിന്ന് അന്യമായി ഒന്നും ഇല്ല. ഇതെല്ലാം ചരടിൽ രത്നങ്ങളെന്നപോലെ എന്നിൽ കോർ‍ക്കപ്പെട്ടിരിക്കുന്നു.

ശ്ലോകം 08
രസോഽഹമപ്സു കൌന്തേയ പ്രഭാസ്മി ശശിസൂര്യയോഃ
പ്രണവഃ സർ‍വ്വവേദേഷു ശബ്ദഃ ഖേ പൌരുഷം നൃഷു (8)

ഹേ കൌന്തേയ, ഞാൻ ജലത്തിലെ രസമാകുന്നു. ചന്ദ്രസൂര്യൻമാരിലെ ശോഭയാകുന്നു. വേദമന്ത്രങ്ങളിൽ പ്രണവമാകുന്നു. ആകാശത്തിലെ ശബ്ദമാകുന്നു. മനുഷ്യരിലെ പൗരുഷവുമാകുന്നു.

ശ്ലോകം 09
പുണ്യോ ഗന്ധഃ പൃഥിവ്യാം ച തേജശ്ചാസ്മി വിഭാവസൌ
ജീവനം സർ‍വ്വഭൂതേഷു തപശ്ചാസ്മി തപസ്വിഷു (9)

ഭൂമിയിലെ പുണ്യമായ ഗന്ധവും അഗ്നിയിലെ തേജസും ഞാനാണ്. എല്ലാ ജീവികളിലെയും ജീവശക്തിയും തപസ്വികളിലെ തപസ്സും ഞാൻ തന്നെ ആകുന്നു.

ശ്ലോകം 10
ബീജം മാം സർ‍വ്വഭൂതാനാം വിദ്ധി പാർ‍ഥ സനാതനം
ബുദ്ധിർ‍ബുദ്ധിമതാമസ്മി തേജസ്തേജസ്വിനാമഹം (10)

ഹേ പാർ‍ത്ഥ, എല്ലാ ഭൂതങ്ങളുടെയും ശാശ്വതമായ ബീജമായി എന്നെ അറിയുക. ബുദ്ധിമാൻമാരുടെ ബുദ്ധി ഞാനാണ്. തേജസ്വികളുടെ തേജസ്സും ഞാനാകുന്നു.

ശ്ലോകം 11
ബലം ബലവതാം ചാഹം കാമരാഗവിവർ‍ജിതം
ധർ‍മാവിരുദ്ധോ ഭൂതേഷു കാമോഽസ്മി ഭരതർ‍ഷഭ (11)

ഹേ ഭാരതശ്രേഷ്ഠ, ബലവാൻമാരുടെ കാമരാഗരഹിതമായ ബലം ഞാനാണ്. ഭൂതങ്ങളിൽ ധ‍ർ‍മ്മവിരുദ്ധമല്ലാത്ത കാമവും ഞാൻ തന്നെ.

ശ്ലോകം 12
യേ ചൈവ സാത്ത്വികാ ഭാവാ രാജസാസ്താമസാശ്ച യേ
മത്ത ഏവേതി താന്വിദ്ധി ന ത്വഹം തേഷു തേ മയി (12)

ഏതൊക്കെയാണോ സാത്വികഭാവങ്ങൾ ഏതൊക്കെയാണോ രാജസങ്ങളും താമസങ്ങളുമായ ഭാവങ്ങൾ അവയെല്ലാം എന്നിൽനിന്ന് ഉത്ഭവിച്ചവ തന്നെയെന്നറിയുക. ഞാൻ അവയിലല്ല എന്നാൽ അവ എന്നിലാണ്.

ശ്ലോകം 13
ത്രിഭിർ‍ഗുണമയൈർ‍ഭവൈരേഭിഃ സർ‍വ്വമിദം ജഗത്
മോഹിതം നാഭിജാനാതി മാമേഭ്യഃ പരമവ്യയം (13)

ഈ ലോകം മുഴുവൻ ഗുണമയങ്ങളായ ഈ മൂന്നു ഭാവങ്ങളാലും മോഹിതമായിത്തീരുന്നു. ഇവയ്ക്കപ്പുറത്തുള്ള നിത്യനായ എന്നെ ഈ ജഗത്ത് അറിയുന്നില്ല.

ശ്ലോകം 14
ദൈവീ ഹ്യേഷാ ഗുണമയീ മമ മായാ ദുരത്യയാ
മാമേവ യേ പ്രപദ്യന്തേ മായാമേതാം തരന്തി തേ (14)

എന്തുകൊണ്ടെന്നാൽ അമാനുഷികവും, ത്രിഗുണങ്ങൾ ചേർ‍ന്നതും ആയ എന്റെ ഈ മായ തരണം ചെയ്യാൻ പ്രയാസമുള്ളതാണ്. ആരാണോ എന്നെ തന്നെ ശരണം പ്രാപിക്കുന്നത് അവർ‍ ഈ മായയെ തരണം ചെയ്യുന്നു.

ശ്ലോകം 15
ന മാം ദുഷ്കൃതിനോ മൂഢാഃ പ്രപദ്യന്തേ നരാധമാഃ
മായയാപഹൃതജ്ഞാനാ ആസുരം ഭാവമാശ്രിതാഃ (15)

പാപികളും മൂഡൻമാരുമായ മനുഷ്യാധമൻമാർ‍ മായയാൽ ജ്ഞാനം നശിച്ചവരും ആസുരഭാവം പൂണ്ടവരുമാകയാൽ എന്നെ ഭജിക്കുന്നില്ല.

ശ്ലോകം 16
ചതുർ‍വ്വിധാ ഭജന്തേ മാം ജനാഃ സുകൃതിനോഽർ‍ജുന
ആർ‍ത്തോ ജിജ്ഞാസുരർ‍ഥാർ‍ഥീ ജ്ഞാനീ ച ഭരതർ‍ഷഭ (16)

ഹേ ഭരതശ്രേഷ്ഠനായ അർ‍ജുനാ, നാലു തരക്കാരായ പുണ്യവാന്മാർ‍ എന്നെ ഭജിക്കുന്നു. ആർ‍ത്തനും, ജിജ്ഞാസുവും (ജ്ഞാനമാഗ്രഹി ക്കുന്നവനും), അർ‍ഥാർ‍ഥിയും (കാര്യലാഭം ആഗ്രഹിക്കുന്നവനും), ജ്ഞാനിയും.

ശ്ലോകം 17
തേഷാം ജ്ഞാനീ നിത്യയുക്ത ഏകഭക്തിർ‍വിശിഷ്യതേ
പ്രിയോ ഹി ജ്ഞാനിനോഽത്യർ‍ഥമഹം സ ച മമ പ്രിയഃ (17)

ആ നാലുതരം ഭക്തൻമാരിൽ എപ്പോഴും യോഗനിഷ്ടനും ഭക്തിക്കൊഴിച്ച് മറ്റൊന്നിനും മനസ്സിൽ സ്ഥാനമില്ലാത്തവനുമായ ജ്ഞാനിയാണ്‌ വിശിഷ്ഠനായിരിക്കുന്നത്. എന്തുകൊണ്ടെന്നാൽ ജ്ഞാനികൾക്കു ഞാൻ അത്യധികം പ്രിയനാണ്. അവൻ എനിക്കും പ്രിയനാണ്.

ശ്ലോകം 18
ഉദാരാഃ സ‍വ്വ ഏവൈതേ ജ്ഞാനീ ത്വാത്മൈവ മേ മതം
ആസ്ഥിതഃ സ ഹി യുക്താത്മാ മാമേവാനുത്തമാം ഗതിം (18)

അവരെല്ലാവരും ഉദാരൻമാർ‍ തന്നെയാണ്. എന്നാൽ ജ്ഞാനി ആത്മസ്വരൂപൻ തന്നെ എന്നാണു എന്റെ അഭിപ്രായം. അവൻ എന്നിൽ തന്നെ ഏകാഗ്രചിത്തനായി എന്നെത്തന്നെ പരമലക്ഷ്യമായി കരുതി ആശ്രയിച്ചിരിക്കുന്നു.

ശ്ലോകം 19
ബഹൂനാം ജന്മനാമന്തേ ജ്ഞാനവാന്മാം പ്രപദ്യതേ
വാസുദേവഃ സർ‍വ്വമിതി സ മഹാത്മാ സുദുർ‍ലഭഃ (19)

വളരെ ജന്മം കഴിഞ്ഞ് ജ്ഞാനി എന്നെ പ്രാപിക്കുന്നു. എല്ലാം വാസുദേവൻ തന്നെ എന്നുറച്ച ആ മഹാത്മാവ് അത്യന്തം ദുർ‍ല്ലഭനാണ്.

ശ്ലോകം 20
കാമൈസ്തൈസ്തൈർ‍ഹൃതജ്ഞാനാഃ പ്രപദ്യന്തേഽന്യദേവതാഃ
തം തം നിയമമാസ്ഥായ പ്രകൃത്യാ നിയതാഃ സ്വയാ (20)

തങ്ങളുടെ സ്വഭാവത്താൽ സ്വയം നിയന്ത്രിതരായി അതാതു ആഗ്രഹങ്ങൾക്കധീനമായ ബുദ്ധിയോടു കൂടിയവർ‍ അന്യദേവതകളെ അതാതു നിയമങ്ങൾ അനുഷ്ഠിച്ചു ഭജിക്കുന്നു.

ശ്ലോകം 21
യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാർ‍ചിതുമിച്ഛതി
തസ്യ തസ്യാചലാം ശ്രദ്ധാം താമേവ വിദധാമ്യഹം (21)

ഏതേതു ഭക്തൻ ഏതേതു ദേവതാ സ്വരൂപത്തെ ശ്രദ്ധയോടെ അർ‍ച്ചിക്കാനാഗ്രഹിക്കുന്നുവോ അവരുടെയെല്ലാം ആ ശ്രദ്ധയെ തന്നെ ഞാൻ ഇളക്കമറ്റതാക്കുന്നു.

ശ്ലോകം 22
സ തയാ ശ്രദ്ധയാ യുക്തസ്തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാന്മയൈവ വിഹിതാൻ ഹി താൻ (22)

അവൻ ആ ശ്രദ്ധയോടെ ആ ദേവന്റെ ആരാധന നടത്തുന്നു. അതിൽനിന്നു ഞാൻ തന്നെ നല്കുന്ന അതാതു കാമങ്ങൾ ആർ‍ജിക്കുകയും ചെയ്യുന്നു.

ശ്ലോകം 23
അന്തവത്തു ഫലം തേഷാം തദ്ഭവത്യല്പമേധസാം
ദേവാന്ദേവയജോ യാന്തി മദ്ഭക്താ യാന്തി മാമപി (23)

എന്നാൽ അല്പബുദ്ധികളായ അവർ‍ക്കു സിദ്ധിക്കുന്ന ആ ഫലം നശിച്ചുപോകുന്നതാണ്. ദേവാരാധകർ‍ ദേവൻമാരെ പ്രാപിക്കുന്നു. എന്റെ ഭക്തൻമാർ‍ എന്നെയും പ്രാപിക്കുന്നു.

ശ്ലോകം 24
അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം (24)

എന്റെ അവ്യയവും അനുത്തമവും തമോഗുണസ്പർ‍ശമില്ലാത്തതുമായ സർ‍വാതീതഭാവത്തെ അറിയാതെ അവ്യക്തനായ എന്നെ വ്യക്തിത്വം പ്രാപിച്ചവനെന്നു ബുദ്ധിഹീനർ‍ വിചാരിക്കുന്നു.

ശ്ലോകം 25
നാഹം പ്രകാശഃ സർ‍വ്വസ്യ യോഗമായാസമാവൃതഃ
മൂഢോഽയം നാഭിജാനാതി ലോകോ മാമജമവ്യയം (25)

യോഗമായയാൽ സമാവൃതനായ ഞാൻ എല്ലാവർ‍ക്കും പ്രത്യക്ഷനല്ല. ഈ മൂഢമായ ലോകം എന്നെ ജന്മരഹിതനും നാശമറ്റവനുമായി അറിയുന്നില്ല.

ശ്ലോകം 26
വേദാഹം സമതീതാനി വർ‍തമാനാനി ചാർ‍ജുന
ഭവിഷ്യാണി ച ഭൂതാനി മാം തു വേദ ന കശ്ചന (26)

ഹേ അർ‍ജുനാ, കഴിഞ്ഞതും ഇപ്പോഴുള്ളതും ഇനിയുണ്ടാകുന്നതുമായ ജീലജാലങ്ങളെയും ഞാനറിയുന്നു. എന്നാൽ എന്നെയാകട്ടെ ഒരുത്തരും അറിയുന്നില്ല.

ശ്ലോകം 27
ഇച്ഛാദ്വേഷസമുത്ഥേന ദ്വന്ദ്വമോഹേന ഭാരത
സർ‍വ്വഭൂതാനി സമ്മോഹം സർ‍ഗേ യാന്തി പരന്തപ (27)

ഹേ ശത്രുധ്വംസകനായ ഭരതവംശജാ, ഇച്ഛാ, ദ്വേഷം എന്നിവയിൽനിന്നുണ്ടാകുന്ന ദ്വന്ദ്വമോഹത്താൽ സർ‍വഭൂതങ്ങളും സൃഷ്ടിഗതിയിൽ മോഹം പ്രാപിക്കുന്നു.

ശ്ലോകം 28
യേഷാം ത്വന്തഗതം പാപം ജനാനാം പുണ്യകർ‍മണാം
തേ ദ്വന്ദ്വമോഹനിർ‍മുക്താ ഭജന്തേ മാം ദൃഢവ്രതാഃ (28)

എന്നാൽ പുണ്യചരിതന്മാരും പാപം നിശ്ശേഷം നശിച്ചിട്ടുള്ളവരുമായ ജനങ്ങൾ ദ്വന്ദ്വമോഹമകന്നു ദൃഡവൃതരായി എന്നെ ഭജിക്കുന്നു.

ശ്ലോകം 29
ജരാമരണമോക്ഷായ മാമാശ്രിത്യ യതന്തി യേ
തേ ബ്രഹ്മ തദ്വിദുഃ കൃത്സ്നമധ്യാത്മം കർ‍മ ചാഖിലം (29)

യാതൊരുത്തൻ ജരാമരണങ്ങളിൽനിന്നും മുക്തി നേടാൻ എന്നെ ആശ്രയിച്ച് പ്രയത്നിക്കുന്നുവോ അവർ‍ ആ ബ്രഹ്മത്തെയും സമ്പൂർ‍ണമായ അദ്ധ്യാത്മവിദ്യയേയും അഖിലക‍ർ‍മ്മത്തെയും അറിയുന്നു.

ശ്ലോകം 30
സാധിഭൂതാധിദൈവം മാം സാധിയജ്ഞം ച യേ വിദുഃ
പ്രയാണകാലേഽപി ച മാം തേ വിദുര്യുക്തചേതസഃ (30)

അധിഭൂതത്തോടും അധിദൈവത്തോടും അധിയജ്ഞത്തോടും കൂടിയവനായി എന്നെ ആരറിയുന്നുവോ അവർ‍ മരണസമയത്തും യോഗയുക്തചിത്തരായി എന്നെ സാക്ഷാത്കരിക്കുന്നു.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ ജ്ഞാനവിജ്ഞാനയോഗോ നാമ സപ്തമോദ്ധ്യായഃ

അക്ഷരബ്രഹ്മയോഗഃ (അദ്ധ്യായം 8 - 28 ശ്ലോകങ്ങൾ)

എട്ടാം അദ്ധ്യായം കേൾക്കാം

എട്ടാം അദ്ധ്യായം: അക്ഷരബ്രഹ്മയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

അർ‍ജുന ഉവാച

ശ്ലോകം 01
കിം തദ് ബ്രഹ്മ കിമധ്യാത്മം കിം കർ‍മ പുരുഷോത്തമ
അധിഭൂതം ച കിം പ്രോക്തമധിദൈവം കിമുച്യതേ (1)

അർ‍ജുനൻ‍ ചോദിച്ചു: ഹേ പുരുഷോത്തമാ, ആ ബ്രഹ്മം എന്താണ്? അധ്യാത്മമെന്താണ്? കർ‍മ്മമെന്താണ്? അധിഭൂതമെന്താണ്? അധിദൈവമെന്നു പറയപ്പെടുന്നതുമെന്താണ്?

ശ്ലോകം 02
അധിയജ്ഞഃ കഥം കോഽത്ര ദേഹേഽസ്മിന്മധുസൂദന
പ്രയാണകാലേ ച കഥം ജ്ഞേയോഽസി നിയതാത്മഭിഃ (2)

ഹേ മധുസൂദനാ, അധിയജ്ഞൻ‍ ആര്? എങ്ങനെയിരിക്കുന്നു? ഇവിടെ ഈ ദേഹത്തിലുണ്ടോ? മരണകാലത്ത് നിയന്ത്രിതചിത്തന്മാരാൽ എങ്ങനെയാണ് അങ്ങ് അറിയപ്പെടുന്നത്?

ശ്ലോകം 03

ശ്രീഭഗവാനുവാച

അക്ഷരം ബ്രഹ്മ പരമം സ്വഭാവോഽധ്യാത്മമുച്യതേ
ഭൂതഭാവോദ്ഭവകരോ വിസർ‍ഗഃ കർ‍മസംജ്ഞിതഃ (3)

ശ്രീ ഭഗവാൻ‍ പറഞ്ഞു: ബ്രഹ്മം സ‍വ്വോത്കൃഷ്ടവും അക്ഷരവും (അനശ്വരവും) ആകുന്നു. അധ്യാത്മം സ്വഭാവമാണെന്ന് പറയപ്പെടുന്നു. സകലജീവജാലങ്ങളും ഉദ്ഭവത്തിന് കാരണമായ വിശിഷ്ടമായ സൃഷ്ടിവ്യാപാരമാണ് ക‍ർ‍മ്മമെന്നറിയപ്പെടുന്നത്.

ശ്ലോകം 04
അധിഭൂതം ക്ഷരോ ഭാവഃ പുരുഷശ്ചാധിദൈവതം
അധിയജ്ഞോഽഹമേവാത്ര ദേഹേ ദേഹഭൃതാം വര (4)

ദേഹധാരികളിൽവച്ച് ശ്രേഷ്ഠനായ അർ‍ജുനാ! അധിഭൂതം നശ്വരമായ ഭാവമാണ്. അധിദൈവതം പുരുഷനാണ്. ഈ ദേഹത്തിലുള്ള ഞാൻ‍ തന്നെയാണ് അധിയജഞ‍ൻ‍.

ശ്ലോകം 05
അന്തകാലേ ച മാമേവ സ്മരന്മുക്ത്വാ കലേവരം
യഃ പ്രയാതി സ മദ്ഭാവം യാതി നാസ്ത്യത്ര സംശയഃ (5)

മരണസമയത്ത് എന്നെ തന്നെ സ്മരിച്ചുകൊണ്ടു ശരീരം വിട്ടു പോകുന്നവൻ‍ എന്നെ തന്നെ പ്രാപിക്കുമെന്നതിൽ സംശയമില്ല.

ശ്ലോകം 06
യം യം വാപി സ്മരൻ‍ഭാവം ത്യജത്യന്തേ കലേവരം
തം തമേവൈതി കൌന്തേയ സദാ തദ്ഭാവഭാവിതഃ (6)

ഹേ കുന്തി പുത്രാ, ഏതേതു ഭാവം സ്മരിച്ചുകൊണ്ടു ഒടുവിൽ ശരീരം വിടുന്നുവോ എപ്പോഴും തൻ‍മയഭാവമാർ‍ന്നു അതാതുഭാവത്തെത്തന്നെ പ്രാപിക്കുന്നു.

ശ്ലോകം 07
തസ്മാത്സർ‍വ്വേഷു കാലേഷു മാമനുസ്മര യുധ്യ ച
മയ്യർ‍പ്പിതമനോബുദ്ധിർ‍മാമേവൈഷ്യസ്യസംശയഃ (7)

അതുകൊണ്ടു ഏത് കാലത്തും എന്നെ സ്മരിക്കയും യുദ്ധം ചെയ്യുകയും ചെയ്യുക. എന്നിൽ മനസ്സും ബുദ്ധിയും അർ‍പ്പിച്ച നീ എന്നെ തന്നെ നിസ്സംശയമായും പ്രാപിക്കും.

ശ്ലോകം 08
അഭ്യാസയോഗയുക്തേന ചേതസാ നാന്യഗാമിനാ
പരമം പുരുഷം ദിവ്യം യാതി പാർ‍ഥാനുചിന്തയൻ‍ (8)

ഹേ പാർ‍ത്ഥ! നിരന്തരമായ അഭ്യാസം കൊണ്ടു യോഗയുക്തവും മറ്റൊന്നിലേക്ക് പോവാത്തതുമായ മനസ്സോടുകൂടി ധ്യാനിക്കുന്നവൻ‍ ആ ദിവ്യനായ പരമപുരുഷനെ പ്രാപിക്കുന്നു.

ശ്ലോകങ്ങൾ 09, 10
കവിം പുരാണമനുശാസിതാര-
മണോരണീയംസമനുസ്മരേദ്യഃ
സർ‍വ്വസ്യ ധാതാരമചിന്ത്യരൂപ-
മാദിത്യവർ‍ണം തമസഃ പരസ്താത് (9)
പ്രയാണകാലേ മനസാഽചലേന
ഭക്ത്യാ യുക്തോ യോഗബലേന ചൈവ
ഭ്രുവോർ‍മധ്യേ പ്രാണമാവേശ്യ സമ്യക്
സ തം പരം പുരുഷമുപൈതി ദിവ്യം (10)

ഏതൊരുവൻ‍ അഭിജ്ഞനും, പണ്ടേയുള്ളവനും, ജഗന്നിയന്താവും, അണുവിനേക്കാളും സൂക്ഷ്മരൂപനും, എല്ലാത്തിന്റെയും താങ്ങും, മനസ്സുകൊണ്ട് ഗ്രഹിക്കാൻ‍ കഴിയാത്ത രൂപത്തോട് കൂടിയവനും, അജ്ഞാനാന്തകാരത്തിൽനിന്നകന്ന് ആദിത്യനെപ്പോലെ ഉജ്ജ്വലിക്കുന്നവനുമായ പുരുഷനെ മരണസമയത്ത് ഇളക്കമറ്റ മനസ്സോടെ ഭക്തിയോടും യോഗബലത്തോടും കൂടി ഭ്രൂമധ്യത്തിൽ പ്രാണവായുവിനെ വേണ്ടവണ്ണം ആവേശിപ്പിച്ച് അനുസ്മരിക്കുന്നുവോ അവൻ‍ ദിവ്യനായ ആ പരമപുരുഷനെത്തന്നെ പ്രാപിക്കുന്നു.

ശ്ലോകം 11
യദക്ഷരം വേദവിദോ വദന്തി
വിശന്തി യദ്യതയോ വീതരാഗാഃ
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേണ പ്രവക്ഷ്യേ (11)

യാതൊന്നിനെ വേദജ്ഞർ‍ അക്ഷരം എന്ന് പറയുന്നുവോ, യാതൊന്നിനെ രാഗഹീനരായ യതികൾ പ്രാപിക്കുന്നുവോ, യാതൊന്നിനെ ആഗ്രഹിക്കുന്നവർ‍ ബ്രഹ്മചര്യമനുഷ്ടിക്കുന്നുവോ ആ പദത്തെ നിനക്കു സംക്ഷിപ്തമായി ഞാൻ‍ പറഞ്ഞു തരാം.

ശ്ലോകങ്ങൾ 12, 13
സർ‍വ്വദ്വാരാണി സംയമ്യ മനോ ഹൃദി നിരുധ്യ ച
മൂർ‍ധ്ന്യാധായാത്മനഃ പ്രാണമാസ്ഥിതോ യോഗധാരണാം (12)
ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരന്മാമനുസ്മരൻ‍
യഃ പ്രയാതി ത്യജന്ദേഹം സ യാതി പരമാം ഗതിം (13)

യാതൊരുവൻ‍ എല്ലാ ഇന്ദ്രിയദ്വാരങ്ങളെയും നിരോധിച്ച് മനസിനെ ഉള്ളിലൊതുക്കി തന്റെ പ്രാണനെ മൂർ‍ദ്ധാവിൽ ഉറപ്പിച്ച്, യോഗനിഷ്ഠയെ പ്രാപിച്ച് ഓം എന്ന എകാക്ഷരമന്ത്രത്തെ ഉച്ചരിച്ച് കൊണ്ടും എന്നെ അനുസ്മരിച്ചു കൊണ്ടും ദേഹം ത്യജിച്ച് പോകുന്നുവോ അവൻ‍ പരമഗതിയെ പ്രാപിക്കുന്നു.

ശ്ലോകം 14
അനന്യചേതാഃ സതതം യോ മാം സ്മരതി നിത്യശഃ
തസ്യാഹം സുലഭഃ പാർ‍ഥ നിത്യയുക്തസ്യ യോഗിനഃ (14)

ഹേ പാർ‍ത്ഥ, എന്നിൽ തന്നെ മനസ്സു ഉറപ്പിച്ച് മറ്റൊന്നുമോർ‍ക്കാതെ എപ്പോഴും യാതൊരുവൻ‍ എന്നെ സ്മരിക്കുന്നുവോ നിത്യമുക്തനായ ആ യോഗിക്ക് ഞാൻ‍ സുലഭനാണ്.

ശ്ലോകം 15
മാമുപേത്യ പുനർ‍ജന്മ ദുഃഖാലയമശാശ്വതം
നാപ്നുവന്തി മഹാത്മാനഃ സംസിദ്ധിം പരമാം ഗതാഃ (15)

എന്നെ പ്രാപിച്ച് പരമമായ സിദ്ധി ലഭിക്കുന്ന മഹാത്മാക്കൾ ദുഃഖത്തിനിരിപ്പിടവും അനിത്യവുമായ ജന്മത്തെ പിന്നെ പ്രാപിക്കുന്നില്ല.

ശ്ലോകം 16
ആബ്രഹ്മഭുവനാല്ലോകാഃ പുനരാവർ‍തിനോഽർ‍ജുന
മാമുപേത്യ തു കൌന്തേയ പുനർ‍ജന്മ ന വിദ്യതേ (16)

ഹേ അർ‍ജുനാ, ബ്രഹ്മലോകം വരെയുള്ള ലോകങ്ങൾ വീണ്ടും ജനിക്കാനിടനൽകുന്നവയാണ്. കുന്തീപുത്രാ, എന്നെ പ്രാപിച്ചുകഴിഞ്ഞാൽ പുനർ‍ജന്‍മം സംഭവിക്കുകയില്ല.

ശ്ലോകം 17
സഹസ്രയുഗപര്യന്തമഹർ‍യദ് ബ്രഹ്മണോ വിദുഃ
രാത്രിം യുഗസഹസ്രാന്താം തേഽഹോരാത്രവിദോ ജനാഃ (17)

ബ്രഹ്മാവിന്റെ പകൽ ആയിരം യുഗത്തോളമുള്ളതാണെന്നും രാത്രി ആയിരം യുഗം കൊണ്ടവസാനിക്കുന്നതാനെന്നും അറിയുന്നവർ‍ അഹോരാത്രങ്ങളെക്കുറിച്ച് അറിയുന്നവരാണ്.

ശ്ലോകം 18
അവ്യക്താദ് വ്യക്തയഃ സർ‍വ്വാഃ പ്രഭവന്ത്യഹരാഗമേ
രാത്ര്യാഗമേ പ്രലീയന്തേ തത്രൈവാവ്യക്തസംജ്ഞകേ (18)

ബ്രഹ്മാവിന്റെ പകൽ തുടങ്ങുമ്പോൾ അവ്യക്തതയിൽ നിന്നും എല്ലാ വസ്തുക്കളും ഉത്ഭവിക്കുന്നു. അവയെല്ലാം ബ്രഹ്മാവിന്റെ രാത്രിയുടെ ആരംഭത്തിൽ ആ മൂലപ്രകൃതിയിൽ തന്നെ ലയിച്ചുചേരുകയും ചെയ്യുന്നു.

ശ്ലോകം 19
ഭൂതഗ്രാമഃ സ ഏവായം ഭൂത്വാ ഭൂത്വാ പ്രലീയതേ
രാത്ര്യാഗമേഽവശഃ പാർ‍ഥ പ്രഭവത്യഹരാഗമേ (19)

ഹേ പാർ‍ത്ഥ! ഈ സർ‍വഭൂതങ്ങളും വീണ്ടും വീണ്ടും ഉണ്ടായി രാത്രിയുടെ ആരംഭത്തിൽ പ്രകൃതിയിൽ ലയിക്കയും പരാധീനരായി പ്രഭാതത്തിൽ വീണ്ടും ഉത്ഭവിക്കയും ചെയ്യുന്നു.

ശ്ലോകം 20
പരസ്തസ്മാത്തു ഭാവോഽന്യോഽവ്യക്തോഽവ്യക്താത്സനാതനഃ
യഃ സ സർ‍വ്വേഷു ഭൂതേഷു നശ്യത്സു ന വിനശ്യതി (20)

എന്നാൽ ആ അവ്യക്തത്തിനുമപ്പുറത്ത് സനാതനമായ മറ്റൊരവ്യക്തഭാവമുണ്ട്. ഏതൊന്നാണോ എല്ലാ ഭൂതങ്ങളും നശിക്കുമ്പോഴും നശിക്കാതിരിക്കുന്നത് അത് ആ രണ്ടാമത് പറഞ്ഞ അവ്യക്തമാണ്.

ശ്ലോകം 21
അവ്യക്തോഽക്ഷര ഇത്യുക്തസ്തമാഹുഃ പരമാം ഗതിം
യം പ്രാപ്യ ന നിവർ‍തന്തേ തദ്ധാമ പരമം മമ (21)

ആ അവ്യക്തം അക്ഷരമെന്നു പറയപ്പെടുന്നു. അതിനെ പരമമായ ഗതി (ലക്ഷ്യം) എന്ന് പറയുന്നു. ഏതിനെ പ്രാപിച്ചാൽ തിരിച്ചു വരുന്നില്ലയോ അതാണ് എന്റെ പരമമായ സ്ഥാനം.

ശ്ലോകം 22
പുരുഷഃ സ പരഃ പാർ‍ഥ ഭക്ത്യാ ലഭ്യസ്ത്വനന്യയാ
യസ്യാന്തഃസ്ഥാനി ഭൂതാനി യേന സർ‍വ്വമിദം തതം (22)

ഹേ പാർ‍ത്ഥ, യാതോരുവന്റെ ഉള്ളിലാണോ ഭൂതങ്ങ‍‍ൾ സ്ഥിതിചെയ്യുന്നത്‍, യാതോരുവനാൽ ഇതെല്ലാം വ്യാപ്തമായിരി ക്കുന്നുവോ ആ പരമപുരുഷനെ ഏകാന്തഭക്തികൊണ്ട് പ്രാപിക്കാവുന്നതാണ്.

ശ്ലോകം 23
യത്ര കാലേ ത്വനാവൃത്തിമാവൃത്തിം ചൈവ യോഗിനഃ
പ്രയാതാ യാന്തി തം കാലം വക്ഷ്യാമി ഭരതർ‍ഷഭ (23)

ഭരതശ്രേഷ്ഠ, യോഗികൾ ഏത് കാലത്തു പുനർ‍ജന്മവും ഏത് കാലത്ത് പുനർ‍ജന്മമില്ലായ്കയും മരിച്ചിട്ട് പ്രാപിക്കുമോ ആ കാലത്തെക്കുറിച്ച് ഞാൻ‍ പറഞ്ഞുതരാം.

ശ്ലോകം 24
അഗ്നിർ‍ജ്യോതിരഹഃ ശുക്ലഃ ഷണ്മാസാ ഉത്തരായണം
തത്ര പ്രയാതാ ഗച്ഛന്തി ബ്രഹ്മ ബ്രഹ്മവിദോ ജനാഃ (24)

അഗ്നി, ജ്യോതിസ്, വെളുത്ത പക്ഷം, ഉത്തരായണം ഇവയിൽ ഇവയുടെ അധീശ്വരായ ദേവതകൾ വഴിയായി, ഗമിക്കുന്ന ബ്രഹ്മജ്ഞരായ ജനങ്ങൾ ബ്രഹ്മത്തെ പ്രാപിക്കുന്നു.

ശ്ലോകം 25
ധൂമോ രാത്രിസ്തഥാ കൃഷ്ണഃ ഷണ്മാസാ ദക്ഷിണായനം
തത്ര ചാന്ദ്രമസം ജ്യോതിർ‍യോഗീ പ്രാപ്യ നിവർ‍തതേ (25)

ധൂമം, രാത്രി, അതുപോലെ കൃഷ്ണപക്ഷം, ദക്ഷിണായനം ഇവയിൽ ഇവയുടെ ദേവതകൾ വഴി ഗമിക്കുന്ന യോഗി ചന്ദ്രനിലുള്ള ജ്യോതിസിനെ പ്രാപിച്ച് തിരിച്ച് ഭൂമിയിൽ വരുന്നു.

ശ്ലോകം 26
ശുക്ലകൃഷ്ണേ ഗതീ ഹ്യേതേ ജഗതഃ ശാശ്വതേ മതേ
ഏകയാ യാത്യനാവൃത്തിമന്യയാവർ‍തതേ പുനഃ (26)

ജഗത്തിൽ ഈ അഗ്നിധൂമമാർ‍ഗങ്ങൾ നിത്യങ്ങളായി കരുതപ്പെടുന്നു. അവയിലൊരു ഗതിയിലൂടെ പുനർ‍ജന്മമില്ലായ്മയെ പ്രാപിക്കുന്നു. മറ്റേത്തിൽകൂടി വീണ്ടും തിരിച്ചുവരുന്നു.

ശ്ലോകം 27
നൈതേ സൃതീ പാർ‍ഥ ജാനന്യോഗീ മുഹ്യതി കശ്ചന
തസ്മാത്സർ‍വ്വേഷു കാലേഷു യോഗയുക്തോ ഭവാർ‍ജുന (27)

ഹേ അ‌ർ‍ജ്ജുനാ! ഈ രണ്ടു മാർ‍ഗ്ഗങ്ങളെ യഥാ‍‍ർ‍ത്ഥമായറിയുന്ന യാതൊരു ക‍ർ‍മ്മയോഗിയും മോഹത്തെ പ്രാപിക്കുന്നില്ല.. അതുകൊണ്ടു ഹേ അ‌ർ‍ജ്ജുനാ, സമല കാലങ്ങളിലും ക‍ർ‍മ്മയോഗയുക്തനയി ഭവിക്കുക.

ശ്ലോകം 28
വേദേഷു യജ്ഞേഷു തപഃസു ചൈവ
ദാനേഷു യത്പുണ്യഫലം പ്രദിഷ്ടം
അത്യേതി തത്സർ‍വ്വമിദം വിദിത്വാ
യോഗീ പരം സ്ഥാനമുപൈതി ചാദ്യം (28)

മേൽ വിവരിച്ചതായ ഈ തത്വത്തെ മുഴുവനും മനസ്സിലാക്കിയാൽ ക‍ർ‍മ്മയോഗി, വേദത്തിലും യജ്ഞത്തിലും തപസ്സിലും ദാനത്തിലും പറയപ്പെട്ടതായ പുണ്യങ്ങളെയെല്ലാം അതിക്രമിച്ച് പുരാതനവും ശ്രേഷ്ഠവുമായ പദത്തെ പ്രാപിക്കുന്നു.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ അക്ഷരബ്രഹ്മയോഗോ നാമ

രാജവിദ്യാരാജഗുഹ്യയോഗഃ (അദ്ധ്യായം 9 - 34 ശ്ലോകങ്ങൾ)

ഒമ്പതാം അദ്ധ്യായം കേൾക്കാം

ഒമ്പതാം അദ്ധ്യായം: രാജവിദ്യാരാജഗുഹ്യയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

ശ്രീഭഗവാനുവാച

ശ്ലോകം 01
ഇദം തു തേ ഗുഹ്യതമം പ്രവക്ഷ്യാമ്യനസൂയവേ
ജ്ഞാനം വിജ്ഞാനസഹിതം യജ്ജ്ഞാത്വാ മോക്ഷ്യസേഽശുഭാത് (1)

യാതൊന്നിനെ അറിഞ്ഞാ‍ൽ ഒരുവൻ പാപത്തിൽ നിന്ന് മുക്തനാകുമോ, ഏറ്റവും ഗുഹ്യവും അനുഭവസഹിതവുമായിട്ടുള്ള ഈ ജ്ഞാനത്തെ അസൂയാരഹിതനായ നിനക്ക് ഉപദേശിക്കാം.

ശ്ലോകം 02
രാജവിദ്യാ രാജഗുഹ്യം പവിത്രമിദമുത്തമം
പ്രത്യക്ഷാവഗമം ധർ‍മ്യം സുസുഖം കർ‍തുമവ്യയം (2)

വിദ്യകളിലും, രഹസ്യങ്ങളിലും വെച്ച് ശ്രേഷ്ഠവും, പവിത്രവും, ഉത്തമവുമായ ഈ ജ്ഞാനം പ്രത്യക്ഷമായി അറിയാവുന്നതും, ധർ‍മ്മാനുസൃതവും, എളുപ്പം ആചരിക്കാവുന്നതും, നാശരഹിതവുമാണ്.

ശ്ലോകം 03
അശ്രദ്ദധാനാഃ പുരുഷാ ധർമ്മസ്യാസ്യ പരന്തപ
അപ്രാപ്യ മാം നിവർ‍തന്തേ മൃത്യുസംസാരവർ‍ത്മനി (3)

അർ‍ജുനാ, ഈ ധർ‍മ്മത്തിൽ (ഈ ജ്ഞാനത്തിൽ) വിശ്വാസ മില്ല്ലാത്തവർ‍ എന്നെ പ്രാപിക്കുവാൻ കഴിയാതെ മൃത്യുരൂപമായ ഈ സംസാരമാകുന്ന മാർ‍ഗ്ഗത്തിലേക്ക് തിരിച്ചു വരുന്നു.

ശ്ലോകം 04
മയാ തതമിദം സർ‍വ്വം ജഗദവ്യക്തമൂർ‍ത്തിനാ
മത്സ്ഥാനി സർ‍വ്വഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ (4)

ഈ പ്രപഞ്ചം മുഴുവനും അവ്യക്തസ്വരൂപനായ എന്നാൽ വ്യാപ്ത മാണ്. സർ‍വചരാചരങ്ങളും എന്നിൽ സ്ഥിതിചെയ്യുന്നു. ഞാൻ അവയിൽ സ്ഥിതിചെയ്യുന്നുമില്ല.

ശ്ലോകം 05
ന ച മത്സ്ഥാനി ഭൂതാനി പശ്യ മേ യോഗമൈശ്വരം
ഭൂതഭൃന്ന ച ഭൂതസ്ഥോ മമാത്മാ ഭൂതഭാവനഃ (5)

(വാസ്തവത്തിൽ) ഭുതങ്ങൾ എന്നിൽ‍ സ്ഥിതി ചെയ്യുന്നുമില്ല. എന്റെ ഈശ്വരീയമായ യോഗത്തെ (സാമർ‍ഥ്യത്തെ) കണ്ടാലും. ഞാൻ സർ‍വ്വഭൂതങ്ങളേയും സൃഷ്ടിക്കുന്നവനും, പാലിക്കുന്നവനുമാണെങ്കിലും ഞാൻ‍‍ അവയിൽ സ്ഥിതി ചെയ്യുന്നില്ല.

ശ്ലോകം 06
യഥാകാശസ്ഥിതോ നിത്യം വായുഃ സർ‍വ്വത്രഗോ മഹാൻ
തഥാ സർ‍വ്വാണി ഭൂതാനി മത്സ്ഥാനീത്യുപധാരയ (6)

സർ‍വത്ര സഞ്ചരിക്കുന്നതും മഹത്തായതുമായ വായു എപ്രകാരം സദാ ആകാശത്തിൽ സ്ഥിതി ചെയ്യുന്നുവോ അപ്രകാരം തന്നെയാണ് സർ‍വഭുതങ്ങളും എന്നിൽ കുടികൊള്ളുന്നത് എന്ന് അറിഞ്ഞാലും.

ശ്ലോകം 07
സർ‍വ്വഭൂതാനി കൌന്തേയ പ്രകൃതിം യാന്തി മാമികാം
കല്പക്ഷയേ പുനസ്താനി കല്പാദൌ വിസൃജാമ്യഹം (7)

അർ‍ജുനാ! കല്പാന്തത്തിൽ പ്രളയം വരുമ്പോൾ സർ‍വ്വഭൂതങ്ങളും എന്റെ പ്രകൃതിയിലേയ്ക്കു തിരിച്ചു പോകുന്നു. അടുത്ത കല്പത്തിന്റെ തുടക്കത്തിൽ അവയെയെല്ലാം ഞാൻ വീണ്ടും സൃഷ്ടിക്കുന്നു.

ശ്ലോകങ്ങൾ 08, 09
പ്രകൃതിം സ്വാമവഷ്ടഭ്യ വിസൃജാമി പുനഃ പുനഃ
ഭൂതഗ്രാമമിമം കൃത്സ്നമവശം പ്രകൃതേർ‍വ്വശാത് (8)
ന ച മാം താനി കർ‍മാണി നിബധ്നന്തി ധനഞ്ജയ
ഉദാസീനവദാസീനമസക്തം തേഷു കർ‍മംസു (9)

പ്രകൃതിയ്ക്ക് വശപ്പെട്ടതുമൂലം അസ്വതന്ത്രമായ ഈ ജീവജാല ങ്ങളെയെല്ലാം എന്റെ പ്രകൃതിയെ ആശ്രയിച്ചുകൊണ്ട് ഞാൻ വീണ്ടും വീണ്ടും സൃഷ്ടിക്കുന്നു.
(സൃഷ്ടി തുടങ്ങിയ) ഈ കർ‍മ്മങ്ങളിൽ ആസക്തിയില്ലാത്തവനും, ഉദാസീനനെപ്പോലെയിരിക്കുന്നവനുമായ എന്നെ അവ ബന്ധിക്കു ന്നില്ല.

ശ്ലോകം 10
മയാധ്യക്ഷേണ പ്രകൃതിഃ സൂയതേ സചരാചരം
ഹേതുനാനേന കൌന്തേയ ജഗദ്വിപരിവർ‍തതേ (10)

അർ‍ജുനാ! എന്റെ സാന്നിദ്ധ്യത്തിൽ പ്രകൃതി സർ‍വചരാചരങ്ങളേയും കൂടിയ ഈ ജഗത്തിനെ ജനിപ്പിക്കുന്നു. മേൽ പറഞ്ഞ കാരണം കൊണ്ടുതന്നെ ഈ പ്രപഞ്ചത്തിന് വിവിധ പരിവർ‍ത്തനങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.

ശ്ലോകം 11
അവജാനന്തി മാം മൂഢാ മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം (11)

സർ‍വ്വചരാചരങ്ങളുടെയും മഹേശ്വരനായ എന്റെ ശ്രേഷ്ഠമായ സ്വരൂപത്തെ അറിയാത്ത മുഢന്മാ‍‍‍ർ‍ എന്നെ മനുഷ്യശരീരത്തെ അവലംബിച്ചവനെന്നു (സാധാരണ മനുഷ്യനെന്ന്) കരുതി അനാദരിക്കുന്നു.

ശ്ലോകം 12
മോഘാശാ മോഘകർ‍മാണോ മോഘജ്ഞാനാ വിചേതസഃ
രാക്ഷസീമാസുരീം ചൈവ പ്രകൃതിം മോഹിനീം ശ്രിതാഃ (12)

വ്യർ‍ഥമായ ആശയോടും, കർ‍മത്തോടും, ജ്ഞാനത്തോടും കൂടിയ അവിവേകികൾ മോഹജനകവും രാക്ഷസീയവും ആസുരവുമായ സ്വഭാവത്തോടുകൂടിയവരാണ്.

ശ്ലോകം 13
മഹാത്മാനസ്തു മാം പാർ‍ഥ ദൈവീം പ്രകൃതിമാശ്രിതാഃ
ഭജന്ത്യനന്യമനസോ ജ്ഞാത്വാ ഭൂതാദിമവ്യയം (13)

അർ‍ജുനാ! മഹാത്മാക്കളാവട്ടെ ദിവ്യമായ സ്വഭാവത്തെ കൈക്കൊണ്ട്, ഭുതങ്ങളുടെയെല്ലാം അവിനാശിയായ സ്രോതസ്സാണ് ഞാൻ എന്നറിഞ്ഞു ഏകാഗ്രചിത്തരായി (എന്നെ) ഭജിക്കുന്നു.

ശ്ലോകം 14
സതതം കീർ‍തയന്തോ മാം യതന്തശ്ച ദൃഢവ്രതാഃ
നമസ്യന്തശ്ച മാം ഭക്ത്യാ നിത്യയുക്താ ഉപാസതേ (14)

എപ്പോഴും എന്നിൽ ഉറപ്പിച്ച മനസ്സോടുകൂടിയ അവർ‍ സദാ എന്നെ സ്തുതിക്കുകയും, ദൃഢവ്രതന്മാരായി പ്രയത്നിക്കുകയും, നമസ്കരിക്കുകയും ചെയ്തു കൊണ്ട് ഭക്തിയോടെ എന്നെ ആരാധിക്കുന്നു.

ശ്ലോകം 15
ജ്ഞാനയജ്ഞേന ചാപ്യന്യേ യജന്തോ മാമുപാസതേ
ഏകത്വേന പൃഥക്ത്വേന ബഹുധാ വിശ്വതോമുഖം (15)

മറ്റു ചിലർ‍ ജ്ഞാനയജ്ഞത്തിലൂടെ വിരാട്സ്വരൂപനായ എന്നെ ഏകഭാവത്തോടെയും, ഭേദഭാവത്തോടെയും വിവിധമായി പൂജിച്ച് ആരാധിക്കുന്നു.

ശ്ലോകം 16
അഹം ക്രതുരഹം യജ്ഞഃ സ്വധാഹമഹമൌഷധം
മന്ത്രോഽഹമഹമേവാജ്യമഹമഗ്നിരഹം ഹുതം (16)

ക്രതു ഞാനാണ്; യജ്ഞം ഞാനാണ്; പിതൃക്കൾക്കുള്ള അന്നവും ഞാനാണ്; ഞാനാണ് ഔഷധം; മന്ത്രവും, ഹോമദ്രവ്യങ്ങളും ഞാൻ തന്നെ; അഗ്നിയും ഹോമവും ഞാൻ തന്നെയാകുന്നു.
ക്രതു ഒരു തരത്തിലുള്ള വേദോക്ത കർ‍മമാണ്.

ശ്ലോകം 17
പിതാഹമസ്യ ജഗതോ മാതാ ധാതാ പിതാമഹഃ
വേദ്യം പവിത്രമോംകാര ഋക്സാമ യജുരേവ ച (17)

ഈ ജഗത്തിന്റെ പിതാവും, മാതാവും, രക്ഷകനും, പിതാമഹനും ഞാൻ തന്നെയാണ്. അറിയപ്പെടേണ്ട ഒരേ ഒരു വസ്തുവും, പരിശുദ്ധവുമായ ഓങ്കാരവും, ഋക്, സാമ, യജുർ‍വേദങ്ങളും ഞാ‍ൻ തന്നെയാണ്.

ശ്ലോകം 18
ഗതിർ‍ഭർ‍താ പ്രഭുഃ സാക്ഷീ നിവാസഃ ശരണം സുഹൃത്
പ്രഭവഃ പ്രലയഃ സ്ഥാനം നിധാനം ബീജമവ്യയം (18)

(ഈ ജഗത്തിന്റെ) ലക്ഷ്യവും, പാലകനും, സ്വാമിയും, സാക്ഷിയും, നിവാസസ്ഥാനവും, ശരണ്യനും, സുഹൃത്തും, ഉദ്ഭവവും, പ്രളയവും, ആധാരവും, നിക്ഷേപവും, അവിനാശിയായ ഉല്പത്തികാരണവും ഞാൻ തന്നെ.

ശ്ലോകം 19
തപാമ്യഹമഹം വർ‍ഷം നിഗൃഹ്ണാമ്യുത്സൃജാമി ച
അമൃതം ചൈവ മൃത്യുശ്ച സദസച്ചാഹമർ‍ജുന (19)

അർ‍ജുനാ! ഞാ‍‍ൻ ചൂടുണ്ടാക്കുന്നു. ഞാ‍ൻ മഴ പെയ്യിക്കുയും, അതു തടുക്കുകയും ചെയ്യുന്നു. അമൃതത്വവും, മൃത്യുവും, ഉണ്മയുള്ളതും, ഇല്ലാത്തതും ഞാൻ തന്നെ.

ശ്ലോകം 20
ത്രൈവിദ്യാ മാം സോമപാഃ പൂതപാപാ
യജ്ഞൈരിഷ്ട്വാ സ്വർ‍ഗതിം പ്രാർ‍ഥയന്തേ
തേ പുണ്യമാസാദ്യ സുരേന്ദ്രലോക-
മശ്നന്തി ദിവ്യാന്ദിവി ദേവഭോഗാൻ (20)

മുന്നുവേദങ്ങളും അറിയുന്നവർ‍ യജ്ഞങ്ങളാൽ എന്നെ പുജിച്ച്, സോമരസം പാനം ചെയ്തിട്ട് പാപഹീനന്മാരായി സ്വർ‍ഗ്ഗപ്രാപ്തി ക്കായി പ്രാർ‍ഥിക്കുന്നു. അവർ‍ പുണ്യലോകമായ സ്വർ‍ഗത്തിൽ ചെന്ന് അവിടത്തെ ദിവ്യങ്ങളായ ദേവഭോഗങ്ങളെ അനുഭവിക്കുന്നു.

ശ്ലോകം 21
തേ തം ഭുക്ത്വാ സ്വർ‍ഗലോകം വിശാലം
ക്ഷീണേ പുണ്യേ മർ‍ത്യലോകം വിശന്തി
ഏവം ത്രയീധർ‍മമനുപ്രപന്നാ
ഗതാഗതം കാമകാമാ ലഭന്തേ (21)

അവർ‍ വിശാലമായ സ്വർ‍ഗലോകത്തിൽ ഭോഗമനുഭവിച്ചിട്ട്, പുണ്യം ക്ഷയിക്കുമ്പോൾ മർ‍ത്യലോകത്തിലേക്കു തിരിച്ചു വരുന്നു. ഇപ്രകാരം വേദോക്തധർ‍മത്തെ ആചരിക്കുകയും സുഖഭോഗങ്ങളെ ആഗ്രഹിക്കു കയും ചെയ്യുന്നവർ‍ (ഒരു ലോകത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക്) വരുകയും പോകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ശ്ലോകം 22
അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം (22)

എന്നെ അനന്യനായി (തങ്ങളിൽ നിന്ന് അഭിന്നനായി) ധ്യാനിച്ചു കൊണ്ട്, സകല ഭൂതങ്ങളിലും എന്നെ ആരാധിക്കുന്നതിൽ സദാ മനസ്സുറപ്പിച്ചിട്ടുള്ളവരുടെ യോഗക്ഷേമത്തെ ഞാ‍ൻ വഹിക്കുന്നു.
(ഒരുവന്റെ കൈവശം ഇല്ലാത്തത് നല്കുന്നതാണ് യോഗം; ഉള്ളതിനെ സംരക്ഷിക്കുന്നത് ക്ഷേമവും).

ശ്ലോകം 23
യേഽപ്യന്യദേവതാ ഭക്താ യജന്തേ ശ്രദ്ധയാന്വിതാഃ
തേഽപി മാമേവ കൌന്തേയ യജന്ത്യവിധിപൂർ‍വ്വകം (23)

അർ‍ജുനാ! (എന്നിൽ നിന്ന് ഭിന്നരായ) മറ്റു ദേവതകളെ ശ്രദ്ധ യോടുകൂടി പൂജിക്കുന്ന ഭക്തന്മാരും വിധിപൂർ‍വമായിട്ടല്ലാതെ എന്നെ ത്തന്നെയാണ് പൂജിക്കുന്നത്.

ശ്ലോകം 24
അഹം ഹി സർ‍വ്വയജ്ഞാനാം ഭോക്താ ച പ്രഭുരേവ ച
ന തു മാമഭിജാനന്തി തത്ത്വേനാതശ്ച്യവന്തി തേ (24)

സർ‍വ്വയജ്ഞങ്ങളുടെയും ഭോക്താവും പ്രഭുവും ഞാനാണ്. അവർ‍ എന്നെ യഥാർ‍ഥത്തിൽ അറിയുന്നില്ല. അതുകൊണ്ട് അവർ‍ (യജ്ഞപുണ്യഫലമായി പുണ്യലോകങ്ങളെ പ്രാപിച്ച ശേഷം പുണ്യം ക്ഷയിക്കുമ്പോൾ) പതിക്കുന്നു.

ശ്ലോകം 25
യാന്തി ദേവവ്രതാ ദേവാൻ പിതൃൻ യാന്തി പിതൃവ്രതാഃ
ഭൂതാനി യാന്തി ഭൂതേജ്യാ യാന്തി മദ്യാജിനോഽപി മാം (25)

ദേവന്മാരെ ആരാധിക്കുന്നവർ‍ ദേവന്മാരെയും പിതൃക്കളെ പൂജിക്കുന്നവർ‍ പിതൃക്കളെയും, ഭൂതഗണങ്ങളെയും മറ്റും ആരാധിക്കുന്നവർ‍ ഭൂതഗണങ്ങളെയും, എന്നെ ആരാധിക്കുന്നവർ‍ എന്നെയും പ്രാപിക്കുന്നു.

ശ്ലോകം 26
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ (26)

യാതൊരുവൻ ഭക്തിയോടു കൂടി ഇല, പൂവ്, ഫലം, ജലം എന്നിവ എനിക്കായി നിവേദിക്കുന്നുവോ, ശുദ്ധചിത്തനായ അവനാൽ ഭക്തിയോടെ നല്കപ്പെട്ട അതിനെ ഞാൻ സ്വീകരിക്കുന്നു.

ശ്ലോകം 27
യത്കരോഷി യദശ്നാസി യജ്ജുഹോഷി ദദാസി യത്
യത്തപസ്യസി കൌന്തേയ തത്കുരുഷ്വ മദർ‍പണം (27)

അർ‍ജുനാ! നീ യാതൊന്നു ചെയുന്നവോ, യാതൊന്ന് ഭക്ഷിക്കുന്നുവോ, യാതൊന്നു ഹോമിക്കുന്നുവോ, യാതൊന്നു നിവേദിക്കു ന്നുവോ, യാതൊരു തപസ്സുചെയ്യുന്നൊവോ അതൊക്കയും എന്നിൽ സമർ‍പ്പിച്ചാലും.

ശ്ലോകം 28
ശുഭാശുഭഫലൈരേവം മോക്ഷ്യസേ കർ‍മബന്ധനൈഃ
സംന്യാസയോഗയുക്താത്മാ വിമുക്തോ മാമുപൈഷ്യസി (28)

ഇപ്രകാരം ചെയ്യുകയാണെങ്കിൽ ശുഭാശുഭകർ‍മങ്ങളുടെ ബന്ധങ്ങളിൽ നിന്ന് നീ മുക്തനാകും; സന്ന്യാസയോഗത്തിൽ മനസ്സുറപ്പിച്ച വനായ നീ മുക്തനായി എന്നെ പ്രാപിക്കും.

ശ്ലോകം 29
സമോഽഹം സർ‍വ്വഭൂതേഷു ന മേ ദ്വേഷ്യോഽസ്തി ന പ്രിയഃ
യേ ഭജന്തി തു മാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം (29)

ഞാൻ സകല ജീവജാലങ്ങളോടും സമഭാവത്തോടുകൂടിയാണ് വർ‍ത്തിക്കുന്നത്. എനിക്കു വിരോധിയില്ല. പ്രിയനുമില്ല. എന്നാൽ ഭക്തിയോടുകൂടി എന്നെ ഭജിക്കുന്നവർ‍ എന്നിലും ഞാ‍ൻ അവരിലും വർ‍ത്തിക്കുന്നു.

ശ്ലോകം 30
അപി ചേത്സുദുരാചാരോ ഭജതേ മാമനന്യഭാക്
സാധുരേവ സ മന്തവ്യഃ സമ്യഗ്വ്യവസിതോ ഹി സഃ (30)

ഏറ്റവും ദുരാചാരനായവൻ പോലും എന്നെ ഏകാഗ്രചിത്തനായി ഭജിക്കുന്നുവെങ്കിൽ അവനെ ശിഷ്ടനായി കരുതേണ്ടതാണ്. അവൻ ശരിയായ നിശ്ചയം എടുത്തിട്ടുള്ളവനാണ്.

ശ്ലോകം 31
ക്ഷിപ്രം ഭവതി ധർ‍മാത്മാ ശശ്വച്ഛാന്തിം നിഗച്ഛതി
കൌന്തേയ പ്രതിജാനീഹി ന മേ ഭക്തഃ പ്രണശ്യതി (31)

അവൻ വേഗം തന്നെ ധർ‍മ്മാത്മാവായിത്തീർ‍ന്ന് ശാശ്വതമായ ശാന്തിയെ നേടുന്നു. ഹേ അർ‍ജുനാ! എന്റെ ഭക്തൻ നശിക്കുന്നില്ലെന്ന് ഉദ്ഘോഷിച്ചാലും.

ശ്ലോകം 32
മാം ഹി പാർ‍ഥ വ്യപാശ്രിത്യ യേഽപി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാസ്തേഽപി യാന്തി പരാം ഗതിം (32)

അർ‍ജുനാ! എന്നെ ശരണം പ്രാപിച്ചിട്ട് സ്ത്രീകളും, വൈശ്യന്മാരും, ശൂദ്രന്മാരും, നീചയോനികളിൽ ജനിച്ചവരുമെല്ലാം പരമഗതിയെ പ്രാപിക്കുക തന്നെ ചെയ്യുന്നു.

ശ്ലോകം 33
കിം പുനർ‍ബ്രാഹ്മണാഃ പുണ്യാ ഭക്താ രാജർ‍ഷയസ്തഥാ
അനിത്യമസുഖം ലോകമിമം പ്രാപ്യ ഭജസ്വ മാം (33)

അങ്ങനെയിരിക്കെ പുണ്യവാന്മാരായ ബ്രഹ്മണന്മാരേയും ഭക്തന്മാരായ രാജർ‍ഷിമാരെയും കുറിച്ച് പറയേണ്ടതുണ്ടോ? അനിത്യവും സുഖഹീനവുമായ ഈ ലോകത്തെ പ്രാപിച്ചുകഴിഞ്ഞ നീ എന്നെ ഭജിച്ചാലും.

ശ്ലോകം 34
മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി യുക്ത്വൈവമാത്മാനം മത്പരായണഃ (34)

എന്നിൽ മനസ്സുറപ്പിക്കൂ, എന്റെ ഭക്തകുകയും, എന്നെ പൂജിക്കുകയും എന്നെ നമസ്കരിക്കുകയും ചെയ്യൂ. ഇപ്രകാരം എന്നെത്തന്നെ ലക്ഷ്യമായി സ്വീകരിച്ചിട്ട്, മനസ്സിനെ എന്നിലുറപ്പിച്ചവനായ നീ എന്നെത്തന്നെ പ്രാപിക്കും.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ രാജവിദ്യാരാജഗുഹ്യയോഗോ നാമ നവമോദ്ധ്യായഃ

വിഭൂതിയോഗഃ (അദ്ധ്യായം 10 - 42 ശ്ലോകങ്ങൾ)

പത്താം അദ്ധ്യായം കേൾക്കാം

പത്താം അദ്ധ്യായം: വിഭൂതിയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

ശ്രീഭഗവാനുവാച

ശ്ലോകം 01
ഭൂയ ഏവ മഹാബാഹോ ശൃണു മേ പരമം വചഃ
യത്തേഽഹം പ്രീയമാണായ വക്ഷ്യാമി ഹിതകാമ്യയാ (1)

ശ്രീകൃഷ്ണൻ പറഞ്ഞു: അർ‍ജുനാ! പ്രിയമുള്ളവനായ നിന്റെ ഹിതമാഗ്രഹിച്ചുകൊണ്ട് ഞാൻ വീണ്ടും പറയുന്ന ഉത്കൃഷ്ടമായ വാക്കുകളെ കേട്ടാലും.

ശ്ലോകം 02
ന മേ വിദുഃ സുരഗണാഃ പ്രഭവം ന മഹർ‍ഷയഃ
അഹമാദിർ‍ഹി ദേവാനാം മഹർ‍ഷീണാം ച സർ‍വ്വശഃ (2)

ദേവന്മാരോ മഹർ‍ഷിമാരോ എന്റെ ഉദ്ഭവത്തെ അറിയുന്നില്ല. എല്ലാ പ്രകാരത്തിലും മഹർ‍ഷിമാരുടെയും, ദേവന്മാരുടെയും ഉദ്ഭവസ്ഥാനം ഞാനാണ്.

ശ്ലോകം 03
യോ മാമജമനാദിം ച വേത്തി ലോകമഹേശ്വരം
അസമ്മൂഢഃ സ മർ‍ത്യേഷു സർ‍വ്വപാപൈഃ പ്രമുച്യതേ (3)

എന്നെ അനാദിയായും ജന്മമില്ലാത്തവനായും ജഗത്തിന്റെ പരമേശ്വരനായും അറിയുന്നവൻ മനുഷ്യരിൽ വെച്ച് വ്യാമോഹമില്ലാത്ത വനാണ്. അവൻ എല്ലാ പാപങ്ങളിൽ നിന്നും മുക്തനാവുന്നു.

ശ്ലോകങ്ങൾ 04, 05
ബുദ്ധിർ‍ജ്ഞാനമസമ്മോഹഃ ക്ഷമാ സത്യം ദമഃ ശമഃ
സുഖം ദുഃഖം ഭവോഽഭാവോ ഭയം ചാഭയമേവ ച (4)
അഹിംസാ സമതാ തുഷ്ടിസ്തപോ ദാനം യശോഽയശഃ
ഭവന്തി ഭാവാ ഭൂതാനാം മത്ത ഏവ പൃഥഗ്വിധാഃ (5)

ബുദ്ധി, ജ്ഞാനം, വ്യാമോഹമില്ലായ്മ, ക്ഷമ, സത്യം, ദമം, ശമം, സുഖം, ദുഃഖം, ജനനം, മരണം, ഭയം, അഭയം, അഹിംസ, സമത്വം, സന്തോഷം, തപസ്സ്, ദാനം, യശസ്സ്, അയശസ്സ് എന്നീ വിവിധ ഭാവങ്ങൾ ജീവികൾക്ക് എന്നിൽ നിന്നാണ് ഉണ്ടാകുന്നത്.

ശ്ലോകം 06
മഹർ‍ഷയഃ സപ്ത പൂർ‍വ്വേ ചത്വാരോ മനവസ്തഥാ
മദ്ഭാവാ മാനസാ ജാതാ യേഷാം ലോക ഇമാഃ പ്രജാഃ (6)

പ്രാചീനരും, എന്നിൽ മനസ്സുറപ്പിച്ചവരുമായ ഏഴു മഹർ‍ഷിമാരും, നാലു മനുക്കളും എന്റെ മനസ്സിൽ നിന്ന് ഉദ്ഭവിച്ചവരാണ്. ലോകത്തിലുള്ള ഈ പ്രജകളെല്ലാം അവരിൽ നിന്നുണ്ടായവരാണ്.

ശ്ലോകം 07
ഏതാം വിഭൂതിം യോഗം ച മമ യോ വേത്തി തത്ത്വതഃ
സോഽവികമ്പേന യോഗേന യുജ്യതേ നാത്ര സംശയഃ (7)

യാതൊരുവൻ എന്റെ ഈ വിഭൂതിയെയും (മഹത്വം അഥവാ ഐശ്വര്യം), യോഗശക്തിയെയും ശരിയായി അറിയുന്നുവോ അവൻ അചഞ്ചലമായ യോഗത്തിൽ പ്രതിഷ്ഠിതനാകുന്നു; അതിൽ സംശയമില്ല.

ശ്ലോകം 08
അഹം സർ‍വ്വസ്യ പ്രഭവോ മത്തഃ സർ‍വ്വം പ്രവർ‍തതേ
ഇതി മത്വാ ഭജന്തേ മാം ബുധാ ഭാവസമന്വിതാഃ (8)

ഞാനാണ് എല്ലാത്തിന്റെയും ഉദ്ഭവസ്ഥാനമെന്നും സകലതും എന്നിൽ നിന്നാണ് പ്രവർ‍ത്തിക്കുന്നതെന്നും അറിഞ്ഞ് ബുദ്ധിമാന്മാർ‍ ഭക്തിഭാവത്തോടുകൂടി എന്നെ ഭജിക്കുന്നു.

ശ്ലോകം 09
മച്ചിത്താ മദ്ഗതപ്രാണാ ബോധയന്തഃ പരസ്പരം
കഥയന്തശ്ച മാം നിത്യം തുഷ്യന്തി ച രമന്തി ച (9)

എന്നിൽ മനസ്സുറപ്പിച്ചവരും, എല്ലാ ഇന്ദ്രിയങ്ങളും എന്നിൽ ലയിപ്പിച്ചവരുമായ ഭക്തന്മാർ‍ സദാ എന്നെക്കുറിച്ച് പരസ്പരം അറിയിക്കുകയും, സംസാരിക്കുകയും ചെയ്തുകൊണ്ട് സന്തോഷിക്കു കയും ആനന്ദിക്കുകയും ചെയ്യുന്നു.

ശ്ലോകം 10
തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂർ‍വ്വകം
ദദാമി ബുദ്ധിയോഗം തം യേന മാമുപയാന്തി തേ (10)

സദാ എന്നിൽ മനസ്സുറപ്പിച്ചവരും, പ്രീതിപൂർ‍വം എന്നെ ഭജിക്കുന്ന വരുമായ അവർ‍ക്ക് ഞാ‍ൻ ബുദ്ധിയോഗത്തെ നല്കുകയും അതിലൂടെ അവർ‍ എന്നെ പ്രാപിക്കുകയും ചെയ്യുന്നു.

ശ്ലോകം 11
തേഷാമേവാനുകമ്പാർ‍ഥമഹമജ്ഞാനജം തമഃ
നാശയാമ്യാത്മഭാവസ്ഥോ ജ്ഞാനദീപേന ഭാസ്വതാ (11)

(അവരുടെ) ഹൃദയത്തിലിരിക്കുന്നവനായ ഞാൻ അവരോടുള്ള അനുകമ്പ ഹേതുവായി (അവരിലുള്ള) അജ്ഞാനത്തിൽ നിന്നുണ്ടായ അന്ധകാരത്തെ ഉജ്ജ്വലമായ ജ്ഞാനദീപം കൊണ്ട് നശിപ്പിക്കുന്നു.

ശ്ലോകങ്ങൾ 12, 13

അർ‍ജുന ഉവാച

പരം ബ്രഹ്മ പരം ധാമ പവിത്രം പരമം ഭവാൻ
പുരുഷം ശാശ്വതം ദിവ്യമാദിദേവമജം വിഭും (12)
ആഹുസ്ത്വാമൃഷയഃ സർ‍വ്വേ ദേവർ‍ഷിർ‍നാരദസ്തഥാ
അസിതോ ദേവലോ വ്യാസഃ സ്വയം ചൈവ ബ്രവീഷി മേ (13)

അർ‍ജുനൻ പറഞ്ഞു: പരബ്രഹ്മവും, പരമമായ നിവാസസ്ഥാനവും, പരമപാവകനും അങ്ങുതന്നെ. അങ്ങ് ശാശ്വതനും, ദിവ്യനും, ആദിദേവനും, ജന്മഹീനനും, സർ‍വവ്യാപിയുമായ പുരുഷനാണെന്നു ദേവർ‍ഷിയായ നാരദനും, അസിതൻ, ദേവലൻ, വ്യാസൻ എന്നീ ഋഷിമാരും പറഞ്ഞിട്ടുണ്ട്. അവിടുന്നു സ്വയം അതുതന്നെ എന്നോടു പറയുന്നു.

ശ്ലോകം 14
സർ‍വ്വമേതദൃതം മന്യേ യന്മാം വദസി കേശവ
ന ഹി തേ ഭഗവന്വ്യക്തിം വിദുർ‍ദേവാ ന ദാനവാഃ (14)

കേശവാ! അങ്ങ് പറയുന്നതെല്ലാം സത്യം തന്നെയെന്ന് ഞാൻ കരുതുന്നു. ഭഗവാനേ! അങ്ങയുടെ പ്രഭാവത്തെ ദേവന്മാരും ദാനവ ന്മാരും അറിയുന്നില്ല.

ശ്ലോകം 15
സ്വയമേവാത്മനാത്മാനം വേത്ഥ ത്വം പുരുഷോത്തമ
ഭൂതഭാവന ഭൂതേശ ദേവദേവ ജഗത്പതേ (15)

പുരുഷോത്തമനും സർ‍വഭൂതങ്ങളുടെയും ഉദ്ഭവസ്ഥാനവും, ഈശ്വരനും, ജഗത്പതിയുമായ കൃഷ്ണാ! അങ്ങ് സ്വയം അങ്ങയെ ആത്മാവായി (ഞാൻ ആത്മാവാണ് എന്ന്) അറിയുന്നു.

ശ്ലോകം 16
വക്തുമർ‍ഹസ്യശേഷേണ ദിവ്യാ ഹ്യാത്മവിഭൂതയഃ
യാഭിർ‍വിഭൂതിഭിർ‍ലോകാനിമാംസ്ത്വം വ്യാപ്യ തിഷ്ഠസി (16)

അങ്ങയുടെ ദിവ്യങ്ങളായ വിഭൂതികളെയും, അങ്ങ് ഏതേതു വിഭൂതികളാൽ ഈ ലോകങ്ങളെ വ്യാപിച്ചു നില്ക്കുന്നുവോ അവയേയും അങ്ങു പൂർ‍ണ്ണമായി പറയേണ്ടതാണ്.

ശ്ലോകം 17
കഥം വിദ്യാമഹം യോഗിംസ്ത്വാം സദാ പരിചിന്തയൻ
കേഷു കേഷു ച ഭാവേഷു ചിന്ത്യോഽസി ഭഗവന്മയാ (17)

ഭഗവാനേ! നിരന്തരം ധ്യാനിച്ചുകൊണ്ട് ഞാൻ അങ്ങയെ എങ്ങനെ യാണ് അറിയുക? ഏതേതു ഭാവങ്ങളിലാണ് (വസ്തുക്കളിലാണ്) ഞാൻ അങ്ങയെ ധ്യാനിക്കേണ്ടത്?

ശ്ലോകം 18
വിസ്തരേണാത്മനോ യോഗം വിഭൂതിം ച ജനാർ‍ദന
ഭൂയഃ കഥയ തൃപ്തിർ‍ഹി ശൃണ്വതോ നാസ്തി മേഽമൃതം (18)

ജനാർ‍ദ്ദനാ! അങ്ങയുടെ യോഗത്തേയും വിഭൂതികളെയും വീണ്ടും വിസ്തരിച്ച് പറഞ്ഞാലും. അങ്ങയുടെ അമൃതസമമായ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന എനിക്ക് ഒരിക്കലും തൃപ്തി ഉണ്ടാകുന്നില്ല.

ശ്ലോകം 19

ശ്രീഭഗവാനുവാച

ഹന്ത തേ കഥയിഷ്യാമി ദിവ്യാ ഹ്യാത്മവിഭൂതയഃ
പ്രാധാന്യതഃ കുരുശ്രേഷ്ഠ നാസ്ത്യന്തോ വിസ്തരസ്യ മേ (19)

കൃഷ്ണൻ പറഞ്ഞു: ഹേ അർ‍ജുനാ! എന്റെ ദിവ്യങ്ങളായ വിഭൂതികളെ അവയുടെ പ്രാധാന്യമനുസരിച്ച് നിന്നോടു പറയാം. അവയെ വിശദീകരിക്കുകയാണെങ്കിൽ അതിന് ഒരന്തവുമുണ്ടാവില്ല.

ശ്ലോകം 20
അഹമാത്മാ ഗുഡാകേശ സർ‍വ്വഭൂതാശയസ്ഥിതഃ
അഹമാദിശ്ച മധ്യം ച ഭൂതാനാമന്ത ഏവ ച (20)

അർ‍ജുനാ! ഞാൻ സകലഭൂതങ്ങളുടെയും ഹൃദയത്തി‍ൽ സ്ഥിതി ചെയ്യുന്ന ആത്മാവാണ്. സകലചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്.

ശ്ലോകം 21
ആദിത്യാനാമഹം വിഷ്ണുർ‍ജ്യോതിഷാം രവിരംശുമാൻ
മരീചിർ‍മംരുതാമസ്മി നക്ഷത്രാണാമഹം ശശീ (21)

ആദിത്യന്മാരിൽ വിഷ്ണുവും, ജ്യോതിസ്സുകളിൽ അത്യുജ്വലനായ സൂര്യനും, വായുദേവന്മാരിൽ മരീചിയും, നക്ഷത്രങ്ങളിൽ (നശിക്കാത്ത വസ്തുക്കളിൽ) ചന്ദ്രനും ഞാനാണ്.

ശ്ലോകം 22
വേദാനാം സാമവേദോഽസ്മി ദേവാനാമസ്മി വാസവഃ
ഇന്ദ്രിയാണാം മനശ്ചാസ്മി ഭൂതാനാമസ്മി ചേതനാ (22)

വേദങ്ങളിൽ ഞാൻ സാമവേദമാണ്; ദേവന്മാരിൽ ഞാൻ ഇന്ദ്രനുമാണ്. ഇന്ദ്രിയങ്ങളിൽ ഞാൻ മനസ്സാകുന്നു. ഭൂതങ്ങളിലുള്ള ബുദ്ധിയും ഞാനാണ്.

ശ്ലോകം 23
രുദ്രാണാം ശങ്കരശ്ചാസ്മി വിത്തേശോ യക്ഷരക്ഷസാം
വസൂനാം പാവകശ്ചാസ്മി മേരുഃ ശിഖരിണാമഹം (23)

രുദ്രന്മാരിൽ ശങ്കരനും, യക്ഷന്മാരിലും രാക്ഷസന്മാരിലും കുബേരനും ഞാനാണ്. വസുക്കളിൽ അഗ്നിയും, പർ‍വതങ്ങളിൽ മഹാമേരുവും ഞാനാണ്.

ശ്ലോകം 24
പുരോധസാം ച മുഖ്യം മാം വിദ്ധി പാർ‍ഥ ബൃഹസ്പതിം
സേനാനീനാമഹം സ്കന്ദഃ സരസാമസ്മി സാഗരഃ (24)

അർ‍ജുനാ! പുരോഹിതന്മാരിൽ മുഖ്യനായ ബൃഹസ്പതിയാണ് ഞാൻ എന്നറിഞ്ഞാലും. സൈന്യാധിപന്മാരിൽ ഞാൻ സ്കന്ദനാണ്. ജലാശയങ്ങളിൽ സമുദ്രവും ഞാനാണ്.

ശ്ലോകം 25
മഹർ‍ഷിണാം ഭൃഗുരഹം ഗിരാമസ്മ്യേകമക്ഷരം
യജ്ഞാനാം ജപയജ്ഞോഽസ്മി സ്ഥാവരാണാം ഹിമാലയഃ (25)

ഞാൻ മഹർ‍ഷിമാരിൽ ഭൃഗുവും, വാക്കുകളിൽ ഏകാക്ഷരമായ ഓങ്കാരവുമാകുന്നു. യജ്ഞങ്ങളിൽ ജപയജ്ഞവും സ്ഥാവരങ്ങളിൽ ഹിമാലയവും ഞാനാണ്.

ശ്ലോകങ്ങൾ 26, 27
അശ്വത്ഥഃ സർ‍വ്വവൃക്ഷാണാം ദേവർ‍ഷീണാം ച നാരദഃ
ഗന്ധർ‍വ്വാണാം ചിത്രരഥഃ സിദ്ധാനാം കപിലോ മുനിഃ (26)
ഉച്ചൈഃശ്രവസമശ്വാനാം വിദ്ധി മാമമൃതോദ്ഭവം
ഐരാവതം ഗജേന്ദ്രാണാം നരാണാം ച നരാധിപം (27)

എല്ലാ വൃക്ഷങ്ങളിലും വെച്ച് അശ്വത്ഥവും, ദേവർ‍ഷിമാരിൽ നാരദനും, ഗന്ധർ‍വന്മാരിൽ ചിത്രരഥനും, സിദ്ധന്മാരിൽ കപിലമുനിയും ഞാനാണ്. അശ്വങ്ങളിൽ അമൃതത്തിൽ നിന്നുണ്ടായ (അമൃത ത്തിനുവേണ്ടി സമുദ്രമഥനം ചെയ്തപ്പോ‍ ഉദ്ഭവിച്ച) ഉച്ചൈഃശ്രവസ്സും, ഗജേന്ദ്രന്മാരിൽ ഐരാവതവും, മനുഷ്യരിൽ രാജാവും ഞാനാണ് എന്നറിഞ്ഞാലും.

ശ്ലോകങ്ങൾ 28, 29
ആയുധാനാമഹം വജ്രം ധേനൂനാമസ്മി കാമധുക്
പ്രജനശ്ചാസ്മി കന്ദർ‍പഃ സർ‍പാണാമസ്മി വാസുകിഃ (28)
അനന്തശ്ചാസ്മി നാഗാനാം വരുണോ യാദസാമഹം
പിതൃണാമര്യമാ ചാസ്മി യമഃ സംയമതാമഹം (29)

ആയുധങ്ങളിൽ വജ്രവും, പശുക്കളിൽ കാമധേനുവും, ജനകന്മാരിൽ കാമദേവനും, സർ‍പ്പങ്ങളിൽ വാസുകിയും ഞാനാണ്. നാഗങ്ങളിൽ അനന്തനും ഞാനാണ്. ജലദേവതമാരിൽ വരുണനും, പിതൃക്കളിൽ അര്യമാവും, നിയന്താക്കളിൽ യമനും ഞാനാണ്.

ശ്ലോകം 30
പ്രഹ്ലാദശ്ചാസ്മി ദൈത്യാനാം കാലഃ കലയതാമഹം
മൃഗാണാം ച മൃഗേന്ദ്രോഽഹം വൈനതേയശ്ച പക്ഷിണാം (30)

ദൈത്യന്മാരി‍‍ൽ പ്രഹ്ലാദൻ ഞാനാണ്. കണക്കെടുക്കന്നവരിൽ കാലവും ഞാനാണ്. മൃഗങ്ങളിൽ സിംഹവും, പക്ഷികളിൽ ഗരുഡനും ഞാനാണ്.

ശ്ലോകം 31
പവനഃ പവതാമസ്മി രാമഃ ശസ്ത്രഭൃതാമഹം
ഝഷാണാം മകരശ്ചാസ്മി സ്രോതസാമസ്മി ജാഹ്നവീ (31)

ശുദ്ധീകരിക്കുന്നവരിൽ വായു ഞാനാണ്. ആയുധധാരികളിൽ രാമനും ഞാനാണ്. മത്സ്യങ്ങളിൽ സ്രാവും, നദികളിൽ ഗംഗയും ഞാനാണ്.

ശ്ലോകം 32
സർ‍ഗാണാമാദിരന്തശ്ച മധ്യം ചൈവാഹമർ‍ജുന
അധ്യാത്മവിദ്യാ വിദ്യാനാം വാദഃ പ്രവദതാമഹം (32)

അർ‍ജുനാ! സൃഷ്ടികളുടെ ഉല്പത്തിസ്ഥിതിലയങ്ങൾ ഞാനാണ്. വിദ്യകളിൽ അദ്ധ്യാത്മവിദ്യയും, തർ‍ക്കിക്കുന്നവരുടെ വാദവും ഞാനാണ്.

ശ്ലോകം 33
അക്ഷരാണാമകാരോഽസ്മി ദ്വന്ദ്വഃ സാമാസികസ്യ ച
അഹമേവാക്ഷയഃ കാലോ ധാതാഹം വിശ്വതോമുഖഃ (33)

അക്ഷരങ്ങളിൽ അകാരവും, സമാസങ്ങളിൽ ദ്വന്ദ്വവും ഞാനാകുന്നു. ക്ഷയമില്ലാത്ത കാലവും, സകലദിക്കുകളിലും മുഖമുള്ള ജഗത്പാലകനും ഞാനാകുന്നു.

ശ്ലോകം 34
മൃത്യുഃ സർ‍വ്വഹരശ്ചാഹമുദ്ഭവശ്ച ഭവിഷ്യതാം
കീർ‍ത്തിഃ ശ്രീർ‍വാക്ച നാരീണാം സ്മൃതിർ‍മേധാ ധൃതിഃ ക്ഷമാ (34)

സകലതിനെയും സംഹരിക്കുന്ന മൃത്യു ഞാനാകുന്നു. സമൃദ്ധിയുള്ളവരാ കുവാൻ പോകുന്നവരുടെ സമൃദ്ധിയും, സ്ത്രൈണഗുണങ്ങളായ കീർ‍ത്തി, ശ്രീ, വാക്ക്, സ്മൃതി, ബുദ്ധി, ധൈര്യം, ക്ഷമ എന്നിവയും ഞാനാകുന്നു.

ശ്ലോകം 35
ബൃഹത്സാമ തഥാ സാമ്നാം ഗായത്രീ ഛന്ദസാമഹം
മാസാനാം മാർ‍ഗശീർ‍ഷോഽഹമൃതൂനാം കുസുമാകരഃ (35)

സാമമന്ത്രങ്ങളിൽ ബൃഹത്സാമവും, ഛന്ദസ്സുകളിൽ ഗായത്രിയുമാണ് ഞാൻ. മാസങ്ങളിൽ മാ‍ർ‍ഗശീർ‍ഷവും, ഋതുക്കളിൽ വസന്തവും ഞാനാകുന്നു.

ശ്ലോകം 36
ദ്യൂതം ഛലയതാമസ്മി തേജസ്തേജസ്വിനാമഹം
ജയോഽസ്മി വ്യവസായോഽസ്മി സത്ത്വം സത്ത്വവതാമഹം (36)

വഞ്ചിക്കുന്നവർ‍ കളിക്കുന്ന ചൂതുകളിയും, തേജസ്വികളുടെ തേജസ്സും, വിജയവും, പ്രയത്നവും, സാത്വികന്മാരുടെ സത്വഗുണവും ഞാനാകുന്നു.

ശ്ലോകം 37
വൃഷ്ണീനാം വാസുദേവോഽസ്മി പാണ്ഡവാനാം ധനഞ്ജയഃ
മുനീനാമപ്യഹം വ്യാസഃ കവീനാമുശനാ കവിഃ (37)

വൃഷ്ണികളിൽ ഞാൻ വാസുദേവനാകുന്നു. ഞാൻ പാണ്ഡവന്മാരിൽ അർ‍ജുനനും, മുനികളിൽ വ്യാസനും, കവികളിൽ (ജ്ഞാനികളിൽ) ശുക്രനുമാകുന്നു.

ശ്ലോകം 38
ദണ്ഡോ ദമയതാമസ്മി നീതിരസ്മി ജിഗീഷതാം
മൌനം ചൈവാസ്മി ഗുഹ്യാനാം ജ്ഞാനം ജ്ഞാനവതാമഹം (38)

ശിക്ഷ നല്കുന്നവരുടെ ദണ്ഡവും (ശിക്ഷയും), ജയേച്ഛുക്കളിലെ നയവും ഞാനാകുന്നു. രഹസ്യങ്ങളിൽ മൗനവും, ജ്ഞാനികളുടെ ജ്ഞാനവും ഞാനാകുന്നു.

ശ്ലോകം 39
യച്ചാപി സർ‍വ്വഭൂതാനാം ബീജം തദഹമർ‍ജുന
ന തദസ്തി വിനാ യത്സ്യാന്മയാ ഭൂതം ചരാചരം (39)

അർ‍ജുനാ! സകലഭൂതങ്ങളുടേയും ഉല്പത്തികാരണമായത് യാതൊന്നാണോ അത് ഞാനാണ്. എന്നെക്കൂടാതെ ജീവിക്കുവാൻ കഴിയുന്നതായി ചരവും അചരവുമായ യാതൊരു വസ്തുവുമില്ല.

ശ്ലോകം 40
നാന്തോഽസ്തി മമ ദിവ്യാനാം വിഭൂതീനാം പരന്തപ
ഏഷ തൂദ്ദേശതഃ പ്രോക്തോ വിഭൂതേർ‍വിസ്തരോ മയാ (40)

അർ‍ജുനാ! എന്റെ ദിവ്യങ്ങളായ വിഭൂതികൾക്ക് അന്തമില്ല. എന്റെ വിഭൂതികളെക്കുറിച്ചുള്ള ഈ വിവരണം ഞാൻ സംക്ഷേപിച്ച് പറഞ്ഞിട്ടുള്ളതാണ്.

ശ്ലോകം 41
യദ്യദ്വിഭൂതിമത്സത്ത്വം ശ്രീമദൂർ‍ജിതമേവ വാ
തത്തദേവാവഗച്ഛ ത്വം മമ തേജോംഽശസംഭവം (41)

വിഭൂതിയോടുകൂടിയോ, ഐശ്വര്യത്തോടുകൂടിയോ, കരുത്തോടു കൂടിയോ ഉള്ള ഏതെല്ലാം വസ്തുവുണ്ടോ അവയെല്ലാം എന്റെ തേജസ്സിന്റെ അംശത്തിൽ നിന്നുണ്ടായതുതന്നെയെന്ന് നീ അറിഞ്ഞാലും.

ശ്ലോകം 42
അഥവാ ബഹുനൈതേന കിം ജ്ഞാതേന തവാർ‍ജുന
വിഷ്ടഭ്യാഹമിദം കൃത്സ്നമേകാംശേന സ്ഥിതോ ജഗത് (42)

അർ‍ജുനാ! അല്ലെങ്കിൽ തന്നെ വിസ്തൃതമായ ഇതിനെയെല്ലാം അറിഞ്ഞിട്ട് നിനക്കെന്തു കാര്യം? എന്റെ ഒരംശം കൊണ്ട് ഈ ജഗത്തിനെ മുഴുവൻ താങ്ങിയിട്ട് ഞാൻ വർ‍ത്തിക്കുന്നു.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ വിഭൂതിയോഗോ നാമ ദശമോദ്ധ്യായഃ സമാപ്തഃ

വിശ്വരൂപദ‍ർശനയോഗഃ അദ്ധ്യായം 11 - 55 ശ്ലോകങ്ങൾ

പതിനൊന്നാം അദ്ധ്യായം കേൾക്കാം

പതിനൊന്നാം അദ്ധ്യായം: വിശ്വരൂപദ‍ർശനയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

അർ‍ജുന ഉവാച

ശ്ലോകം 01
മദനുഗ്രഹായ പരമം ഗുഹ്യമധ്യാത്മസംജ്ഞിതം
യത്ത്വയോക്തം വചസ്തേന മോഹോഽയം വിഗതോ മമ (1)

അർ‍ജുനൻ പറഞ്ഞു: എന്നെ അനുഗ്രഹിക്കുവാനായി (എന്നോടുള്ള കാരുണ്യം ഹേതുവായി) അങ്ങ് പറഞ്ഞ ആദ്ധ്യാത്മികവും, പരമരഹസ്യവുമായ വാക്കുകളാൽ എന്റെ ഈ മോഹം അകന്നു പോയി.

ശ്ലോകം 02
ഭവാപ്യയൌ ഹി ഭൂതാനാം ശ്രുതൌ വിസ്തരശോ മയാ
ത്വത്തഃ കമലപത്രാക്ഷ മാഹാത്മ്യമപി ചാവ്യയം (2)

കൃഷ്ണാ! ഭൂതങ്ങളുടെ ഉത്ഭവത്തെയും, നാശത്തെയും കുറിച്ചും, അങ്ങയുടെ അനശ്വരമായ മാഹാത്മ്യത്തെക്കുറിച്ചും അങ്ങയിൽ നിന്ന് ഞാൻ വിശദമായി കേട്ടു.

ശ്ലോകം 03
ഏവമേതദ്യഥാത്ഥ ത്വമാത്മാനം പരമേശ്വര
ദ്രഷ്ടുമിച്ഛാമി തേ രൂപമൈശ്വരം പുരുഷോത്തമ (3)

കൃഷ്ണാ! അങ്ങയുടെ സ്വരൂപത്തെക്കുറിച്ച് അങ്ങ് പറയുന്നതെല്ലാം അപ്രകാരം തന്നെയാണ്. ഹേ പുരുഷോത്തമാ! ഞാൻ അങ്ങയുടെ ഈശ്വരീയമായ രൂപത്തെ കാണുവാൻ ആഗ്രഹിക്കുന്നു.

ശ്ലോകം 04
മന്യസേ യദി തച്ഛക്യം മയാ ദ്രഷ്ടുമിതി പ്രഭോ
യോഗേശ്വര തതോ മേ ത്വം ദർ‍ശയാത്മാനമവ്യയം (4)

യോഗേശ്വരാ! എനിക്ക് ആ രൂപം കാണുവാൻ സാധ്യമാണെന്ന് അങ്ങ് കരുതുന്നുവെങ്കിൽ അങ്ങയുടെ അവിനാശിയായ സ്വരൂപത്തെ എനിക്കു കാണിച്ചുതന്നാലും.

ശ്ലോകം 05

ശ്രീഭഗവാനുവാച

പശ്യ മേ പാർ‍ഥ രൂപാണി ശതശോഽഥ സഹസ്രശഃ
നാനാവിധാനി ദിവ്യാനി നാനാവർ‍ണാകൃതീനി ച (5)

ശ്രീകൃഷ്ണൻ പറഞ്ഞു: അർ‍ജുനാ! നാനാവിധത്തിലുള്ളവയും, ദിവ്യങ്ങളും, നാനാവർ‍ണങ്ങളോടും ആകൃതികളോടുംകൂടിയവയുമായ നൂറുകണക്കിനും, ആയിരക്കണക്കിനുമുള്ള എന്റെ രൂപങ്ങളെ നീ കാണുക.

ശ്ലോകം 06
പശ്യാദിത്യാന്വസൂൻ രുദ്രാനശ്വിനൌ മരുതസ്തഥാ
ബഹൂന്യദൃഷ്ടപൂർ‍വ്വാണി പശ്യാശ്ചര്യാണി ഭാരത (6)

അർ‍ജുനാ! ആദിത്യന്മാരെയും, വസുക്കളെയും, രുദ്രന്മാരെയും, അശ്വിനികളെയും, മരുത്തുകളെയും നീ (എന്റെ വിശ്വരൂപത്തിൽ) കാണുക. മുമ്പു കണ്ടിട്ടില്ലാത്ത അനവധി ആശ്ചര്യങ്ങളെയും കാണുക.

ശ്ലോകം 07
ഇഹൈകസ്ഥം ജഗത്കൃത്സ്നം പശ്യാദ്യ സചരാചരം
മമ ദേഹേ ഗുഡാകേശ യച്ചാന്യദ് ദ്രഷ്ടുമിച്ഛസി (7)

അഖിലചരാചരങ്ങളോടുകൂടിയ സമ്പൂർ‍ണ്ണ ജഗത്തും, നീ കാണുവാനിച്ഛിക്കുന്ന മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അതും എന്റെ ശരീരത്തി‍‍ൽ ഒരുമിച്ചിരിക്കുന്നത് ഇതാ നീ കാണുക.

ശ്ലോകം 08
ന തു മാം ശക്യസേ ദ്രഷ്ടുമനേനൈവ സ്വചക്ഷുഷാ
ദിവ്യം ദദാമി തേ ചക്ഷുഃ പശ്യ മേ യോഗമൈശ്വരം (8)

എന്നാൽ, നിന്റെ ഈ കണ്ണുകൾ കൊണ്ട് എന്നെ കാണുവാൻ നിനക്ക് സാധിക്കുകയില്ല. ഞാൻ നിനക്കു ദിവ്യമായ ചക്ഷുസ്സ് നല്കാം. (അവയിലൂടെ) നീ എന്റെ ഈശ്വരീയമായ യോഗശക്തിയെ കണ്ടാലും.

ശ്ലോകം 09

സഞ്ജയ ഉവാച

ഏവമുക്ത്വാ തതോ രാജന്മഹായോഗേശ്വരോ ഹരിഃ
ദർ‍ശയാമാസ പാർ‍ഥായ പരമം രൂപമൈശ്വരം (9)

സഞ്ജയൻ പറഞ്ഞു: രാജാവേ! ഇപ്രകാരം പറഞ്ഞിട്ട് മഹായോഗേശ്വരനായ ശ്രീകൃഷ്ണ‍ൻ തന്റെ പരമവും ഈശ്വരീയവുമായ രൂപത്തെ അർ‍ജുനന് കാണിച്ചു.

ശ്ലോകങ്ങൾ 10, 11
അനേകവക്ത്രനയനമനേകാദ്ഭുതദർ‍ശനം
അനേകദിവ്യാഭരണം ദിവ്യാനേകോദ്യതായുധം (10)
ദിവ്യമാല്യാംബരധരം ദിവ്യഗന്ധാനുലേപനം
സർ‍വ്വാശ്ചര്യമയം ദേവമനന്തം വിശ്വതോമുഖം (11)

അനേകം മുഖങ്ങളും, കണ്ണുകളുമുള്ളതും, അത്ഭുതകരങ്ങളായ അനേക ദൃശ്യങ്ങളുള്ളതും, ദിവ്യങ്ങളായ അനേകം ആയുധങ്ങളേന്തിയ കൈകളുള്ളതും, അനേകം ദിവ്യാഭരണങ്ങളും, ദിവ്യമാല്യങ്ങളും, വസ്ത്രങ്ങളും, ദിവ്യസുഗന്ധങ്ങളും അണിഞ്ഞിട്ടുള്ളതും, എല്ലാ പ്രാകരത്തിലും ആശ്ചര്യകരവും, ശോഭനവും, അനന്തവുമായിരിക്കുന്ന തന്റെ വിശ്വരൂപത്തെ കാണിച്ചു.

ശ്ലോകം 12
ദിവി സൂര്യസഹസ്രസ്യ ഭവേദ്യുഗപദുത്ഥിതാ
യദി ഭാഃ സദൃശീ സാ സ്യാദ്ഭാസസ്തസ്യ മഹാത്മനഃ (12)

ആയിരം സൂര്യന്മാരുടെ ശോഭ ഒരുമിച്ച് ആകാശത്തിൽ ഉദിച്ചാലുണ്ടാകുന്നതിനു സദൃശമായിരുന്നു ആ മഹാത്മാവിന്റെ (വിശ്വരൂപത്തിന്റെ) ദീപ്തി.

ശ്ലോകം 13
തത്രൈകസ്ഥം ജഗത്കൃത്സ്നം പ്രവിഭക്തമനേകധാ
അപശ്യദ്ദേവദേവസ്യ ശരീരേ പാണ്ഡവസ്തദാ (13)

അപ്പോൾ അർ‍ജുനൻ പ്രപഞ്ചം മുഴുവൻ, അനേകവിധത്തിലുള്ള വേർ‍തിരിവുകളോടെ, ദേവദേവനായ ശ്രീകൃഷ്ണന്റെ ആ ശരീരത്തി‍ൽ ഒന്നിച്ചു സ്ഥിതിചെയ്യുന്നത് കണ്ടു.

ശ്ലോകം 14
തതഃ സ വിസ്മയാവിഷ്ടോ ഹൃഷ്ടരോമാ ധനഞ്ജയഃ
പ്രണമ്യ ശിരസാ ദേവം കൃതാഞ്ജലിരഭാഷത (14)

അതുകണ്ട്, ആശ്ചര്യഭരിതനും, പുളകിതഗാത്രനും ആയിത്തീർ‍ന്ന ആ അർ‍ജുനൻ ഭഗവാനെ ശിരസ്സുകൊണ്ട് വണങ്ങിയിട്ട് ഇപ്രകാരം സംസാരിച്ചു.

അർ‍ജുന ഉവാച

ശ്ലോകം 15
പശ്യാമി ദേവാംസ്തവ ദേവ ദേഹേ
സർ‍വ്വാംസ്തഥാ ഭൂതവിശേഷസംഘാൻ
ബ്രഹ്മാണമീശം കമലാസനസ്ഥ-
മൃഷീംശ്ച സർ‍വ്വാനുരഗാംശ്ച ദിവ്യാൻ (15)

അർ‍ജുനൻ പറഞ്ഞു: ഭഗവാനേ! ഞാൻ അങ്ങയുടെ ഈ ശരീരത്തിൽ എല്ലാ ദേവന്മാരേയും, സകല ഭുതഗണങ്ങളേയും, താമരയിലിരിക്കുന്ന ബ്രഹ്മദേവനെയും, ഋഷിമാരേയും, സകല ദിവ്യസർ‍പങ്ങളേയും കാണുന്നു.

ശ്ലോകം 16
അനേകബാഹൂദരവക്ത്രനേത്രം
പശ്യാമി ത്വാം സർ‍വ്വതോഽനന്തരൂപം
നാന്തം ന മധ്യം ന പുനസ്തവാദിം
പശ്യാമി വിശ്വേശ്വര വിശ്വരൂപ (16)

വിശ്വരൂപനും വിശ്വേശ്വരനുമായ ഹേ കൃഷ്ണാ! അനേകം കൈകളും, ഉദരങ്ങളും, മുഖങ്ങളും, നേത്രങ്ങളുമുള്ളവനും അനന്തരൂപനുമായ അങ്ങയെ ഒരാളെ മാത്രമേ സകലദിക്കുകളിലും ഞാൻ കാണുന്നുള്ളു. അവിടത്തെ അന്തമോ മദ്ധ്യമോ ആദിയോ ഞാനൊട്ടു കാണുന്നുമില്ല.

ശ്ലോകം 17
കിരീടിനം ഗദിനം ചക്രിണം ച
തേജോരാശിം സർ‍വതോ ദീപ്തിമന്തം
പശ്യാമി ത്വാം ദുർ‍നിരീക്ഷ്യം സമന്താദ്
ദീപ്താനലാർ‍കദ്യുതിമപ്രമേയം (17)

കിരീടവും ഗദയും ചക്രവും ധരിച്ചവനും, സർ‍വ്വത്ര ശോഭിക്കുന്ന തേജോരാശിയെപ്പോലെയുള്ളവനും, നോക്കിക്കാണുവാൻ വയ്യാത്ത വിധത്തിൽ കത്തിജ്വലിക്കുന്ന അഗ്നിസുര്യന്മാരുടെ ശോഭയോടു കൂടിയവനും, അപരിമേയനുമായ അങ്ങയെ ഞാൻ കാണുന്നു.

ശ്ലോകം 18
ത്വമക്ഷരം പരമം വേദിതവ്യം
ത്വമസ്യ വിശ്വസ്യ പരം നിധാനം
ത്വമവ്യയഃ ശാശ്വതധർ‍മഗോപ്താ
സനാതനസ്ത്വം പുരുഷോ മതോ മേ (18)

അങ്ങ് നാശമില്ലാത്തവനും, എല്ലാവരാലും അറിയപ്പെടേണ്ടവനായ പരമപുരുഷനും, ഈ ലോകത്തിന്റെ പരമമായ ആശ്രയവുമാകുന്നു. അങ്ങ് ശാശ്വതമായ ധർ‍മ്മത്തിന്റെ അമരനായ പരിപാലകനും, പുരാതനനായ പുരുഷനുമാണെന്നാണ് ഞാൻ കരുതുന്നത്.

ശ്ലോകം 19
അനാദിമധ്യാന്തമനന്തവീര്യ-
മനന്തബാഹും ശശിസൂര്യനേത്രം
പശ്യാമി ത്വാം ദീപ്തഹുതാശവക്‌ത്രം
സ്വതേജസാ വിശ്വമിദം തപന്തം (19)

ആദിമദ്ധ്യാന്തങ്ങളില്ലാത്തവനും, അളവറ്റ ശക്തിയോടുകൂടിയവനും, അനേകം കൈകളുള്ളവനും, സൂര്യചന്ദ്രന്മാരാകുന്ന കണ്ണുകളോടു കൂടിയവനും, ജ്വലിക്കുന്ന അഗ്നിയാകുന്ന വക്‌ത്രത്തോടുകൂടിയവനും, സ്വതേജസ്സിനാൽ ഈ ലോകം മുഴുവനും തപിപ്പിക്കുന്നവനുമായ അങ്ങയെ ഞാൻ കാണുന്നത്.

ശ്ലോകം 20
ദ്യാവാപൃഥിവ്യോരിദമന്തരം ഹി
വ്യാപ്തം ത്വയൈകേന ദിശശ്ച സർ‍വ്വാഃ
ദൃഷ്ട്വാദ്ഭുതം രൂപമുഗ്രം തവേദം
ലോകത്രയം പ്രവ്യഥിതം മഹാത്മൻ (20)

ഹേ മഹാത്മാവേ! ഭുമിയ്ക്കും ദ്യുലോകത്തിനുമിടയിലുള്ള ഈ ആകാശവും, എല്ലാ ദിക്കുകളും ഏകനായ അങ്ങയാൽ വ്യാപ്തമായി രിക്കുന്നു. അങ്ങയുടെ അദ്ഭുതകരവും അത്യുഗ്രമായ ഈ രൂപം കണ്ട് മൂന്നു ലോകവും നടുങ്ങിപ്പോകുന്നു.

ശ്ലോകം 21
അമീ ഹി ത്വാം സുരസംഘാ വിശന്തി
കേചിദ്ഭീതാഃ പ്രാഞ്ജലയോ ഗൃണന്തി
സ്വസ്തീത്യുക്ത്വാ മഹർ‍ഷിസിദ്ധസംഘാഃ
സ്തുവന്തി ത്വാം സ്തുതിഭിഃ പുഷ്കലാഭിഃ (21)

ഈ ദേവഗണങ്ങൾ അങ്ങയുടെ ശരീരത്തിൽ പ്രവേശിക്കുന്നു. ചിലർ‍ ഭീതരായി അങ്ങയെ കൈകൂപ്പി വാഴ്ത്തുന്നു. മഹർ‍ഷിമാരും സിദ്ധന്മാരും "സ്വസ്തി" (സുഖമായിരിക്കട്ടെ) എന്നു പറഞ്ഞ് ഉത്തമങ്ങളായ സ്തുതികളാൽ അങ്ങയെ വാഴ്ത്തുകയും ചെയ്യുന്നു.

ശ്ലോകം 22
രുദ്രാദിത്യാ വസവോ യേ ച സാധ്യാ
വിശ്വേഽശ്വിനൌ മരുതശ്ചോഷ്മപാശ്ച
ഗന്ധർ‍വ്വയക്ഷാസുരസിദ്ധസംഘാ
വീക്ഷന്തേ ത്വാം വിസ്മിതാശ്ചൈവ സർ‍വ്വേ (22)

രുദ്രന്മാരും, ആദിത്യന്മാരും, വസുക്കളും, സാധ്യന്മാരും, വിശ്വേ ദേവന്മാരും, അശ്വനീദേവന്മാരും, മരുത്തുകളും, പിതൃഗണങ്ങളും, ഗന്ധർ‍വന്മാരും, യക്ഷന്മാരും, അസുരന്മാരും, സിദ്ധഗണങ്ങളുമെല്ലാം അത്ഭുതപരതന്ത്രരായി അങ്ങയെ വീക്ഷിക്കുന്നു.

ശ്ലോകം 23
രൂപം മഹത്തേ ബഹുവക്‌ത്രനേത്രം
മഹാബാഹോ ബഹുബാഹൂരുപാദം
ബഹൂദരം ബഹുദംഷ്ട്രാകരാലം
ദൃഷ്ട്വാ ലോകാഃ പ്രവ്യഥിതാസ്തഥാഹം (23)

ഹേ മഹാബാഹോ, അനേകം മുഖങ്ങളും, നേത്രങ്ങളും, കൈകളും, തുടകളും, പാദങ്ങളും, ഉദരങ്ങളും, ഭീതിദമായ ദംഷ്ട്രകളും ഉള്ള ഭവാന്റെ മഹത്തായ ഈ രൂപത്തെക്കണ്ട് ലോകരെല്ലാം നടുങ്ങിയിരിക്കുന്നു. ഞാനും അങ്ങനെതന്നെ ഭയാകുലനായിരിക്കുന്നു.

ശ്ലോകം 24
നഭഃസ്പൃശം ദീപ്തമനേകവർ‍ണം
വ്യാത്താനനം ദീപ്തവിശാലനേത്രം
ദൃഷ്ട്വാ ഹി ത്വാം പ്രവ്യഥിതാന്തരാത്മാ
ധൃതിം ന വിന്ദാമി ശമം ച വിഷ്ണോ (24)

ഹേ വിഷ്ണോ, ആകാശം സ്പർ‍ശിക്കുന്നവനും, അനേകവർ‍ണ്ണങ്ങളോടെ ശോഭിക്കുന്നവനും, തുറന്ന വക്ത്രങ്ങളോടുകൂടിയവനും, ജ്വലിക്കുന്ന വിശാലനേത്രങ്ങളുള്ളവനുമായ അങ്ങയെ കണ്ടിട്ട് എന്റെ ഹൃദയം ഭയം പൂണ്ടിരിക്കുന്നു. എനിക്കു ധൈര്യവും സമാധാനവും ലഭിക്കുന്നില്ല.

ശ്ലോകം 25
ദംഷ്ട്രാകരാലാനി ച തേ മുഖാനി
ദൃഷ്ട്വൈവ കാലാനലസന്നിഭാനി
ദിശോ ന ജാനേ ന ലഭേ ച ശർ‍മം
പ്രസീദ ദേവേശ ജഗന്നിവാസ (25)

ഘോരമായ ദംഷ്ട്രകളുള്ളതും, പ്രളയകാലത്തെ അഗ്നിയെ പ്പോലെയുള്ളവയുമായ അവിടുത്തെ മുഖങ്ങൾ കണ്ടിട്ട് എനിക്ക് ദിക്കുകൾ അറിയാതായിരിക്കുന്നു. മനസ്സിന് ശാന്തിയും ഉണ്ടാകുന്നില്ല. ഹേ ജഗദ്വ്യാപിയും ദേവേശനുമായ കൃഷ്ണാ, എന്നിൽ പ്രസാദിച്ചാലും.

ശ്ലോകങ്ങൾ 26, 27
അമീ ച ത്വാം ധൃതരാഷ്ട്രസ്യ പുത്രാഃ
സർ‍വ്വേ സഹൈവാവനിപാലസംഘൈഃ
ഭീഷ്മോ ദ്രോണഃ സൂതപുത്രസ്തഥാസൌ
സഹാസ്മദീയൈരപി യോധമുഖ്യൈഃ (26)

വക്ത്രാണി തേ ത്വരമാണാ വിശന്തി
ദംഷ്ട്രാകരാലാനി ഭയാനകാനി
കേചിദ്വിലഗ്നാ ദശനാന്തരേഷു
സന്ദൃശ്യന്തേ ചൂർ‍ണിതൈരുത്തമാംഗൈഃ (27)

രാജാക്കന്മാരുടെ സംഘങ്ങളോടൊപ്പം ധൃതരാഷ്ടന്റെ പുത്രന്മാരെല്ലാ വരും, ഭീഷ്മരും, ദ്രോണരും, ഈ കർ‍ണനും, ഞങ്ങളുടെ ഭാഗത്തുള്ള പ്രമുഖയോദ്ധാക്കളും ഘോരമായ ദംഷ്ട്രകളാൽ ഭയാനകമായിരിക്കുന്ന അങ്ങയുടെ വക്ത്രങ്ങളിലേയ്ക്ക് വളരെ വേഗതയോടെ പ്രവേശിക്കുന്നു. ചിലർ‍ തകർ‍ന്നു പൊടിഞ്ഞ തലകളോടുകുടി അങ്ങയുടെ പല്ലു കൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും കാണുപ്പെടുന്നു.

ശ്ലോകം 28
യഥാ നദീനാം ബഹവോംബുവേഗാഃ
സമുദ്രമേവാഭിമുഖാ ദ്രവന്തി
തഥാ തവാമീ നരലോകവീരാ
വിശന്തി വക്‌ത്രാണ്യഭിവിജ്വലന്തി (28)

എപ്രകാരം അനവധി നദികളുടെ പ്രവാഹങ്ങൾ സമുദ്രത്തെത്തന്നെ ലക്ഷ്യമാക്കി ഒഴുകുന്നുവോ അപ്രകാരം ഈ വീരന്മാർ‍ അങ്ങയുടെ തീക്ഷ്ണമായി ജ്വലിക്കുന്ന വക്‌ത്രങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു.

ശ്ലോകം 29
യഥാ പ്രദീപ്തം ജ്വലനം പതംഗാ
വിശന്തി നാശായ സമൃദ്ധവേഗാഃ
തഥൈവ നാശായ വിശന്തി ലോകാ-
സ്തവാപി വക്ത്രാണി സമൃദ്ധവേഗാഃ (29)

പാറ്റകൾ എങ്ങനെ നശിക്കാനായി കത്തിക്കാളുന്ന തീയിലേയ്ക്ക് അതിവേഗത്തിൽ പ്രവേശിക്കുന്നുവോ, അതുപോലെ തന്നെ ഈ ജനങ്ങളും നശിക്കുന്നതിനായി അതിവേഗത്തോടെ അങ്ങയുടെ വക്‌ത്രങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു.

ശ്ലോകം 30
ലേലിഹ്യസേ ഗ്രസമാനഃ സമന്താത്
ലോകാൻ സമഗ്രാന്വദനൈർ‍ ജ്വലദ്ഭിഃ
തേജോഭിരാപൂര്യ ജഗത്സമഗ്രം
ഭാസസ്തവോഗ്രാഃ പ്രതപന്തി വിഷ്ണോ (30)

ജ്വലിക്കുന്ന വക്ത്രങ്ങളാൽ സകലലോകങ്ങളെയും വിഴുങ്ങിക്കൊണ്ട് അങ്ങ് ചുണ്ടുകൾ തുടയ്ക്കുന്നു. ഹേ വിഷ്ണോ! അവിടുത്തെ തീക്ഷ്ണങ്ങളായ കിരണങ്ങൾ സമസ്തപ്രപഞ്ചത്തെയും തേജസ്സുകൊണ്ട് ആപൂരിത മാക്കിക്കൊണ്ട് അതിനെ തപിപ്പിക്കുന്നു.

ശ്ലോകം 31
ആഖ്യാഹി മേ കോ ഭവാനുഗ്രരൂപോ
നമോഽസ്തു തേ ദേവവര പ്രസീദ
വിജ്ഞാതുമിച്ഛാമി ഭവന്തമാദ്യം
ന ഹി പ്രജാനാമി തവ പ്രവൃത്തിം (31)

ഹേ ശ്രേഷ്ഠനായ ദേവാ! ഉഗ്രരൂപത്തോടുകൂടിയ അങ്ങ് ആരാണെന്നു പറഞ്ഞാലും. അങ്ങേയ്ക്കു നമസ്കാരം! എന്നി‍ൽ പ്രസാദിക്കു മാറാകണേ! ആദിപുരുഷനായ അങ്ങയെ ശരിയായി അറിയുവാൻ ഞാനാഗ്രഹിക്കുന്നു. അങ്ങയുടെ ഉദ്ദേശമെന്തെന്ന് ഞാൻ അറിയുന്നുമില്ല.

ശ്രീഭഗവാനുവാച

ശ്ലോകം 32
കാലോഽസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ
ലോകാന്സമാഹർ‍തുമിഹ പ്രവൃത്തഃ
ഋതേഽപി ത്വാം ന ഭവിഷ്യന്തി സർ‍വ്വേ
യേഽവസ്ഥിതാഃ പ്രത്യനീകേഷു യോധാഃ (32)

ഭഗവാൻ പറഞ്ഞു: ഞാൻ ലോകത്തെ നശിപ്പിക്കുന്ന കാലമാകുന്നു. ഇപ്പോൾ ഞാൻ ലോകസംഹാരമാകുന്ന കൃത്യത്തിലേർ‍പ്പെട്ടി രിക്കുകയാണ്. നീ ഇല്ലെങ്കിൽ പോലും ഇവിടെക്കൂടിയിരിക്കുന്ന ശത്രു പക്ഷത്തിലെ യോദ്ധാക്കളാരും ജീവിച്ചിരിക്കുകയില്ല.

ശ്ലോകം 33
തസ്മാത്ത്വമുത്തിഷ്ഠ യശോ ലഭസ്വ
ജിത്വാ ശത്രൂൻ ഭുങ്ക്ഷ്വ രാജ്യം സമൃദ്ധം
മയൈവൈതേ നിഹതാഃ പൂർ‍വ്വമേവ
നിമിത്തമാത്രം ഭവ സവ്യസാചിന് (33)

ഹേ അർ‍ജുനാ! നീ എഴുന്നേല്ക്കുക, യുദ്ധം ചെയ്തു വിജയവും കീർ‍ത്തിയും നേടുക. ശത്രുക്കളെ ജയിച്ച് സമൃദ്ധമായ രാജ്യം ഭരിച്ചു വാഴുക. ഇവരെല്ലാം മുമ്പു തന്നെ എന്നാൽ വധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നീ അതിന് ഒരു നിമിത്തം മാത്രമായാൽ മതി.

ശ്ലോകം 34
ദ്രോണം ച ഭീഷ്മം ച ജയദ്രഥം ച
കർ‍ണം തഥാന്യാനപി യോധവീരാൻ
മയാ ഹതാംസ്ത്വം ജഹി മാ വ്യഥിഷ്ഠാ
യുധ്യസ്വ ജേതാസി രണേ സപത്നാൻ (34)

എന്നാൽ വധിക്കപ്പെട്ടവരായ ദ്രോണരെയും ഭീഷ്മരെയും ജയദ്രഥനെയും കർ‍ണനെയും മറ്റു യുദ്ധവീരന്മാരെയും നീ വധിച്ചാലും. നീ വ്യസനിക്കരുത്. യുദ്ധം ചെയ്യൂ, നീ യുദ്ധത്തിൽ ശത്രുക്കളെ ജയിക്കും.

ശ്ലോകം 35

സഞ്ജയ ഉവാച

ഏതച്ഛ്രുത്വാ വചനം കേശവസ്യ
കൃതാഞ്ജലിർ‍വേപമാനഃ കിരീടീ
നമസ്കൃത്വാ ഭൂയ ഏവാഹ കൃഷ്ണം
സഗദ്ഗദം ഭീതഭീതഃ പ്രണമ്യ (35)

സഞ്ജയൻ പറഞ്ഞു: ശ്രീകൃഷ്ണന്റെ ഈ വാക്കുകൾ കേട്ടിട്ട് അർ‍ജുനൻ വിറച്ചുകൊണ്ട് കൈകൂപ്പി നമസ്കരിച്ചിട്ട്, ഭയത്തോടുകൂടി വീണ്ടും തൊഴുതുകൊണ്ട് ഗദ്ഗദത്തോടെ പിന്നെയും പറഞ്ഞു:

ശ്ലോകം 36

അർ‍ജുന ഉവാച

സ്ഥാനേ ഹൃഷീകേശ തവ പ്രകീർ‍ത്യാ
ജഗത്പ്രഹൃഷ്യത്യനുരജ്യതേ ച
രക്ഷാംസി ഭീതാനി ദിശോ ദ്രവന്തി
സർ‍വ്വേ നമസ്യന്തി ച സിദ്ധസംഘാഃ (36)

അർ‍ജുനൻ പറഞ്ഞു: ഹേ ഹൃഷികേശ! അങ്ങയെ സ്തുതിക്കുന്നതിൽ ലോകം ആനന്ദിക്കുകയും, തൃപ്തിയടയുകയും ചെയ്യുന്നതും, രാക്ഷസന്മാർ‍ ഭീതരായി സകലദിക്കുകളിലേയ്ക്കും ഓടുന്നതും, സിദ്ധസംഘങ്ങളെല്ലാവരും അങ്ങയെ നമസ്കരിക്കുന്നതും യുക്തം തന്നെ.

ശ്ലോകം 37
കസ്മാച്ച തേ ന നമേരന്മഹാത്മൻ
ഗരീയസേ ബ്രഹ്മണോഽപ്യാദികർ‍ത്രേ
അനന്ത ദേവേശ ജഗന്നിവാസ
ത്വമക്ഷരം സദസത്തത്പരം യത് (37)

ഹേ മഹാത്മൻ! ബ്രഹ്മാവിന്റെയും ആദിഅകർ‍ത്താവും, ശ്രേഷ്ഠനു മായ അങ്ങയെ (അവർ‍) എങ്ങനെ നമസ്കരിക്കാതെയിരിക്കും? ജഗന്നിവാസനും അനന്തനുമായ ദേവേശാ! സത്തും അസത്തും അവയ്ക്കപ്പുറമുള്ളതും അവിനാശിയായ തത്ത്വവും അങ്ങു തന്നെയാകുന്നു.

ശ്ലോകം 38
ത്വമാദിദേവഃ പുരുഷഃ പുരാണ-
സ്ത്വമസ്യ വിശ്വസ്യ പരം നിധാനം
വേത്താസി വേദ്യം ച പരം ച ധാമ
ത്വയാ തതം വിശ്വമനന്തരൂപ (38)

ഹേ കൃഷ്ണാ! അങ്ങ് ആദിദേവനും പുരാണപുരുഷനും ആകുന്നു. അങ്ങ് ഈ ലോകത്തിന്റെ പരമമായ ആധാരമാകുന്നു. അറിയുന്നവനും, അറിയപ്പെടേണ്ടവനും പരമമായ ലക്ഷ്യവും അങ്ങു തന്നെ. അനന്തരൂപനായ അങ്ങയാൽ ഈ ലോകം വ്യാപ്തമായിരിക്കുന്നു.

ശ്ലോകം 39
വായുർ‍യമോഽഗ്നിർ‍വ്വരുണഃ ശശാങ്കഃ
പ്രജാപതിസ്ത്വം പ്രപിതാമഹശ്ച
നമോ നമസ്തേഽസ്തു സഹസ്രകൃത്വഃ
പുനശ്ച ഭൂയോഽപി നമോ നമസ്തേ (39)

അങ്ങ് വായുവും, യമനും, അഗ്നിയും, വരുണനും, ചന്ദ്രനും, പ്രജാപതിയും, മുതുമുത്തച്ഛനും (ബ്രഹ്മാവിന്റെ സ്രഷ്ടാവും) അങ്ങ് ആകുന്നു. അങ്ങേയ്ക്ക് ആയിരമായിരം നമസ്കാരം ഭവിക്കട്ടെ. അങ്ങേയ്ക്ക് വീണ്ടും വീണ്ടും നമസ്കാരം.

ശ്ലോകം 40
നമഃ പുരസ്താദഥ പൃഷ്ഠതസ്തേ
നമോഽസ്തു തേ സർ‍വ്വത ഏവ സർ‍വ്വ
അനന്തവീര്യാമിതവിക്രമസ്ത്വം
സർ‍വ്വം സമാപ്നോഷി തതോഽസി സർ‍വ്വഃ (40)

ഹേ സർ‍വാത്മൻ! അങ്ങയുടെ മുന്നിലും പിന്നിലും, എന്നല്ല എല്ലാഭാഗത്തും അങ്ങേയ്ക്കു നമസ്കാരം. അനന്തവീര്യവും അതിരറ്റ പരാക്രമവുമുള്ള അങ്ങ് എല്ലായിടവും വ്യാപിച്ചിരിക്കുന്നു. അതിനാൽ എല്ലാം അങ്ങ് തന്നെയാകുന്നു.

ശ്ലോകങ്ങൾ 41, 42
സഖേതി മത്വാ പ്രസഭം യദുക്തം
ഹേ കൃഷ്ണ ഹേ യാദവ ഹേ സഖേതി
അജാനതാ മഹിമാനം തവേദം
മയാ പ്രമാദാത്പ്രണയേന വാപി (41)

യച്ചാവഹാസാർ‍ഥമസത്കൃതോഽസി
വിഹാരശയ്യാസനഭോജനേഷു
ഏകോഽഥവാപ്യച്യുത തത്സമക്ഷം
തത്ക്ഷാമയേ ത്വാമഹമപ്രമേയം (42)

ഹേ അച്യുതാ! അങ്ങ് എന്റെ സുഹൃത്താണെന്നു കരുതി അങ്ങയുടെ ഈ മാഹാത്മ്യമറിയാതെ ഞാൻ അശ്രദ്ധയാലോ സ്നേഹത്താലോ അങ്ങയെ ഹേ കൃഷ്ണാ, ഹേ യാദവ, ഹേ സഖേ എന്നൊക്കെ അതിരുവിട്ട് പറഞ്ഞിട്ടുള്ളതും, നടക്കുമ്പോഴും, കിടക്കുമ്പോഴും, ഇരിക്കുമ്പോഴും, ഉണ്ണുമ്പോഴും, തനിച്ചിരിക്കുമ്പോഴും, കൂട്ടത്തിലി രിക്കുമ്പോഴും ഞാൻ വിനോദത്തിനായിപോലും അങ്ങയെ അപമാനിച്ചിട്ടുണ്ടെങ്കിൽ അതൊക്കെയും ക്ഷമിക്കണമെന്നു ഞാൻ അപ്രമേയനായ അങ്ങയോടു പ്രാർ‍ഥിക്കുന്നു.

ശ്ലോകം 43
പിതാസി ലോകസ്യ ചരാചരസ്യ
ത്വമസ്യ പൂജ്യശ്ച ഗുരുർ‍ഗരീയാൻ
ന ത്വത്സമോഽസ്ത്യഭ്യധികഃ കുതോഽന്യോ
ലോകത്രയേഽപ്യപ്രതിമപ്രഭാവ (43)

അങ്ങ് ചരാചരാത്മകമായ ഈ ലോകത്തിന്റെ പിതാവാകുന്നു. അങ്ങ് ഈ ലോകത്തിനു പൂജനീയനും, ശ്രേഷ്ഠനായ ഗുരുവുമാകുന്നു. അതുല്യശക്തിയുള്ള ഹേ ഭഗവാനേ! മൂന്നു ലോകങ്ങളിലും അങ്ങയ്ക്കു തുല്യനായിട്ട് ആരുമില്ല. അങ്ങയെ വെല്ലുന്ന മറ്റൊരുവൻ എവിടെയുണ്ടാകും?

ശ്ലോകം 44
തസ്മാത്പ്രണമ്യ പ്രണിധായ കായം
പ്രസാദയേ ത്വാമഹമീശമീഡ്യം
പിതേവ പുത്രസ്യ സഖേവ സഖ്യുഃ
പ്രിയഃ പ്രിയായാർ‍ഹസി ദേവ സോഢും (44)

ഹേ ദേവ! അതുകൊണ്ട് ഞാൻ ആരാധ്യനും ഈശ്വരനുമായ അങ്ങയെ വണങ്ങിക്കൊണ്ട് അങ്ങയോട് ക്ഷമ യാചിക്കുന്നു. പിതാവ് മകന്റെയും, സ്നേഹിതൻ സ്നേഹിതന്റെയും, പ്രിയൻ പ്രിയതമയുടെയും അപരാധങ്ങൾ ക്ഷമിക്കുന്നപോലെ അങ്ങ് എന്റെ അപരാധങ്ങളെയും ക്ഷമിക്കണം.

ശ്ലോകം 45
അദൃഷ്ടപൂർ‍വ്വം ഹൃഷിതോഽസ്മി ദൃഷ്ട്വാ
ഭയേന ച പ്രവ്യഥിതം മനോ മേ
തദേവ മേ ദർ‍ശയ ദേവ രൂപം
പ്രസീദ ദേവേശ ജഗന്നിവാസ (45)

ഹേ ജഗന്നിവാസ! മുമ്പു കണ്ടിട്ടില്ലാത്ത (ഈ വിശ്വരൂപം) കണ്ടിട്ട് ഞാൻ സന്തുഷ്ടനായിരിക്കുന്നു. (എങ്കിലും) എന്റെ മനസ്സ് ഭയവിഹ്വലമാണ്. അങ്ങയുടെ ആ (ശ്രീകൃഷ്ണാകൃതിയിലുള്ള) രൂപം തന്നെ എനിക്കു കാണിച്ചു തരിക. ദേവേശ! എന്നിൽ പ്രസാദിക്കേണമേ!

ശ്ലോകം 46
കിരീടിനം ഗദിനം ചക്രഹസ്തം
ഇച്ഛാമി ത്വാം ദ്രഷ്ടുമഹം തഥൈവ
തേനൈവ രൂപേണ ചതുർ‍ഭുജേന
സഹസ്രബാഹോ ഭവ വിശ്വമൂർ‍ത്തേ (46)

ഞാൻ അങ്ങയെ പഴയതുപോലെ കിരീടവും, ഗദയും, ചക്രവും ധരിച്ചവനായിത്തന്നെ കാണ്മാനാഗ്രഹിക്കുന്നു. ആയിരം കൈകളുള്ളവനും വിശ്വരൂപധാരിയുമായ ഭഗവാനേ! നാലു കൈകളോടു കൂടിയ ആ പഴയ രൂപത്തെത്തന്നെ പ്രാപിച്ചാലും!

ശ്രീഭഗവാനുവാച

ശ്ലോകം 47
മയാ പ്രസന്നേന തവാർ‍ജുനേദം
രൂപം പരം ദർ‍ശിതമാത്മയോഗാത്
തേജോമയം വിശ്വമനന്തമാദ്യം
യന്മേ ത്വദന്യേന ന ദൃഷ്ടപൂർ‍വ്വം (47)

ഭഗവാൻ പറഞ്ഞു: ഹേ അർ‍ജുനാ! എന്റെ യോഗശക്തിയാൽ ഞാൻ നിനക്കു കാട്ടിത്തന്നതായ തേജോമയവും അനാദിയും അനന്തവുമായ എന്റെ ഈ വിശ്വരൂപം നീയല്ലാതെ മറ്റാരും ഇതുവരെ കണ്ടിട്ടുള്ളതല്ല.

ശ്ലോകം 48
ന വേദയജ്ഞാധ്യയനൈർ‍ന ദാനൈർ‍
ന ച ക്രിയാഭിർ‍ന തപോഭിരുഗ്രൈഃ
ഏവംരൂപഃ ശക്യ അഹം നൃലോകേ
ദ്രഷ്ടും ത്വദന്യേന കുരുപ്രവീര (48)

ഹേ കൗരവശ്രേഷ്ഠ! വേദാധ്യയനം, യജ്ഞാനുഷ്ഠാനം, ദാനം, സത്കർ‍മ്മങ്ങൾ, ഉഗ്രമായ തപസ്സ് എന്നിവ ഒന്നുകൊണ്ടും ഈ മനുഷ്യലോകത്തിൽ എന്നെ ഈ രൂപത്തിൽ നിനക്കല്ലാതെ മറ്റാർ‍ക്കും കാണുവാൻ കഴിയുന്നതല്ല.

ശ്ലോകം 49
മാ തേ വ്യഥാ മാ ച വിമൂഢഭാവോ
ദൃഷ്ട്വാ രൂപം ഘോരമീദൃങ്മമേദം
വ്യപേതഭീഃ പ്രീതമനാഃ പുനസ്ത്വം
തദേവ മേ രൂപമിദം പ്രപശ്യ (49)

എന്റെ ഘോരമായ ഈ രൂപം കണ്ടിട്ട് നീ ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ട. ഭയം വെടിഞ്ഞ് സന്തുഷ്ടചിത്തനായി എന്റെ ആ (സൗമ്യമായ)രൂപത്തെ വീണ്ടും കാണുക.

സഞ്ജയ ഉവാച

ശ്ലോകം 50
ഇത്യർ‍ജുനം വാസുദേവസ്തഥോക്ത്വാ
സ്വകം രൂപം ദർ‍ശയാമാസ ഭൂയഃ
ആശ്വാസയാമാസ ച ഭീതമേനം
ഭൂത്വാ പുനഃ സൌമ്യവപുർ‍മഹാത്മാ (50)

സഞ്ജയൻ പറഞ്ഞു: അർ‍ജുനോട് ഇപ്രകാരം പറഞ്ഞിട്ട് ശ്രീകൃഷ്ണൻ തന്റെ രൂപം വീണ്ടും കാണിച്ചുകൊടുത്തു. ആ മഹാത്മാവ് സൗമ്യ രൂപം ധരിച്ചിട്ട് ഭീതനായിരുന്ന അർ‍ജുനനെ ആശ്വസിപ്പിക്കുകയും ചെയ്തു.

അർ‍ജുന ഉവാച

ശ്ലോകം 51
ദൃഷ്ട്വേദം മാനുഷം രൂപം തവ സൌമ്യം ജനാർ‍ദന
ഇദാനീമസ്മി സംവൃത്തഃ സചേതാഃ പ്രകൃതിം ഗതഃ (51)

അർ‍ജുനൻ പറഞ്ഞു: ഹേ ജനാർ‍ദനാ! അങ്ങയുടെ സൗമ്യമായ മനുഷ്യരൂപം കണ്ടിട്ട് ഇതാ എന്റെ മനസ്സ് സ്വസ്ഥമാകുകയും, ഞാൻ എന്റെ സ്വാഭാവികസ്ഥിതിയിലാകുകയും ചെയ്തിരിക്കുന്നു.

ശ്രീഭഗവാനുവാച

ശ്ലോകം 52
സുദുർ‍ദർ‍ശമിദം രൂപം ദൃഷ്ടവാനസി യന്മമ
ദേവാ അപ്യസ്യ രൂപസ്യ നിത്യം ദർ‍ശനകാംക്ഷിണഃ (52)

ഭഗവാൻ പറഞ്ഞു: എന്റെ ഈ രൂപം ദർ‍ശിക്കുവാൻ വളരെ പ്രയാസമുള്ളതാണ്. അത് നീ കാണുകയുണ്ടായി. ദേവന്മാ‍ർ‍ പോലും ഈ രൂപത്തെ കാണുവാൻ എന്നും ആഗ്രഹിക്കുന്നവരാണ്.

ശ്ലോകം 53
നാഹം വേദൈർ‍ന തപസാ ന ദാനേന ന ചേജ്യയാ
ശക്യ ഏവംവിധോ ദ്രഷ്ടും ദൃഷ്ടവാനസി മാം യഥാ (53)

നീ എന്നെ എപ്രകാരം കണ്ടുവോ, വേദങ്ങളാലോ തപസ്സ്, വേദങ്ങൾ, ദാനം, യാഗം എന്നിവ കൊണ്ടൊന്നും അപ്രകാരം എന്നെ കാണുവാൻ സാധിക്കുന്നതല്ല.

ശ്ലോകം 54
ഭക്ത്യാ ത്വനന്യയാ ശക്യ അഹമേവംവിധോഽർ‍ജുന
ജ്ഞാതും ദ്രഷ്ടും ച തത്ത്വേന പ്രവേഷ്ടും ച പരന്തപ (54)

ഹേ ശത്രുനാശകനായ അർ‍ജുനാ! ഏകാഗ്രമായ ഭക്തിയൊന്നുകൊണ്ടു മാത്രമേ എന്നെ ഇപ്രകാരം യഥാർ‍ഥത്തിൽ അറിയാനും കാണുവാനും പ്രാപിക്കുവാനും കഴിയുകയുള്ളു.

ശ്ലോകം 55
മത്കർ‍മകൃന്മത്പരമോ മദ്ഭക്തഃ സംഗവർ‍ജിതഃ
നിർ‍വ്വൈരഃ സർ‍വ്വഭൂതേഷു യഃ സ മാമേതി പാണ്ഡവ (55)

ഹേ പാണ്ഡവ! എന്നിൽ സമർ‍പിച്ച് കർ‍മം ചെയ്യുന്നവനും, എന്നെ ലക്ഷ്യമായി കരുതുന്നവനും, എന്നിൽ ഭക്തിയുള്ളവനും, ആസക്തി യകന്നവനും, സകലജീവികളോടും വൈരമില്ലാത്തവനുമായവൻ ആരാണോ അവൻ എന്നെ പ്രാപിക്കുന്നു.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ വിശ്വരൂപദർശനയോഗോ നാമ ഏകാദശോദ്ധ്യായഃ

ഭക്തിയോഗഃ അദ്ധ്യായം 12 - 20 ശ്ലോകങ്ങൾ

പന്ത്രണ്ടാം അദ്ധ്യായം കേൾക്കാം

പന്ത്രണ്ടാം അദ്ധ്യായം: ഭക്തിയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

അർ‍ജുന ഉവാച

ശ്ലോകം 01
ഏവം സതതയുക്താ യേ ഭക്താസ്ത്വാം പര്യുപാസതേ
യേ ചാപ്യക്ഷരമവ്യക്തം തേഷാം കേ യോഗവിത്തമാഃ (1)

അർ‍ജുനൻ പറഞ്ഞു: ഇപ്രകാരം സദാ അങ്ങയിൽ‍ മനസ്സുറപ്പിച്ച് അങ്ങയെ ഉപാസിക്കുന്ന ഭക്തന്മാരോ, അതോ അവ്യക്തമായ അക്ഷരബ്രഹ്മത്തെ ഉപാസിക്കുന്നവരോ, ഇവരിൽ‍ ഏറ്റവും ശ്രേഷ്ഠരായ യോഗികൾ ആരാണ്?

ശ്രീഭഗവാനുവാച

ശ്ലോകം 02
മയ്യാവേശ്യ മനോ യേ മാം നിത്യയുക്താ ഉപാസതേ
ശ്രദ്ധയാ പരയോപേതാഃ തേ മേ യുക്തതമാ മതാഃ (2)

ഭഗവാൻ പറഞ്ഞു: എന്നിൽ‍ മനസ്സുറപ്പിച്ച് സ്ഥിരമായ നിഷ്ഠയോടും പരമമായ ശ്രദ്ധയോടും കുടി എന്നെ ആരാധിക്കുന്നുവർ‍ ആരാണോ അവരാണ് ഏറ്റവും ശ്രേഷ്ഠരായ യോഗികൾ എന്നാണ് എന്റെ അഭിപ്രായം.

ശ്ലോകങ്ങൾ 03, 04
യേ ത്വക്ഷരമനിർ‍ദ്ദേശ്യമവ്യക്തം പര്യുപാസതേ
സർ‍വ്വത്രഗമചിന്ത്യം ച കൂടസ്ഥമചലം ധ്രുവം (3)
സന്നിയമ്യേന്ദ്രിയഗ്രാമം സർ‍വ്വത്ര സമബുദ്ധയഃ
തേ പ്രാപ്നുവന്തി മാമേവ സർ‍വ്വഭൂതഹിതേ രതാഃ (4)

എന്നാൽ‍ ഇന്ദ്രിയ സംയമനം ചെയ്തുകൊണ്ട് അവിനാശിയും, അവർ‍ണനീയവും, അവ്യക്തവും, സർ‍വത്ര വ്യാപ്തവും, അചിന്തനീയവും, മാറ്റമില്ലാത്തതും, ചലിക്കാത്തതും, നിത്യവുമായ ബ്രഹ്മത്തെ ഉപാസിക്കുകയും, സകലതിലും സമബുദ്ധിയോടെ യിരിക്കയും, സകലചരാചരങ്ങളുടെയും ഹിതത്തിനായി പ്രവർ‍ത്തി ക്കുകയും ചെയ്യുന്നരും എന്നെത്തന്നെ പ്രാപിക്കുന്നു.

ശ്ലോകം 04
ക്ലേശോഽധികതരസ്തേഷാമവ്യക്താസക്തചേതസാം
അവ്യക്താ ഹി ഗതിർ‍ദുഃഖം ദേഹവദ്ഭിരവാപ്യതേ (5)

അവ്യക്തത്തിൽ‍ (നിർ‍ഗുണബ്രഹ്മത്തിൽ‍) മനസ്സുറപ്പിച്ചവർ‍ക്ക് ക്ലേശം അധികമായി ഉണ്ടാകുന്നതാണ്. എന്തെന്നാൽ‍ അവ്യക്തത്തിനെ ഉപാസിക്കുന്നത് ദേഹികൾക്ക് ദുഷ്കരമായിട്ടുള്ളതാകുന്നു.

ശ്ലോകങ്ങൾ 06, 07
യേ തു സർ‍വ്വാണി കർ‍മാണി മയി സംന്യസ്യ മത്പരഃ
അനന്യേനൈവ യോഗേന മാം ധ്യായന്ത ഉപാസതേ (6)
തേഷാമഹം സമുദ്ധർ‍താ മൃത്യുസംസാരസാഗരാത്
ഭവാമി നചിരാത്പാർ‍ഥ മയ്യാവേശിതചേതസാം (7)

സമലകർ‍മ്മങ്ങളേയും എന്നിൽ‍ സമർ‍പിച്ചിട്ട് എന്നെ പരമ ലക്ഷ്യമായി കരുതുന്നവരും, അന്യവിഷയങ്ങളിൽ‍ നിന്ന് വിട്ട്, അനന്യഭക്തിയോടെ എന്നെ ധ്യാനിക്കുന്നവരുമായവർ‍ ആരാണോ, എന്നിൽ‍ ഉറപ്പിച്ച മനസ്സോടുകൂടിയവരായ അവരെ ഞാൻ വേഗം തന്നെ സംസാരസാഗരത്തിൽ‍ നിന്നു കരകയറ്റുന്നതാണ്.

ശ്ലോകം 08
മയ്യേവ മന ആധത്സ്വ മയി ബുദ്ധിം നിവേശയ
നിവസിഷ്യസി മയ്യേവ അത ഊർ‍ധ്വം ന സംശയഃ (8)

നീ എന്നിൽ‍ തന്നെ നിന്റെ മനസ്സുറപ്പിക്കുക. നിന്റെ ബുദ്ധിയെയും എന്നിൽ‍ സ്ഥാപിക്കുക. അതിനുശേഷം നീ എന്നിൽ‍ തന്നെ നിവസിക്കും, സംശയമില്ല.

ശ്ലോകം 09
അഥ ചിത്തം സമാധാതും ന ശക്നോഷി മയി സ്ഥിരം
അഭ്യാസയോഗേന തതോ മാമിച്ഛാപ്തും ധനഞ്ജയ (9)

എന്നിൽ‍ സ്ഥിരമായി മനസ്സിനെ നിർ‍ത്തുവാ‌ൻ കഴിയുന്നില്ലെങ്കിൽ‍ പിന്നെ അഭ്യാസയോഗത്തലൂടെ എന്നെ പ്രാപിക്കുവാൻ ശ്രമിക്കൂ.
(മനസ്സിനെ നിരന്തരം മറ്റു വിഷയങ്ങളിൽ‍ നിന്ന് പിൻ തിരിപ്പിച്ച് ഈശ്വരനിൽ‍ ഉറപ്പിക്കുന്ന അഭ്യാസമാണ് അഭ്യാസയോഗം).

ശ്ലോകം 10
അഭ്യാസേഽപ്യസമർ‍ഥോഽസി മത്കർ‍മപരമോ ഭവ
മദർ‍ഥമപി കർ‍മാണി കുർ‍വ്വൻ സിദ്ധിമവാപ്സ്യസി (10)

അഭ്യാസയോഗം അനുഷ്ഠിക്കുവാനും നിനക്ക് കഴിയില്ലെങ്കിൽ‍ എന്നിൽ‍ സമർ‍പ്പിച്ച് കർ‍മ്മം ചെയ്യുക. എന്നിൽ‍ സമർ‍പ്പിച്ച് കർ‍മ്മം ചെയ്തുകൊണ്ടും നീ സിദ്ധിയെ പ്രാപിക്കുന്നതാണ്.

ശ്ലോകം 11
അഥൈതദപ്യശക്തോഽസി കർതും മദ്യോഗമാശ്രിതഃ
സർ‍വ്വകർ‍മംഫലത്യാഗം തതഃ കുരു യതാത്മവാൻ (11)

ഇതിനും (എന്നിൽ‍ സമർ‍പ്പിച്ച് കർ‍മ്മം ചെയ്യുവാനും) നീ അശക്തനാണെങ്കി‍ൽ‍, പിന്നീട് എന്നെ ശരണം പ്രാപിച്ച് ആത്മസംയമനത്തോടുകൂടി സകലകർ‍മ്മങ്ങളുടെയും ഫലത്തെ ത്യജിച്ചാലും.
(കർ‍മ്മഫലത്യാഗമെന്നതുകൊണ്ട് കർ‍മ്മഫലത്തിനോടുള്ള ആസ ക്തിയെ ത്യജിക്കലാണ് ഉദ്ദേശിച്ചിട്ടുള്ളത്).

ശ്ലോകം 12
ശ്രേയോ ഹി ജ്ഞാനമഭ്യാസാജ്ജ്ഞാനാദ്ധ്യാനം വിശിഷ്യതേ
ധ്യാനാത്കർ‍മഫലത്യാഗസ്ത്യാഗാച്ഛാന്തിരനന്തരം (12)

അഭ്യാസത്തെക്കാൾ ജ്ഞാനവും, ജ്ഞാനത്തെക്കാൾ ധ്യാനവും ശ്രേഷ്ഠമാകുന്നു. കർ‍മ്മഫലത്യാഗം ധ്യാനത്തെക്കാളും വിശിഷ്ടമാണ്. (കർ‍മ്മഫല) ത്യാഗത്തിൽ‍ നിന്ന് ഉടൻതന്നെ ശാന്തി ഉണ്ടാകുന്നു.

ശ്ലോകങ്ങൾ 13, 14
അദ്വേഷ്ടാ സർ‍വ്വഭൂതാനാം മൈത്രഃ കരുണ ഏവ ച
നിർ‍മമോ നിരഹങ്കാരഃ സമദുഃഖസുഖഃ ക്ഷമീ (13)
സന്തുഷ്ടഃ സതതം യോഗീ യതാത്മാ ദൃഢനിശ്ചയഃ
മയ്യർ‍പിതമനോബുദ്ധിർ‍യോ മദ്ഭക്തഃ സ മേ പ്രിയഃ (14)

സകല ജീവജാലങ്ങളോടും ദ്വേഷമില്ലാത്തവനും, മൈത്രിയും, കരുണയുമുള്ളവനും, മമതയില്ലാത്തവനും, അഹങ്കാരരഹിതനും, സുഖദുഃഖങ്ങളെ ഒരുപോലെ കണക്കാക്കുന്നവനും, ക്ഷമയുള്ളവനും, സന്തുഷ്ടനും, യോഗനിഷ്ഠനും, ആത്മസംയമനവും, ദൃഢനിശ്ചയവുമുള്ളവനും, മനസ്സും ബുദ്ധിയും എന്നിൽ‍ അർ‍പിച്ചവനുമായ എന്റെ ഭക്തൻ ആരാണോ, അവൻ എനിക്കു പ്രിയപ്പെട്ടവനാകുന്നു.

ശ്ലോകം 15
യസ്മാന്നോദ്വിജതേ ലോകോ ലോകാന്നോദ്വിജതേ ച യഃ
ഹർ‍ഷാമർ‍ഷഭയോദ്വേഗൈർ‍മുക്തോ യഃ സ ച മേ പ്രിയഃ (15)

ലോകത്തെ ക്ലേശപ്പെടുത്താതിരിക്കുകയും, ലോകത്താൽ‍ ക്ലേശിക്ക പ്പെടാതിരിക്കുകയും ചെയ്യുന്നവനും, സന്തോഷം, അസൂയ, ഭയം, ഉത്കണ്ഠ എന്നിയവയിൽ‍ നിന്ന് മുക്തനുമായവൻ ആരാണോ, അവനും എനിക്ക് പ്രിയപ്പെട്ടവനാകുന്നു.

ശ്ലോകം 16
അനപേക്ഷഃ ശുചിർ‍ദക്ഷ ഉദാസീനോ ഗതവ്യഥഃ
സർ‍വ്വാരംഭപരിത്യാഗീ യോ മദ്ഭക്തഃ സ മേ പ്രിയഃ (16)

ആഗ്രഹങ്ങളില്ലാത്തവനും ശുചിത്വമുള്ളവനും, സമർ‍ത്ഥനും, ഉദാസീനനും, ദുഃഖമില്ലാത്തവനും, സ്വാർ‍ഥകർ‍മ്മങ്ങളെ പരിത്യജിച്ച വനുമായ ഭക്തൻ എനിക്ക് പ്രിയപ്പെട്ടവനാകുന്നു.

ശ്ലോകം 17
യോ ന ഹൃഷ്യതി ന ദ്വേഷ്ടി ന ശോചതി ന കാംക്ഷതി
ശുഭാശുഭപരിത്യാഗീ ഭക്തിമാൻ യഃ സ മേ പ്രിയഃ (17)

സന്തോഷിക്കുകയോ ദ്വേഷിക്കുകയോ ദുഃഖിക്കുകയോ ആഗ്രഹി ക്കുകയോ ചെയ്യാത്തവനും, ശുഭാശുഭകർ‍മ്മങ്ങളെ പരിത്യജിച്ചവനും, ഭക്തിയുള്ളവനുമായവൻ എനിക്ക് പ്രിയപ്പെട്ടവനാകുന്നു.

ശ്ലോകങ്ങൾ 18, 19
സമഃ ശത്രൌ ച മിത്രേ ച തഥാ മാനാപമാനയോഃ
ശീതോഷ്ണസുഖദുഃഖേഷു സമഃ സംഗവിവർ‍ജിതഃ (18)
തുല്യനിന്ദാസ്തുതിർ‍മൗനീ സന്തുഷ്ടോ യേന കേനചിത്
അനികേതഃ സ്ഥിരമതിർ‍ഭക്തിമാൻ മേ പ്രിയോ നരഃ (19)

ശത്രുമിത്രങ്ങൾ, മാനാപമാനങ്ങൾ, സുഖദുഃഖങ്ങൾ, ശീതോഷ്ണങ്ങൾ എന്നിവയെ സമമായി കാണുന്നവനും, ആസക്തിയില്ലാത്തവനും, നിന്ദാസ്തുതികളെ തുല്യമായി കാണുന്നവനും, മൗനിയും, കിട്ടിയതുകൊണ്ടു തൃപ്തിയടയുന്നവനും, വീടില്ലാത്തവനും, സ്ഥിരമായ ബുദ്ധിയോടുകൂടിയവനുമായ ഭക്തൻ എനിക്കു പ്രിയപ്പെട്ടവനാകുന്നു.

ശ്ലോകം 20
യേ തു ധർ‍മ്യാമൃതമിദം യഥോക്തം പര്യുപാസതേ
ശ്രദ്ദധാനാ മത്പരമാ ഭക്താസ്തേഽതീവ മേ പ്രിയാഃ (20)

അമൃതമയമായ ഈ ധർ‍മ്മത്തെ ഞാൻ ഉപദേശിച്ചതു പോലെ അനുഷ്ഠിക്കുന്നവർ‍ ആരാണോ, ശ്രദ്ധയുള്ളവരും, എന്നെ പരമലക്ഷ്യവുമായി കാണുന്നവരുമായ ആ ഭക്തന്മാർ‍ എനിക്ക് അത്യന്തം പ്രിയപ്പെട്ടവരത്രേ.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ ഭക്തിയോഗോ നാമ ദ്വാദശോദ്ധ്യായഃ സമാപ്തഃ

ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ അദ്ധ്യായം 13 - 35 ശ്ലോകങ്ങൾ

പതിമൂന്നാം അദ്ധ്യായം കേൾക്കാം

പതിമൂന്നാം അദ്ധ്യായം: ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

അർ‍ജുന ഉവാച

ശ്ലോകം 01
പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ (1)

അർ‍ജുനൻ പറഞ്ഞു: ഹേ കൃഷ്ണാ! ഞാൻ പ്രകൃതിയെയും പുരുഷനെയും, ക്ഷേത്രത്തെയും, ക്ഷേത്രജ്ഞനെയും, ജ്ഞാന ത്തിനെയും (അറിവ്), ജ്ഞേയത്തിനെയും (അറിയപ്പെടേണ്ടത്) അറിയാൻ ആഗ്രഹിക്കുന്നു.

ശ്രീഭഗവാനുവാച

ശ്ലോകം 02
ഇദം ശരീരം കൌന്തേയ ക്ഷേത്രമിത്യഭിധീയതേ
ഏതദ്യോ വേത്തി തം പ്രാഹുഃ ക്ഷേത്രജ്ഞ ഇതി തദ്വിദഃ (2)

ശ്രീകൃഷ്ണൻ പറഞ്ഞു: ഹേ കുന്തീപുത്രാ! ഈ ശരീരം ക്ഷേത്രം എന്നു പറയപ്പെടുന്നു. യാതൊരുവൻ ഇതിനെ അറിയുന്നുവോ അവനെ ക്ഷേത്രജ്ഞൻ എന്ന് അവയെ (രണ്ടിനെയും) അറിയുന്നവർ‍ പറയുന്നു.

ശ്ലോകം 03
ക്ഷേത്രജ്ഞം ചാപി മാം വിദ്ധി സർ‍വ്വക്ഷേത്രേഷു ഭാരത
ക്ഷേത്രക്ഷേത്രജ്ഞയോർ‍ജ്ഞാനം യത്തജ്ജ്ഞാനം മതം മമ (3)

ഹേ പാർ‍ഥാ! എല്ലാ ക്ഷേത്രങ്ങളിലും (ശരീരങ്ങളിലും) ഞാനാണ് ക്ഷേത്രജ്ഞനെന്നു നീ അറിയുക. ക്ഷേത്രക്ഷേത്രജ്ഞന്മാരെ (ദേഹാത്മാക്കളെ) ക്കുറിച്ചുള്ള അറിവാണ് ജ്ഞാനമെന്ന് ഞാൻ കരുതുന്നു.

ശ്ലോകം 04
തത്ക്ഷേത്രം യച്ച യാദൃക്ച യദ്വികാരി യതശ്ച യത്
സ ച യോ യത്പ്രഭാവശ്ച തത്സമാസേന മേ ശൃണു (4)

ആ ക്ഷേത്രം എൻതാണ്? അത് എങ്ങനെയുള്ളതാണ്? അതിൻ എന്തു വികാരങ്ങളാണുള്ളത്? ഏത് ഏതിൽ നിന്നുണ്ടായത്? ക്ഷേത്രജ്ഞൻ ആരാണ്? ക്ഷേത്രജ്ഞന്റെ പ്രഭാവമെന്താണ്? ഇവയെല്ലാം സംക്ഷേപിച്ച് എന്നിൽ നിന്ന് നീ കേട്ടാലും.

ശ്ലോകം 05
ഋഷിഭിർ‍ബഹുധാ ഗീതം ഛന്ദോഭിർ‍വിവിധൈഃ പൃഥക്
ബ്രഹ്മസൂത്രപദൈശ്ചൈവ ഹേതുമദ്ഭിർ‍വിനിശ്ചിതൈഃ (5)

ഇത് (ക്ഷേത്രക്ഷേത്രജ്ഞന്മാരെക്കുറിച്ചുള്ള ഈ ജ്ഞാനം) ഋഷീശ്വരന്മാരാൽ യുക്തിയുക്തവും സുനിശ്ചിതവുമായ വിവിധ വേദമന്ത്രങ്ങളിലൂടെയും ബ്രഹ്മസൂത്രപദങ്ങളിലൂടെയും വർ‍ണിക്കപ്പെട്ടി ട്ടുള്ളതാണ്.

ശ്ലോകങ്ങൾ 06, 07
മഹാഭൂതാന്യഹംകാരോ ബുദ്ധിരവ്യക്തമേവ ച
ഇന്ദ്രിയാണി ദശൈകം ച പഞ്ച ചേന്ദ്രിയഗോചരാഃ (6)
ഇച്ഛാ ദ്വേഷഃ സുഖം ദുഃഖം സംഘാതശ്ചേതനാ ധൃതിഃ
ഏതത്ക്ഷേത്രം സമാസേന സവികാരമുദാഹൃതം (7)

പഞ്ചമഹാഭൂതങ്ങൾ (സുക്ഷ്മതന്മാത്രകൾ), അഹങ്കാരം, ബുദ്ധി, അവ്യക്തം (മൂലപ്രകൃതി അഥവാ മായ), അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ, അഞ്ച് കർ‍മ്മേന്ദ്രിയങ്ങൾ, അഞ്ച് ഇന്ദ്രിയവിഷയങ്ങൾ, ഇച്ഛാ, ദ്വേഷം, സുഖം, ദുഃഖം, ശരീരം, ചേതന, ധൈര്യം എന്നിവയെല്ലാം ഉൾപ്പെട്ടതാണ് ക്ഷേത്രമെന്നു അതിന്റെ രൂപഭേദങ്ങളോടൊപ്പം സംക്ഷേപിച്ച് വർ‍ണിക്കപ്പെട്ടിരിക്കുന്നു.

ശ്ലോകങ്ങൾ 08, 09, 10, 11, 12
അമാനിത്വമദംഭിത്വമഹിംസാ ക്ഷാന്തിരാർ‍ജവം
ആചാര്യോപാസനം ശൌചം സ്ഥൈര്യമാത്മവിനിഗ്രഹഃ (8)
ഇന്ദ്രിയാർ‍ഥേഷു വൈരാഗ്യമനഹംകാര ഏവ ച
ജന്മമൃത്യുജരാവ്യാധിദുഃഖദോഷാനുദർ‍ശനം (9)
അസക്തിരനഭിഷ്വംഗഃ പുത്രദാരഗൃഹാദിഷു
നിത്യം ച സമചിത്തത്വമിഷ്ടാനിഷ്ടോപപത്തിഷു (10)
മയി ചാനന്യയോഗേന ഭക്തിരവ്യഭിചാരിണീ
വിവിക്തദേശസേവിത്വമരതിർ‍ജനസംസദി (11)
അദ്ധ്യാത്മജ്ഞാനനിത്യത്വം തത്ത്വജ്ഞാനാർ‍ഥദർ‍ശനം
ഏതജ്ജ്ഞാനമിതി പ്രോക്തമജ്ഞാനം യദതോഽന്യഥാ (12)

വിനയം, ആത്മപ്രശംസ ചെയ്യായ്ക, ഹിംസിക്കാതിരിക്കുക, ക്ഷമ, ഋജുത്വം (കളവില്ലായ്മ), ഗുരുശുശ്രുഷ, ശുചിത്വം, നിഷ്ഠ, ആത്മനിയന്ത്രണം, ഇന്ദ്രിയവിഷയങ്ങളിൽ വിരക്തി, അഹങ്കാര രാഹിത്യം, ജനനം, മരണം, ജര, വ്യാധി, ദുഃഖം എന്നിവയുടെ ദോഷവശങ്ങളെക്കുറിച്ച് വിചാരം ചെയ്യുക, ആസക്തിയില്ലായ്മ, പുത്രകളത്രഗൃഹാദികളിൽ താദാത്മ്യമില്ലാതിരിക്കുക, ഇഷ്ടമുള്ളതോ ഇഷ്ടമില്ലാത്തതോ വന്നുചേരുമ്പോൾ സദാ സമചിത്തനായിരിക്കുക, എന്നിൽ അനന്യവും അചഞ്ചലമായ ഭക്തിയുണ്ടായിരിക്കുക, നിർ‍ജനമായ സ്ഥലത്ത് താമസിക്കുക, ജനമദ്ധ്യത്തിലിരിക്കാന് ഇഷ്ടപ്പെടായ്ക, ആത്മജ്ഞാനത്തിൽ നിഷ്ഠ, തത്ത്വജ്ഞാനത്തിന്റെ സാരം അറിയുക എന്നിവയാണ് ജ്ഞാനമെന്ന് പറയപ്പെടുന്നത്. ഇതിന് വിരോധമായിട്ടുള്ളത് അജ്ഞാനവുമാകുന്നു.

ശ്ലോകം 13
ജ്ഞേയം യത്തത്പ്രവക്ഷ്യാമി യജ്ഞാത്വ മൃതമശ്നുതേ
അനാദിമത്പരം ബ്രഹ്മ ന സത്തന്നാസദുച്യതേ (13)

അറിയപ്പെടേണ്ടതേതോ അതു ഞാൻ പറയാം. യാതൊന്നിനെ അറിഞ്ഞാലാണോ മരണമില്ലാത്ത നിലയെ പ്രാപിക്കുന്നത്, അതാണ് അനാദിയും അതിശ്രേഷ്ഠവുമായ ബ്രഹ്മം. അത് സത്ത് (ഉള്ളത്) എന്നോ അസത്ത് (ഇല്ലാത്തത്) എന്നോ പറയുവാൻ നിവൃത്തിയില്ല.

ശ്ലോകം 14
സർ‍വ്വതഃ പാണിപാദം തത് സർ‍വ്വതോഽക്ഷിശിരോമുഖം
സർ‍വതഃ ശ്രുതിമല്ലോകേ സർ‍വ്വമാവൃത്യ തിഷ്ഠതി (14)

എല്ലാഭാഗത്തും കൈകാലുകളുള്ളതും, എല്ലായിടത്തും നേത്രശിരോ മുഖങ്ങളുള്ളതും, സർ‍വത്ര കർ‍ണങ്ങളോടു കൂടിയതുമായ അത് സർ‍വത്ര വ്യാപിച്ചു സ്ഥിതി ചെയ്യുന്നു.

ശ്ലോകങ്ങൾ 15, 16, 17
സർ‍വ്വേന്ദ്രിയഗുണാഭാസം സർ‍വ്വേന്ദ്രിയവിവർ‍ജിതം
അസക്തം സർ‍വ്വഭൃച്ചൈവ നിർ‍ഗുണം ഗുണഭോക്തൃ ച (15)
ബഹിരന്തശ്ച ഭൂതാനാമചരം ചരമേവ ച
സൂക്ഷ്മത്വാത്തദവിജ്ഞേയം ദൂരസ്ഥം ചാന്തികേ ച തത് (16)
അവിഭക്തം ച ഭൂതേഷു വിഭക്തമിവ ച സ്ഥിതം
ഭൂതഭർതൃ ച തജ്ജ്ഞേയം ഗ്രസിഷ്ണു പ്രഭവിഷ്ണു ച (17)

ഇന്ദ്രിയങ്ങളില്ലാതെ തന്ന ഇന്ദ്രിയഗുണങ്ങളാൽ പ്രശോഭിക്കുന്നതും, ഒന്നിലും ബന്ധപ്പെടുന്നില്ലെങ്കിലും എല്ലാറ്റിനേയും ഭരിച്ചുകൊണ്ടി രിക്കുന്നതും, ഗുണമില്ലാതെ ഗുണങ്ങളെ അനുഭവിക്കുന്നതും, ജീവരാശികളുടെ ഉള്ളിലും പുറത്തും സ്ഥിതിചെയ്യുന്നതും, ചരവും അചരവുമായിരിക്കുന്നതും, അടുത്തും, ദൂരെയും വർ‍ത്തിക്കുന്നതുമാണ് അത്. അത് വിഭജിക്കപ്പെട്ടില്ലെങ്കിലും വിഭജിക്കപ്പെട്ടതുപോലെ ഭൂതങ്ങളിൽ ഇരിക്കുന്നു. അത് ഭുതങ്ങളെ ഭരിക്കുകയും സംഹരിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നു എന്നറിയണം.

ശ്ലോകം 18
ജ്യോതിഷാമപി തജ്ജ്യോതിസ്തമസഃ പരമുച്യതേ
ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം ഹൃദി സർ‍വ്വസ്യ വിഷ്ഠിതം (18)

പ്രകാശങ്ങൾക്കെല്ലാം പ്രകാശമായിട്ടുള്ള ആ ബ്രഹ്മം അന്ധകാര ത്തിന്നപ്പുറമായിട്ടുള്ളതാണെന്നു പറയുന്നു. അറിവും (ജ്ഞാനം) അറിയപ്പെടേണ്ടതും (ജ്ഞേയം) അറിവിനാൽ എത്തിച്ചേരേണ്ടതും (ജ്ഞാനഗമ്യം) എല്ലവരുടെയും ഹൃദയത്തെ അധിവസിക്കുന്നതും അതു (ബ്രഹ്മം) തന്നെ.

ശ്ലോകം 19
ഇതി ക്ഷേത്രം തഥാ ജ്ഞാനം ജ്ഞേയം ചോക്തം സമാസതഃ
മദ്ഭക്ത ഏതദ്വിജ്ഞായ മദ്ഭാവായോപപദ്യതേ (19)

ഇപ്രകാരം ക്ഷേത്രം, ജ്ഞാനം, ജ്ഞേയം എന്നിവയെപ്പറ്റി ഞാൻ സംക്ഷേപിച്ചു പറഞ്ഞു കഴിഞ്ഞു. എന്റെ ഭക്തൻ ഇതിനെ അറിഞ്ഞിട്ട് എന്റെ ഭാവത്തിന് (ഞാനുമായി ഐക്യം പ്രാപിക്കുവാൻ) അർ‍ഹനായിത്തീരുന്നു.

ശ്ലോകം 20
പ്രകൃതിം പുരുഷം ചൈവ വിദ്ധ്യനാദീ ഉഭാവപി
വികാരാംശ്ച ഗുണാംശ്ചൈവ വിദ്ധി പ്രകൃതിസംഭവാൻ (20)

പ്രകൃതി, പുരുഷൻ എന്നിവ രണ്ടും അനാദികളാണ് എന്നറിയണം. വികാരങ്ങളും ഗുണങ്ങളും പ്രകൃതിയിൽ നിന്ന് ഉദ്ഭവിക്കുന്ന വയാണെന്നും അറിയുക.

ശ്ലോകം 21
കാര്യകാരണകർ‍തൃത്വേ ഹേതുഃ പ്രകൃതിരുച്യതേ
പുരുഷഃ സുഖദുഃഖാനാം ഭോക്തൃത്വേ ഹേതുരുച്യതേ (21)

ദേഹേന്ദ്രിയമനോബുദ്ധികളുടെ ഉല്പത്തിക്ക് ഹേതു പ്രകൃതിയാകുന്നു. പുരുഷൻ (ജീവൻ) ആണ് സുഖദുഃഖങ്ങളുടെ അനുഭുതിക്കു കാരണ മായിത്തീരുന്നത്.

ശ്ലോകം 22
പുരുഷഃ പ്രകൃതിസ്ഥോ ഹി ഭുങ്ക്തേ പ്രകൃതിജാൻ ഗുണാൻ
കാരണം ഗുണസംഗോഽസ്യ സദസദ്യോനിജന്മസു (22)

പുരുഷൻ (ജീവൻ) പ്രകൃതിയിൽ ഇരുന്നുകൊണ്ട്, പ്രകൃതിയിൽ നിന്നുണ്ടാകുന്ന സുഖദുഃഖാദി ഗുണങ്ങളെ അനുഭവിക്കുന്നു. ഈ പുരുഷൻ ഉത്തമവും നീചവുമായ യോനികളിൽ ജനിക്കുവാൻ കാരണം പ്രകൃതിഗുണങ്ങളോടുള്ള സംഗമാണ്.

ശ്ലോകം 23
ഉപദ്രഷ്ടാനുമന്താ ച ഭർ‍ത്താ ഭോക്താ മഹേശ്വരഃ
പരമാത്മേതി ചാപ്യുക്തോ ദേഹേഽസ്മിന്പുരുഷഃ പരഃ (23)

ഈ ശരീരത്തിൽ വർ‍ത്തിക്കുന്ന പരമപുരുഷൻ സാക്ഷിയെന്നും, അനുവദിക്കുന്നവനെന്നും, ഭരിക്കുന്നവനെന്നും, അനുഭവിക്കുന്നവ നെന്നും മഹേശ്വരനെന്നും, പരമാത്മാവെന്നും വിളിക്കപ്പെടുന്നു.

ശ്ലോകം 24
യ ഏവം വേത്തി പുരുഷം പ്രകൃതിം ച ഗുണൈഃ സഹ
സർ‍വ്വഥാ വർ‍ത്തമാനോഽപി ന സ ഭൂയോഽഭിജായതേ (24)

പുരുഷനെയും ഗുണങ്ങളോടുകൂടിയ പ്രകൃതിയേയും ഇപ്രകാരം അറിയുന്നവൻ ഏതുവിധത്തിൽ ജീവിച്ചാലും അവൻ വീണ്ടും ജനിക്കുന്നതല്ല.

ശ്ലോകം 25
ധ്യാനേനാത്മനി പശ്യന്തി കേചിദാത്മാനമാത്മനാ
അന്യേ സാംഖ്യേന യോഗേന കർ‍മയോഗേന ചാപരേ (25)

ചിലർ‍ ധ്യാനംകൊണ്ട് ശുദ്ധമായ ഹൃദയത്താൽ ആത്മാവിനെ ബുദ്ധിയിലറിയുന്നു; മറ്റു ചിലർ‍ സാംഖ്യയോഗം കൊണ്ടും വേറെ ചിലർ‍ കർ‍മ്മയോഗം കൊണ്ടും ആത്മാവിനെ ദർ‍ശിക്കുന്നു.

ശ്ലോകം 26
അന്യേ ത്വേവമജാനന്തഃ ശ്രുത്വാന്യേഭ്യ ഉപാസതേ
തേഽപി ചാതിതരന്ത്യേവ മൃത്യും ശ്രുതിപരായണാഃ (26)

ഇത് ഇപ്രകാരം അറിയാത്തവർ‍ അന്യന്മാർ‍ പറഞ്ഞുകേട്ടതനുസരിച്ച് ഉപാസിക്കുന്നു. കേട്ടറിഞ്ഞതിനെ പരമലക്ഷ്യമായി കരുതുന്നവരായ അവരും മരണത്തെ തരണം ചെയ്യുന്നതാണ്.

ശ്ലോകം 27
യാവത്സഞ്ജായതേ കിഞ്ചിത്സത്ത്വം സ്ഥാവരജംഗമം
ക്ഷേത്രക്ഷേത്രജ്ഞസംയോഗാത്തദ്വിദ്ധി ഭരതർ‍ഷഭ (27)

ഹേ ഭരതവംശശ്രേഷ്ഠാ, സ്ഥാവരവും ജംഗമവുമായുള്ള ജനിക്കുന്ന തെല്ലാം തന്നെ ക്ഷേത്ര-ക്ഷേത്രജ്ഞന്മാരുടെ സംയോഗത്തിൽ നിന്നാണ് ഉണ്ടാകുന്നത് എന്ന് അറിയൂ.

ശ്ലോകം 28
സമം സർ‍വ്വേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം
വിനശ്യത്സ്വവിനശ്യന്തം യഃ പശ്യതി സ പശ്യതി (28)

ജീവജാലങ്ങളിലെല്ലാം സമമായി സ്ഥിതിചെയ്യുന്നവനും നശിക്കുന്നവയിലെല്ലാം അവിനാശിയായി വർ‍ത്തിക്കുന്നവനുമായ പരമേശ്വരനെ ആരാണോ ദർ‍ശിക്കുന്നത് അവൻ ശരിയായി കാണുന്നു (അവൻ സത്യത്തെ അറിയുന്നു).

ശ്ലോകം 29
സമം പശ്യൻ ഹി സർ‍വ്വത്ര സമവസ്ഥിതമീശ്വരം
ന ഹിനസ്ത്യാത്മനാത്മാനം തതോ യാതി പരാം ഗതിം (29)

ഈശ്വരൻ സർ‍വത്ര ഒരുപോലെ വ്യാപിച്ചിരിക്കുന്നതായി കാണുന്നവൻ (അജ്ഞാനം നിമിത്തം ആത്മാവിനെ അറിയാ തിരിക്കുന്നതിലൂടെ) തന്നെ സ്വയം നശിപ്പിക്കുന്നില്ല. അതുകൊണ്ട് അവൻ പരമപദത്തെ അണയുന്നു.

ശ്ലോകം 30
പ്രകൃത്യൈവ ച കർ‍മാണി ക്രിയമാണാനി സർ‍വ്വശഃ
യഃ പശ്യതി തഥാത്മാനമകർ‍ത്താരം സ പശ്യതി (30)

കർ‍മങ്ങളെല്ലാം ചെയ്യപ്പെടുന്നത് പ്രകൃതിയാൽ മാത്രമാണെന്നും ആത്മാവ് ഒന്നും ചെയ്യാത്തവനാണെന്നും ആരാണോ കാണുന്നത് അവന് യഥാർ‍ഥ്യത്തെ അറിയുന്നു.

ശ്ലോകം 31
യദാ ഭൂതപൃഥഗ്ഭാവമേകസ്ഥമനുപശ്യതി
തത ഏവ ച വിസ്താരം ബ്രഹ്മ സമ്പദ്യതേ തദാ (31)

വൈവിധ്യമാർ‍ന്ന ജീവജാലം ഏകവസ്തുവി‍ൽ തന്നെ സ്ഥിതിചെയ്യുന്നതായും, അതിൽ നിന്നു തന്നെ വികാസം പ്രാപിക്കുന്നതായും ഒരുവൻ എപ്പോൾ അറിയുന്നുവോ, അപ്പോൾ അവൻ ബ്രഹ്മമായിത്തീരുന്നു.

ശ്ലോകം 32
അനാദിത്വാന്നിർ‍ഗുണത്വാത് പരമാത്മായമവ്യയഃ
ശരീരസ്ഥോഽപി കൌന്തേയ ന കരോതി ന ലിപ്യതേ (32)

ഹേ കൗന്തേയ! അനാദിയും നിർ‍ഗുണനും ആകയാൽ ഈ പരമാത്മാവ് ശരീരത്തിൽ വർ‍ത്തിക്കുന്നുണ്ടെങ്കിലും യാതൊന്നും ചെയ്യുകയോ ഒന്നിനോടും സക്തനാകുകയോ ചെയ്യുന്നില്ല.

ശ്ലോകം 33
യഥാ സർ‍വ്വഗതം സൌക്ഷ്മ്യാദാകാശം നോപലിപ്യതേ
സർ‍വ്വത്രാവസ്ഥിതോ ദേഹേ തഥാത്മാ നോപലിപ്യതേ (33)

സർ‍വവ്യാപിയായ ആകാശം സുക്ഷ്മത്വം നിമിത്തം എപ്രകാരം മലിനപ്പെടാതിരിക്കുന്നുവോ, അപ്രകാരം തന്നെ ദേഹത്തിൽ സർ‍വ്വത്ര വ്യാപ്തനായിരിക്കുന്ന ആത്മാവും മലിനപ്പെടുന്നില്ല.

ശ്ലോകം 340
യഥാ പ്രകാശയത്യേകഃ കൃത്സ്നം ലോകമിമം രവിഃ
ക്ഷേത്രം ക്ഷേത്രീ തഥാ കൃത്സ്നം പ്രകാശയതി ഭാരത (34)

ഹേ ഭാരത! സൂര്യൻ ഏകനായി ഈ ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുന്നതുപോലെ ദേഹത്തിൽ വർ‍ത്തിക്കുന്ന പുരുഷൻ ദേഹത്തെ മുഴുവൻ പ്രകാശിപ്പിക്കുന്നു.

ശ്ലോകം 35
ക്ഷേത്രക്ഷേത്രജ്ഞയോരേവമന്തരം ജ്ഞാനചക്ഷുഷാ
ഭൂതപ്രകൃതിമോക്ഷം ച യേ വിദുർ‍യാന്തി തേ പരം (35)

ഇപ്രകാരം ക്ഷേത്രവും ക്ഷേത്രജ്ഞനും തമ്മിലുള്ള വ്യത്യാസത്തേയും, ഭുതപ്രകൃതിമോക്ഷത്തെയും ജ്ഞാനദൃഷ്ടികൊണ്ടു കണ്ടറിയുന്നവർ‍ പരമമായ പദത്തെ പ്രാപിക്കുന്നു. (ഭൂതങ്ങളുടെ ഹേതുവായ പ്രകൃതിയുടെ അഭാവമാണ് ഭൂതപ്രകൃതിമോക്ഷം. പ്രകൃതി അഥവാ അവിദ്യ ഇല്ലാത്തതാണ് എന്ന് അറിയുന്നവൻ മോക്ഷം പ്രാപിക്കുന്നു എന്നു താത്പര്യം).

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗോ നാമ ത്രയോദശോദ്ധ്യായഃ സമാപ്തഃ

ഗുണത്രയവിഭാഗയോഗഃ അദ്ധ്യായം 14 - 27 ശ്ലോകങ്ങൾ

പതിനാലാം അദ്ധ്യായം കേൾക്കാം

പതിനാലാം അദ്ധ്യായം: ഗുണത്രയവിഭാഗയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

ശ്രീഭഗവാനുവാച

ശ്ലോകം 01
പരം ഭൂയഃ പ്രവക്ഷ്യാമി ജ്ഞാനാനാം ജ്ഞാനമുത്തമം
യജ്ജ്ഞാത്വാ മുനയഃ സർ‍വ്വേ പരാം സിദ്ധിമിതോ ഗതാഃ (1)

ശ്രീ ഭഗവാൻ പറഞ്ഞു: ജ്ഞാനങ്ങളിൽ‍ വെച്ച് ഏറ്റവും ഉത്തമവും പരമവുമായ യാതൊരു ജ്ഞാനത്തെ അറിഞ്ഞിട്ട് മുനിമാർ‍ ഈ സംസാരത്തിൽ‍ നിന്ന് മുക്തരായി പരമസിദ്ധി പ്രാപിച്ചിരിക്കുന്നുവോ, ആ ജ്ഞാനത്തെ ഞാൻ വീണ്ടും പറയാം.

ശ്ലോകം 02
ഇദം ജ്ഞാനമുപാശ്രിത്യ മമ സാധർ‍മ്യമാഗതാഃ
സർ‍ഗ്ഗേഽപി നോപജായന്തേ പ്രലയേ ന വ്യഥന്തി ച (2)

ഈ ജ്ഞാനത്തെ ആശ്രയിച്ച് എന്നോട് ഐക്യം പ്രാപിക്കുന്നവർ‍ സൃഷ്ടിയുടെ ആരംഭത്തിൽ‍ ജനിക്കുകയോ പ്രളയകാലത്ത് വ്യസനിക്കുകയോ ചെയ്യുന്നില്ല.

ശ്ലോകം 03
മമ യോനിർ‍മഹദ് ബ്രഹ്മ തസ്മിൻ ഗർ‍ഭം ദധാമ്യഹം
സംഭവഃ സർ‍വ്വഭൂതാനാം തതോ ഭവതി ഭാരത (3)

ഹേ അർ‍ജുനാ, മഹാപ്രകൃതി എന്റെ യോനിയാകുന്നു. ഞാൻ അതിൽ‍ ബീജത്തെ നിക്ഷേപിക്കുന്നു. സർ‍വ്വ ജീവരാശികളുടെയും ജന്മം അതിൽ‍ നിന്നാണ് ഉണ്ടാകുന്നത്.

ശ്ലോകം 04
സർ‍വ്വയോനിഷു കൌന്തേയ മൂർ‍ത്തയഃ സംഭവന്തി യാഃ
താസാം ബ്രഹ്മ മഹദ്യോനിരഹം ബീജപ്രദഃ പിതാ (4)

ഹേ കൗന്തേയ, (ദേവന്മാർ, പിതൃക്കൾ, മനുഷ്യർ‍ തുടങ്ങിയ) സർ‍വ്വയോനികളിലുമുണ്ടാകുന്ന ശരീരങ്ങളുടെയെല്ലാം യോനി മഹാപ്രകൃതിയാകുന്നു. അവയ്ക്കെല്ലാം ബീജം പ്രദാനം ചെയ്യുന്ന പിതാവ് ഞാനുമാകുന്നു.

ശ്ലോകം 05
സത്ത്വം രജസ്തമ ഇതി ഗുണാഃ പ്രകൃതിസംഭവാഃ
നിബധ്നന്തി മഹാബാഹോ ദേഹേ ദേഹിനമവ്യയം (5)

ഹേ മഹാബാഹോ, പ്രകൃതിയിൽ‍ നിന്നുദ്ഭവിക്കുന്ന സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങൾ അവിനാശിയായ ദേഹിയെ (ആത്മാവിനെ) ദേഹത്തിൽ‍ ബന്ധിക്കുന്നു.

ശ്ലോകം 06
തത്ര സത്ത്വം നിർ‍മലത്വാത്പ്രകാശകമനാമയം
സുഖസംഗേന ബധ്നാതി ജ്ഞാനസംഗേന ചാനഘ (6)

ഹേ അനഘ (പാപരഹിത)! ഇവയിൽ‍, നിർ‍മ്മലത്വം മൂലം പ്രകാശമാനവും, ദോഷരഹിതവുമായ സത്വഗുണം സുഖം, ജ്ഞാനം എന്നിവയോടുള്ള ആസക്തിയാൽ‍ (ദേഹിയെ) ബന്ധിക്കുന്നു.

ശ്ലോകം 07
രജോ രാഗാത്മകം വിദ്ധി തൃഷ്ണാസംഗസമുദ്ഭവം
തന്നിബധ്നാതി കൌന്തേയ കർ‍മംസംഗേന ദേഹിനം (7)

ഹേ കൗന്തേയ, രജസ്സിന്റെ സ്വഭാവം രാഗമാണെന്നറിയൂ. അത് തൃഷ്ണയെയും ആസക്തിയെയും ജനിപ്പിക്കുന്നതാണ്. അത് കർ‍മ്മത്തോടുള്ള ആസക്തിയാൽ‍ ദേഹിയെ ബന്ധിക്കുന്നു.

ശ്ലോകം 08
തമസ്ത്വജ്ഞാനജം വിദ്ധി മോഹനം സർ‍വ്വദേഹിനാം
പ്രമാദാലസ്യനിദ്രാഭിസ്തന്നിബധ്നാതി ഭാരത (8)

ഹേ ഭാരത, തമസ്സ് അജ്ഞാനത്തിൽ‍ നിന്നുണ്ടാകുന്നതാണെന്ന് അറിയൂ. അത് എല്ലാ ദേഹികളെയും (ജീവന്മാരെയും) മോഹിപ്പിക്കു ന്നതാണ്. അശ്രദ്ധ, ആലസ്യം, ഉറക്കം എന്നിവയാൽ‍ അത് ദേഹിയെ ബന്ധിക്കുന്നു.

ശ്ലോകം 09
സത്ത്വം സുഖേ സഞ്ജയതി രജഃ കർ‍മണി ഭാരത
ജ്ഞാനമാവൃത്യ തു തമഃ പ്രമാദേ സഞ്ജയത്യുത (9)

ഹേ ഭാരത, സത്വം സുഖത്തോടും, രജസ്സ് കർ‍മ്മത്തോടും ആസക്തി ജനിപ്പിക്കുന്നു, എന്നാൽ‍ തമസ്സാകട്ടെ, ജ്ഞാനത്തെ ആവരണം ചെയ്തിട്ട് അശ്രദ്ധയോട് ആസക്തി ജനിപ്പിക്കുന്നു.

ശ്ലോകം 10
രജസ്തമശ്ചാഭിഭൂയ സത്ത്വം ഭവതി ഭാരത
രജഃ സത്ത്വം തമശ്ചൈവ തമഃ സത്ത്വം രജസ്തഥാ (10)

സത്വഗുണം (മറ്റു ഗുണങ്ങളെക്കാള് അധികമായിരിക്കുമ്പോൾ) അത് രജസ്സിനെയും തമസ്സിനെയും കീഴ്പെടുത്തുന്നു. അതുപോലെ, രജസ്സ് (മറ്റു ഗുണങ്ങളെക്കാള് അധികമായിരിക്കുമ്പോൾ) അത് സത്വ ത്തിനെയും തമസ്സിനെയും കീഴ്പെടുത്തുകയും, തമസ്സ് (മറ്റു ഗുണങ്ങളെക്കാൾ അധികമായിരിക്കുമ്പോൾ) അത് സത്വത്തിനെയും രജസ്സിനെയും കീഴ്പെടുത്തുകയും ചെയ്യുന്നു.

ശ്ലോകം 11
സർ‍വ്വദ്വാരേഷു ദേഹേഽസ്മിൻ പ്രകാശ ഉപജായതേ
ജ്ഞാനം യദാ തദാ വിദ്യാദ്വിവൃദ്ധം സത്ത്വമിത്യുത (11)

എപ്പോഴാണോ ശരീരത്തിലെ എല്ലാ ഇന്ദ്രിയങ്ങളിലൂടെയും ജ്ഞാനം പ്രകാശിക്കുന്നത് അപ്പോൾ സത്വഗുണം മറ്റു ഗുണങ്ങളെക്കാൾ അധികമായിരിക്കുന്നു എന്ന് അറിയണം.

ശ്ലോകം 12
ലോഭഃ പ്രവൃത്തിരാരംഭഃ കർ‍മണാമശമഃ സ്പൃഹാ
രജസ്യേതാനി ജായന്തേ വിവൃദ്ധേ ഭരതർ‍ഷഭ (12)

രജോഗുണം മറ്റു ഗുണങ്ങളെക്കാൾ അധികമായിരിക്കുമ്പോൾ ലോഭം, പ്രവൃത്തി, പ്രവൃത്തികളുടെ ആരംഭം, അശാന്തി, ആഗ്രഹം എന്നിവ ഉദ്ഭവിക്കുന്നു.

ശ്ലോകം 13
അപ്രകാശോഽപ്രവൃത്തിശ്ച പ്രമാദോ മോഹ ഏവ ച
തമസ്യേതാനി ജായന്തേ വിവൃദ്ധേ കുരുനന്ദന (13)

ഹേ കുരുനന്ദന! തമോഗുണം മറ്റു ഗുണങ്ങളെക്കാൾ അധികമായിരിക്കുമ്പോൾ അജ്ഞാനം, ആലസ്യം, പ്രമാദം (അശ്രദ്ധ), മോഹം എന്നിവ ഉണ്ടാകുന്നു.

ശ്ലോകം 14
യദാ സത്ത്വേ പ്രവൃദ്ധേ തു പ്രലയം യാതി ദേഹഭൃത്
തദോത്തമവിദാം ലോകാനമലാൻ പ്രതിപദ്യതേ (14)

സത്വഗുണം വർ‍ദ്ധിച്ചിരിക്കുമ്പോൾ മരിക്കുന്നവൻ ഉത്തമരായ ജ്ഞാനികൾ വസിക്കുന്ന വിശുദ്ധങ്ങളായ ലോകങ്ങളെ പ്രാപിക്കുന്നു.

ശ്ലോകം 15
രജസി പ്രലയം ഗത്വാ കർ‍മംസംഗിഷു ജായതേ
തഥാ പ്രലീനസ്തമസി മൂഢയോനിഷു ജായതേ (15)

രജോഗുണം വർ‍ദ്ധിച്ചിരിക്കുമ്പോൾ മരിക്കുന്നവൻ കർ‍മ്മത്തോട് ആസക്തിയുള്ളവരുടെ ഇടയിൽ‍ ജനിക്കുന്നു. അതുപോലെ, തമോഗുണം വർ‍ദ്ധിച്ചിരിക്കുമ്പോൾ മരിക്കുന്നയാൾ മൂഢയോനികളെ പ്രാപിക്കുകയും

ശ്ലോകം 16
കർ‍മണഃ സുകൃതസ്യാഹുഃ സാത്ത്വികം നിർ‍മലം ഫലം
രജസസ്തു ഫലം ദുഃഖമജ്ഞാനം തമസഃ ഫലം (16)

പുണ്യകർ‍മ്മത്തിന്റെ ഫലം സാത്വികവും നിർ‍മ്മലവും, രജസ്സിന്റെ (രാജസികകർ‍മത്തിന്റെ) ഫലം ദുഃഖവും, തമസ്സിന്റെ (താമസിക കർ‍മത്തിന്റെ) ഫലം അജ്ഞാനവുമാകുന്നു.

ശ്ലോകം 17
സത്ത്വാത്സഞ്ജായതേ ജ്ഞാനം രജസോ ലോഭ ഏവ ച
പ്രമാദമോഹൌ തമസോ ഭവതോഽജ്ഞാനമേവ ച (17)

സത്വഗുണത്തിൽ‍ നിന്നു ജ്ഞാനവും, രജോഗുണത്തിൽ‍ നിന്നു ലോഭവും, തമോഗുണത്തിൽ‍ നിന്നു പ്രമാദം (അശ്രദ്ധ), മോഹം, അജ്ഞാനം എന്നിവയും ഉദ്ഭവിക്കുന്നു.

ശ്ലോകം 18
ഊർ‍ധ്വം ഗച്ഛന്തി സത്ത്വസ്ഥാ മധ്യേ തിഷ്ഠന്തി രാജസാഃ
ജഘന്യഗുണവൃത്തിസ്ഥാ അധോ ഗച്ഛന്തി താമസാഃ (18)

സത്വഗുണമുള്ളവർ‍ ഉയർ‍ന്ന (ഉത്തമ) ലോകങ്ങളെ പ്രാപിക്കുന്നു. രജോഗുണമുള്ളവർ‍ മദ്ധത്തിൽ‍ നില്ക്കുന്നു (മധ്യമമായ ലോകങ്ങളെ പ്രാപിക്കുന്നു). അധമഗുണമുള്ള താമസികർ‍ അധോലോകങ്ങളെയും പ്രാപിക്കുന്നു

ശ്ലോകം 19
നാന്യം ഗുണേഭ്യഃ കർ‍ത്താരം യദാ ദ്രഷ്ടാനുപശ്യതി
ഗുണേഭ്യശ്ച പരം വേത്തി മദ്ഭാവം സോഽധിഗച്ഛതി (19)

എപ്പോൾ ദ്രഷ്ടാവ് ഗുണങ്ങളിൽ‍ നിന്നു ഭിന്നനായ ഒരു കർ‍ത്താവിനെ കാണാതിരിക്കുകയും ഗുണങ്ങൾക്കതീതനായ ആത്മാവിനെ അറിയുകയും ചെയ്യുന്നുവോ അപ്പോൾ അവൻ എന്റെ ഭാവത്തെ (ബ്രഹ്മത്തെ) പ്രാപിക്കുന്നു.

ശ്ലോകം 20
ഗുണാനേതാനതീത്യ ത്രീന്ദേഹീ ദേഹസമുദ്ഭവാൻ
ജന്മമൃത്യുജരാദുഃഖൈർ‍വിമുക്തോഽമൃതമശ്നുതേ (20)

ശരീരോത്പത്തിയ്ക്കു കാരണമായ ഈ മൂന്നു ഗുണങ്ങളെ അതിവർ‍ത്തിച്ചിട്ട്, ജന്മം, മൃത്യു, ജരാ, ദുഃഖം എന്നിവയിൽ‍ നിന്നു മുക്തനായി ദേഹി അമൃതത്വത്തെ പ്രാപിക്കുന്നു.

ശ്ലോകം 21

അർ‍ജുന ഉവാച

കൈർ‍ലിംഗൈസ്ത്രീന് ഗുണാനേതാനതീതോ ഭവതി പ്രഭോ
കിമാചാരഃ കഥം ചൈതാംസ്ത്രീൻ ഗുണാനതിവർ‍ത്തതേ (21)

അർ‍ജുനൻ പറഞ്ഞു: ഹേ പ്രഭോ! ഈ മൂന്നു ഗുണങ്ങളെ അതി വർ‍ത്തിച്ചവന്റെ ലക്ഷണങ്ങളേതൊക്കെയാണ്? അവന്റെ പെരുമാറ്റം എപ്രകാരമുള്ളതായിരിക്കും? എങ്ങനെയാണ് ഈ മൂന്നു ഗുണങ്ങളെ അതിവർ‍ത്തിക്കുന്നത്?

ശ്ലോകങ്ങൾ 22, 23, 24, 25

ശ്രീഭഗവാനുവാച

പ്രകാശം ച പ്രവൃത്തിം ച മോഹമേവ ച പാണ്ഡവ
ന ദ്വേഷ്ടി സമ്പ്രവൃത്താനി ന നിവൃത്താനി കാംക്ഷതി (22)
ഉദാസീനവദാസീനോ ഗുണൈർ‍യോ ന വിചാല്യതേ
ഗുണാ വർ‍ത്തന്ത ഇത്യേവം യോഽവതിഷ്ഠതി നേങ്ഗതേ (23)
സമദുഃഖസുഖഃ സ്വസ്ഥഃ സമലോഷ്ടാശ്മകാഞ്ചനഃ
തുല്യപ്രിയാപ്രിയോ ധീരസ്തുല്യനിന്ദാത്മസംസ്തുതിഃ (24)
മാനാപമാനയോസ്തുല്യസ്തുല്യോ മിത്രാരിപക്ഷയോഃ
സർ‍വാരംഭപരിത്യാഗീ ഗുണാതീതഃ സ ഉച്യതേ (25)

ഭഗവാൻ പറഞ്ഞു: ആരാണോ സത്വഗുണകാര്യമായ പ്രകാശവും, രജോഗുണകാര്യമായ പ്രവൃത്തിയും, തമോഗുണകാര്യമായ മോഹവും പ്രവർ‍ത്തിച്ചു കൊണ്ടിരിക്കുമ്പോൾ അവയെ ദ്വേഷിക്കാതിരി ക്കുകയും, അവ പ്രവർ‍ത്തിക്കാതിരിക്കുമ്പോൾ അവയെ കാംക്ഷിക്കാ തിരിക്കുകയും ചെയ്യുന്നത്; ആരാണോ ഉദാസീനനായിരിക്കുകയും, ഗുണങ്ങളാൽ‍ വിചലിതനാകാതിരിക്കുകയും, ഗുണങ്ങൾ സ്വയം പ്രവർ‍ത്തിക്കുന്നുവെന്നറിഞ്ഞ് ഇളകാതിരിക്കുകയും ചെയ്യുന്നത്; ആരാണോ സുഖദുഃഖങ്ങളെയും, സ്വർ‍ണ്ണത്തിനെയും മണ്‍കട്ടയെയും, പ്രിയത്തെയും അപ്രിയത്തെയും, സ്തുതിയെയും നിന്ദയെയും തുല്യമായി കാണുകയും ചെയ്യുന്നത്; ആരാണോ മാനാപമാനങ്ങൾ ശത്രുമിത്രങ്ങൾ എന്നിവയെ തുല്യമായി കാണുകയും, എല്ലാ പ്രവൃത്തികളെയും ത്യജിക്ഷിക്കുകയും ചെയ്യുന്നത് അവൻ ത്രിഗുണാതീതൻ (മൂന്നു ഗുണങ്ങളെ അതിവർ‍ത്തിച്ചവൻ) ആകുന്നു.

ശ്ലോകം 26
മാം ച യോഽവ്യഭിചാരേണ ഭക്തിയോഗേന സേവതേ
സ ഗുണാൻ സമതീത്യൈതാൻ ബ്രഹ്മഭൂയായ കൽപതേ (26)

യാതൊരുവനാണോ അചഞ്ചലമായ ഭക്തിയോടെ എന്നെ ഭജിക്കുന്നത് അവൻ ത്രിഗുണങ്ങളെ അതിവർ‍ത്തിച്ച് ബ്രഹ്മഭാവത്തെ പ്രാപിക്കുവാൻ യോഗ്യനാകുന്നു.

ശ്ലോകം 27
ബ്രഹ്മണോ ഹി പ്രതിഷ്ഠാഹമമൃതസ്യാവ്യയസ്യ ച
ശാശ്വതസ്യ ച ധർ‍മ്മസ്യ സുഖസ്യൈകാന്തികസ്യ ച (27)

ഞാൻ അമൃതവും (അനശ്വരവും) അവ്യയവുമായ (മാറ്റമില്ലാ ത്തതുമായ) ബ്രഹ്മത്തിന്റെയും, ശാശ്വതമായ ധർ‍മ്മത്തിന്റെയും, പരമമായ സുഖത്തിന്റെയും നിവാസസ്ഥാനമാകുന്നു.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ ഗുണത്രയവിഭാഗയോഗോ നാമ ചതുർദശോദ്ധ്യായഃ സമാപ്തഃ

പുരുഷോത്തമയോഗഃ അദ്ധ്യായം 15 - 20 ശ്ലോകങ്ങൾ

പതിനഞ്ചാം അദ്ധ്യായം കേൾക്കാം

പതിനഞ്ചാം അദ്ധ്യായം: പുരുഷോത്തമയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

ശ്രീഭഗവാനുവാച

ശ്ലോകം 01
ഊർ‍ധ്വമൂലമധഃശാഖമശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി യസ്യ പർ‍ണാനി യസ്തം വേദ സ വേദവിത് (1)

ഭഗവാൻ പറഞ്ഞു: ഈ സംസാരത്തെ ശാഖകൾ താഴെയും വേരുകൾ മുകളിലുമായുള്ള നാശമില്ലാത്ത ഒരു അശ്വത്ഥ (അരയാൽ) വൃക്ഷമായും, വേദങ്ങളെ അതിന്റെ ഇലകളായും (പൂർ‍വ്വികന്മാർ‍) പറയുന്നു. ഈ വൃക്ഷത്തെ അറിയുന്നവൻ വേദങ്ങളെ അറിയുന്നവനാണ്.

ശ്ലോകം 02
അധശ്ചോർ‍ധ്വം പ്രസൃതാസ്തസ്യ ശാഖാ
ഗുണപ്രവൃദ്ധാ വിഷയപ്രവാലാഃ
അധശ്ച മൂലാന്യനുസന്തതാനി
കർ‍മാനുബന്ധീനി മനുഷ്യലോകേ (2)

ത്രിഗുണങ്ങളാൽ പോഷിപ്പിക്കപ്പെടുന്ന അതിന്റെ ശാഖകൾ മുകളിലും താഴെയുമായി പരന്നുകിടക്കുന്നു. വിഷയങ്ങളാണ് അതിന്റെ തളിരുകൾ. കർ‍മ്മത്തോടു ബന്ധപ്പെട്ടവയായ അതിന്റെ വേരുകൾ മനുഷ്യലോകത്തിൽ വ്യാപിച്ചുകിടക്കുന്നു.

ശ്ലോകങ്ങൾ 03, 04
ന രൂപമസ്യേഹ തഥോപലഭ്യതേ
നാന്തോ ന ചാദിർ‍ന ച സംപ്രതിഷ്ഠാ
അശ്വത്ഥമേനം സുവിരൂഢമൂലം
അസംഗശസ്ത്രേണ ദൃഢേന ഛിത്ത്വാ (3)
തതഃ പദം തത്പരിമാർ‍ഗിതവ്യം
യസ്മിൻ ഗതാ ന നിവർ‍ത്തന്തി ഭൂയഃ
തമേവ ചാദ്യം പുരുഷം പ്രപദ്യേ
യതഃ പ്രവൃത്തിഃ പ്രസൃതാ പുരാണീ (4)

ഇഹത്തിൽ അതിന്റെ രൂപവും, ആദിയും, അന്തവും, അസ്തിത്വവും അങ്ങനെ അറിയപ്പെടുന്നില്ല. തീവ്രവൈരാഗ്യമാകുന്ന ആയുധത്താൽ വേരുറച്ച ഈ അശ്വത്ഥവൃക്ഷത്തിനെ മുറിച്ചതിനുശേഷം, യാതൊരു പരമപദത്തെ പ്രാപിച്ചാൽ പിന്നീട് തിരിച്ചുവരവില്ലയോ, അതിനെ തേടേണ്ടതാണ്. അതിനായി അനാദിയായ ഈ സംസാരത്തിന് ഉറവിടമായ ആദിപുരുഷനെ ഞാൻ ശരണം പ്രാപിക്കുന്നു.

ശ്ലോകം 05
നിർ‍മാനമോഹാ ജിതസംഗദോഷാ
അധ്യാത്മനിത്യാ വിനിവൃത്തകാമാഃ
ദ്വന്ദ്വൈർ‍വിമുക്താഃ സുഖദുഃഖസംജ്ഞൈർ‍
ഗച്ഛന്ത്യമൂഢാഃ പദമവ്യയം തത് (5)

അഭിമാനം, മോഹം എന്നിവയിൽ നിന്ന് മുക്തരും, സംഗമാകുന്ന ദോഷത്തെ ജയിച്ചവരും, സദാ ആത്മനിഷ്ഠരും, കാമമില്ലാത്തവരും, സുഖദുഃഖാദി ദ്വന്ദ്വങ്ങളിൽ നിന്ന് മുക്തരും വ്യാമോഹ മില്ലാത്തവരുമായ മഹാന്മാർ‍ ആ പരമപദത്തെ പ്രാപിക്കുന്നു.

ശ്ലോകം 06
ന തദ്ഭാസയതേ സൂര്യോ ന ശശാങ്കോ ന പാവകഃ
യദ്ഗത്വാ ന നിവർ‍ത്തന്തേ തദ്ധാമ പരമം മമ (6)

യാതൊന്നിനെ സൂര്യചന്ദ്രന്മാരോ അഗ്നിയോ പ്രകാശി പ്പിക്കുന്നില്ലയോ, യാതൊന്നിനെ പ്രാപിച്ചാൽ തിരിച്ചുവരവില്ലയോ അതാണ് എന്റെ പരമമായ പദം (സ്ഥാനം).

ശ്ലോകം 07
മമൈവാംശോ ജീവലോകേ ജീവഭൂതഃ സനാതനഃ
മനഃഷഷ്ഠാനീന്ദ്രിയാണി പ്രകൃതിസ്ഥാനി കർ‍ഷതി (7)

എന്റെ തന്നെ സനാതനമായ അംശമായ ജീവലോകത്തിൽ ജീവനായിട്ട് അഞ്ചിന്ദ്രിയങ്ങളെയും മനസ്സിനെയും തന്നിലേയ്ക്കാ കർ‍ഷിക്കുന്നു.

ശ്ലോകം 08
ശരീരം യദവാപ്നോതി യച്ചാപ്യുത്ക്രാമതീശ്വരഃ
ഗൃഹീത്വൈതാനി സംയാതി വായുർ‍ഗന്ധാനിവാശയാത് (8)

ഈശ്വരൻ (ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും അധീശനായ ജീവൻ) ശരീരത്തെ പ്രാപിക്കുമ്പോഴും വിട്ടുപോകുമ്പോഴും, പുഷ്പത്തിൽ നിന്ന് വായു ഗന്ധത്തെയെന്ന പോലെ ഇവയെയെല്ലാം കൊണ്ടുപോകുന്നു.

ശ്ലോകം 09
ശ്രോത്രം ചക്ഷുഃ സ്പർ‍ശനം ച രസനം ഘ്രാണമേവ ച
അധിഷ്ഠായ മനശ്ചായം വിഷയാനുപസേവതേ (9)

ഈ ജീവൻ ചെവി, കണ്ണ്, ത്വക്ക്, നാക്ക്, മൂക്ക് എന്നീ അഞ്ചിന്ദ്രിയങ്ങളെയും മനസ്സിനെയും ആശ്രയിച്ച് വിഷയങ്ങളെ അനുഭവിക്കുന്നു.

ശ്ലോകം 10
ഉത്ക്രാമന്തം സ്ഥിതം വാപി ഭുഞ്ജാനം വാ ഗുണാന്വിതം
വിമൂഢാ നാനുപശ്യന്തി പശ്യന്തി ജ്ഞാനചക്ഷുഷഃ (10)

ശരീരം വിട്ടുപോകുന്നതോ, ശരീരത്തിലിരിക്കുന്നതോ, വിഷയങ്ങ ളനുഭവിക്കുന്നതോ ഗുണങ്ങളോടുകൂടിയിരിക്കുന്നതോ ആയ ഈ ജീവനെ അജ്ഞാനികൾ അറിയുന്നില്ല. ജ്ഞാനദൃഷ്ടിയുള്ളവർ‍ മാത്രം ഇതിനെ കാണുന്നു.

ശ്ലോകം 11
യതന്തോ യോഗിനശ്ചൈനം പശ്യന്ത്യാത്മന്യവസ്ഥിതം
യതന്തോഽപ്യകൃതാത്മാനോ നൈനം പശ്യന്ത്യചേതസഃ (11)

സിദ്ധിയ്ക്കായി പ്രയത്നിക്കുന്ന യോഗികൾ തങ്ങളുടെയുള്ളിൽ സ്ഥിതിചെയ്യുന്ന ഈ ജീവനെ കാണുന്നു. എന്നാൽ അനധികാരികളായ മൂഢന്മാർ‍ പ്രയത്നിച്ചാലും ഈ ജീവനെ കാണുന്നില്ല.

ശ്ലോകം 12
യദാദിത്യഗതം തേജോ ജഗദ്ഭാസയതേഽഖിലം
യച്ചന്ദ്രമസി യച്ചാഗ്നൌ തത്തേജോ വിദ്ധി മാമകം (12)

ഈ ലോകത്തെയാകമാനം പ്രകാശിപ്പിക്കുന്ന സൂര്യന്റെ തേജസ്സും, ചന്ദ്രനിലും അഗ്നിയിലുമുള്ള തേജസ്സും എന്റേതു തന്നെയെന്നറിയൂ.

ശ്ലോകം 13
ഗാമാവിശ്യ ച ഭൂതാനി ധാരയാമ്യഹമോജസാ
പുഷ്ണാമി ചൌഷധീഃ സർ‍വ്വഃ സോമോ ഭൂത്വാ രസാത്മകഃ (13)

ഞാൻ ഓജസ്സായി ഭൂമിയിൽ പ്രവേശിച്ച് ജീവജാലങ്ങളെ നിലനിർ‍ത്തുകയും, രസാത്മകനായ ചന്ദ്രനായി എല്ലാവിധ സസ്യങ്ങളെയും പോഷിപ്പിക്കുകയും ചെയ്യുന്നു.

ശ്ലോകം 14
അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാനസമായുക്തഃ പചാമ്യന്നം ചതുർ‍വ്വിധം (14)

ഞാൻ പ്രാണികളുടെ ശരീരങ്ങളിൽ അഗ്നിയുടെ രൂപത്തിലിരുന്ന് പ്രാണൻ, അപാനൻ എന്നിവയോടു ചേർ‍ന്ന് നാലുതരത്തിലുള്ള ഭക്ഷണത്തെയും ദഹിപ്പിക്കുന്നു.

ശ്ലോകം 15
സർ‍വ്വസ്യ ചാഹം ഹൃദി സന്നിവിഷ്ടോ
മത്തഃ സ്മൃതിർ‍ജ്ഞാനമപോഹനഞ്ച
വേദൈശ്ച സർ‍വ്വൈരഹമേവ വേദ്യോ
വേദാന്തകൃദ്വേദവിദേവ ചാഹം (15)

ഞാൻ സർ‍വ്വരുടെയും ഹൃദയത്തിൽ സന്നിഹിതനാണ്. ഓർ‍മ്മ, അറിവ്, മറവി എന്നിവയുണ്ടാകുന്നതും എന്നിൽ നിന്നാണ്. എല്ലാ വേദങ്ങളിലൂടെ അറിയപ്പെടേണ്ടവൻ ഞാനാണ്. വേദാന്തത്തിന്റെ കർ‍ത്താവും വേദജ്ഞനും ഞാൻ തന്നെയാണ്.

ശ്ലോകം 16
ദ്വാവിമൌ പുരുഷൌ ലോകേ ക്ഷരശ്ചാക്ഷര ഏവ ച
ക്ഷരഃ സർ‍വ്വാണി ഭൂതാനി കൂടസ്ഥോഽക്ഷര ഉച്യതേ (16)

ക്ഷരൻ (നാശമുള്ളവൻ), അക്ഷരൻ (നശിക്കാത്തവൻ) എന്നീ രണ്ടു പുരുഷന്മാരാണ് ഈ ലോകത്തിലുള്ളത്. എല്ലാ ജീവജാലങ്ങളും ക്ഷരപുരുഷനാണ്. നാശരഹിതനും കൂടസ്ഥനുമായ ആത്മാവാണ് അക്ഷരപുരുഷൻ.

ശ്ലോകം 17
ഉത്തമഃ പുരുഷസ്ത്വന്യഃ പരമാത്മേത്യുദാഹൃതഃ
യോ ലോകത്രയമാവിശ്യ ബിഭർ‍ത്യവ്യയ ഈശ്വരഃ (17)

മൂന്നു ലോകങ്ങളെയും വ്യാപിച്ച് അവയെ ഭരിക്കുന്ന നാശരഹിതനും പരമാത്മാവെന്നു വിളിക്കപ്പെടുന്നവനുമായ ഈശ്വരൻ മേല്പറഞ്ഞ രണ്ടു പുരുഷന്മാരിൽ നിന്നും ഭിന്നനായ ഉത്തമപുരുഷൻ.

ശ്ലോകം 18
യസ്മാത്ക്ഷരമതീതോഽഹമക്ഷരാദപി ചോത്തമഃ
അതോഽസ്മി ലോകേ വേദേ ച പ്രഥിതഃ പുരുഷോത്തമഃ (18)

ക്ഷരത്തിനതീതനും, അക്ഷരത്തിനേക്കാൾ ഉത്തമനുമായതിനാൽ ഞാൻ ഈ ലോകത്തിലും വേദത്തിലും പുരുഷോത്തമ നെന്നറിയപ്പെടുന്നു.

ശ്ലോകം 19
യോ മാമേവമസമ്മൂഢോ ജാനാതി പുരുഷോത്തമം
സ സർ‍വ്വവിദ്ഭജതി മാം സർ‍വ്വഭാവേന ഭാരത (19)

ഹേ ഭാരത, പുരുഷോത്തമനായ എന്നെ ഇപ്രകാരം മോഹരഹിതനായ യാതൊരുവനാണോ അറിയുന്നത്, എല്ലാം അറിഞ്ഞവനായ അവൻ എല്ലാ ഭാവത്തിലും എന്നെ ഭജിക്കുന്നു.

ശ്ലോകം 20
ഇതി ഗുഹ്യതമം ശാസ്ത്രമിദമുക്തം മയാനഘ
ഏതദ്ബുദ്ധ്വാ ബുദ്ധിമാൻ സ്യാത് കൃതകൃത്യശ്ച ഭാരത (20)

ഹേ ഭാരത, ഇപ്രകാരം ഞാനുപദേശിച്ച തികച്ചും രഹസ്യമായ ഈ ശാസ്ത്രത്തെ അറിയുന്നവൻ ബുദ്ധിമാനായും കൃതകൃത്യനായും (ചെയ്യേണ്ടതെല്ലാം ചെയ്തു തീർ‍ത്തവൻ) ഭവിക്കുന്നു.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ പുരുഷോത്തമയോഗോ നാമ പഞ്ചദശോദ്ധ്യായഃ സമാപ്തഃ

ദൈവാസുരസമ്പദ്വിഭാഗയോഗഃ അദ്ധ്യായം 16 - 24 ശ്ലോകങ്ങൾ

പതിനാറാം അദ്ധ്യായം കേൾക്കാം

പതിനാറാം അദ്ധ്യായം: ദൈവാസുരസമ്പദ്വിഭാഗയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

ശ്രീഭഗവാനുവാച

ശ്ലോകങ്ങൾ 01, 02, 03
അഭയം സത്ത്വസംശുദ്ധിർ‍ ജ്ഞാനയോഗവ്യവസ്ഥിതിഃ
ദാനം ദമശ്ച യജ്ഞശ്ച സ്വാധ്യായസ്തപ ആർ‍ജവം (1)
അഹിംസാ സത്യമക്രോധസ്ത്യാഗഃ ശാന്തിരപൈശുനം
ദയാ ഭൂതേഷ്വലോലുപ്ത്വം മാർ‍ദവം ഹ്രീരചാപലം (2)
തേജഃ ക്ഷമാ ധൃതിഃ ശൌചമദ്രോഹോ നാതിമാനിതാ
ഭവന്തി സമ്പദം ദൈവീമഭിജാതസ്യ ഭാരത (3)

ഭയമില്ലായ്മ, ഹൃദയശുദ്ധി, ജ്ഞാനത്തിലും യോഗത്തിലുമുള്ള നിഷ്ഠ, ദാനം, ഇന്ദ്രിയസംയമനം, യജ്ഞം, ശാസ്ത്രപാരായണം, തപസ്സ്, ആർ‍ജ്ജവം, അഹിംസാ, സത്യം, ക്രോധമില്ലായ്മ, ത്യാഗം, ശാന്തി, പരദൂഷണം ചെയ്യാതിരിക്കുക, ഭൂതദയാ, ആഗ്രഹമില്ലായ്മ, സൗമ്യത, ലജ്ജ, ചാപല്യമില്ലായ്മ, തേജസ്സ്, ക്ഷമാ, ശുചിത്വം, ദ്രോഹിക്കാതിരിക്കൽ‍, അഹങ്കാരമില്ലായ്മ എന്നിവ ദൈവീസമ്പത്തോടെ ജനിച്ചവനുണ്ടാകുന്ന ഗുണങ്ങളാണ്.

ശ്ലോകം 04
ദംഭോ ദർ‍പ്പോഽഭിമാനശ്ച ക്രോധഃ പാരുഷ്യമേവ ച
അജ്ഞാനം ചാഭിജാതസ്യ പാർ‍ഥ സമ്പദമാസുരീം (4)

ഡംഭ്, അഹങ്കാരം, അഭിമാനം, ക്രോധം, പാരുഷ്യം, അജ്ഞാനം എന്നിവ ആസുരീസമ്പത്തോടെ ജനിച്ചവനുണ്ടാകുന്ന ഗുണങ്ങളാണ്.

ശ്ലോകം 05
ദൈവീ സമ്പദ്വിമോക്ഷായ നിബന്ധായാസുരീ മതാ
മാ ശുചഃ സമ്പദം ദൈവീമഭിജാതോഽസി പാണ്ഡവ (5)

ദൈവീസമ്പത്ത് മോക്ഷത്തിലേയ്ക്കും, ആസുരീസമ്പത്ത് ബന്ധനത്തിലേയ്ക്കും നയിക്കുന്നു. നീ ദൈവീ സമ്പത്തോടെ ജനിച്ചവനാണ്. അതുകൊണ്ട് ദുഃഖിക്കേണ്ട.

ശ്ലോകം 06
ദ്വൌ ഭൂതസർ‍ഗ്ഗൗ ലോകേഽസ്മിന്‍ ദൈവ ആസുര ഏവ ച
ദൈവോ വിസ്തരശഃ പ്രോക്ത ആസുരം പാർ‍ഥ മേ ശൃണു (6)

ഈ ലോകത്തിൽ‍ പ്രാണിസൃഷ്ടി ദൈവം, ആസുരം എന്നീ രണ്ടു വിധത്തിലാണ്. ദൈവീസൃഷ്ടിയെക്കുറിച്ച് ആദ്യം വിശദമായി പറഞ്ഞുകഴിഞ്ഞു. ഇനി ആസുരിസൃഷ്ടിയെക്കുറിച്ച് കേട്ടാലും.

ശ്ലോകം 07
പ്രവൃത്തിം ച നിവൃത്തിം ച ജനാ ന വിദുരാസുരാഃ
ന ശൌചം നാപി ചാചാരോ ന സത്യം തേഷു വിദ്യതേ (7)

ആസുരരായ ജനങ്ങൾ‍ക്ക് എന്തു പ്രവർ‍ത്തിക്കണം ഏതിൽ‍ നിന്ന് നിവർ‍ത്തിക്കണം എന്നറിയിൽല. അവരിൽ‍ ശൗചമോ, ആചാരമോ, സത്യമോ കാണപ്പെടുന്നില്ല.

ശ്ലോകം 08
അസത്യമപ്രതിഷ്ഠം തേ ജഗദാഹുരനീശ്വരം
അപരസ്പരസംഭൂതം കിമന്യത്കാമഹൈതുകം (8)

അവർ‍ ഈ ജഗത്തിനെ ഈശ്വരനില്ലാത്തതും, മിഥ്യയായതും, അടിസ്ഥാനമില്ലാത്തതുമാണെന്നു പറയുന്നു. ഈ ലോകം ഭൂതങ്ങളുടെ പരസ്പരസംയോഗത്താലുണ്ടായതാണെന്നും കാമത്തിൽ‍ നിന്നും ഉദ്ഭവിച്ചതല്ലാതെ മറ്റൊരു കാരണവുമതിനില്ലെന്നും അവർ‍ പറയുന്നു.

ശ്ലോകം 09
ഏതാം ദൃഷ്ടിമവഷ്ടഭ്യ നഷ്ടാത്മാനോഽൽപബുദ്ധയഃ
പ്രഭവന്ത്യുഗ്രകർ‍മാണഃ ക്ഷയായ ജഗതോഽഹിതാഃ (9)

അൽപബുദ്ധികളായ അവർ‍ ഈ ചിന്താഗതിയെ സ്വീകരിച്ചുകൊണ്ട് സ്വയം നശിക്കുകയും, ക്രൂരകർ‍മ്മങ്ങളെചെയ്ത് ലോകത്തിന് നാശം വരുത്തിവെയ്ക്കുന്നു.

ശ്ലോകം 10
കാമമാശ്രിത്യ ദുഷ്പൂരം ദംഭമാനമദാന്വിതാഃ
മോഹാദ്ഗൃഹീത്വാസദ്ഗ്രാഹാന്‍ പ്രവർ‍ത്തന്തേഽശുചിവ്രതാഃ (10)

ഡംഭവും മാനവുമുള്ള ഇവർ‍ തൃപ്തിപ്പെടുത്തുവാന്‍ വിഷമമായ കാമത്തിന് അധീനരായി മോഹവശാൽ‍ ദുരാഗ്രഹങ്ങളെ നിറവേറ്റുവാന്‍ അശുദ്ധവ്രതരായി പ്രവർത്തിക്കുന്നു

ശ്ലോകങ്ങൾ 11, 12
ചിന്താമപരിമേയാം ച പ്രലയാന്താമുപാശ്രിതാഃ
കാമോപഭോഗപരമാ ഏതാവദിതി നിശ്ചിതാഃ (11)
ആശാപാശശതൈർ‍ബദ്ധാഃ കാമക്രോധപരായണാഃ
ഈഹന്തേ കാമഭോഗാർ‍ഥമന്യായേനാർ‍ഥസഞ്ചയാൻ‍ (12)

മരണം വരെ ഒടുക്കമില്ലാത്ത ചിന്തകൾ‍ക്കധീനരായി വിഷയഭോഗങ്ങളെ പരമലക്ഷ്യമായിക്കണ്ട്, അതിനപ്പുറം നേടാനൊന്നുമില്ലെന്നുള്ള നിശ്ചയത്തോടെ, നൂറുകണക്കിനു ആഗ്രഹപാശങ്ങളാൽ‍ ബദ്ധരായി, കാമക്രോധങ്ങളിൽ‍ മുഴുകിഇന്ദ്രിയ ഭോഗത്തിനായി തെറ്റായ വഴിയിലൂടെ സമ്പത്ത് വാരിക്കൂട്ടുവാൻ‍ ശ്രമിക്കുന്നു.

ശ്ലോകങ്ങൾ 13, 14, 15, 16
ഇദമദ്യ മയാ ലബ്ധമിമം പ്രാപ്സ്യേ മനോരഥം
ഇദമസ്തീദമപി മേ ഭവിഷ്യതി പുനർ‍ധനം (13)
അസൌ മയാ ഹതഃ ശത്രുർ‍ഹനിഷ്യേ ചാപരാനപി
ഈശ്വരോഽഹമഹം ഭോഗീ സിദ്ധോഽഹം ബലവാൻ‍ സുഖീ (14)
ആഢ്യോഽഭിജനവാനസ്മി കോഽന്യോഽസ്തി സദൃശോ മയാ
യക്ഷ്യേ ദാസ്യാമി മോദിഷ്യ ഇത്യജ്ഞാനവിമോഹിതാഃ (15)
അനേകചിത്തവിഭ്രാന്താ മോഹജാലസമാവൃതാഃ
പ്രസക്താഃ കാമഭോഗേഷു പതന്തി നരകേഽശുചൌ (16)

"ഇന്ന് ഞാൻ‍ ഇതു നേടി. ഈ ആഗ്രഹം ഞാൻ‍ സാധിക്കും. ഇത് എന്റെയാണ്. ഈ സമ്പത്തും ഭാവിയിൽ‍ എന്റെയാകും. ഈ ശത്രുവിനെ ഞാൻ‍ വധിച്ചു. മറ്റു ശത്രുക്കളെയും ഞാൻ‍ വധിക്കുക തന്നെ ചെയ്യും. ഞാൻ‍ പ്രഭുവും, ഭോഗമനുഭവിക്കുന്നവനും, എല്ലാം നേടിയവനും, ബലവാനും, സുഖിയുമാണ്. ഞാൻ‍ ധനികനും, ഉന്നതകുലജാതനുമാണ്. എന്നെപ്പോലെ വേറെയാരുണ്ട്? ഞാൻ‍ യജ്ഞം നടത്തും, ദാനം നല്കുകയും, ആനന്ദിക്കുകയും ചെയ്യും". എന്നിങ്ങനെ അജ്ഞാനത്താൽ‍ മോഹിതനായി അനേകചിന്തകളാൽ‍ വിഭ്രാന്തരായി മോഹജാലത്താൽ‍ വലയപ്പെട്ട്, വിഷയഭോഗാസക്തരായി അശുദ്ധമായ നരകത്തിൽ‍ പതിക്കുന്നു.

ശ്ലോകം 17
ആത്മസംഭാവിതാഃ സ്തബ്ധാ ധനമാനമദാന്വിതാഃ
യജന്തേ നാമയജ്ഞൈസ്തേ ദംഭേനാവിധിപൂർ‍വ്വകം (17)

സ്വയം പുകഴ്ത്തുന്നവരും, പിടിവാശിക്കാരും, ധനം, മാനം എന്നിവയിൽ‍ അഹങ്കരിക്കുന്നവരുമായ അവർ‍ നാമമാത്രമായി ഡംഭോടെ വിധികളെ പാലിക്കാതെ യജ്ഞങ്ങളിലൂടെ എന്നെ യജിക്കുന്നു.

ശ്ലോകം 18
അഹംകാരം ബലം ദർ‍പം കാമം ക്രോധം ച സംശ്രിതാഃ
മാമാത്മപരദേഹേഷു പ്രദ്വിഷന്തോഽഭ്യസൂയകാഃ (18)

അഹങ്കാരം, ബലം, അഭിമാനം, കാമം, ക്രോധം എന്നിവയ്ക്കു വശപ്പെട്ട ഈ അസൂയാലുക്കൾ‍ അവരുടെയും അന്യരുടെയും ശരീരങ്ങളിലും കുടികൊള്ളുന്ന എന്നെ വെറുക്കുന്നു.

ശ്ലോകം 19
താനഹം ദ്വിഷതഃ ക്രുരാന്‍ സംസാരേഷു നരാധമാന്‍
ക്ഷിപാമ്യജസ്രമശുഭാനാസുരീഷ്വേവ യോനിഷു (19)

ദ്വേഷിക്കുന്നവരും ക്രൂരന്മാരുമായ ഈ നരാധമന്മാരെ ഞാൻ‍ എന്നെന്നും അശുഭങ്ങളായ ആസുരയോനികളിൽ‍ എറിയുന്നു (ജനിക്കുവാനിടയാക്കുന്നു).

ശ്ലോകം 20
ആസുരീം യോനിമാപന്നാ മൂഢാ ജന്മനി ജന്മനി
മാമപ്രാപ്യൈവ കൌന്തേയ തതോ യാന്ത്യധമാം ഗതിം (20)

ഹേ കൗന്തേയ, ആസുരയോനികളിൽ‍ ജനിക്കുന്ന ഈ മൂഢന്മാർ‍ ഓരോ ജന്മങ്ങളിലും എന്നെ പ്രാപിക്കാതെ അധമഗതിയെ പ്രാപിക്കുന്നു.

ശ്ലോകം 21
ത്രിവിധം നരകസ്യേദം ദ്വാരം നാശനമാത്മനഃ
കാമഃ ക്രോധസ്തഥാ ലോഭസ്തസ്മാദേതത്ത്രയം ത്യജേത് (21)

കാമം, ക്രോധം, ലോഭം എന്നിവ നരകത്തിലേയ്ക്കുള്ള മൂന്നു കവാടങ്ങളാണ്. ഇവ ആത്മനാശത്തിന് കാരണവുമാണ്. അതിനാൽ‍ ഇവയെ മൂന്നിനെയും ത്യജിക്കേണ്ടതാണ്.

ശ്ലോകം 22
ഏതൈർ‍വിമുക്തഃ കൌന്തേയ തമോദ്വാരൈസ്ത്രിഭിർ‍നരഃ
ആചരത്യാത്മനഃ ശ്രേയസ്തതോ യാതി പരാം ഗതിം (22)

തമോദ്വാരങ്ങളായ ഈ മൂന്നിൽ‍ നിന്നും മുക്തരായ മനുഷ്യർ‍ ആത്മശ്രേയസ്സിനാവശ്യമായ കാർയങ്ങളനുഷ്ഠിച്ച് പരമമായ ഗതിയെ (മോക്ഷത്തെ) പ്രാപിക്കുന്നു.

ശ്ലോകം 23
യഃ ശാസ്ത്രവിധിമുത്സൃജ്യ വർ‍തതേ കാമകാരതഃ
ന സ സിദ്ധിമവാപ്നോതി ന സുഖം ന പരാം ഗതിം (23)

യാതൊരുവൻ‍ ശാസ്ത്രവിധിയെ ലംഘിച്ച് ആഗ്രഹങ്ങൾ‍ക്കു വശംവദനായി വർത്തിക്കുന്നുവോ, അവന്‍ സിദ്ധിയോ സുഖമോ, പരമമായ ഗതിയോ പ്രാപിക്കുന്നില്ല.

ശ്ലോകം 24
തസ്മാച്ഛാസ്ത്രം പ്രമാണം തേ കാർയാകാർയവ്യവസ്ഥിതൌ
ജ്ഞാത്വാ ശാസ്ത്രവിധാനോക്തം കർ‍മ കർ‍തുമിഹാർ‍ഹസി (24)

അതികൊണ്ട്, എന്തു ചെയ്യണം എന്തു ചെയ്യരുത് എന്നറിയുന്നതിന് നിനക്ക് ശാസ്ത്രം പ്രമാണമായിരിക്കട്ടെ. നീ ശാസ്ത്രവിധികളെ അറിഞ്ഞ് അതനുസരിച്ച് കർ‍മ്മം ചെയ്യേണ്ടതാണ്.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ ദൈവാസുരസന്പദ്വിഭാഗയോഗോ നാമ ഷോഡശോദ്ധ്യായഃ സമാപ്തഃ

ശ്രദ്ധാത്രയവിഭാഗയോഗഃ അദ്ധ്യായം 17 - 28 ശ്ലോകങ്ങൾ

പതിനേഴാം അദ്ധ്യായം കേൾക്കാം

പതിനേഴാം അദ്ധ്യായം: ശ്രദ്ധാത്രയവിഭാഗയോഗഃ
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

അർ‍ജുന ഉവാച

ശ്ലോകം 01
യേ ശാസ്ത്രവിധിമുത്സൃജ്യ യജന്തേ ശ്രദ്ധയാന്വിതാഃ
തേഷാം നിഷ്ഠാ തു കാ കൃഷ്ണ സത്ത്വമാഹോ രജസ്തമഃ (1)

അർ‍ജുനൻ‍ പറഞ്ഞു: ഹേ കൃഷ്ണ, ശാസ്ത്രവിധി പാലിക്കാതെയാണെങ്കിലും ശ്രദ്ധയോടെ യജിക്കുന്നവരുടെ സ്ഥിതിയെന്താകും? അതു സാത്വികമോ, രാജസികമോ താമസികമോ ഏതാണ്?

ശ്രീഭഗവാനുവാച

ശ്ലോകം 02
ത്രിവിധാ ഭവതി ശ്രദ്ധാ ദേഹിനാം സാ സ്വഭാവജാ
സാത്ത്വികീ രാജസീ ചൈവ താമസീ ചേതി താം ശൃണു (2)

ഭഗവാൻ‍ പറഞ്ഞു: മനുഷ്യരുടെ സ്വഭാവത്തിൽ നിന്നുദ്ഭവിക്കുന്ന ശ്രദ്ധ സാത്വികം, രാജസികം, താകസികം എന്നിങ്ങനെ മൂന്നു വിധത്തിലാണ്.

ശ്ലോകം 03
സത്ത്വാനുരൂപാ സർ‍വ്വസ്യ ശ്രദ്ധാ ഭവതി ഭാരത
ശ്രദ്ധാമയോഽയം പുരുഷോ യോ യച്ഛ്രദ്ധഃ സ ഏവ സഃ (3)

ഹേ ഭാരത, എല്ലാവരുടെയും ശ്രദ്ധ അവരവരുടെ ശ്രദ്ധയെ ആശ്രയിച്ചിരിക്കുന്നു. ഈ മനുഷ്യൻ‍ ശ്രദ്ധാമയനാണ്. ഒരുവന്റെ ശ്രദ്ധ ഏതാണോ അവൻ‍ ആ തരത്തിലുള്ളവനായിരിക്കും.

ശ്ലോകം 04
യജന്തേ സാത്ത്വികാ ദേവാൻ‍ യക്ഷരക്ഷാംസി രാജസാഃ
പ്രേതാൻ‍ ഭൂതഗണാംശ്ചാന്യേ യജന്തേ താമസാ ജനാഃ (4)

സാത്വികന്മാർ‍ ദേവന്മാരെയും, രാജസന്മാർ‍ യക്ഷരാക്ഷസന്മാരെയും, മറ്റുള്ള താമസികരായ മനുഷ്യർ‍ പ്രേതങ്ങളെയും, ഭൂതഗണങ്ങളെയും യജിക്കുന്നു.

ശ്ലോകങ്ങൾ 05, 06
അശാസ്ത്രവിഹിതം ഘോരം തപ്യന്തേ യേ തപോ ജനാഃ
ദംഭാഹംകാരസംയുക്താഃ കാമരാഗബലാന്വിതാഃ (5)
കർ‍ഷയന്തഃ ശരീരസ്ഥം ഭൂതഗ്രാമമചേതസഃ
മാം ചൈവാന്തഃശരീരസ്ഥം താന്വിദ്ധ്യാസുരനിശ്ചയാൻ‍ (6)

ആരാണോ ഡംഭ്, അഹങ്കാരം എന്നിവയോടുകൂടി, കാമം, രാഗം എന്നിവയ്ക്കധീനരായി ശാസ്ത്രത്തിൽ വിധിച്ചിട്ടില്ലാത്ത തരത്തിൽ ഘോരമായ തപസ്സനുഷ്ഠിക്കുന്നത്, തങ്ങളുടെ ഇന്ദ്രിയങ്ങളെയും, ശരീരത്തിൽ വർത്തിക്കുന്ന എന്നെയും പീഡിപ്പിക്കുന്ന അവിവേകികളായ അവർ‍ ആസുരനിശ്ചയം ചെയ്തവരാണെന്നറിഞ്ഞാലും.

ശ്ലോകം 07
ആഹാരസ്ത്വപി സർവസ്യ ത്രിവിധോ ഭവതി പ്രിയഃ
യജ്ഞസ്തപസ്തഥാ ദാനം തേഷാം ഭേദമിമം ശൃണു (7)

എല്ലാവർ‍ക്കും പ്രിയപ്പെട്ട ആഹാരവും മൂന്നു വിധത്തിലുണ്ട്. യജ്ഞം, തപസ്സ്, ദാനം എന്നിവയുടെയും ഭേദം നീ കേട്ടാലും.

ശ്ലോകം 08
ആയുഃസത്ത്വബലാരോഗ്യസുഖപ്രീതിവിവർ‍ധനാഃ
രസ്യാഃ സ്നിഗ്ധാഃ സ്ഥിരാ ഹൃദ്യാ ആഹാരാഃ സാത്ത്വികപ്രിയാഃ (8)

ആയുസ്സ്, മനഃശക്തി, ബലം, ആരോഗ്യം, സുഖം, പ്രീതി എന്നിവ വർ‍ദ്ധിപ്പിക്കുന്ന രുചികരമായ, എണ്ണമയമുള്ള, പോഷകവും ഇഷ്ടപ്പെടുന്നതുമായ ആഹാരങ്ങളാണ് സാത്വികന്മാർ‍ക്ക് പ്രിയമായിട്ടുള്ളത്.

ശ്ലോകം 09
കട്വമ്ലലവണാത്യുഷ്ണതീക്ഷ്ണരൂക്ഷവിദാഹിനഃ
ആഹാരാ രാജസസ്യേഷ്ടാ ദുഃഖശോകാമയപ്രദാഃ (9)

എരിവും, പുളിയും, ഉപ്പും, അതിയായ ചൂടും, വരൾ‍ച്ചയും, ദാഹവുള്ള ആഹാരങ്ങളാണ് രാജസികന്മാർ‍ക്ക് പ്രിയമായിട്ടുള്ളത്. ഇവ ദുഃഖം, ശോകം, രോഗം എന്നിവയെ ഉണ്ടാക്കുന്നു.

ശ്ലോകം 10
യാതയാമം ഗതരസം പൂതി പർയുഷിതം ച യത്
ഉച്ഛിഷ്ടമപി ചാമേധ്യം ഭോജനം താമസപ്രിയം (10)

ഉണ്ടാക്കിയിട്ട് ഒരു യാമം (മൂന്നു മണിക്കൂർ‍) കഴിഞ്ഞതും, സ്വാദു പോയതും, ദുർ‍ഗന്ധമുള്ളതും, ഒരു രാത്രി കഴിഞ്ഞതും, ഉച്ഛിഷ്ടവും, അശുദ്ധവുമായ ആഹാരമാണ് അതാമസികന്മാർ‍ക്ക് പ്രിയമായിട്ടുള്ളത്.

ശ്ലോകം 11
അഫലാംക്ഷിഭിർ‍യജ്ഞോ വിധിദൃഷ്ടോ യ ഇജ്യതേ
യഷ്ടവ്യമേവേതി മനഃ സമാധായ സ സാത്ത്വികഃ (11)

ഫലാകാംക്ഷയില്ലാതെ, ശാസ്ത്രവിധിപ്രകാരം യജ്ഞം ചെയ്യപ്പെടേണ്ട താണ് എന്ന ഭാവത്തോടെ മനസ്സിനെ യജ്ഞത്തിൽ സമാഹിതമാക്കി യജിക്കപ്പെടുന്ന ആ യജ്ഞം സാത്വികമാണ്.

ശ്ലോകം 12
അഭിസന്ധായ തു ഫലം ദംഭാർ‍ഥമപി ചൈവ യത്
ഇജ്യതേ ഭരതശ്രേഷ്ഠ തം യജ്ഞം വിദ്ധി രാജസം (12)

ഹേ ഭരതശ്രേഷ്ഠ, ഫലാകാംക്ഷയോടെ ഡംഭോടെ യജിക്കപ്പെടുന്ന യജ്ഞം രാജസമാണ്.

ശ്ലോകം 13
വിധിഹീനമസൃഷ്ടാന്നം മന്ത്രഹീനമദക്ഷിണം
ശ്രദ്ധാവിരഹിതം യജ്ഞം താമസം പരിചക്ഷതേ (13)

ശാസ്ത്രവിധിയനുസരിക്കാതെയും, അന്നവും ദക്ഷിണയും കൊടുക്കാതെയും, മന്ത്രഹീനവും, ശ്രദ്ധയില്ലാതെയും ചെയ്യുന്ന യജ്ഞം താമസികമാണ്.

ശ്ലോകം 14
ദേവദ്വിജഗുരുപ്രാജ്ഞപൂജനം ശൌചമാർ‍ജവം
ബ്രഹ്മചർയമഹിംസാ ച ശാരീരം തപ ഉച്യതേ (14)

ദേവന്മാർ‍, ബ്രാഹ്മണന്മാർ‍, ഗുരുക്കന്മാർ‍, ജ്ഞാനികൾ‍ എന്നിവരെ പൂജിക്കുക, ശുചിത്വം, ആർ‍ജ്ജവം, ബ്രഹ്മചർയം, അഹിംസാ എന്നിവയാണ് ശാരീരികമായ തപസ്സ് എന്ന് പറയപ്പെടുന്നത്.

ശ്ലോകം 15
അനുദ്വേഗകരം വാക്യം സത്യം പ്രിയഹിതം ച യത്
സ്വാധ്യായാഭ്യസനം ചൈവ വാങ്മയം തപ ഉച്യതേ (15)

ക്ലേശം ജനിപ്പിക്കാത്തതും എന്നാൽ സത്യവും, പ്രിയവും, ഹിതവുമായ വാക്കും, ശാസ്ത്രപാരായണവുമാണ് വാചികമായ തപസ്സെന്നു പറയപ്പെടുന്നു.

ശ്ലോകം 16
മനഃ പ്രസാദഃ സൌമ്യത്വം മൌനമാത്മവിനിഗ്രഹഃ
ഭാവസംശുദ്ധിരിത്യേതത്തപോ മാനസമുച്യതേ (16)

മനസ്സിന്റെ പ്രസന്നത, സൗമ്യത, മൗനം, ആത്മസംയമനം, സ്വഭാവശുദ്ധി എന്നിവയാണ് മാനസികമായ തപസ്സെന്ന് പറയപ്പെടുന്നത്.

ശ്ലോകം 17
ശ്രദ്ധയാ പരയാ തപ്തം തപസ്തത്ത്രിവിധം നരൈഃ
അഫലാകാംക്ഷിഭിർ‍യുക്തൈഃ സാത്ത്വികം പരിചക്ഷതേ (17)

പരമമായ ശ്രദ്ധയോടെയും ഫലകാംക്ഷയില്ലാതെയും നിഷ്ഠയോടെയും ചെയ്യപ്പെടുന്ന മൂന്നു വിധത്തിലുമുള്ള തപസ്സ് സാത്വികമെന്നു പറയപ്പെടുന്നു.

ശ്ലോകം 18
സത്കാരമാനപൂജാർ‍ഥം തപോ ദംഭേന ചൈവ യത്
ക്രിയതേ തദിഹ പ്രോക്തം രാജസം ചലമധ്രുവം (18)

സത്കാരം, അന്തസ്സ്, ബഹുമതി എന്നിവയ്ക്കുവേണ്ടി ഡംഭോടുകൂടി ചെയ്യപ്പെടുന്നതും, ചഞ്ചലവും, അസ്ഥിരവുമായ തപസ്സ് രാജസികമെന്നു പറയപ്പെടുന്നു.

ശ്ലോകം 19
മൂഢഗ്രാഹേണാത്മനോ യത്പീഡയാ ക്രിയതേ തപഃ
പരസ്യോത്സാദനാർ‍ഥം വാ തത്താമസമുദാഹൃതം (19)

അബദ്ധധാരണകളോടുകൂടി ചെയ്യപ്പെടുന്നതും സ്വയം പീഡയനുഭവിച്ചോ, അന്യനെ നശിപ്പിക്കുവാനുദ്ദേശിച്ചോ ഉള്ള തപസ്സ് താമസികമെന്നു പറയപ്പെടുന്നു.

ശ്ലോകം 20
ദാതവ്യമിതി യദ്ദാനം ദീയതേഽനുപകാരിണേ
ദേശേ കാലേ ച പാത്രേ ച തദ്ദാനം സാത്ത്വികം സ്മൃതം (20)

നല്കേണ്ടതാണെന്നുള്ള ബോദ്ധ്യത്തോടെ പ്രത്യുപകാരം ചെയ്യാൻ ശക്തിയില്ലാത്തവൻ യോഗ്യതയും ഉചിതമായ സ്ഥലവും സമയവും നോക്കി ചെയ്യപ്പെടുന്ന ദാനം സാത്വികമെന്നു പറയപ്പെടുന്നു.

ശ്ലോകം 21
യത്തു പ്രത്യുപകാരാർ‍ഥം ഫലമുദ്ദിശ്യ വാ പുനഃ
ദീയതേ ച പരിക്ലിഷ്ടം തദ്ദാനം രാജസം സ്മൃതം (21)

പ്രത്യുപകാരം പ്രതീക്ഷിച്ചുകൊണ്ടോ ഫലമുദ്ദേശിച്ചോ വൈമനസ്യത്തോടെ ചെയ്യപ്പെടുന്ന ദാനം രാജസികമെന്നു പറയപ്പെടുന്നു.

ശ്ലോകം 22
അദേശകാലേ യദ്ദാനമപാത്രേഭ്യശ്ച ദീയതേ
അസത്കൃതമവജ്ഞാതം തത്താമസമുദാഹൃതം (22)

യോഗ്യതയില്ലാത്തവൻ അനുചിതമായ ദേശകാലങ്ങളിൽ ബഹുമാനം കൂടാതെ അവജ്ഞയോടെ ചെയ്യപ്പെടുന്ന ദാനം താമസികമെന്നു പറയപ്പെടുന്നു.

ശ്ലോകം 23
ഓം തത്സദിതി നിർ‍ദ്ദേശോ ബ്രഹ്മണസ്ത്രിവിധഃ സ്മൃതഃ
ബ്രാഹ്മണാസ്തേന വേദാശ്ച യജ്ഞാശ്ച വിഹിതാഃ പുരാ (23)

ഓം, തത്, സത് എന്നിങ്ങനെയുള്ള ബ്രഹ്മത്തിന്റെ മൂന്നു വിധത്തിലുള്ള നിർ‍ദ്ദേശങ്ങളാൽ ബ്രാഹ്മണരും, വേദവും, യജ്ഞങ്ങളും ആദിയിൽ കല്പിക്കപ്പെട്ടു.

ശ്ലോകം 24
തസ്മാദോമിത്യുദാഹൃത്യ യജ്ഞദാനതപഃക്രിയാഃ
പ്രവർ‍ത്തന്തേ വിധാനോക്താഃ സതതം ബ്രഹ്മവാദിനാം (24)

അതിനാൽ ബ്രഹ്മവാദികൾ‍ (വേദജ്ഞന്മാർ‍) ഓം (ബ്രഹ്മത്തിന്റെ മുഖ്യനാമം) എന്നുച്ചരിച്ച് ശാസ്ത്രവിധിപ്രകാരം യജ്ഞം, ദാനം, തപസ്സ് എന്നീ ക്രിയകൾ‍ നടത്തുന്നു.

ശ്ലോകം 25
തദിത്യനഭിസന്ധായ ഫലം യജ്ഞതപഃക്രിയാഃ
ദാനക്രിയാശ്ച വിവിധാഃ ക്രിയന്തേ മോക്ഷകാംക്ഷിഭിഃ (25)

മോക്ഷാർ‍ഥികൾ‍ തത് (അത്) എന്നുച്ചരിച്ച് ഫലാകാംക്ഷയില്ലാതെ യജ്ഞം, ദാനം, തപസ്സ് എന്നീ ക്രിയകൾ‍ നടത്തുന്നു.

ശ്ലോകം 26
സദ്ഭാവേ സാധുഭാവേ ച സദിത്യേതത്പ്രയുജ്യതേ
പ്രശസ്തേ കർ‍മണി തഥാ സച്ഛബ്ദഃ പാർ‍ഥ യുജ്യതേ (26)

ഹേ പാർ‍ഥ, ഉള്ളത് എന്ന അർ‍ഥത്തിലും, നല്ലത് എന്ന അർ‍ഥത്തിലും സത് എന്ന പദം പ്രയോഗിക്കപ്പെടുന്നു. അതുപോലെ, ശ്രേഷ്ഠമായ കർ‍മ്മത്തെ ഉദ്ദേശിച്ചും സത് എന്ന് ശബ്ദം ഉപയോഗിക്കപ്പെടുന്നു.

ശ്ലോകം 27
യജ്ഞേ തപസി ദാനേ ച സ്ഥിതിഃ സദിതി ചോച്യതേ
കർ‍മ ചൈവ തദർ‍ഥീയം സദിത്യേവാഭിധീയതേ (27)

യജ്ഞം, ദാനം, തപസ്സ് എന്നിവയിലുള്ള നിഷ്ഠയും സത് എന്ന് അറിയപ്പെടുന്നു. ബ്രഹ്മത്തെ ഉദ്ദേശിച്ചുള്ള കർ‍മ്മവും സത് എന്ന് പറയപ്പെടുന്നു.

ശ്ലോകം 28
അശ്രദ്ധയാ ഹുതം ദത്തം തപസ്തപ്തം കൃതം ച യത്
അസദിത്യുച്യതേ പാർ‍ഥ ന ച തത്പ്രേത്യ നോ ഇഹ (28)

ഹേ പാർ‍ഥ, അശ്രദ്ധയോടെ ചെയ്യപ്പെടുന്ന യജ്ഞവും, ദാനവും, തപസ്സും അസത് എന്ന് പറയപ്പെടുന്നു. ഇതി കൂടാതെ അശ്രദ്ധയോടെ ചെയ്യപ്പെടുന്ന സകലകർ‍മ്മങ്ങളും അസത് തന്നെയാണ്. അത് ഈ ലോകത്തിലോ പരലോകത്തിലോ പ്രയോജനപ്പെടുന്നില്ല.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ ശ്രദ്ധാത്രയവിഭാഗയോഗോ നാമ സപ്തദശോദ്ധ്യായഃ സമാപ്തഃ

മോക്ഷസംന്യാസയോഗഃ അദ്ധ്യായം 18 - 78 ശ്ലോകങ്ങൾ

പതിനെട്ടാം അദ്ധ്യായം കേൾക്കാം

പതിനെട്ടാം അദ്ധ്യായം: മോക്ഷസംന്യാസയോഗഃ - അവസാനത്തെ അദ്ധ്യായമാണിത്,
സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു.

അർ‍ജുന ഉവാച

ശ്ലോകം 01
സംന്യാസസ്യ മഹാബാഹോ തത്ത്വമിച്ഛാമി വേദിതും
ത്യാഗസ്യ ച ഹൃഷീകേശ പൃഥക് കേശിനിഷൂദന (1)

അർ‍ജുനൻ ചോദിച്ചു: ഹേ ഹൃഷീകേശ, ഞാൻ‍ സന്യാസത്തിന്റെയും ത്യാഗത്തിന്റെയും തത്വം പ്രത്യേകമായി അറിയാനാഗ്രഹിക്കുന്നു.

ശ്രീഭഗവാനുവാച

ശ്ലോകം 02
കാമ്യാനാം കർ‍മണാം ന്യാസം സംന്യാസം കവയോ വിദുഃ
സർ‍വ്വകർ‍മഫലത്യാഗം പ്രാഹുസ്ത്യാഗം വിചക്ഷണാഃ (2)

ഭഗവാൻ‍ പറഞ്ഞു ഫലമുദ്ദേശിച്ചുള്ള കർ‍മ്മങ്ങളെ വെടിയലാണ് സന്യാസമെന്നു ജ്ഞാനികൾ പറഞ്ഞിരിക്കുന്നത്. സകലകർ‍മ്മങ്ങളുടെ ഫലങ്ങളെ ത്യജിക്കുന്നതാണ് ത്യാഗം എന്നു പറയപ്പെടുന്നത്.

ശ്ലോകം 03
ത്യാജ്യം ദോഷവദിത്യേകേ കർ‍മ പ്രാഹുർ‍മനീഷിണഃ
യജ്ഞദാനതപഃകർ‍മ ന ത്യാജ്യമിതി ചാപരേ (3)

കർ‍മ്മങ്ങളെയെല്ലാം ദോഷമായികണ്ട് ത്യജിക്കണമെന്ന് ചില വിദ്വാന്മാർ‍ പറയുന്നു. യജ്ഞം, ദാനം, തപസ്സ് എന്നീ കർ‍മ്മങ്ങളെ ത്യജിക്കരുതെന്ന് വേറെ ചിലർ‍ പറയുന്നു.

ശ്ലോകം 04
നിശ്ചയം ശൃണു മേ തത്ര ത്യാഗേ ഭരതസത്തമ
ത്യാഗോ ഹി പുരുഷവ്യാഘ്ര ത്രിവിധഃ സമ്പ്രകീർ‍ത്തിതഃ (4)

ഹേ അർ‍ജുന, ത്യാഗത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം കേൾ‍ക്കൂ. ത്യാഗം മൂന്നു വിധത്തിലുള്ളതാണെന്ന് പറയപ്പെടുന്നു.

ശ്ലോകം 05
യജ്ഞദാനതപഃകർ‍മ ന ത്യാജ്യം കാര്യമേവ തത്
യജ്ഞോ ദാനം തപശ്ചൈവ പാവനാനി മനീഷിണാം (5)

യജ്ഞം, ദാനം, തപസ്സ് എന്നീ കർ‍മ്മങ്ങളെ ത്യജിക്കരുത്. അവ നിശ്ചയമായും ചെയ്യപ്പെടേണ്ടതാണ്. യജ്ഞം, ദാനം, തപസ്സ് എന്നിവ ബുദ്ധിമാന്മാർ‍ക്ക് മനഃശുദ്ധിയുണ്ടാക്കുന്നവയാണ്.

ശ്ലോകം 06
ഏതാന്യപി തു കർ‍മണി സംഗം ത്യക്ത്വാ ഫലാനി ച
കർ‍ത്തവ്യാനീതി മേ പാർ‍ഥ നിശ്ചിതം മതമുത്തമം (6)

ഈ കർ‍മ്മങ്ങളെ (യജ്ഞം, ദാനം, തപസ്സ്) ആസക്തിയും ഫലവുമുപേക്ഷിച്ച് ചെയ്യേണ്ടതാണ് എന്നാണ് എന്റെ നിശ്ചിതമായ അഭിപ്രായം.

ശ്ലോകം 07
നിയതസ്യ തു സംന്യാസഃ കർ‍മണോ നോപപദ്യതേ
മോഹാത്തസ്യ പരിത്യാഗസ്താമസഃ പരികീർ‍ത്തിതഃ (7)

നിയതകർ‍മ്മങ്ങളെ (ശാസ്ത്രവിഹിതമായ കർ‍മ്മങ്ങളെ) ത്യജിക്കുവാൻ പാടുള്ളതല്ല. മോഹത്താൽ അവയെ ത്യജിക്കുന്നത് താമസികമായ ത്യാഗമാണെന്ന് പറയപ്പെടുന്നു.

ശ്ലോകം 08
ദുഃഖമിത്യേവ യത്കർ‍മ കായക്ലേശഭയാത്ത്യജേത്
സ കൃത്വാ രാജസം ത്യാഗം നൈവ ത്യാഗഫലം ലഭേത് (8)

ദുഃഖകരമാണെന്നു കരുതി ശരീരക്ലേശത്തെ ഒഴിവാക്കാനായി ത്യജിക്കുകയാണെങ്കിൽ അത് രാജസികത്യാഗമാണ്. അതിലൂടെ ശരിയായ ത്യാഗത്തിന്റെ ഫലം ലഭിക്കുകയില്ല.

ശ്ലോകം 09
കാര്യമിത്യേവ യത്കർ‍മ നിയതം ക്രിയതേഽർ‍ജുന
സംഗം ത്യക്ത്വാ ഫലം ചൈവ സ ത്യാഗഃ സാത്ത്വികോ മതഃ (9)

ചെയ്യേണ്ടതാണെന്നുള്ള ബോദ്ധ്യത്തോടെ ശാസ്ത്രവിഹിതമായ കർ‍മ്മം ആസക്തിയെയും ഫലത്തെയും ത്യജിച്ച് ചെയ്യുകയാ ണെങ്കിൽ അതിനെ സാത്വികത്യാഗമെന്നു പറയുന്നു.

ശ്ലോകം 10
ന ദ്വേഷ്ട്യകുശലം കർ‍മ കുശലേ നാനുഷജ്ജതേ
ത്യാഗീ സത്ത്വസമാവിഷ്ടോ മേധാവീ ഛിന്നസംശയഃ (10)

സത്വഗുണത്തെ പ്രാപിച്ചവനും, ബുദ്ധിമാനും, സംശയമില്ലാത്ത വനുമായ ത്യാഗി അസുഖകരമായ കർ‍മ്മത്തെ വെറുക്കുകയോ സുഖകരമായ കർ‍മ്മത്തോട് ആസക്തി കാണിക്കുകയോ ചെയ്യുന്നില്ല.

ശ്ലോകം 11
ന ഹി ദേഹഭൃതാ ശക്യം ത്യക്തും കർ‍മാണ്യശേഷതഃ
യസ്തു കർ‍മഫലത്യാഗീ സ ത്യാഗീത്യഭിധീയതേ (11)

ദേഹിയ്ക്ക് കർ‍മ്മങ്ങളെ തികച്ചും പരിത്യജിക്കുവാൻ സാദ്ധ്യമല്ല. കർ‍മ്മഫലത്തെ ത്യജിക്കുന്നവൻ തന്നെയാണ് ശരിയായ ത്യാഗി എന്നു പറയപ്പെടുന്നു.

ശ്ലോകം 12
അനിഷ്ടമിഷ്ടം മിശ്രം ച ത്രിവിധം കർ‍മണഃ ഫലം
ഭവത്യത്യാഗിനാം പ്രേത്യ ന തു സംന്യാസിനാം ക്വചിത് (12)

കർ‍മ്മത്തിന്റെ ഫലം അനിഷ്ടം, ഇഷ്ടം, മിശ്രം എന്നിങ്ങനെ മൂന്നു വിധമാണ്. ത്യാഗികളല്ലാത്തവർ‍ക്കു മാത്രമേ ഈ ഫലങ്ങൾ അനുഭവപ്പെടുന്നുള്ളൂ. അല്ലാതെ സന്യാസികൾക്ക് ഒരിക്കലുമില്ല.

ശ്ലോകം 13
പഞ്ചൈതാനി മഹാബാഹോ കാരണാനി നിബോധ മേ
സാംഖ്യേ കൃതാന്തേ പ്രോക്താനി സിദ്ധയേ സർ‍വ്വകർ‍മണാം (13)

ഹേ മഹാബാഹോ, എല്ലാ കർ‍മ്മങ്ങളുടെ സിദ്ധിയ്ക്കായി സാംഖ്യത്തിൽ പറഞ്ഞിരിക്കുന്ന അഞ്ചു ഘടകങ്ങൾ കേട്ടാലും.

ശ്ലോകം 14
അധിഷ്ഠാനം തഥാ കർ‍ത്താ കരണം ച പൃഥഗ്വിധം
വിവിധാശ്ച പൃഥക്ചേഷ്ടാ ദൈവം ചൈവാത്ര പഞ്ചമം (14)

അധിഷ്ഠാനമായ ശരീരം, കർ‍ത്താവ്, വിവിധ കരണങ്ങൾ (ഇന്ദ്രിയങ്ങൾ), വിവിധ ചേഷ്ടകൾ, ദൈവം (വിധി അഥവാ പ്രാരബ്ധകർ‍മ്മം) എന്നിവയാണ് ഈ അഞ്ചു ഘടകങ്ങൾ.

ശ്ലോകം 15
ശരീരവാങ്മനോഭിര്യത്കർ‍മ പ്രാരഭതേ നരഃ
ന്യായ്യം വാ വിപരീതം വാ പഞ്ചൈതേ തസ്യ ഹേതവഃ (15)

ശരീരം, മനസ്സ്, വാക്ക് എന്നിവയാൽ മനുഷ്യൻ ചെയ്യുന്ന ശരിയോ തെറ്റോ ആയ എല്ലാ കർ‍മ്മങ്ങളുടെയും കാരണങ്ങൾ ഇവയഞ്ചുമാകുന്നു.

ശ്ലോകം 16
തത്രൈവം സതി കർ‍ത്താരമാത്മാനം കേവലം തു യഃ
പശ്യത്യകൃതബുദ്ധിത്വാന്ന സ പശ്യതി ദുർ‍മതിഃ (16)

അങ്ങനെയിരിക്കെ, കേവലനായ ആത്മാവിനെ കർ‍ത്താവായി കാണുന്ന അവിവേകിയായ ദുർ‍മതി യാഥാർ‍ഥ്യം അറിയുന്നില്ല.

ശ്ലോകം 17
യസ്യ നാഹംകൃതോ ഭാവോ ബുദ്ധിര്യസ്യ ന ലിപ്യതേ
ഹത്വാഽപി സ ഇമാംല്ലോകാന്ന ഹന്തി ന നിബധ്യതേ (17)

കർ‍തൃത്വഭാവമില്ലാത്തവനും, ശുഭാശുഭങ്ങളായ യാതൊന്നിലും ആസക്തമല്ലാത്ത ബുദ്ധിയുള്ളവനുമായ ഒരുവൻ (യുദ്ധം ചെയ്യാനായി വന്നു ചേർ‍ന്ന) ഈ ജനങ്ങളെയെല്ലാം കൊന്നാലും കൊല്ലുന്നില്ല. അവനെ ആ കർ‍മ്മം ബന്ധിക്കുന്നുമില്ല.

ശ്ലോകം 18
ജ്ഞാനം ജ്ഞേയം പരിജ്ഞാതാ ത്രിവിധാ കർ‍മചോദനാ
കരണം കർ‍മ കർ‍ത്തേതി ത്രിവിധഃ കർ‍മസംഗ്രഹഃ (18)

അറിവ്, അറിയപ്പെടുന്നത്, അറിയുന്നവൻ എന്നിങ്ങനെ കർ‍മ്മത്തെ പ്രേരിപ്പിക്കുന്ന മൂന്നു ഘടകങ്ങൾ ഉണ്ട്. കർ‍മ്മത്തിന് കർ‍ത്താവ്, കർ‍മ്മം, കരണം (ഇന്ദ്രിയങ്ങൾ) എന്നീ മൂന്നു ഘടകങ്ങൾ ഉണ്ട്.

ശ്ലോകം 19
ജ്ഞാനം കർ‍മ ച കർ‍ത്താച ത്രിധൈവ ഗുണഭേദതഃ
പ്രോച്യതേ ഗുണസംഖ്യാനേ യഥാവച്ഛൃണു താന്യപി (19)

ജ്ഞാനവും, കർ‍മ്മവും, കർ‍ത്താവും ഗുണഭേദമനുസരിച്ച് സാംഖ്യത്തിൽ മൂന്നു തരത്തിലാണെന്നു പറയപ്പെടുന്നു. അവയെ കേട്ടാലും.

ശ്ലോകം 20
സർ‍വ്വഭൂതേഷു യേനൈകം ഭാവമവ്യയമീക്ഷതേ
അവിഭക്തം വിഭക്തേഷു തജ്ജ്ഞാനം വിദ്ധി സാത്ത്വികം (20)

വിഭക്തങ്ങളായ സകലഭൂതങ്ങളിലും അവിഭക്തമായി വർ‍ത്തിക്കുന്ന അവിനാശിയായ ബ്രഹ്മത്തെ കാണുന്നത് എന്തുകൊണ്ടോ, അതാണ് സാത്വികമായ ജ്ഞാനം.

ശ്ലോകം 21
പൃഥക്ത്വേന തു യജ്ജ്ഞാനം നാനാഭാവാൻ പൃഥഗ്വിധാൻ
വേത്തി സർ‍വ്വേഷു ഭൂതേഷു തജ്ജ്ഞാനം വിദ്ധി രാജസം (21)

യാതൊരു ജ്ഞനമാണോ സർ‍വ്വജീവജാലങ്ങളിലും നാനാതരത്തിലുള്ള ഭാവങ്ങളെ ദർ‍ശിക്കുന്നത് അത് രാജസമാണ്.

ശ്ലോകം 22
യത്തു കൃത്സ്നവദേകസ്മിൻ കാര്യേ സക്തമഹൈതുകം
അതത്ത്വാർ‍ഥവദല്പം ച തത്താമസമുദാഹൃതം (22)

യാതൊരു ജ്ഞാനം ഒരു കാര്യത്തിൽ (ശരീരത്തിൽ) തന്നെ പൂർ‍ണ്ണമാണെന്നുള്ള ധാരണയിൽ ആസക്തിയോടെയും, കാരണ മില്ലാതെയും, സത്യത്തെ അറിയാതെയും, അല്പമായുമിരിക്കുന്നുവോ അത് താമസികജ്ഞാനമാണ്.

ശ്ലോകം 23
നിയതം സംഗരഹിതമരാഗദ്വേഷതഃ കൃതം
അഫലപ്രേപ്സുനാ കർ‍മ യത്തത്സാത്ത്വികമുച്യതേ (23)

ശാസ്ത്രവിഹിതവും, ആസക്തിയില്ലാത്തതും, രാഗദ്വേഷരഹിതവും ഫലാകാംക്ഷയില്ലാത്ത ഒരു വ്യക്തിയാൽ ചെയ്യപ്പെട്ടതുമായ കർ‍മ്മം സാത്വികമാണ്.

ശ്ലോകം 24
യത്തു കാമേപ്സുനാ കർ‍മ സാഹംകാരേണ വാ പുനഃ
ക്രിയതേ ബഹുലായാസം തദ്രാജസമുദാഹൃതം (24)

ഫലാകാംക്ഷയോടെയും അഹങ്കാരത്തോടെയും വളരെ കഷ്ടപ്പെട്ടു ചെയ്യുന്ന കർ‍മ്മം രാജസമാണ്.

ശ്ലോകം 25
അനുബന്ധം ക്ഷയം ഹിംസാമനപേക്ഷ്യ ച പൌരുഷം
മോഹാദാരഭ്യതേ കർ‍മ യത്തത്താമസമുച്യതേ (25)

മോഹത്തോടെ ആരംഭിക്കപ്പെട്ടതും, കർ‍മ്മത്തിന്റെ ഫലമോ, അതുകൊണ്ടുള്ള നഷ്ടമോ, അപകടമോ, സ്വന്തം കഴിവോ കണക്കിലെടുക്കാതെ ചെയ്യപ്പെടുന്നതുമായ കർ‍മ്മം താമസികമാണ്.

ശ്ലോകം 26
മുക്തസംഗോഽനഹംവാദീ ധൃത്യുത്സാഹസമന്വിതഃ
സിദ്ധ്യസിദ്ധ്യോർ‍നിർ‍വ്വികാരഃ കർ‍ത്താ സാത്ത്വിക ഉച്യതേ (26)

ആസക്തിയും അഹന്തയും ഇല്ലാത്തവനും, ധൈര്യം, ഉത്സാഹം എന്നിവയുള്ളവനും, ജയപരാജയങ്ങളിൽ ഇളകാത്തവനുമായ കർ‍ത്താവ് സാത്വികനാണെന്നു പറയപ്പെടുന്നു.

ശ്ലോകം 27
രാഗീ കർ‍മഫലപ്രേപ്സുർ‍ ലുബ്ധോ ഹിംസാത്മകോഽശുചിഃ
ഹർ‍ഷശോകാന്വിതഃ കർ‍ത്താ രാജസഃ പരികീർ‍ത്തിതഃ (27)

ആസക്തിയുള്ളവനും, കർ‍മ്മഫലത്തെ ആഗ്രഹിക്കുന്നവനും, പിശുക്കനും, അശുചിയും, ഹിംസാത്മകനും, (ജയപരാജയങ്ങളിൽ) സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നവനുമായ കർ‍ത്താവ് രാജസികനെന്നു പറയപ്പെടുന്നു.

ശ്ലോകം 28
അയുക്തഃ പ്രാകൃതഃ സ്തബ്ധഃ ശഠോ നൈഷ്കൃതികോഽലസഃ
വിഷാദീ ദീർ‍ഘസൂത്രീ ച കർ‍ത്താ താമസ ഉച്യതേ (28)

സ്ഥിരതയില്ലാത്തവനും, പ്രാകൃതനും, അഹങ്കാരവും ദർ‍പ്പവുമുള്ളവനും, നീചനും അലസനും, ദുഃഖിതനും, ദീർ‍ഘസൂത്രിയുമായ (ചെയ്യാനുള്ള കാര്യങ്ങൾ നീട്ടിവെയ്ക്കുന്ന സ്വഭാവമുള്ളയാൾ) കർ‍ത്താവ് താമസികനാണ് എന്നു പറയപ്പെടുന്നു.

ശ്ലോകം 29
ബുദ്ധേർ‍ഭേദം ധൃതേശ്ചൈവ ഗുണതസ്ത്രിവിധം ശൃണു
പ്രോച്യമാനമശേഷേണ പൃഥക്ത്വേന ധനഞ്ജയ (29)

ഗുണങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു വിധത്തിലുള്ള ബുദ്ധിയെയും, ധൈര്യത്തെയും കുറിച്ച് ഞാൻ ഓരോന്നായി വിശദീകരിക്കുന്നതു കേട്ടാലും.

ശ്ലോകം 30
പ്രവൃത്തിം ച നിവൃത്തിം ച കാര്യാകാര്യേ ഭയാഭയേ
ബന്ധം മോക്ഷം ച യാ വേത്തി ബുദ്ധിഃ സാ പാർ‍ഥ സാത്വികീ (30)

പ്രവൃത്തിമാർ‍ഗ്ഗവും, നിവൃത്തിമാർ‍ഗ്ഗവും, ചെയ്യേണ്ടതും, ചെയ്യേണ്ടാത്തതും, ഭയവും, അഭയവും, ബന്ധവും, മോക്ഷവും അറിയുന്ന ബുദ്ധി സാത്വികബുദ്ധിയാകുന്നു.

ശ്ലോകം 31
യയാ ധർ‍മമധർ‍മം ച കാര്യം ചാകാര്യമേവ ച
അയഥാവത്പ്രജാനാതി ബുദ്ധിഃ സാ പാർ‍ഥ രാജസീ (31)

ധർ‍മ്മം, അധർ‍മ്മം, ചെയ്യേണ്ടത്, ചെയ്യേണ്ടാത്തത് എന്നിവയെ തെറ്റായി അറിയുന്ന ബുദ്ധി രാജസികബുദ്ധിയാകുന്നു.

ശ്ലോകം 32
അധർ‍മം ധർ‍മമിതി യാ മന്യതേ തമസാവൃതാ
സർ‍വ്വാർ‍ഥാന്വിപരീതാംശ്ച ബുദ്ധിഃ സാ പാർ‍ഥ താമസീ (32)

അജ്ഞാനത്താൽ ആവരണം ചെയ്യപ്പെട്ടതുകൊണ്ട് അധർ‍മ്മത്തെ ധർ‍മ്മമായി തെറ്റിദ്ധരിക്കുകയും, സകലതിനെയും നേരെ വിപരീതമായ വിധത്തിൽ അറിയുകയും ചെയ്യുന്ന ബുദ്ധി താമസികബുദ്ധിയാകുന്നു.

ശ്ലോകം 33
ധൃത്യാ യയാ ധാരയതേ മനഃപ്രാണേന്ദ്രിയക്രിയാഃ
യോഗേനാവ്യഭിചാരിണ്യാ ധൃതിഃ സാ പാർ‍ഥ സാത്ത്വികീ (33)

മനസ്സിന്റെയും, പ്രാണന്റെയും, ഇന്ദ്രിയങ്ങളുടെയും വ്യാപാരങ്ങളെ ഒട്ടും വ്യതിചലിക്കാത്ത യോഗത്താൽ അടക്കിനിർ‍ത്തുന്ന ധൈര്യം (ധൃതി) സാത്വികമാണ്.

ശ്ലോകം 34
യയാ തു ധർ‍മകാമാർ‍ഥന്ധൃത്യാ ധാരയതേഽർ‍ജുന
പ്രസംഗേന ഫലാകാംക്ഷീ ധൃതിഃ സാ പാർ‍ഥ രാജസീ (34)

ധർ‍മ്മം, അർ‍ഥം, കാമം എന്നിവയെ ആസക്തിയോടെയും ഫലാകാംക്ഷയോടെയും അടക്കിനിർ‍ത്തുന്ന ധൈര്യം രാജസികമാണ്.

ശ്ലോകം 35
യയാ സ്വപ്നം ഭയം ശോകം വിഷാദം മദമേവ ച
ന വിമുഞ്ചതി ദുർ‍മേധാ ധൃതിഃ സാ പാർ‍ഥ താമസീ (35)

ദുർ‍ബുദ്ധിയായ ഒരുവൻ യാതൊരു ധൈര്യത്താൽ സ്വപ്നം, ഭയം, ദുഃഖം, വ്യസനം, അഹങ്കാരം എന്നിവയെ പരിത്യജിക്കാ തിരിക്കുന്നുവോ അത് താമസികമാണ്.

ശ്ലോകങ്ങൾ 36, 37
സുഖം ത്വിദാനീം ത്രിവിധം ശൃണു മേ ഭരതർഷഭ
അഭ്യാസാദ്രമതേ യത്ര ദുഃഖാന്തം ച നിഗച്ഛതി (36)
യത്തദഗ്രേ വിഷമിവ പരിണാമേഽമൃതോപമം
തത്സുഖം സാത്ത്വികം പ്രോക്തമാത്മബുദ്ധിപ്രസാദജം (37)

ഹേ അർ‍ജുന, ഇനി മൂന്നു വിധത്തിലുള്ള സുഖത്തെ കേട്ടുകൊള്ളുക. അഭ്യാസം കൊണ്ട് യാതൊരു സുഖത്തിൽ സന്തോഷിച്ചു തുടങ്ങുകയും, ദുഃഖത്തിനറുതി വരുകയും ചെയ്യുന്നുവോ, ആദ്യം വിഷം പോലെയും ഒടുവിൽ അമൃതസമാനമായും അനുഭവപ്പെടുന്നുവോ, ആത്മജ്ഞാനത്തിൽനിന്നുണ്ടാകുന്ന ആ സുഖം സാത്വികമാണ്.

ശ്ലോകം 38
വിഷയേന്ദ്രിയസംയോഗാദ്യത്തദഗ്രേഽമൃതോപമം
പരിണാമേ വിഷമിവ തത്സുഖം രാജസം സ്മൃതം (38)

വിഷയങ്ങളുടെയും ഇന്ദ്രിയങ്ങളുടെയും സമ്പർ‍ക്കം കൊണ്ടുണ്ടാകുന്നതും ആദ്യം അമൃതു പോലെയും ഒടുവിൽ വിഷസമാനമായുമിരിക്കുന്നുവോ ആ സുഖം രാജസികമാണ്.

ശ്ലോകം 39
യദഗ്രേ ചാനുബന്ധേ ച സുഖം മോഹനമാത്മനഃ
നിദ്രാലസ്യപ്രമാദോത്ഥം തത്താമസമുദാഹൃതം (39)

ഉറക്കം, ആലസ്യം, അശ്രദ്ധ എന്നിവയിൽ നിന്നുണ്ടാകുന്നതും തുടക്കത്തിലും ഒടുവിലും ഒരുവനെ മോഹിപ്പിക്കുകയും ചെയ്യുന്ന സുഖം താമസികമാണ്.

ശ്ലോകം 40
ന തദസ്തി പൃഥിവ്യാം വാ ദിവി ദേവേഷു വാ പുനഃ
സത്ത്വം പ്രകൃതിജൈർ‍മുക്തം യദേഭിഃ സ്യാത്ത്രിഭിർഗുണൈഃ (40)

പ്രകൃതിജന്യങ്ങളായ ഈ ഗുണങ്ങളില്ലാത്ത യാതൊരു വസ്തുവോ, വ്യക്തിയോ തന്നെ ഈ ഭൂമിയിലോ, ആകാശത്തിലോ, ദേവന്മാരുടെയിടയിലോ ഇല്ല.

ശ്ലോകം 41
ബ്രാഹ്മണക്ഷത്രിയവിശാം ശൂദ്രാണാം ച പരന്തപ
കർ‍മാണി പ്രവിഭക്താനി സ്വഭാവപ്രഭവൈർഗുണൈഃ (41)

ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവരുടെ കർ‍മ്മങ്ങൾ സ്വഭാവജന്യമായ ഈ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു.

ശ്ലോകം 42
ശമോ ദമസ്തപഃ ശൌചം ക്ഷാന്തിരാർജവമേവ ച
ജ്ഞാനം വിജ്ഞാനമാസ്തിക്യം ബ്രഹ്മകർ‍മ സ്വഭാവജം (42)

ശമം (മനഃസംയമനം), ദമം (ഇന്ദ്രിയസംയമനം), തപസ്സ്, ശൗചം, ക്ഷമ, കാപട്യമില്ലായ്മ, ലൗകികവും ആധ്യാത്മികവുമായ അറിവ്, ഈശ്വരവിശ്വാസം എന്നിവയാണ് ബ്രാഹ്മണന് സ്വാഭാവികമായുള്ള കർ‍മ്മങ്ങൾ.

ശ്ലോകം 43
ശൌര്യം തേജോ ധൃതിർ‍ദാക്ഷ്യം യുദ്ധേ ചാപ്യപലായനം
ദാനമീശ്വരഭാവശ്ച ക്ഷാത്രം കർ‍മ സ്വഭാവജം (43)

ശൂരത്വം, തേജസ്സ്, ധൈര്യം, സാമർ‍ഥ്യം, യുദ്ധത്തിൽ നിന്ന് പിന്തിരിയാതിരിക്കൽ, ദാനം, പ്രഭുത്വം എന്നിവയാണ് ക്ഷത്രിയന് സ്വാഭാവികമായുള്ള കർ‍മ്മങ്ങൾ.

ശ്ലോകം 44
കൃഷിഗൌരക്ഷ്യവാണിജ്യം വൈശ്യകർ‍മ സ്വഭാവജം
പരിചര്യാത്മകം കർ‍മ ശൂദ്രസ്യാപി സ്വഭാവജം (44)

കൃഷി, പശുവിനെ വളർ‍ത്തൽ, കച്ചവടം എന്നിവ വൈശ്യന്റെ സ്വാഭാവികകർ‍മ്മങ്ങളും, പരിചാരകവൃത്തി ശൂദ്രന്റെ സ്വാഭാവികകർ‍മ്മങ്ങളുമാകുന്നു.

ശ്ലോകം 45
സ്വേ സ്വേ കർ‍മണ്യഭിരതഃ സംസിദ്ധിം ലഭതേ നരഃ
സ്വകർ‍മനിരതഃ സിദ്ധിം യഥാ വിന്ദതി തച്ഛൃണു (45)

അവനവന്റെ കർ‍മ്മത്തിൽ നിഷ്ഠയുള്ള മനുഷ്യൻ സിദ്ധിയെ പ്രാപിക്കുന്നു. സ്വകർ‍മ്മത്തിൽ നിരതനായവൻ സിദ്ധിയെ പ്രാപിക്കുന്നതെങ്ങനെയെന്നു കേട്ടാലും.

ശ്ലോകം 46
യതഃ പ്രവൃത്തിർ‍ഭൂതാനാം യേന സർ‍വ്വമിദം തതം
സ്വകർ‍മണാ തമഭ്യർ‍ച്യ സിദ്ധിം വിന്ദതി മാനവഃ (46)

യാതൊന്നിൽനിന്ന് സകലപ്രാണികളുടെയും പ്രവൃത്തിയുണ്ടാ കുന്നുവോ, യാതൊന്നിനാൽ ഈ വിശ്വമഖിലം വ്യാപ്തമായിരിക്കുന്നുവോ, ആ ഈശ്വരനെ അവനവന്റെ കർ‍മ്മം കൊണ്ട് ആരാധിച്ച് മനുഷ്യൻ സിദ്ധിയെ പ്രാപിക്കുന്നു.

ശ്ലോകം 47
ശ്രേയാൻ സ്വധർ‍മോ വിഗുണഃ പരധർ‍മാത്സ്വനുഷ്ഠിതാത്
സ്വഭാവനിയതം കർ‍മ കുർ‍വ്വന്നാപ്നോതി കില്ബിഷം (47)

അന്യരുടെ ധർ‍മ്മം നല്ല പോലെ അനുഷ്ഠിക്കുന്നതിലും ശ്രേഷ്ഠം ഗുണങ്ങളില്ലാതെയാണെങ്കിലും ചെയ്യപ്പെടുന്ന സ്വധർ‍മ്മമാകുന്നു. സ്വഭാവാനുസൃതമായ കർ‍മ്മം ചെയ്യുന്നവൻ പാപം അടയുന്നില്ല.

ശ്ലോകം 48
സഹജം കർ‍മ കൌന്തേയ സദോഷമപി ന ത്യജേത്
സർ‍വ്വാരംഭാഃ ഹി ദോഷേണ ധൂമേനാഗ്നിരിവാവൃതാഃ (48)

ഹേ കൗന്തേയ, ദോഷമുള്ളതാണെങ്കിലും സ്വധർ‍മ്മത്തെ ഉപേക്ഷിക്കരുത്. തീ പുക കൊണ്ടെന്ന പോലെ എല്ലാ കർ‍മ്മങ്ങളും ദോഷങ്ങളാൽ ആവൃതമാണ്.

ശ്ലോകം 49
അസക്തബുദ്ധിഃ സർ‍വ്വത്ര ജിതാത്മാ വിഗതസ്പൃഹഃ
നൈഷ്കർ‍മ്യസിദ്ധിം പരമാം സംന്യാസേനാധിഗച്ഛതി (49)

എല്ലാ വിഷയങ്ങളിലും അനാസക്തനും, മനസ്സിനെ ജയിച്ചവനും, ആഗ്രഹങ്ങളില്ലാത്തവനുമായ മനുഷ്യൻ ത്യാഗത്തിന്റെ ഫലമായി നൈഷ്കർ‍മ്യത്തെ (താൻ കർ‍മ്മം ചെയ്യുന്നു എന്ന ഭാവമില്ലായ്മ) പ്രാപിക്കുന്നു.

ശ്ലോകം 50
സിദ്ധിം പ്രാപ്തോ യഥാ ബ്രഹ്മ തഥാപ്നോതി നിബോധ മേ
സമാസേനൈവ കൌന്തേയ നിഷ്ഠാ ജ്ഞാനസ്യ യാ പരാ (50)

ഈ നൈഷ്കർ‍മ്യത്തെ പ്രാപിച്ചവൻ ജ്ഞാനത്തിന്റെ പരമാവസ്ഥയായ ബ്രഹ്മത്തെ പ്രാപിക്കുന്നതെങ്ങനെയെന്നു സംക്ഷിപ്തമായി കേട്ടാലും.

ശ്ലോകങ്ങൾ 51, 52, 53
ബുദ്ധ്യാ വിശുദ്ധയാ യുക്തോ ധൃത്യാത്മാനം നിയമ്യ ച
ശബ്ദാദീന്വിഷയാംസ്ത്യക്ത്വാ രാഗദ്വേഷൌ വ്യുദസ്യ ച (51)
വിവിക്തസേവീ ലഘ്വാശീ യതവാക്കായമാനസഃ
ധ്യാനയോഗപരോ നിത്യം വൈരാഗ്യം സമുപാശ്രിതഃ (52)
അഹംകാരം ബലം ദർ‍പം കാമം ക്രോധം പരിഗ്രഹം
വിമുച്യ നിർ‍മമഃ ശാന്തോ ബ്രഹ്മഭൂയായ കല്പതേ (53)

പരിശുദ്ധമായ ബുദ്ധിയാൽ മനസ്സിനെ ധൈര്യപൂർ‍വ്വം നിയന്ത്രിച്ച്, ശബ്ദം, സ്പർ‍ശം, തുടങ്ങിയ വിഷയങ്ങളെ ത്യജിച്ച്, രാഗദ്വേഷങ്ങളെ അകറ്റി, വിജനപ്രദേശത്തു വസിച്ച്, മിതമായഹരിച്ച്, ശരീരം, മനസ്സ്, വാക്ക് എന്നിവയെ സംയമിച്ച്, സദാ വൈരാഗ്യത്തോടെ, ധ്യാനയോഗതത്പരനായി, അഹങ്കാരം, ബലം, അഭിമാനം, കാമം, ക്രോധം, പരിഗ്രഹം എന്നിവയെ വെടിഞ്ഞ്, നിർ‍മമനായി, ശാന്തനായിരിക്കുന്നവൻ ബ്രഹ്മപദത്തെ പ്രാപിക്കുന്നു.

ശ്ലോകം 54
ബ്രഹ്മഭൂതഃ പ്രസന്നാത്മാ ന ശോചതി ന കാംക്ഷതി
സമഃ സർ‍വ്വേഷു ഭൂതേഷു മദ്ഭക്തിം ലഭതേ പരാം (54)

ബ്രഹ്മഭാവത്തെ പ്രാപിച്ചവൻ പ്രസന്നമായ മനസ്സോടെ, ഒന്നും ആഗ്രഹിക്കുകയോ ഒന്നിലും ദുഃഖിക്കുകയോ ചെയ്യാതെ, സർ‍വ്വഭൂതങ്ങളിലും സമനായി എന്നിൽ പരമമായ ഭക്തിയെ നേടുന്നു.

ശ്ലോകം 55
ഭക്ത്യാ മാമഭിജാനാതി യാവാന്യശ്ചാസ്മി തത്ത്വതഃ
തതോ മാം തത്ത്വതോ ജ്ഞാത്വാ വിശതേ തദനന്തരം (55)

ഭക്തികൊണ്ട് ഞാൻ തത്വത്തിൽ എങ്ങനെയുള്ളവനാണ് എന്നറിയുന്നവൻ അതിന്റെ ഫലമായി എന്നെ പ്രാപിക്കുന്നു.

ശ്ലോകം 56
സർ‍വ്വകർ‍മാണ്യപി സദാ കുർ‍വ്വാണോ മദ്വ്യപാശ്രയഃ
മത്പ്രസാദാദവാപ്നോതി ശാശ്വതം പദമവ്യയം (56)

എല്ലായ്പോഴും എന്നെ ശരണം പ്രാപിച്ചുകൊണ്ട് എല്ലാ കർ‍മ്മങ്ങളും ചെയ്യുന്നവൻ എന്റെ പ്രസാദത്താൽ ശാശ്വതമായ സ്ഥിതിയെ പ്രാപിക്കുന്നു.

ശ്ലോകം 57
ചേതസാ സർ‍വ്വകർ‍മാണി മയി സംന്യസ്യ മത്പരഃ
ബുദ്ധിയോഗമുപാശ്രിത്യ മച്ചിത്തഃ സതതം ഭവ (57)

എല്ലാ കർ‍മ്മങ്ങളും മനസാ എന്നിൽ സമർ‍പ്പിച്ച്, ബുദ്ധിയോഗത്തെ ആശ്രയിച്ച്, മനസ്സിനെ സദാ എന്നിൽ തന്നെ ഉറപ്പിക്കുക.

ശ്ലോകം 58
മച്ചിത്തഃ സർ‍വ്വദുർ‍ഗാണി മത്പ്രസാദാത്തരിഷ്യസി
അഥ ചേത്ത്വമഹംകാരാന്ന ശ്രോഷ്യസി വിനങ്ക്ഷ്യസി (58)

എന്നിൽ മനസ്സുറപ്പിച്ചു നിർ‍ത്തിയാൽ എന്റെ പ്രസാദത്താൽ നീ എല്ലാ തടസ്സങ്ങളെയും മറികടക്കും. അഥവാ, അഹങ്കാരത്താൽ എന്റെ ഉപദേശത്തെ തിരസ്കരിച്ചാൽ നീ നശിക്കുന്നതാണ്.

ശ്ലോകം 59
യദഹംകാരമാശ്രിത്യ ന യോത്സ്യ ഇതി മന്യസേ
മിഥ്യൈഷ വ്യവസായസ്തേ പ്രകൃതിസ്ത്വാം നിയോക്ഷ്യതി (59)

അഹങ്കാരം കാരണം നീ "ഞാൻ യുദ്ധം ചെയ്യുകയില്ല" എന്നു കരുതുകയാണെങ്കിൽ നിന്റെ ആ നിശ്ചയം വെറുതെയാണ്. പ്രകൃതി (നിന്റെ സ്വഭാവം) നിന്നെക്കൊണ്ട് യുദ്ധം ചെയ്യിപ്പിക്കും.

ശ്ലോകം 60
സ്വഭാവജേന കൌന്തേയ നിബദ്ധഃ സ്വേന കർ‍മണാ
കർ‍തും നേച്ഛസി യന്മോഹാത്കരിഷ്യസ്യവശോപി തത് (60)

ഹേ കൗന്തേയ, നിന്റെ സ്വഭാവജന്യമായ കർ‍മ്മത്താൽ ബദ്ധനായ നീ യുദ്ധം ചെയ്യാൻ ഇഷ്ടപ്പെടുന്നില്ലെങ്കിലും നിനക്ക് ആ കർ‍മ്മം നിസ്സഹായനായി ചെയ്യേണ്ടതായി വരും.

ശ്ലോകം 61
ഈശ്വരഃ സർവഭൂതാനാം ഹൃദ്ദേശേഽർ‍ജുന തിഷ്ഠതി
ഭ്രാമയന് സർ‍വ്വഭൂതാനി യന്ത്രാരൂഢാനി മായയാ (61)

ഹേ അർ‍ജുന, ഈശ്വരൻ മായയാൽ യന്ത്രത്തിൽ വെച്ചിരിക്കുന്ന വസ്തുക്കളെയെന്ന പോലെ സർ‍വ്വജീവികളെയും പ്രവർ‍ത്തിപ്പിച്ചു കൊണ്ട് അവരുടെയെല്ലാം ഹൃദയത്തിൽ വസിക്കുന്നു.

ശ്ലോകം 62
തമേവ ശരണം ഗച്ഛ സർ‍വ്വഭാവേന ഭാരത
തത്പ്രസാദാത്പരാം ശാന്തിം സ്ഥാനം പ്രാപ്സ്യസി ശാശ്വതം (62)

ഹേ ഭാരത, നീ ഈശ്വരനെത്തന്നെ സർ‍വ്വഭാവത്തിലും ശരണമടഞ്ഞാലും. ഈശ്വരന്റെ പ്രസാദത്താൽ നീ പരമമായ ശാന്തിയെയും ശാശ്വതമായ പദത്തെയും പ്രാപിക്കും.

ശ്ലോകം 63
ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യാദ്ഗുഹ്യതരം മയാ
വിമൃശ്യൈതദശേഷേണ യഥേച്ഛസി തഥാ കുരു (63)

ഇപ്രകാരം രഹസ്യങ്ങളിൽവെച്ച് ഏറ്റവും രഹസ്യമായ ജ്ഞാനം ഞാൻ നിനക്കുപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ച് പൂർ‍ണ്ണമായി വിചിന്തനം ചെയ്ത് നീ ഇച്ഛിക്കുന്നതുപോലെ ചെയ്യൂ.

ശ്ലോകം 64
സർ‍വ്വഗുഹ്യതമം ഭൂയഃ ശൃണു മേ പരമം വചഃ
ഇഷ്ടോഽസി മേ ദൃഢമിതി തതോ വക്ഷ്യാമി തേ ഹിതം (64)

എല്ലാറ്റിലും രഹസ്യവും ശ്രേഷ്ഠവുമായ വാക്കുകൾ വീണ്ടും കേൾക്കൂ. നി എനിക്കു പ്രിയപ്പെട്ടവനാകയാൽ നിനക്കു ഹിതമായതു ഞാൻ പറയാം.

ശ്ലോകം 65
മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി സത്യം തേ പ്രതിജാനേ പ്രിയോഽസി മേ (65)

എന്നിൽ മനസ്സുറപ്പിച്ച് എന്നെ ഭജിക്കൂ. എന്നെ ഉദ്ദേശിച്ച് യാഗം ചെയ്യുകയും, നമസ്കരിക്കുകയും ചെയ്യൂ. നീ എന്നെ പ്രാപിക്കുമെന്നു ഞാൻ സത്യമായി പ്രതിജ്ഞ ചെയ്യുന്നു. നീ എനിയ്ക്ക് പ്രിയനാണ്.

ശ്ലോകം 66
സർ‍വ്വധർ‍മ്മാൻ പരിത്യജ്യ മാമേകം ശരണം വ്രജ
അഹം ത്വാ സർ‍വ്വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ (66)

സർ‍വ്വധർ‍മ്മങ്ങളെയും പരിത്യജിച്ച് എന്നെമാത്രം ശരണം പ്രാപിച്ചാലും. ഞാൻ നിന്നെ സകലപാപങ്ങളിൽ നിന്നും മോചിപ്പിക്കാം. നീ ദുഃഖിക്കരുത്.

ശ്ലോകം 67
ഇദം തേ നാതപസ്കായ നാഭക്തായ കദാചന
ന ചാശുശ്രൂഷവേ വാച്യം ന ച മാം യോഽഭ്യസൂയതി (67)

ഈ ജ്ഞാനം തപസ്സില്ലാത്തവനും, ഭക്തനല്ലാത്തവനും നീ ഒരിക്കലും ഉപദേശിക്കരുത്. കേൾക്കുവാനിച്ഛയില്ലാത്തവനും, എന്നെ നിന്ദിക്കുന്നവനും ഇത് പറഞ്ഞികൊടുക്കരുത്.

ശ്ലോകം 68
യ ഇദം പരമം ഗുഹ്യം മദ്ഭക്തേഷ്വഭിധാസ്യതി
ഭക്തിം മയി പരാം കൃത്വാ മാമേവൈഷ്യത്യസംശയഃ (68)

എന്നിൽ പരമമായ ഭക്തിയോടെ എന്റെ ഭക്തന്മാർ‍ക്ക് ഇത് യാതൊരുവൻ പറഞ്ഞുകൊടുക്കുന്നുവോ, അവൻ എന്നെ പ്രാപിക്കുമെന്നതിനു സംശയമില്ല.

ശ്ലോകം 69
ന ച തസ്മാന്മനുഷ്യേഷു കശ്ചിന്മേ പ്രിയകൃത്തമഃ
ഭവിതാ ന ച മേ തസ്മാദന്യഃ പ്രിയതരോ ഭുവി (69)

മനുഷ്യരിൽ അവനേക്കാൾ എനിക്കു പ്രിയം ചെയ്തവനായി ആരുമില്ല. ഈ ഭൂമിയിൽ അവനെക്കാൾ പ്രിയതരനായി വേറെയാരും ഉണ്ടായിരിക്കുകയില്ല.

ശ്ലോകം 70
അധ്യേഷ്യതേ ച യ ഇമം ധർ‍മ്യം സംവാദമാവയോഃ
ജ്ഞാനയജ്ഞേന തേനാഹമിഷ്ടഃ സ്യാമിതി മേ മതിഃ (70)

നമ്മുടെ ധർ‍മ്മമൃതമായ ഈ സംവാദത്തെ പഠിക്കുന്നവനാൽ ജ്ഞാനയജ്ഞത്താൽ ഞാൻ യജിക്കപ്പെടുന്നു എന്നാണ് എന്റെ അഭിപ്രായം.

ശ്ലോകം 71
ശ്രദ്ധാവാനനസൂയശ്ച ശൃണുയാദപി യോ നരഃ
സോഽപി മുക്തഃ ശുഭാംല്ലോകാന് പ്രാപ്നുയാത്പുണ്യകർ‍മണാം (71)

ശ്രദ്ധയോടെയും, അസൂയയില്ലാതെയും യാതൊരുവനാണോ ഇതു കേൾക്കുന്നത് അവൻ മുക്തനാകുകയും പുണ്യകർ‍മ്മം ചെയ്തവർ‍ പ്രാപിക്കുന്ന ശുഭലോകങ്ങളെ പ്രാപിക്കുകയും ചെയ്യും.

ശ്ലോകം 72
കച്ചിദേതച്ഛ്രുതം പാർ‍ഥ ത്വയൈകാഗ്രേണ ചേതസാ
കച്ചിദജ്ഞാനസമ്മോഹഃ പ്രനഷ്ടസ്തേ ധനഞ്ജയ (72)

ഹേ പാർ‍ഥ, നീ ഏകാഗ്രചിത്തനായി ഇതെല്ലാം കേട്ടുവോ? നിന്റെ അജ്ഞാനവും മോഹവും നഷ്ടമായോ?

അർ‍ജുന ഉവാച

ശ്ലോകം 73
നഷ്ടോ മോഹഃ സ്മൃതിർ‍ലബ്ധാ ത്വത്പ്രസാദാന്മയാച്യുത
സ്ഥിതോഽസ്മി ഗതസന്ദേഹഃ കരിഷ്യേ വചനം തവ (73)

അർ‍ജുനൻ പറഞ്ഞു: ഹേ അച്യുത, അവിടുത്തെ പ്രസാദം കൊണ്ട് എന്റെ മോഹം നഷ്ടമായി. എനിക്ക് ബോധമുണ്ടാകുകയും ചെയ്തു. ഞാൻ സംശയങ്ങളില്ലാത്തവനായി അവിടുത്തെ വാക്കു പാലിക്കുവാൻ തയ്യാറായി നില്ക്കുകയാണ്.

സഞ്ജയ ഉവാച

ശ്ലോകം 74
ഇത്യഹം വാസുദേവസ്യ പാർ‍ഥസ്യ ച മഹാത്മനഃ
സംവാദമിമമശ്രൌഷമദ്ഭുതം രോമഹർ‍ഷണം (74)

സഞ്ജയൻ പറഞ്ഞു: ഇപ്രകാരം വാസുദേവനായ ശ്രീകൃഷ്ണന്റെയും മഹാനായ അർ‍ജുനന്മാരുടെ അത്ഭുതകരവും രോമാഞ്ചജനകവുമായ സംവാദം ഞാൻ കേട്ടു.

ശ്ലോകം 75
വ്യാസപ്രസാദാച്ഛ്രുതവാനേതദ്ഗുഹ്യമഹം പരം
യോഗം യോഗേശ്വരാത്കൃഷ്ണാത്സാക്ഷാത്കഥയതഃ സ്വയം (75)

വ്യാസമഹർ‍ഷിയുടെ പ്രസാദത്താൽ അതീവരഹസ്യവും ഉത്കൃഷ്ടവുമായ ഈ യോഗം, ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ പറയുന്നത് കേൾക്കുവാൻ എനിക്കു സാധിച്ചു.

ശ്ലോകം 76
രാജൻ സംസ്മൃത്യ സംസ്മൃത്യ സംവാദമിമമദ്ഭുതം
കേശവാർ‍ജുനയോഃ പുണ്യം ഹൃഷ്യാമി ച മുഹുർ‍മുഹുഃ (76)

ഹേ രാജൻ, അത്ഭുതകരമായ ആ സംവാദം ഓർ‍ക്കുന്തോറും ഞാൻ വീണ്ടും വീണ്ടും സന്തോഷിക്കുന്നു.

ശ്ലോകം 77
തച്ച സംസ്മൃത്യ സംസ്മൃത്യ രൂപമത്യദ്ഭുതം ഹരേഃ
വിസ്മയോ മേ മഹാൻ രാജൻ ഹൃഷ്യാമി ച പുനഃ പുനഃ (77)

ഹേ രാജൻ, വിഷ്ണുവിന്റെ ആ അത്ഭുതകരമായ രൂപത്തെ (വിശ്വരൂപത്തെ) ഓർ‍ക്കുന്തോറും എനിക്ക് പിന്നെയും പിന്നെയും മഹത്തായ വിസ്മയവും ആനന്ദവുമുണ്ടാകുന്നു.

ശ്ലോകം 78
യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാർ‍ഥോ ധനുർധരഃ
തത്ര ശ്രീർവിജയോ ഭൂതിർ‍ധ്രുവാ നീതിർ‍മതിർ‍മമ (78)

എവിടെ യോഗേശ്വരനായ കൃഷ്ണനും വില്ലാളിയായ അർ‍ജുനനുമുണ്ടോ അവിടെ ഐശ്വര്യവും, വിജയവും, അഭിവൃദ്ധിയും, നീതിയും നിശ്ചയമായും ഉണ്ടായിരിക്കുമെന്നാണ് എന്റെ അഭിപ്രായം.

ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ മോക്ഷസംന്യാസയോഗോ നാമ അഷ്ടാദശോദ്ധ്യായഃ സമാപ്തഃ

പ്രൊഫസർ സുനിൽ പി ഇളയിടം അവതരിപ്പിക്കുന്ന പ്രഭാഷണപരമ്പര

കേരളത്തിലെ യുവസാംസ്കാരിക വിമർശകരിൽ ശ്രദ്ധേയനാണ് ശ്രീ സുനിൽ പി ഇളയിടം. മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തെ സംബന്ധിച്ച് സുനിൽ പി ഇളയിടം നടത്തിയ പ്രഭാഷണ പരമ്പരശ്രദ്ധേയമാണ്. മലയാളസാഹിത്യത്തിൽ എം. എ. യും "ആധുനികതാവാദത്തിന്റെ രാഷ്ട്രീയ അവബോധം നോവലിലും ചിത്രകലയിലും" എന്ന വിഷയത്തിൽ പി എച്ച് ഡിയും നേടി. വിദ്യാഭ്യാസാനന്തരം പറവൂർ ലക്ഷ്മി കോളേജ്‌, ദേശാഭിമാനി ദിനപ്പത്രം എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ കാലടി സംസ്കൃത കോളേജിൽ മലയാളവിഭാഗം അദ്ധ്യാപകനാണ്. നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്‌, കേരള ലളിതകലാ അക്കാദമി അവാർഡ്‌, വി കെ ഉണ്ണികൃഷ്ണൻ അവാർഡ്‌, ഗുരുദർശന അവാർഡ്‌ എന്നിങ്ങനെ വിവിധ അവാർഡുകൾ നേടിയിരിക്കുന്നു.

സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണം കേൾക്കാം

വീഡിയോ ആയികൊടുത്തിരിക്കുന്നവ തന്നെയാണ് ഇവിടെ ഓഡിയോ ആയി കൊടുത്തതും,
mp3 ഫോർമാറ്റിൽ ആയതിനാൽ എളുപ്പം കേൾക്കാൻ പറ്റും.

ഭാഗം ഒന്ന്

ഭാഗം രണ്ട്

ഭാഗം മൂന്ന്

ഭാഗം നാല്

ഭാഗം അഞ്ച്