വിശ്വാസം

വിശ്വാസം

bhkthi, ഭക്തി ഇന്ന്വിശ്വാസികളെല്ലാം ഒരുപോലെയാണ്;
ഹൈന്ദവരാകട്ടെ, ക്രൈസ്തവരാവട്ടെ, മുഹമ്മദീയരാവട്ടെ മാർക്സിസ്റ്റുകാരാവട്ടെ, സംഘികളാവട്ടെ… അവർക്കു വലുത് അവരുടെ വിശ്വാസപ്രമാണങ്ങളാണ്; അവരുടെ തത്ത്വസംഹിതകളാണ്… അതിൽ തെറ്റുണ്ടെന്നോ, ഉണ്ടാവാം എന്നു പോലുമോ അവർ വിശ്വസിക്കാൻ തയ്യാറല്ല… ഞങ്ങൾ മാത്രമാണു ശരിയെന്ന ധാരണ പലകാര്യങ്ങൾ കൊണ്ട് വിശ്വാസികളിൽ രൂഢമൂലമാവുന്നു. ഇവരോടുള്ള ആശയസംവാദങ്ങൾ പുരോഗമനപരമായിരിക്കില്ല; തർക്കിക്കാതിരിക്കലോ മൗനപാലനമോ ആണ് അഭികാമ്യം. പറയുന്നവരെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും അവരവരുടെ കൂട്ടായ്മകൾ നല്ല സഹകരണവുമാണ്.

ഏറെകാലപ്പഴക്കമുള്ളതാണ്, അല്ലെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണവരുടെ വിശ്വാസസംഹിതകൾ എന്നു പറഞ്ഞാൽ അവരതു കൂട്ടാക്കില്ല; ഇന്നുമതിനു വജ്രത്തിളക്കമെന്നേ അവർ പറയൂ!! വരും കാലത്തെ മുങ്കൂട്ടി കണ്ട് എഴുതിയതാണവയൊക്കെയും എന്ന മിഥ്യാധാരണയിലാണ് ഓരോ അന്ധവിശ്വാസികളുടേയും ജീവിതം തന്നെ.

അന്നന്നത്തെ ശാസ്ത്രവും ചരിത്രവും ഒക്കെയേ പഴയ കൃതികളിൽ ഉള്ളൂ, അല്ലെങ്കിൽ അന്നത്തെ ശാസ്ത്രവും ചരിത്രവും വെച്ച് അല്പം കൂടെ ദീർഘവീക്ഷണത്തോടെ എഴുതിയവയാണവകൾ. ആ അർത്ഥത്തിൽ ഇവ വായിച്ചെടുക്കുക എന്നത് ഏറെ ഹൃദ്യമാണ്. നല്ലൊരു ചരിത്ര കുതുകിക്ക് ഇതിൽപരം സായൂജ്യം വേറെ ഇല്ലാത്തതാണ്. ആ കാലഘട്ടത്തിന്റെ മാനങ്ങളറിഞ്ഞ് ഈ വിശ്വാസങ്ങളെ വായിക്കുക എന്നത് ഏറെ രസകരമാവുന്നത് അപ്രകാരമാണ്. ഇവരെ അവിശ്വാസികളെന്നോ നിരീശ്വരവാദികളെന്നോ അരാഷ്ട്രീയ വാദികളെന്നോ ഒക്കെ ഓമനപ്പേരിട്ട് വിശ്വാസികൾ വിളിക്കുന്നു. പക്ഷേ, വിശ്വാസിക്ക് അത് ജീവനും ജീവിതവും ആകുന്നു എന്നാതാണു സത്യം.

ഒഴുക്കില്ലാത്ത ജലം പോലെ തിരുത്തപ്പെടലുകളില്ലാതെയാണിവ ഇന്നു കിടക്കുന്നത്. അതുകൊണ്ടു തന്നെ പലതിനും ദുർഗന്ധം വന്നു തുടങ്ങിയിരിക്കുന്നു. കാലം മാറിയത് ഈ സംഹിതകൾ അറിയുന്നില്ല! അല്ലെങ്കിൽ കാലോചിതമായി അവ തിരുത്തപ്പെടുന്നില്ല. ആദികാവ്യമായ രാമായണവും പിന്നീടുള്ള മഹാഭാരതവും ഒക്കെ അനേക തവണ തിരുത്തപ്പെടലുകളിലൂടെ പല സമൂഹങ്ങളിലൂടെ പടർന്നു പന്തലിച്ചതാണ്. ജയം എന്നത് മഹാഭാരതം ആയി മാറുമ്പോഴേക്ക് ഒത്തിരി സാമുഹ്യകൂട്ടായ്മകളിലൂടെ വളർന്നു വിടന്ന സൗന്ദര്യമുണ്ടതിന്. കാലോചിതമായി കുമാരനാശനൊക്കെ ചിന്താവിഷ്ടയായ സീതയെ വരച്ചു ചേർത്തത് വിസ്മരിക്കാനാവില്ല – ആ മാറ്റം കാലത്തിന്റെ മാറ്റമാണ്. ഏതൊരു വിശ്വാസസംഹതിയിലും ഇതുപോലുള്ള കുഞ്ഞുകുഞ്ഞു മാറ്റങ്ങൾ കാലോചിതമായി വന്നു ചേരേണ്ടതാണ്. എന്നാൽ ഇന്നോ? കാലത്തെ ഉൾക്കൊള്ളാൻ പറ്റാതെ ഇവയൊക്കെ തന്നെയും വിമ്മിട്ടപ്പെടുന്നത് ഒരവിശ്വാസിക്ക് പുറത്തു നിന്നും കണ്ടുനിൽക്കാനാവും. ഭൂമി പരന്നതാണെന്നു പറയുന്ന ഒരു മതഭക്തനെ ഈയടുത്തു നമ്മൾ കണ്ടു! ദിവ്യഗർഭങ്ങളുടെ പൊളിച്ചെഴുത്തുകൾ കണ്ടു! ആരുമൊന്നും നേടാതെ പലതരം വായിട്ടലക്കലുകൾ അവിടവിടങ്ങളിൽ നടക്കുന്നുമുണ്ട്!

ഇന്നത്തെ യുക്തികൊണ്ട് അന്നത്തെ സാമൂഹിക ക്രമങ്ങളെ അളക്കുന്നത് അക്രമമാവും. പഴയ കാല സാമൂഹികക്രമങ്ങളെ അധികരിച്ചുണ്ടായ ഈ സംഹിതകൾ അതുണ്ടായ കാലത്തെ നിലനിൽപ്പിനായി ഉയർത്തിയ കഥകളും കീഴ്‌വഴക്കങ്ങളും ഇന്നിന്റെ ലോജിക്കിൽ ഒരു പക്ഷേ, പരിഹാസ്യമാവുന്നു… അച്ഛനോടൊപ്പം ശയിച്ച പെണ്മക്കളെ കുറിച്ചുള്ള ആ പുസ്തകം കുടുംബങ്ങൾക്കിടയിൽ പാരായണം ചെയ്യുന്നതു തന്നെ അബദ്ധമെന്ന് ഈയിടെ ഫെയ്സ്ബുക്കിൽ ഏതോ ഒരു സാമദ്രോഹി കുറിച്ചിട്ടതു കണ്ടു!! ചേട്ടച്ചാരെ കപടമാർഗത്തിൽ കൊന്ന് അയാളുടെ ഭാര്യയെ സ്വന്തമാക്കുന്ന അനുജൻ രാമായണത്തിൽ ഉണ്ട്! അഞ്ചു പുരുഷന്മാർ ഒരുപോലെ പങ്കിട്ടെടുത്ത പാഞ്ചാലി വസിക്കുന്നിടമാണ് ഭാരതകഥ! ദൈവപ്രീതിക്കായി മകനെ ബലി കൊടുക്കാൻ തയ്യാറായ അച്ഛന്റെ കഥ ഏതുരീതിയിൽ വിശ്വസിനീയമാവും!! ഇന്നിന്റെ കണ്ണിലിവയൊക്കെയും തെറ്റാവും… പക്ഷേ അന്നേത്തെ സാമൂഹിക വ്യവസ്ഥകൾ, കുടുംബബന്ധങ്ങൾ ഒക്കെ ആരറിഞ്ഞു!! ഈ പുസ്തകങ്ങളിൽ കാണുന്ന സൂചനകളിലൂടെ ഊഹിക്കാനേ നിർവ്വാഹമുള്ളൂ. അതിനു വിശ്വാസം മാറ്റിവെച്ച് ചരിത്രപരമായി ഇവകളെ നേരിടണം. ഇതാണു പറഞ്ഞുവന്നത്.

വിദ്യാഭ്യാസം

എന്താണു വിദ്യാഭ്യാസം!! ഇതൊരു വല്ലാത്ത ചോദ്യമാണിന്ന്. ഒരാളുടെ സർവ്വതോന്മുഖമായ മാറ്റമായിരുന്നു ഇതുകൊണ്ട് ഞാനിതിനെ വിവക്ഷിച്ചത്. എനിക്കിന്നും വിദ്യാഭ്യാസം ഇതൊക്കെ തന്നെ. എന്നെ അങ്ങനെയൊക്കെ പഠിപ്പിച്ചെടുത്ത നല്ലൊരു അദ്ധ്യാപകസമൂഹം ഉണ്ടെന്നത് ഏറെ ഹൃദ്യമായി തോന്നുന്നു. പക്ഷേ, ഇന്ന് ഇതല്ല വിദ്യാഭ്യാസം എന്നതിന്റെ നിർവചനം എന്നു തോന്നിത്തുടങ്ങി. കഴിഞ്ഞ 15 ഓളം വർഷങ്ങളായി കണ്ടു പരിചരിച്ച രീതിയിൽ ഞാൻ കണ്ടെടുത്ത കാര്യങ്ങൾ മാത്രമാണിത്. ഒരു പക്ഷേ തെറ്റാവാം. പിതാക്കൾ മക്കൾക്ക് വിദ്യാഭ്യാസം എന്ന പേരിൽ പരിശീലനം നടത്തുന്നത് സർവ്വതോന്മുഖമായ വികസനത്തിനല്ല, പകരം നല്ലൊരു ജോലി വാങ്ങിക്കാനാവശ്യമായ കരുതൽ മാത്രമാണ്. പ്രൊഫഷണൽ വിദ്യാഭസം ഈ കാലയളവിൽ പെട്ടന്നു വന്നൊരു സംഗതിയാണ്. എം. സി. എ, എം. ബി. എ, ഹോട്ടൽ മനേജ് മെന്റ്, എന്നിങ്ങനെ പലതാണു പാഠ്യവിഷയങ്ങൾ. നല്ല ടെക്നിക്കൽ അറിവുള്ളവരായി ഏവരുടേയും ടെക്നിക്കൽ ചോദ്യങ്ങൾ കൃത്യമായി മറുപടിയുള്ളവരായി പഠിതേതാക്കൾ മാറി വരുന്നുണ്ട്. ഈ ടെക്നിക്കൽ അറിവാണോ വിദ്യാഭ്യാസം?

സമൂഹത്തിൽ ഇറങ്ങി നാലു നാടൻ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവാതെ ഉഴറി നിൽക്കുമ്പോൾ, ഒരു ചെക്ക് ലീഫിൽ ഒപ്പിട്ട് പൂരിപ്പിച്ച് വഴിസൈഡിലെ ബോക്സിൽ നിക്ഷേപിക്കാൻ ധൈര്യമില്ലാതെ പകച്ചു നിൽക്കുമ്പോൾ, നല്ലൊരു സാമൂഹിക ബോധം പകർന്നാടാനാവാതെ തികഞ്ഞ വേഷവിധാനങ്ങളിൽ കോമാളിവേഷം ആടിത്തിമർക്കുമ്പോൾ ഇവർക്കുള്ളത് വിദ്യാഭ്യാസമാണോ എന്ന് സംശയിച്ചു പോവുന്നു. എന്തായാലും ടെക്നിക്കൽ അറിവല്ല വിദ്യാഭ്യാസം എന്ന് ഞാനുറപ്പിച്ചു പറയുന്നതിനു കാരണം ഇത്തരത്തിലുള്ള അനുഭവസമ്പത്ത് തന്നെയാണ്. കോളേജ് ബസ്സ് ഒരു നാളിൽ ഇല്ലാതിരുന്നതിന് പേടിച്ചു കരഞ്ഞ ഒരു രണ്ടാം വർഷബുരുധവിദ്യാർത്ഥിയെ അറിയാം! അവൾക്ക് ഒറ്റയ്ക്ക് വീട്ടിൽ പോകാനറിയില്ല!! കാരണം ജീവിതത്തിൽ അതുവരെ ബസ്സുകളിലോ ഓട്ടോയിലോ കയറി ഒറ്റയ്ക്ക് പോയിട്ടില്ല. ആകപ്പാടെ 7 കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിലേക്ക് ഒറ്റയ്ക്ക് പോകാനാവാതെ പകച്ചു കരഞ്ഞ രണ്ടാം വർഷ ബിരുധവിദ്യാർത്ഥി എന്നു പറയുമ്പോൾ ആരാണു നാണം കെടേണ്ടത്!! പിതാക്കൾക്കാണു വിദ്യാഭ്യാസം ആദ്യം വേണ്ടത്. ഒരു തലമുറ വരേണ്ടത് അവരിലൂടെയാണ്. അനാവശ്യ വിശ്വാസസംഹിതകൾ കുഞ്ഞുതലയിൽ കയറ്റിവെച്ച് ബുദ്ധിമുട്ടിക്കുന്നതിനു പകരം സമൂഹത്തിൽ ഇറങ്ങി കണ്ടറിഞ്ഞു പഠിക്കാനുള്ള മാർഗമാണന്വേഷിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *