അമ്മേ നിളേ നിനക്കെന്തുപറ്റി

അമ്മേ നിളേ നിനക്കെന്തുപറ്റി

അമ്മേ നിളേ നിനക്കെന്തുപറ്റി
മനസ്സിന്‍റെ ജാലകക്കാഴ്ചകള്‍ വറ്റി
കണ്ണുനീര്‍ വറ്റി
പൊള്ളുന്ന നെറ്റിമേല്‍ കാലം തൊടീച്ചതാം
ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി
ഓര്‍ക്കുന്നു ഞാന്‍ നിന്‍റെ നവയൗവ്വനം
പൂത്ത പാരിജാതംപോലെ ഋതുശോഭയാര്‍ന്നതും
പാലില്‍ കുടഞ്ഞിട്ട തങ്കഭസ്മംപോലെ
പാരം വിശുദ്ധയായ് നീ പുഞ്ചിരിച്ചതും
കളിവിളക്കിന്‍റെ പൊന്‍‌നാളത്തിനരികത്ത്
ശലഭജന്മംപോലെയാടിത്തിമിര്‍ത്തതും
രാത്രികാലങ്ങളില്‍ ചാറും നിലാവിന്‍റെ
നീരവശ്രുതിയേറ്റു പാടിത്തുടിച്ചതും
ഓര്‍മ്മയുണ്ടോ നിനക്കന്നത്തെ മിഥുനവും
തുടിമുഴക്കും തുലാവര്‍ഷപ്പകര്‍ച്ചയും
കൈയ്യിലൊരു മിന്നലിടിവാളുമായലറി നീ
കുരുതിക്കു മഞ്ഞളും നൂറും കലക്കി നീ
തടമറ്റ വിടപങ്ങള്‍ കടപുഴകി വീഴവേ
സംഹാരരുദ്രയായെങ്ങോ കുതിച്ചു നീ
വേനല്‍ക്കാറ്റു പാളുന്നു പന്തംപോല്‍
ഉടയാടയ്ക്കു തീപിടിച്ചപോലെരിയുന്നൂ പകല്‍
അന്തിമങ്ങുന്നു ദൂരെ ചെങ്കനലാവുന്നൂ സൂര്യന്‍
എന്തിനെന്നമ്മേ നീ നിന്‍ അന്ധമാം മിഴി നീട്ടി
കൂട്ടിവായിക്കുന്നു ഗാഢശോകരാമായണം
വരാതിരിക്കില്ല നിന്‍ മകന്‍ രഘുരാമന്‍
പതിനാലു വത്സരം വെന്നു
വനവാസം കഴിയാറായ്

Leave a Reply

Your email address will not be published. Required fields are marked *