പിന്മൊഴി

ആസുരമായ ജീവിതക്രമങ്ങളിലൂടെ, ചടുലവേഗത്തിൽ നടന്നുപോകുന്നവരാണു നാമോരോരുത്തരും. നമുക്കൊക്കെ ഒരു കഥയുണ്ട്; ദീർഘമായ ജീവിതവ്യാപാരത്തിൽ നമ്മെ സന്തോഷിപ്പിച്ച, ചിരിപ്പിച്ച, കരയിപ്പിച്ച സംഭവങ്ങളേറെയുണ്ട്. നാം കണ്ടതും അറിഞ്ഞതുമായ അറിവുകളേറെയുണ്ട്. അടുക്കും ചിട്ടയുമില്ലാതെ, നമ്മുടെ ഇടവേളകളെ വാചാലമാക്കാൻ അവ മനസ്സിലേക്ക് പലപ്പോഴും കടന്നുവരും. ചിലപ്പോൾ ഒരു ചെറുപുഞ്ചിരി സമ്മാനിച്ച അവയൊക്കെതന്നെ വിസ്മൃതിയിലേക്ക് എന്നെന്നേക്കുമായി പോയേക്കാം. ഒരിടത്ത്, ഇതൊക്കെ കുറിച്ചിടാൻ ചിലരെങ്കിലും തയ്യാറാവുന്നു.

ചായില്യം.കോം അങ്ങനെയൊരു ചിന്തയുടെ ഓൺലൈൻ പരിവേഷമാണ്. വലുതായി ഇതിൽ ഒന്നുമില്ല. കടുംചായങ്ങളിൽ തലങ്ങും വിലങ്ങും എഴുതിയ കുറച്ച് കഥകൾ, എനിക്കേറെ പ്രിയപ്പെട്ട പാട്ടുകൾ, കവിതകൾ, അതുപോലെ എന്റെ ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ, സ്വപ്നങ്ങൾ, പ്രതീക്ഷകൾ… ഞാൻ തൊട്ടറിഞ്ഞ അറിവുകൾ, വിശേഷങ്ങൾ ഇതൊക്കെയാണ് ചായില്യം. കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും സ്ഥലങ്ങളും ഒക്കെ ഭാവനാത്മകങ്ങൾ മാത്രമാണ്, എങ്കിലും അവയ്ക്ക് പുറകിൽ ഒരു വികാരമുണ്ട്; എന്നെ പിടിച്ചുലച്ചതോ സന്തോഷിപ്പിച്ചതോ കരയിപ്പിച്ചതോ ചിരിപ്പിച്ചതോ ചിന്തിപ്പിച്ചതോ ആയ ഒരു ഒരു വികാരം. അവ ഞാനിവിടെ കുറിച്ചിടുന്നു. ചിലർക്കിത് വായനാ സുഖം നൽകിയേക്കാം; ചിലർ ദേഷ്യപ്പെട്ടേക്കാം. ഇതിൽ എന്റെ യഥാർത്ഥ ജീവിതം തിരയരുത്. ഇതിലെന്റെ പുണ്യം തിരയരുത് – ഞാൻ എന്ന വാക്ക് ചായില്യത്തിൽ പലവുരു വരുന്നതുകാണാം. കഥയ്ക്കുവേണ്ടി മെനഞ്ഞെടുത്ത കഥയില്ലാത്ത ഒരു കഥാപാത്രം മാത്രമായിക്കണ്ട് വായിക്കുക!

അഭിപ്രായമോ അഭിപ്രായ വ്യത്യാസമോ ഉണ്ടെങ്കിൽ കുറിച്ചിടാം. സന്തോഷത്തോടെ അവ സ്വീകരിക്കപ്പെടും. നന്ദി! 🙂

രാജേഷ് ഒടയഞ്ചാൽ

Leave a Reply