ഒരു വയസ്സിന്റെ കൗതുകം

ഒരു വയസ്സിന്റെ കൗതുകം

aami-aatmikaആമി ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് ഒരു പ്രധാനപ്പെട്ട സ്റ്റേജിലൂടെ ആണെന്നു തോന്നുന്നു. വാക്കുകൾ മനസ്സിലുണ്ടായിട്ടും അത് കൃത്യമായി പ്രകടിപ്പിക്കാനാവത്തതിന്റെ സങ്കടം പലപ്പോഴും കരച്ചിലായി വരുന്നു; അവൾ ഉദ്ദേശിച്ച കാര്യം നമ്മൾ മനസ്സിലാക്കിയെന്നറിയുമ്പോൾ ഒരു കുഞ്ഞു പൂപ്പുഞ്ചിരി ചുണ്ടിൽ വിരിയും! അവൾ പറയുന്ന വാക്കുകൾ വളരെ ചുരുക്കമാണ്. അമ്മ, അച്ഛൻ, ചേച്ചി, കാക്ക, ബൗബൗ (പട്ടി), മാവു (മ്യാവു-പൂച്ച), ഇച്ചി, ടിവി, തുടങ്ങി രണ്ടക്ഷരത്തിലൊതുങ്ങുന്ന ഒരുപിടി വാക്കുകൾ.

എന്നാൽ അവൾ കൃത്യമായി പേരു തിരിച്ചറിഞ്ഞ വസ്തുക്കൾ ഏറെയാണ്.  മേശ, കസേര, ഫാൻ, ഫ്രിഡ്ജ്, കണ്ണാടി, ചീപ്പ്, കത്രിക, പൗഡർ, സൈക്കിൾ എന്നിങ്ങനെ പോവുന്നു അത്. ഇതിന്റെയൊക്കെ പേരുപറഞ്ഞ് എവിടെയെന്നു ചോദിച്ചാൻ അവൾ കൃത്യമായി സംഗതി തൊട്ടു കാണിച്ചു തരും. ഊ ഊ എന്ന ശബ്ദത്തിൽ വസ്തുവിനു നേരെ കൈചൂണ്ടി ചുണ്ടുകൾ വക്രിച്ച് അവളങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. അവൾ ചൂണ്ടിക്കാണിക്കുമ്പോൾ അതിന്റെ പേര് കൃത്യമായി തന്നെ പറഞ്ഞു കൊടൂക്കണം. തെറ്റായി പറഞ്ഞാൽ അതേ പടി കരച്ചിലിലേക്കു പോവും.

പലപ്പോഴും അവൾ എന്തൊക്കെയോ പറയും. കൈ അലക്ഷ്യമായി ചൂണ്ടിക്കാണിച്ചാൽ എനിക്കതിന്റെ പേരു പറയാൻ പറ്റാതെ വരും. പല ആവർത്തി പറഞ്ഞാലും കമ്പ്യൂട്ടറിന്റെ മുന്നിൽ നിന്നെണീക്കാനുള്ള മടി കൊണ്ട് അവളോട് അതുമിതുമൊക്കെ ചോദിച്ച് ശ്രദ്ധ മാറ്റാൻ ശ്രമിക്കും ഞാൻ – അവൾ പക്ഷേ, വിടാതെ അതേ കാര്യം പറഞ്ഞുകൊണ്ടിരിക്കും.

ശ്രദ്ധയൊന്ന് അവളിൽ നിന്നും മാറിയാൽ, അവൾ പറയുന്നതിനല്ല മറുപടി കൊടുക്കുന്നത് എന്നവൾക്കു മനസ്സിലായാൽ അവിടെ ഒറ്റ ഇരിപ്പാണ്. കുത്തിയിരുന്ന്, രണ്ടുകൈയ്യും കൊണ്ട് കാൽപ്പാദങ്ങളിൽ പിടിച്ച് മുഖം കുമ്പിട്ട്  ഉച്ചത്തിലൊരു കരച്ചിലാണ്. എങ്ങനെയിതൊന്നു പറഞ്ഞു മനസ്സിലാക്കും എന്നൊരു നിരാശ/ധർമ്മസങ്കടം അവളിൽ നമുക്കപ്പോൾ കണ്ടറിയാം! ഓടിപ്പോയി അവളെ എടുത്താൽ മതി; സ്വിച്ചിട്ടതുപോലെ കരച്ചിൽ നിലയ്ക്കും. അവളെ എടുത്ത് അവൾ പറഞ്ഞ കാര്യം തൊട്ടു കാണിക്കാതെ പിന്നെ വിടില്ല! രസമാണ്!

അനിയത്തിക്കുഞ്ഞ് വലുതാവാതിരിക്കാൻ വേണ്ടി കരയുന്ന ഒരു ചേച്ചിപ്പെണ്ണിന്റെ വീഡിയോ ഈയിടെ കണ്ടിരുന്നു – ചിലപ്പോൾ ഒക്കെ ഓർത്തുപോവും അങ്ങനെ!! എന്തു നല്ല കൗതുകമാണ് ഓരോ കുഞ്ഞും!!

Leave a Reply

Your email address will not be published. Required fields are marked *